Kerala
പാലക്കാട്: മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി കഞ്ചാവ് കടത്തിയ കേസിലെ പ്രതിയെ സാഹസികമായി പിടികൂടി എക്സൈസ് സംഘം. കൊല്ലങ്കോട് സ്വദേശി ജിജിറ്റ്(19) ആണ് പിടിയിലായത്.
പുത്തൂരിലെ വാടകവീട്ടിൽ പ്രതി ഒളിവിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് സംഘം എത്തിയപ്പോൾ ഇയാൾ 20 ഓളം നായ്ക്കളെ അഴിച്ചുവിട്ട് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. എന്നാൽ
നായ്ക്കൾക്ക് ബിസ്ക്കറ്റ് നൽകി ഉദ്യോഗസ്ഥർ അവരെ തന്ത്രപൂർവം കീഴ്പ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരി നാലിന് കൊല്ലങ്കോട് പോസ്റ്റ് ഓഫീസിലേക്ക് മേഘാലയയിൽ നിന്നും കഞ്ചാവ് പാഴ്സലായി എത്തിയിരുന്നു. ഈ കേസിൽ കൊല്ലങ്കോട് സ്വദേശികളായ ആർ. സഞ്ജയ്, ആർ. രാഹുൽ എന്നിവരെ അന്ന് തന്നെ എക്സൈസ് പിടികൂടിയിരുന്നു.
ചോദ്യം ചെയ്യലിൽ, സുഹൃത്തായ ജിജിറ്റാണ് തങ്ങളുടെ പേരിൽ കഞ്ചാവ് ഓർഡർ ചെയ്തതെന്ന് ഇവർ മൊഴി നൽകി. ഇതോടെ ജിജിറ്റ് ഒളിവിൽ പോവുകയായിരുന്നു.
Kerala
കൊച്ചി: ടെലിഫോൺ എക്സ്ചേഞ്ചിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ചെമ്പ് പട്ടകൾ മോഷ്ടിച്ച കേസിൽ രണ്ട് ഇതരസംസ്ഥാനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അസം ചിരാങ്ങ് സ്വദേശി ബിജനി ബോക്ത്തോ റായ് (27), പെരുമ്പാവൂർ മാവിൻചുവട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തിരുനെൽവേലി സ്വദേശി ഗവാസ്കർ (32) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 13ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തങ്കളത്തെ ടെലിഫോൺ എക്സ്ചേഞ്ചിനകത്ത് എർത്തിംഗിനായി സൂക്ഷിച്ചിരുന്ന 164 കിലോ ഗ്രാം തൂക്കം വരുന്ന ചെമ്പ് പട്ടകളാണ് പ്രതികൾ മോഷ്ടിച്ചത്. വിപണിയിൽ ഇതിന് ഏകദേശം 1,80,400 രൂപയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു.
പ്രതിയായ ബോക്ത്തോ റായും മറ്റ് രണ്ട് പേരും ചേർന്നാണ് എക്സ്ചേഞ്ചിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി കോതമംഗലം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ വീണ്ടും പരസ്യ ലഹരി ഉപയോഗം. ഹെറോയിന്‍ പോലുള്ള ലഹരി വസ്തുക്കള്‍ പരസ്യമായി ഉപയോഗിച്ച ഇതരസംസ്ഥാനക്കാരെ പെരുമ്പാവൂര്‍ പോലീസ് പിടികൂടി. അഞ്ചംഗ സംഘത്തില്‍ മൂന്നു പേരെയാണ് പിടികൂടിയത്.
അസം സ്വദേശികളായ സലാവുദീന്, റഫീഖുല്‍ ഇസ്ലാം, തമിഴ്നാട് മധുര സ്വദേശിയായ മണികണ്ഠന് എന്നിവരാണ് പിടിയിലായത്. ഹെറോയിനും ഇവര്‍ ഉപയോഗിച്ച സിറിഞ്ചും പോലീസ് പിടികൂടി. അഞ്ചംഗ സംഘം പരസ്യമായി ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പോലീസ് നടപടി എടുത്തത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ലഹരി വില്‍പ്പനക്കാരെയും ഉപയോഗിക്കുന്നവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
District News
അടിമാലി: നളന്ദ ബുക്ക് സ്റ്റാളിന്റെ ഗോഡൗണിൽനിന്നു ബുക്കുകൾ മോഷ്ടിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി. സ്ഥാപനത്തിലെ ജോലിക്കാരായ രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടിമാലിയിൽ വാടകയ്ക്ക് താമസിക്കുന്ന ബൈസൺവാലി സ്വദേശി മുത്തുവേലിൽ പ്രദീപ് (38), മച്ചിപ്ലാവ് സ്വദേശി മുട്ടുചിറയിൽ ജസ്റ്റിൻ (28) എന്നിവരാണ് പിടിയിലായത്.
ബുക്കുകൾ കാറിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. 20,000 രൂപ വിലമതിക്കുന്ന നോട്ട്ബുക്കുകളാണ് കടത്താൻ ശ്രമിച്ചത്. വർഷങ്ങളായി അടിമാലിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നളന്ദ ബുക്ക് സ്റ്റാൾ. ഒന്നര മാസം മുമ്പ് ഗോഡൗണിൽനിന്നു നാലര ലക്ഷം രൂപയുടെ ബുക്കുകൾ നഷ്ടപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അടിമാലി പോലീസ് സ്റ്റേഷനിൽ സ്ഥാപന ഉടമയായ റെജികുമാർ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അടിമാലി ജെന്ന റെസിഡൻസി റോഡിൽ പോലീസ് പരിശോധന നടത്തുന്പോൾ നളന്ദ ബുക്ക് സ്റ്റാളിന്റെ ഗോഡൗണിന്റെ ഷട്ടർ പെട്ടെന്ന് അടച്ചുപൂട്ടി പ്രദീപ് കാറിൽ കയറുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ പോലീസ് പ്രദീപിന്റെ കാർ പരിശോധിച്ചപ്പോൾ നാലുകെട്ട് നോട്ടുബുക്കുകൾ കണ്ടെത്തി. തുടർന്ന് പോലീസ് പ്രദീപിനെ ചോദ്യംചെയ്തപ്പോൾ നളന്ദ ബുക്ക് സ്റ്റാളിലെ ജീവനക്കാരനാണെന്ന് പ്രദീപ് പറഞ്ഞു. തുടർന്ന് സ്ഥാപന ഉടമ റെജികുമാറിനെ പോലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മോഷണം വ്യക്തമായത്. പ്രതിയെ ചോദ്യം ചെയ്തപ്പോൾ നിലവിൽ കടയിലെ ജീവനക്കാരനായ ജെസ്റ്റിനാണ് ഗോഡൗണിന്റെ താക്കോൽ നൽകിയതെന്ന് പറഞ്ഞു. നളന്ദ ബുക്ക് സ്റ്റാളിൽ എത്തി ജസ്റ്റിനെ ചോദ്യം ചെയ്തതോടെ താക്കോൽ നൽകിയത് താനാണെന്ന് പോലീസിനോട് സമ്മതിച്ചു. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കൊച്ചി: മൂവാറ്റുപുഴയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. മൂവാറ്റുപുഴയിലെ ഈസ്റ്റ് മാറാടിയിലുള്ള ആയുര്‍വേദ തിരുമ്മല്‍ ചികിത്സാ കേന്ദ്രം ജീവനക്കാരിയായ യുവതി സ്ഥാപനം പൂട്ടി രാത്രി പോകുമ്പോഴായിരുന്നു യുവാക്കളുടെ സംഘം പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്.
രാത്രി 11.15 ഓടെ മൂവാറ്റുപുഴ ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോയ യുവതിയെ രണ്ടു ബൈക്കുകളിലെത്തിയ അഞ്ചുപേരാണ് പിന്തുടര്ന്ന് കടന്നു പിടിക്കാന്‍ ശ്രമിച്ചത്.
കേസില്‍ ഈസ്റ്റ് മാറാടി കരയില്‍ പള്ളിക്കവല സ്വദേശി അജിത് (19), മീങ്കുന്നം പാറത്താഴത്ത് വീട്ടില്‍ അദ്വൈത് (20), പഞ്ചായത്തു പടി ഭാഗത്ത് ചാവാട്ട് വീട്ടില്‍ ടോമി ഷാജി (19), ചാരപ്പുറത്ത് പുത്തന്‍പുരയില്‍ വീട്ടില്‍ അര്ജുന് സനില്‍ (20), മങ്ങമ്പ്ര തെങ്ങനാല്‍ വീട്ടില്‍ അശ്വിന് രഘു (20) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി.
പാലാ സ്വദേശിനിയായ യുവതി ആയുര്‍വേദ തിരുമ്മല്‍ ചികിത്സാ കേന്ദ്രത്തില്‍ കഴിഞ്ഞ നാലു മാസമായി ജോലി ചെയ്തുവരികയാണ്. നാട്ടിലേക്കുള്ള ബസ് പിടിക്കാന്‍ സ്റ്റാന്‍ഡിലേക്കു വേഗം നടക്കുന്നതിനിടെ യുക്കളുടെ സംഘം യുവതിയുടെ സമീപം ബൈക്കിലെത്തി, കടന്നുപിടിക്കാന്‍ ശ്രമിച്ചു.
ഭയന്ന് തിരിഞ്ഞോടിയ യുവതിയെ കണ്ട് അതുവഴി വന്ന ബൈക്കുകാരന് ബൈക്ക് നിര്‍ത്തി. യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബൈക്ക് നിന്നുപോയി. ഈ സമയം ഒരു ട്രക്ക് അതുവഴി വന്നു.
റോഡിന് നടുവില്‍ കയറി യുവതി ട്രക്ക് നിര്‍ത്തിച്ചു. മലയാളമറിയാത്ത ബംഗാളിയായ ഡ്രൈവറോട് യുവതിയും രക്ഷിക്കാനെത്തിയ യുവാവും അവസ്ഥ പറഞ്ഞു. ബൈക്കിലെ അക്രമികളെ കണ്ട ഡ്രൈവര്‍ ഇരുവരേയും വാഹനത്തില്‍ കയറ്റി കുതിച്ചു പാഞ്ഞു.
പിന്നാലെ സിനിമയെ വെല്ലുന്ന തരത്തില്‍ ആക്രോശവുമായി മാരകായുധങ്ങളുമായി യുവാക്കളുടെ സംഘം ട്രക്കിനെ പിന്തുടര്ന്നു. ട്രക്കില്‍ ആയുധങ്ങള്‍ കൊണ്ടടിച്ച് അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. 15 കിലോമീറ്ററോളമാണ് യുവാക്കള്‍ ട്രക്കിനെ പിന്തുടര്ന്നത്. ട്രക്കിന് പിന്നില്‍ കാറിലെത്തിയവര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.
വാഹനത്തില്‍ വച്ച് യുവതി പോലീസിന്റെ നമ്പര്‍ തപ്പിയെടുത്ത് വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് സമീപത്തെ പൊലീസ് സ്റ്റേഷനുകളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്കി. ഇതിനിടെ രാമമംഗലം മേഖലയില്‍ പട്രോളിംഗ് നടത്തിയിരുന്ന പോലീസിന് മുന്നിലേക്ക് ട്രക്ക് എത്തി.
ട്രക്ക് നിര്‍ത്തിയപ്പോള്‍, മുന്നില്‍ പോലീസിനെ കണ്ട് പിന്നാലെയുണ്ടായിരുന്ന അഞ്ചംഗ സംഘം പിന്തിരിഞ്ഞു. യുവതിയില്‍നിന്ന് വിവരങ്ങള്‍ മനസിലാക്കിയ പിറവം പോലീസ് മൂവാറ്റുപുഴ പോലീസിന് വിവരം കൈമാറി.
പിന്നാലെ കാറില്‍ വന്നവരും തങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പോലീസിനെ ഏല്‍പ്പിച്ചു. ഈ ദൃശ്യങ്ങളില്‍ നിന്ന് ഒരു ബൈക്കിന്റെ നമ്പര്‍ പോലീസിന് ലഭിച്ചു. തുടര്‍ന്ന് വെളുപ്പിന് അക്രമിസംഘത്തിലുള്‍പ്പെട്ട അഞ്ചുയുവാക്കളെയും വീട്ടില്‍ നിന്നും പിടികൂടി. വധശ്രമം, ഭീഷണിപ്പെടുത്തല്‍ പിന്തുടര്ന്ന് ആക്രമിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്. ഇവരെ റിമാൻഡ് ചെയ്തു.
National
ബംഗളൂരു: ഇൻഷ്വറൻസ് തുക തട്ടാൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. കർണാടകയിലെ ബെലഗാവി സ്വദേശിയായ സന്ദീപ് മഞ്ജർഗ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ സുമ, ഇവരുടെ കാമുകൻ, കൃത്യത്തിന് ഒത്താശ ചെയ്ത ഒരു നഴ്സ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 13ന് ബൈക്ക് അപകടത്തിൽപ്പെട്ട് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ദീപ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ മരിച്ചുവെന്ന വാർത്തയാണ് പുറത്തുവന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് പോലീസ് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല.
അങ്ങനെയിരിക്കെയാണ് ബൈക്ക് അപകടത്തിൽ ആശുപത്രിയിലെത്തിയ ആൾ എങ്ങനെയാണ് ഹൃദയാഘാതം വന്ന് മരിച്ചതെന്ന സ്റ്റാറ്റസ് സുമയുടെ കാമുകൻ പുന്ദാലിക് രംഗത്തെത്തിയത്. തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്.
മനപൂർവം ബൈക്ക് അപകടമുണ്ടാക്കി സന്ദീപിനെ ആശുപത്രിയിലാക്കിയെന്നും തുടർന്ന് ഡ്രിപില്‍ വിഷം ചേര്‍ത്തും ഉറക്ക ഗുളിക നല്‍കിയും കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവർ മൊഴി നൽകി. ആശുപത്രി അധികൃതരും കുറ്റകൃത്യത്തിൽ പങ്കാളികളായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇവർ കൃത്രിമം കാട്ടിയെന്നും പോലീസ് കണ്ടെത്തി.
National
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫുട്ബോൾ കോച്ച് പിടിയിൽ. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നടന്ന സംഭവത്തിൽ ഫുട്ബോൾ പരിശീലകൻ അഭിജിത് മെൻഡൽ (36) ആണ് പിടിയിലായത്. കായിക രംഗത്ത് മികച്ച അവസരങ്ങൾ വാഗ്ദാനം ചെയ്താണ് ഇയാൾ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
മൂന്ന് വർഷമായി ഇയാൾ പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങളും പകർത്തി. പീഡനം സഹിക്കവയ്യാതെ പെൺകുട്ടി ഇയാളിൽ നിന്ന് അകലം പാലിക്കാൻ ശ്രമിച്ചപ്പോൾ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
മണിക്പൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. പീഡനം, ഭീഷണിപ്പെടുത്തൽ, പോക്സോ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
International
റിയാദ്: സൗദിയിലെ റിയാദ് നഗരത്തിൽ ഭിക്ഷാടനം നടത്തിവന്ന അഞ്ച് ബംഗ്ലാദേശ് സ്വദേശികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവർക്കെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. പിടിയിലായവർ ഭിക്ഷാടനം പ്രധാന തൊഴിലായി സ്വീകരിച്ചവരാണെന്ന് പോലീസ് പറഞ്ഞു.
രാജ്യത്ത് നിന്ന് ഭിക്ഷാടനം പൂർണമായും തുടച്ചുനീക്കാനുള്ള സുരക്ഷാ വകുപ്പുകളുടെ കർശനമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി. യാചന പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പബ്ലിക് സെക്യൂരിറ്റി വിഭാഗം രാജ്യവ്യാപകമായി ശക്തമായ ക്യാമ്പയിനാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി റിയാദിലും പരിശോധനകൾ വരും ദിവസങ്ങളിൽ കർശനമാക്കും.
പൊതുജനങ്ങൾ തങ്ങളുടെ കാരുണ്യഹസ്തങ്ങളും സംഭാവനകളും യഥാർഥത്തിൽ സഹായം ആവശ്യമുള്ള അർഹരായ ആളുകളിലേക്ക് തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി രാജ്യത്ത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പ്ലാറ്റ്ഫോമുകൾ വഴി മാത്രം ധനസഹായങ്ങൾ കൈമാറാൻ പബ്ലിക് സെക്യൂരിറ്റി വിഭാഗം പറഞ്ഞു.
Kerala
കൊച്ചി: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി മുനമ്പം പോലീസ് നടത്തിയ റെയ്ഡില്‍ 11.8 കിലോ ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. പള്ളിപ്പുറം കോണ്‍വെന്റ് പള്ളിപ്പറമ്പില്‍ റിഷില്‍ റോക്കി (30) ആണ് അറസ്റ്റിലായത്. പള്ളിപ്പുറം, മുനമ്പം ഭാഗങ്ങളില്‍ പ്രതി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ടെറസിന് മുകളില്‍ ട്രസ്സ് വര്‍ക്ക് ചെയ്ത ഭാഗത്ത് നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുനമ്പം എസ്ഐ എം.എസ്. ഷെറിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. വിനേഷ്, തരുണ്‍കുമാര്‍, മുഹമ്മദ് യാസിര്‍ എന്നീ പോലീസ് ഉദ്യോഗസ്ഥരും എസ്ഐക്കൊപ്പം ഉണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന കൗൺസിലറെ അറസ്റ്റ് ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങൾ. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ ഒരു വിഭാഗം പോലീസിനെ വളഞ്ഞു.
സ്ഥിതിഗതികൾ കൈവിടുമെന്ന് മനസിലായതോടെ എസ്എച്ച്ഓ വിപിൻ ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. തുടർന്നാണ് കൗൺസിലറെ പോലീസിന് കസ്റ്റഡിയിലെടുക്കാൻ സാധിച്ചത്. നേരത്തെ തന്നെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സുഗതന്റെ സ്ഥാനാർത്ഥിത്വം വലിയ രീതിയിൽ വിവാദങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.
വധശ്രമ കേസിലെ പ്രതിയായ സുഗതൻ ഏറെ നാളായി ഒളിവിലായിരുന്നു. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. ഏഴാം തീയതിക്ക് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കർശന നിർദേശം കോടതി നൽകിയിരുന്നു. ഇത് ലംഘിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് വെടിവെപ്പ് അടക്കമുള്ള നാടകീയ രംഗങ്ങളിലൂടെ പ്രതിയെ പിടികൂടിയത്.
Kerala
കാസർഗോഡ്: മതിയായ രേഖകളില്ലാതെ കാഞ്ഞങ്ങാട് താമസിച്ചിരുന്ന ബംഗ്ലാദേശി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൽമ കാത്തുൽ (31) പിടിയിലായത്.
അറസ്റ്റിലായ സൽമയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ രണ്ടുവർഷമായി താൻ കേരളത്തിലുണ്ടെന്നും മലപ്പുറത്താണ് താമസിച്ചിരുന്നതെന്നും സൽമ പോലീസിനോട് വെളിപ്പെടുത്തി.
മലപ്പുറത്തുവെച്ച് പരിചയപ്പെട്ട കാഞ്ഞങ്ങാട് സ്വദേശി ജോലി വാഗ്ദാനം ചെയ്തു. തുടർന്നാണ് കാഞ്ഞങ്ങാട്ടേക്ക് എത്തിയതെന്ന് യുവതി പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
National
ദിസ്പൂർ: ആസാമിലെ ബിശ്വനാഥ് ജില്ലയിൽ ഓടുന്ന കാറിൽ 15 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. ആഹാരം വാഗ്ദാനം ചെയ്താണ് തന്നെ കാറിൽ കയറ്റിയതെന്നും പിന്നീട് കൂട്ടമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.
ഓടുന്ന കാർ കണ്ട് സംശയം തോന്നിയ നാട്ടുകാർ വാഹനം തടഞ്ഞുനിർത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നിലേറെ പുരുഷന്മാർ പലതവണ തന്നെ പീഡനത്തിനിരയാക്കിയതായി പെൺകുട്ടി വെളിപ്പെടുത്തി.
അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവ സമയത്ത് ഇവർ ഉപയോഗിച്ചിരുന്ന വാഹനം പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം എന്നീ വകുപ്പുകളും പ്രതികൾക്കുമേൽ ചുമത്തിയിട്ടുണ്ട്.
National
മുംബൈ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ സൂക്ഷിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മാൽവാനിയിൽ നടന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിനി സെലിമ ഖാത്തൂൻ (33) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ ഇവരുടെ ഭർത്താവ് ഷംസുദ്ദീൻ അബ്ദുൽ മത്തീനെ ഒഡീഷയിൽ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മേയ് 18നാണ് സെലിമയെ അയൽവാസികൾ അവസാനമായി കണ്ടത്. അതിനുശേഷം ഇവരുടെ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
കഴിഞ്ഞ 22 ന് വീടിനുള്ളിൽ നിന്ന് കടുത്ത ദുർഗന്ധം വമിക്കാൻ തുടങ്ങി. ഇതോടെ സംശയം തോന്നിയ അയൽവാസികൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വീട്ടിൽ എലി ചത്തു കിടക്കുന്നുണ്ടെന്ന് ഷംസുദ്ദീൻ പറഞ്ഞു. ദുർഗന്ധം അസഹനീയമായതിനെ തുടർന്ന് അയൽവാസികൾ മാൽവാനി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ച് അകത്തു കടന്ന് പരിശോധിച്ചപ്പോഴാണ് സെലിമയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഭാര്യയെ വകവരുത്തിയ ശേഷം ഷംസുദ്ദീൻ സംസ്ഥാനം വിട്ടതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഒഡീഷയിലുണ്ടെന്ന് കണ്ടെത്തിയത്.
Kerala
കൊല്ലം: അഞ്ചലിൽ 14 വയസുള്ള പെൺകുട്ടിയെ അതിക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ 52കാരൻ പോലീസ് പിടിയിൽ. അഞ്ചൽ തഴമേൽ സ്വദേശി ഷാഹുൽ ഹമീദിനെയാണ് പോലീസ് പിടികൂടിയത്.
പരിചയത്തിലുള്ള പെൺകുട്ടിയെയാണ് ഷാഹുൽ ഹമീദ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 2022 മുതലായിരുന്നു 14കാരിക്ക് നേരെയുള്ള അതിക്രമം തുടങ്ങിയത്. പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും വച്ച് പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
ഒടുവിൽ പെൺകുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. കുടുംബം പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അഞ്ചലിൽ നിന്നു പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ഷാഹുൽ ഹമീദിനെതിരെ ചുമത്തി. വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ ബിഎഎംഎസ് വിദ്യാർഥി അറസ്റ്റിൽ. ശുഭം ഖൈർനാർ എന്ന വിദ്യാർഥിയാണ് അറസ്റ്റിലായത്. മുഖ്യസൂത്രധാരൻ എന്ന് സംശയിക്കുന്ന മനീഷ് യാദവും കസ്റ്റഡിയിലായിട്ടുണ്ട്. ഇതോടെ കേസിൽ അഞ്ച് സംസ്ഥാനങ്ങളിലായി ഒമ്പതുപേർ അറസ്റ്റിലായി.
ശുഭം ഖൈർനർക്കാണ് 120 ചോദ്യങ്ങൾ അടങ്ങിയ നീറ്റ് പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പർ ലഭിച്ചത്. ഇയാൾ ഇതിന്റെ സോഫ്റ്റ് കോപ്പി വാട്സാപ്പിലൂടെ ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു വിദ്യാർഥിക്ക് കൈമാറി. അവിടെനിന്നും ചോദ്യപ്പേർ രാജസ്ഥാൻ, കേരളം, ഉത്തരാഖണ്ഡ്, ജമ്മുകാഷ്മീർ, ബിഹാർ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാർഥികളിലേക്ക് പ്രചരിച്ചു.
ഇക്കൂട്ടത്തിൽ കേരളത്തിൽ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ വിദ്യാർഥിനിക്കും ലഭിച്ചു. ഈ വിദ്യാർഥിനി ചോദ്യപേപ്പർ ചുരുവിൽ ഹോസ്റ്റൽ നടത്തുന്ന തന്റെ പിതാവിന് കൈമാറി. അയാൾ അത് തന്റെ ഹോസ്റ്റലിലെ കുട്ടികൾക്കും സീക്കറിലെ ഒരു കോച്ചിംഗ് സെന്ററിനും കൈമാറി.
ഈ കോച്ചിംഗ് സെന്ററിൽനിന്നാണ് ചോദ്യപേപ്പർ ചോർന്നുവെന്ന സൂചന എൻടിഎ അധികൃതർക്കും പോലീസിനും ലഭിച്ചത്. മാതൃക ചോദ്യപേപ്പറിലെ ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലെ 140 ചോദ്യങ്ങളുമായി സാമ്യം കണ്ടെത്തിയത്തോടെയാണ് ക്രമക്കേട് പുറത്തറിയുന്നത്.
Kerala
കായംകുളം: അയൽവാസികളായ ദമ്പതികളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി വാരണപ്പള്ളി ക്ഷേത്രത്തിന് സമീപം കന്നത്തേരിൽ വീട്ടിൽ ഷാജി (52) ആണ് പിടിയിലായത്.
പുതുപ്പള്ളി സ്വദേശികളായ രാജേന്ദ്രൻ, ഭാര്യ ഷീജ എന്നിവർക്ക് നേരെയാണ് അക്രമണമുണ്ടായത്. രാജേന്ദ്രന്റെ പുരയിടത്തിൽ ഷാജി കരിയില വാരിയിട്ടത് ഷീജ ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്.
വാക്കേറ്റത്തിനൊടുവിൽ ഷാജി ഷീജയെ ആക്രമിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് രാജേന്ദ്രന് കുത്തേറ്റത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതി ഷാജിയെ കോടതി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: എറണാകുളത്ത് രാസലഹരിയുമായി യുവാക്കള്‍ പിടിയില്‍. എറണാകുളത്തെ ത്രീ സ്റ്റാര്‍ ഹോട്ടലില്‍ നിന്നുമാണ് മൂന്നു യുവാക്കള്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഉനൈസ്, റോണിഷ്, അക്വിന്‍ എന്നിവരാണ് പിടിയിലായത്. വില്‍പ്പനയ്ക്കായി എത്തിച്ച 17 ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്നും പിടികൂടി.
ഇവര്‍ മുമ്പും ലഹരി കേസുകളില്‍ പ്രതിയായവരാണ്. ജയിലില്‍ വച്ചാണ് മൂന്നു പേരും പരിചയപ്പെടുന്നത്. കൊച്ചിയിലേക്ക് വ്യാപകമായി ലഹരി എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവര്‍. ലഹരി വില്‍പ്പന നടത്താനായാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്.
കൊച്ചി ഡാന്‍സാഫ് യൂണിറ്റ് എസ്ഐ വിനോദിന്റെ സംഘമാണ് വ്യാഴാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ ഹോട്ടലില്‍ നിന്നും ലഹരി സംഘത്തെ പിടികൂടിയത്.
National
ബംഗളൂരു: ബംഗളൂരുവിലെ നെലമംഗലയിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ബിഹാർ സ്വദേശി സഞ്ജയാണ് ഭാര്യ സോണാലിയെ കൊല്ലാൻ ശ്രമിച്ചത്. തക്കസമയത്ത് നാട്ടുകാർ ഇടപെട്ടതിനെ തുടർന്നാണ് സോണാലി രക്ഷപ്പെട്ടത്.
സോണാലി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സമയത്ത് ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ സഞ്ജയ് യുവതിയെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇയാൾ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സോണാലിയുടെ കഴുത്തറക്കാൻ ശ്രമിച്ചു. സംഭവം കണ്ട് നിന്ന നാട്ടുകാർ ഇയാളെ തടഞ്ഞ് സോണാലിയെ രക്ഷിച്ചു.
ദമ്പതികൾക്കിടയിലുള്ള കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. സഞ്ജയുടെയും സോണാലിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തിന് ശേഷമാണ് ഇരുവരും ബംഗളൂരുവിലേയ്ക്ക് താമസം മാറിയത്.
സഞ്ജയ് വീട്ടിൽ മദ്യപിച്ചെത്തുന്നതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതേ തുടർന്ന് സഞ്ജയ്ക്കൊപ്പം കഴിയാൻ സോണാലി വിസമ്മതിച്ചിരുന്നു. ഇതിലുള്ള പകയാണ് വധശ്രമത്തിലേയ്ക്ക് എത്തിച്ചത്.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സഞ്ജയെ കസ്റ്റഡിയിലെടുത്തെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ പറഞ്ഞു.
National
മുബൈ: മഹാരാഷ്ട്ര നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ (ടിസിഎസ്) ലൈംഗികാതിക്രമക്കേസിൽ പ്രധാന പ്രതിയായ എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ. ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ.
ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാനെ പോലീസ് പിടികൂടിയത്. താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിൽ നിന്ന് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് ഉയർന്നത്. ചില ജീവനക്കാർ ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവർത്തന ശ്രമങ്ങൾ എന്നിവ നേരിട്ടതായി പരാതി നൽകി. വർഷങ്ങളായി തുടരുന്ന ലൈംഗികാതിക്രമങ്ങളും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് എട്ടോളം വനിതാ ജീവനക്കാർ പരാതിയുമായി വന്നപ്പോഴാണ് കൊടും ക്രൂരതയുടെ വിവരങ്ങൾ പുറത്ത് വന്നത്.
പരാതികളെത്തുടർന്ന്, പോലീസ് നിരവധി ടീമുകളെ രൂപീകരിക്കുകയും നിദ ഖാനെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി തെരച്ചിൽ നടത്തി വരികയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒമ്പത് എഫ്ഐആറുകളാണ് പോലീസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിൽ ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ എട്ട് പ്രതികളെയാണ് പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നത്.
അറസ്റ്റിലായ ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്തർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, എച്ച്ആർ മേധാവി അശ്വിനി ചൈനാനി എന്നിവരെ ടിസിഎസ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു.
Kerala
കൊച്ചി: വന്‍ പലിശ വാഗ്ദാനം ചെയ്ത് എറണാകുളം നോര്‍ത്ത് സ്വദേശിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഇടുക്കി വണ്ടന്മേട് കൊച്ചാറ പുളിക്കല്‍ വീട്ടില്‍ സോണിയമോള്‍ സെബാസ്റ്റിയനെ(38)ആണ് എറണാകുളം നോര്‍ത്ത് എസ്ഐ പി.പ്രമോദിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഭാരത് ലജ്ന ഹൗസിംഗ് കോ ഓപ്പറേറ്റീവ് ലിമിറ്റഡ് കോതമംഗലം എന്ന സ്ഥാപനത്തില്‍ 50 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്താല്‍ 12 ശതമാനം പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ഈ സ്ഥാപനത്തിന്റെ ജീവനക്കാരി എന്ന് സ്വയം പറഞ്ഞു പരിചയപ്പെടുത്തി എറണാകുളം നോര്‍ത്ത് സ്വദേശി യുടെ 50 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ സമാന കേസുകളുണ്ട്. ഇവരുടെ കൂട്ടാളികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: നിയമ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. മൂവാറ്റുപുഴ ആനിക്കാട് ശശികല ഭവനില്‍ അശ്വിന് രാജീവ്(22)നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.
മണലിമുക്ക്-തേവക്കല്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർഥിനിക്ക് നേരെ ഇലക്ട്രിക് സ്കൂട്ടറിലെത്തിയ പ്രതി നഗ്നത പ്രദര്‍ശിപ്പിച്ചു. വിദ്യാർഥിനിയെ കടന്നുപിടിക്കാനും ഇയാള്‍ ശ്രമിച്ചു.
സ്കൂട്ടറിന്റെ നമ്പറുള്‍പ്പെടെ വച്ചാണ് വിദ്യാര്‍ഥിനി പരാതി കൊടുത്തത്. എടത്തല പഞ്ചായത്ത് സ്ഥാപിച്ചിരുന്ന സിസിടിവി കാമറ ഉള്‍പ്പടെ പരിശോധിച്ചാണ് പ്രതിയിലേക്ക് പോലീസ് എത്തിയത്. ഇയാളെ ആലുവ കോടതി റിമാന്‍ഡ് ചെയ്തു.
National
ദിസ്പൂർ: ആസാമിലെ കാർബി ആംഗ്ലോഗിൽ മാതാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ യുവതി പിടിയിൽ. ഡെറാമുഖ് ലാലുഗ് സ്വദേശിനി പൂജ മലഗ് (19) ആണ് അമ്മയായ അനുമൈ മലഗ് (42) നെ കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച പിതാവ് പ്രേമേന്ദ്ര മലഗിനും സഹോദരിക്കും പരിക്കേറ്റു.
പൂജയും അനുമൈയും തമ്മിൽ മുന്‍പ് തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ പൂജ ലഹരിമരുന്നുപയോഗിക്കുന്നതാവാം കൊലപാതകത്തിൽ കലാശിച്ചെന്ന് നാട്ടുകാർ പറയുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പൂജയെ അറസ്റ്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് കൊലപാതകത്തിനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.
National
റായ്പൂര്‍: ഛത്തീസ്ഗഡിലെ കൊർബായിൽ ഭാര്യയെ കഴുത്തറത്ത് കൊന്നു. സംഭവത്തിൽ സാലിക് റാം യാദവ് (58) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുളള സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം.
ബുധനാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഭാര്യയുമായി വഴക്കിടുകയും കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ശരീരം ചാക്കിലാക്കുകയും തലയുമായി തെരുവിലൂടെ നടക്കുകയും ചെയ്തു.
ഉടന്‍ തന്നെ പോലീസെത്തി പ്രതിയെ പിടികൂടി. ഭാര്യയുമായി പ്രശ്നങ്ങളുണ്ടാക്കിയിരുവെന്നും സംശയം മൂലമാണ് കൊല ചെയ്തതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ്, കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ വിൽപ്പന നടത്തിയ യുവതി ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസറ്റ് ചെയ്തു. ബേപ്പൂർ സ്വദേശി അയോധ്യാ ഹൗസിൽ കെ.വി.അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി എ.ടി. ഷാഹുൽ ഹമീദ് (26), പേരാമ്പ്ര സ്വദേശി പന്തീരിക്കര ആവടുക്കയിൽ കാമ്യക (21) എന്നിവരാണ് അറസ്റ്റിലായത്.
ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വിൽപ്പനയ്ക്കായി എത്തിച്ച 108.28 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അമൽ മുമ്പും എംഡിഎംഎ കേസിൽ ഉൾപ്പെട്ടയാളാണെന്നും ഇയാളുടെപേരിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
നഗരത്തിലെ വിവിധ ലോഡ്ജുകളിൽ താമസിച്ച് ലഹരി വിൽപ്പന നടത്തുന്നതാണ് അമലിന്റെ രീതി. സംശയിക്കാതിരിക്കാൻ യുവതികളുടെ പേരിൽ മുറിയെടുത്താണ് ഇവർ താമസിക്കാറുള്ളതെന്നും പോലീസ് പറഞ്ഞു.
Kerala
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തിൽ വടകരപ്പതി കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാര്‍ (45) ആണ് മരിച്ചത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി പ്രഭാകരനെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. ശെന്തിൽകുമാറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായ ശെന്തിൽകുമാർ സഹോദരിക്കൊപ്പമായിരുന്നു താമസിക്കുന്നത്.
ശെന്തിൽകുമാറും പ്രഭാകരനും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷമാണ് തർക്കമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശെന്തിൽകുമാറിനെ ആദ്യം വേലന്താവളത്തെ ആശുപത്രിയിലും പിന്നീട് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
National
ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാ വിഹാർ നഗറിൽ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 21 വയസുകാരിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തിൽ അയൽവാസിയായ 26 വയസുകാരി പിടിയിലായി. പ്രതിയായ യുവതിയും പ്രതിശ്രുത വരനും തമ്മിൽ വർഷങ്ങളായി പരിചയത്തിലാണെന്നും ഇയാളുടെ വിവാഹം നടക്കാൻ പോകുന്നതിനെത്തുടർന്നുണ്ടായ പ്രതികാരമാണ് ആക്രമണത്തിനു പിന്നിലെന്നും പോലീസ് പറഞ്ഞു.
ഇന്ദിരാ വിഹാറിലെ യുവതിയുടെ വീട്ടിൽ മെഹന്തി ചടങ്ങ് നടക്കുകയായിരുന്നു സംഭവം. മെഹന്തി ഇടാൻ എന്ന വ്യാജേനയാണ് പ്രതി യുവതിയുടെ വീട്ടിൽ എത്തുന്നത്. വീട്ടിലെത്തിയ പ്രതി കുറച്ചുനേരം അവിടെ ചിലവഴിക്കുകയും പിന്നീട് കൈയിൽ ഉണ്ടായിരുന്ന കുപ്പിയിലെ ആസിഡ് യുവതിയുടെ നേരെ ഒഴിക്കുകയുമായിരുന്നു. തുടർന്ന് കൈവശമുണ്ടായിരുന്ന ആയുധം കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ യുവതിയുടെ കണ്ണ്, മുഖം, കഴുത്ത്, കൈ എന്നിവിടങ്ങളിൽ ഗുരുതര പരിക്കേറ്റു. യുവതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
ഏപ്രിൽ 19 ന് യുവതിയുടെയും സഹോദരിയുടെയും വിവാഹം നടക്കാനിക്കുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ബന്ധുക്കൾ തടഞ്ഞുവച്ച് പോലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
National
ന്യൂഡൽഹി: ഡൽഹിയിലെ സുൽത്താൻപുരിയിൽ കൗമാരക്കാരനെ കുത്തിക്കൊന്നു. അയൽവാസികളായ മറ്റ് കുട്ടികളുമായി നേരത്തെ ഉണ്ടായ നിസാര തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നത്.
തിങ്കളാഴ്ച വൈകുന്നേരം നാല് പേരടങ്ങുന്ന സംഘം കുട്ടിയെ തടഞ്ഞുനിർത്തുകയും സംഘർഷമുണ്ടാവുകയും ചെയ്തു. ഇതേ തുടർന്ന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു. കണ്ടു നിന്ന നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കായി തിരച്ചിൽ നടക്കുകയാണ്. സമീപവാസികളിൽ നിന്ന് മൊഴികൾ രേഖപ്പെടുത്തി വരുന്നു.
NRI
കുവൈറ്റ് സിറ്റി: കോമേഴ്സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വകുപ്പ് നടത്തിയ പരിശോധനയിൽ പുരുഷന്മാരുടെ വിവിധ സലൂണുകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
കാലാവധി കഴിഞ്ഞ സൗന്ദര്യവസ്തുക്കളും ഷേവിംഗ് ഉത്പന്നങ്ങളും പലയിടത്തും ഉപയോഗിച്ചതായി കണ്ടെത്തി.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും നിയമങ്ങൾ കർശനമായി നടപ്പാക്കാനും നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
National
അമൃത്സർ: പഞ്ചാബിലെ ചണ്ഡീഗഡിൽ ബിജെപി ആസ്ഥാനത്തിന് സമീപമുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ച്പേർ അറസ്റ്റിൽ. ചണ്ഡീഗഡ് പോലീസും പഞ്ചാബ് പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിംഗും സംയുക്തമായി നടത്തിയ പരിശോധനയിൽ ഗ്രനേഡ് ഉൾപ്പടെയുള്ള ആയുധങ്ങളും കണ്ടെടുത്തു.
ഷമി (ബൽവീന്ദർ ലാൽ), ജസി (ജസ്വിർ സിംഗ്), ചന്നി (ചരൺജിത് സിംഗ്), റൂബൽ ചൗഹാൻ, മൻദീപ് എന്ന അഭിജോത് ശർമ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഉൾപ്പെട്ട രണ്ട് പ്രധാന കുറ്റവാളികളായ ഗുർതേജ് സിംഗ്, അമൻപ്രീത് സിംഗ് എന്നിവർ ഒളിവിലാണ്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടന്നുവരികയാണ്.
പ്രാഥമിക അന്വേഷണത്തിൽ, സംഘത്തിന് പാക്കിസ്ഥാന്റെ ഐഎസ്ഐയുടെ പിന്തുണയുണ്ടെന്നും പോർച്ചുഗലിലും ജർമനിയിലുമുള്ളവരുടെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും കണ്ടെത്തി.
പ്രതികൾ ഹാൻഡ് ഗ്രനേഡുകൾ, ആയുധങ്ങൾ, വെടിയുണ്ടകൾ എന്നിവയ രാജ്യത്തേക്ക് കടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. പോർച്ചുഗല്ലിലുള്ള ബൽജോത് സിംഗ് എന്ന ജോട്ടിന്റെ നിർദേശപ്രകാരമാണ് പ്രതികൾ ആക്രമണം ഏകോപിപ്പിച്ചത്.
National
ലക്നോ: റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്ഫോടനങ്ങൾ നടത്താനും രാഷ്ട്രീയ നേതാക്കളെ വധിക്കാനും പദ്ധതിയിട്ട യുവാക്കളെ യുപി ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശി സാഖിബ് (ഡെവിൾ), അറബാബ്, വികാസ്, ലോകേഷ് എന്നിവരാണ് പിടിയിലായത്.
പിടിയിലായവർക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് അധികൃതർ പറഞ്ഞു. ലക്നോ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾ, സിഗ്നൽ സംവിധാനങ്ങൾ, ഗ്യാസ് സിലിണ്ടർ കൊണ്ടുപോകുന്ന ട്രക്കുകൾ എന്നിവ തകർത്ത് രാജ്യത്ത് ഭീതി പടർത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ചില പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ഇവർ നിരീക്ഷിച്ചു വരികയായിരുന്നു. പാക്കിസ്ഥാനിലെ ഐഎസ്ഐ ഹാൻഡ്ലർമാരുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് എടിഎസ് അറിയിച്ചു. സോഷ്യൽ മീഡിയ വഴിയും എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയുമാണ് ഇവർ പാക് ബന്ധം നിലനിർത്തിയിരുന്നത്.
National
ന്യൂഡൽഹി: ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ഡൽഹി അതിർത്തിയിൽ പടിയിലായി. ജമ്മു കാശ്മീരിലെ കംഗൻ ശ്രീനഗർ സ്വദേശിയായ ഷബീർ അഹമ്മദ് ലോൺ ആണ് അറസ്റ്റിലായത്. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലും കേന്ദ്ര ഏജൻസികളും നടത്തിയ അന്വേഷത്തിലാണ് ഇയാളെ പിടികൂടിയത്.
ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു ലക്ഷ്യം. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നു പ്രവർത്തനം. പാകിസ്ഥാന്റെ പങ്ക് മറച്ചുവയ്ക്കാൻ ബംഗ്ലാദേശി പൗരന്മാരെയും ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവരെയും ഉപയോഗിച്ച് ആക്രമണങ്ങൾക്കാണ് പദ്ധതിയിട്ടിരുന്നത്.
മുസാഫറാബാദിലെ ഭീകരവാദ ക്യാമ്പുകളിൽ നിന്ന് ഉന്നത പരിശീലനം ലഭിച്ച ഭീകരനാണ് ഷബീർ. ലഷ്കർ തലവൻമാരായ ഹാഫിസ് സയീദ്, സാക്കി ഉർറഹ്മാൻ ലഖ്വി എന്നിവരുമായി ഇയാൾക്ക് ഏറെ നാളത്തെ ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
2007ൽ എകെ-47 തോക്കുകളും ഗ്രനേഡുകളുമായി ഡൽഹിയിൽ നിന്നാണ് ഇയാൾ ആദ്യമായി അറസ്റ്റിലായത്. 2018 വരെ തിഹാർ ജയിലിൽ തടവിൽ കഴിഞ്ഞ ശേഷം പിന്നീട് ജാമ്യത്തിലിറങ്ങി ബംഗ്ലാദേശിൽ തിരിച്ചെത്തി. തുടർന്ന് ലഷ്കർ ശൃംഖലകൾ പുനർനിർമിക്കുകയും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലും ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ലഷ്കർ ബന്ധമുള്ള മോഡ്യുളുകളെ സുരക്ഷാ ഏജൻസികൾ തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് ഷബീർ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് റിക്രൂട്ട്മെന്റെ ചാനലുകൾ, ഫണ്ടിംഗ് നടന്ന വഴികൾ, ഇന്ത്യയിലെ മറ്റ് ലക്ഷ്യങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനായി കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്.
Kerala
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ യൂട്യൂബര്‍ യാസര്‍ എടപ്പാളിനെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തായിരുന്ന യാസറിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
ചൊവ്വാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. മൂന്നാം പ്രതിയാണ് യാസര്‍ എടപ്പാള്‍. കേസില്‍ കെ.എം.ഷാജഹാന്, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി.കെ.ഗോപാലകൃഷ്ണന് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇരുവര്‍ക്കും കേസില്‍ ജാമ്യം ലഭിച്ചിരുന്നു. അപവാദ പ്രചാരണം ചൂണ്ടിക്കാട്ടിയാണ് ഷൈന്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന വകുപ്പുകള്‍ ഉൾപ്പടെ ചുമത്തിയായിരുന്നു പോലീസ് കേസെടുത്തത്.
National
ബംഗളൂരു: ബംഗളൂരുവിൽ വീടിന് സമീപം പാർക്ക് ചെയ്ത കാർ രാജസ്ഥാനിൽ കണ്ടെത്തി. സംഭവത്തിൽ രാജസ്ഥാൻ സ്വദേശി ഹരിഭജൻ (24) പിടിയിലായി. ഏകദേശം എട്ട് ലക്ഷം രൂപ വിലമതിക്കുന്ന വാഹനം ബാലാജി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്.
വീടിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ വിൻഡോ ഗ്ലാസും വിൻഡോഷീൽഡും തകർത്ത ശേഷം ഹരിഭജൻ വയറുകൾ നേരിട്ട് ബന്ധിപ്പിച്ചാണ് സ്റ്റാർട്ട് ചെയ്ത് കടത്തിക്കൊണ്ടുപോയത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിലെ ബാർമറിൽ നിന്ന് വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ഹരിഭജന്റെ കുടുംബം മുന്‍പും നിരവധി വാഹന മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ബംഗളൂരു പോലുള്ള നഗരങ്ങളിൽ നിന്നും വാഹനങ്ങൾ മോഷ്ടിച്ച് രാജസ്ഥാനിലെത്തിച്ച് രേഖകളില്ലാതെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതാണ് ഇവരുടെ രീതി എന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: മദ്യലഹരിയിൽ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റിയ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കന്റോൺമെന്റ് ഗേറ്റ് വഴി സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച് കയറ്റുകയായിരുന്നു.
തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും ഇവർ നിർത്തിയില്ല. പിന്നീട് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. മൂന്ന് പേരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോൾ തെറ്റിപ്പോയതാണെന്നും സെക്രട്ടേറിയറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഇവർ മൊഴി നൽകി. എറണാകുളത്ത് നിന്ന് കഴക്കൂട്ടത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.
യുവാക്കൾക്കെതിരെ കേസെടുത്തെന്നും ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും കന്റോൺമെന്റ് പോലീസ് പറഞ്ഞു. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Kerala
കായംകുളം: മാരകായുധങ്ങളുമായി യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.
കായംകുളം കൃഷ്ണപുരം ദേശത്തിനകം ഓണമ്പള്ളിൽ വീട്ടിൽ ആദിൽ അഫ്സർ (20), കൃഷ്ണപുരം പുള്ളിക്കണക്ക് കളപ്പുരയ്ക്കൽ തെക്കതിൽ ലക്ഷം വീട്ടിൽ സക്കീർ എന്ന് വിളിക്കുന്ന മുഹമ്മദ് സഹീർ(21), പത്തിയൂർ എരുവ പടിഞ്ഞാറ് കുറ്റിത്തറ കിഴക്കതിൽ അജ്മൽ (20) എന്നിവരെയാണ് കായംകുളം പോലീസ് പിടികൂടിയത്.
കല്ലേലിഭാഗം സ്വദേശിയായ യുവാവിനേയും സുഹൃത്തുക്കളേയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും തലയ്ക്ക് മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഈമാസം ആറിന് പുലർച്ചെ കായംകുളം ഒഎൻകെ ജംഗ്ഷനിലെ ചായക്കടയ്ക്കു മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥലത്തു വച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ കൂട്ടമായി യുവാക്കൾ താമസിക്കുന്ന ലോഡ്ജിലെത്തി അവരെ വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളെ കോതമംഗലത്തു നിന്നാണ് കായംകുളം പോലീസ് പിടികൂടിയത്.
കേസിലെ രണ്ടാം പ്രതിയായ ആദിൽ അഫ്സർ വള്ളികുന്നം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളിൽ പ്രതിയാണന്ന് പോലീസ് പറഞ്ഞു. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ ഹരി, സിപിഒമാരായ അഖിൽ മുരളി, സബീഷ്, സോനു ജിത്ത്, അനു, അനന്തകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Kerala
കാസർഗോഡ്: കർണാടകയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പളയിൽ പോലീസ് നടത്തിയ പരിശോധനയിൽ തൃക്കരിപ്പൂർ സ്വദേശി സി.കെ.മുഹമ്മദ് സഫീറാണ് പിടിയിലായത്.
ഇയാളിൽ നിന്ന് 17,226 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പുകയില ഉൽപ്പന്നങ്ങൾ കർണാടകയിൽ നിന്നും കടത്തിക്കൊണ്ടുവന്ന് കേരളത്തിൽ വിൽക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
Kerala
കാസര്‍ഗോഡ്: വ്യാജ മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. കാസര്‍ഗോഡ് നാലത്തടുക്കയിലെ ജസീല ജീവനൊടുക്കിയ സംഭവത്തിൽ പൊവ്വല്‍ സ്വദേശി ആയിഷയാണ് അറസ്റ്റിലായത്.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ആയിഷയെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ജസീല ഒമ്പതു പവനോളം സ്വർണം മോഷ്ടിച്ചു എന്നായിരുന്നു ഭർത്താവിന്റെ വീട്ടിനടുത്തുള്ള അയൽ വീട്ടുകാർ ആരോപിച്ചിരുന്നത്. ഇതേത്തുടർന്ന് ജസീല കടുത്ത മാനസിക വിഷമത്തിലായിരുന്നു.
തുടർന്ന് ജീവനൊടുക്കുകയായിരുന്നു. ഇതിനു മുമ്പായി തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ ജസീല റെക്കോർഡ് ചെയ്തിരുന്നു. സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ചതിനുശേഷമാണ് ജസീല വിഷം കഴിച്ച് ജീവനൊടുക്കിയത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷണപരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ആയിഷയെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്.
Kerala
കൊച്ചി: ജാസ്ലിയ ജോണ്‍സന്റെ അപകടത്തില്‍ നീതി ആവശ്യപ്പെട്ട് വിദ്യാര്‍ഥിനിയുടെ കുടുംബവും അധ്യാപകരും. ജാസ്ലിയ കൊല്ലപ്പെട്ട് ആറു ദിവസം കഴിഞ്ഞിട്ടും പ്രതിയായ കോട്ടയം അതിരമ്പുഴ സ്വദേശിയായ സിറിയക് പി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് കുടുംബവും അധ്യാപകരും രംഗത്തെത്തിയത്.
പ്രതി വലിയ കുടുംബത്തിലെ ആളായതിനാലാണോ അറസ്റ്റ് ചെയ്യാത്തത്. സാധാരണക്കാരുടെ കുഞ്ഞുങ്ങളുടെ ജീവിതത്തിന് വിലയില്ലേ എന്നാണ് ജാസ്ലിയയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന പഞ്ചപ്പാവം ആയിരുന്നു മകള്‍. എല്ലാവര്ക്കും ഇഷ്ടമായിരുന്നു. പ്രതി ഡോക്ടര്‍ ആവുകയാണെങ്കില്‍ എത്ര പേരുടെ ജീവന് പൊലിയും.
വണ്ടി നിര്‍ത്തി മകളെ ആശുപത്രിയിലാക്കാനുള്ള മനസു പോലും കാണിച്ചില്ല. ഞങ്ങള്‍ക്ക് നീതി കിട്ടണമെന്നും അമ്മ പ്രതികരിച്ചു. ഇത്രയും ദിവസമായിട്ടും പ്രതിയെ പിടിക്കാതെ അവിടെയുണ്ട്, ഇവിടെയുണ്ട് എന്നാണ് പോലീസ് പറയുന്നതെന്നും ജാസ്ലിയയുടെ പിതാവ് പറഞ്ഞു.
പോലീസ് ഇത്രയും ദിവസം നോട്ടീസ് മാത്രം അയച്ച് പ്രതിക്കായി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴാണ് നാലു സ്ക്വാഡ് ആയി അന്വേഷണത്തിന് ഇറങ്ങിയത്. അപകടം നടന്ന ദിവസമോ പിറ്റേന്നോ പ്രതിയെ പിടിച്ചിരുന്നെങ്കില്‍ മദ്യപിച്ചാണോ എന്നതൊക്കെ കണ്ടുപിടിക്കാമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ജാസ്ലിയക്ക് നീതി കിട്ടണമെന്ന് അധ്യാപകരും വ്യക്തമാക്കി.
ഫെബ്രുവരി 28ന് ആണ് ജാസ്ലിയയുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്.
Kerala
തിരുവനന്തപുരം: സ്കൂൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്ന് അനധികൃത പിരിവ് നടത്തിയ പിടിഎ പ്രസിഡന്റും എക്സിക്യൂട്ടീവ് അംഗവും അറസ്റ്റിൽ. പൊങ്കാലയിടാൻ എത്തിയ ഭക്തരിൽ നിന്ന് പണം പിരിച്ച എസ്എംവി ഗവൺമെന്റ് സ്കൂൾ പിടിഎ പ്രസിഡന്റ് കർണനും മറ്റൊരാളുമാണ് പിടിയിലായത്.
ഒരു കാർ പാർക്ക് ചെയ്യുന്നതിനായി ഇവർ 400 രൂപ വാങ്ങിയെ ന്ന് പോലീസ് പറഞ്ഞു. തമ്പാനൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഇവരുവർക്കുമെതിരെ കേസെടുത്തു. സ്കൂൾ കോർപറേഷന്റെ നിയന്ത്രണത്തിലാണെന്നും പണം പിരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മേയർ വി.വി.രാജേഷ് പറഞ്ഞു.
പൊങ്കാലയോടനുബന്ധിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും പിരിവ് നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. പൊങ്കാലയിടാനെത്തുന്ന ഭക്തരിൽ നിന്ന് അനധികൃത പരിവ് നടത്തരുതെന്ന് കോർപറേഷൻ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
National
ബംഗളൂരു: ഡോക്യുമെന്ററി സംവിധായകനും കാസ്റ്റിംഗ് സെന്റർ ഉടമയുമായ അനീഷിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടിയടക്കം 11 പേർ പിടിയിൽ. ദുനിയ വിജയ് നായകനായ ഭീമയിൽ അഭിനയിച്ച നടി ഐശ്വര്യ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.
അനീഷിനെ നടി ഉൾപ്പെടുന്ന സംഘം മുംബൈയിൽ നിന്ന് ബംഗളൂരുവിലെത്തിച്ച് ക്രൂരമായി മർദിച്ചെന്നാണ് കേസ്. അനീഷിന് മുൻ പരിചയമുണ്ടായിരുന്ന ആശീർവാദ് എന്നയാളാണ് കൃത്യം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
ആശീർവാദ് കടമായി വാങ്ങിയ രണ്ടര ലക്ഷം രൂപ അനീഷിന് തിരികെ നൽകിയിരുന്നില്ല. തുടർന്ന് അനീഷ് തമിഴ്നാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
Kerala
കാസർഗോഡ്: അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കൈവിരൽ ഒടിച്ച് ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ.
ഹൊസബെട്ടുവിലെ മൊയ്നുദ്ദീൻ സമായെയാണ് (33) ഇന്ന് പുലർച്ചെ മഞ്ചേശ്വരം പോലീസ് മംഗളൂരു കല്ലാപ്പു പച്ചക്കറി മാർക്കറ്റിൽ വച്ച് അറസ്റ്റ് ചെയ്തത്. യുവതിയേയും യുവാവിനെയും ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകർത്തി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് മൊയ്നുദ്ദീൻ സമാ.
ജനുവരി 14ന് ഉച്ചയ്ക്ക് 12ന് ഹൊസങ്കടിയിലാണ് സംഭവം. ഉള്ളാൽ താലൂക്കിലെ കൈരങ്കള സ്വദേശി മുഹമ്മദ് ഹനീഫ് (41), പെൺ സുഹൃത്ത് ദക്ഷിണ കന്നഡ സ്വദേശിയായ 30കാരി എന്നിവരാണ് അക്രമണത്തിന് ഇരയായത്.
ഇരുവരും ഉണ്ടായിരുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ മൊയ്നുദ്ദീൻ ഉൾപ്പെടുന്ന സംഘം യുവാവിനേയും പെൺസുഹൃത്തിനേയും ഒരുമിച്ചിരുത്തി നഗ്ന ഫോട്ടോകളും വിഡിയോകളും പകർത്തി. തുടർന്ന് രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു.
പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 5,000 രൂപയും മൊബൈൽ ഫോണുമായി സംഘം കടന്നുകളയുകയായിരുന്നു. തുടർന്ന് യുവാവും യുവതിയും പോലീസിൽ പരാതി നൽകി.
പ്രതികൾ ഉണ്ടെന്ന് അറിഞ്ഞ് പോലീസ് മംഗളൂരുവിലെത്തി. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വനിതാ സിവിൽ പോലീസ് ഓഫിസറുടെ കൈവിരൽ ഒടിച്ച് മൊയ്നുദ്ദീൻ സമാൻ രക്ഷപ്പെടുകയായിരുന്നു.
കൂട്ടു പ്രതികളായ മഞ്ചേശ്വരം പിടാരര് മൂലയിൽ ഹാരിസ് (40), ബഡാജെ കജൂർ മാലിയിലെ ടി.കെ. മുഹമ്മദ് ഫൈസർ (43) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
Kerala
കണ്ണൂർ: ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടത് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ യുവാവിന്റെ അതിക്രമം. ലേബര്‍റൂം അടിച്ചു തകര്‍ത്ത കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.
ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ച റാഷിദിന്റെ ഭാര്യയെ അവരുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ബഹളം വച്ചത്. നഴ്സിംഗ് ഓഫീസര്‍ സനിലയെ ചീത്തവിളിക്കുകയും ലേബര്‍ റൂമിലെ വാതിലുകളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ക്കുകയുമായിരുന്നു.
അക്രമം നടത്തുന്നതിനിടെ പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ 15,000 രൂപയുടെ നാശനഷ്ടമുണ്ടായി. നഴ്സിംഗ് ഓഫീസര്‍ സനിലയുടെ പരാതിയിലാണ് കേസെടുത്തത്.
Kerala
തൃപ്പൂണിത്തുറ: സാമ്പത്തിക തട്ടിപ്പ് കേസില്‍ അഭിലാഷം സിനിമയുടെ സംവിധായകന് ഷംസുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമയുടെ ചെലവ് കൂട്ടിയെന്നും സിനിമയുടെ മാസ്റ്റര്‍ പ്രിന്റ് കൈക്കലാക്കി വഞ്ചിക്കുകയും ചെയ്തെന്ന നിര്‍മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
ഷംസുദ്ദീന് താമസിച്ചിരുന്ന കാക്കനാടുള്ള ( ഒലിവ്) ഫ്ളാറ്റില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രി പോലീസ് ഇയാളെ പിടികൂടിയത്. പോലീസെത്തിയപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയാണ് പോലീസ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്.
സംവിധായകന് ഉള്‍പ്പെടെ ആറുപേര്‍ക്ക് എതിരെയായിരുന്നു കേസ്. ഏകദേശം നാലു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ക്രമക്കേടിലൂടെ നിര്‍മാതാവിന്റെ സ്ഥാപനത്തിന് നേരിട്ട് 97 ലക്ഷം രൂപയുടെ നഷ്ടവും പ്രതീക്ഷിച്ചിരുന്ന ലാഭമടക്കം ഏകദേശം നാലുകോടി രൂപയുടെ ആകെ നഷ്ടവും ഉണ്ടായെന്ന നിര്‍മാണ കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണറുടെ പരാതിയിലായിരുന്നു ഹില്‍പാലസ് പോലീസ് കേസെടുത്തിരുന്നത്.
NRI
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ നിരത്തുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം നടത്തിയ വ്യാപക പരിശോധനയില്‍ രണ്ടായിരത്തോളം ഡ്രൈവര്‍മാരെയും വാഹനങ്ങളെയും പിടികൂടി.
ഫെഡറല്‍ മോട്ടോര്‍ കാരിയര്‍ സേഫ്റ്റി അഡ്മിനിസ്ട്രേഷന് നടത്തിയ "ഓപ്പറേഷന് സേഫ് ഡ്രൈവ്' എന്ന പദ്ധതിയിലൂടെയാണ് നടപടി. ജനുവരി 13 മുതല്‍ 15 വരെ നടന്ന മൂന്ന് ദിവസത്തെ പരിശോധനയുടെ വിവരങ്ങള്‍ ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി ഈ മാസം ഒമ്പതിനാണ് പുറത്തുവിട്ടത്.
പിടികൂടിയവരില്‍ ഏകദേശം 500-ഓളം ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിയെടുത്തത് അവര്‍ക്ക് അടിസ്ഥാനപരമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇല്ലാത്തതിനാലാണ്. റോഡ് ചിഹ്നങ്ങള്‍ വായിക്കാനും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും കഴിയാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
8,215 പരിശോധനകളിലായി 704 ഡ്രൈവര്‍മാരെയും 1,231 വാഹനങ്ങളെയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. മദ്യപിച്ച് വണ്ടിയോടിച്ചതിനും രാജ്യത്ത് അനധികൃതമായി താമസിച്ചതിനുമായി 56 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അമേരിക്കന്‍ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും റോഡ് അപകടങ്ങള്‍ കുറയ്ക്കാനും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് ഷോണ്‍ ഡഫി വ്യക്തമാക്കി. അടുത്തിടെ നടന്ന പല വാഹനാപകടങ്ങളിലും അനധികൃത കുടിയേറ്റക്കാരായ ഡ്രൈവര്‍മാര്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണ് കര്‍ശന നടപടി.
Kerala
കൊല്ലം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പരവൂർ കൂനയിൽ സ്വദേശി രാജിത്ത് (28) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പ്രതി യുവതിയുടെ വീടിന്റെ ജനൽ പൊളിച്ച് ഉള്ളിൽ കയറിയത്. തുടർന്ന് ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു. യുവതി ഉണർന്നതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ നരഹത്യശ്രമം, എൻഡിപിഎസ് തുടങ്ങിയ കേസുകളും നിലവിലുണ്ട്.
Kerala
കൊച്ചി: മരട് നഗരസഭയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ റവന്യൂ ഇന്‍സ്പെക്ടര്‍ സൈജു പിടിയില്‍. 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സൈജു പിടിയിലായത്. കെട്ടിട പെര്‍മിറ്റ് നല്‍കുന്നതിനായാണ് സൈജു കൈക്കൂലി ആവശ്യപ്പെട്ടത്. തൃപ്പൂണിത്തുറ ഗാന്ധി സ്ക്വയറില്‍ താമസിക്കുന്ന ഒരു യുവതിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്.
വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായാണ് യുവതി നഗരസഭയെ സമീപിച്ചത്. സൈജു സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ സൈജു 2000 രൂപ കൈക്കൂലി വാങ്ങി. കാര്യങ്ങള്‍ ശരിയാക്കാത്തതിനാല്‍ യുവതി വീണ്ടും സമീപച്ചപ്പോള്‍ 3000 രൂപ കൂടി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്നാണ് യുവതി വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം പണം നല്കി. ഇതിനിടെ വിജിലന്‍സ് എത്തി കൈക്കൂലി നല്കിയ പണം പിടിക്കുകയായിരുന്നു. അതേസമയം, ആറു മാസം മുമ്പാണ് സൈജു മരട് നഗരസഭയില്‍ സ്ഥലം മാറി വന്നത്. ഇതിനിടയില്‍ ഇയാള്‍ക്കെതിരെ പലതവണ പരാതികള്‍ വന്നിരുന്നു.
Kerala
പത്തനംതിട്ട: ഗുണ്ടാ പിരിവ് നൽകാൻ വിസമ്മതിച്ചതിന് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതി ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാപ്പ കേസ് പ്രതി തിരുവല്ല കുറ്റപ്പുഴ പാപ്പാനവേലിൽ ‘മരണം സുബിൻ’ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ (27), മുപ്പിരിയിൽ ബെർലിൻദാസ് (38) എന്നിവരാണ് അറസ്റ്റിലായത്.
ഒളിവിലുള്ള മറ്റ് മൂന്ന് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ഇതിൽ ഒരാൾ കൂടി പിടിയിലായതായി സൂചനയുണ്ട്.
പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ, സ്പായിൽനിന്ന് 25,000 രൂപ ബലംപ്രയോഗിച്ച് തട്ടിയെടുത്താണ് മടങ്ങിയത്. 50,000 രൂപയാണ് പ്രതികൾ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടത്.
10,000 രൂപ നൽകാമെന്ന് ഉടമ സമ്മതിച്ചെങ്കിലും അത് പോരെന്ന് പറഞ്ഞ് റിസപ്ഷനിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാളെ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നിനാണ് സംഭവം. അന്നുതന്നെ സ്പാ ജീവനക്കാരി പോലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം, മോഷണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി 11 കേസുകളിൽ പ്രതിയാണ് സുബിൻ. കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന ഇയാൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ബെർലിൻ ദേഹോപദ്രവക്കേസിൽ പ്രതിയാണ്.
National
ജയ്പുർ: കാമുകന്റെ കൂടെ ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. കഴിഞ്ഞ 30ന് നടന്ന സംഭവത്തിൽ രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ സ്വദേശിയായ ആഷിഷാണ് കൊല്ലപ്പെട്ടത്.
കേസിൽ ആഷിന്റെ ഭാര്യ അഞ്ജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം വാഹനാപകടമാണെന്ന് കരുതിയ സംഭവമാണ് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്. മൂന്നു മാസങ്ങൾക്കു മുമ്പാണ് ആഷിഷും അഞ്ജുവും വിവാഹിതരായത്.
നടക്കാൻ പോകുന്നതിനിടെ തങ്ങളെ ഒരു വാഹനം ഇടിച്ചെന്നും ഭർത്താവ് മരണപ്പെട്ടുവെന്നുമാണ് യുവതി മൊഴി നൽകിയത്. കാറിലുള്ളവർ തന്റെ സ്വർണാഭാരണങ്ങളും മറ്റും കവർന്നുവെന്നും ഇവർ പറഞ്ഞിരുന്നു.
ആഷിഷിന്റെ ശരീരത്തിൽ വാഹനാപകടത്തിന് പുറമെ കണ്ട പരിക്കുകളിൽ പോലീസിന് നേരത്തേ തന്നെ സംശയം തോന്നിയിരുന്നു. മെഡിക്കൽ റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചതിനെ തുടർന്നാണ് ആഷിഷ് മരിച്ചതെന്നും വ്യക്തമായതോടെ സംശയം അഞ്ജുവിലേക്ക് നീളുകയായിരുന്നു.
എന്നാൽ അപകടത്തിലും ആഭരണങ്ങൾ കൈക്കലാക്കാനുള്ള ശ്രമങ്ങൾക്കിടയിലും അഞ്ജുവിന് കാര്യമായ പരിക്കുകളില്ലാതിരുന്നതും സംശയം ബലപ്പെടുത്തി. തുടർന്ന് വിശദമായ അന്വേഷണത്തിനുശേഷം നടത്തിയ ചോദ്യം ചെയ്യലിൽ അഞ്ജു കുറ്റം സമ്മതിക്കുകയായിരുന്നു.
തന്നെ കൊള്ളയടിച്ചെന്ന് വരുത്തിത്തീർക്കാൻ അഞ്ജു ആഭരണങ്ങളും മറ്റും കാമുകനായ സഞ്ജുവിന് നൽകിയിരുന്നു. സംഭവ ദിവസം നടക്കാൻ പോയ ആഷിഷിനെ അഞ്ജുവിന്റെ കാമുകൻ രോഹിത്തും സുഹൃത്ത് സിദ്ധാർഥും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് വാഹനാപകടമെന്ന് വരുത്തിത്തീർക്കാൻ കാറിടിപ്പിക്കുകയായിരുന്നു.
Kerala
കൊല്ലം: മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തതിന് പോലീസിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കൊട്ടാരക്കരയിൽ വച്ച് കൺട്രോൾ റൂം എസ്ഐ രാജേഷ് കുമാർ, സിപിഒ നിക്സൺ എന്നിവരെ ആക്രമിക്കാൻ ശ്രമിച്ച വെങ്കിടേഷ്, മനീഷ് എന്നിവരാണ് പിടിയിലായത്.
മദ്യപിച്ച് രണ്ട് പേർ വാഹനത്തിൽ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കൊട്ടാരക്കര റെയിൽവേ ഓവർ ബ്രിഡ്ജിൽവച്ച് പോലീസ് ഇവരെ തടയുകയായിരുന്നു. തുടർന്ന് പ്രകോപിതരയി പ്രതികൾ പോലീസുകാരെ അസഭ്യം വിളിക്കുകയും എസ്ഐയുടെ ഷർട്ട് വലിച്ചു കീറാൻ ശ്രമിക്കുകയുമായിരുന്നു.
ഇത് തടയാനെത്തിയ സിപിഒയെ പ്രതികൾ കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച പ്രതികൾ സെല്ലിൽ കിടന്നും പോലീസുകാരെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
Kerala
പത്തനംതിട്ട: ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്ത്തകന് ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് പിൻ തുടർന്ന് പിടികൂടി. ഞായറാഴ്ച പുലർച്ചെ റാന്നി പെരുമ്പുഴ പാലത്തിന് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് സഞ്ജു മനോജ് (24) മുഹമ്മദ് ആഷിഖ് (19) എന്നിവർ പിടിയിലായത്.
സഞ്ജു ഇന്നു നടക്കുന്ന ഡിവൈഎഫ്ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കേണ്ട ആളായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരുടെ കാര്‍ കുറുകെ പോലീസ് വാഹനം നിര്‍ത്തി തടഞ്ഞിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
പിടികൂടിയ ഉടന്‍ തന്നെ ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സിഐ കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള സഞ്ജുവിന്റെ ഫോണിലേക്ക് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് വിളിച്ചപ്പോഴാണ് കസ്റ്റഡിയിലായ വിവരം അറിഞ്ഞത്.
Kerala
കൽപ്പറ്റ: മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട. 31 ലക്ഷം രൂപയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കേരള-കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടിയില്‍ നടത്തിയ വാഹനപരിശോധനയിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് സാമറിനാണ് പിടിയിലായത്.
ഞായറാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് സാമറിന്‍. എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ സംശയം തോന്നിയ യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് രേഖകളില്ലാതെ കടത്തിയ പണം കണ്ടെത്തിയത്.
പണം കൊടുവള്ളിയിൽ ഒരാൾക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന് ഇയാൾ മൊഴി നൽകി. തുടര്‍നടപടികള്‍ക്കായി പണം ആദായ നികുതി വകുപ്പിന് കൈമാറുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
National
ബംഗളൂരു: കൊറിയൻ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ വിമാനത്താവള ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 19ന് ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ അഫാൻ അഹമ്മദാണ് പിടിയിലായത്.
ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ യുവതിയുടെ ബാഗേജ് പരിശോധിച്ചത് അഫാൻ അഹമ്മദായിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ നിന്നും ബീപ് ശബ്ദം കേട്ടതോടെ കൂടുതൽ പരിശോധന നടത്തണമെന്ന് അഫാൻ ആവശ്യപ്പെട്ടു.
തുടർന്ന് പുരുഷന്മാരുടെ വിശ്രമമുറിയിലേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് ലൈംഗികാതിക്രമ ശ്രമമുണ്ടായെന്നും യുവതി പറഞ്ഞു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
Kerala
തിരുവനന്തപുരം: ഡോക്ടറെ അസഭ്യം വിളിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മലയിൻകീഴ് താലൂക്ക് ആശുപത്രിയിലുണ്ടായ സംഭവത്തിൽ പൂവാർ കരുംകുളം സ്വദേശി എസ്.ആദർശാണ് പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ആദർശ് മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഈ സമയം ഡ്യൂട്ടി ഡോക്ടർ സീറ്റിലുണ്ടായിരുന്നില്ല.
തുടർന്ന് ഡോക്ടറെയും മറ്റ് ജീവനക്കാരെയും ഇയാൾ അസഭ്യം വിളിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഡോക്ടറെ അധിക്ഷേപിച്ചതിനും ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തിയതിനും വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തെന്ന് മലയിൻകീഴ് പോലീസ് പറഞ്ഞു.
NRI
ന്യൂജഴ്സി: സ്വന്തം മക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജ യുഎസിൽ അറസ്റ്റിൽ. ഹിൽസ്ബറോയിലെ വസതിയിൽ അഞ്ചും ഏഴും വയസുള്ള മക്കളെ മരിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിയദർശിനി നടരാജനെ (35) പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളുടെ പിതാവാണ് അബോധാവസ്ഥയിൽ കിടക്കുന്ന മക്കളെ കണ്ടത്. തുടർന്ന് ഇദ്ദേഹം വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ഷെൽ കോർട്ടിലെ വീട്ടിലെത്തിയ പോലീസ് കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിയദർശിനി പിടിയിലായത്.
ഇവരെ അറസ്റ്റ് ചെയ്ത് സോമർസെറ്റ് കൗണ്ടി ജയിലിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Kerala
കോഴഞ്ചേരി: ബംഗളൂരുവില്‍ നിന്നും വില്പനയ്ക്കായി എംഡിഎംഎ എത്തിച്ചു നല്കിയ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂര്‍ പുന്നക്കപ്പടി പാമ്പാടിമണ്ണില്‍ ഷിനോ ബി. ഏബ്രഹാം (27) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒക്ടോബര്‍ 23നു കടത്തിക്കൊണ്ടുവന്ന 20.848 ഗ്രാം എംഡിഎംഎ യുമായി ആറന്മുള സ്വദേശിയായ തുണ്ടുമണ്ണില്‍ വീട്ടില്‍ രാഹുല്‍ മോഹനെ(31) മാരാമണ്‍ നെടുംപ്രയാറിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും കോയിപ്രം പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാജീവ് പിടികൂടിയിരുന്നു.
തുടര്‍ന്ന് ലഹരിമരുന്നിന്റെ ലഭ്യതയെ സംബന്ധിച്ചു കോയിപ്രം പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നിരന്തര അന്വേഷണം നടത്തിയതില്‍ അന്വേഷണം ഷിനോയിലേക്ക് എത്തുകയായിരുന്നു. ഷിനോയാണ് ബംഗളൂരുവില്‍ നിന്നും രാഹുലിന് എംഡിഎംഎ എത്തിച്ചു നല്‍കിയിരുന്നതെന്ന വിവരം ലഭിച്ചു.
വീട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത സമയം പ്രതിയില്‍ നിന്നും കഞ്ചാവ് കണ്ടെടുത്തതിനെ തുടര്‍ന്ന് ആറന്മുള പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ സുനി മോന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രാജീവ്, സിപിഒമാരായ ജയേഷ്, പരശുറാം, അഖില്‍, ബിനു, ജിതിന് എന്നിവരടങ്ങിയ സംഘമാണ് ഷിനോയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു
Kerala
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ എസ്ഐയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം കവർന്ന യുവാവ് പിടിയിൽ. മാളികപ്പുറം 15-ാം നമ്പർ അരവണ കൗണ്ടറിലെ ജീവനക്കാരൻ മാവേലിക്കര കണ്ടിയൂർ അറയ്ക്കൽ തെക്കതിൽ ജിഷ്ണു സജികുമാറിനെയാണ് ദേവസ്വം വിജിലൻസ് പിടികൂടിയത്.
തമിഴ്നാട്ടിൽനിന്ന് ദർശനത്തിനെത്തിയ ചെന്നൈയിലെ എസ്ഐ വടിവേലിന്റെ എടിഎം കാർഡ് ഉപയോഗിച്ച് ഇയാൾ 10,000 രൂപ കവരുകയായിരുന്നു. സന്നിധാനത്തെ കൗണ്ടറുകളിൽ അപ്പം, അരവണ എന്നിവ നൽകുന്നത് ധനലക്ഷ്മി ബാങ്ക് നിയോഗിച്ചിട്ടുള്ള ഒരു സ്വകാര്യകമ്പനിയാണ്. ഈ കമ്പനിയിലെ ജീവനക്കാരനാണ് ജിഷ്ണു.
വടിവേൽ അപ്പവും അരവണയും പ്രസാദവും വാങ്ങിയശേഷം എടിഎം കാർഡ് സ്വൈപ്പ് ചെയ്യാൻ ജിഷ്ണുവിന് നൽകി. ഈ സമയം ജിഷ്ണു രഹസ്യ പിൻ നമ്പർ മനസിലാക്കി. സ്വൈപ്പ് ചെയ്യാൻ നൽകിയ കാർഡിന് പകരം കൈയിൽ കരുതിയ മറ്റൊരു കാർഡാണ് ഇയാൾ എസ്എക്ക് തിരിച്ചുനൽകിയത്.
ഇതറിയാതെ എസ്എയും സംഘവും ദർശനം കഴിഞ്ഞ് മടങ്ങി. തുടർന്ന് ജിഷ്ണു മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് സന്നിധാനത്തെ ധനലക്ഷ്മി ബാങ്ക് ശാഖയിൽനിന്ന് 10,000 രൂപ പിൻവലിച്ചു.
പണം പിൻവലിച്ചെന്ന സന്ദേശം എസ്എയുടെ മൊബൈൽ ഫോണിൽ ലഭിച്ചതോടെയാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Kerala
കണ്ണൂര്‍: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കൊള്ളയിൽ തന്ത്രിക്കും മന്ത്രിക്കും പങ്കുണ്ട്. ഇരുവരും ചേർന്നുള്ള കൂട്ടുകച്ചവടമാണ് ശബരിമലയിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയതും സംരക്ഷിച്ചതും ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. രാഷ്ട്രീയ നേതൃത്വത്തിനും ഉത്തരവാദിത്വമുണ്ട്. തന്ത്രിയേക്കാള്‍ മുകളിലാണ് ദേവസ്വം ബോര്‍ഡ്. തന്ത്രിയെ മന്ത്രിയായിരുന്നു നിയന്ത്രിക്കേണ്ടിയിരുന്നത്.
മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ട് എന്തായി. അതിന്റെ ഫലമെന്തെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്കും വിശ്വാസികൾക്കും അവകാശമുണ്ട്. തനിക്ക് പറയാനുള്ളത് എസ്ഐടി കേട്ടുവെന്നാണ് കടകംപള്ളി പറഞ്ഞത്.
അദ്ദേഹത്തിന്റെ അഭിമുഖം രേഖപ്പെടുത്താനാണോ അന്വേഷണ സംഘം എത്തിയത്. കേസിൽ ഉന്നതരെ പിടികൂടേണ്ടതുണ്ടെന്ന് ഹൈക്കോടതി ആവർത്തിച്ച് പറഞ്ഞു. ഉന്നതരുടെ നിർദേശം ഇല്ലാതെ സ്വർണം മോഷ്ടിക്കാൻ കഴിയില്ല.
അന്തർദേശീയ ബന്ധമുള്ള കൊള്ളയാണ് നടന്നത്. വരും ദിവസങ്ങളിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്. ശബരിമല വിഷയത്തില്‍ പാർട്ടി നിലപാട് പറഞ്ഞിട്ടുണ്ട്. കുറ്റവാളികള്‍ ആരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും.
കുറച്ച് സമയമെടുത്തായാലും ശബരിമല സ്വര്‍ണക്കൊള്ളയിലെ എല്ലാ വിവരങ്ങളും പുറത്തുവരും. കളവ് പറയാന്‍ എളുപ്പമാണ്. പക്ഷെ സത്യം ചെയ്ത് കാണിച്ച് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അല്പം കാലതാമസമുണ്ടാകും. തന്ത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായതിനാലാകാം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ആരെയും രക്ഷിക്കാന്‍ സര്‍ക്കാരോ പാര്‍ട്ടിയോ ഉദ്ദേശിക്കുന്നില്ല. തങ്ങളുടെ കൈകള്‍ ശുദ്ധമാണ്. തന്ത്രിയെ ദൈവതുല്യനെന്ന് പത്മകുമാര്‍ വിളിച്ചെങ്കില്‍ അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ടി.പി.രാമകൃഷ്ണന് പറഞ്ഞു.
കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ അടുത്ത് എങ്ങനെയെത്തി. കോൺഗ്രസിലെ പ്രമുഖ നേതാക്കൾക്ക് പോലും അവിടെ എത്തിച്ചേരാൻ കഴിയുന്നില്ല. സ്വർണക്കൊള്ളയിൽ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് പറയുന്നില്ല.
പോറ്റി എങ്ങനെ സോണിയ ഗാന്ധിയുടെ അടുത്തുവരെ എത്തിയെന്ന ചോദ്യത്തിന് ഉത്തരം വേണം. ഇതിനെക്കുറിച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതികരിക്കണമെന്നും ടി.പി.രാമകൃഷ്ണന് പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ പ്രതികരണവുമായി തന്ത്രി കണ്ഠരര് രാജീവര്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മെഡിക്കൽ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
ആരെങ്കിലും കുടുക്കിയതാണോയെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ സ്വാമി ശരണമെന്ന മറുപടിയുമാണ് തന്ത്രി നൽകിയത്. മെഡിക്കൽ പരിശോധ പൂർത്തിയാക്കി തന്ത്രിയെ കോടതിയിൽ ഹാജരാക്കാനായി കൊട്ടാരക്കരയിലേക്കു കൊണ്ടുപോയി.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി രാജീവർക്ക് അടുപ്പമുണ്ടായിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് സൂചന. തന്ത്രിക്ക് പോറ്റിയുമായി അടുപ്പമുണ്ടായിരുന്നെന്ന് മറ്റു പ്രതികൾ മൊഴി നൽകിയിരുന്നു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിൽ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍. തന്ത്രി തന്റെ ബന്ധുവാണ്. ജീവിതത്തിൽ ഇതുവരെ ബ്ലാക്ക് മാർക്ക് കേൾപ്പിക്കാത്ത വ്യക്തിയാണ് കണ്ഠരര് രാജീവരെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു.
ശബരിമലയിലെ ഭരണപരമായ വീഴ്ചയ്ക്ക് തന്ത്രിയെ ബലിയാടാക്കി മറ്റാരെയെങ്കിലും രക്ഷപെടുത്താനാകുമെന്ന് വിചാരിച്ചു ചെയുന്നതാണോ എന്നറിയില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ജീവിതത്തിൽ ഇന്നേവരെ അദ്ദേഹം ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല. ഒരു കുറ്റവും പഴിയും കേൾപ്പിച്ചിട്ടില്ല.
ബ്രാഹ്മണ സംഘടനകള്‍, ഹിന്ദു സംഘടനകള്‍, വിശ്വാസ സംഘടനകള്‍ എന്നിവരുമായി സംസാരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തന്ത്രികുടുംബാംഗം കൂടിയായ രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ശബരിമല കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഒമ്പത് ഇടക്കാല വിധികളില്‍ ഒന്നില്‍ പോലും കണ്ഠരര് രാജീവരെ കുറിച്ച് പരാമര്‍ശമില്ല.
തന്ത്രിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുത്. എല്ലാവര്ക്കും നീതി വേണമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയത്.