രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാഹുൽ ഗാന്ധി വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ചോദ്യങ്ങളുമായി സുപ്രീംകോടതി. ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചപ്പോൾ പിന്നെ എന്തു കൊണ്ടാണ് കേസ് എടുക്കാത്തതെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
രാഹുൽ ഗാന്ധിക്കെതിരായ പരാതിയിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്ന് അലഹാബാദ് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്.
ഹർജി പരിഗണിച്ച സുപ്രീംകോടതി രാഹുൽ ഗാന്ധിക്കെതിരായ കേസിൽ അലഹാബാദ് ഹൈക്കോടതിയുടെ തുടർനടപടികൾ ഇനി ഉത്തരവുണ്ടാകുന്നതുവരെ നീട്ടിവയ്ക്കാനും നിർദേശിച്ചു. ഇതോടെ കേസിൽ സിബിഐക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാകില്ല.
അതേസമയം അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസും അയച്ചു. പരാതിയിൽ സിബിഐ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന കാര്യവും കോടതി പരിഗണിച്ചു.
അലഹബാദ് ഹൈക്കോടതിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് രാഹുൽ ഗാന്ധിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുന്നതിനെ സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ്.വി.രാജു എതിർത്തു. പരാതിയിലെ ആരോപണങ്ങൾ ഗൗരമുള്ളതാണ്.
അതിൽ ഇപ്പോൾ പരിശോധന നടക്കുകയാണെന്നും അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനമായിട്ടില്ലെന്നും അതിനാൽ സ്റ്റേ ഉത്തരവ് പുറപ്പടുവിക്കരുതെന്നും എസ്.വി. രാജു ആവശ്യപ്പെട്ടു. പരാതി ഗൗരവതരമാണെങ്കിൽ എന്ത് കൊണ്ടാണ് സിബിഐ ഇത് വരെ നടപടി എടുക്കാത്തതെന്നും ബെഞ്ചിലെ അംഗമായ ജോയാല ബാഗി ആരാഞ്ഞു.
തുടർന്നാണ് രാഹുൽ ഗാന്ധിക്ക് എതിരായ ഹർജിയിലെ നടപടികൾ നീട്ടി വയ്ക്കാൻ അലഹബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നടപടികൾ നീട്ടി വയ്ക്കാൻ നിർദേശിച്ചത്.
Tags : RahulGandhi SupremeCourt CBI Congress