ജര്‍മനിയില്‍ കോവിഡ് വ്യാപനം വീണ്ടും ആശങ്ക സൃഷ്ടിക്കുന്നു
Friday, July 31, 2020 10:09 PM IST
ബര്‍ലിന്‍: കോവിഡ് വ്യാപനം വീണ്ടും ശക്തി പ്രാപിക്കുന്നത് ജര്‍മനിയില്‍ ആശങ്കയ്ക്കു കാരണമാകുന്നു. ഒറ്റ ദിവസം 902 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മേയ് 15നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. തൊട്ടു മുന്‍പത്തെ ദിവസം ഇത് 684 കേസുകളായിരുന്നു.

നിലവില്‍ രണ്ടു ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് - 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഒമ്പതിനായിരത്തിലധികം പേര്‍ മരിക്കുകയും ചെയ്തു.

രോഗം പടരുന്നതിന്‍റെ തോത് കണക്കാക്കുന്ന റീപ്രൊഡക്ഷന്‍ നമ്പര്‍ (ആര്‍~വാല്യൂ) നിലവയില്‍ 1.14 ആണ് ജര്‍മനിയില്‍. അതായത്, രോഗബാധിതരായ ഓരോരുത്തരും ശരാശരി 1.14 ആളുകള്‍ക്കു വീതം രോഗം പടര്‍ത്തുന്നുണ്ട്. ഈ സംഖ്യ ഒന്നിനു താഴെയാണെങ്കിലേ സ്ഥിതി നിയന്ത്രണവിധേയമായെന്നു പറയാനാകൂ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ