ജര്‍മനിയില്‍ വൻ കൊള്ള; കസ്റ്റംസ് ഓഫീസ് കൊള്ളയടിച്ച് 6.5 മില്യൺ യൂറോ കവർന്നു
Saturday, November 14, 2020 2:44 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ കസ്റ്റംസ് ഓഫീസില്‍ അതിക്രമിച്ച് കയറി നിലവറ തുരന്ന് 6.5 ദശലക്ഷം യൂറോ കവർന്നതായി ജര്‍മന്‍ പോലീസ്. പടിഞ്ഞാറന്‍ നഗരമായ ഡ്യൂയിസ്ബുര്‍ഗിലെ കസ്റ്റംസ് ഓഫീസില്‍ നിന്നാണ് പണം കൊള്ളയടിച്ചത്.

ബ്രേക്ക് ഇന്‍ പ്രഫഷണലായി ആസൂത്രണം ചെയ്താണ് മോഷണം നടപ്പാക്കിയത്. അജ്ഞാതരായ മൂന്ന് പേര്‍ ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്നു പോലീസ് പറഞ്ഞു. ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

കുറ്റവാളികള്‍ കെട്ടിടത്തിന്‍റെ നിലവറയിലെ തൊട്ടടുത്ത മുറിയില്‍ നിന്ന് നിലവറയിലേക്ക് പോകാന്‍ ഒരു തുരങ്കം സൃഷ്ടിച്ചാണ് കവര്‍ച്ച നടത്തിയത്. രാവിലെ ആറുമണിയോടെ ഡ്രില്ലിംഗ് ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്ന് മണിക്കൂറിനുശേഷം, ഇരുണ്ട വസ്ത്രവും ഇരുണ്ട നിറ്റ് തൊപ്പികളും ധരിച്ച മൂന്നുപേര്‍ കെട്ടിടത്തിലേക്കും പുറത്തേക്കും നടക്കുന്നതും സൈ്ളഡിംഗ് വാതിലുകളുള്ള ഒരു വെളുത്ത വാനിലേക്ക് വസ്തുക്കള്‍ കയറ്റി അവര്‍ വാനുമായി കടന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.

കുറ്റവാളികളെക്കുറിച്ചുള്ള സാക്ഷിവിവരം അനുസരിച്ച് സാക്ഷി എടുത്ത ഫോട്ടോകള്‍ പോലീസ് പ്രസിദ്ധീകരിച്ചു, പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം യൂറോ പോലീസ് പാരിതോഷികം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബാങ്കുകളും മ്യൂസിയങ്ങളും പതിവായി ടാർജറ്റു ചെയ്യുന്ന നിരവധി തട്ടിപ്പുകാര്‍ ജര്‍മനിയില്‍ ഉള്ളതായി പോലീസ് പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ