അഹമ്മദാബാദ്: ഗുജറാത്തിലെ ജെറ്റ്പുരിൽ അമിതവേഗത്തിൽ പാഞ്ഞ കാർ അപകടത്തിൽപ്പെട്ട് രണ്ടു യുവാക്കൾ മരിച്ചു. അവധ് തിവാരി, ദേവരാജ് ഗോസായി എന്നിവരാണ് മരിച്ചത്. അപകടത്തിന് തൊട്ടുമുൻപ് കാർ അമിതവേഗത്തിൽ ഓടിക്കുന്നതിന്റെ വിഡിയോ അവധ് തിവാരി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കാർ ഏകദേശം 120 കിലോമീറ്റർ വേഗത്തിലായിരുന്നു.
പിൻസീറ്റിലിരുന്നയാൾ പകർത്തിയ വിഡിയോയിൽ തിവാരി ഇടതുകൈയിൽ മൊബൈൽ ഫോൺ പിടിച്ച് റീൽ റെക്കോർഡ് ചെയ്യുന്നതും വലതുകൈ കൊണ്ട് സ്റ്റിയറിംഗ് നിയന്ത്രിക്കുന്നതും കാണാം. മറ്റൊരു വിഡിയോയിൽ മുൻസീറ്റിലിരുന്നയാൾ കാറിന്റെ വേഗം റിക്കാർഡ് ചെയ്യുന്നതും കാണാം.
നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. തിവാരി സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൃത്തായ ദേവരാജ് ഗോസായി ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന അക്ഷയ് പ്രവീൺഭായ് വഗേല അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സ് ഉള്ള തിവാരി വിവിധ കാറുകൾക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും സ്ഥിരമായി പോസ്റ്റു ചെയ്യാറുണ്ട്.
Tags : accident Gujarat Excessive speeding die