പ്രതീകാത്മക ചിത്രം
നവംബർ 19. ഇന്ന് ലോക പുരുഷ ദിനം.
സ്ത്രീകൾക്കൊരു ദിനമുണ്ടെങ്കിൽ പുരുഷന്മാർക്ക് എന്തിനാണ് ഒരു ദിനം എന്ന് ചോദിക്കുന്നവരുണ്ട്. ഉത്തരം ലളിതമാണ്. കരയാൻ പോലും അനുവാദമില്ലാത്ത ഒരു വിഭാഗത്തിന് കൂടിയാണ് ഈ ദിനം.
"ആണുങ്ങൾ കരയരുത്"
"ആണുങ്ങൾ തളരരുത്"
"നീ ആണല്ലേ?"
കുട്ടികാലം മുതൽ പലരും കേട്ട് വളരുന്ന വാക്കുകളാണിത്. പുരുഷൻ എന്നാൽ കരുത്ത് മാത്രമാണെന്ന് സമൂഹം പഠിപ്പിച്ചു. എന്നാൽ ആ കരുത്തിന് പിന്നിൽ എത്ര വേദനകളാണ് ഒളിപ്പിക്കപ്പെടുന്നതെന്ന് ആരും ചോദിക്കാറില്ല.
കുടുംബം നോക്കാൻ ജോലിക്ക് പോകുന്ന അച്ഛൻ. വീട്ടിലെ കടം തീർക്കാൻ വിദേശത്ത് കഷ്ടപ്പെടുന്ന ചേട്ടൻ. പരീക്ഷ തോറ്റാൽ വീട്ടിൽ പറയാൻ പേടിച്ച് ഉള്ളിൽ കരയുന്ന മകൻ. പ്രണയം തകർന്നിട്ടും ആരോടും പറയാതെ ചിരിച്ച് നടക്കുന്ന സുഹൃത്ത്.അവർക്കെല്ലാം വേദനയുണ്ട്. പക്ഷെ അവർ പറയില്ല. കാരണം, പറഞ്ഞാൽ "ആണായിട്ട് ഇത്രയേ ഉള്ളോ" എന്ന് കേൾക്കേണ്ടി വരും.
പുരുഷ ദിനം എന്നത് ആഘോഷിക്കാനുള്ള ദിനം മാത്രമല്ല. അവരുടെ മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാനുള്ള ദിനം കൂടിയാണ്. പുരുഷന്മാരിലെ വിഷാദം, സമ്മർദ്ദം, ആത്മഹത്യാ പ്രവണത എന്നിവയെക്കുറിച്ച് തുറന്ന് സംസാരിക്കാനുള്ള ദിനം.
ഭാവി എല്ലാവരുടെയും
ഈ വർഷത്തെ ആശയം തന്നെ അതാണ് - "ഭാവി എല്ലാവരുടെയും". സ്ത്രീയുടേത് മാത്രമല്ല, പുരുഷന്റേത് കൂടിയാണ്.അതുകൊണ്ട് ഇന്ന് ഒരു കാര്യം ചെയ്യാം. നിങ്ങളുടെ ജീവിതത്തിലുള്ള ഒരു പുരുഷനോട് - അച്ഛനോട്, സഹോദരനോട്, ഭർത്താവിനോട്, സുഹൃത്തിനോട് - ഒരു ചോദ്യം ചോദിക്കാം."നീ സുഖമാണോ?"ഒരു പക്ഷേ, വർഷങ്ങളായി അവൻ കേൾക്കാൻ കാത്തിരുന്ന ചോദ്യമായിരിക്കും അത്.എല്ലാ പുരുഷന്മാർക്കും ലോക പുരുഷ ദിനാശംസകൾ.