ബ്രിട്ടീഷ് ജനതയ്ക്ക് പ്രധാനമന്ത്രിയുടെ കത്ത്
Monday, March 30, 2020 9:40 PM IST
ലണ്ടന്‍: കോവിഡിനെ ചെറുത്തു തോല്‍പിക്കാന്‍ വീട്ടില്‍ തന്നെ കഴിയണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജനങ്ങള്‍ക്ക് കത്തെഴുതി.

""എല്ലാം ശരിയാകും മുമ്പ് കാര്യങ്ങള്‍ കൂടുതല്‍ വഷളായേക്കാം. നിയമങ്ങള്‍ പാലിച്ചുതന്നെയാണ് മുന്‍കരുതലെടുക്കുന്നത്. ജനജീവിതം താമസിയാതെ സാധാരണരീതിയിലേക്ക് തിരിച്ചെത്തും. അതുവരെ എല്ലാവരും വീട്ടില്‍ത്തന്നെ കഴിയുക. ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ കൈക്കൊള്ളും. സാഹചര്യത്തിനനുസരിച്ച് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടിവരും'' - ബോറിസ് ജോൺസൺ കത്തില്‍ വ്യക്തമാക്കി.

വൈകാതെ രോഗത്തെ പിടിച്ചുകെട്ടുമെന്നും കത്തിൽ ബോറിസ് പ്രതീക്ഷ പ്രകടിപ്പിച്ചു. മൂന്നുകോടിയോളം വീടുകളില്‍ പ്രധാനമന്ത്രിയുടെ കത്ത് എത്തും.

കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു ചികിത്സയിലാണിപ്പോള്‍ പ്രധാനമന്ത്രി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ഇപ്പോള്‍ സര്‍ക്കാരിന്‍റെ അവലോകനയോഗങ്ങളില്‍ പങ്കെടുക്കുന്നത്. രോഗം സ്ഥിരീകരിച്ച ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്കും വീട്ടിലിരുന്നു ജോലി ചെയ്യുകയാണ്.

കോവിഡിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ അദ്ദേഹം കത്തില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. യുകെയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 1200 പിന്നിട്ടു. 17000ത്തില്‍ പരം ആളുകള്‍ക്ക് വൈറസ് ബാധിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ