മാഗ് കാർണിവലും കുടുംബസംഗമവും നവംബർ 28 ന്
Friday, November 26, 2021 11:53 AM IST
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്‍റെ (മാഗ്) ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ കാർണിവലും കുടുംബസംഗമവും നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

നവംബർ 28 ന് ഞായറാഴ്ച വൈകുന്നേരം മൂന്നു മുതൽ ഒന്പതു വരെയാണ് പരിപാടികൾ നടത്തുന്നത്. സ്റ്റാഫ്‌ഫോഡിലുള്ള മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസും അതോടു ചേർന്നുള്ള വിശാലമായ കാമ്പസും (1415, Packer Ln, Stafford, TX 77477) കാർണിവലിന് ആതിഥ്യമരുളി വിജയമാക്കാൻ ഒരുങ്ങി കൊണ്ടിരിക്കുന്നു.

കാർണിവലിൽ നിന്നും ലഭിക്കുന്ന മുഴുവൻ വരുമാനവും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന മാഗിന്‍റെ ചാരിറ്റി ഫണ്ടിലേക്ക് ഉപയോഗിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

നാവിൽ രുചിയൂറുന്ന കേരള ശൈലിയിൽ തയാറാക്കുന്ന വിവിധ ഭക്ഷണ വിഭവങ്ങളുടെ കലവറ ഒരുക്കി ഫുഡ് സ്റ്റാളുകൾ കാർണിവലിനെ ആകർഷകമാക്കും ഹൂസ്റ്റണിലെ മലയാളി പാചക വിദഗ്ദർ തയ്യാറാക്കുന്ന കപ്പ ബിരിയാണി കാർണിവൽ ഫുഡ് സ്റ്റാളിലെ വിഭവമായിരിക്കുമെന്നും വളരെ തുച്ഛമായ നിരക്കിലാണ് (ഡോളർ 6.99) അത് വിൽക്കുന്നതെന്നും സംഘാടകർ അറിയിച്ചു. തട്ടുകടയിൽ നാടൻ ചൂട് ദോശയോടൊപ്പം ഓംലെറ്റും ലഭ്യമാണ്, ഒപ്പം ചായയും കാപ്പിയും കുടിക്കാം. ബാർബിക്യൂവും പിസയ്ക്കും പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. മറ്റു നിരവധി വില്പന സ്റ്റാളുകളും ഉണ്ടായിരിക്കും.

ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് - ഷോയോടൊപ്പം വില്പനയും ഉണ്ടായിരിക്കും. കുട്ടികൾക്കായി വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഫേസ് പെയിന്‍റിംഗ്, മൂൺ വാക്ക് തുടങ്ങിയവ ചിലതു മാത്രം. മുതിർന്നവർക്കായി വടംവലിയും ഉണ്ടായിരിക്കും. നിരവധി ഡോർ പ്രൈസുകളും ഉണ്ടായിരിക്കും.

വൈകുന്നേരം മൂന്നുമുതൽ രാത്രി 9 വരെ ഹൂസ്റ്റണിലെ പ്രശസ്തരായ മലയാളി ഗായകരും നർത്തകരും ഒരുക്കുന്ന ലൈവ് മ്യൂസിക് ആൻഡ് ഡാൻസ് കാർണിവലിനെ അവിസ്മരണീയമാക്കും.

2021 ൽ പുതുതായി അംഗത്വമെടുത്ത അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും ഒരുക്കിയിട്ടുണ്ട് . ഗൃഹാതുരത്വസ്മരണകൾ അയവിറക്കി ഭക്ഷണത്തോടൊപ്പം അടിപൊളി പരിപാടികൾ ആസ്വദിയ്ക്കുന്നതിന് ഒരുക്കുന്ന ഈ സായംസന്ധ്യയിൽ ഹൂസ്റ്റണിലെ എല്ലാ മലയാളി സുഹൃത്തുക്കളും കുടുംബ സമേതം വന്ന് വിജയിപ്പിക്കണമെന്ന് മാഗ് ഭാരവാഹികൾ അറിയിച്ചു.

വിനോദ് വാസുദേവൻ (പ്രസിഡന്‍റ്) ജോജി ജോസഫ് (സെക്രട്ടറി) മാത്യു കൂട്ടാലിൽ (ട്രഷറർ) റെനി കവലയിൽ (പ്രോഗ്രാം കോർഡിനേറ്റർ) കാർണിവൽ കോർഡിനേറ്റർമാരായ റജി കോട്ടയം, ജെയിംസ് തുണ്ടത്തിൽ, മൈസൂർ തമ്പി, ബോർഡംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ കാർണിവലിന്‍റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

ജീമോൻ റാന്നി