സിബി ജോർജിന് ഡബ്ല്യുഎംസി സ്വിസ് പ്രൊവിൻസിന്‍റെ സ്നേഹാദരങ്ങൾ
Saturday, August 1, 2020 10:03 PM IST
സൂറിച്ച്: ഔദ്യോഗിക കലാവധി പൂർത്തിയാക്കി സ്വിറ്റ്സർലൻഡിൽ നിന്നു മടങ്ങുന്ന ഇന്ത്യൻ അംബാസഡർ സിബി ജോർജിന് ഡബ്ല്യുഎംസി ഭാരവാഹികൾ യാത്രാമംഗളങ്ങൾ നേർന്നു.

ഊർജ്ജസ്വലതയോടെ എപ്പോഴും പ്രവർത്തിച്ച ഈ പാലാക്കാരൻ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയും സ്വിസ് ഇന്ത്യൻ സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന മലയാളികൾക്ക് അഭിമാനത്തോടെ തങ്ങളുടെ എല്ലാ പരിപാടികളിലും മുഖ്യാതിഥിയായി പങ്കെടുപ്പിക്കുവാനും അദ്ദേഹത്തിന്‍റേയും കുടുംബത്തിന്‍റേയും സ്നേഹ സാന്നിധ്യം അനുഭവിച്ചറിയാനും സാധിച്ചു.

വിപ്ലവകരമായ മാറ്റങ്ങളാണ് ചെറിയ കാലയളവിൽ ഇന്ത്യൻ എംബസി വഴി അദ്ദേഹം നടപ്പിൽ വരുത്തിയത്. സൂറിച്ചിൽ ആരംഭിച്ച കോൺസുലാർ സർവീസ് എടുത്തു പറയത്തക്ക നേട്ടങ്ങളിലൊന്നാണ്. ഇന്ത്യയുടെ മാത്രം പൈതൃകമായ ആയുർവേദവും യോഗയും സ്വിറ്റ്സർലൻഡിൽ പ്രചരിപ്പിക്കുന്നതിനായി നടത്തിയ വിവിധ പരിപാടികൾ സ്വിസ് സമൂഹത്തിൽ ഏറെ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്.

ഇന്ത്യയും സ്വിറ്റ്‌സർലൻഡും സഹൃദകരാർ ഒപ്പുവച്ചതിന്‍റെ 70 വർഷ ആഘോഷങ്ങൾ കഥകളി ഉൾപ്പെടെ വൈവിധ്യങ്ങളായ കലാസാംസ്കാരിക പരിപാടികൾ സ്വിറ്റ്സർലൻഡിനു ഒരു നവ്യാനുഭവമായി മാറി. സ്വിസ് സാമ്പത്തിക വ്യവസായ സംരംഭകർ ഏറ്റവും കൂടുതൽ ഇന്ത്യയിൽ മുതൽമുടക്കിയതും ഇദ്ദേഹത്തിന്‍റെ കാലത്തായിരുന്നു. സാമ്പത്തികരംഗം ഏറ്റവും മോശമായ ഈ കൊറോണ കാലയളവിൽ ക്രെഡിറ്റ്‌ സ്വിസ് ബാങ്ക് 5 ബില്യൺ സ്വിസ് ഫ്രാങ്ക് ഈയടുത്ത ദിവസം ഇന്ത്യയിൽ നിക്ഷേപിക്കുവാൻ തീരുമാനമെടുത്തത് എടുത്തു പറയത്തക്ക നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ 150-ാം ജന്മ വാർഷികാഘോഷവും ഇന്ത്യൻ പ്രസിഡന്‍റിന്‍റെ സ്വിറ്റ്സർലൻഡ് സന്ദർശനവും ഏറ്റവും ഗംഭീരമാക്കിയപ്പോൾ സ്വിസ് സമൂഹത്തിനുമുന്നിൽ ഇന്ത്യ എന്ന മഹാരാജ്യത്തെ പറ്റിയുള്ള കാഴ്ചപ്പാട് മാറ്റി എഴുതപെടുകയായിരുന്നു. ഇക്കഴിഞ്ഞ മൂന്നു വർഷ കാലയളവിൽ ഇന്ത്യൻ എംബസിയുടെ ഏതെങ്കിലും ഒരു പ്രോഗ്രാം ഇല്ലാത്ത ദിവസങ്ങൾ ചുരുക്കമായിരുന്നുവെന്ന് പറയുന്നതിൽ അതിശയോക്തിയില്ല.

മലയാളികളുടെ പ്രഥമ പൗരനായ കെ.ആർ. നാരായണനെ പോലെ ഇനിയും ഉയരങ്ങൾ കീഴടക്കി സിബി ജോർജ്, ഇന്ത്യക്കാർക്ക് ഏവർക്കും അഭിമാനമായി മാറട്ടെ എന്നാശംസിക്കുന്നു. വേൾഡ് മലയാളി കൗൺസിൽ സ്വിസ് അംഗങ്ങൾക്ക് അദ്ദേഹം എല്ലാവിധ ആശംസകളും നേർന്നു.