മാഞ്ചസ്റ്റർ ദുക്റാന തിരുനാളിനു ഭക്തിനിർഭരമായ തുടക്കം
Monday, June 27, 2022 9:44 PM IST
സാബു ചുണ്ടക്കാട്ടിൽ
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ ആയ മാഞ്ചെസ്റ്ററിൽ ദുക്റാന തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം. ജോസ് അഞ്ചാനിക്കൽ അച്ചന്‍റെ നേതൃത്വത്തിൽ പിന്നണി ഗായകരായ സാംസൺ സെൽവൻ,അഭിജിത്,അരാഫത് കടവിൽ,ഡെൽസി എന്നിവർ പാടിക്കയറിയപ്പോൾ വിഥിൻഷോ ഫോറം സെന്‍ററിൽ തടിച്ചുകൂടിയ ആയിരങ്ങൾക്ക് മെഗാ ഷോ മികച്ച വിരുന്നായി.

ഭക്തി ഗാനത്തിൽ തുടങ്ങി സെമി ക്ലാസിക്കലിലൂടെ അടിപൊളി പാട്ടുകളിലേക്കു കടന്നപ്പോൾ നൃത്ത ചുവടുകളുമായി കാണികളും ഒപ്പം ചേർന്നതോടെ ഏവർക്കും മറക്കാനാവാത്ത ആഘോഷരാവിനാണ് മാഞ്ചസ്റ്റർ സാക്ഷ്യം വഹിച്ചത്.

"മലയാറ്റൂർ മലയും കയറി' എന്ന ഭക്തി ഗാനത്തോടെയായിരുന്നു ജോസ് അച്ചന്‍റെ കടന്നുവരവ്.അനൂപ് പാലായുടെ സ്‌പോർട് ഡബ്ബിംഗും കോമഡി ഷോയും വേറിട്ട അനുഭവമായി.പാട്ടുകൾക്കൊപ്പം നൃത്ത ചുവടുകളുമായി മാഞ്ചസ്റ്ററിലെ യുവനിരയും ചേർന്നതോടെ പാട്ടും നൃത്തവും ചേർന്ന വിസ്മയ രാവാണ് കടന്നുപോയത്. വൈകുന്നേരം 4.30 ന് ആരംഭിച്ച മെഗാ ഷോ രാത്രി 9.30 വരെ നീണ്ടു.

തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് ശ്രാമ്പിക്കൽ വൈകുന്നേരം കൊടിയേറ്റ് നിർവഹിച്ചു. ഗിൽഡ് റൂമിൽ നിന്നും ആൾത്താര സംഘവും വൈദികരും മാർ സ്രാന്പിക്കലും ആദ്യകുർബാന സ്വീകരണത്തിനുള്ള കൂട്ടികളും പ്രദക്ഷിണമായാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊടിയേറ്റുകർമം നിർവഹിച്ചത്. തുടർന്നു പ്രസിദേന്തി വാഴ്ചയും വെഞ്ചരിപ്പും നടന്നു.തുടർന്നു നടന്ന ഭക്തിനിർഭരമായ ദിവ്യബലിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ ജോസഫ് ശ്രാമ്പിക്കൽ നേതൃത്വം നൽകി. ദിവ്യബലി മദ്ധ്യേ 16 കുട്ടികൾ മാർ സ്രാന്പിക്കലിൽനിന്നും ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചു.

ദിവ്യകാരുണ്യ ഈശോയുടെ ചൈതന്യം ജീവിതത്തിൽ ഉടനീളം കാത്തു സൂക്ഷിക്കുവാനും ജീവിതത്തിലെ വിഷമ ഘട്ടങ്ങളിൽ ദൈവകൃപയിൽ കൂടുതലായി ആശ്രയിച്ചു ദൈവമക്കളായി വളരുവാനും ദിവ്യബലി മദ്ധ്യേ നൽകിയ സന്ദേശത്തിൽ മാർ സ്രാന്പിക്കൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളെ ഉദ്ബോധിപ്പിച്ചു.

ദിവ്യബലിയെ തുടർന്നു ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികൾക്ക് മാർ സ്രാന്പിക്കലും ജോസ് അച്ചനും ചേർന്ന് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയ മാർ സ്രാന്പിക്കലിന് ഇടവക സമൂഹത്തിന്‍റെ പേരിൽ ജോസ് അച്ചൻ നന്ദി പറഞ്ഞു.

നാളെ മുതൽ ദിവസവും ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. ഓരോ ദിവസത്തേയും ദിവ്യബലിയിൽ മിഷനിലെ വിവിധ കുടുംബ കൂട്ടായ്മകൾ,സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രത്യേക പ്രാതിനിത്യം ഉണ്ടായിരിക്കും.

27 നു (തിങ്കൾ) വൈകുന്നേരം 6 നു നടക്കുന്ന ദിവ്യബലിയിൽ ഫാ.ജിൻസൺ മുട്ടത്തുകുന്നേലും 28 നു (ചൊവ്വാ) വൈകുന്നേരം 5.30 നു നടക്കുന്ന ദിവ്യബലിയിലും നൊവേനക്കും ഫാ.ജോം കിഴക്കരക്കാട്ടും 29 നു (ബുധൻ) വൈകുന്നേരം 6 നു നടക്കുന്ന ദിവ്യബലിയിലും നൊവേനക്കും ഫാ. നിക്ക് കെണും ജൂൺ 30 നു (വ്യാഴം) വൈകുന്നേരം 6 നു നടക്കുന്ന ദിവ്യബലിയിൽ ഫാ.ലൂയിസ് ചെറുവിള പുത്തൻവീടും ജൂലൈ ഒന്നിനു (വെള്ളി) വൈകുന്നേരം 6 നു നടക്കുന്ന ദിവ്യബലിക്ക് ഫാ.വിൻസെന്‍റ് ചിറ്റിലപ്പള്ളി‌യും കാർമികത്വം വഹിക്കും.

പ്രധാന തിരുനാൾ ദിനമായ ജൂലൈ രണ്ടിനു രാവിലെ 10 നു നടക്കുന്ന ആഘോഷമായ റാസ കുർബാനക്ക് ഫാ.ലിജേഷ് മുക്കാട്ട് മുഖ്യ കാർമികത്വം വഹിക്കും. ഷൂഷ്ബറി രൂപത വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ, ഫാ നിക്ക് കേൺ, ഫാ.ജോൺ പുളിന്താനത്ത്‌,ഫാ.ഡാനി മോളൊപ്പറമ്പിൽ എന്നിവർ സഹകാർമികരാകും. ഫാ.മൈക്കിൾ ഗാനൻ തിരുനാൾ സന്ദേശം നൽകും.

തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു നടക്കുന്ന ആഘോഷമായ തിരുനാൾ പ്രദക്ഷിണം സെന്‍റ് ആന്‍റണീസ് ദേവാലയത്തെ വലംവച്ചുകൊണ്ട് വിഥിൻഷോയുടെ തെരുവീഥികളിലൂടെ തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. പ്രദക്ഷിണത്തിൽ അണിനിരക്കാനുള്ള പുതിയ സെറ്റ് മുത്തുക്കുടകളെല്ലാം നാട്ടിൽ നിന്നും എത്തിച്ചേർന്നുകഴിഞ്ഞു.

ജൂലൈ മൂന്നിനു (ഞാ‌യർ) വൈകുന്നേരം നാലിനു നടക്കുന്ന ദിവ്യബലിയിൽ മിഷൻ ഡയറക്‌ടർ ഫാ. ജോസ് അഞ്ചാനിക്കൽ കാർമികത്വം വഹിക്കും. തുടർന്നു ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊടിയിറക്കും.

ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾ വിപുലമായി നടത്തുന്നതിന് മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ,ട്രസ്റ്റിമാരായ അലക്സ് വർഗീസ്,ചെറിയാൻ മാത്യു,ജിൻസ്മോൻ ജോർജ്,ജോജി ജോസഫ്,ജോസ് ജോസഫ് ,പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

തിരുനാൾ തിരുക്കർമങ്ങളിൽ പങ്കെടുത്ത്‌ വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം: ST.ANTONY’S CHURCH WYTHENSHAWE
DUNKERY ROAD, MANCHESTER, M22 0WR