ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന്.
ജനീവ: ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ രണ്ടാം ഗെയിമിലും നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ ഡി.ഗുകേഷും ഉസ്ബെക്കിസ്ഥാന്റെ ജാവോഖിർ സിന്ദറോവും സമനിലയിൽ പിരിഞ്ഞു. ഇതോടെ ആദ്യ രണ്ട് ഗെയിമുകളും സമനിലയിൽ അവസാനിച്ചു.
വെള്ളക്കരുക്കളുമായി കളത്തിലിറങ്ങിയ ഗുകേഷിന് രണ്ടാം മത്സരത്തിലും വ്യക്തമായ മുൻതൂക്കം നേടാനായില്ല. ലണ്ടൻ സിസ്റ്റം ഓപ്പണിങ്ങിലൂടെ മത്സരം ആരംഭിച്ച ഗുകേഷിന്റെ നീക്കങ്ങളെ കൃത്യമായ തയാറെടുപ്പിലൂടെ സിന്ദറോവ് പ്രതിരോധിച്ചു. കളിയുടെ തുടക്കത്തിൽ തന്നെ ക്വീനെ ഉപയോഗിച്ച് സിന്ദറോവ് നടത്തിയ തന്ത്രപരമായ നീക്കം ഗുകേഷിനെ പ്രതിരോധത്തിലാക്കി.
ഇതോടെ സ്വാഭാവിക ശൈലിയിൽനിന്ന് മാറി കൂടുതൽ സമയം ചെലവഴിച്ച് നീക്കങ്ങൾ ആസൂത്രണം ചെയ്യാൻ ഗുകേഷ് നിർബന്ധിതനായി. ക്ലോക്കിലും സിന്ദറോവിനേക്കാൾ പിന്നിലായി. ആദ്യ ഗെയിമിൽ കടുത്ത സമ്മർദം നേരിട്ട ഗുകേഷ് രണ്ടാം മത്സരത്തിൽ വെള്ളക്കരുക്കളിലൂടെ മികച്ച തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും സിന്ദറോവിന്റെ നീക്കങ്ങൾ അതിന് തടയിട്ടു.
20 നീക്കങ്ങൾക്ക് ശേഷം ഒരേ നീക്കങ്ങൾ ആവർത്തിച്ച സാഹചര്യത്തിൽ മത്സരം സമനിലയിലായി. കാര്യമായ വിജയസാധ്യതകൾ തുറന്നുവരാത്തതോടെ ഇരുതാരങ്ങളും സമനില അംഗീകരിക്കുകയായിരുന്നു. രണ്ട് ഗെയിമുകൾ പിന്നിടുമ്പോൾ ഇരുതാരങ്ങളും തുല്യനിലയിൽ തുടരുകയാണ്.
Tags : WorldChessChampionship ChessChampionship D. Gukesh JavokhirSindarov Chess WorldChess ChessFinal India Uzbekistan