Special News
ചിലർ ജീവിക്കുന്നത് വർഷങ്ങൾ കൊണ്ടല്ല, ചെയ്ത നന്മകൾ കൊണ്ടാണ്.അമേരിക്കയിലെ പെൻസിൽവാനിയയിൽ, അങ്ങനെ ഒരു പെൺകുട്ടിയുണ്ടായിരുന്നു. പേര് - മരിയ മിഡിൽട്ടൺ.പുറമെ നോക്കിയാൽ, നമ്മുടെ വീട്ടിലെ ഏതൊരു പെൺകുട്ടിയെയും പോലെ. ഐറിഷ് ഡാൻസ് ഇഷ്ടപ്പെടുന്ന, ടെയ്ലർ സ്വിഫ്റ്റിന്റെ പാട്ടുകൾ കേൾക്കുന്ന, പൂച്ചയെ ഓമനിക്കുന്ന, സ്കൂളിൽ എല്ലാവർക്കും പ്രിയപ്പെട്ട ഒരു സാധാരണ കൗമാരക്കാരി.പക്ഷേ അവളുടെ ഉള്ളിൽ അസാധാരണമായ ഒരു വെളിച്ചമുണ്ടായിരുന്നു.
ചെറുപ്പം മുതലേ അവൾ മറ്റുള്ളവർക്കായി ജീവിച്ചു. എലിമെന്ററി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ, തണുപ്പത്ത് വിറയ്ക്കുന്നവർക്കായി കോട്ടുകൾ ശേഖരിച്ച് കൊടുക്കാൻ തുടങ്ങി. താങ്ക്സ് ഗിവിങ്ങിന് ഹാർലെമിലെ വീടുകളിൽ പോയി കോട്ടുകൾ വിതരണം ചെയ്തു. ഹൈസ്കൂളിൽ എത്തിയപ്പോൾ, ക്യാൻസർ ബാധിച്ച കുട്ടികൾക്കായി സ്വന്തമായി ഒരു ഫണ്ട് റെയ്സർ തുടങ്ങി.അന്ന് അവൾക്ക് അറിയില്ലായിരുന്നു, ഒരു ദിവസം ആ ക്യാൻസർ അവളെ തേടി വരുമെന്ന്.
16 വയസ്സ്. ജീവിതം തുടങ്ങുന്ന പ്രായം. അപ്പോഴാണ് ഡോക്ടർമാർ പറഞ്ഞത് - "ബ്രെയിൻ സ്റ്റെമിൽ ഓപ്പറേഷൻ ചെയ്യാൻ പറ്റാത്ത ട്യൂമർ. ഇനി ഒമ്പത് മുതൽ 12 മാസം വരെ മാത്രം."എല്ലാവരും തകർന്നു പോകുന്ന വാർത്തയായിരുന്നു അത്. പക്ഷേ മരിയ തകർന്നില്ല.അവൾ കരഞ്ഞില്ല. അവൾ ചോദിച്ചില്ല - "എന്തുകൊണ്ട് എനിക്ക് മാത്രം?"പകരം അവൾ പറഞ്ഞു - "ദൈവത്തിന് എനിക്കായി ഒരു പ്ലാൻ ഉണ്ട്.
രോഗം മൂർച്ഛിച്ചപ്പോൾ, അവൾക്ക് നടക്കാൻ പറ്റാതായി. കൈകൾ അനങ്ങാതായി. കേൾക്കാൻ പറ്റാതായി. സംസാരിക്കാൻ പറ്റാതായി.പക്ഷേ അപ്പോഴും അവൾ മറ്റുള്ളവരെ കുറിച്ചാണ് ചിന്തിച്ചത്. രോഗം വന്നതിന് ഒമ്പമാസങ്ങൾക്ക് ശേഷം, അവൾ ഉഗാണ്ടയിലേക്ക് മിഷൻ യാത്ര പോയി. തനിക്ക് കിട്ടിയ Make-A-Wish അവസരം പോലും, മറ്റൊരു കുട്ടിക്ക് വേണ്ടി മാറ്റി വെച്ചു.കോവിഡ് കാലത്ത് പള്ളികൾ അടച്ചപ്പോൾ, അവൾ ആർച്ച് ബിഷപ്പിന് ഇമെയിൽ അയച്ചു - "എനിക്ക് ദിവ്യകാരുണ്യം വേണം." ആ കത്ത് കണ്ട് ആർച്ച് ബിഷപ്പ് തന്നെ അവളുടെ വീട്ടിൽ വന്ന് ദിവ്യകാരുണ്യം നൽകി.ഒടുവിൽ, പേന പിടിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ, അവൾ തന്റെ ഡയറിയിൽ കഷ്ടപ്പെട്ട് രണ്ട് വാക്കുകൾ എഴുതി. അതായിരുന്നു അവളുടെ അവസാന വാക്കുകൾ."THINK HOPE"പ്രതീക്ഷയെ കുറിച്ച് ചിന്തിക്കൂ.
2020 ഒക്ടോബർ എട്ടിന് 18-ാം വയസ്സിൽ അവൾ യാത്രയായി.ഇപ്പോൾ, 2026 നവംബർ 17 ന്, അമേരിക്കയിലെ മുഴുവൻ ബിഷപ്പുമാരും ഒരുമിച്ച് വോട്ട് ചെയ്തു - ഈ പെൺകുട്ടിയെ വിശുദ്ധപദവിയിലേക്ക് ഉയർത്തണം.കാരണം, മരിയ ഒരു പഴയ കാലത്തെ വിശുദ്ധയല്ല. നമ്മുടെ കാലത്ത്, നമ്മുടെ ഇടയിൽ ജീവിച്ച ഒരു പെൺകുട്ടിയാണ്. ഫോണും, പാട്ടും, ഡാൻസും ഇഷ്ടപ്പെട്ട, എന്നാൽ വേദനയെ പോലും പ്രാർത്ഥനയാക്കി മാറ്റിയ ഒരു കൗമാരക്കാരി.അവളുടെ അച്ഛൻ പറഞ്ഞത് പോലെ - "അവൾക്ക് ഒരു കാൽ സ്വർഗ്ഗത്തിലും, ഒരു കാൽ ഭൂമിയിലുമായിരുന്നു."ഇന്ന് നമ്മൾ ചെറിയ വേദന വന്നാൽ തളർന്ന് പോകുമ്പോൾ, മരിയ നമ്മോട് പറയുന്നു -വേദന വന്നാലും, പ്രതീക്ഷ കൈവിടരുത്. THINK HOPE.
Special News
മലേഷ്യയിലേക്ക് ഒരു യാത്ര സ്വപ്നം കാണാത്ത മലയാളി ഇല്ല. ട്വിൻ ടവറിന് മുന്നിൽ നിന്ന് ഒരു ഫോട്ടോ,ബത്തു ഗുഹയിൽ കയറി ഒരു സെൽഫി, ലങ്കാവിയിലെ ബീച്ചിൽ ഒരു വൈകുന്നേരം. ജെൻന്റംഗിലെ തണുപ്പത്ത് ഒരു രാത്രി. ഇതെല്ലാം ഇതുവരെ എത്ര എളുപ്പമായിരുന്നു .പാസ്പോർട്ടും ടിക്കറ്റും മതി. എയർപോർട്ടിൽ ഇറങ്ങിയാൽ ഫ്രീ എൻട്രി. 30 ദിവസം സുഖമായി കറങ്ങാം.
2023 ഡിസംബർ ഒന്ന്മുതൽ ഇന്ത്യക്കാർക്ക് മലേഷ്യ നൽകിയിരുന്ന ആ സ്നേഹം, ആനുകൂല്യം, ഇപ്പോൾ അവസാനിക്കുകയാണ്.2027 ജനുവരി ഒന്ന്മുതൽ, മലേഷ്യയിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് നിർബന്ധമായും വിസ വേണം.വിസയില്ലാതെ വിമാനം കയറിയാൽ, എയർപോർട്ടിൽ നിന്ന് തിരിച്ചയക്കപ്പെടും. അത്രയ്ക്ക് കർശനമാണ് പുതിയ നിയമം.മലേഷ്യൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് നവംബർ 17 ന് ഇറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023 ൽ തുടങ്ങിയ 30 ദിവസത്തെ വിസ ഇളവ് 2026 ഡിസംബർ 31 ന് അവസാനിക്കും.
ഡിസംബർഒന്ന് മുതൽ അപേക്ഷിക്കാം:
മലേഷ്യയുടെ MyVISA ഓൺലൈൻ പോർട്ടൽ വഴി ഡിസംബർ ഒന്ന് മുതൽ അപേക്ഷിക്കാം.വിസ കിട്ടിയാലും ഇല്ലെങ്കിലും, യാത്ര മാറ്റിയാലും, ഫീസ് തിരിച്ച് കിട്ടില്ല എന്ന് മലേഷ്യ കർശനമായി പറഞ്ഞിട്ടുണ്ട്.
ഇൻഷുറൻസ് എടുക്കണം: യാത്രയ്ക്കിടയിൽ ചികിത്സ വേണ്ടി വന്നാൽ, അത് നിങ്ങളുടെ പോക്കറ്റിൽ നിന്ന് തന്നെ പോകും. അതുകൊണ്ട് ട്രാവൽ മെഡിക്കൽ ഇൻഷുറൻസ് എടുക്കാൻ അവർ നിർദേശിക്കുന്നു.
എന്തുകൊണ്ട് ഈ മാറ്റം
വിസ ഫ്രീ എൻട്രി ,ടൂറിസത്തിന് വേണ്ടി മാത്രമുള്ളതായിരുന്നു. പക്ഷേ ചിലർ അത് ജോലിക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് മലേഷ്യ കണ്ടെത്തിയിരുന്നു. സെപ്റ്റംബറിൽ ഇന്ത്യൻ എംബസി തന്നെ മുന്നറിയിപ്പ് കൊടുത്തിരുന്നു - "ഫ്രീ എൻട്രി വെച്ച് ജോലിക്ക് പോകരുത്."അതുകൊണ്ടാണ് ഇപ്പോൾ ഈ കടുത്ത തീരുമാനം.
Special News
രാഷ്ട്രീയ പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും കാരണം കോൺഗ്രസ് വിട്ടുപോയവരെ തിരികെ വിളിക്കുകയും മറ്റ് പാർട്ടികളിൽനിന്ന് അസംതൃപ്തരായി മടങ്ങിവരുന്നവർക്ക് വാതിൽ തുറന്നിടുകയും ചെയ്യുന്ന തുറന്ന മനസ് കോൺഗ്രസ് നേതൃത്വം വീണ്ടും പ്രകടമാക്കുന്നു. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ നിന്ന് രാജിവയ്ക്കുകയും കോൺഗ്രസിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനകൾ നൽകുകയും ചെയ്തതോടെ ഈ വിഷയം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
2024 മാർച്ചിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ ഏകദേശം രണ്ടര വർഷത്തിലേറെ നീണ്ട ബന്ധം അവസാനിപ്പിച്ചാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് നൽകിയത്. ബിജെപിയിൽ ചേർന്നത് ആശയങ്ങൾ ശരിയായി പഠിക്കാതെ എടുത്ത തീരുമാനമായിരുന്നുവെന്നും ആ തെറ്റ് തിരുത്തുകയാണെന്നുമാണ് അവർ വ്യക്തമാക്കിയത്.
ബിജെപിയുടെ ആശയങ്ങളുമായി തന്റേത് ചേരില്ലെന്ന് നേരത്തെ തന്നെ മനസിലായിരുന്നുവെന്നും കോൺഗ്രസ് പാരമ്പര്യത്തിൽ വളർന്ന തനിക്ക് മറ്റൊരു പ്രസ്ഥാനവുമായി പൂർണമായി പൊരുത്തപ്പെടാൻ പ്രയാസമാണെന്നും പത്മജ പറഞ്ഞു. അനിൽ ആന്റണി ഉൾപ്പെടെയുള്ളവർ കോൺഗ്രസിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹവും അവർ പങ്കുവച്ചു.
ലീഡറുടെ മകൾക്ക് കോൺഗ്രസിലേക്ക് സ്വാഗതമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത് ശ്രദ്ധേയമായി. സഹോദരനും മന്ത്രിയുമായ കെ. മുരളീധരനും മടക്കത്തെ സ്വാഗതം ചെയ്തു. അതേസമയം, പാർട്ടി വിട്ടുപോയവരെ തിരികെ സ്വീകരിക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവർത്തകരും നേതാക്കളും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും എതിർപ്പ് ഉയർത്തുന്നുണ്ട്. കാലങ്ങളായി പാർട്ടിയിൽ ഉറച്ചുനിന്ന് പ്രവർത്തിക്കുന്നവരുടെ വികാരങ്ങളും പരിഗണിക്കണമെന്ന അഭിപ്രായവും സജീവമാണ്. കോണ്ഗ്രസ് നേതാക്കളിൽ ചിലരും പത്മജയ്ക്കെതിരെ വിമര്ശനങ്ങൾ ഉന്നയിക്കുന്നുണ്ട്.
കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന് എക്കാലത്തുമുള്ള ഒരു സവിശേഷതയാണ് ഉൾക്കൊള്ളലിന്റെ രാഷ്ട്രീയം. വ്യത്യസ്ത കാലഘട്ടങ്ങളിലായി പാർട്ടി വിട്ടുപോയി പിന്നീട് സ്വന്തം തട്ടകത്തിലേക്ക് മടങ്ങിവന്ന നിരവധി പ്രമുഖ നേതാക്കളും പ്രവർത്തകരും കേരളത്തിലുണ്ട്. പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് ഡിഐസി (കെ) രൂപീകരിച്ച് മാറിനിന്ന മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ പിന്നീട് കോൺഗ്രസിലേക്ക് മടങ്ങിവന്നത് കേരള രാഷ്ട്രീയത്തിലെ നിർണായക തിരിച്ചുവരവായിരുന്നു. പിതാവിനൊപ്പം ഡിഐസി (കെ) രൂപീകരണത്തിലും പിന്നീട് എൻസിപിയിലേക്കുള്ള മാറ്റത്തിലും പങ്കാളിയായ കെ. മുരളീധരൻ, കാലക്രമേണ കോൺഗ്രസിലേക്ക് തിരിച്ചെത്തി പാർട്ടിയുടെയും യുഡിഎഫിന്റെയും പ്രധാന മുഖമായി മാറി.
സംഘടനാപരമായ അഭിപ്രായവ്യത്യാസങ്ങളോ തെരഞ്ഞെടുപ്പ് സീറ്റുകളെ ചൊല്ലിയുള്ള പിണക്കങ്ങളോ കാരണം മാറിനിന്ന പല നേതാക്കളും പിന്നീട് കോൺഗ്രസിലേക്ക് മടങ്ങിയിട്ടുണ്ട്. മറ്റു പാർട്ടികളിലേക്ക് മാറിയ പലരും അവിടുത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാതെ വരുമ്പോൾ തിരികെ വരുന്നത് പതിവ് കാഴ്ചയാണ്.
സംഘടനാ തലത്തിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും കരുത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിണങ്ങിപ്പോയവരെയും മറ്റ് പാർട്ടികളിൽ അവഗണിക്കപ്പെടുന്നവരെയും തിരികെ വിളിക്കാൻ കോൺഗ്രസ് നേതൃത്വം തയാറാകുന്നത്. അതേസമയം, പാർട്ടി വിട്ടുപോയവരെ തിരികെ സ്വീകരിക്കുമ്പോൾ നിലവിലുള്ള നേതാക്കളുടെയും അണികളുടെയും വികാരങ്ങൾ ഏകോപിപ്പിക്കുക എന്നതും പദവികളെ ചൊല്ലിയുള്ള തർക്കങ്ങൾ ഒഴിവാക്കുക എന്നതും നേതൃത്വത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്.
പത്മജ വേണുഗോപാലിന്റെ രാജി ഔദ്യോഗിക മടങ്ങിവരവിലേക്ക് എത്തുമോ എന്നും, വരും ദിവസങ്ങളിൽ മറ്റ് നേതാക്കളും സമാനമായ പാത പിന്തുടരുമോ എന്നുമാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
Special News
ഇന്ത്യൻ ബാഡ്മിന്റണിൽ ഒരു പുതിയ താരം ഉദിച്ചിരിക്കുന്നു.
പേര് - രക്ഷിത രാംരാജ്. പ്രായം - വെറും 19.
ഹോങ്കോംഗ് ഓപ്പൺ സൂപ്പർ 500 ടൂർണമെന്റൽ ലോകത്തെ ഞെട്ടിച്ചാണ് ഈ കോയമ്പത്തൂർക്കാരി പെൺകുട്ടി എത്തിയത്. എതിരാളി ടോക്കിയോ ഒളിമ്പിക്സ് ചാമ്പ്യൻ, ലോക നാലാം നമ്പർ താരം, ചൈനയുടെ ചെൻ യു ഫെയ് ആയിരുന്നു എതിരാളി.
രണ്ട് സെറ്റിൽ തകർത്തു
രണ്ടാം റൗണ്ട് മത്സരത്തിൽ ചെൻ യു ഫെയിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് രക്ഷിതയുടെ ജയം. സ്കോർ - 21-18, 24-22.
രണ്ടാം സെറ്റിൽ 24-22 എന്ന സ്കോർ കണ്ടാൽ തന്നെ അറിയാം, എത്ര വാശിയേറിയ പോരാട്ടമായിരുന്നു എന്ന്. പക്ഷേ, 19 കാരി ഒരിടത്തും പതറിയില്ല. പുള്ളെല ഗോപിചന്ദ് അക്കാദമിയിൽ പരിശീലിക്കുന്ന ഈ പെൺകുട്ടിയുടെ കളിയിൽ ഉണ്ടായിരുന്നത് അത്ഭുതപ്പെടുത്തുന്ന ആത്മവിശ്വാസമായിരുന്നു.
കോയമ്പത്തൂരിൽ നിന്നുള്ള രക്ഷിതയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ജയമാണിത്. ഇതുവരെ വലിയ വാർത്തകളിൽ ഇടം പിടിക്കാതിരുന്ന രക്ഷിത, ഒറ്റ മത്സരം കൊണ്ട് ലോക ബാഡ്മിന്റണിന്റെ ശ്രദ്ധ പിടിച്ചുപറ്റി.ഓവർഹെഡ് ഡിസപ്ഷനുകളും, അതിവേഗ അറ്റാക്കിങ് സ്ട്രോക്കുകളും കൊണ്ട് ചൈനീസ് താരത്തെ അവൾ വട്ടം കറക്കി.
പിവി സിന്ധുവിന് ശേഷം ഇന്ത്യൻ വനിതാ ബാഡ്മിന്റണിൽ ഒരു വലിയ താരം ഉണ്ടാകുമോ എന്ന് എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിന് ഉത്തരമാകുകയാണ് ഈ 19 കാരി.ഒളിമ്പിക് ചാമ്പ്യനെ തോൽപ്പിച്ചതോടെ രക്ഷിത ഇനി വെറുമൊരു പേരല്ല. ഇന്ത്യയുടെ ഭാവി താരമാണ്.
Special News
സിനിമാ ചരിത്രത്തിലെ ഏറ്റവും മനോഹരവും വികാരനിർഭരവുമായ വസ്ത്രങ്ങളിലൊന്ന്, 2007ൽ പുറത്തിറങ്ങിയ 'അറ്റോൺമെന്റ്'എന്ന ചിത്രത്തിൽ ഹോളിവുഡ് താരം കെയ്റ നൈറ്റ്ലി അണിഞ്ഞ എമറാൽഡ് ഗ്രീൻ സിൽക്ക് ഗൗൺ ലേലത്തിന്.
ചിത്രം പുറത്തിറങ്ങി ഏകദേശം രണ്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും പ്രേക്ഷകരുടെ മനസിൽ മായാതെ നിൽക്കുന്ന ഈ വസ്ത്രം ഡിസംബർ 9ന് ലണ്ടനിലെ പ്രശസ്തമായ ക്രിസ്റ്റീസ് ലേലശാലയിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്.
ഏകദേശം 1,20,000 പൗണ്ട് (ഏകദേശം 1.61 ലക്ഷം ഡോളർ / ഒന്നേകാൽ കോടിയിലധികം രൂപ) വരെയാണ് ഈ വസ്ത്രത്തിന് പ്രതീക്ഷിക്കുന്ന ലേലത്തുക. ഇയാൻ മക്ഇവാന്റെ നോവലിനെ ആസ്പദമാക്കി ജോ റൈറ്റ് സംവിധാനം ചെയ്ത 'അറ്റോൺമെന്റിൽ' സെസിലിയ എന്ന കഥാപാത്രത്തെയാണ് കെയ്റ നൈറ്റ്ലി അവതരിപ്പിച്ചത്.
ചിത്രത്തിലെ ഏറ്റവും നിർണായകവും വൈകാരികവുമായ രംഗത്തിലാണ് കെയ്റ ഈ പച്ച ഗൗൺ അണിയുന്നത്. ആഴ്ചകൾ നീണ്ട പ്രണയസംഘർഷങ്ങൾക്കൊടുവിൽ, വീട്ടുജോലിക്കാരന്റെ മകനായ റോബിയുമായി (ജെയിംസ് മക്കവോയ്) വലിയ ലൈബ്രറിയിൽ വെച്ച് സെസിലിയ തന്റെ പ്രണയം തുറന്നുപറയുന്ന രംഗം സിനിമാപ്രേമികൾക്ക് ഒരിക്കലും മറക്കാനാവില്ല.
കോസ്റ്റ്യൂം ഡിസൈനറായ ജാക്വലിൻ ഡുറാൻ ആണ് ഈ വസ്ത്രം രൂപകൽപ്പന ചെയ്തത്. "ചിത്രീകരണം തുടങ്ങുമ്പോൾ തന്നെ ഇതൊരു നിർണായക രംഗമാണെന്നും, അതിലെ വസ്ത്രം എന്നെന്നും ഓർമിക്കപ്പെടുന്ന ഒന്നാകണമെന്നും സംവിധായകൻ ജോ റൈറ്റ് നിർദ്ദേശിച്ചിരുന്നു," എന്ന് ജാക്വലിൻ മുൻപ് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസമാണ് ആ രംഗം നടക്കുന്നതെന്ന് പ്രേക്ഷകർക്ക് അനുഭവപ്പെടുന്ന തരത്തിലുള്ള, ഭാരം കുറഞ്ഞതും ചലനാത്മകവുമായ പച്ച വസ്ത്രമാണ് സംവിധായകൻ ആവശ്യപ്പെട്ടത്. 1920കളിലെയും 30കളിലെയും ഫാഷൻ പുസ്തകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജാക്വലിൻ കെയ്റയ്ക്ക് ഏറ്റവും അനുയോജ്യമായ ഈ ബാക്ക്ലെസ് സിൽക്ക് ഗൗൺ തയ്യാറാക്കിയത്.
ഫാഷൻ ചരിത്രത്തിൽ ഈ വസ്ത്രത്തിന് സവിശേഷമായ സ്ഥാനമാണുള്ളതെന്ന് 'ദി കളർ ഓഫ് ഫാഷൻ' എന്ന പുസ്തകത്തിന്റെ രചയിതാവായ കരോലിൻ യംഗ് വിലയിരുത്തുന്നു. തീവ്രമായ പ്രണയത്തെയും നിഗൂഢമായ ബന്ധങ്ങളെയും പ്രതിനിധീകരിക്കുന്ന നിറമാണ് പച്ച.
1930-കളിലെ ഹോളിവുഡ് താരം ജീൻ ഹാർലോയുടെ ശൈലിയെ ഓർമിപ്പിക്കുന്ന ഈ വസ്ത്രം, ഒരു വലിയ ദുരന്തം സംഭവിക്കുന്നതിന് മുൻപുള്ള മനോഹരമായ വേനൽക്കാലത്തിന്റെ പ്രതീകം കൂടിയാണെന്ന് അവർ നിരീക്ഷിക്കുന്നു. ആഗ്രഹത്തിന്റെയും തീവ്രപ്രണയത്തിന്റെയും വിരഹത്തിന്റെയും പ്രതീകമായാണ് ക്രിസ്റ്റീസ് ലണ്ടൻ മേധാവി തായ്സ് ഹിച്ചിൻസ് ഈ വസ്ത്രത്തെ വിശേഷിപ്പിച്ചത്.
2008-ൽ ഒരു ജീവകാരുണ്യ ലേലത്തിലൂടെ വിറ്റഴിക്കപ്പെട്ട ഈ വസ്ത്രം ഇത്രയും കാലം അമേരിക്കയിലെ ഒരു സ്വകാര്യ വ്യക്തിയുടെ ശേഖരത്തിലായിരുന്നു. സിനിമയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് ഫാഷൻ ചരിത്രത്തിലെ ഈ അമൂല്യനിധി വീണ്ടും ലോകത്തിന് മുന്നിലെത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ക്രിസ്റ്റീസ് വക്താവ് വ്യക്തമാക്കി. സിനിമാ പ്രേമികൾക്ക് പുറമെ മ്യൂസിയങ്ങളും ചരിത്ര ഗവേഷകരും ഈ വസ്ത്രം സ്വന്തമാക്കാൻ രംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷ.
'ലവ് ആൻഡ് ലസ്റ്റ്: എ ലിറ്റററി ഗൈഡ്' എന്ന പ്രത്യേക ലേലത്തിന്റെ ഭാഗമായാണ് കെയ്റയുടെ വസ്ത്രം വിൽപ്പനയ്ക്ക് വെക്കുന്നത്. ഇതിനൊപ്പം 1927-ലെ സയൻസ് ഫിക്ഷൻ ചിത്രം 'മെട്രോപോളിസ്', 1931-ലെ 'ഡ്രാക്കുള' എന്നിവയുടെ ഒറിജിനൽ പോസ്റ്റർ കലാസൃഷ്ടികൾ, ബ്രിട്ടീഷ് നാവിക വീരൻ ഹൊറേഷ്യോ നെൽസൺ തന്റെ പ്രണയിനി എമ്മ ഹാമിൽട്ടണിന് എഴുതിയ കത്തുകൾ, പ്രശസ്ത ബാലെ നർത്തകി മാർഗോട്ട് ഫോണ്ടെയ്ൻ 1960-ൽ അണിഞ്ഞ വസ്ത്രം എന്നിവയും ലേലത്തിലുണ്ടാകും.
അന്താരാഷ്ട്ര ലേലശാലകളിൽ സിനിമാ വസ്ത്രങ്ങൾക്ക് എന്നും വലിയ ഡിമാൻഡാണ്. 1961-ൽ പുറത്തിറങ്ങിയ 'ബ്രേക്ക്ഫാസ്റ്റ് അറ്റ് ടിഫാനീസ്' എന്ന ചിത്രത്തിൽ ഓഡ്രി ഹെപ്ബേൺ അണിഞ്ഞ കറുത്ത സാറ്റിൻ വസ്ത്രം 2006-ൽ ഏകദേശം 9.20 ലക്ഷം ഡോളറിനാണ് ലേലത്തിൽ പോയത്.
2015-ൽ 'ഗോൺ വിത്ത് ദി വിൻഡ്' എന്ന ചിത്രത്തിൽ വിവിയൻ ലീ അണിഞ്ഞ വസ്ത്രം 1.37 ലക്ഷം ഡോളറിനും വിറ്റഴിഞ്ഞിരുന്നു. ആ പട്ടികയിലേക്കാണ് ഇപ്പോൾ കെയ്റ നൈറ്റ്ലിയുടെ ഈ പ്പച്ച ഗൗണും ഇടംപിടിക്കാൻ ഒരുങ്ങുന്നത്.
Special News
ഇന്ത്യൻ സ്റ്റാർട്ടപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഉയർച്ചയും വീഴ്ചയും ഒരേ കഥയിലാണ്. ഒരു കാലത്ത് രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായി വളർന്ന ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന്റെ കുടുംബ സ്വത്ത് വിറ്റുപോയിരിക്കുന്നു. വാങ്ങിയത് രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ഇ-കൊമേഴ്സ് കമ്പനിയായ മീഷോയുടെ സഹസ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ.വില 83.81 കോടി രൂപ.
ബെംഗളൂരുവിലെ ഏറ്റവും പ്രീമിയം റെസിഡൻഷ്യൽ ഏരിയയായ എപ്സിലോൺ റെസിഡൻഷ്യൽ വില്ലാസിലാണ് ഈ സ്വത്ത്. യെമലൂർ, പഴയ എയർപോർട്ട് റോഡിന് സമീപം. വ്യവസായ പ്രമുഖരും ടെക് കോടീശ്വരന്മാരും മാത്രം താമസിക്കുന്ന മേഖല.ആകെ 33,485 ചതുരശ്ര അടി വരുന്ന രണ്ട് പ്ലോട്ടുകളാണ് വിറ്റത്. ചതുരശ്ര അടിക്ക് ശരാശരി 25,029 രൂപ എന്ന നിരക്കിലാണ് ഇടപാട്.
ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് ഇപ്പോൾ പാപ്പരത്ത നടപടികളിലാണ്. ബിസിസിഐക്ക് നൽകാനുള്ള 158.9 കോടി രൂപയുടെ കുടിശ്ശികയെ തുടർന്നാണ് 2024 ജൂലൈയിൽ കമ്പനി പാപ്പരത്ത നടപടികളിലേക്ക് പോയത്. ആ കടം തീർക്കാൻ സ്വരൂപിച്ച പണത്തിന് ഈ സ്വത്ത് ഈടായി നൽകിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.അതുകൊണ്ട് തന്നെ ആധാരത്തിൽ പ്രത്യേക നിബന്ധനകളുണ്ട്. ഈ സ്വത്ത് തങ്ങളുടെ സ്വയം സമ്പാദ്യമാണെന്നും, യാതൊരു കടബാധ്യതയോ, പാപ്പരത്ത നിയമത്തിലോ, കള്ളപ്പണം വെളുപ്പിക്കൽ കേസിലോ ഉൾപ്പെട്ടിട്ടില്ലെന്നും വിൽപ്പനക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
രണ്ട് കാലഘട്ടങ്ങൾ
ഒരു വശത്ത് ബൈജു രവീന്ദ്രൻ. കേരളത്തിൽ നിന്ന് ലോകം കീഴടക്കിയ സംരംഭകൻ. ഒരുകാലത്ത് 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന കമ്പനിയുടെ ഉടമ.മറുവശത്ത് വിദിത് ആത്രേ. 2015 ൽ ഐഐടി ഡൽഹിയിലെ സുഹൃത്ത് സഞ്ജീവ് ബർൺവാളിനൊപ്പം മീഷോ തുടങ്ങിയ സംരംഭകൻ. ചെറുകിട കച്ചവടക്കാരെ ഓൺലൈനിലെത്തിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊന്നായി മീഷോയെ മാറ്റി. ഐപിഒക്ക് ശേഷം വിദിത് ബില്യണയറായി മാറി.ഒരു സംരംഭകൻ വീഴുമ്പോൾ, മറ്റൊരു സംരംഭകൻ ഉയരുന്നു. അതാണ് സ്റ്റാർട്ടപ്പ് ലോകത്തിന്റെ യാഥാർത്ഥ്യം.83.81 കോടി രൂപയുടെ ഈ ഇടപാട് വെറുമൊരു റിയൽ എസ്റ്റേറ്റ് ഡീൽ മാത്രമല്ല. ഇന്ത്യൻ സ്റ്റാർട്ടപ്പ് ലോകത്ത് ഒരു കാലഘട്ടം അവസാനിച്ച്, മറ്റൊരു കാലഘട്ടം ആരംഭിക്കുന്നു എന്നതിന്റെ അടയാളമാണ്.
Special News
നവംബർ 19. ഇന്ന് ലോക പുരുഷ ദിനം.
സ്ത്രീകൾക്കൊരു ദിനമുണ്ടെങ്കിൽ പുരുഷന്മാർക്ക് എന്തിനാണ് ഒരു ദിനം എന്ന് ചോദിക്കുന്നവരുണ്ട്. ഉത്തരം ലളിതമാണ്. കരയാൻ പോലും അനുവാദമില്ലാത്ത ഒരു വിഭാഗത്തിന് കൂടിയാണ് ഈ ദിനം.
"ആണുങ്ങൾ കരയരുത്"
"ആണുങ്ങൾ തളരരുത്"
"നീ ആണല്ലേ?"
കുട്ടികാലം മുതൽ പലരും കേട്ട് വളരുന്ന വാക്കുകളാണിത്. പുരുഷൻ എന്നാൽ കരുത്ത് മാത്രമാണെന്ന് സമൂഹം പഠിപ്പിച്ചു. എന്നാൽ ആ കരുത്തിന് പിന്നിൽ എത്ര വേദനകളാണ് ഒളിപ്പിക്കപ്പെടുന്നതെന്ന് ആരും ചോദിക്കാറില്ല.
കുടുംബം നോക്കാൻ ജോലിക്ക് പോകുന്ന അച്ഛൻ. വീട്ടിലെ കടം തീർക്കാൻ വിദേശത്ത് കഷ്ടപ്പെടുന്ന ചേട്ടൻ. പരീക്ഷ തോറ്റാൽ വീട്ടിൽ പറയാൻ പേടിച്ച് ഉള്ളിൽ കരയുന്ന മകൻ. പ്രണയം തകർന്നിട്ടും ആരോടും പറയാതെ ചിരിച്ച് നടക്കുന്ന സുഹൃത്ത്.അവർക്കെല്ലാം വേദനയുണ്ട്. പക്ഷെ അവർ പറയില്ല. കാരണം, പറഞ്ഞാൽ "ആണായിട്ട് ഇത്രയേ ഉള്ളോ" എന്ന് കേൾക്കേണ്ടി വരും.
പുരുഷ ദിനം എന്നത് ആഘോഷിക്കാനുള്ള ദിനം മാത്രമല്ല. അവരുടെ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാനുള്ള ദിനം കൂടിയാണ്. പുരുഷന്മാരിലെ വിഷാദം, സമ്മർദ്ദം, ആത്മഹത്യാ പ്രവണത എന്നിവയെക്കുറിച്ച് തുറന്ന് സംസാരിക്കാനുള്ള ദിനം.
ഭാവി എല്ലാവരുടെയും
ഈ വർഷത്തെ ആശയം തന്നെ അതാണ് - "ഭാവി എല്ലാവരുടെയും". സ്ത്രീയുടേത് മാത്രമല്ല, പുരുഷന്റേത് കൂടിയാണ്.അതുകൊണ്ട് ഇന്ന് ഒരു കാര്യം ചെയ്യാം. നിങ്ങളുടെ ജീവിതത്തിലുള്ള ഒരു പുരുഷനോട് - അച്ഛനോട്, സഹോദരനോട്, ഭർത്താവിനോട്, സുഹൃത്തിനോട് - ഒരു ചോദ്യം ചോദിക്കാം."നീ സുഖമാണോ?"ഒരു പക്ഷേ, വർഷങ്ങളായി അവൻ കേൾക്കാൻ കാത്തിരുന്ന ചോദ്യമായിരിക്കും അത്.എല്ലാ പുരുഷന്മാർക്കും ലോക പുരുഷ ദിനാശംസകൾ.
Special News
ആ ഫോട്ടോ കണ്ടവരാരും അന്ന് ഉറങ്ങിയിട്ടുണ്ടാവില്ല.ചിത ഒരുങ്ങിക്കഴിഞ്ഞു. ത്രിവർണ്ണ പതാക പുതച്ച്, തന്റെ പ്രിയപ്പെട്ടവൻ നിശ്ചലനായി കിടക്കുന്നു. ചുറ്റും സൈനികർ, കുടുംബം, കണ്ണീരോടെ നിൽക്കുന്ന ഒരു നാട് മുഴുവൻ. അതിനിടയിൽ നിന്ന് ഒരു പെൺകുട്ടി ഓടിച്ചെന്ന് ആ മൃതദേഹത്തോട് ചേർന്ന് നിന്നു. കെട്ടിപ്പിടിച്ച്, ഉറക്കെ, ലോകം മുഴുവൻ കേൾക്കെ അവൾ വിളിച്ചു പറഞ്ഞു.
"I Love You Vibhu... Jai Hind"അതൊരു കരച്ചിലായിരുന്നില്ല. ഒരു ഭാര്യ തന്റെ ഭർത്താവിന് നൽകിയ അവസാനത്തെ സല്യൂട്ടായിരുന്നു . പ്രണയത്തിനും രാജ്യസ്നേഹത്തിനും ഇടയിൽ ഒരേ സമയം നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ഹൃദയം പൊട്ടിയുള്ള നിലവിളി.
വിവാഹം കഴിഞ്ഞിട്ട് വെറും ഒന്പത് മാസം. പുതിയ ജീവിതം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. 2019 ഫെബ്രുവരി 18ന് പുൽവാമയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മേജർ വിഭൂതി ശങ്കർ ധൗണ്ടിയാൽ വീരമൃത്യു വരിച്ചപ്പോൾ, നിതികയുടെ ലോകം അവസാനിച്ചു എന്നാണ് എല്ലാവരും കരുതിയത്.പക്ഷെ നിതികയുടെ കഥ അവിടെ തീർന്നില്ല.
അവിടെ നിന്നാണ് അത് തുടങ്ങിയത്.കണ്ണീരിൽ നിന്ന് യൂണിഫോമിലേക്ക് ഭർത്താവിന്റെ മരണത്തിന് ആറു മാസത്തിന് ശേഷം നിതിക ഒരു തീരുമാനമെടുത്തു. തന്റെ കോർപ്പറേറ്റ് ജോലി അവൾ രാജിവെച്ചു. ഭർത്താവ് നടന്ന അതേ വഴിയിലൂടെ നടക്കാൻ, അദ്ദേഹം ധരിച്ച അതേ യൂണിഫോം ധരിക്കാൻ അവൾ തീരുമാനിച്ചു.ആരും വിശ്വസിച്ചില്ല. ഒരു 27 കാരി, ഒരു വീരനാരി, വീണ്ടും ജീവിതത്തിലേക്ക് വരുമോ?
പക്ഷെ നിതിക പിന്മാറിയില്ല. എഴുത്തുപരീക്ഷ, SSB യിലെ അഞ്ച്ദിവസത്തെ കഠിനമായ ഇന്റർവ്യൂ, ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ 11 മാസത്തെ കഠിന പരിശീലനം. അവിടെ ഓരോ രാത്രിയും അവൾക്ക് കൂട്ട് ഭർത്താവിന്റെ ഓർമ്മകൾ മാത്രമായിരുന്നു. നോർത്തേൺ കമാൻഡ് മേധാവി ലെഫ്റ്റനന്റ് ജനറൽ വൈ.കെ ജോഷി, തോളിൽ നക്ഷത്രം പതിപ്പിക്കുമ്പോൾ, നിതികയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവിടെ ജനിച്ചത് ഒരു പുതിയ ലെഫ്റ്റനന്റ് ആയിരുന്നു - ലെഫ്റ്റനന്റ് നിതിക കൗൾ ധൗണ്ടിയാൽ.
ഭർത്താവിന്റെ മരണശേഷം അദ്ദേഹത്തിന് ലഭിച്ച ശൗര്യ ചക്രത്തിന് പകരം, തന്റെ തോളിലെ ഈ നക്ഷത്രമാണ് താൻ അദ്ദേഹത്തിന് നൽകുന്ന ഏറ്റവും വലിയ ആദരവ് എന്ന് അവൾ പറഞ്ഞു."ഞാൻ അദ്ദേഹം സഞ്ചരിച്ച അതേ യാത്രയിലൂടെയാണ് സഞ്ചരിക്കുന്നത്. അദ്ദേഹം എപ്പോഴും എന്റെ കൂടെയുണ്ട്" - യൂണിഫോം അണിഞ്ഞ ശേഷം നിതിക പറഞ്ഞ ആ വാക്കുകൾ ഓരോ ഇന്ത്യക്കാരന്റയും നെഞ്ചിൽ തട്ടുന്നു.ഇത് വെറുമൊരു പ്രണയകഥയല്ല. ഒരു ഭാര്യ ഭർത്താവിന് നൽകിയ വാക്കാണ്. "നീ വിട്ടുപോയ യൂണിഫോം ഞാൻ തുടരും, നീ കാത്ത രാജ്യത്തെ ഞാൻ കാക്കും" എന്ന വാക്ക്.
ചിതയ്ക്ക് മുന്നിൽ കരഞ്ഞ പെൺകുട്ടിയല്ല ഇന്ന് നിതിക. ഭർത്താവിന്റെ രാജ്യസ്നേഹം തോളിൽ ചുമക്കുന്ന ഒരു ഓഫീസറാണ്. അവളുടെ കണ്ണീർ ദുർബലതയായിരുന്നില്ല, അത് ശക്തിയായിരുന്നു എന്ന് അവൾ തെളിയിച്ചു.
Special News
ഫ്ലോറിഡ: ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ സമാനതകളില്ലാത്ത മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് നാസയുടെ 'വോയേജർ 1'. ഭൂമി വിട്ട് ഏകദേശം 49 വർഷങ്ങൾ പിന്നിടുമ്പോൾ, ഭൂമിയിൽ നിന്ന് ഒരു 'പ്രകാശദിനം' അകലെയെത്തുന്ന ആദ്യ മനുഷ്യനിർമിത വസ്തുവെന്ന ചരിത്രനേട്ടമാണ് വോയേജർ 1 സ്വന്തമാക്കിയത്. ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം 3.46ഓടെയാണ് പേടകം ഈ അപൂർവ ദൂരം പിന്നിട്ടത്. ഭൂമിയിൽനിന്ന് ഏകദേശം 2,590 കോടി കിലോമീറ്റർ അകലെയാണു നിലവിൽ വോയേജർ 1 ഉള്ളത്.
എന്താണ് ഒരു പ്രകാശദിനം?
സെക്കൻഡിൽ ഏകദേശം മൂന്നു ലക്ഷം കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശം 24 മണിക്കൂർ കൊണ്ട് പിന്നിടുന്ന ദൂരമാണ് ഒരു പ്രകാശദിനം. മണിക്കൂറിൽ ഏകദേശം 61,000 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വോയേജർ 1-ന് ഈ ദൂരം താണ്ടാൻ അഞ്ച് പതിറ്റാണ്ടോളം വേണ്ടിവന്നു.
ഈ നേട്ടത്തോടെ ഭൂമിയിൽനിന്ന് അയക്കുന്ന ഒരു റേഡിയോ സിഗ്നൽ പേടകത്തിലെത്താൻ ഏകദേശം 24 മണിക്കൂർ സമയമെടുക്കും. പേടകത്തിൽനിന്നുള്ള മറുപടി തിരികെ ഭൂമിയിലെത്താൻ വീണ്ടും 24 മണിക്കൂറും വേണം. അതായത്, വോയേജർ 1-മായി ലളിതമായ ഒരു ആശയവിനിമയം നടത്താൻ പോലും ഇനി രണ്ടു ദിവസം കാത്തിരിക്കേണ്ടി വരും.
1977ൽ തുടങ്ങിയ മഹായാത്ര
ഇരട്ട പേടകമായ വോയേജർ 2 വിക്ഷേപിച്ച് 16 ദിവസങ്ങൾക്കുശേഷം 1977 സെപ്റ്റംബർ അഞ്ചിനാണു വോയേജർ 1 വിക്ഷേപിച്ചത്. ഗ്രഹങ്ങളുടെ അപൂർവമായ നേർരേഖാവിന്യാസവും ഗുരുത്വാകർഷണ ബലവും പ്രയോജനപ്പെടുത്തി സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം.
1979ൽ വ്യാഴത്തെയും 1980ൽ ശനിയെയും കടന്നുപോയ പേടകം, ഇവയുടെ ഉപഗ്രഹങ്ങളെയും വലയങ്ങളെയും കുറിച്ചുള്ള നിർണായക വിവരങ്ങൾ ഭൂമിയിലേക്കയച്ചു. ശനിയുടെ ഉപഗ്രഹമായ ടൈറ്റന് സമീപത്തുകൂടിയുള്ള സഞ്ചാരം പേടകത്തെ സൗരയൂഥത്തിനു പുറത്തേക്കുള്ള (ഇന്റർസ്റ്റെല്ലാർ സ്പേസ്) പാതയിലേക്കു നയിച്ചു. 2012 ഓഗസ്റ്റിൽ സൂര്യന്റെ കാന്തികവലയത്തിന്റെ അതിരായ 'ഹീലിയോപോസ്' കടന്ന് ഇന്റർസ്റ്റെല്ലാർ സ്പേസിൽ പ്രവേശിക്കുന്ന ആദ്യ പേടകമായി വോയേജർ 1 മാറി.
അരനൂറ്റാണ്ട് പഴക്കമുള്ള സാങ്കേതികവിദ്യ ഇന്നും കരുത്തോടെ
1970കളിൽ നിർമിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് അരനൂറ്റാണ്ടിനിപ്പുറവും ഭൂമിയുമായി ആശയവിനിമയം നടത്തുന്നുവെന്നന്നതാണ് വോയേജർ 1-ന്റെ ഏറ്റവും വലിയ പ്രത്യേകത. സോളാർ പാനലുകൾക്കു പകരം പ്ലൂട്ടോണിയം 238ന്റെ റേഡിയോ ആക്ടീവ് വികിരണങ്ങളിൽനിന്നുള്ള താപം വൈദ്യുതിയാക്കി മാറ്റുന്ന 'റേഡിയോ ഐസോടോപ്പ് തെർമോ ഇലക്ട്രിക് ജനറേറ്ററുകൾ' ആണ് പേടകത്തിന് ഊർജം നൽകുന്നത്.
വർഷങ്ങൾ പിന്നിടുന്തോറും പേടകത്തിലെ വൈദ്യുതി ഉത്പാദനം കുറഞ്ഞുവരികയാണ്. ദൗത്യം നിലനിർത്തുന്നതിനായി അത്യാവശ്യമില്ലാത്ത ശാസ്ത്രീയ ഉപകരണങ്ങളും സംവിധാനങ്ങളും നാസ ഘട്ടംഘട്ടമായി ഓഫ് ചെയ്തു വരികയാണ്. ആധുനിക സ്മാർട്ട്ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും പതിറ്റാണ്ടുകൾക്കു മുന്പ് വികസിപ്പിച്ച കംപ്യൂട്ടറുകളും മെമ്മറി സംവിധാനങ്ങളുമാണ് പേടകത്തിലുള്ളത്. കോടിക്കണക്കിന് കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്ന് അതീവ ശ്രദ്ധയോടെ അയയ്ക്കുന്ന കമാൻഡുകളിലൂടെയാണ് നാസ എൻജിനിയർമാർ ഈ സംവിധാനങ്ങളെ ഇന്നും നിയന്ത്രിക്കുന്നത്. 2030കളുടെ പകുതി വരെയെങ്കിലും വോയേജർ ദൗത്യങ്ങൾ സജീവമായി നിലനിർത്താനാണു നാസ ലക്ഷ്യമിടുന്നത്.
പ്രപഞ്ചവിസ്മയങ്ങളിലേക്ക് ഒരു സുവർണ സന്ദേശം
ഒരു പ്രകാശദിനം പിന്നിട്ടെങ്കിലും മറ്റൊരു നക്ഷത്രത്തിന് അടുത്തൊന്നും വോയേജർ എത്തിയിട്ടില്ല. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രസമൂഹമായ ആൽഫ സെന്റോറി നാലു പ്രകാശവർഷത്തിലധികം അകലെയാണ്.
ഭൂമിയിലെ ജീവന്റെയും സംസ്കാരത്തിന്റെയും അടയാളങ്ങളായ ശബ്ദങ്ങൾ, സംഗീതം, വിവിധ ഭാഷകളിലുള്ള ആശംസകൾ, ചിത്രങ്ങൾ എന്നിവയടങ്ങിയ 'ഗോൾഡൻ റെക്കോർഡ്' പേടകത്തിലുണ്ട്. ഭാവിയിൽ എപ്പോഴെങ്കിലും അന്യഗ്രഹജീവികൾ പേടകത്തെ കണ്ടെത്തുകയാണെങ്കിൽ അവർക്കുള്ള ഭൂമിയുടെ സന്ദേശമാണിത്.
ഒരു പ്രകാശദിനമെന്ന നാഴികക്കല്ല് പിന്നിടുമ്പോൾ പേടകത്തിന് ഭൗതികമായ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല. എന്നാൽ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം അതൊരു വലിയ വിസ്മയമാണ്. 1970കളിൽ മനുഷ്യൻ നിർമിച്ച ഒരു യന്ത്രം, നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ദൂരങ്ങളിലേക്ക് തളരാതെ യാത്ര തുടരുന്നു എന്നതിന്റെ തെളിവ്.
Special News
ഒരു പോസ് മതി ലോകം മുഴുവൻ ഫാൻസാകാൻ! ഒരു ചിരി മതി കോടിക്കണക്കിന് ആളുകളുടെ മനസ് കീഴടക്കാൻ! ഒരു പാട്ട് മതി ജീവിതം തന്നെ മാറിമറിയാൻ!
സിനിമാ താരങ്ങളോ സെലിബ്രിറ്റികളോ ഒന്നുമല്ല ഇവർ. പക്ഷേ സോഷ്യൽ മീഡിയ ഇവരെ ഏറ്റെടുത്തത് ഒരു സൂപ്പർസ്റ്റാറിന്റെ അതേ സ്റ്റൈലിൽ! രണ്ടു വയസുകാരൻ മുതൽ വീട്ടമ്മ വരെ. റെയിൽവേ സ്റ്റേഷനിൽ പാട്ടുപാടിയിരുന്നവർ മുതൽ രാഷ്ട്രീയത്തിലെ ക്യൂട്ട് മുഖങ്ങൾ വരെ. ഇതാണ് സോഷ്യൽ മീഡിയയുടെ കുറച്ച് വൈറൽ താരങ്ങൾ.
നീല സൺഗ്ലാസ്, കൈകൾ പോക്കറ്റിൽ, മുഖത്ത് നല്ല കൂൾ ലുക്ക്! പ്രായം വെറും രണ്ട് വയസ്! പക്ഷേ ആ ആറ്റിറ്റ്യൂഡ് കണ്ടാൽ ഏതോ സിനിമയിലെ നായകനാണെന്ന് തോന്നും! മഹാരാഷ്ട്രയിലെ യവാത്മാലിൽ പുതിയ സ്കൂട്ടർ വാങ്ങാനെത്തിയ രുദ്രാൻഷിന്റെ ഈ എൻട്രിയാണ് സോഷ്യൽ മീഡിയയിൽ തീപിടിപ്പിച്ചത്. വീഡിയോ കണ്ടത് ഒന്നും രണ്ടുമല്ല, 12.5 കോടിയിലധികം ആളുകൾ!അതോടെ ഷോറൂം ഉടമയും ഹാപ്പി! കുഞ്ഞിന്റെ ബിരുദം വരെയുള്ള വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാമെന്നും വാഗ്ദാനം.
അടുത്ത താരം ഒരു കണ്ണിറുക്കലിൽ അല്ല, കണ്ണുകൾ കൊണ്ടുതന്നെ സോഷ്യൽ മീഡിയ കീഴടക്കിയ പെൺകുട്ടി. മഹാകുംഭമേളയിൽ മാല വിൽക്കുന്നതിനിടെയാണ് മൊണാലിസ ഭോസ്ലേയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായത്. ആ കണ്ണുകളും നിഷ്കളങ്കമായ ചിരിയും പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല! സോഷ്യൽ മീഡിയയിൽ നിന്ന് ദേശീയ ശ്രദ്ധയിലേക്ക്. അവിടെനിന്ന് സിനിമയിലേക്കും!
അടുത്ത കഥ കേട്ടാൽ ശരിക്കും സിനിമാക്കഥയാണെന്ന് തോന്നും! റെയിൽവേ സ്റ്റേഷൻ... കൈയിൽ മൈക്കില്ല മുന്നിൽ വലിയ വേദിയുമില്ല! പക്ഷേ ശബ്ദത്തിൽ മാജിക്കുണ്ടായിരുന്നു! പശ്ചിമ ബംഗാളിലെ റാണാഘട്ട് റെയിൽവേ സ്റ്റേഷനിൽ പാട്ടുപാടിയിരുന്ന റാണു മണ്ഡലിന്റെ ശബ്ദം ഒരാൾ മൊബൈലിൽ പകർത്തി. വീഡിയോ വൈറലായതോടെ ജീവിതം മാറി! സംഗീത സംവിധായകൻ ഹിമേഷ് രേഷാമിയയുടെ സംഗീതത്തിൽ സിനിമയിൽ പാടാനും അവസരം ലഭിച്ചു.
അടുക്കളയിലെ ജോലികൾക്കിടയിൽ പാട്ടുപാടിയിരുന്ന ഒരു സാധാരണ വീട്ടമ്മ! പക്ഷേ ആ ശബ്ദം ഒരുനാൾ ലക്ഷക്കണക്കിന് ആളുകളുടെ കാതുകളിലെത്തുമെന്ന് ചന്ദ്രലേഖ പോലും കരുതിയിരുന്നില്ല. കെ.എസ്. ചിത്ര അനശ്വരമാക്കിയ 'രാജഹംസമേ മഴവിൽക്കുടിലിൽ' എന്ന ഗാനം ചന്ദ്രലേഖ പാടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഭർത്താവിന്റെ സഹോദരൻ രഹസ്യമായി മൊബൈലിൽ പകർത്തിയ പാട്ട് യൂട്യൂബിലെത്തിയതോടെ കഥ മാറി! വീട്ടിലെ അടുക്കളയിൽ നിന്ന് സോഷ്യൽ മീഡിയയുടെ താരപദവിയിലേക്ക്!
ഇനി ഒരു രാഷ്ട്രീയ വൈറൽ താരം! പ്രസംഗമില്ല... വലിയ രാഷ്ട്രീയ പ്രസ്താവനകളില്ല... ഒരു മുഖഭാവം മാത്രം! മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഒരു ക്യൂട്ട് എക്സ്പ്രഷനാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. നെറ്റിസൺസ് അതിന് നൽകിയ പേരോ 'പുക്കി മുഖ്യമന്ത്രി'! രാഷ്ട്രീയ ചർച്ചകൾക്കിടയിലും ഇത്തരം ചെറിയ നിമിഷങ്ങൾ എങ്ങനെ ട്രെൻഡാകുമെന്ന് കാണിച്ചുതരുന്ന മറ്റൊരു വൈറൽ മൊമന്റ്!
Special News
ടോക്കിയോ: മൃഗശാലകളിലെ കൂടുകൾക്കുള്ളിൽ കൗതുകമുണർത്തുന്ന എത്രയോ ജീവികളുണ്ടാകും. എന്നാൽ, ഒരൊറ്റ നിൽപ്പുകൊണ്ട് ഒരു രാജ്യത്തിന്റെ മുഴുവൻ ഹൃദയം കവർന്നൊരു താരമുണ്ട് ജപ്പാനിൽ. പേര് 'ഫുത' (Futa). 2005ൽ തന്റെ പിൻകാലുകളിൽ മനുഷ്യരെപ്പോലെ നിവർന്നുനിന്ന് ജപ്പാനിലുടനീളം തരംഗം സൃഷ്ടിച്ച ആ കുഞ്ഞൻ ചുവന്ന പാണ്ട ഇന്ന് ലോകപ്രശസ്തനാണ്.
23 വയസും 135 ദിവസവും പിന്നിടുന്ന ഫുതയെ, മൃഗശാലകളിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ചുവന്ന പാണ്ടയായി ഗിന്നസ് വേൾഡ് റിക്കാർഡ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു.
ചൊവ്വാഴ്ച ജപ്പാനിലെ ചിബ സിറ്റി മൃഗശാല സാക്ഷ്യം വഹിച്ചത് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ അപൂർവ്വ നേട്ടത്തിനായിരുന്നു. ഗിന്നസ് അധികൃതരിൽ നിന്നും റിക്കാർഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാൻ മൃഗശാല ജീവനക്കാർക്കൊപ്പം നൂറുകണക്കിന് ആരാധകരും അവിടെ തടിച്ചുകൂടി.
സാധാരണഗതിയിൽ ചുവന്ന പാണ്ടകളുടെ ശരാശരി ആയുസ് 12 മുതൽ 17 വർഷം വരെയാണ്. ആ കണക്കുകളെയെല്ലാം കാറ്റിൽപ്പറത്തിയാണ് ഫുത 23-ാം വയസിലും ആരോഗ്യവാനായി തുടരുന്നത്. അമേരിക്കയിലെ സൂമൊണ്ടാനയിലുണ്ടായിരുന്ന 'ടെയ്ലർ' എന്ന ചുവന്ന പാണ്ടയുടെ പേരിലുണ്ടായിരുന്ന 21 വർഷവും 265 ദിവസവും എന്ന റിക്കാർഡാണ് ഫുത പഴങ്കഥയാക്കിയത്.
2003 ജൂലൈ അഞ്ചിന് ഷിസുവോക്ക മുനിസിപ്പൽ നിഹോണ്ടൈറ മൃഗശാലയിലായിരുന്നു ഫുതയുടെ ജനനം. അച്ഛൻ 'ഫുഫു'വിന്റെ പേരിൽ നിന്നാണ് അവന് ഫുത എന്ന പേര് ലഭിച്ചത്. 2004-ൽ ചിബ മൃഗശാലയിലേക്ക് എത്തിയതോടെയാണ് ഫുതയുടെ തലവര മാറുന്നത്.
2005-ലാണ് ഫുതയുടെ ആ പ്രശസ്തമായ 'നിൽപ്പ്' ലോകം കാണുന്നത്. തന്റെ പിൻകാലുകളിൽ ബാലൻസ് ചെയ്ത് നേരെ നിവർന്നുനിൽക്കുന്ന ഫുതയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ജപ്പാനിൽ വൈറലായി.
അവനെ കാണാനായി ചിബ മൃഗശാലയിലേക്ക് സന്ദർശകരുടെ ഒഴുക്കായി. ആരാധകരുടെ എണ്ണം കൂടിയതോടെ, ഒരു പ്രമുഖ പാനീയ കമ്പനിയുടെ പരസ്യചിത്രത്തിൽ വരെ ഫുത അഭിനയിച്ചു.
"അവൻ ഇത്രയധികം ജനപ്രീതി നേടിയതിൽ എനിക്ക് വലിയ അത്ഭുതമുണ്ട്. ഞാൻ അവനെ പരിചരിച്ചിരുന്ന കാലത്തൊന്നും അവന്റെ ആരോഗ്യത്തെക്കുറിച്ച് ഞങ്ങൾക്ക് യാതൊരു ആശങ്കയുമുണ്ടായിരുന്നില്ല. എല്ലാവരുടെയും അളവറ്റ സ്നേഹം അവന് എപ്പോഴും ലഭിച്ചിരുന്നു," 2007 മുതൽ 2019 വരെ ഫുതയെ പരിചരിച്ച മുൻ മൃഗശാല ജീവനക്കാരൻ മസാഹിര ഹമാദ ഓർത്തെടുക്കുന്നു.
പ്രായത്തിന്റേതായ ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഇടയ്ക്കിടെ അലട്ടാറുണ്ടെങ്കിലും ഫുത ഇപ്പോഴും ഉഷാറാണ്. ചൊവ്വാഴ്ച നടന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ മോശം കാലാവസ്ഥ കാരണം സന്ദർശകർക്ക് ഫുതയെ നേരിട്ട് കാണാൻ സാധിച്ചില്ല. തണുപ്പും മഴയുമുള്ളപ്പോൾ വീടിനുള്ളിൽത്തന്നെ ചുരുണ്ടുകൂടി ഇരിക്കാനാണ് ഈ 'മുത്തശ്ശൻ പാണ്ടയ്ക്ക്' ഇഷ്ടം.
എങ്കിലും, ഗിന്നസ് സർട്ടിഫിക്കറ്റിന് മുന്നിൽ പോസ് ചെയ്യുന്ന ഫുതയുടെ ക്യൂട്ട് ചിത്രം മൃഗശാല അധികൃതർ എക്സിലൂടെ പങ്കുവെച്ചു. "അവന് ഇപ്പോൾ നല്ല വിശപ്പുണ്ട്, ആരോഗ്യത്തോടെ ഇരിക്കുന്നു" എന്ന മൃഗശാലയുടെ കുറിപ്പ് ആരാധകർക്കും വലിയ ആശ്വാസമായി.
21 വർഷങ്ങൾക്ക് മുമ്പ് തന്റെ നിൽപ്പുകൊണ്ട് ജപ്പാനെ വിസ്മയിപ്പിച്ച ഫുത, ഇന്ന് പ്രായത്തെ തോൽപ്പിച്ച പോരാട്ടവീര്യത്തിലൂടെ ലോകത്തിന്റെയാകെ സ്നേഹം പിടിച്ചുപറ്റുകയാണ്.
Special News
കലോത്സവ വേദിയിൽ തിരശ്ശീല ഉയരുമ്പോൾ, എല്ലാവരുടെയും കണ്ണ് വേദിയിൽ നിൽക്കുന്ന കുട്ടിയിലേക്ക് ആയിരിക്കും .മുഖത്ത് ചായം പൂശി, കണ്ണെഴുതി, നെറ്റിയിൽ ചന്ദനകുറി തൊട്ട്, ദേവിയെ പോലെ നിൽക്കുന്ന ഒരു കൊച്ചു മിടുക്കി, അല്ലെങ്കിൽ കിരീടം വെച്ച് നിൽക്കുന്ന ഒരു കൊച്ചു മിടുക്കൻ.ആ കുട്ടി ചുവട് വെച്ച് തുടങ്ങുമ്പോൾ സദസ്സ് മുഴുവൻ കയ്യടിക്കും. വിധികർത്താക്കൾ മാർക്ക് എഴുതും. അധ്യാപകർ അഭിമാനത്തോടെ നോക്കി നിൽക്കും. ഒടുവിൽ കുട്ടിക്ക് സമ്മാനം കിട്ടും.പക്ഷെ, മുഖം വരച്ച വിരലുകളെ ആരും കാണാറില്ല.ആ വിരലുകൾ അപ്പോഴും ഗ്രീൻ റൂമിന്റെ ഇരുട്ട് മൂലയിൽ, തറയിൽ തന്നെ ഇരിപ്പുണ്ടാകും.അടുത്ത കുട്ടിയുടെ മുഖത്ത് അടുത്ത സ്വപ്നം വരയ്ക്കാൻ തുടങ്ങിയിട്ടുണ്ടാകും.അയാളാണ് ചമയക്കാരൻ.
കലോത്സവം നടക്കുന്ന സ്കൂളിൽ പുലർച്ചെ നാല് മണിക്ക് ചെന്നാൽ കാണാൻ കഴിയുന്ന ഒരു കാഴ്ചയുണ്ട്.ഗ്രീൻ റൂമായി മാറ്റിയ ക്ലാസ് മുറിയിൽ നിന്ന് ഒരു ചെറിയ വെളിച്ചം കാണാം. കലോത്സവ നഗരി ഉണരും മുൻപേ ,അവിടെ ഒരാൾ ഉണർന്നിരിപ്പുണ്ടാകും.തറയിൽ ഒരു പഴയ തുണി വിരിച്ച്, അതിൽ തന്റെ ലോകം മുഴുവൻ നിരത്തി വെച്ചിരിക്കുന്നു. ചുവപ്പും, മഞ്ഞയും, പച്ചയും, കറുപ്പും നിറങ്ങളിലുള്ള ചായക്കൂട്ടുകൾ. ചെറുതും വലുതുമായ ബ്രഷുകൾ. അതാണ് ഒരു ചമയക്കാരന്റെ ലോകം."രാവിലെ മൂന്ന് മണിക്ക് തുടങ്ങിയതാ. ഇതിനോടകം ആറ് കുട്ടികളെ ഒരുക്കി കഴിഞ്ഞു. ഇനിയും ഇരുപതോളം പേർ ബാക്കി." - ഇതാണ് കലോത്സവ നാളുകളിലെ അവരുടെ പതിവ് വാചകം. കയ്യിലെ ബ്രഷ് ഒട്ടും നിർത്താതെയാണ് ഈ പറച്ചിൽ. ഇതാണ് ആരും കാണാത്ത ആ കലാകാരന്റെ ഒരു ദിവസം.
മുന്നിൽ ഇരിക്കുന്നത് പലപ്പോഴും ഒരു ആറാം ക്ലാസുകാരിയോ,ഏഴാം ക്ലാസുകാരിയോയാ ആയിരിക്കും. ഭരതനാട്യത്തിനുള്ള ചമയമായിരിക്കും. കുട്ടിയുടെ മുഖത്ത് വളരെ ശ്രദ്ധയോടെ അവർ ചായം തൊടും."ഒരു കുട്ടിക്ക് കുറഞ്ഞത് അര മണിക്കൂർ വേണം. കഥകളി ആണെങ്കിൽ ഒന്നര മണിക്കൂർ. അതിനിടയിൽ ചായ കുടിക്കാൻ പോലും സമയം കിട്ടില്ല. ഈ കസേരയിൽ ഇരുന്നാൽ പിന്നെ എഴുന്നേൽക്കുന്നത് വൈകുന്നേരമാണ്." - ഇത് എല്ലാ ചമയക്കാരുടെയും സ്ഥിരം പരാതിയാണ്.പ്രതിഫലത്തിന്റെ കാര്യത്തിലും സ്ഥിതി ഇങ്ങനെ തന്നെ. ഒരു കുട്ടിക്ക് 300 രൂപ മുതൽ 500 രൂപ വരെയാണ് പൊതുവെ ലഭിക്കുന്നത്. ഒരു ദിവസം മുഴുവൻ തറയിൽ ഇരുന്ന്, നടുവ് വേദനിച്ച്, 30 ഓളം കുട്ടികളെ ഒരുക്കിയാൽ കിട്ടുന്ന തുകയിൽ ചായക്കൂട്ട് വാങ്ങാൻ തന്നെ പകുതിയും പോകും. ബാക്കി കൊണ്ടാണ് പലരും കുടുംബം നോക്കുന്നത്.
മുഖംഒരുക്കിയ കുട്ടി സ്റ്റേജിൽ പോയി ഒന്നാം സ്ഥാനം വാങ്ങുമ്പോൾ എന്ത് തോന്നും എന്ന് ചോദിച്ചാൽ, ആ മേഖലയിൽ ഉള്ളവർക്ക് പറയാൻ ഒരേ ഒരു ഉത്തരമേ ഉള്ളൂ.ആദ്യമൊക്കെ വലിയ സന്തോഷമായിരിക്കും. ഓടി ചെന്ന് സ്റ്റേജിന്റെ സൈഡിൽ നിന്ന് നോക്കും. താൻ ഒരുക്കിയ കുട്ടി സമ്മാനം വാങ്ങുന്നത് കാണുമ്പോൾ കണ്ണ് നിറയും.പക്ഷെ പിന്നീട് അത് ഒരു ശീലമായി മാറും. മറക്കപെടാൻ ഉള്ള ശീലം.
കലോത്സവം കഴിയും. എല്ലാവരും സർട്ടിഫിക്കറ്റും ട്രോഫിയുമായി വീട്ടിലേക്ക് പോകും. സ്കൂൾ ഗ്രൗണ്ട് ശൂന്യമാകും.ഗ്രീൻ റൂമിൽ ബാക്കിയാവുന്നത് തറയിൽ വീണ് കിടക്കുന്ന കുറച്ച് ചുവന്ന പൊട്ടുകളും, ചിതറിയ ചായക്കൂട്ടുകളും, തനിച്ച് ബാഗ് പാക്ക് ചെയ്യുന്ന ചമയക്കാരനും മാത്രമായിരിക്കും.അയാൾക്ക് ഒരു സർട്ടിഫിക്കറ്റ് ഇല്ല. ഒരു മെഡൽ ഇല്ല. പത്രത്തിൽ ഫോട്ടോ വരില്ല.പക്ഷെ അന്ന് വേദിയിൽ തിളങ്ങിയ ഓരോ കണ്ണിലും, ആ കണ്ണിലെ ഓരോ തിളക്കത്തിലും, ആ ചുണ്ടിലെ ഓരോ ചിരിയിലും, ആരും കാണാത്ത കലാകാരന്റെ വിരലടയാളം ഉണ്ടായിരിക്കും.സമ്മാനം വാങ്ങാത്ത കലാകാരനാണ് യഥാർത്ഥത്തിൽ ആ സ്റ്റേജിലെ ഏറ്റവും വലിയ കലാകാരൻ.
Special News
വിദേശയാത്രകൾ എളുപ്പമാക്കുക എന്നത് മാത്രമാണോ ഒരു പാസ്പോർട്ടിന്റെ ലക്ഷ്യം? അല്ലെന്നാണ് 'ഗ്ലോബൽ സിറ്റിസൺ സൊല്യൂഷൻസ്' പുറത്തിറക്കിയ 2026-ലെ ഹാപ്പി പാസ്പോർട്ട് സൂചിക നൽകുന്ന ഉത്തരം. വിസ രഹിത യാത്രകൾക്ക് പുറമെ, സ്വന്തം രാജ്യത്തെ ജനങ്ങളുടെ സന്തോഷം, ആരോഗ്യം, സ്വാതന്ത്ര്യം എന്നിവ കൂടി കണക്കിലെടുത്ത് തയ്യാറാക്കിയ പുതിയ റാങ്കിംഗിൽ നോർഡിക് രാജ്യങ്ങൾ തന്നെയാണ് മുൻനിരയിൽ ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിൽ ഫിൻലൻഡ് ഒന്നാം സ്ഥാനത്തും.
യാത്രാ സൗകര്യങ്ങൾക്ക് അപ്പുറം ആളുകൾ സ്വന്തം രാജ്യത്ത് എത്രത്തോളം സന്തോഷത്തോടെയും ആരോഗ്യത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കുന്നു എന്നാണ് ഈ സൂചിക പരിശോധിക്കുന്നത്. സമ്പന്ന രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം, ജീവിതത്തിലെ സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യമാണ് പാസ്പോർട്ടിന്റെ കരുത്തിനേക്കാളോ പണത്തേക്കാളോ ഉപരിയായി ജനങ്ങളുടെ സന്തോഷവുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് എവിടെയെങ്കിലും ജീവിക്കാനോ ജോലി ചെയ്യാനോ ഉള്ള തെരഞ്ഞെടുപ്പുകൾക്കുള്ള അവസരമായാണ് പാസ്പോർട്ടിനെ ഇതിൽ കാണുന്നത്.
സൂചികയിലെ ആദ്യ നാല് സ്ഥാനങ്ങളും നോർഡിക് രാജ്യങ്ങൾ തൂത്തുവാരി. 93.2 പോയിന്റോടെ ഫിൻലൻഡ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ, 92.4 പോയിന്റുമായി ഐസ്ലൻഡ് രണ്ടാമതും, 92.1 പോയിന്റുമായി ഡെൻമാർക്ക് മൂന്നാമതും, 89.3 പോയിന്റുമായി നോർവേ നാലാം സ്ഥാനത്തുമെത്തി. ആദ്യ പത്തിൽ ഇടംനേടിയവരിൽ എട്ടു രാജ്യങ്ങളും യൂറോപ്പിൽ നിന്നുള്ളവയാണ്. യൂറോപ്പിന് പുറത്തുനിന്ന് ന്യൂസിലൻഡും സിംഗപ്പൂരുമാണ് ഈ പട്ടികയിൽ ഇടംപിടിച്ച മറ്റ് രണ്ട് രാജ്യങ്ങൾ.
അന്താരാഷ്ട്ര യാത്രാ പ്രവേശനക്ഷമത മാത്രം അളക്കുന്ന സാധാരണ പാസ്പോർട്ട് റാങ്കിംഗുകളിൽ നിന്ന് വ്യത്യസ്തമായി ഈ സൂചിക വളരെ വിശാലമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ആറ് മേഖലകളിലായി 50 രാജ്യങ്ങളെയാണ് ഇതിനായി വിലയിരുത്തിയത്. താഴെ പറയുന്ന നാല് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് തയ്യാറാക്കിയത്.
1. ക്ഷേമം: ജനങ്ങൾ അവരുടെ ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു എന്നത്.
2. സ്വദേശത്തെ സ്വാതന്ത്ര്യം: ആസ്വദിക്കുന്ന പൗരസ്വാതന്ത്ര്യവും വ്യക്തിഗത തെരഞ്ഞെടുപ്പുകളും.
3. യാത്രാസ്വാതന്ത്ര്യം: പാസ്പോർട്ട് ഉപയോഗിച്ച് പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം.
4. സമ്പദ്വ്യവസ്ഥ, ആരോഗ്യം, സുരക്ഷ : വരുമാനം, ആരോഗ്യകരമായ ആയുർദൈർഘ്യം, സമാധാനം എന്നിവ.
ഈ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ രാജ്യത്തിനും 100-ൽ ആണ് സ്കോർ നൽകിയത്. സിംഗപ്പൂരിന് ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ഒന്നുള്ളതുകൊണ്ട് യാത്രാസ്വാതന്ത്ര്യത്തിൽ ഒന്നാം സ്ഥാനത്താണെങ്കിലും, ജനങ്ങളുടെ ക്ഷേമത്തിലും ആഭ്യന്തര സ്വാതന്ത്ര്യത്തിലും താരതമ്യേന കുറഞ്ഞ സ്കോർ ലഭിച്ചതിനാൽ മൊത്തത്തിലുള്ള പട്ടികയിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അതേസമയം, പാസ്പോർട്ട് അത്ര ശക്തമല്ലെങ്കിലും ജീവിത നിലവാരത്തിലും ആഭ്യന്തര സ്വാതന്ത്ര്യത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച കോസ്റ്ററിക്ക മൊത്തത്തിലുള്ള റാങ്കിംഗിൽ 13-ാം സ്ഥാനത്തെത്തി. ഈ സൂചികയിൽ വിലയിരുത്തിയ 50 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല.
Special News
ഒരു ദ്വീപിലേക്ക് കാലെടുത്തുവയ്ക്കുന്നു,ചുറ്റും മരങ്ങൾ, പച്ചപ്പ്, പ്രകൃതിഭംഗി. പക്ഷേ ആ മരങ്ങളിലൊന്നിൽ നിങ്ങളെ കാത്തിരിക്കുന്നത് ആയിരക്കണക്കിന് വിഷപാമ്പുകൾ ആണെങ്കിലോ? ബ്രസീലിലെ സാവോ പോളോ തീരത്തുനിന്ന് ഏകദേശം 150 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപ്. പേര് ഇലാ ക്വിമാഡ ഗ്രാൻഡെ. ഈ പേരിനേക്കാൾ ലോകം ഈ ദ്വീപിനെ വിളിക്കുന്നത് 'സ്നേക്ക് ഐലൻഡ്' എന്നാണ്. അതായത് പാമ്പുകളുടെ ദ്വീപ്.
43 ഹെക്ടർ വിസ്തൃതിയുള്ള ഈ ഇവിടെ രണ്ടായിരം മുതൽ നാലായിരം വരെ വിഷപാമ്പുകളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇവിടെ മനുഷ്യനെക്കാൾ കൂടുതൽ ഭയപ്പെടേണ്ടത് ഓരോ മരച്ചില്ലയെയും ഇലകൾക്കിടയിലെ ഓരോ അനക്കത്തെയുമാണ്. ഏറ്റവും വലിയ ഭീഷണി ഗോൾഡൻ ലാൻസ്ഹെഡ് അഥവാ സ്വർണത്തലയൻമാർ എന്നറിയപ്പെടുന്ന വിഷപാമ്പുകളെയാണ്. അത്യധികം അപകടകാരിയാണ് ഇവയുടെ വിഷം. കടിയേറ്റാലുടൻ ഗുരുതരമായ ആന്തരിക രക്തസ്രാവവും കോശനാശവും സംഭവിക്കാം.
ദ്വീപുമായി ബന്ധപ്പെട്ട് നിരവധികഥകള് ബ്രസീലില് പ്രചരിക്കുന്നുണ്ട്. ഏറ്റവും ഭീതിപ്പെടുത്തുന്ന കഥ അവസാനമായി നിയമിക്കപ്പെട്ട ലൈറ്റ് ഹൗസ് ജീവനക്കാരനെയും കുടുംബത്തെയും കുറിച്ചാണ്. ജീവനക്കാരനും ഭാര്യയും അഞ്ചുവയസുകാരനായ മകനുമടങ്ങുന്ന കുടുംബം പാമ്പുകടിയേറ്റ് മരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്.ഇതോടെ ദ്വീപിൽ സ്ഥിരമായി ജീവനക്കാരെ നിയമിക്കുന്നതും അവസാനിച്ചു.
ഇന്ന് പക്ഷേ ഇവിടേക്ക് ആർക്കും തോന്നിയതുപോലെ പോകാൻ സാധിക്കില്ല.ഗവേഷണത്തിനോ ലൈറ്റ് ഹൗസിന്റെ അറ്റകുറ്റപ്പണികൾക്കോ ദ്വീപിലേക്ക് എത്തുന്നവർക്ക് പോലും പ്രത്യേക അനുമതി ആവശ്യമാണ്. നാവികസേനയുടെ സഹായത്തോടെയും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോടെയുമാണ് പ്രവേശനം.പാമ്പുകടിയേറ്റാൽ ഉപയോഗിക്കാനുള്ള പ്രതിവിഷവും ഉൾപ്പെടെയുള്ള മുൻകരുതലുകൾ ഇവർ സ്വീകരിക്കും.
ഒരിക്കൽ മനുഷ്യർക്ക് പേടിസ്വപ്നമായിരുന്ന ദ്വീപ് ഇന്ന് ലോകത്തിലെ ഏറ്റവും അപൂർവമായ ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നാണ്. മനുഷ്യർക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്ന ഇവിടെ ആയിരക്കണക്കിന് പാമ്പുകൾ ഇന്നും ജീവിക്കുന്നു.പക്ഷേ ഒരു ചോദ്യം...നിങ്ങൾക്ക് ഒരവസരം ലഭിച്ചാൽ, ഈ പാമ്പുകളുടെ ദ്വീപിലേക്ക് പോകാൻ ധൈര്യമുണ്ടാകുമോ? അതോ... ദൂരെ നിന്ന് കണ്ടാൽ മതിയെന്ന് തീരുമാനിക്കുമോ?
Special News
ഒരു കാലത്ത് മലയാളികൾ നഴ്സിംഗ് കഴിഞ്ഞിറങ്ങിയാൽ നേരെ പോകുന്നത് ലണ്ടനിലേക്കായിരുന്നു. മലയാളി നഴ്സില്ലാത്ത ഒരു ആശുപത്രി പോലും യു.കെ.യിൽ ഉണ്ടായിരുന്നില്ല. എന്നാൽ 2026 നവംബറിലെ കണക്കുകൾ പറയുന്നത് ആ കഥ മാറുകയാണെന്നാണ്.
നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (NMC) യുടെ കണക്ക് പ്രകാരം 2024 ൽ 24,000 ഇന്ത്യൻ നഴ്സുമാർ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2026 ൽ അത് 11,000 ആയി കുറഞ്ഞു.
സ്കിൽഡ് വർക്കർ വിസയ്ക്ക് 38,700 പൗണ്ട് (ഏകദേശം 41 ലക്ഷം രൂപ) വാർഷിക ശമ്പളം വേണം. പല ചെറിയ കെയർ ഹോമുകൾക്കും ഇത് താങ്ങാൻ പറ്റുന്നില്ല.
ഫാമിലി വിസ തടസ്സം: നേരത്തെ ഒരു നഴ്സ് പോയാൽ ഭർത്താവിനെയും കുട്ടികളെയും കൂടെ കൊണ്ടുപോകാമായിരുന്നു. ഇപ്പോൾ അതിന് കടുത്ത നിയന്ത്രണമുണ്ട്. യു.കെ.യിൽ തന്നെ ആള് കൂടി,അതോടൊപ്പം അവിടെ തന്നെ നഴ്സിംഗ് പഠിക്കുന്നവരുടെ എണ്ണം കൂടിയതിനാൽ NHS വിദേശ റിക്രൂട്ട്മെന്റ് കുറച്ചു.
പുതിയ പ്രതീക്ഷകൾ
യു.കെ.യിൽ നിയന്ത്രണം കടുത്തതോടെ മലയാളി നഴ്സുമാരുടെ ശ്രദ്ധ മറ്റ് രാജ്യങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
ജർമ്മനി
ഇപ്പോഴത്തെ സൂപ്പർ സ്റ്റാർജർമ്മനിയാണ് , ഏറ്റവും കൂടുതൽ അവസരമുള്ള രാജ്യം. GNM, BSc യോഗ്യതയുള്ളവർക്ക് ഒരുപോലെ അവസരമുണ്ട്. 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.NORKA ROOTS ന്റെ Triple Win പദ്ധതി വഴി സർക്കാർ മുഖേന നേരിട്ട് പോകാൻ കഴിയും. ഏജന്റിന് പണം നൽകേണ്ടതില്ല.ജർമ്മൻ ഭാഷയിൽ B1/B2 ലെവൽ ആണ് പ്രധാന യോഗ്യത. എട്ട് മാസം കൊണ്ട് ഭാഷ പഠിക്കാൻ കഴിയും. പഠന കാലയളവിൽ 2,500 യൂറോ വരെ സ്റ്റൈപെൻഡ് ലഭിക്കും. തുടക്ക ശമ്പളം മാസം 2,800 മുതൽ 3,200 യൂറോ വരെ, ഏകദേശം 2.5 ലക്ഷം മുതൽ 2.9 ലക്ഷം രൂപ വരെ.
കാനഡ
കുടുംബത്തോടൊപ്പം സെറ്റിൽ ആകാൻ ,കുടുംബമായി സ്ഥിരതാമസത്തിന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യം കാനഡയാണ്. PR ലഭിച്ചാൽ ജീവിതകാലം മുഴുവൻ അവിടെ താമസിക്കാം. കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കും.NCLEX-RN പരീക്ഷയാണ് പ്രധാന കടമ്പ. മാസ ശമ്പളം 4,500 മുതൽ 5,500 കനേഡിയൻ ഡോളർ വരെ ലഭിക്കും.
ഓസ്ട്രേലിയ
ഉയർന്ന ശമ്പളം ലക്ഷ്യമിടുന്നവർക്ക് ഓസ്ട്രേലിയയാണ് മികച്ചത്. ലോകത്ത് നഴ്സുമാർക്ക് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന രാജ്യങ്ങളിൽ ഒന്നാണിത്.OETയിൽ B ഗ്രേഡും മൂന്ന്മാസത്തെ ബ്രിഡ്ജിംഗ് കോഴ്സും പൂർത്തിയാക്കണം. മാസം 6,500 മുതൽ 7,500 ഓസ്ട്രേലിയൻ ഡോളർ വരെ, അതായത് മൂന്നര ലക്ഷത്തിന് മുകളിൽ ശമ്പളം ലഭിക്കും.
ഇപ്പോൾ പഠിക്കുന്ന കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
തട്ടിപ്പിൽ വീഴരുത്:
"100% വിസ ഗ്യാരണ്ടി" എന്ന് പറയുന്ന ഒരു ഏജന്റിനെയും വിശ്വസിക്കരുത്. വിസ ഗ്യാരണ്ടി ആർക്കും കൊടുക്കാൻ പറ്റില്ല.
പൈസ കൊടുക്കരുത്:
ജോലി ഓഫർ ലെറ്റർ, കരാർ എന്നിവ കൈയിൽ കിട്ടാതെ ഒരു രൂപ പോലും കൊടുക്കരുത്.
ഭാഷ ഇപ്പോഴേ പഠിക്കൂ:
ഫൈനൽ ഇയർ ആകുമ്പോഴേക്കും ജർമ്മൻ A2 വരെ പഠിച്ചാൽ നിങ്ങൾ ഒരു വർഷം മുന്നിലാണ്.
NORKA യെ സമീപിക്കൂ:
വിദേശ ജോലിക്ക് ആദ്യം പോകേണ്ടത് പട്ടത്തെ NORKA Roots ഓഫീസിലാണ്, അല്ലാതെ ഏജന്റിന്റെ ഓഫീസിലല്ല.
യുകെയുടെ വാതിൽ അടഞ്ഞിട്ടില്ല, അൽപ്പം ഇറുക്കി അടച്ചു എന്ന് മാത്രം. പക്ഷെ ലോകം മുഴുവൻ നിങ്ങൾക്കായി തുറന്നു കിടക്കുകയാണ്. അതിനേക്കാൾ വലിയ, കൂടുതൽ സുരക്ഷിതമായ വാതിലുകൾ ജർമ്മനിയിലും കാനഡയിലും നിങ്ങൾക്കായി തുറന്നു കിടക്കുന്നു. നല്ല മാർക്കോടെ പഠിച്ച്, കൃത്യമായ വഴിയിലൂടെ പോയാൽ നിങ്ങളുടെ വിദേശ സ്വപ്നം ഇനിയും സുരക്ഷിതമാണ്.
Special News
കണ്ണീരോർമ്മയ്ക്ക് മുന്നിൽ നെയ്യൊഴിച്ച്, മകൾ ഭദ്രകീർത്തി ചുടുന്ന ദോശയ്ക്ക് അച്ഛന്റെ മണമാണ്. ഒരു ദോശയ്ക്ക് വിശപ്പ് മാത്രമല്ല, ചിലപ്പോൾ ഒരു ഓർമ്മയുടെ രുചി കൂടിയുണ്ട്. കൊച്ചി സൗത്ത് ചിറ്റൂർകാർക്ക് ബാലേട്ടന്റെ ദോശ അങ്ങനെയായിരുന്നു.
വർഷങ്ങളായി ആ ചെറിയ കടയിൽ നിന്ന് പരന്നിരുന്ന ദോശയുടെ മണത്തിൽ ആ നാടിന്റെ വിശപ്പ് മാത്രമല്ല, ഒരു മനുഷ്യന്റെ സ്നേഹവും ഉണ്ടായിരുന്നു.ആ ബാലേട്ടൻ യാത്രയായി. അടുപ്പ് തണുത്തു. കടയുടെ മുന്നിലെ തിരക്കൊഴിഞ്ഞു. എല്ലാവരും കരുതി ആ രുചിയും ആ കഥയും അവസാനിച്ചു എന്ന്.
പക്ഷെ, കഥ അവിടെ തീർന്നില്ല.അച്ഛൻ തുടങ്ങിവെച്ച വഴിയിൽ നിന്ന് തന്നെ മകൾ ഒരു പുതിയ തുടക്കം കുറിച്ചിരിക്കുകയാണ്. മകൾ ഭദ്രകീർത്തി.ഇന്നലെ രാവിലെ സൗത്ത് ചിറ്റൂരിൽ 'ബാലേട്ടൻ ദോശക്കട' വീണ്ടും തുറന്നപ്പോൾ, കടയുടെ ഉള്ളിൽ ഒരു ചെറിയ മാറ്റമുണ്ടായിരുന്നു. ഒരിടത്ത്, മാലയിട്ട്, ചിരിച്ചുകൊണ്ട് നിൽക്കുന്ന അച്ഛന്റെ ഒരു ഫോട്ടോ. അതിന് മുന്നിൽ കത്തുന്ന ഒരു ചെറിയ നിലവിളക്ക്.അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിൽ തന്നെ, അച്ഛൻ പഠിപ്പിച്ച അതേ പാകത്തിന് ദോശ ചുട്ട് മകൾ നിൽക്കുന്നു. കൈയിൽ തവി, മുഖത്ത് അച്ഛന്റെ സ്വപ്നം നിറവേറ്റിയതിന്റെ ചെറിയ പുഞ്ചിരി."അച്ഛന്റെ സ്വപ്നം മകൾ വീണ്ടും ഏറ്റെടുക്കുന്നു" എന്ന് സോഷ്യൽ മീഡിയയിൽ വാർത്ത പരന്നതോടെ ആളുകൾ ഓടിയെത്തുകയാണ്.
ഒരു ദോശ കഴിക്കാൻ മാത്രമല്ല, ആ മകളുടെ ധൈര്യത്തിന് ഒരു കൈയടി കൊടുക്കാൻ കൂടി.ഇത് വെറുമൊരു കട തുറക്കൽ അല്ല. ഒരു മകൾ അച്ഛന് നൽകുന്ന ഏറ്റവും വലിയ പ്രണാമമാണ്. അടുപ്പിലെ തീ അണയാതെ കാത്തുസൂക്ഷിക്കുന്നതിലൂടെ, അവൾ അച്ഛന്റെ ഓർമ്മകളെയും ജീവിപ്പിച്ചു നിർത്തുന്നു.സൗത്ത് ചിറ്റൂരിൽ ഇന്ന് ദോശയ്ക്ക് തിരക്കാണ്. ആ തിരക്കിൽ, ബാലേട്ടന്റെ ദോശയ്ക്ക് പഴയ അതേ രുചി തന്നെയാണെന്ന് നാട്ടുകാർ പറയുന്നു. കാരണം, അതിൽ ഇപ്പോഴും ബാലേട്ടന്റെ സ്നേഹമുണ്ട്, മകളുടെ കണ്ണീരിന്റെ ഉപ്പുമുണ്ട്.
സ്ഥലം: ബാലേട്ടൻ ദോശക്കട, സൗത്ത് ചിറ്റൂർ, കൊച്ചി.ഒരു ദോശയുടെ രുചി അറിയാൻ മാത്രമല്ല, ഒരു മകളുടെ പോരാട്ടം കാണാനും നിങ്ങൾ അവിടെ വരെ ഒന്ന് പോകണം.
Special News
നമ്മുടെ നാട്ടിൽ കേട്ടുകേൾവിയില്ലാത്ത പല ജീവിതരീതികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നിലനിൽക്കുന്നുണ്ട്. ആചാരങ്ങളും വിശ്വാസങ്ങളും ഭക്ഷണരീതികളും ജീവിതസാഹചര്യങ്ങളുമെല്ലാം ഓരോ ജനവിഭാഗത്തെയും വ്യത്യസ്തരാക്കുന്നു. അത്തരത്തിൽ ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന ഒരു ഗോത്രവിഭാഗമാണ് ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിലെ മുണ്ടാരി ഗോത്രം.
അവരുടെ ജീവിതരീതികൾ അടുത്തറിയുന്നതിനനും മനസിലാക്കുന്നതിനുമായി മലയാളി ട്രാവൽ വ്ലോഗർ അരുണിമയും അവരുടെ അടുത്തേക്ക് പോയി. അവിടെ നിന്നും അരുണിമ പങ്കുവച്ച വീഡിയോയിൽ പശുവിന്റെ മൂത്രം ഉപയോഗിച്ച് തലകഴുകുന്ന ദൃശ്യങ്ങളും ഉൾപ്പെട്ടിരുന്നു. വീഡിയോ വൈറലായതോടെ മുണ്ടാരി ഗോത്രത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷയിലാണ് സമൂഹമാധ്യമ ഉപയോക്താക്കൾ.
ആരാണ് മുണ്ടാരി ഗോത്രക്കാർ?
പശുക്കളെ ജീവനുതുല്യം സ്നേഹിക്കുന്നവർ, കന്നുകാലികൾക്കൊപ്പം ജീവിതം പങ്കിടുന്നവർ, പശുവിന്റെ മൂത്രം പോലും പരമ്പരാഗത ശുചിത്വ-പരിചരണ രീതികളുടെ ഭാഗമായി ഉപയോഗിക്കുന്നവർ.
പശുവിന്റെ മൂത്രം ഉപയോഗിച്ച് മുടിയും തലയും കഴുകുന്ന രീതി ഇവരുടെ അമ്പരപ്പിക്കുന്ന ആചാരങ്ങളിലൊന്നാണ്. ഇത് കേൾക്കുമ്പോൾ പലർക്കും അമർഷവും വെറുപ്പുമൊക്കെ തോന്നുമെങ്കിലും അവർ ഇതിനെ പവിത്രമായ ഒന്നായാണ് കരുതുന്നത്. പശുവിന്റെ മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ മുടിയുടെ നിറത്തിൽ മാറ്റമുണ്ടാക്കുകയും ഓറഞ്ച് കലർന്ന മഞ്ഞനിറം നൽകുകയും ചെയ്യുന്നു എന്നാണ് ഇവർ വിശ്വസിക്കുന്നത്.
ഭക്ഷണ രീതി
പശുവിൻപാലാണ് പ്രധാന ഭക്ഷണവിഭവം. ചില അവസരങ്ങളിൽ പശുവിന്റെ കഴുത്തിൽനിന്ന് ശേഖരിക്കുന്ന രക്തം പാകംചെയ്തും ഇവർ ഭക്ഷിക്കാറുണ്ട്. കന്നുകാലികളെ വളർത്തുന്നതിനു പുറമേ കൃഷിയും മത്സ്യബന്ധനവും ഇവരുടെ ഉപജീവന മാർഗങ്ങളാണ്.
മുണ്ടാരി ഗോത്രത്തിന് ഇന്ത്യയിലെ മുണ്ട ഗോത്രവുമായുള്ള ബന്ധം?
പേരുകൾ ഏകദേശം സാമ്യമുണ്ടെങ്കിലും ഇവ രണ്ടും വ്യത്യസ്ത ജനവിഭാഗങ്ങളാണ്. കേൾക്കുമ്പോൾ പലർക്കും ഇന്ത്യയിലെ മുണ്ട ഗോത്രവിഭാഗത്തെക്കുറിച്ച് സംശയമുണ്ടാകാം. എന്നാൽ പേരിലെ സാമ്യം മാത്രമാണ് ഇവയെ ബന്ധിപ്പിക്കുന്നത്. ദക്ഷിണ സുഡാനിലെ മുണ്ടാരി ജനതയും ഇന്ത്യയിലെ മുണ്ട (Munda) ആദിവാസി വിഭാഗവും വ്യത്യസ്ത ജനവിഭാഗങ്ങളാണ്. ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ പ്രദേശങ്ങളിലാണ് മുണ്ട ജനവിഭാഗങ്ങൾ കാണപ്പെടുന്നത്. മുണ്ടാരി ജനത നൈലോട്ടിക് ജനവിഭാഗങ്ങളുടെ ഭാഗമാണ്.
Special News
സ്നേഹം കൊണ്ട് നിങ്ങൾ നീട്ടുന്ന ആ താക്കോൽ, നിങ്ങളുടെ മക്കളുടെ ഭാവി ഇല്ലാതാക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? എങ്കിൽ വിശ്വസിച്ചേ മതിയാവൂ!
പണ്ട് കാലത്ത് സൈക്കിൾ ചവിട്ടാൻ പോലും 18 വയസ് കഴിയണം എന്ന് പറഞ്ഞിരുന്ന അച്ഛനമ്മമാർ... ഇന്ന് 15 വയസ്സുള്ള മകന് ഒന്നര ലക്ഷത്തിന്റ ബൈക്ക് വാങ്ങി കൊടുക്കുന്നു! സ്നേഹം കൂടിയതോ, അതോ അപകടം അറിയാത്തതോ?
സ്കൂൾ വിടുന്ന സമയത്ത് നമ്മുടെ നാട്ടിലെ റോഡുകളിലൂടെ ഒന്നിറങ്ങി നോക്കൂ. യൂണിഫോം ഇട്ട്, ബാഗ് തൂക്കി, കൂറ്റൻ ബൈക്കുകളിൽ ചീറിപ്പായുന്ന കുട്ടികൾ. കാണുമ്പോൾ നമുക്ക് പേടി തോന്നും. പക്ഷേ ആ കുട്ടിയുടെ അച്ഛനമ്മമാർക്ക് തോന്നുന്നത്, "എന്റെ മോൻ ഹീറോ ആണ്" എന്നായിരിക്കും.ആ ഹീറോയിസത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന മൂന്ന് വലിയ ആപത്തുകൾ കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ട്.
പോലീസ് ഇതുവരെ 6,237 വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ നിയമം ലംഘിച്ച 59 പേർക്കെതിരെ കേസെടുത്തു.ഇത് കേരളം മുഴുവൻ നടക്കുന്ന തീവ്ര പരിശോധനയാണ്.ആ മൂന്ന് കാര്യങ്ങൾ എന്തെന്ന് വിശദമായി അറിയാം.
1. വണ്ടി പിടിച്ചെടുക്കും, RC ഒരു വർഷത്തേക്ക് ക്യാൻസൽ ആകും!
18 വയസ്സ് തികയാത്ത കുട്ടി വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് രണ്ടാമതൊന്ന് ആലോചിക്കില്ല. വണ്ടി അവിടെ വെച്ച് തന്നെ കസ്റ്റഡിയിലെടുക്കും. പിന്നെ ആ വണ്ടി വിട്ടുകിട്ടാൻ കോടതിയും RTO ഓഫീസും കയറി ഇറങ്ങേണ്ടി വരും.അതുകൊണ്ട് തീരുന്നില്ല. ആ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യും. അതായത് ഒരു വർഷം ആ വണ്ടി പുറത്തിറങ്ങില്ല. വെറുതെ വീട്ടിൽ കിടന്ന് തുരുമ്പെടുക്കും.
2. പിടിക്കപ്പെടുന്നത് കുട്ടിയല്ല, അച്ഛനും അമ്മയും - ജയിലും പിഴയും!
ഇവിടെയാണ് പലരും തെറ്റിദ്ധരിക്കുന്നത്. കേസ് കുട്ടിയുടെ പേരിലല്ല, വണ്ടി കുട്ടിക്ക് ഓടിക്കാൻ കൊടുത്ത ഉടമയുടെ പേരിലാണ് എടുക്കുക. അത് അച്ഛനായാലും അമ്മയായാലും മാമനായാലും സുഹൃത്തായാലും.നിങ്ങൾക്കെതിരെ രണ്ട് വലിയ നിയമങ്ങൾ പ്രകാരം കേസെടുക്കും - മോട്ടോർ വാഹന നിയമവും, ജുവനൈൽ ജസ്റ്റിസ് നിയമവും.
25,000 രൂപ പിഴയും മൂന്നു വർഷം വരെ തടവും. ഇത് വെറും ഗതാഗത നിയമലംഘനമല്ല, ജാമ്യം പോലും കിട്ടാൻ പ്രയാസമുള്ള ക്രിമിനൽ കേസാണ്. ഭാവി ജോലിയെയും വിദേശ യാത്രയെയും വരെ ഇത് ബാധിക്കും.
3. ഡ്രൈവിംഗ് സ്വപ്നം, ജോലി സ്വപ്നം എല്ലാം തകിടം മറിയും!
ഇതാണ് ഏറ്റവും വേദനിപ്പിക്കുന്ന കാര്യം. പിടിക്കപ്പെടുന്ന കുട്ടിയുടെ വിവരങ്ങൾ RTO ബ്ലാക്ക് ലിസ്റ്റിൽ കയറും. പിന്നെ അവന് 25 വയസ്സ് തികയുന്നത് വരെ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ പോലും കഴിയില്ല.അതായത്, 18 വയസ്സിൽ ലൈസൻസ് കിട്ടേണ്ടവന് ഏഴ് വർഷം നഷ്ടം. കൂട്ടുകാർ ഡ്രൈവിംഗ് ലൈസൻസ് എടുത്ത് ജോലിക്ക് പോകുമ്പോൾ, നിസ്സഹായനായി നോക്കി നിൽക്കേണ്ടി വരും.
ഇത് വെറും നിയമമല്ല - നിങ്ങളുടെ കുട്ടിയുടെ ഭാവി കൂടിയാണ്!
ഒരു താക്കോൽ കൊടുക്കുന്നതിന് മുൻപ് ഒന്നുകൂടി ആലോചിക്കൂ. സ്നേഹം കൊണ്ട് വണ്ടി കൊടുക്കരുത്, ബോധം കൊണ്ട് അതിൽ നിന്ന് നിങ്ങളുടെ കുട്ടികളെ തടയാൻ നോക്കണം.പ്രായപൂർത്തിയാകാത്ത മക്കൾ വണ്ടി ചോദിക്കുമ്പോൾ 'ഇപ്പോൾ വേണ്ട മോനെ' എന്ന വാക്ക്, ഒരു വലിയ അപകടത്തിൽ നിന്നും, നിങ്ങളുടെ കുടുംബത്തിന്റെ കണ്ണുനീരിൽ നിന്നും നിങ്ങളെ രക്ഷിക്കും.
Special News
വിദ്യാഭ്യാസവും ശാസ്ത്രവും സംസ്കാരവും വഴി ലോകരാഷ്ട്രങ്ങൾക്കിടയിൽ സമാധാനവും സഹകരണവും വളർത്തുന്ന ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ യുനെസ്കോ ഇന്ന് അതിന്റെ 81-ാം സ്ഥാപക വാർഷികം ആഘോഷിക്കുന്നു. 1945 നവംബർ 16-നാണ് സമാധാനത്തിന്റെയും പുരോഗതിയുടെയും ഈ അന്താരാഷ്ട്ര കൂട്ടായ്മ നിലവിൽ വന്നത്. ഫ്രാൻസിലെ പാരീസിലാണ് ഇതിന്റെ ആസ്ഥാനം പ്രവർത്തിക്കുന്നത്.
ഈ ദിവസത്തിന്റെ പ്രാധാന്യം ഇരട്ടിയാക്കിക്കൊണ്ട് ലോകമെമ്പാടും അന്താരാഷ്ട്ര സഹിഷ്ണുതാ ദിനവും ഇന്ന് ആചരിക്കുന്നു. 1995 നവംബർ 16-നാണ് യുനെസ്കോ അംഗരാജ്യങ്ങൾ 'സഹിഷ്ണുതാ തത്വങ്ങളുടെ പ്രഖ്യാപനം' അംഗീകരിച്ചത്. സാംസ്കാരിക വൈവിധ്യങ്ങളെ മാനിക്കാനും, വർഗീയതയും അസഹിഷ്ണുതയും ഒഴിവാക്കി പരസ്പര സ്നേഹത്തോടെ സഹവർത്തിക്കാനുമുള്ള സന്ദേശമാണ് ഈ ദിനം ലോകത്തിന് നൽകുന്നത്.
ലോക സാംസ്കാരിക-പ്രകൃതി പൈതൃകങ്ങളുടെ സംരക്ഷണത്തിൽ യുനെസ്കോയുമായി ഇന്ത്യയ്ക്കുള്ള ബന്ധം ഏറെ നിർണായകമാണ്. നിലവിൽ ഇന്ത്യയിൽ ആകെ 45 യുനെസ്കോ ലോക പൈതൃക ഇടങ്ങളാണ് ഉള്ളത്. ഇതിൽ 37 സാംസ്കാരിക ഇടങ്ങളും, ഏഴ് പ്രകൃതിദത്ത ഇടങ്ങളും ഒരു മിശ്രിത പൈതൃക ഇടവും ഉൾപ്പെടുന്നു.
മുഗൾ വാസ്തുവിദ്യയുടെ പ്രൗഢി വിളിച്ചോതുന്ന താജ് മഹൽ, വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രം ഉറങ്ങുന്ന ഹംപി, പുരാതന ശില്പകലയുടെ വിസ്മയമായ അജന്ത - എല്ലൂര ഗുഹകൾ, ഫത്തേപൂർ സിക്രി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ജൈവവൈവിധ്യത്തിന്റെ കലവറയായ പശ്ചിമഘട്ടം, ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ആവാസകേന്ദ്രമായ ആസമിലെ കാസിരംഗ ദേശീയോദ്യാനം, റോയൽ ബെംഗാൾ കടുവകൾ വസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാടായ സുന്ദർബൻസ് എന്നിവ ഇന്ത്യയുടെ പ്രകൃതിദത്ത അഭിമാനമാണ്.
പ്രകൃതി സൗന്ദര്യത്തോടൊപ്പം തദ്ദേശീയരുടെ സാംസ്കാരിക പാരമ്പര്യവും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന ഇന്ത്യയിലെ ഏക മിശ്രിത പൈതൃക കേന്ദ്രമാണ് സിക്കിമിലെ കാങ്ചെഞ്ചോങ്ഗ ദേശീയോദ്യാനം.
സമാധാനത്തിന്റെയും സാംസ്കാരിക വൈവിധ്യ സംരക്ഷണത്തിന്റെയും പാതയിൽ ലോകത്തിന് പുതിയ വെളിച്ചം പകരുന്ന യുനെസ്കോയുടെ ഈ വാർഷിക ദിനം, നമ്മുടെ ചരിത്ര സ്മാരകങ്ങളെ അടുത്തറിയാനും അവയെ ഭാവി തലമുറയ്ക്കായി സംരക്ഷിക്കാനുമുള്ള പ്രതിജ്ഞ പുതുക്കാനുള്ള അവസരമാണ്.
Special News
നിങ്ങളുടെ ഫോണിലേക്ക് ഒരു കോൾ വന്നാൽ, അത് ആരാണെന്ന് അറിയാൻ നമ്പർ നോക്കും. ചിലപ്പോൾ ട്രൂകോളർ ഉപയോഗിക്കും. ഫോൺ ചോർത്തപ്പെടുമോ, സംഭാഷണങ്ങൾ മറ്റാരെങ്കിലും കേൾക്കുമോ എന്നൊരു പേടിയൊക്കെ നമുക്കുണ്ടാവാറുണ്ട്.
രാജ്യത്തിന്റെ പ്രധാനമന്ത്രി സംസാരിക്കുന്ന കാര്യം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രാജ്യസുരക്ഷയെ ബാധിക്കുന്ന നിർണായക തീരുമാനങ്ങൾ പ്രതിരോധ രഹസ്യങ്ങൾ അതീവ പ്രധാനപ്പെട്ട ഔദ്യോഗിക നിർദേശങ്ങൾ ഇത്തരം വിവരങ്ങൾ കൈമാറുമ്പോൾ സാധാരണ മൊബൈൽ ഫോണുകളെ ആണോ ആശ്രയിക്കുന്നത്? ഇവിടെയാണ് ഇന്ത്യയുടെ RAX എന്ന പ്രത്യേക ആശയവിനിമയ സംവിധാനത്തിന്റെ പ്രസക്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അതിപ്രധാനവും രഹസ്യസ്വഭാവമുള്ളതുമായ ഔദ്യോഗിക ആശയവിനിമയങ്ങൾക്കായി ഉപയോഗിക്കുന്ന അതീവ സുരക്ഷയുള്ള ഫോൺ സംവിധാനമാണ് Restricted Area Exchange അല്ലെങ്കിൽ Restricted Access Exchange അഥവാ റാക്സ് ഫോൺ. സാധാരണക്കാർക്ക് വിപണിയിൽ ലഭ്യമായ സ്മാർട്ട്ഫോണുകളല്ല ഇത്. കേന്ദ്ര സർക്കാരിന്റെ ടെലികോം ഗവേഷണ സ്ഥാപനമായ സി-ഡോട്ട് ആണ് ഈ ഫോണുകൾ വികസിപ്പിച്ചെടുത്തത്. ജിയോ, എയർടെൽ തുടങ്ങിയ സാധാരണ മൊബൈൽ നെറ്റ്വർക്കുകളിലല്ല ഇത് പ്രവർത്തിക്കുന്നത്. പകരം സുരക്ഷിതമായ പ്രത്യേക സർക്കാർ/സൈനിക ഫ്രീക്വൻസിയിലാണ് ഇവ പ്രവർത്തിക്കുന്നത്.
ഏറ്റവും ശ്രദ്ധേയമായ കാര്യമെന്തെന്നാൽ ആശയവിനിമയത്തിന് End-to-End Encryption ഉറപ്പാക്കുക എന്നതായിരുന്നു ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. അതായത്, ഫോൺ സംഭാഷണങ്ങൾ അനധികൃതമായി ചോർത്തപ്പെടുന്നത് തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ.
ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി സംസാരിക്കുന്ന ഓരോ വാക്കിനും ചിലപ്പോൾ വലിയ രാഷ്ട്രീയ, നയതന്ത്ര, പ്രതിരോധ പ്രാധാന്യമുണ്ടാകും.അത്തരം സംഭാഷണങ്ങൾ സുരക്ഷിതമായിരിക്കണം എന്നത് വെറുമൊരു സാങ്കേതിക ആവശ്യമല്ല. അത് രാജ്യസുരക്ഷയുടെ ഭാഗമാണ്.സാധാരണക്കാർക്ക് ഒരു ഫോൺ എന്നത് ആശയവിനിമയത്തിനുള്ള ഉപകരണം മാത്രമായിരിക്കാം.
എന്നാൽ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം, ഒരു സുരക്ഷിത ഫോൺ എന്നത് നിർണായകമായ വിവരങ്ങൾ സംരക്ഷിക്കാനുള്ള സംവിധാനമാണ്.
Special News
പ്രശസ്ത അമേരിക്കൻ അന്വേഷണാത്മക പത്രപ്രവർത്തകയായ നെല്ലി ബ്ലേ തന്റെ ചരിത്രപ്രസിദ്ധമായ ലോകപര്യടനം ആരംഭിച്ചതിന്റെ വാർഷികമാണിന്ന് (1889 നവംബർ 14). മാധ്യമപ്രവർത്തന ചരിത്രത്തിലെ ഏറ്റവും ധീരവും വിപ്ലവകരവുമായ ഏടുകളിലൊന്നായാണ് ഈ യാത്ര അടയാളപ്പെടുത്തപ്പെടുന്നത്.
ഫ്രഞ്ച് എഴുത്തുകാരനായ ജൂൾസ് വെർന്റെ ലോകപ്രശസ്ത നോവലായ 'എറൗണ്ട് ദി വേൾഡ് ഇൻ എയ്റ്റി ഡേയ്സ്' നൽകിയ പ്രചോദനമാണ് നെല്ലി ബ്ലേയെ ഈ സാഹസികതയ്ക്ക് പ്രേരിപ്പിച്ചത്. നോവലിലെ കഥാപാത്രമായ ഫിലിയാസ് ഫോഗ് 80 ദിവസംകൊണ്ട് ലോകം ചുറ്റിയെങ്കിൽ, അതിനേക്കാൾ വേഗത്തിൽ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് ലോകം ചുറ്റാൻ കഴിയുമെന്ന് തെളിയിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.
1889 നവംബർ 14-ന് അമേരിക്കയിലെ ന്യൂജേഴ്സിയിൽ നിന്നുമാണ് അവർ തന്റെ യാത്ര ആരംഭിച്ചത്. കപ്പലുകൾ, ട്രെയിനുകൾ, മറ്റ് ലഭ്യമായ യാത്രാമാർഗങ്ങൾ എന്നിവ ഉപയോഗിച്ച് അവർ ഭൂമിയെ വലംവച്ചു.
യാത്രാമധ്യേ ഫ്രാൻസിൽ വച്ച് തന്നെ പ്രചോദിപ്പിച്ച എഴുത്തുകാരൻ ജൂൾസ് വെർനെ നേരിട്ടു കാണാനും അവർക്ക് അവസരമുണ്ടായി. ഒടുവിൽ, നിശ്ചയിച്ച ദിവസങ്ങൾക്കും മുമ്പ് വെറും 72 ദിവസവും ആറ് മണിക്കൂറും 11 മിനിറ്റും 14 സെക്കൻഡും കൊണ്ട് യാത്ര പൂർത്തിയാക്കി അവർ വിജയകരമായി തിരിച്ചെത്തി.
പത്രപ്രവർത്തന രംഗത്ത് സ്ത്രീകളുടെ കരുത്തും നിശ്ചയദാർഢ്യവും ലോകത്തിന് മുന്നിൽ തെളിയിച്ച നെല്ലി ബ്ലേയുടെ ഈ നേട്ടം പിൽക്കാലത്ത് ലോക സഞ്ചാര ചരിത്രത്തിലെ തന്നെ സുവർണ അധ്യായങ്ങളിൽ ഒന്നായി മാറി
Special News
സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനും ഗ്രീസിൽ വെച്ച് വിവാഹിതരായ വാർത്തയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു എന്നാൽ വാർത്തകൾക്ക് പിന്നാലെ ശ്രദ്ധനേടുന്നത് ഇരുവരുടെയും വിവാഹവേദിയുടെ അലങ്കാരങ്ങളാണ്.
ഗ്രീസിന്റെ സൗന്ദര്യത്തോട് ചേർന്നുനിൽക്കുന്ന രീതിയിൽ ഒരുക്കിയ വിവാഹ വേദിയുടെ അലങ്കാരങ്ങളാണ് വിവാഹവേദിയിൽ കാണാൻ സാധിക്കുന്നത്. 'എ ന്യൂ നോട്ട്' എന്ന വെഡിംഗ് പ്ലാനിംഗ് കമ്പനിയാണ് ഈ സ്വപ്നതുല്യമായ വേദി ഒരുക്കിയത്.
മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഈ അലങ്കാരങ്ങൾ പൂർത്തിയാക്കിയതെന്ന് സംഘാടകർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. "മനസിൽ കണ്ട കാഴ്ചകൾ കൺമുന്നിൽ യാഥാർഥ്യമാകുന്നതും, പ്രിയപ്പെട്ടവരെല്ലാം അതിനുള്ളിൽ നിൽക്കുന്നതും കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷവും അഭിമാനവും വാക്കുകൾക്കതീതമാണ്," അവർ കുറിച്ചു.
അനാവശ്യമായ ആഡംബരങ്ങൾ ഒഴിവാക്കി, മനസിന് ശാന്തത നൽകുന്ന രീതിയിൽ ലളിതവും മനോഹരവുമായ ഒരു അന്തരീക്ഷമായിരുന്നു അനിരുദ്ധും കാവ്യയും ആഗ്രഹിച്ചത്. മനോഹരമായ ഈജിയൻ കടലായിരുന്നു വിവാഹ വേദിയുടെ പ്രധാന പശ്ചാത്തലം. കടലിന്റെ ഭംഗി ഒട്ടും ചോർന്നുപോകാത്ത രീതിയിൽ ഐവറി, ബട്ടർ യെല്ലോ, ഷാംപെയ്ൻ എന്നീ നിറങ്ങളാണ് അലങ്കാരങ്ങൾക്കായി തെരഞ്ഞെടുത്തത്.
പട്ട്, മുത്തുകൾ, റോസാപ്പൂക്കൾ, ഹൈഡ്രാഞ്ചിയ പൂക്കൾ, കണ്ണാടികൾ എന്നിവയിലെല്ലാം ഈ നിറങ്ങളുടെ മനോഹരമായ സമന്വയം കാണാമായിരുന്നു. അലങ്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു വേദിയിൽ ഒരുക്കിയ കണ്ണാടിപ്പാത. വേദിയിലെ ഓരോ പൂവിനെയും ഇതളുകളെയും ഇത് ഇരട്ടിയായി പ്രതിഫലിപ്പിച്ചു. അതിലുപരിയായി, ആകാശത്തിന്റെ നിറഭേദങ്ങളെ ഈ കണ്ണാടിപ്പാത തങ്ങളിലേക്ക് ആവാഹിച്ചു.
സമയം കടന്നുപോകുന്നതിനനുസരിച്ച് പകലിന്റെ മൃദുവായ വെളിച്ചത്തിൽ നിന്ന് സ്വർണനിറത്തിലേക്കും, സന്ധ്യയാകുമ്പോൾ പിങ്ക്-വയലറ്റ് നിറങ്ങളിലേക്കും ഈ തറ മാറിക്കൊണ്ടിരുന്നു. ഇതോടെ വിവാഹ വേദിയുടെ ഭാവം തന്നെ മാറിമറിഞ്ഞുവെന്ന് ഡിസൈനർമാർ വ്യക്തമാക്കുന്നു. പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന രീതിയിൽ, തികച്ചും സ്വാഭാവികമായാണ് പൂക്കളും മറ്റ് അലങ്കാരങ്ങളും വേദിയിൽ ക്രമീകരിച്ചിരുന്നത്.
നവംബർ 11-ന് നടന്ന ഈ ഡെസ്റ്റിനേഷൻ വെഡ്ഡിംഗിൽ രജനികാന്ത്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങി സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
Special News
ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിംഗും നടി സമ്രീൻ കൗറും വിവാഹിതരാകുന്നു. നവംബർ 11 ന് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇരുവരും തങ്ങളുടെ വിവാഹനിശ്ചയ വാർത്ത ഔദ്യോഗികമായി പങ്കുവെച്ചത്.
"ജീവിതം ഞങ്ങൾക്ക് നൽകിയ എല്ലാ സൗഭാഗ്യങ്ങളിലും വെച്ച്, ഞങ്ങളെ പരസ്പരം നൽകിയതിലാണ് എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം. ഒരുമിച്ചുള്ള ഒരു ജീവിതത്തിലേക്ക്. 11.11.2026" എന്ന കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചത്.
ന്യൂസിലൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് അർഷ്ദീപ് മുട്ടുകുത്തി നിന്ന് സമ്രീൻ കൗറിനെ പ്രൊപ്പോസ് ചെയ്തത്. ലോകപ്രശസ്ത ആഭരണ ബ്രാൻഡായ 'ടിഫാനി'യുടെ വജ്രമോതിരമാണ് അർഷ്ദീപ് സമ്രീന് നൽകിയത്. ഈ മോതിരത്തിന് 55 ലക്ഷം രൂപയിലധികം വിലവരുമെന്ന് സെലിബ്രിറ്റി ജ്വല്ലറി വിദഗ്ധൻ പീയൂഷ് ഗോയൽ വെളിപ്പെടുത്തി.
യുഎസിൽ ഏകദേശം 59,000 ഡോളർ (ഏകദേശം 55.26 ലക്ഷം രൂപ) വിലമതിക്കുന്ന പ്ലാറ്റിനം-ഡയമണ്ട് മോതിരമാണിത്. ഇന്ത്യയിൽ കാരറ്റ് അളവനുസരിച്ച് 1.69 കാരറ്റ് മോതിരത്തിന് 44 ലക്ഷം രൂപയും, 2.10 കാരറ്റ് മോതിരത്തിന് 66.79 ലക്ഷം രൂപയുമാണ് വില വരുന്നത്.
റൗണ്ട് ബ്രില്യന്റ് -കട്ട് വജ്രം പതിപ്പിച്ച ഈ സോളിറ്റയർ മോതിരത്തിന്റെ പ്രത്യേകത, എല്ലാ കോണുകളിൽ നിന്നും പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള ഇതിന്റെ പ്രോങ് സെറ്റിംഗാണ്.
2026ലെ ഐപിഎൽ സീസണിലാണ് അർഷ്ദീപ് സിംഗും സമ്രീൻ കൗറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായത്. പഞ്ചാബ് കിംഗ്സിനും അർഷ്ദീപിനും പിന്തുണയുമായി സമ്രീൻ നിരവധി മത്സരങ്ങളിൽ ഗാലറിയിൽ എത്തിയിരുന്നു.
ഇരുവരുടെയും യാത്രാ ചിത്രങ്ങളും സ്നാപ്ചാറ്റ് പോസ്റ്റുകളും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. തുടർന്ന് ജൂലൈ മാസത്തിൽ സമ്രീനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അർഷ്ദീപ് തങ്ങളുടെ പ്രണയം ഔദ്യോഗികമായി വെളിപ്പെടുത്തി. ഈ വർഷത്തെ ദീപാവലി ആശംസകളും ഇരുവരും സംയുക്തമായാണ് ആരാധകരുമായി പങ്കുവെച്ചത്.
Special News
ഇന്ന് ആ വീട്ടിൽ മൈലാഞ്ചിയുടെ മണമുണ്ടാകേണ്ടതായിരുന്നു. ചിരിയും ബഹളവും കൊണ്ട് വീട് നിറയേണ്ടതായിരുന്നു. കാരണം ഇന്ന് ആ മകളുടെ ഹൽദി ചടങ്ങായിരുന്നു.പക്ഷേ ആ വീട്ടിൽ ഇന്ന് നിശബ്ദതയാണ്. തേങ്ങലുകൾ മാത്രമാണ് ബാക്കി.
ബംഗളൂരുവിൽ ഹൃദയഭേദകമായ ഒരു അപകടം. വിവാഹത്തിന് വെറും മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെ, പ്രതിശ്രുത വധുവായ സിന്ധുശ്രീ ലോറിയിടിച്ച് മരിച്ചു.
വിവാഹ ക്ഷണക്കത്ത് നൽകാൻ ബന്ധുവിനൊപ്പം പോയതായിരുന്നു അവൾ.സന്തോഷത്തോടെയുള്ള ഒരു യാത്ര.പക്ഷേ തിരികെ വരവിൽ വിധി മറ്റൊന്നായിരുന്നു.
ഒരു ലോറി... ഒരു നിമിഷം... എല്ലാം കഴിഞ്ഞു.വിവാഹത്തിന് ക്ഷണിക്കാൻ പോയ രണ്ട് പേരും - പ്രതിശ്രുത വധുവും ബന്ധുവും അപകടസ്ഥലത്ത് തന്നെ..
ആ അച്ഛന്റെ വാക്കുകൾ കേട്ടാൽ ആരുടെയും ഹൃദയം നുറുങ്ങും - 'ഇന്ന് എന്റെ മകളുടെ ഹൽദി ചടങ്ങുകൾ നടക്കേണ്ടതായിരുന്നു.മകൾക്ക് വേണ്ടി വാങ്ങിയ പട്ടുസാരി ഭദ്രമായി അലമാരയിൽ ഇരിക്കുന്നു. മൈലാഞ്ചി ഉണങ്ങി. ഹൽദിക്ക് വാങ്ങിയ പൂക്കൾ വാടി.
മൂന്ന് ദിവസം കഴിഞ്ഞാൽ കെട്ടേണ്ട താലി ഇനി കെട്ടില്ല. കാണേണ്ട സ്വപ്നങ്ങൾ ഇനി കാണില്ല. കല്യാണപ്പന്തൽ കെട്ടേണ്ട മുറ്റത്ത് ഇന്ന്... ആരോട് പറയും ഈ നഷ്ടം? എങ്ങനെ താങ്ങും ഈ വേദന?'
യാത്രക്കിടയിൽ ലോറി ഇടിച്ചാണ് അപകടം. സിന്ധുശ്രീയും ഒപ്പമുണ്ടായിരുന്ന ബന്ധുവും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മൂന്ന് ദിവസം കഴിഞ്ഞാൽ പുത്തൻ വധുവായി അണിയിച്ചൊരുക്കേണ്ട മകളെ, ജീവനറ്റ അവസ്ഥയിൽ കാണേണ്ടി വരുക,ജീവിതം എത്ര അനിശ്ചിതമാണ്. കണ്ട സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. സിന്ധുശ്രീയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
Special News
ജെയിംസ് ബോണ്ട് സിനിമകളിൽ നായകനെ വലയിലാക്കി രഹസ്യങ്ങൾ ചോർത്താനെത്തുന്ന ചൈനീസ്, റഷ്യൻ ചാരസുന്ദരിമാർ നിങ്ങൾക്ക് സുപരിചിതരായിരിക്കും. റീൽ ലൈഫിൽ മാത്രം കണ്ടു പരിചയിച്ച അത്തരം രംഗങ്ങൾ ഇന്ന് റിയൽ ലൈഫിലും കണ്ട് അതിശയപ്പെടുകയാണ് ലോകം. എഐ ലോകത്തെ കീഴ്പ്പെടുത്താനാകാത്തവർ (ഇൻവിൻസിബിൾസ്) എന്ന് ലോകം അടയാളപ്പെടുത്തിയ ചിപ്പ് നിർമാതാക്കളായ എൻവിഡിയയ്ക്ക് കാലം കാത്തുവെച്ച ദുര്യോഗവും അതുതന്നെയായിരുന്നു.
ലോകത്തെമ്പാടുമുള്ള ടെക് വിപണിയെയും സാമ്പത്തിക മേഖലയെയും നയിക്കുന്ന എൻവിഡിയയുടെ മേധാവി തന്നെ ചൈനയുടെ 'ഹണി ട്രാപ്പി'ൽ കുടുങ്ങിയെന്ന വാർത്ത ടെക് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ദീർഘകാലത്തെ ദാമ്പത്യജീവിതത്തിൽ തനിക്ക് വീഴ്ച സംഭവിച്ചതായി ജെൻസൻ ഹുവാംഗ് ജീവനക്കാർക്ക് അയച്ച കത്തിൽ തുറന്നു സമ്മതിച്ചു. മാപ്പ് ചോദിക്കുകയും ചെയ്തു. എങ്കിലും, എൻവിഡിയയുടെ അതീവ രഹസ്യ സ്വഭാവമുള്ള എഐ സാങ്കേതികവിദ്യകളും വ്യാപാര രഹസ്യങ്ങളും ചൈനയിലേക്ക് ചോർന്നിട്ടുണ്ടോ എന്ന ഭയം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെയും വിപണിയെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു.
*എൻവിഡിയയുടെ അശ്വമേധം
എഐ ലോകത്ത് എൻവിഡിയ നിർമിക്കുന്ന ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റുകൾ (ജിപിയു) ഇല്ലാതെ ഒരടി പോലും മുന്നോട്ടുവെയ്ക്കുകയെന്നത് ടെക് ഭീമന്മാർക്ക് സാധ്യമല്ല. ഈ രംഗത്ത് മത്സരിക്കുന്ന എല്ലാ ടെക് ഭീമന്മാർക്കും ഈ ഒരു കാരണം കൊണ്ടുതന്നെ എൻവിഡിയയും അതിന്റെ സിഇഒ ജെൻസൻ ഹുവാംഗും കൺകണ്ട ദൈവങ്ങളാണ്. പ്രീതിയാർജിക്കേണ്ടവർ തന്നെ. സാക്ഷാൽ ഇലോൺ മസ്കിന് പോലും ജെൻസൻ ഹുവാംഗിന്റെ ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റുകൾക്കായി ഇരക്കേണ്ടി വന്നിട്ടുണ്ട്. ഇത്രയധികം പ്രാധാന്യമുള്ള സാങ്കേതികവിദ്യകൾ ഒരു ചൈനീസ് സുന്ദരി ഒരുക്കിയ കെണിയിൽ ജെൻസൻ ഹുവാംഗിന് കൈമോശം വന്നുവോ എന്നറിയാൻ ഇനിയും കാത്തിരിക്കണം. എൻവിഡിയയുടെ വിവരങ്ങളോ അമേരിക്കയുടെ ദേശീയ സുരക്ഷയോ അപകടത്തിലായിട്ടില്ലെന്നാണ് കമ്പനിയുടെ പ്രാഥമിക വിശദീകരണമെങ്കിലും, എഫ്ബിഐ കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അത്രമേൽ കരുത്തുറ്റതും വൻകിട ടെക് സാമ്രാജ്യങ്ങളെ നയിക്കുന്നതുമായ വ്യക്തികൾ പോലും വൈകാരികവും വ്യക്തിപരവുമായ ബലഹീനതകളിൽ വീണുപോകാമെന്നും, സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലുവിളിയായി ചൈനയുടെ ഇത്തരം ചാരതന്ത്രങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്നും ഈ സംഭവം വീണ്ടും തെളിയിക്കുന്നു........
*ആരാണ് ആ ചാരവനിത?
അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലുകളും മാധ്യമ റിപ്പോർട്ടുകളും പ്രകാരം, ആലീസ് ഹുവാംഗ് (ഹുവാംഗ് ലെ എന്നും അറിയപ്പെടുന്നു) എന്ന ചൈനീസ് വംശജയാണ് ഈ സംഭവത്തിലെ പ്രധാന കണ്ണിയായി സംശയിക്കപ്പെടുന്നത്. ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ജെൻസൻ ഹുവാംഗിനെ ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ രഹസ്യാന്വേഷണ ഏജന്റാണ് ഇവരെന്നാണ് ആരോപണം. സിംഗപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 'മെഗാസ്പീഡ്' എന്ന ഡാറ്റാ സെന്റർ കമ്പനിയുടെ എക്സിക്യൂട്ടീവ് ആയിരുന്നു ഇവർ. മുൻപ് ചൈനീസ് ടെലിവിഷൻ മാധ്യമപ്രവർത്തകയായും പിന്നീട് ബാങ്കിംഗ് സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ് ആലീസ്.
*ഹണി ട്രാപ്പ്: പ്രണയത്തിന്റെ മറവിലെ ചാരക്കെണി
ആധുനിക രഹസ്യാന്വേഷണ ലോകത്ത് ഡിജിറ്റൽ ഹാക്കിംഗിനേക്കാൾ മാരകവും ആഴത്തിലുള്ളതുമായ തന്ത്രമാണ് 'ഹണി ട്രാപ്പ്' അഥവാ പ്രണയക്കുരുക്കുകൾ. വ്യക്തിപരമായ വിശ്വസ്തത, വൈകാരിക അടുപ്പം, അല്ലെങ്കിൽ അവിഹിത ബന്ധങ്ങൾ എന്നിവ മുതലെടുത്ത് ഒരു വ്യക്തിയുടെ സ്വകാര്യവും ആന്തരികവുമായ തലത്തിലേക്ക് തുളച്ചുകയറുകയും, രാജ്യത്തിന്റെയോ വൻകിട കോർപ്പറേറ്റുകളുടെയോ സുപ്രധാന രഹസ്യങ്ങൾ നേടിയെടുക്കുകയുമാണ് ഇത്തരത്തിലുള്ള ചാരക്കെണികളുടെ പ്രാഥമിക ലക്ഷ്യം. വെറുമൊരു വിവരച്ചോർച്ചയ്ക്കപ്പുറം, ലക്ഷ്യമിട്ട വ്യക്തിയുടെ തീരുമാനങ്ങളെ സ്വാധീനിക്കാനും അതീവ സ്വാധീനമുള്ള വൻകിട ശൃംഖലകളിലേക്ക് വഴിതുറക്കാനും ഈ തന്ത്രം ഉപയോഗിക്കുന്നു.
ദീർഘകാല ആസൂത്രണവും ക്ഷമയുമാണ് ഈ ചാരതന്ത്രത്തിന്റെ മുഖമുദ്ര. നിമിഷനേരം കൊണ്ട് നടക്കുന്ന സൈബർ ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഹണി ട്രാപ്പുകൾ മാസങ്ങളോ വർഷങ്ങളോ നീളുന്ന പ്ലാനിംഗിന്റെ ഫലമായാണ് നടക്കുക. ലക്ഷ്യമിട്ട വ്യക്തിയുമായി സൗഹൃദത്തിലാകാൻ ഇന്റലിജൻസ് ഏജന്റുകൾ വളരെ സ്വാഭാവികമായ സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കുന്നു.
*പ്രൊഫഷണൽ മുഖംമൂടി
ഒരു ചാര ഏജന്റും തുടക്കത്തിൽ തന്നെ പ്രണയാഭ്യർത്ഥനയുമായി ലക്ഷ്യമാക്കുന്നയാളിനെ (ടാർജറ്റ്) സമീപിക്കാറില്ല. ബിസിനസ് പങ്കാളി, നിക്ഷേപക, ഗവേഷക അല്ലെങ്കിൽ കൺസൾട്ടന്റ് തുടങ്ങിയ ഔദ്യോഗിക പദവികളുടെ മറവിലാണ് ഇവർ കടന്നുവരുന്നത്. സെമിനാറുകളിലോ ബിസിനസ് മീറ്റിംഗുകളിലോ വെച്ച് യാദൃച്ഛികമെന്നു തോന്നിക്കുന്ന കൂടിക്കാഴ്ചകളിലൂടെ പ്രൊഫഷണൽ ബന്ധം സ്ഥാപിക്കുന്നു. പ്രൊഫഷണൽ ബന്ധത്തെ മെല്ലെ മെല്ലെ വ്യക്തിപരമായ അടുപ്പത്തിലേക്കും പ്രണയത്തിലേക്കും വഴിതിരിച്ചുവിടുന്നതിൽ പ്രത്യേക വൈദഗ്ധ്യം നേടിയവരായിരിക്കും ഇവർ.
*വിവരച്ചോർച്ചയും ബ്ലാക്ക്മെയിലിംഗും
അതീവ അടുപ്പം സ്ഥാപിച്ചുകഴിഞ്ഞാൽ രണ്ട് രീതിയിലാണ് ഇവർ വിവരങ്ങൾ ചോർത്തുന്നത്. സംഭാഷണങ്ങൾക്കിടയിൽ സ്വാഭാവികമായി കടന്നുവരുന്ന ചോദ്യങ്ങളിലൂടെ ബിസിനസ് തന്ത്രങ്ങൾ, സാങ്കേതിക വിവരങ്ങൾ, വിതരണ ശൃംഖലയുടെ വിവരങ്ങൾ എന്നിവ ചോർത്തിയെടുക്കുന്ന തികച്ചും സ്വാഭാവികമായ രീതിയാണ് ആദ്യത്തേത്. രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങളോ തെളിവുകളോ ഉപയോഗിച്ച് വ്യക്തിയെ ഭീഷണിപ്പെടുത്തുകയും, കയറ്റുമതി നിയന്ത്രണങ്ങൾ മറികടക്കാനോ നിർണായക ഫയലുകൾ നൽകാനോ നിർബന്ധിതനാക്കുകയും ചെയ്യുന്നതാണ് മറ്റൊരു രീതി.
പ്രധാന വ്യക്തിയിൽ നിന്ന് നേരിട്ട് വിവരങ്ങൾ ലഭിച്ചില്ലെങ്കിൽ പോലും, ആ വ്യക്തിയുടെ സ്വകാര്യ വൃത്തത്തിലേക്ക് കടക്കുന്നതിലൂടെ ബോർഡ് അംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, പ്രമുഖ ഗവേഷകർ എന്നിവരിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഇവർക്ക് സാധിക്കുന്നു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ആലീസ് ഹുവാംഗ് നേരിട്ട് ഒറ്റയ്ക്ക് ജെൻസൻ ഹുവാംഗിനെ പെട്ടെന്ന് സമീപിക്കുകയല്ല ചെയ്തത്. ആലീസിന്റെ ഭർത്താവായ കാംഗ് വെയ് എന്ന വ്യവസായിയിലൂടെയാണ് ഇവർ വർഷങ്ങൾക്ക് മുമ്പ് (2010-കളിലെ ചൈനീസ് വീഡിയോ ഗെയിംസ് ബിസിനസ് പശ്ചാത്തലത്തിൽ) ജെൻസൻ ഹുവാംഗിനെ ആദ്യമായി പരിചയപ്പെടുന്നത്.
പിന്നീട് ചൈനീസ് ഫിനാൻസ് രംഗത്തുനിന്നും ടെക്നോളജി മേഖലയിലേക്ക് ചുവടുമാറ്റിയ ആലീസ്, സിംഗപ്പൂർ കേന്ദ്രീകരിച്ചുള്ള ക്ലൗഡ്/ഡാറ്റാ സെന്റർ കമ്പനിയായ 'മെഗാസ്പീഡ്'ന്റെ ഡയറക്ടറും പ്രമുഖ ഓഹരിയുടമയുമായി മാറി. ഈ പ്രൊഫഷണൽ പശ്ചാത്തലവും എൻവിഡിയ ചിപ്പുകളുടെ കച്ചവടവും അവരുമായി കൂടുതൽ അടുക്കാൻ വഴിയൊരുക്കി.
പ്രൊഫഷണൽ ബിസിനസ് ചർച്ചകളുടെയും ടെക്നോളജി ഒത്തുചേരലുകളുടെയും മറവിലാണ് ആലീസ് ജെൻസൻ ഹുവാംഗിന്റെ വ്യക്തിഗത വൃത്തത്തിലേക്ക് കടന്നുകയറിയത്. 2024 ജൂണിലും 2025 മെയ് മാസത്തിലും തായ്പേയ് നടന്ന പ്രധാന ടെക്നോളജി പ്രദർശനങ്ങളുടെയും വിരുന്നുകളുടെയും ഭാഗമായി ഇരുവരും പൊതുവേദികളിലും ഒത്തുചേരലുകളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. 2025 മെയ് മാസത്തിലെ ഒരു ചടങ്ങിനിടയിൽ ഇവർ പരസ്യമായി അടുത്തിടപഴകുന്നതിന്റെയും ഒരേ കാറിൽ മടങ്ങിപ്പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
*ഇന്റലിജൻസ് ഏജൻസികളുടെ കണ്ടെത്തൽ
യുഎസ് ഇന്റലിജൻസ് വിലയിരുത്തലുകൾ പ്രകാരം, ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ജെൻസൻ ഹുവാംഗിനെ ലക്ഷ്യമിട്ട് ആലീസ് പ്രവർത്തിച്ചിരുന്നു എന്നാണ് ആരോപണം. എഐ ചിപ്പ് കയറ്റുമതിയിൽ അമേരിക്ക കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഈ കാലയളവിൽ, എൻവിഡിയയുടെ അതീവ രഹസ്യ വിവരങ്ങൾ ചോർത്തുക, ഒപ്പം ചൈനീസ് വിപണിയിലേക്ക് ചിപ്പുകൾ എത്തിക്കുന്നതിനായി ജെൻസൻ ഹുവാംഗിന്റെ നയപരമായ നിലപാടുകളെയും ലോബിയിംഗുകളെയും സ്വാധീനിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
*ഹുവാംഗ് - ട്രംപ് ബന്ധവും അമേരിക്കൻ എഐ മുന്നേറ്റവും
ഓപ്പൺ എഐ സിഇഒ സാം ആൾട്ടമാൻ, ക്ലോഡ് സിഇഒ ഡാരിയോ അമോഡെ തുടങ്ങിയ എഐ ഗവേഷണ രംഗത്തെ പ്രമുഖർ, ലോകത്തെ എഐ ഗവേഷണങ്ങളുടെ വേഗത കുറയ്ക്കണമെന്നും അല്ലാത്ത പക്ഷം വലിയ വിപത്തുകളെയാകും മനുഷ്യരാശി അഭിമുഖീകരിക്കേണ്ടി വരികയെന്നും മുന്നറിയിപ്പ് നൽകിയപ്പോഴും അതിനെയൊന്നും മുഖവിലയ്ക്കെടുക്കാൻ ട്രംപ് തയ്യാറായില്ല. അങ്ങനെ അബദ്ധത്തിൽ പോലും നിർമിത ബുദ്ധി ഗവേഷണങ്ങളുടെ രംഗത്ത് അമേരിക്കയെ മറികടന്ന് ചൈന മുന്നേറുന്നത് കാണാൻ ട്രംപ് ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ നിർമിത ബുദ്ധി, കൃത്രിമ ബുദ്ധി എന്നിങ്ങനെയുള്ള വിശേഷണങ്ങളല്ല എഐക്ക് നൽകേണ്ടതെന്നും പകരം സൂപ്പർ ഇന്റലിജൻസ് എന്നാണ് ഇനി മുതൽ എഐയെ വിശേഷിപ്പിക്കേണ്ടത് എന്നുമായിരുന്നു ട്രംപ് സ്വീകരിച്ച നിലപാട്.
വാർത്ത പുറത്തുവന്ന ഉടൻ തന്നെ ട്രംപ് വൈറ്റ് ഹൗസ് വാർത്താസമ്മേളനത്തിൽ ഹുവാംഗിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. താൻ ഹുവാംഗുമായി സംസാരിച്ചുവെന്നും, കൂടെയുള്ള വ്യക്തി ചാരയാണെന്ന് അദ്ദേഹത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും ട്രംപ് വ്യക്തമാക്കി. "അദ്ദേഹം ഒരു മാന്യനായ വ്യക്തിയാണ്, ഈ പ്രതിസന്ധി അതിജീവിക്കും" എന്ന് പറഞ്ഞുകൊണ്ട് വിപണിയിലെ പരിഭ്രാന്തി കുറയ്ക്കാനാണ് ട്രംപ് ശ്രമിച്ചത്.
ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ കേസിൽ എഫ്ബിഐ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ട്രംപ് സ്ഥിരീകരിച്ചു. ഹുവാംഗ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കാനും അദ്ദേഹം ശ്രദ്ധിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള ഭാവി കൂടിക്കാഴ്ചയിൽ ഈ വിഷയം ചർച്ചയാക്കാൻ താൻ താല്പര്യപ്പെടുന്നില്ലെന്നാണ് ട്രംപിന്റെ നിലപാട്. സംഭാഷണം ഒരു നയതന്ത്ര തർക്കത്തിലേക്ക് പോകാതിരിക്കാൻ വിഷയത്തിന്റെ പ്രാധാന്യം കുറച്ചു കാണിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.
*ജെൻസന്റെ തുറന്നുപറച്ചിൽ
തനിക്ക് കുടുംബത്തോട് വഞ്ചന കാട്ടേണ്ടി വന്നിട്ടുണ്ടെന്നും ഭാര്യയോട് വിശ്വസ്തത പുലർത്തിയില്ലെന്നും നവംബർ എട്ടിന് ജീവനക്കാർക്ക് അയച്ച കത്തിലൂടെ ജെൻസൻ ഹുവാംഗ് തുറന്നു സമ്മതിച്ചിട്ടുണ്ട്. എങ്കിലും കത്തിൽ അദ്ദേഹം ആലീസിന്റെ പേര് പരാമർശിച്ചിട്ടില്ല. എൻവിഡിയ ബോർഡ് ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ആലീസ് ഹുവാംഗ് ചൈനീസ് ചാരയാണെന്നുള്ളത് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തലാണെങ്കിലും, അത് പൂർണമായി തെളിയിക്കപ്പെട്ടിട്ടില്ല. ചൈനീസ് വിദേശകാര്യ മന്ത്രാലയവും 'മെഗാസ്പീഡ്' കമ്പനിയും ഈ ചാര ആരോപണങ്ങൾ ശക്തമായി നിഷേധിച്ചിട്ടുണ്ട്. ജെൻസൻ ഹുവാംഗിന് ഇത് ചാരവൃത്തിയാണെന്ന് മുൻകൂട്ടി അറിയാമായിരുന്നു എന്നതിനും തെളിവുകളില്ല.
*നീളുമോ ഈ ചാര ചരിതം
ആഗോള ടെക് വിപണിയെയും ഓഹരി മൂല്യത്തെയും ബാധിക്കാതിരിക്കാൻ ട്രംപ് ഭരണകൂടവും എൻവിഡിയയും പ്രതിരോധം തീർക്കുന്നുണ്ടെങ്കിലും, എ.ഐ ലോകത്തെ ഈ പുതിയ തിരിച്ചടി സിലിക്കൺ വാലിയുടെ ഭാവി സുരക്ഷാ നയങ്ങളെ തന്നെ തിരുത്തിയെഴുതാൻ നിർബന്ധിതരാക്കും. വൻകിട ടെക് സാമ്രാജ്യങ്ങളുടെ സുരക്ഷ ഇനി കോഡുകളിലും ചിപ്പുകളിലും മാത്രമല്ല, മനുഷ്യബന്ധങ്ങളിലെ ജാഗ്രതയിൽ കൂടി അധിഷ്ഠിതമായിരിക്കുമെന്ന ഓർമ്മപ്പെടുത്തലോടെയാണ് ഈ ചാരവിവാദം നീളുന്നത്.