ന്യൂഡൽഹി: ഡൽഹിയിലെ സുൽത്താൻപുരിയിൽ കൗമാരക്കാരനെ കുത്തിക്കൊന്നു. അയൽവാസികളായ മറ്റ് കുട്ടികളുമായി നേരത്തെ ഉണ്ടായ നിസാര തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നത്.
തിങ്കളാഴ്ച വൈകുന്നേരം നാല് പേരടങ്ങുന്ന സംഘം കുട്ടിയെ തടഞ്ഞുനിർത്തുകയും സംഘർഷമുണ്ടാവുകയും ചെയ്തു. ഇതേ തുടർന്ന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു. കണ്ടു നിന്ന നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കായി തിരച്ചിൽ നടക്കുകയാണ്. സമീപവാസികളിൽ നിന്ന് മൊഴികൾ രേഖപ്പെടുത്തി വരുന്നു.