ജര്‍മനിയില്‍ വാക്സിനെടുക്കാത്തവര്‍ക്ക് ഇനി നഷ്ടപരിഹാരമില്ല
Saturday, September 25, 2021 6:35 PM IST
ബെര്‍ലിന്‍: കോവിഡ് ബാധിതരുമായുള്ള അടുപ്പം കാരണം ക്വാറന്‍റൈനിൽ പോയി ശമ്പളം നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തിൽ സര്‍ക്കാര്‍ പിടിമുറുക്കുന്നു.

വാക്സിനെടുക്കാത്തവർക്ക് കോവിഡ് വന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. നവംബര്‍ ഒന്നു മുതലാണ് ഇതിനു പ്രാബല്യമെന്ന് ആരോഗ്യ മന്ത്രി യെന്‍സ് സ്പാന്‍ പറഞ്ഞു. 16 സ്റ്റേറ്റുകളിലേയും ആരോഗ്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

അതേസമയം, വാക്സിന്‍ സ്വീകരിക്കണോ വേണ്ടയോ എന്നതു പൂര്‍ണമായും വ്യക്തിപരമായ തീരുമാനമായി തുടരുമെന്നും സ്പാന്‍ പറഞ്ഞു. എന്നാല്‍, സാമ്പത്തികമായ പ്രത്യാഘാതങ്ങള്‍ അവരവരുടെ ഉത്തരവാദിത്വമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വാക്സിൻ എടുക്കാത്തവർക്കുമേലുള്ള സമ്മര്‍ദമായി ഇതിനെ കാണേണ്ടതില്ലെന്നും നീതി ഉറപ്പാക്കുക എന്ന രീതിയിൽ ഇതിനെ കണ്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു. വാക്സിനെടുത്തവരെ രാജ്യത്ത് ക്വാറന്‍റൈൻ നിബന്ധകളില്‍ നിന്നു നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.

ജോസ് കുമ്പിളുവേലില്‍