ഉത്തർപ്രേദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നോ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനപ്പണം വകമാറ്റി തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ശക്തമായ നടപടികൾ ആരംഭിച്ചതായും കുറ്റക്കാരനായ ഒരു വ്യക്തിയെപ്പോലും വെറുതെ വിടില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങളുടെ വിശ്വാസത്തെയും സനാതന ധർമത്തെയും വ്രണപ്പെടുത്തുന്ന രീതിയിലുള്ള നീക്കങ്ങൾക്കെതിരെ അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിലെ ദേവരിയയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂൺ 19-ന് അയോധ്യ സന്ദർശിച്ച വേളയിൽ താൻ നൽകിയ ഉറപ്പ് പാലിച്ചതായും, എസ്ഐടി റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് പോലീസ് കടന്നതായും മുഖ്യമന്ത്രി ഓർമിപ്പിച്ചു. അയോധ്യ എന്നത് സനാതന ധർമത്തിന്റെയും നമ്മുടെയെല്ലാം വിശ്വാസത്തിന്റെയും പ്രതീകമാണ്. അതുകൊണ്ട് അയോധ്യയിലേക്ക് ആരും ദുഷിച്ച കണ്ണ് വെക്കരുത്. ശ്രീരാമന്റെ അന്തസ് ഉയർത്തിപ്പിടിക്കാൻ എല്ലാവരും പഠിക്കണം.
കേസിൽ എസ്ഐടി റിപ്പോർട്ട് വന്നതിന് പിന്നാലെ അടിയന്തര നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഞാൻ മുൻപ് പറഞ്ഞതുപോലെ തന്നെ കള്ളവും സത്യവും വേർതിരിച്ച് പൂർണമായി പുറത്തുകൊണ്ടുവരുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ജനങ്ങളുടെ വികാരങ്ങളുമായി കളിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. സനാതന ധർമത്തിന്റെ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്നവർ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരും. ഈ കാര്യത്തിൽ ആർക്കും ഒരു തരത്തിലുള്ള ഇളവുകളും നൽകാൻ സർക്കാർ തയ്യാറല്ല.
ഭക്തരുടെ സംഭാവനകളിൽ വൻ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ എസ്ഐടി പ്രാഥമിക റിപ്പോർട്ട് നൽകിയതിന് പിന്നാലെ ക്ഷേത്ര ജീവനക്കാരായ എട്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായും അനിൽ മിശ്രയും തങ്ങളുടെ പദവികൾ രാജിവെക്കുകയും ചെയ്തു. തെളിവുകളുണ്ടെങ്കിൽ പ്രതിപക്ഷം അത് രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നതിന് പകരം അന്വേഷണസംഘത്തിന് കൈമാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Tags : Yogi Adityanath Uttar Pradesh Ram Temple Latest News