പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: 'വോട്ട് ചോരി' ആരോപണങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഇന്ത്യ മുന്നണി ഇന്ന് നടത്തുന്ന സുപ്രീംകോടതി മാർച്ചിന് മുന്നോടിയായി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഡൽഹിയെ ഒരു 'കോട്ട' പോലെയാക്കി മാറ്റിയത് എന്തിനാണെന്നും, ഗ്യാനേഷ് കുമാറിനെ മോദി സർക്കാർ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ സംവിധാനങ്ങൾക്കുള്ളിൽ നിന്ന് 200-ഓളം ഉദ്യോഗസ്ഥർ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർ വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
'ചലോ ഡൽഹി - മാർച്ച് ഫോർ ഡെമോക്രസി' എന്ന നാമകരണത്തിൽ ഉച്ചയ്ക്ക് 1:30-ന് കൊണാട്ട് പ്ലേസ്-ബരാഖംബ റോഡ് ജംഗ്ഷനിൽ നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിക്കുന്നത്. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും മാർച്ചിൽ പങ്കെടുക്കുമെന്നാണ് സൂചന. സുരക്ഷ മുൻനിർത്തി പട്ടേൽ ചൗക്ക്, ജൻപഥ്, രാജീവ് ചൗക്ക്, മണ്ഡി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ്, ബരാഖംബ റോഡ് എന്നീ ആറ് മെട്രോ സ്റ്റേഷനുകളുടെ കവാടങ്ങൾ ഉച്ചയ്ക്ക് നാല് മണി വരെ അടച്ചിട്ടിരിക്കുകയാണ്.
Tags : RahulGandhi INDIAblocprotest Delhisecurity SupremeCourt march GyaneshKumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash