അടിമാലി: നളന്ദ ബുക്ക് സ്റ്റാളിന്റെ ഗോഡൗണിൽനിന്നു ബുക്കുകൾ മോഷ്ടിക്കുന്നതിനിടെ രണ്ടു പേർ പിടിയിലായി. സ്ഥാപനത്തിലെ ജോലിക്കാരായ രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടിമാലിയിൽ വാടകയ്ക്ക് താമസിക്കുന്ന ബൈസൺവാലി സ്വദേശി മുത്തുവേലിൽ പ്രദീപ് (38), മച്ചിപ്ലാവ് സ്വദേശി മുട്ടുചിറയിൽ ജസ്റ്റിൻ (28) എന്നിവരാണ് പിടിയിലായത്.
ബുക്കുകൾ കാറിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. 20,000 രൂപ വിലമതിക്കുന്ന നോട്ട്ബുക്കുകളാണ് കടത്താൻ ശ്രമിച്ചത്. വർഷങ്ങളായി അടിമാലിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നളന്ദ ബുക്ക് സ്റ്റാൾ. ഒന്നര മാസം മുമ്പ് ഗോഡൗണിൽനിന്നു നാലര ലക്ഷം രൂപയുടെ ബുക്കുകൾ നഷ്ടപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അടിമാലി പോലീസ് സ്റ്റേഷനിൽ സ്ഥാപന ഉടമയായ റെജികുമാർ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അടിമാലി ജെന്ന റെസിഡൻസി റോഡിൽ പോലീസ് പരിശോധന നടത്തുന്പോൾ നളന്ദ ബുക്ക് സ്റ്റാളിന്റെ ഗോഡൗണിന്റെ ഷട്ടർ പെട്ടെന്ന് അടച്ചുപൂട്ടി പ്രദീപ് കാറിൽ കയറുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ പോലീസ് പ്രദീപിന്റെ കാർ പരിശോധിച്ചപ്പോൾ നാലുകെട്ട് നോട്ടുബുക്കുകൾ കണ്ടെത്തി. തുടർന്ന് പോലീസ് പ്രദീപിനെ ചോദ്യംചെയ്തപ്പോൾ നളന്ദ ബുക്ക് സ്റ്റാളിലെ ജീവനക്കാരനാണെന്ന് പ്രദീപ് പറഞ്ഞു. തുടർന്ന് സ്ഥാപന ഉടമ റെജികുമാറിനെ പോലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മോഷണം വ്യക്തമായത്. പ്രതിയെ ചോദ്യം ചെയ്തപ്പോൾ നിലവിൽ കടയിലെ ജീവനക്കാരനായ ജെസ്റ്റിനാണ് ഗോഡൗണിന്റെ താക്കോൽ നൽകിയതെന്ന് പറഞ്ഞു. നളന്ദ ബുക്ക് സ്റ്റാളിൽ എത്തി ജസ്റ്റിനെ ചോദ്യം ചെയ്തതോടെ താക്കോൽ നൽകിയത് താനാണെന്ന് പോലീസിനോട് സമ്മതിച്ചു. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Tags : arrest Nattuvishesham District News