ലഹരിവസ്തുക്കളുമായി പിടിയിലായ പ്രതികൾ.
പാലക്കാട്: ഒരുകോടി രൂപയുടെ ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഒലവക്കോട് പോലീസ് നടത്തിയ പരിശോധനയിലാണ് ഒരു കിലോ എംഡിഎംഎയുൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.
കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദ്ദീൻ, അസറുദ്ദീന്റെ ഭാര്യയും മംഗലാപുരം സ്വദേശിനിയുമായ ബീഫാത്തിമ എന്നിവരാണ് പിടിയിലായത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയും പിടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടിൽ നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലാണ് സംഘം ലഹരിവസ്തുക്കൾ കടത്തിയത്.
ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. പിടിയിലായവർ സ്ഥിരം ലഹരിക്കടത്തുകാരാണെന്ന് പോലീസ് പറഞ്ഞു. സംഘത്തിന് പിന്നിൽ വലിയ ലഹരിക്കടത്ത് റാക്കറ്റുണ്ടെന്നും പോലീസ് വ്യക്തമാക്കി. പിടിയിലായവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Tags : Palakkad MDMA Seizure Drug Bust Drug Smuggling Arrest