ഇന്ത്യയെ ഏറ്റവും അപകട സാധ്യതയുള്ള പട്ടികയിൽ ഉൾപ്പെടുത്തി ജർമനി
Tuesday, January 25, 2022 1:05 PM IST
ബെര്‍ലിന്‍: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന കോവിഡ് വ്യാപനത്തെ തുടർന്നു ജർമനി 19 രാജ്യങ്ങളെകൂടി ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായി പ്രഖ്യാപിച്ചു.

റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അപകസാധ്യത ലിസ്റ്റിൽ നിലവില്‍ ആകെ 155 രാജ്യങ്ങളാണുള്ളത്. ഇതിൽ മൂന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പുറമേ, ഇന്ത്യ, മൊറോക്കോ, ടുണീഷ്യ, അള്‍ജീരിയ, സൗദി അറേബ്യ, ജപ്പാന്‍, ഭൂട്ടാന്‍, നേപ്പാള്‍, മംഗോളിയ, കസാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, മാലിദ്വീപ്, ബ്രസീല്‍, ചിലി, ഇക്വഡോര്‍, പരാഗ്വേ എന്നീ പുതിയ രാജ്യങ്ങളെയും ചേര്‍ത്തു. റൊമാനിയ, റിപ്പബ്ളിക് ഓഫ് മോള്‍ഡോവ, കൊസോവോ എന്നിവയാണ് യൂറോപ്യൻ രാജ്യങ്ങൾ.

ഞായറാഴ്ച മുതലാണ് 19 രാജ്യങ്ങളെ കൊറോണ ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളായി തരം തിരിച്ചത്. ഇതില്‍ യാത്രാ മുന്നറിയിപ്പുകളും അവിടെ നിന്ന് പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട ചില ക്വാറന്‍റൈൻ നിയമങ്ങളും ഉള്‍പ്പെടുന്നു.

റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഞായറാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 85,440 പുതിയ കൊറോണ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യവ്യാപകമായി 7 ദിവസത്തെ ഇന്‍സിഡെന്‍സ് റേറ്റ് 806.8 ആയി ഉയര്‍ന്നു.ആശുപത്രി റേറ്റ് 3.92 ഉം മരണങ്ങള്‍: 54 ഉം ആയി.

ജോസ് കുമ്പിളുവേലില്‍