പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് അറസ്റ്റില്‍
Saturday, July 24, 2021 3:56 PM IST
ജോര്‍ജിയ: പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ മകന്‍ രാജീവ് കുമാരസ്വാമിയെ (25) ജോര്‍ജിയ പോലിസ് അറസ്റ്റ് ചെയ്തു. ജൂലൈ 22 വൈകിട്ട് ജോര്‍ജിയ ഫോര്‍സിത്ത് കൗണ്ടിയിലായിരുന്നു സംഭവം. സദാശിവ കുമാരസ്വാമിയാണു കൊല്ലപ്പെട്ടത്. ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുകയും രാജീവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കുപയോഗിച്ചു പിതാവിനെ നിരവധി തവണ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

സദാശിവ കുമാരസ്വാമിയുടെ വീട്ടില്‍ വച്ചായിരുന്നു വെടിവെപ്പുണ്ടായത്. കുടുംബാംഗം അറിയിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പോലിസ് രാജീവിനെ വീട്ടില്‍ വച്ചു തന്നെ കസ്റ്റഡിയിലെടുത്തു. പിതാവ് സംഭവ സ്ഥലത്തു തന്നെ മരിച്ചതായും പൊലിസ് പറയുന്നു.

രാജീവിനെതിരെ കൊലക്കുറ്റം ചുമത്തി ജയിലിലടച്ചു. ജാമ്യം അനുവദിച്ചിട്ടില്ല. ജൂലൈ 23ന് രാജീവിനെ കോടതിയിലും ഹാജരാക്കി. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍