ജൂറി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിന് യുവാവിനെ ജയിലിലടച്ചു; ജഡ്ജിക്കെതിരെ പരാതി
Friday, October 11, 2019 8:45 PM IST
ഫ്ലോറിഡാ: ജൂറി ഡ്യൂട്ടിക്കു ഹാജരാകാതിരുന്ന ഡിയാൻഡ്ര സോമർ വില്ലയെ (21) പത്തു ദിവസം ജയിലിലടക്കുന്നതിനും തുടർന്ന് 150 മണിക്കൂർ കമ്മ്യൂണിറ്റി സർവീസിനും വിധിച്ച ജഡ്ജിയുടെ ജൂഡിഷ്യൽ അധികാരങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു ഫ്ലോറിഡാ സ്റ്റേറ്റ് സെനറ്റർ ബോബി പവൽ ഫ്ലോറിഡ ജുഡീഷ്യൽ കമ്മിറ്റിക്ക് പരാതി അയച്ചു.

കോളജ് വിദ്യാർഥിയായ സോമർ വില്ല രാവിലെ ഉണരാൻ വൈകിയതാണു സിവിൽ ഡ്യൂട്ടിക്ക് ഹാജരാകാൻ കഴിയാതിരുന്നതെന്നു ചൂണ്ടിക്കാട്ടിയിട്ടും ഒരു ക്രിമിനൽ റിക്കാർഡും ഇല്ലാത്ത വിദ്യാർഥിയെ ജയിലിലടച്ചത് പ്രതിഷേധാർഹമാണെന്നും ജഡ്ജി എന്ന സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ലെന്നും ഉടൻ സ്ഥാനത്തു നിന്നും മാറ്റണമെന്നും ഒക്ടോബർ 3ന് നൽകിയ പരാതിയിൽ പറയുന്നു. ഈ യുവാവിന്‍റെ കുടുംബത്തെ വളരെ അടുത്ത അറിയാവുന്നതാണെന്നും സെനറ്റർ പറയുന്നു.

ശിക്ഷാകാലാവധി പൂർത്തീകരിച്ച ശേഷം മാപ്പപേക്ഷ എഴുതി നൽകിയാൽ ക്രിമിനൽ റിക്കാർഡിൽ നിന്നും യുവാവിന്‍റെ പേർ നീക്കം ചെയ്യാവുന്നതാണെന്നു ജഡ്ജിയുടെ വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ഈ കേസിൽ ഉൾപ്പെട്ട ജഡ്ജി വെള്ളക്കാരനും പ്രതി കറുത്തവർഗക്കാരനുമാണെന്നതാണ് സംഭവത്തിന്‍റെ ഗൗരവം വർധിപ്പിച്ചതായും ജഡ്ജി അധികാരം ദുരുപയോഗം ചെയ്തതായും സ്റ്റേറ്റ് പ്രതിനിധി ഫ്രണ്ടറിക്ക് വിൽസൻ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ