കൊല്ലം: അശ്രദ്ധയോടെ വെടിക്കെട്ട് സാമഗ്രികള്‍ കൈകാര്യം ചെയ്തതാണ് പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തിന് ഇടയാക്കിയതെന്ന് സാക്ഷി മൊഴി. ദുരന്തത്തില്‍ കാലിന് പരിക്കേറ്റ പിഎസ്സി ഉദ്യോഗസ്ഥന് ലാലാണ് പ്രത്യേക കോടതിയില്‍ മൊഴി നല്‍കിയത്.
കമ്പം പെട്ടെന്ന് തീര്‍ക്കണമെന്ന ആനൗണ്‍സ്മെന്റ് താന്‍ കെട്ടിരുന്നു. സഹോദരീപുത്രനെ അന്വേഷിച്ചാണ് സ്ഥലത്തെത്തിയത്. വെട്ടിക്കെട്ട് അപകടത്തില്‍ ഇടത് കാലിന് ഗുരുതര പരിക്കേറ്റെന്ന് ലാല്‍ മൊഴി നല്കി. അമിട്ടില്നിന്നു തീപ്പൊരി കമ്പപ്പുരയില്‍ വീണതാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് കാഴ്ചശക്തി പൂര്‍ണമായും തിരിച്ചുകിട്ടിയിട്ടില്ലാത്ത വൈശാഖ് മൊഴി നല്കി. കമ്പം പെട്ടെന്ന് പൊട്ടിക്കണമെന്ന അനൗണ്‍സ്മെന്റ് കേട്ടിരുന്നുവെന്നും വൈശാഖും കോടതിയില്‍ പറഞ്ഞു.
കേസിലെ 35 മുതല്‍ 45 വരെ സാക്ഷികളെ അടുത്തമാസം മൂന്നിനും 46 മുതല്‍ 55 വരെ സാക്ഷികളെ 5നും വിസ്തരിക്കും. കേസില്‍ പ്രതികള്‍ക്ക് വേണ്ടി ലിന്ഡണ്, എ.കെ. മനോജ്, സി.എസ്. സുനില്‍, ലത എന്നിവരും പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ശുഭദേവനും കോടതിയില്‍ ഹാജരായി.