ക്രിസ്റ്റ്യാനോ റൊണാൾഡോ
ലിസ്ബൺ: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കൽ സൂചന നൽകി. 2026-27 സീസൺ തന്റെ പ്രൊഫഷണൽ കരിയറിലെ അവസാന സീസണായേക്കാമെന്ന് പോർച്ചുഗൽ നായകനായ അദ്ദേഹം വ്യക്തമാക്കി. എന്നാൽ കളം വിടുന്നതിന് മുമ്പ് ചരിത്രനേട്ടമായ 1,000 ഗോളെന്ന ലക്ഷ്യം സ്വന്തമാക്കാനാണ് ഈ നാൽപ്പത്തിയൊന്നുകാരന്റെ ശ്രമം.
ക്ലബിനും രാജ്യത്തിനുമായി ഇതുവരെ 1,330 മത്സരങ്ങളിൽ നിന്ന് 976 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 1,000 ഗോളെന്ന ചരിത്രനേട്ടത്തിലേക്ക് ഇനി 24 ഗോളുകളുടെ ദൂരം മാത്രമാണ് താരത്തിനുള്ളത്. ഇത് ഫുട്ബോളിലെ എന്റെ അവസാന വർഷമായിരിക്കാം. ഒരു ലെഗസി അവശേഷിപ്പിച്ചുകൊണ്ട് കളം വിടാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഭാവിയെക്കുറിച്ച് മുഴുവൻ ആസൂത്രണവും നടത്തിയിട്ടുണ്ട്. എന്നെ തിരക്കോടെ നിലനിർത്താൻ നിരവധി കാര്യങ്ങളുണ്ട്. ദേശീയ ടീമിൽനിന്നുള്ള വിടവാങ്ങലും അപ്രതീക്ഷിതമായിരിക്കുമെന്ന് റൊണാൾഡോ പറഞ്ഞു. ദേശീയ ടീമിൽ നിന്ന് ഞാൻ വിടപറയുമ്പോൾ ആരോടും മുൻകൂട്ടി പറയില്ല.
അതൊരു പെട്ടെന്നുള്ള തീരുമാനമായിരിക്കുമെന്നും താരം വ്യക്തമാക്കി. കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം പരിശീലകന്റെ വേഷത്തിലേക്ക് എത്താനുള്ള സാധ്യതയും റൊണാൾഡോ തള്ളിക്കളഞ്ഞു. പരിശീലകനാകാൻ തനിക്ക് താൽപര്യമില്ലെന്നും തന്റെ ഭാവി അത്തരമൊരു മേഖലയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Cristiano Ronaldo Ronaldo Retirement Portugal Football