ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
പ്രയാഗ്രാജ്: രാജ്യത്തെ തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ പോരായ്മകളും ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെ വിമർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്നത്തെ ഇന്ത്യയിൽ ഒരു ബിരുദ സർട്ടിഫിക്കറ്റുകൊണ്ട് യുവാക്കൾക്ക് ജോലി ഉറപ്പാക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രയാഗ്രാജിൽ നടന്ന ഛാത്രോം കി ഗൂഞ്ച് പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽ. തൊഴിൽ മേഖലയിലെ എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണ്. പരീക്ഷാ ചോദ്യ പേപ്പറുകൾ ചോരുന്നതും സമ്പന്നരായ വിദ്യാർഥികൾ പണം നൽകി അവ സ്വന്തമാക്കുന്നതും രാജ്യത്ത് സാധാരണമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ 40 കോടി യുവാക്കളുടെ വേദന, ഡാറ്റ, സമ്പത്ത് എന്നീ മൂന്ന് വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് സംസാരിക്കാൻ ആഗ്രഹിക്കുന്നത്. യുവാക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്ന ഡാറ്റ വൻകിട കോർപറേറ്റുകൾക്ക് കൈമാറുകയാണ്. പകരം യുവാക്കൾക്ക് റീലുകൾ നിർമിക്കാനും സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കാനുമുള്ള സാഹചര്യം ഒരുക്കി അവരെ ഒരു തരത്തിൽ അടിമകളാക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
യുവത്വവും ഡാറ്റയും ചേർന്നതാണ് 21-ാം നൂറ്റാണ്ടിലെ സമ്പദ്വ്യവസ്ഥയുടെ പ്രധാന ശക്തിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യയിലെ യുവാക്കൾക്ക് അവരുടെ കഴിവിനനുസരിച്ചുള്ള അവസരങ്ങൾ ഒരുക്കുന്നതിൽ നിലവിലെ സംവിധാനം പരാജയപ്പെട്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Tags : RahulGandhi CentralGovernment Prayagraj Unemployment