International
ഏകദേശം 3,300 വർഷങ്ങൾക്കു മുൻപ്, പുരാതന സിറിയൻ മണ്ണിൽ ആധിപത്യം ഉറപ്പിക്കാൻ രണ്ടു വൻ ശക്തികളുടെ അതിരൂക്ഷ പോരാട്ടം നടന്നു. അനാറ്റോളിയയിലെ ഭരണാധികാരിയായ മുവതാലിസ് രാജാവിന്റെ നേതൃത്വത്തിലുള്ള ഹിറ്റൈറ്റുകളും, റാംസെസ് രണ്ടാമൻ ഫറവോയുടെ കീഴിലുള്ള ഈജിപ്റ്റുകാരുമായിരുന്നു അവർ. തന്റെ സാമ്രാജ്യത്തിന്റെ വിസ്തൃതി വ്യാപിപ്പിക്കാൻ ഹിറ്റൈറ്റുകളുടെ അധീനതയിലുള്ള പ്രവിശ്യയിലേക്ക് ഫറവോയുടെ സൈന്യം അധിനിവേശം നടത്തുകയായിരുന്നു. പതിനായിരക്കണക്കിനു ഭടന്മാരും രഥങ്ങളും പങ്കെടുത്ത മഹായുദ്ധമായിരുന്നു കഡെഷിൽ അരങ്ങേറിയത്. സൈനികബലത്തിൽ തുല്യശക്തികളായ ഇരു രാജ്യങ്ങളും ഒടുവിൽ സമാധാന ഉടന്പടിയിലേക്ക് എത്തുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ 'കഡെഷ് സമാധാന ഉടന്പടി' ഒപ്പിടുകയും ചെയ്തു.
ഈ 'കഡെഷ് സമാധാന ഉടമ്പടി'യുടെ പുതിയൊരു മൺഫലക കഷ്ണം പുരാവസ്തു ഗവേഷകർ തുർക്കിയിൽ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. ലോക ചരിത്രത്തിൽ, ഇന്നു ലഭ്യമായിട്ടുള്ളതിൽ ഏറ്റഴും പഴക്കമുള്ള അന്താരാഷ്ട്ര സമാധാന ഉടമ്പടിയാണിത്. തുർക്കിയിലെ കോറം പ്രവിശ്യയിലുള്ള, പഴയ ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹത്തുസയിലെ ബ്യൂക്കാലെ കൊട്ടാര അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് അക്കാഡിയൻ ക്യൂണിഫോം ലിപിയിൽ എഴുതപ്പെട്ട അപൂർവ ശേഷിപ്പ് ഖനനത്തിലൂടെ കണ്ടെത്തിയത്.
ഏകദേശം 3,300 വർഷങ്ങൾക്ക് മുമ്പ്, ഈജിപ്ഷ്യൻ ഫറവോ റാംസെസ് രണ്ടാമനും ഹിറ്റൈറ്റ് ഭരണാധികാരി മുവതാലിസിന്റെ പിൻഗാമിയായ ഹത്തുസിലി മൂന്നാമനും തമ്മിൽ ഒപ്പുവച്ചതാണു ചരിത്രപ്രസിദ്ധമായ കഡെഷ് സമാധാന ഉടമ്പടി. പുരാതന സിറിയൻ പ്രദേശങ്ങളുടെ ആധിപത്യത്തിനായി ഹിറ്റൈറ്റുകളും ഈജിപ്തുകാരും തമ്മിൽ നടന്ന രക്തരൂഷിതമായ കഡെഷ് യുദ്ധത്തിനുശേഷമാണ് ഇരു രാജ്യങ്ങളും തമ്മിൽ ഈ ശാശ്വത സമാധാന കരാറിലെത്തുന്നത്. യഥാർഥ ഉടമ്പടി വെള്ളി ഫലകങ്ങളിലാണു നിർമിക്കപ്പെട്ടിരുന്നതെങ്കിലും, അവ കാലക്രമേണ നഷ്ടപ്പെട്ടു. എന്നാൽ മൺഫലകങ്ങളിലും ആരാധനാലയങ്ങളുടെ ചുവരുകളിലുമുള്ള പകർപ്പുകൾ നിലനിൽക്കുകയുമായിരുന്നു.
International
ഈജിപ്റ്റിലെ കെയ്റോ നഗരത്തിനു തെക്ക് സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ സഖാറ ശ്മശാനഭൂമിയിൽനിന്ന് 4,000-ലേറെ വർഷം പഴക്കമുള്ള, ഉന്നത പദവിയലങ്കരിച്ചിരുന്ന ഉദ്യോഗസ്ഥന്റെ അപൂര്വ കല്ലറ പുരാവസ്തു ഗവേഷകര് കണ്ടെത്തി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള പ്രദേശത്ത് ഈജിപ്ഷ്യന് പുരാവസ്തു മിഷന് നടത്തിയ ഖനനത്തിലാണു ശാസ്ത്രലോകത്തെ ആവേശത്തിലാഴ്ത്തിയ സുപ്രധാന കണ്ടെത്തല്.
സാമ്രാജ്യത്വ കാലഘട്ടത്തില് ജീവിച്ചിരുന്ന സെഖെന്തിയു താഹ് എന്ന പ്രമുഖ ഉദ്യോഗസ്ഥന്റേതാണ് ഈ കല്ലറ. ഭൗതികലോകത്തില്നിന്നു പരലോകത്തേക്ക് ആത്മാവിനു സഞ്ചരിക്കാനുള്ള പ്രതീകാത്മക കവാടമെന്നു പുരാതന ഈജിപ്റ്റുകാര് വിശ്വസിച്ചിരുന്ന വാതില് കേടുപാടുകൾ കൂടാതെ കണ്ടെത്തിയിട്ടുണ്ട്. വാതിലിനു തൊട്ടുമുന്നിലായി അലബാസ്റ്റര് കല്ലില് തീര്ത്ത യാഗപീഠം, യാഗതളിക, പാത്രങ്ങൾ, ജഗ്ഗ് എന്നിവ അടങ്ങിയ അപൂര്വ ശേഖരവും കണ്ടെത്തി. ആയിരക്കണക്കിനു വര്ഷങ്ങള്ക്കുശേഷവും ആചാര വസ്തുക്കള് അവയുടെ യഥാര്ഥ സ്ഥാനത്തുതന്നെ സ്ഥിതിചെയ്യുന്നുവെന്നത് പഴയ സാമ്രാജ്യത്വ കാലത്തെ സംസ്കാര ചടങ്ങുകളെയും ആചാരങ്ങളെയും കുറിച്ചു പഠിക്കാന് ഗവേഷകർക്കു വലിയ അവസരമാണു നല്കുന്നത്.
Kerala
കൊച്ചി: ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില് (ടിഫ്) ചരിത്രനേട്ടവുമായി സംജാദ് സംവിധാനം ചെയ്ത മലയാള ചിത്രം ഹാഫ്.
പ്രസിദ്ധമായ മിഡ്നൈറ്റ് മാഡ്നസ് വിഭാഗത്തില് പ്രദര്ശിപ്പിച്ച ആദ്യ മലയാള ചിത്രമായ ഹാഫിന്റെ പ്രദര്ശനത്തിനു തിയറ്ററില് ആവേശകരമായ പ്രതികരണമാണുണ്ടായത്. സെപ്റ്റംബര് 18ന് നടന്ന വേള്ഡ് പ്രീമിയറിന് പിന്നാലെ നടന്ന ചോദ്യോത്തര സെഷനിലും പ്രേക്ഷകരുടെ പങ്കാളിത്തം പ്രകടമായി.
ഫ്രാഗ്രന്റ് നേച്ചര് ഫിലിം ക്രിയേഷന്സിന്റെ ബാനറില് ആന് സജീവും പി.കെ. സജീവും ചേര്ന്നാണു ചിത്രം നിർമിച്ചിരിക്കുന്നത്. പാപ്പിനു ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും വിഷ്ണു ഗോവിന്ദ് ശബ്ദസംവിധാനവും നിർവഹിച്ചിരിക്കുന്നു. പ്രവീണ് വിശ്വനാഥും സംജാദും ചേര്ന്നാണു തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഹാഫിന്റെ ഉത്തരേന്ത്യന് പ്രദര്ശനവും വിതരണവും എക്സല് എന്റര്ടെയ്ന്മെന്റും എഎ ഫിലിംസും ചേര്ന്നാണ് നിര്വഹിക്കുന്നത്. ചിത്രത്തിന്റെ അന്താരാഷ്ട്ര വിപണനാവകാശം ബെസ്റ്റ് ഫ്രണ്ട് ഫോര്എവറിനാണ്.
International
ലോകത്തിലെ വിസ്മയ നിർമിതികളിലൊന്നായ ഗിസയിലെ ഗ്രേറ്റ് പിരമിഡുമായി ബന്ധപ്പെട്ട് അദ്ഭുതപ്പെടുത്തുന്ന പഠന റിപ്പോർട്ടുമായി സ്വതന്ത്ര ഗവേഷകൻ സെഫി ലെവി. സോഷ്യൽ സയൻസ് റിസെർച്ച് നെറ്റ്വർക്ക് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണ റിപ്പോർട്ട് ലെവി പ്രസിദ്ധീകരിച്ചത്.
ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വിവിധ ഗ്രഹങ്ങളുടെയും ചലനങ്ങളുമായി ബന്ധപ്പെട്ട ഗണിത രഹസ്യങ്ങൾ പിരമിഡിന്റെ അളവുകളിൽ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് സ്വതന്ത്ര ഗവേഷകനായ സെഫി ലെവിയുടെ അവകാശവാദം. പിരമിഡിന്റെ ഉയരം, അടിത്തറയുടെ വിസ്തൃതി, ചരിഞ്ഞ വശങ്ങളുടെ അളവുകൾ തുടങ്ങിയവയെ പുരാതന ഈജിപ്ഷ്യൻ ഗണിതരീതികൾ ഉപയോഗിച്ച് വിശകലനം ചെയ്തപ്പോഴാണു വിസ്മയിപ്പിക്കുന്ന ചില 'ന്യൂമെറിക്കൽ പാറ്റേൺ' കണ്ടെത്തിയതെന്ന് ലെവി വിശദമാക്കുന്നു.
ഈ അളവുകളിൽനിന്നു ലഭിച്ച ചില സംഖ്യകൾക്കു പ്രപഞ്ചത്തിലെ 'അസ്ട്രോണമിക്കൽ സൈക്കി'ളുമായി സാമ്യതയുണ്ട്. ഉദാഹരണത്തിന്, ഒരു പ്രത്യേക കണക്കുകൂട്ടലിലൂടെ ലഭിച്ച 27.5 എന്ന സംഖ്യ, ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന അവസ്ഥയായ 'ലൂണാർ പെരിജി' തമ്മിലുള്ള 27.55 ദിവസങ്ങളുടെ ഇടവേളയെ സൂചിപ്പിക്കുന്നതാണെന്നു ലെവി വാദിക്കുന്നു.
International
ആ പെൺകുട്ടിയെ രക്തരക്ഷസായാണു നാട്ടുകാർ കണ്ടത്! രാത്രി കുഴിമാടത്തിൽനിന്നു പുറത്തുകടന്നു മനുഷ്യരക്തം കുടിക്കുന്ന വാന്പയർ! നാട്ടിൽ വിനാശം വിതച്ച മഹാമാരിയുടെ കാരണം അവളാണെന്ന് അവർ വിശ്വസിച്ചു. ദുരൂഹസാഹചര്യത്തിൽ മരിച്ച, ആ പെൺകുട്ടിയെ അതിവിചിത്രമായ ആചാരങ്ങളോടെയാണു നാട്ടുകാർ അടക്കിയത്. പതിനേഴാം നൂറ്റാണ്ടിൽ, വടക്കൻ പോളണ്ടിലെ പിയെൻ ഗ്രാമത്തിലാണ് അവിശ്വസനീയ സംഭവങ്ങൾ അരങ്ങേറിയത്.
2022-ൽ ടൊറുണിലെ നിക്കോളാസ് കോപ്പർനിക്കസ് യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകനായ പ്രൊഫ. ദാരിയുസ് പൊളിൻസ്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആ കുഴിമാടം കണ്ടെത്തിയത്. കഴുത്തിനു കുറുകെ ഇരുമ്പിന്റെ അരിവാളും കാൽപാദങ്ങൾ താഴിട്ടു പൂട്ടിയ നിലയിലും കണ്ടെത്തിയ പെൺകുട്ടിയുടെ അപൂർവ ശവകുടീരം സംഘത്തിന് അദ്ഭുതമായി! 'സോസിയ' എന്നു പേരിട്ട 17നും 19നും മധ്യേ പ്രായമുള്ള പെൺകുട്ടിയുടെ ഭൗതികാവശിഷ്ടങ്ങൾ ഗവേഷകർ വിശദപഠനങ്ങൾക്കു വിധേയമാക്കി. ഇപ്പോൾ, ആ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണു പുരാവസ്തു ഗവേഷകർ. അന്ധവിശ്വാസങ്ങൾ നിറഞ്ഞ അക്കാലത്ത്, മരിച്ചവർ തിരിച്ചുവന്നു ഗ്രാമവാസികളെ ഉപദ്രവിക്കുമെന്ന ഭയമാണ് ഇത്തരം വിചിത്രമായ ആചാരങ്ങൾക്കു പിന്നിലെന്നാണു പുതിയ പഠനങ്ങൾ.
International
ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു പുറത്ത് നിർണായകമായ അറ്റകുറ്റപ്പണികളും ശാസ്ത്രീയ ദൗത്യങ്ങളും പൂർത്തിയാക്കി ചരിത്രത്തിലേക്ക് നടന്നുകയറി വനിതാ ബഹിരാകാശ യാത്രികർ.
നാസയുടെ ജെസീക്ക മെയർ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സോഫി അഡെനോട്ട് എന്നിവരാണ് ആറു മണിക്കൂറും 49 മിനിറ്റും നീണ്ട സാഹസികമായ ബഹിരാകാശ നടത്തം വിജയകരമായി പൂർത്തിയാക്കിയത്. പൂർണമായും വനിതകൾ മാത്രം പങ്കെടുത്ത ആറാമത്തെ ചരിത്രപരമായ ബഹിരാകാശ നടത്തമാണിത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6.10ന് ആരംഭിച്ച ദൗത്യം ഇന്നലെ പുലർച്ചെ 12.59നാണ് അവസാനിച്ചത്.
നിർവഹിച്ച ദൗത്യങ്ങൾ
ബഹിരാകാശ നിലയത്തിന്റെ ഹാർമണി മൊഡ്യൂളിൽ പുതിയൊരു ‘റിട്രോ റിഫ്ലക്ടർ’ ഇരുവരും ചേർന്നു ഘടിപ്പിച്ചു. മറ്റു പേടകങ്ങൾ നിലയത്തിലേക്ക് അടുക്കുമ്പോഴും ബന്ധിപ്പിക്കുമ്പോഴും കൃത്യമായ നാവിഗേഷൻ ഉറപ്പാക്കാൻ ഇതു സഹായിക്കും. കൂടാതെ നിലയത്തിനു പുറത്തുള്ള ഉയർന്ന ശേഷിയുള്ള കാമറ മാറ്റിവയ്ക്കുകയും നിലയത്തിനുപുറത്ത് സൂക്ഷ്മാണുക്കളുടെ സാന്നിധ്യമുണ്ടോയെന്നു പരിശോധിക്കാൻ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.
വൈദ്യുത സംവിധാനങ്ങൾക്കുള്ള ജമ്പർ കേബിളുകൾ ഘടിപ്പിക്കുന്ന ജോലികളും പ്രപഞ്ചത്തിലെ തരംഗങ്ങളെക്കുറിച്ച് പഠിക്കുന്ന ‘ആൽഫ മാഗ്നറ്റിക് സ്പെക്ട്രോമീറ്ററിന്റെ’ അറ്റകുറ്റപ്പണികൾക്കുള്ള പ്രാഥമിക ഒരുക്കങ്ങളും ഇരുവരും ചേർന്ന് ആരംഭിച്ചു.
സാഹസിക നിമിഷങ്ങൾ
ബഹിരാകാശത്തെ ശൂന്യതയിലും അതികഠിനമായ അന്തരീക്ഷത്തിലും അതിജീവിക്കാൻ സഹായിക്കുന്ന ഭാരമേറിയ സ്പേസ് സ്യൂട്ടുകൾ ധരിച്ചാണ് ഇരുവരും നിലയത്തിനു പുറത്തെത്തിയത്. അതിനാൽ ബോൾട്ടുകൾ ഊരുന്നതും കേബിളുകൾ ഘടിപ്പിക്കുന്നതും അടക്കമുള്ള ലളിതമായ ജോലികൾ പോലും വളരെ സമയമെടുത്താണ് പൂർത്തിയാക്കിയത്.
ദൗത്യത്തിനിടെ സോഫി അഡെനോട്ടിന്റെ ഇടതുകൈക്ക് നേരിയ ചലനതടസം നേരിട്ടെങ്കിലും സ്പേസ് സ്യൂട്ടിലെ ഗ്ലൗ ഹീറ്റർ ഹാർനെസ് ക്രമീകരിച്ച് ജെസീക്ക മെയർ സമയോചിതമായി പ്രശ്നം പരിഹരിച്ചു. പ്രധാന ജോലികൾ പൂർത്തിയായതോടെ ബാക്കിയുള്ള ചില ചെറിയ ജോലികൾ ഭാവിയിലെ ബഹിരാകാശ നടത്തങ്ങളിലേക്കു മാറ്റിവയ്ക്കാൻ മിഷൻ കൺട്രോൾ നിർദേശിച്ചു.
ബഹിരാകാശ നിലയത്തിന്റെ പരിപാലനത്തിനും നവീകരണത്തിനുമായി നടത്തുന്ന 284-ാമത് സ്പേസ് വാക്കാണിത്. ജെസീക്ക മെയറുടെ ഏഴാമത്തെയും സോഫി അഡെനോട്ടിന്റെ മൂന്നാമത്തെയും ബഹിരാകാശ നടത്തമായിരുന്നു ഇത്.
ഇതോടെ ഏറ്റവും കൂടുതൽ ബഹിരാകാശ നടത്തം പൂർത്തിയാക്കിയ നാസയിലെ വനിതാ ബഹിരാകാശ യാത്രികരുടെ പട്ടികയിൽ പെഗ്ഗി വിറ്റ്സൺ (10), സുനിത വില്യംസ് (9) എന്നിവർക്ക് തൊട്ടുപിന്നിലായി ജെസീക്ക മെയർ മൂന്നാം സ്ഥാനത്തെത്തി.
Sports
ഡാർവിൻ: ഓസ്ട്രേലിയൻ മണ്ണിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം കുറിച്ച് ബംഗ്ലാദേശ്. രണ്ടാം ഇന്നിംഗ്സിൽ ഓസീസ് ഉയർത്തിയ 57 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. സ്കോർ: ഓസ്ട്രേലിയ- 198 & 284, ബംഗ്ലാദേശ്: 426 & 57/1.
നേരത്തേ രണ്ടാം ഇന്നിംഗ്സിൽ ഓസീസിനെ 284 റൺസിന് പുറത്താക്കിയതോടെയാണ് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 57 റൺസായത്. രണ്ടാം ഇന്നിംഗ്സിൽ കാമറൂൺ ഗ്രീനിന്റെ സെഞ്ചുറിയാണ് ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ഓസീസിനെ തുണച്ചത്. 201 പന്തുകൾ നേരിട്ട ഗ്രീൻ 104 റൺസെടുത്ത് പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസൻ മിറാസാണ് ഓസീസിനെ രണ്ടാം ഇന്നിങ്സിൽ തകർത്തത്. ഹസൻ മഹ്മൂദ് മൂന്നു വിക്കറ്റ് വീഴ്ത്തി.
ചരിത്രജയത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് തൻസിദ് ഹസന്റെ (പൂജ്യം) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. പിന്നീട് ഷാദ്മാൻ ഇസ്ലാമും (25), മോമിനുൾ ഹഖും (30) ചേർന്ന് വലിയ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ് മുന്നിലെത്തി (1-0).
International
ഇന്നത്തെ സമൂഹത്തിനു പുരുഷ ജനനേന്ദ്രിയത്തിന്റെ ആകൃതിയിലുള്ള ഉപകരണം കൗതുകമോ, ചിരിയോ ആയി മാറാം. പൊതു ഇടങ്ങളിൽ കൈവശം വയ്ക്കാവുന്ന; ഒരു വീട്ടിൽ എല്ലാവർക്കും ഉപയോഗിക്കാവുന്ന, അത്തരം ആകൃതിയോടുകൂടിയ ഉപകരണം നിർമിക്കാൻ ഇക്കാലത്ത് ആരും തയാറാകില്ല. അതേസമയം, റോമാക്കാർ അങ്ങനെയായിരുന്നില്ല. റോമൻ സംസ്കാരത്തിൽ പുരുഷ ജനനേന്ദ്രിയ ചിഹ്നങ്ങളെ തിന്മയ്ക്കെതിരേ സംരക്ഷണ കവചമായും ഭാഗ്യത്തിന്റെ പ്രതീകവുമായാണു കണ്ടിരുന്നത്. ദുഷ്ടശക്തികളിൽനിന്നും ദൃഷ്ടിദോഷങ്ങളിൽനിന്നും സംരക്ഷണം നേടാനും ഐശ്വര്യത്തിനും വേണ്ടി ഇത്തരം രൂപങ്ങൾ വീടുകളുടെ വാതിലുകളിലും ആഭരണങ്ങളിലും പ്രതിമകളിലും റോമാക്കാർ വ്യാപകമായി ഉപയോഗിച്ചിരുന്നു. റോമൻ അതിർത്തി മതിലുകളിലും വിവിധ നിർമിതികളിലും ഇത്തരം മുദ്രകൾ കൊത്തിവച്ചിട്ടുള്ളതായി ചരിത്രകാരന്മാർ നേരത്തെയും കണ്ടെത്തിയിട്ടുണ്ട്.
ഇപ്പോൾ, പുരാതന റോമാക്കർ ഉപയോഗിച്ചിരുന്ന പുരുഷ ജനനേന്ദ്രിയത്തിന്റെ ആകൃതിയിലുള്ള നെയിൽ ക്ലീനർ കണ്ടെത്തിയിരിക്കുകയാണ് യുകെയിലെ ഗവേഷകർ. ഇംഗ്ലണ്ടിലെ ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാമിനു സമീപം റോഡ് നവീകരണവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവൃത്തികൾക്കിടെയാണ് നിരവധി പുരാവസ്തുക്കൾ കണ്ടെത്തിയത്. ഇതിൽ റോമാക്കാർ ഉപയോഗിച്ചിരുന്ന നെയിൽ ക്ലീനർ (നഖം വൃത്തിയാക്കുന്ന ഉപകരണം) ആണ് ഏറെ കൗതുകമായത്. കാരണം, നെയിൽ ക്ലീനറിന്റെ ഹാൻഡിൽ പുരുഷ ജനനേന്ദ്രിയത്തിന്റെ ആകൃതിയിലുള്ളതാണ്. ആർക്കിയോളജിക്കൽ റിസെർച്ച് സർവീസസ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ നടന്ന ഖനനത്തിലാണ് റോമൻ യുഗത്തിലെ അപൂർവ വസ്തുക്കൾ ഉൾപ്പെടെ നിരവധി വസ്തുക്കൾ കണ്ടെത്താൻ കഴിഞ്ഞത്.
ചെമ്പ് ഉപയോഗിച്ചാണ് നെയിൽ ക്ലീനറിന്റെ നിർമാണം. എഡി 300 മുതൽ 400 വരെയുള്ള അവസാന റോമൻ കാലഘട്ടത്തിലേതാണ് നെയിൽ ക്ലീനർ എന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു. നഖങ്ങൾക്കിടയിലെ അഴുക്കു നീക്കം ചെയ്യുന്നതിനായി പരന്നതും നേർത്തതുമായ രണ്ടു ശാഖകൾ ഇതിനുണ്ട്. യാത്രകളിൽ എളുപ്പത്തിൽ കൊണ്ടുനടക്കാനും കഴിയും. ഇതിന്റെ ഹാൻഡിലിൽ ചെറിയ ദ്വാരം ഉണ്ട്. ഇതിൽ നൂൽ കോർത്ത് തൂക്കിയിടാനും സാധിക്കും.
വ്യത്യസ്തമായ നെയിൽ ക്ലീനറിനു പുറമെ, മറ്റു പുരാവസ്തുക്കളും ഇവിടെനിന്നു ലഭിച്ചിട്ടുണ്ട്. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആളുടെ അസ്ഥികൂടം, വെങ്കല വള, നാണയങ്ങൾ എന്നിവയടങ്ങിയ ശവകുടീരം ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, അപൂർവ ബെൽറ്റ് ബക്കിളും ഇവിടെനിന്നു ലഭിച്ചു. ജ്യാമിതീയ ഡിസൈനുകളോടുകൂടിയ ബക്കിൾ ചെമ്പു കൊണ്ടാണു നിർമിച്ചത്.
ഇരുമ്പുയുഗത്തിലെ, ഡോബുന്നി ഗോത്രം ഇറക്കിയ വെള്ളി നാണയം, റോമൻ ചക്രവർത്തിമാരുടെ കാലത്തെ വെങ്കല നാണയങ്ങൾ, മധ്യകാല നാണയങ്ങൾ, 1963-ലെ ജോർജ് ആറാമൻ രാജാവിന്റെ സിക്സ്പെൻസ് നാണയം തുടങ്ങിയവയും ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ നാവികസേനയുടെ ബട്ടണുകളും ഇവിടെനിന്നു ലഭിച്ചവയിൽ ഉൾപ്പെടുന്നു. റോമൻ അധിനിവേശം മുതൽ ആധുനിക യുഗം വരെയുള്ള അപൂർവ വസ്തുക്കൾ വിശദപഠനത്തിനു വിധേയമാക്കുമെന്നു പുരാവസ്തുഗവേഷകർ പറഞ്ഞു.
Sports
ഗ്ലാസ്ഗോ: കോമണ്വെല്ത്ത് ഗെയിംസില് ഇന്ത്യയുടെ ഗുല്വീര് സിംഗിനു ചരിത്രനേട്ടം. പുരുഷന്മാരുടെ 10,000 മീറ്ററിനു പിന്നാലെ 5,000 മീറ്ററിലും ഗുല്വീര് സിംഗ് മെഡലണിഞ്ഞു; ദീര്ഘദൂരത്തില് ഇന്ത്യയുടെ ചരിത്ര മെഡല്ക്കൊയ്ത്ത്.
കോമണ്വെല്ത്ത് ഗെയിംസ് ചരിത്രത്തില് ദീര്ഘദൂരത്തില് ഇരട്ടമെഡല് നേടുന്ന ആദ്യ താരമെന്ന നേട്ടവും ഗുല്വീറിനു സ്വന്തം. ഗെയിംസ് ചരിത്രത്തില് ഇന്ത്യക്ക് ആദ്യമായാണ് 5,000 മീറ്ററില് മെഡല് ലഭിക്കുന്നത്.
ചരിത്ര വെങ്കലം
പുരുഷന്മാരുടെ 5,000 മീറ്റര് ഓട്ടത്തില് 13:24.95 സെക്കന്ഡില് ഗുല്വീര് സിംഗ് ഫിനിഷിംഗ് ലൈന് കടന്നു. രണ്ടാം സ്ഥാനം നേടിയ ഓസ്ട്രേലിയയുടെ കെയ്ന് റോബിന്സണുമായി (13:24.70 സെക്കന്ഡ്) പോരാട്ടം നടത്തിയശേഷമാണ് ഇന്ത്യന് താരം വെങ്കലത്തില് ഓട്ടം പൂര്ത്തിയാക്കിയത്. 13:23.61 ന് ഓട്ടം പൂര്ത്തിയാക്കിയ കെനിയയുടെ മാത്യു കിപ്സാംഗിനാണ് സ്വര്ണം.
10,000 മീറ്ററിലും ഗുല്വീറും കെയ് റോബിന്സണും തമ്മിലായിരുന്നു പ്രധാന പോരാട്ടം. റോബിന്സണ് 27:48.93 സെക്കന്ഡില് സ്വര്ണം നേടിയപ്പോള് ഗുല്വീര് 27:49.78 സെക്കന്ഡില് ഫിനിഷിംഗ് ലൈന് കടന്ന് വെള്ളി കഴുത്തില് അണിഞ്ഞു. 16 വര്ഷത്തിനുശേഷമാണ് കോമണ്വെല്ത്ത് ഗെയിംസില് ഇന്ത്യക്ക് 10,000 മീറ്ററില് മെഡല് ലഭിക്കുന്നത്.
International
മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവദോർ, പസഫിക് സമുദ്രത്തോടു ചേർന്നുകിടക്കുന്ന മനോഹരരാജ്യം. രമണീയ കടൽത്തീരങ്ങളുടെയും കാപ്പിത്തോട്ടങ്ങളുടെയും സാമ്രാജ്യം ചരിത്രപ്രാധാന്യമുള്ള ഭൂപ്രദേശം കൂടിയാണ്. മെസോ-അമേരിക്കന് പ്രദേശത്ത് രണ്ടായിരത്തിലേറെ വര്ഷങ്ങൾക്കു മുന്പു ജീവിച്ചിരുന്ന മനുഷ്യരുടെ ചരിത്രത്തിലേക്കു വെളിച്ചംവീശുന്ന കണ്ടെത്തലുകൾ നടത്തിയിരിക്കുകയാണ് പുരാവസ്തുഗവേഷകർ. ബിസി 850-ാളം പഴക്കം കണക്കാക്കുന്ന പുരാതന ശവകുടീരത്തിന്റെ കണ്ടെത്തലാണ് ശാസ്ത്രലോകത്ത് വലിയ ചര്ച്ചയായിരിക്കുന്നത്. തലസ്ഥാനമായ സാൻ സാല്വദോറിന്റെ പ്രാന്തപ്രദേശമായ ആന്റിഗ്വോ കുസ്കറ്റ്ലാനിലാണ് പ്രീ-ഹിസ്പാനിക് കാലഘട്ടത്തിലെ ശവകുടീരം കണ്ടെത്തിയത്.
യേല് സര്വകലാശാലയിലെ ഗവേഷകസംഘമാണു പര്യവേക്ഷണം മുന്നേറുന്നത്. നാഷണല് ഡയറക്ടറേറ്റ് ഓഫ് കള്ച്ചറിലെ വിദഗ്ധരുടെ മേല്നോട്ടത്തിലാണ് ഖനനം. ഖനനത്തിനിടയില് മനുഷ്യന്റെ തലയോട്ടിക്കൊപ്പം കടലാമയുടെ ആകൃതിയിലുള്ള ചെറിയൊരു ഉസുലൂത്താന് കളിമണ് പാത്രവും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തുണ്ടായ അഗ്നിപര്വത സ്ഫോടനത്തെത്തുടര്ന്ന് അടിഞ്ഞുകൂടിയ ചാരപ്പാളികള്ക്കടിയിൽനിന്നു മറ്റു ചില വസ്തുക്കളും ഗവേഷകർക്കു കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില് മെസോ-അമേരിക്കയിലെ തന്നെ ഏറ്റവും പഴക്കമേറിയ പ്രീ-ഹിസ്പാനിക് ശവകുടീരങ്ങളില് ഒന്നായി ഇതു മാറാനാണു സാധ്യത. രണ്ടു സഹസ്രാബ്ദങ്ങള്ക്കു മുന്പ്, ഈ മണ്ണില് വസിച്ചിരുന്ന മനുഷ്യരുടെ ജീവിതരീതിയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും കൂടുതല് വിവരങ്ങള് ഈ കണ്ടെത്തലിലൂടെ ലഭിക്കുമെന്നാണു ഗവേഷകരുടെ പ്രതീക്ഷ. കമഴ്ത്തിക്കിടത്തിയ നിലയിലാണ് മനുഷ്യന്റെ അവശിഷ്ടങ്ങള്. കൃത്യമായ പഴക്കം നിര്ണയിക്കുന്നതിനായി റേഡിയോകാര്ബണ് ഡേറ്റിംഗിനു വിധേയമാക്കും. ഒപ്പം, ലിംഗഭേദം തിരിച്ചറിയുന്നതിനായി ഡിഎന്എ പരിശോധനകളും പുരോഗമിക്കുകയാണ്.
പശ്ചിമ എല് സാല്വദോറിലെ പ്രസിദ്ധമായ ചാല്ചുവാപ്പ പുരാവസ്തു കേന്ദ്രത്തില്നിന്നു ലഭിച്ച തെളിവുകളുമായി പുതിയ ശവകുടീരത്തിനു സാമ്യതകളുണ്ടെന്ന് ഗവേഷകര് കരുതുന്നു. 1970-കളില് ചാല്ചുവാപ്പയില് നടത്തിയ ഖനനത്തില് 33 മനുഷ്യരുടെ അവശിഷ്ടങ്ങള് കണ്ടെത്തിയിരുന്നു. പൂർണരൂപത്തിലുള്ള 26 അസ്ഥികൂടങ്ങളും നാലു ഭാഗിക അവശിഷ്ടങ്ങളും മൂന്നു തലയോട്ടികളുമാണ് അന്നവിടെനിന്നു ഗവേഷകർക്കു ലഭിച്ചത്. അതില് പലതും കൈകാലുകള് കൂട്ടിക്കെട്ടി കമഴ്ത്തിക്കിടത്തിയ നിലയിലും, ചിലത് ശിരച്ഛേദം ചെയ്യപ്പെട്ട നിലയിലുമായിരുന്നു. സമാനമായ എന്തെങ്കിലും ആചാരങ്ങളോ, സംസ്കാരങ്ങളോ ആണോ പുതിയ കണ്ടെത്തലിനു പിന്നിലെന്നും ഗവേഷകർ പരിശോധിക്കുന്നു.
Sports
നയാഗ്ര (കാനഡ): ലോക ജൂണിയർ സ്ക്വാഷ് ചാന്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ചരിത്രം കുറിച്ച് പതിനെട്ടുകാരി അനഹത് സിംഗ്.
കാനഡയിലെ നയാഗ്ര ഓണ് ദ് ലേക്കിൽ നടന്ന പെണ്കുട്ടികളുടെ സിംഗിൾസ് ഫൈനലിൽ ഈജിപ്തിന്റെ റുഖയ്യ സലീമിനെ 3-0 (11-3, 11-7, 11-9) സ്കോറിന് പരാജയപ്പെടുത്തിയാണ് അനഹത് സ്വർണ മെഡൽ നേടിയത്. 2005ൽ ജോഷ്ന ചിന്നപ്പ ഫൈനലിൽ കടന്നതായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം.
കഴിഞ്ഞ വർഷം കെയ്റോയിൽ നടന്ന ജൂണിയർ ലോക ചാന്പ്യൻഷിപ്പിൽ വെങ്കലം നേടി വ്യക്തിഗത മെഡലിനായുള്ള ഇന്ത്യയുടെ 15 വർഷത്തെ കാത്തിരിപ്പ് അനഹത് അവസാനിപ്പിച്ചിരുന്നു. ഇത്തവണ സ്വർണ നേട്ടത്തോടെ ചരിത്രവും കുറിച്ചു.
ഈജിപ്തിന് ചെക്ക്
കഴിഞ്ഞ 16 വർഷമായി ഈജിപ്ത് താരങ്ങളാണ് ജൂണിയർ സ്ക്വാഷ് ചാന്പ്യൻഷിപ് കിരീടം നേടുന്നത്. ഇതിനുമുന്പ് ഈജിപ്ഷ്യൻ വംശജരല്ലാത്ത ഒരു താരം കിരീടം നേടിയത് 2010ൽ യുഎസിന്റെ അമാൻഡ സോബിയാണ്. എന്നാൽ ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഒടുവിൽ ഫൈനലിലും ഈജിപ്ഷ്യൻ താരങ്ങളെ വീഴ്ത്തിയാണ് അനഹത് കിരീടം ചൂടി കരുതത്് കാട്ടിയതെന്നതും ശ്രദ്ധേയം.
കിരീട യാത്ര
ഓസ്ട്രേലിയൻ താരം ലില്ലി വിൽസനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് അനഹത് ടൂർണമെന്റിന് തുടക്കം കുറിച്ചത്. തുടർന്ന് ഹോങ്കോംഗിന്റെ പുയി യിൻ ക്ലോയി ലോയെയും മലേഷ്യയുടെ ഡോയ്സ് യേ സാൻ ലീയെയും തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
ക്വാർട്ടർ ഫൈനലിൽ ഈജിപ്തിന്റെ ഹബീബ റിസ്കിനെ മറികടന്ന താരം സെമിഫൈനലിൽ മറ്റൊരു ഈജിപ്ഷ്യൻ താരമായ ബാർബ് സമേഹിനെയും പരാജയപ്പെടുത്തി. ഒടുവിൽ ഫൈനലിലും ഈജിപ്ഷ്യൻ താരത്തെ മറികടന്ന് കിരീടനേട്ടം.
SUNDAY DEEPIKA
മഹാരാഷ്ട്രയിലെ പാല്ഘര് ജില്ലയില് സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഹില്സ്റ്റേഷനാണ് ജവ്ഹര്. പ്രകൃതിഭംഗികൊണ്ടും നൂറ്റാണ്ടുകള് പഴക്കമുള്ള സമ്പന്നമായ ഒരു ഗോത്രവര്ഗ രാജവംശത്തിന്റെ ചരിത്രംകൊണ്ടും ശ്രദ്ധേയമാണ് ഇവിടം.
ഇവിടെ പ്രധാനമായും വാര്ലി, കോക്ന, കത്കരി തുടങ്ങിയ ഗോത്രവിഭാഗങ്ങളാണ് അധിവസിച്ചിരുന്നത്. പിന്നീട് മുഗള്, മറാത്ത, ബ്രിട്ടീഷ് ഭരണങ്ങള് പ്രദേശത്തെ സ്വാധീനിച്ചെങ്കിലും, അവയ്ക്കൊന്നിനും ജവ്ഹറിന്റെ സാംസ്കാരിക പൈതൃകത്തിന് പോറലേല്പ്പിക്കാനായില്ല.
എഡി 1306ല് ജയബ മുഖ്നെ എന്ന കോലി വിഭാഗം ഗോത്രത്തലവനാണ് ജവ്ഹര് രാജവംശം സ്ഥാപിച്ചത്. ഒരു പ്രാദേശിക കോട്ടയുടെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം രാജ്യത്തിന് അടിത്തറയിട്ടത്.
പിന്നീട് അദ്ദേഹത്തിന്റെ മൂത്ത മകന് ദുല്ബറാവു രാജ്യത്തിന്റെ അതിരുകള് വികസിപ്പിക്കുകയും നാസിക്, ഥാനെ മേഖലകളിലായി 22 കോട്ടകള് പണിയുകയും ചെയ്തു.
എഡി 1343 ജൂണ് അഞ്ചിന് ഡല്ഹി സുല്ത്താന് മുഹമ്മദ് ബിന് തുഗ്ലക്ക് അദ്ദേഹത്തെ രാജാവായി ഔദ്യോഗികമായി അംഗീകരിക്കുകയും ‘നിംഷാ' എന്ന പദവി നല്കുകയും ചെയ്തു. ഈ ചരിത്രദിവസത്തിന്റെ ഓര്മയ്ക്കായി ജവ്ഹറില് ആറ് നൂറ്റാണ്ടുകളിലധികം സ്വന്തമായി ഒരു കലണ്ടര് വര്ഷം നിലവിലുണ്ടായിരുന്നു.
പതിനേഴാം നൂറ്റാണ്ടില് മറാത്ത സാമ്രാജ്യത്തിന്റെ വളര്ച്ചയോടെ ജവ്ഹര് രാജാക്കന്മാര് അവര്ക്കൊപ്പം നിന്നു. ഛത്രപതി ശിവജി സൂറത്ത് ആക്രമിക്കാന് പോയ വഴിയില് ജവ്ഹറിലെ ഒരു കുന്നിന്മുകളില് ക്യാമ്പ് ചെയ്തിരുന്നു. ജവ്ഹറിലെ രാജാവ് വിക്രം ഷാ ഒന്നാമന് ശിവജിയെ അവിടെ സ്വീകരിക്കുകയും കിരീടത്തില് ഒരു തൂവല് ചാര്ത്തുകയും ചെയ്തു.
ഇപ്പോള് ഇവിടം 'ഷിര്പമാല്' എന്നറിയപ്പെടുന്ന പ്രശസ്തമായ ചരിത്രസ്മാരകമാണ്. പിന്നീട് പേഷ്വ ഭരണകാലത്ത് ജവ്ഹര് മറാത്ത ഭരണത്തിന് കീഴിലായി. മറാത്ത സാമ്രാജ്യത്തിന്റെ തകര്ച്ചയ്ക്കുശേഷം, 1802ല് ജവ്ഹര് രാജാവ് ബ്രിട്ടീഷുകാരുമായി സന്ധിയിലേര്പ്പെടുകയും ബ്രിട്ടീഷ് ഭരണത്തിനു കീഴിലെ നാട്ടുരാജ്യമാവുകയും ചെയ്തു.
പതംഗ് ഷാ നാലാമന്, വിക്രം ഷാ അഞ്ചാമന് തുടങ്ങിയ ഭരണാധികാരികളുടെ കാലത്ത് ജവ്ഹറില് വലിയ വികസന പ്രവര്ത്തനങ്ങള് നിലവിൽവന്നു. റോഡുകള്, സ്കൂളുകള്, ആശുപത്രികള് എന്നിവയൊക്കെ സ്ഥാപിതമായി.
ജവ്ഹറിലെ അവസാന മഹാരാജാവായിരുന്നു യശ്വന്ത് റാവു മുഖ്നെ. മികച്ച വിദ്യാഭ്യാസം നേടിയ അദ്ദേഹം രണ്ടാം ലോകമഹായുദ്ധകാലത്ത് റോയല് ഇന്ത്യന് എയര്ഫോഴ്സില് പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അദ്ദേഹം നിര്മിച്ചതാണ് ജവ്ഹറിലെ മുഖ്യ ആകര്ഷണമായ ജയ് വിലാസ് കൊട്ടാരം. പിങ്ക് നിറത്തിലുള്ള അപൂര്വ്വമായ സയനൈറ്റ് കല്ലുകള് ഉപയോഗിച്ച് നിര്മിച്ച കൊട്ടാരം ഇന്തോ-വെസ്റ്റേണ് വാസ്തുവിദ്യാ ശൈലിയുടെ തിളങ്ങുന്ന ഒരു ഉദാഹരണമാണ്.
1947ല് ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം യശ്വന്ത് റാവു മുഖ്നെ ജവ്ഹര് നാട്ടുരാജ്യത്തെ ഇന്ത്യന് യൂണിയനില് ലയിപ്പിച്ചു. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തില് സജീവമാകുകയും പാര്ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ചരിത്രത്തിനൊപ്പം ജവ്ഹറിനെ മറ്റൊരു രീതിയില് പ്രശസ്തമാക്കുന്നത് അവിടുത്തെ വര്ളി ഗോത്രവര്ഗക്കാരുടെ പരമ്പരാഗത ചിത്രകലയാണ്. അരിപ്പൊടി കുഴച്ചുണ്ടാക്കുന്ന വെളുത്ത മിശ്രിതം ഉപയോഗിച്ച് വീടുകളുടെ ചുവരുകളില് പ്രകൃതിയെയും മനുഷ്യജീവിതത്തെയും വരച്ചിടുന്ന കലാരൂപം ജവ്ഹറിന്റെ സാംസ്കാരിക അടയാളമാണ്.
ജയ് വിലാസ് കൊട്ടാരം, ഷിര്പമാല്, ദാഭോസ വെള്ളച്ചാട്ടം, ഹനുമാന് പോയിന്റ് എന്നിവ കാണാന് ഇപ്പോഴും നിരവധി സഞ്ചാരികള് എത്തുന്നു. പ്രകൃതിഭംഗി, സാംസ്കാരിക പൈതൃകം എന്നിവയുടെ അടിസ്ഥാനത്തില് മഹാരാഷ്ട്രയിലെ ‘മിനി മഹാബലേശ്വര്' എന്നാണ് ജവ്ഹര് വിശേഷിപ്പിക്കപ്പെടുന്നത്.
International
വാഷിംഗ്ടൺ: സൊയൂസ് എംഎസ് 29 വിക്ഷേപിച്ചു. പാതി മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയായ അനിൽ മേനോനും കൂടി ഭാഗമായ ദൗത്യമാണ് സൊയൂസ്. റോസ്കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവും അന്ന കിക്കിനയുമാണ് അനിലിന്റെ സഹയാത്രികർ.
കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപിച്ചത്. രാത്രി 11:26 ഓടെ സൊയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യും. പതിനഞ്ചിന് പുലർച്ചെ ഒന്നരയോടെയാകും മൂന്നംഗ സംഘം നിലയത്തിലേക്ക് പ്രവേശിക്കുക.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസത്തെ ദൗത്യ ശേഷം അടുത്ത വർഷം ഏപ്രിലിൽ ആയിരിക്കും മടക്കം. ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷൻ 74ന്റെ ഭാഗമാകാനാണ് യാത്ര.
അനിലിന്റെ തയാറെടുപ്പുകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മിനിയപ്പലിസിൽ ജനിച്ച അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടി. പിന്നീട് മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ സ്റ്റാൻഫോർഡിൽ നിന്ന് മാസ്റ്റേഴ്സ് കരസ്ഥമാക്കി. അമേരിക്കൻ വ്യോമസേനയിൽ കേണലായും സേവനമനുഷ്ഠിച്ചു.
സ്റ്റാൻഫോർഡിൽ നിന്ന് വൈദ്യശാസ്ത്ര പഠനവും ഒപ്പം നാസയിൽ സോഫ്റ്റ് ടിഷ്യു മൊഡലുകളെ പറ്റി ഗവേഷണവും നടത്തി. ആയിരത്തിലേറെ മണിക്കൂർ പറന്ന സെർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ കൂടിയായ അനിൽ മേനോൻ നാസയിൽ ഫ്ലൈറ്റ് സർജനായി. പിന്നെ സ്പേസ് എക്സിൻ്റെ ആദ്യ മനുഷ്യബഹിരാകാശ ദൗത്യങ്ങളിലും ഫ്ലൈറ്റ് സർജനായി.
ബഹിരാകാശ വൈദ്യശാസ്ത്രത്തിൽ ഇരുപതിലേറെ പ്രബന്ധങ്ങൾ രചിച്ച പ്രതിഭാശാലി കൂടിയാണ് അനിൽ. നാസയുടെ ഇരുപത്തിമൂന്നാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് അനിൽ തെരഞ്ഞെടുക്കപ്പെട്ടത് ഈ അസാധാരണ മികവിന്റെ ബലത്തിലാണ്.
Kerala
കൊച്ചി: സീറോമലബാർ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ഇന്ത്യ പുസ്തക പരമ്പരയിലെ ‘സ്പ്രെഡ് ഓഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ഇന്ത്യ അപ് ടു എഡി 1500- ഡൈനാമിക്സ് ഓഫ് ഡിഫറൻസ്’എന്ന രണ്ടാം വാല്യം പ്രകാശനം ചെയ്തു.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പ്രകാശനം നിർവഹിച്ചു. മന്ത്രി സണ്ണി ജോസഫ് ആദ്യപ്രതി ഏറ്റുവാങ്ങി.
എഡി 1500 വരെയുള്ള കാലഘട്ടത്തിൽ ഭാരതത്തിൽ ക്രൈസ്തവവിശ്വാസം എങ്ങനെ വ്യാപിച്ചു എന്നതിനെക്കുറിച്ചുള്ള ആധികാരികവും അക്കാദമികവുമായ പഠനമാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
യൂറോപ്യൻ അധിനിവേശത്തിനു മുന്പുതന്നെ ഭാരതീയ സംസ്കാരവുമായി ഇവിടത്തെ ക്രൈസ്തവസമൂഹം എങ്ങനെ ആഴത്തിൽ ഇടകലർന്നു ജീവിച്ചിരുന്നുവെന്നും പ്രാദേശികമായ വ്യതിയാനങ്ങളും സവിശേഷതകളും നിലനിർത്തിക്കൊണ്ടുതന്നെ വിശ്വാസവഴിയിൽ അവർ എങ്ങനെ മുന്നേറിയെന്നും പുസ്തകം ചരിത്രരേഖകളുടെ പിൻബലത്തോടെ സമഗ്രമായി ചർച്ച ചെയ്യുന്നുണ്ട്. സഭാ ചരിത്രകാരന്മാർക്കും ഗവേഷകർക്കും ഒരുപോലെ ഉപകാരപ്രദമായ രീതിയിലാണ് ഇതിന്റെ ഉള്ളടക്കം ക്രമീകരിച്ചിരിക്കുന്നത്.
ഫാ.ഡോ. പയസ് മലേക്കണ്ടത്തിൽ, ഡോ. കെ. എസ്. മാത്യു, ഫാ. ഡോ. ജെയിംസ് പുലിയുറുമ്പിൽ, ഫാ.ഡോ. ഫ്രാൻസിസ് തോണിപ്പാറ എന്നിവർ ചേർന്നാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. ചടങ്ങിൽ ബിഷപ് മാർ ടോണി നീലങ്കാവിലും ഫാ. ഡോ. പയസ് മലേക്കണ്ടത്തിലും ഗ്രന്ഥം പരിചയപ്പെടുത്തി സംസാരിച്ചു.
ഇന്ത്യയിലെ ക്രൈസ്തവപൈതൃകത്തെ ചരിത്രരേഖകളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം സഭാചരിത്ര പഠനരംഗത്തിനു വിലപ്പെട്ട സംഭാവനയാണ്. സീറോമലബാർ സഭയുടെ ചരിത്രപൈതൃകവും ഗവേഷണപാരമ്പര്യവും പുതിയ തലമുറയ്ക്ക് പകർന്നുനൽകുന്നതിൽ ഈ ഗ്രന്ഥപരമ്പര സുപ്രധാന പങ്ക് വഹിക്കുമെന്നും അവർ പറഞ്ഞു.
Sports
അറ്റ്ലാന്റ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എച്ചില് സ്പെയിന് x കേപ് വെര്ദെ പോരാട്ടം. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഐതിഹാസിക മത്സരങ്ങളില് ഒന്നായിരിക്കും തങ്ങളുടെ മുന്നില് അരങ്ങേറുകയെന്ന് അപ്പോള് ആരും ചിന്തിച്ചില്ല. ഗ്രൂപ്പ് ഇയില് ജര്മനി 7-1ന് കുറസാവോയെ കീഴടക്കിയതിനു സമാനമായ സ്കോര് പ്രതീക്ഷിച്ച് ഏവരുമെത്തി.
ഗാലറിയില് 67,640 കാണികളില് സിംഹഭാഗവും സ്പാനിഷ് ജഴ്സിക്കാര്. ഉനയ് സിമോണ്, എയ്മറിക് ലാപോര്ട്ടെ, പൗ ക്യുബാരിസ്, മാര്ക്ക് കുറുക്കെല്ല, റോഡ്രി, പെദ്രി, ഫാബിയന് റൂയിസ്, ഗാവി, മൈക്കല് ഒയര്സബാല് ഇതൊന്നും പോരാഞ്ഞിട്ട് പകരക്കാരുടെ ബെഞ്ചില്നിന്ന് ലാമിന് യമാല്, നിക്കോ വില്യംസ്, മൈക്കല് മെറിനോ എന്നിവരെയും സ്പാനിഷ് കോച്ച് ലൂയിസ് ഡാ ലാ ഫ്യൂന്റെ കളത്തിലേക്കു പറഞ്ഞയച്ചു. ഇവരെല്ലാം ആരാധകരുടെ പ്രിയതാരങ്ങള്. മറുവശത്ത്, കേപ് വെര്ദയുടെ ഒരു കളിക്കാരുടെ പേരുപോലും ലോകത്തിനു സുപരിചിതമല്ലായിരുന്നു.
90 മിനിറ്റും സ്റ്റോപ്പേജ് ടൈമും പൂര്ത്തിയായിട്ടും സ്പെയിനിന്റെ പുകള്പെറ്റ സംഘത്തിനു ഗോള് നേടാന് സാധിച്ചില്ല. റഫറി ലോംഗ് വിസില് മുഴക്കിയപ്പോള് സ്പെയിന് ആരാധകര് തലതാഴ്ത്തി. പിന്നീടങ്ങോട്ട് കേപ് വെര്ദെയുടെ ഗോള് കീപ്പര് വൊസീഞ്ഞയുടെ പേരു മാത്രമായി ആ മത്സരത്തിന്റെ അഡ്രസ്; മഹാദ്ഭുതം!
ഐതിഹാസിക പോരാട്ടം
ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഐതിഹാസിക വ്യക്തിഗത പോരാട്ടങ്ങളുടെ പട്ടികയിലേക്ക് വൊസീഞ്ഞയുടെ പ്രകടനവും ചേര്ക്കപ്പെട്ടു.
1986ല് ഇംഗ്ലണ്ടിന് എതിരായ ക്വാര്ട്ടറില് മിനിറ്റുകളുടെ ഇടവേളയില് ദൈവത്തിന്റെ കൈ ഗോളും നൂറ്റാണ്ടിന്റെ ഗോളും നേടിയ അര്ജന്റൈന് ഇതിഹാസം ഡിയേഗോ മാറഡോണയുടെ പ്രകടനമാണ് ഐതിഹാസിക വ്യക്തിഗത പ്രകടനങ്ങളില് ഒന്നാമത്. 1958ല് 17-ാം വയസില് ബ്രസീലിന്റെ പെലെ ഫൈനലിലും സെമിയിലും നടത്തിയത് രണ്ടാം സ്ഥാനത്തുണ്ട്.
1998ല് ബ്രസീലിനെ ഫൈനലില് കീഴടക്കി ഫ്രാന്സിനെ കിരീടത്തിലെത്തിച്ച സിനദാന് സിദ്ദാന്റെ പ്രകടനവും പട്ടികയിലുണ്ട്. ഈ പട്ടികയിലേക്കാണ് വൊസീഞ്ഞ എന്ന 40കാരന്റെ എന്ട്രി.
40ല് റിക്കാര്ഡ്
സ്പെയിന് x കേപ് വെര്ദെ മത്സരത്തിനുശേഷം ഇന്റര്നെറ്റ് സെര്ച്ച് എന്ജിനുകളില് ഏറ്റവും കൂടുതല് തെരയപ്പെട്ട പേര് വൊസീഞ്ഞ എന്നതായിരുന്നു. പടിഞ്ഞാറന് ആഫ്രിക്കന് രാജ്യമായ കേപ് വെര്ദെയിലെ, മിന്ഡെലോ സ്വദേശിയാണ് വൊസീഞ്ഞ. കേപ് വെര്ദെയിലെ 5.30 ലക്ഷം ജനങ്ങളില് ഒരു ലക്ഷത്തോളം ഇവിടെയാണ്.
സ്പാനിഷ് ആക്രമണം ചെറുത്ത്, കേപ് വെര്ദെയുടെ ഗോള്വല കാത്തത് വൊസീഞ്ഞ ആയിരുന്നു. ഏഴ് വേസുകളാണ് ബോക്സിനുള്ളില് വൊസീഞ്ഞ നടത്തിയത്. ആകെ നേരിട്ടത് 27 ഷോട്ട്. ബോക്സിനു പുറത്ത് ഒരു സേവും നടത്തി. 1.46 ആയിരുന്നു മത്സരത്തിലെ എക്സ്പെറ്റഡ് ഗോള് കണക്ക്.
ഫിഫ ലോകകപ്പില് 40-ാം വയസില് അരങ്ങേറി, ക്ലീന് ഷീറ്റുമായി കളംവിട്ട വൊസീഞ്ഞ റിക്കാര്ഡ് ബുക്കിലും ഇടംപിടിച്ചു. ലോകകപ്പില് അരങ്ങേറി, ക്ലീന് ഷീറ്റുമായി കളംവിടുന്ന ഏറ്റവും പ്രായമുള്ള കളിക്കാരന് എന്ന റിക്കാര്ഡാണ് വൊസീഞ്ഞ സ്വന്തമാക്കിയത്.
സ്പെയിനിനെതിരായ ഉജ്വല പ്രകടനത്തിനു പിന്നാലെ വൊസീഞ്ഞയുടെ സോഷ്യല് മീഡിയ പേജില് റോക്കറ്റ് വര്ധനയാണുണ്ടായത്. വെറും 50,000ത്തില്നിന്ന് 60 ലക്ഷം ഫോളോവേഴ്സിലേക്ക് വൊസീഞ്ഞ കുതിച്ചുപാഞ്ഞു. 21-ാം വയസിലാണ് വൊസീഞ്ഞ പ്രഫഷണല് അരങ്ങേറ്റം കുറിച്ചത്, 2012ല് 26-ാം വയസില് രാജ്യാന്തര അരങ്ങേറ്റവും.
Business
കൊച്ചി/മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ സാങ്കേതിക വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ്, ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ (WIPO) ഏറ്റവും പുതിയ പേറ്റന്റ് റാങ്കിംഗിൽ ആഗോളതലത്തിൽ ആദ്യ 20 സ്ഥാനങ്ങളിൽ ഇടംപിടിച്ചു. 2025ലെ പട്ടികയിൽ 320 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ജിയോ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.
ആഗോള സാങ്കേതിക ഭൂപടത്തിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കിക്കൊണ്ട്, ഹുവായ്, സാംസംഗ്, ക്വാൽകോം, എൽജി, പാനാസോണിക്, ഗൂഗിൾ, ആപ്പിൾ, നോക്കിയ തുടങ്ങിയ ആഗോള സാങ്കേതികവന്പന്മാരുടെ നിരയിലേക്കാണ് ജിയോ ഉയർന്നിരിക്കുന്നത്. ഈ പട്ടികയിൽ സ്ഥാനം പിടിക്കുന്ന ഏക ഇന്ത്യൻ ടെക് കന്പനിയാണ് ജിയോ പ്ലാറ്റ്ഫോംസ്.
ജിയോ ഒരു ‘ഡീപ്-ടെക്’ സ്ഥാപനമായി മാറാൻ നടത്തുന്ന വർഷങ്ങളുടെ പരിശ്രമങ്ങളുടെ തെളിവും പ്രതിഫലനവുമാണ് ഈ റാങ്കിംഗ് എന്ന് മാനേജിംഗ് ഡയറക്ടർ ആകാശ് അംബാനി അഭിപ്രായപ്പെട്ടു.
5ജി, 6ജി, ആർട്ടിഫിഷൽ ഇന്റലിജൻസ്, ക്ലൗഡ്-നേറ്റീവ് പ്ലാറ്റ്ഫോമുകൾ, ഇന്റലിജന്റ് ഓട്ടോമേഷൻ, റേഡിയോ ആക്സസ്, എഡ്ജ് ഇന്റലിജൻസ്, നെറ്റ്വർക്ക് സ്ലൈസിംഗ് തുടങ്ങിയവയാണ് ജിയോ ഉൗന്നൽ നൽകുന്ന പ്രധാന മേഖലകൾ.
കന്പനി പുറത്തുവിട്ട കണക്കുകൾ പ്രകാരം 2026 മാർച്ച് 31 വരെ ജിയോ ആകെ ഫയൽ ചെയ്തത് 6817 പേറ്റന്റുകളാണ്. ആഗോളതലത്തിൽ പേറ്റന്റ് ഫയലിംഗിൽ ഒരു ശതമാനത്തിൽ താഴെ മാത്രം വളർച്ച രേഖപ്പെടുത്തിയ വർഷത്തിലാണ് ജിയോ പ്ലാറ്റ്ഫോംസ് ഇത്തരമൊരു വന്പിച്ച കുതിച്ചുചാട്ടം നടത്തിയത് എന്നത് ശ്രദ്ധേയമാണ്.
ജിയോയുടെ ഗവേഷണ-വികസന പ്രവർത്തനങ്ങളുടെ ഗുണനിലവാരത്തിനുള്ള ആഗോള അംഗീകാരമായാണ് ഈ റാങ്കിംഗിനെ വ്യവസായ വിദഗ്ധർ വിലയിരുത്തുന്നത്.
Sports
ടൊറന്റോ: ഫിഫ ലോകകപ്പ് ഫുട്ബോളിന് ആദ്യമായി ആതിഥേയത്വം വഹിക്കാന് അവസരം കിട്ടിയ കാനഡയ്ക്ക്, കന്നിപ്പോയിന്റും. ലോകകപ്പ് ഗ്രൂപ്പ് ബിയില് ബോസ്നിയ ആന്ഡ് ഹെര്സെഗൊവിനയെ 1-1 സമനിലയില് തളച്ച് കാനഡ ഒരു പോയിന്റ് സ്വന്തമാക്കി.
ഫിഫ ലോകകപ്പ് ചരിത്രത്തില് കാനഡയുടെ കന്നിപ്പോയിന്റ് നേട്ടം. മൂന്നാം തവണയാണ് കാനഡ ലോകകപ്പ് വേദിയില് എത്തുന്നത്. 1986, 2022 എഡിഷനുകളില് ഗ്രൂപ്പ് ഘട്ടത്തില് മൂന്നു തോല്വിയുമായി മടങ്ങാനായിരുന്നു കാനഡയുടെ വിധി.
സ്വന്തം കാണികള്ക്കു മുന്നില് അരങ്ങേറിയ മത്സരത്തില് 21-ാം മിനിറ്റില്ത്തന്നെ കാനഡ പിന്നിലായി. കോര്ണര്കിക്കിനു തലവച്ച ബോസ്നിയയുടെ ജോവോ ലൂക്കിച്ചിനു പിഴച്ചില്ല. പന്ത് വലയില്.
ഗോള് മടക്കാനുള്ള കനേഡിയന് പ്രയത്നം 78-ാം മിനിറ്റില് ഫലം കണ്ടു. പ്രോമിസ് ഡേവിഡിന്റെ എറൗണ്ട് ദ കോര്ണര് പാസില്നിന്ന് സൈല് ലാറിന് ബോസ്നിയയുടെ വല കുലുക്കി. കനേഡിയന് ചെമ്പട ആരാധകര് ഗാലറിയില് തിരമാലയായ നിമിഷം.
ഫിഫ ലോകകപ്പ് ചരിത്രത്തില് കാനഡയുടെ രണ്ടാം ഗോള് സ്കോററാണ് 31കാരനായ സൈല് ലാറിന്. കാനഡയിലേക്കു കുടിയേറിയ ജമൈക്കന് കുടുംബത്തിലെ അംഗം.
അല്ഫോന്സോ ഡേവിസാണ് ഫിഫ ലോകകപ്പില് ഗോള് നേടുന്ന ആദ്യ കനേഡിയന് താരം. 2022 ഖത്തര് ലോകകപ്പില് ക്രൊയേഷ്യക്കെതിരേ ആയിരുന്നു ഡേവിസിന്റെ ചരിത്ര ഗോള്.
Business
ന്യൂയോർക്ക്: സ്പേസ് എക്സ് കന്പനിയുടെ ഓഹരിവിപണി പ്രവേശനത്തോടെ (ഐപിഒ) ടെസ്ല മേധാവി ഇലോൺ മസ്ക് ലോക ചരിത്രത്തിലെ ആദ്യ ‘ട്രില്യണർ’ (ഒരു ലക്ഷം കോടി ഡോളറിലധികം ആസ്തിയുള്ളയാൾ) എന്ന റിക്കാർഡിലേക്ക്. ആഗോള സാന്പത്തിക മേഖലയെയും ഓഹരി വിപണിയെയും അന്പരപ്പിച്ചുകൊണ്ടാണ് മസ്കിന്റെ ഈ സമാനതകളില്ലാത്ത കുതിപ്പ്.
നിലവിൽ 69,600 കോടി ഡോളർ ആസ്തിയുള്ള മസ്കിന്, സ്പേസ് എക്സിലുള്ള 42 ശതമാനം ഓഹരി പങ്കാളിത്തം വഴി ആസ്തി ഒരു ലക്ഷം കോടി ഡോളറും മറികടക്കുമെന്നാണ് ബ്ലുംബെർഗ് ബില്യണയർ സൂചിക വ്യക്തമാക്കുന്നത്.
ഡോണൾഡ് ട്രംപ് ഭരണകൂടവുമായുള്ള മസ്കിന്റെ അടുത്ത ബന്ധവും രാഷ്ട്രീയ ഇടപെടലുകളും കഴിഞ്ഞ വർഷങ്ങളിൽ വലിയ വിമർശനങ്ങൾക്കും ടെസ്ലയുടെ വിപണി ഇടിവിനും കാരണമായിരുന്നു. എന്നാൽ ഈ പ്രതിസന്ധികളെയെല്ലാം കാറ്റിൽപ്പറത്തിയാണ് പുതിയ മുന്നേറ്റം.
മസ്കിന്റെ പുതിയ ആസ്തിയുടെ വ്യാപ്തി സാധാരണ മനുഷ്യന്റെ ചിന്തകൾക്കും അപ്പുറമാണെന്ന് സാന്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര സംഘടനയായ ഓക്സ്ഫാമിന്റെ കണക്കനുസരിച്ച്, ഇലോൺ മസ്ക് പ്രതിദിനം 10 ലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) വീതം ചെലവഴിച്ചാൽ പോലും ഒരു ട്രില്യൺ ഡോളർ തീർക്കാൻ 2,740 വർഷങ്ങൾ വേണ്ടിവരും.
നിലവിൽ ലോകത്തിലെ രണ്ടാമത്തെ സന്പന്നനായ ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജിനേക്കാൾ (30,400 കോടി ഡോളർ) മൂന്നിരട്ടിയിലധികം സന്പത്താണ് മസ്കിന് ഇപ്പോൾ ഉള്ളത്. തായ്വാൻ, അയർലൻഡ്, സിംഗപ്പുർ തുടങ്ങിയ പല വികസിത രാജ്യങ്ങളുടെയും മൊത്തം ആഭ്യന്തര ഉത്പാദനത്തേക്കാൾ വലിയ തുകയാണ് ഇലോൺ മസ്ക് എന്ന ഒറ്റ വ്യക്തിയുടെ കൈകളിൽ ഉള്ളത്. നിലവിലെ ആസ്തി വഴി മസ്ക് അമേരിക്കൻ സന്പദ്വ്യവസ്ഥയുടെ മൂന്നു ശതമാനത്തോളം കൈയാളുന്നു.
രാജഭരണാധികാരികളെ ഒഴിവാക്കിയാൽ മനുഷ്യചരിത്രത്തിൽ ഇന്നേവരെ ജീവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സന്പന്നനായി മസ്ക് മാറിയിരിക്കുകയാണെന്ന് ഇറ്റലിയിലെ ബൊക്കോണി സർവകലാശാലയിലെ പ്രഫസർ ഗൈഡോ അൽഫാനി നിരീക്ഷിക്കുന്നു.
അതേസമയം, ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാണ് ഈ സന്പത്തെന്നും, സാങ്കേതിക വിപണിയിലുണ്ടാകുന്ന തകർച്ച മസ്കിന്റെ ആസ്തിയിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാമെന്നും സാന്പത്തിക വിദഗ്ധർ ഓർമിപ്പിക്കുന്നു.
Sports
മെക്സിക്കോ സിറ്റി: ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ റഫറി ഉയർന്നത് മൂന്ന് റെഡ് കാർഡുകൾ. 23-ാമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലാണ് ആസ്റ്റക്ക സ്റ്റേഡിയത്തിൽ മൂന്ന് റെഡ് കാർഡുകൾ ഉയർന്നത്. പെലെയും മാറഡോണയും ലോകകപ്പ് ഉയർത്തിയ മണ്ണിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് ചരിത്ര സംഭവം അരങ്ങേറിയത്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ യായ സിത്തോളെയും തെംബ സാനെയും മെക്സിക്കോ താരം സെസാർ മൊണ്ടെസുമാണ് റെഡ് കാർഡ് കണ്ടത്.
മെക്സിക്കോ താരം ബ്രയാൻ ഗുട്ടിയെരെസിനെ ബോക്സിന് പുറത്ത് വീഴ്ത്തിയതിനാണ് 50-ാം മിനിറ്റിൽ ദക്ഷിണാഫ്രിക്കൻ താരം യായ സിത്തോളെയ്ക്കു നേരെ റഫറി റെഡ് കാർഡുയർത്തിയത്. മെക്സിക്കോയുടെ ഉറച്ച ഗോളവസരം നഷ്ടപ്പെടുത്തിയതിനാൽ റഫറി നേരിട്ട് റെഡ് കാർഡുയർത്തുകയായിരുന്നു. രണ്ടാം പകുതിയിൽ പലപ്പോഴും പരുക്കൻ കളി പുറത്തെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് 84-ാം മിനിറ്റിൽ അൽവരാഡോയ്ക്കെതിരായ ഫൗളിന് തെംബ സാനെയ്ക്ക് റെഡ് കാർഡ്. ഇതോടെ ദക്ഷിണാഫ്രിക്ക ഒമ്പത് പേരായി ചുരുങ്ങി.
ഇഞ്ചുറി ടൈമിലേക്ക് കളി കടന്നതിനു പിന്നാലെ ഖുലിസോ മുദാവുവിനെതിരേ പരുക്കൻ കളി പുറത്തെടുത്തതിനാണ് മെക്സിക്കോ താരം സെസാർ മൊണ്ടെസിനും റെഡ് കാർഡ് കിട്ടിയത്. അതിനിടെ മൂന്ന് വ്യത്യസ്ത ഫുട്ബോൾ ലോകകപ്പുകൾക്ക് (1970, 1986, 2026) വേദിയാകുന്ന ആദ്യ സ്റ്റേഡിയമെന്ന റിക്കാർഡ് ആസ്റ്റക്ക സ്റ്റേഡിയത്തിന് സ്വന്തമായി.
International
കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് ഒറ്റദിവസം കൊണ്ട് ഏറ്റവുമധികം ആളുകൾ കീഴടക്കിയെന്ന അപൂർവ റിക്കാർഡ് ഇനി ചരിത്രത്തിലേക്ക്.
നേപ്പാൾ ഭാഗത്തുനിന്ന് ഒരൊറ്റദിവസംകൊണ്ട് 274 പർവതാരോഹകരാണ് എവറസ്റ്റിന്റെ നെറുകയിലെത്തിയത്. ഈ ചരിത്രനേട്ടം കൈവരിച്ച സംഘത്തിൽ മൂന്ന് ഇന്ത്യൻ പർവതാരോഹകരും ഉൾപ്പെടുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് 150 നേപ്പാളി ഷെർപ്പകൾ അടങ്ങുന്ന 274 അംഗ സംഘം സമുദ്രനിരപ്പിൽനിന്ന് 8848.86 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടി വിജയകരമായി കീഴടക്കിയത്.
എക്സ്പെഡിഷൻ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് നേപ്പാൾ ജനറൽ സെക്രട്ടറി ഋഷി റാം ഭണ്ഡാരിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യൻ പർവതാരോഹകരായ തുളസി റെഡ്ഢി പൽപുനൂരി, സന്ദീപ് ആരെ, അജയ്പാൽ സിംഗ് ധലിവാൽ എന്നിവരാണ് ലോകറിക്കാർഡ് കുറിച്ച സംഘത്തിലുണ്ടായിരുന്നത്.
ഈ സീസണിൽ എവറസ്റ്റ് കീഴടക്കാൻ ആകെ 502 പർവതാരോഹകർക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിനുമുമ്പ് 2019 മേയിൽ നേപ്പാൾ ഭാഗത്തുനിന്ന് ഒറ്റദിവസം കൊണ്ട് 223 പേർ എവറസ്റ്റ് കീഴടക്കിയതായിരുന്നു നിലവിലെ റിക്കാർഡ്.
ഈ റിക്കാർഡാണ് ഇപ്പോൾ തിരുത്തിക്കുറിച്ചത്. ഇതിനു പിന്നാലെ വ്യാഴാഴ്ച മറ്റൊരു ഇന്ത്യൻ പർവതാരോഹകനായ ലക്ഷ്മീകാന്ത മണ്ഡലും ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടിയിൽ വിജയകരമായി പാദമുദ്ര പതിപ്പിച്ചു.
ആറു നേപ്പാളി ഷെർപ്പകൾ ഉൾപ്പെടെ എട്ടു പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് മണ്ഡൽ എവറസ്റ്റ് കീഴടക്കിയതെന്ന് പര്യവേക്ഷണത്തിന്റെ സംഘാടകരായ പയനിയർ അഡ്വഞ്ചർ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.
Business
മുംബൈ: ശക്തമാകുന്ന ആഗോള സാന്പത്തിക സമ്മർദങ്ങളെതുടർന്ന് രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു പതിച്ചു.
ഇറാൻ സംഘർഷം നീണ്ടുപോകുന്നതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന തുടർച്ചയായ വർധനയും യുഎസ് ട്രഷറി യീൽഡ് ഉയർന്നതുമാണ് രൂപയ്ക്കു തിരിച്ചടിയായത്.
2026ൽ ഏഷ്യൻ കറൻസികളിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന രൂപ തുടർച്ചയായ എട്ടാം സെഷനിലാണ് ഡോളറിനെതിരേ ഇടിവ് നേരിടുന്നത്.
ഇന്നലെ വ്യാപാരത്തിനിടെ 96.60 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലേക്കു പതിച്ച രൂപ 96.52 എന്ന എക്കാലത്തെയും താഴ്ന്ന നിലയിൽ വ്യാപാരം പൂർത്തിയാക്കി.
ഈ മാസം രൂപയുടെ മൂല്യം 1.5 ശതമാനം വരെ ഇടിഞ്ഞു. ഈ വർഷം ഇതുവരെ ഏഴു ശതമാനത്തിലധികം മൂല്യത്തകർച്ചയാണ് നേരിട്ടിരിക്കുന്നത്.
ക്രൂഡ് ഓയിൽ വില ഉയരുന്നതും ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതും രൂപയെ ദുർബലപ്പെടുത്തുന്നതായി വിദേശനാണ്യ വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ രൂപ 96.38 നിരക്കിൽ വ്യാപാരം ആരംഭിച്ചു. താഴേക്കു പോയ രൂപ 96.60 എന്ന എക്കാലെത്തയും താഴ്ന്ന നിലയിലെത്തി. അവസാനം തിങ്കളാഴ്ചത്തെ ക്ലോസിംഗിനേക്കാൾ 32 പൈസ നഷ്ടത്തിൽ 96.52 വ്യാപാരം പൂർത്തിയാക്കി.
മുൻ സെഷനിൽ 96.20 എന്ന നിലയിലാണ് രൂപ വ്യാപാരം പൂർത്തിയാക്കിയത്.ആറു കറൻസികൾക്കെതിരേയുള്ള വ്യാപാരത്തിൽ ഡോളർ സൂചിക 0.05 ശതമാനം ഉയർന്ന് 99.24 നിരക്കിലാണ് വ്യാപാരം നടത്തുന്നത്.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 1.92 ശതമാനം താഴ്ന്ന് ബാരലിന് 109.95 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥനയെത്തുടർന്ന് ഇറാനെതിരേയുള്ള പുതിയ ആക്രമണപദ്ധതി മരവിപ്പിച്ചിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ട്രംപിന്റെ പുതിയ പ്രഖ്യാപനമാണ് ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടാകാൻ കാരണമായത്.
District News
കൊച്ചി: തൂത്തുവാരിയെന്നും തരംഗമെന്നും പറഞ്ഞാൽ തീരില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എറണാകുളം ജില്ലയിൽ കുറിച്ചതു തിളക്കമാർന്ന അധ്യായങ്ങളുള്ള പുതിയ ചരിത്രമാണ്. 14ൽ 14 ഉം നേടി സമ്പൂർണാധിപത്യമുറപ്പിച്ചത്, സിപിഎം ജയമുറപ്പിച്ചിരുന്ന സിറ്റിംഗ് സീറ്റുകളുൾപ്പെടെ പിടിച്ചെടുത്തത്, എക്കാലത്തെയും ഉയർന്ന ഭൂരിപക്ഷം, ഇടതുപക്ഷത്തെ തലമുതിർന്ന നേതാവും മന്ത്രിയുമായ പി. രാജീവിനെ വീഴ്ത്തിയത്.... ജില്ലയിൽ കോൺഗ്രസിനും യുഡിഎഫിനും അഭിമാനിക്കാൻ കാരണങ്ങളേറെ.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ജില്ലയിൽ മുഴുവൻ സീറ്റുകളിലും യുഡിഎഫ് വിജയിക്കുന്നത്. ഇതിനു മുമ്പ് വൻ മുന്നേറ്റമുണ്ടാക്കിയ 2001ൽ ജില്ലയിലെ യുഡിഎഫ് സീറ്റുകളുടെ എണ്ണം 13ലെത്തിയിരുന്നു. പി.പി. തങ്കച്ചന്റെ തോൽവിയിൽ പെരുമ്പാവൂരാണ് അന്ന് യുഡിഎഫിനു നഷ്ടമായത്.
2016ലും 2021ലുമുണ്ടായിരുന്ന 14 ൽ 9 എന്ന നിലയിൽ നിന്നാണ് 14 ൽ 14 എന്നതിലേക്കുള്ള യുഡിഎഫിന്റെ കുതിപ്പ്. ഇക്കുറി സിറ്റിംഗ് സീറ്റുകളെല്ലാം ഭൂരിപക്ഷം ഉയർത്തിയാണ് യുഡിഎഫ് നിലനിർത്തിയത്. മത്സരിച്ച ഏഴു സിറ്റിംഗ് എംഎൽഎമാരും ജയിച്ചു.
ആറു പുതുമുഖങ്ങൾ
വിജയികളിൽ ആറു പേർക്കു നിയമസഭയിലേക്ക് കന്നിപ്രവേശനമാണ്. യുഡിഎഫ് ജയിച്ചതിൽ 11ലും കോൺഗ്രസ് എംഎൽഎമാരാണ്. കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ജേക്കബ്, മുസ്ലീം ലീഗ് പാർട്ടികൾക്ക് ജില്ലയിൽ നിന്ന് ഒന്നു വീതം എംഎൽഎമാർ.
എൽഡിഎഫിൽ സിപിഎം മത്സരിച്ചത് ഒമ്പതു സീറ്റുകളിലാണ്. സിപിഐയും കേരള കോൺഗ്രസ് എമ്മും രണ്ടു വീതം സീറ്റുകളിലും ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ഒന്നിലും മത്സരിച്ചു പരാജയപ്പെട്ടു.
തിരിച്ചുപിടിച്ചത് അഞ്ച് മണ്ഡലം
എൽഡിഎഫിന്റെ കോതമംഗലം, കളമശേരി, കുന്നത്തുനാട്, വൈപ്പിന്, കൊച്ചി എന്നീ അഞ്ചു സിറ്റിംഗ് സീറ്റുകൾ തിളക്കമാർന്ന വിജയത്തോടെ യുഡിഎഫ് തിരിച്ചുപിടിച്ചു. അഞ്ചു സീറ്റുകളിലും എംഎൽഎമാർ തന്നെയാണ് പോരിനിറങ്ങിയത്.
കളമശേരിയിൽ സിപിഎമ്മിലെ മുതിർന്ന നേതാവും മന്ത്രിയുമായ പി. രാജീവിന്റെ 16312 വോട്ടുകൾക്കുള്ള വൻവീഴ്ച എൽഡിഎഫിന് ജില്ലയിലേറ്റ കനത്ത പ്രഹരമായി. തരംഗമുണ്ടായാലും കൈവിടില്ലെന്നു പ്രതീക്ഷിച്ചിരുന്ന കൊച്ചിയിലും വൈപ്പിനിലും ഇടതു കണക്കുകൂട്ടലുകൾ തെറ്റി. രണ്ടു തവണ ജയിച്ച കോതമംഗലത്ത് ആന്റണി ജോണിനെ രണ്ടാം മത്സരത്തിൽ കേരള കോൺഗ്രസിലെ ഷിബു തെക്കുംപുറം വീഴ്ത്തിയത് ശ്രദ്ധേയമായി. വൈപ്പിൻ എംഎൽഎ കെ.എൻ.ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിലെത്തി മത്സരിച്ചിട്ടും 2021ലെ എതിരാളി ദീപക് ജോയി തന്നെ അവിടെയെത്തി പരാജയപ്പെടുത്തി.
ഹൈ മാർജിൻ..
തൃക്കാക്കരയിൽ അര ലക്ഷം കടന്ന ഉമ തോമസിന്റെ ഭൂരിപക്ഷം (50211) ജില്ലയിൽ ഇന്നോളമുള്ളതിൽ ഏറ്റവും ഉയർന്നതായി. 2011ൽ എറണാകുളം മണ്ഡലത്തിൽ സെബാസ്റ്റ്യൻ പോളിനെതിരെ ഹൈബി നേടിയ 32,487 വോട്ടുകളാണ് നിലവിലുണ്ടായിരുന്ന ജില്ലയിലെ റിക്കാർഡ് ഭൂരിപക്ഷം.
പിറവത്ത് അനൂപ് ജേക്കബിന്റെയും മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടന്റെയും ഭൂരിപക്ഷം 40000 കടന്നു. കൊച്ചിയിലൊഴികെ 13 മണ്ഡലങ്ങളിലും 10000 വോട്ടിനു മുകളിലാണ് യുഡിഎഫ് ജയം.
കൂട്ട് പാളി
ബിജെപിയോടു കൂട്ടുകൂടി എൻഡിഎ മുന്നണിയിലെത്തിയ ട്വന്റി 20യ്ക്ക് ജില്ലയിൽ നേട്ടമുണ്ടാക്കാനായില്ല. ട്വന്റി20യ്ക്കു വേരോട്ടമുള്ള കുന്നത്തുനാട് പാർട്ടിയുടെ സ്ഥാനാർഥി ബാബു ദിവാകരനു 2021ലേതിനേക്കാൾ 2480 വോട്ടുകൾ കുറഞ്ഞു. ട്വന്റി 20 മത്സരിച്ച ഒമ്പതു സീറ്റിലും പുതിയ കൂട്ടുകെട്ടിന്റെ നേട്ടങ്ങൾ എടുത്തുപറയാനില്ല.
അതേസമയം ജില്ലയിൽ താമര ചിഹ്നത്തിൽ മത്സരിച്ച പറവൂർ, എറണാകുളം, ആലുവ സീറ്റുകളിൽ ബജെപിയ്ക്കു വോട്ടുവിഹിതം വർധിപ്പിക്കാനായി.
എല്ഡിഎഫ് വോട്ട് വിഹിതത്തില് വന് ഇടിവ്
കൊച്ചി: എല്ലാ മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരിയ ജില്ലയില് എല്ഡിഎഫിന്റെ വോട്ട് വിഹിതത്തില് വന് ഇടിവ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ 4.16 ശതമാനം വോട്ടിന്റെ കുറവാണ് ഉണ്ടായത്. അഞ്ച് മണ്ഡലങ്ങള് ഇടതുപക്ഷം വിജയം നേടിയ 2021ലെ തെരഞ്ഞെടുപ്പില് 37.63 ശതമാനം വോട്ട് എല്ഡിഎഫിനുണ്ടായിരുന്നു. അഞ്ച് മണ്ഡലവും കൈവിട്ടുപോയ ഈ തെരഞ്ഞെടുപ്പിലാകട്ടെ 33.47 ശതമാനം വോട്ടാണ് എല്ഡിഎഫിന് ആകെ ലഭിച്ചത്.
മന്ത്രി പി. രാജീവ് പരാജയപ്പെട്ട കളമശേരി മണ്ഡലത്തിലാണ് വോട്ട് വിഹിതത്തില് വലിയ കുറവുണ്ടായത്. 2021ല് പി. രാജീവ് ജയിക്കുമ്പോള് 49.49 ശതമാനത്തിന്റെ മേല്ക്കൈയോടെ 77,141 വേട്ട് എല്ഡിഎഫ് നേടിയതാണ്. അന്ന് 39.65 ശതമാനം വോട്ടുമായി രണ്ടാം സ്ഥാനത്തായിരുന്നു യുഡിഎഫിലെ വി.ഇ. അബ്ദുള് ഗഫൂര്. ഇത്തവണ 16,312 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഗഫൂര് 80,606 വോട്ട് നേടിയപ്പോള് രാജീവിന് കിട്ടിയത് 64,294 വോട്ട്. 10.13 ശതമാനത്തിന്റെ കുറവാണ് എല്ഡിഎഫിന് ഇവിടെയുണ്ടായത്.
ഉമാ തോമസ് രണ്ടാമതും റിക്കാര്ഡ് ഭൂരിപക്ഷത്തില് ജയിച്ച തൃക്കാക്കരയാണ് എല്ഡിഎഫിന് വോട്ട് നഷ്ടമായ മണ്ഡലങ്ങളില് രണ്ടാമത്. സിപിഎം പാര്ട്ടി ചിഹ്നത്തില് സ്ഥാനാര്ഥിയെ നിര്ത്തി ശക്തമായ പ്രചാരണം നടത്തിയിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 9.71 ശതമാനത്തിന്റെ വോട്ട് കുറഞ്ഞു.
കേരള കോണ്ഗ്രസ് സ്ഥാനാര്ഥികള് ഏറ്റുമുട്ടിയ പിറവത്ത് 8.32 ശതമാനത്തിന്റെയും മൂവാറ്റുപുഴയില് 8.57 ശതമാനത്തിന്റെയും അങ്കമാലിയില് 8.72 ശതമാനത്തിന്റെയും എറണാകുളത്ത് 8.42 ശതമാനത്തിന്റെയും തൃപ്പൂണിത്തുറയില് എട്ട് ശതമാനത്തിന്റെയും കുറവ് എല്ഡിഎഫിന്റെ വോട്ട് വിഹിതത്തിലുണ്ടായി.
കോതമംഗലം (6.28), പെരുമ്പാവൂര് (3.47), കുന്നത്തുനാട് (3.36), വൈപ്പിന് (2.94) പറവൂര് (2.05), ആലുവ (1.99), ഇടത്-വലത് സ്ഥാനാര്ഥികള് തമ്മില് ശക്തമായ മത്സരം നടന്ന കൊച്ചിയില് (0.67) ശതമാനത്തിന്റെയും കുറവുണ്ടായി.
നില മെച്ചപ്പെടുത്തി ബിജെപി
കൊച്ചി: എന്ഡിഎ മുന്നണിയില് പുതിയ രാഷ്ട്രീയ സമവാക്യങ്ങള് രൂപപ്പെട്ട ഇത്തവണത്തെ തെരഞ്ഞെടുപ്പില് ബിജെപി നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ 11 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിച്ചതെങ്കില് ട്വന്റി20യുമായി സീറ്റ് വീതംവച്ച് മത്സരിച്ച മൂന്ന് സീറ്റുകളിലും ബിജെപി വോട്ട് വിഹിതം വര്ധിപ്പിച്ചു.
ബിജെപിയുടെ സംസ്ഥാന നേതാക്കളിലൊരാളായ പി.ആര്. ശിവശങ്കര് എറണാകുളം മണ്ഡലത്തില് എന്ഡിഎ നേടിയത് 19,154 വോട്ടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില് പത്മജ എസ്. മേനോന് നേടിയത് 16,043 വോട്ടുമായി താരതമ്യപ്പെടുത്തുമ്പോള് 3114 വോട്ട് കൂടുതൽ. അതായത് കഴിഞ്ഞ തവണത്തേക്കാള് 3.21 ശതമാനം വോട്ട് വര്ധന ബിജെപിക്കുണ്ടായി.
ആലുവയില് കഴിഞ്ഞ തവണ ബിജെപിക്ക് 15,893 വോട്ട് ലഭിച്ചപ്പോള് ഇത്തവണ എം.എ. ബ്രഹമരാജിലൂടെ നേടിയത് 18,732 വോട്ട്. 1.21 ശതമാനം വര്ധന. ബിഡിജെഎസില് നിന്ന് തിരികെ വാങ്ങിയ പറവൂര് മണ്ഡലത്തില് ബിജെപി സ്ഥാനാര്ഥി മത്സരിപ്പിച്ചപ്പോള് 4.6 ശതമാനത്തിന്റെ വോട്ട് വര്ധനയുണ്ടായി. കഴിഞ്ഞ തവണ ബിഡിജെഎസിലെ എ.ബി. ജയപ്രകാശ് 12,964 വോട്ടാണ് ഇവിടെ നേടിയത്. ഇത്തവണ ബിജെപി സ്ഥാനാര്ഥി വത്സല പ്രസന്നകുമാറിന് 20,377 വോട്ട് പറവൂരില് ലഭിച്ചു. ബിജെപി കൂടുതല് വോട്ട് നേടിയ മണ്ഡലവും പറവൂരാണ്.
ബിഡിജെഎസ് മത്സരിച്ച മണ്ഡലങ്ങളിലും എന്ഡിഎ നില മെച്ചപ്പെടുത്തി. കളമശേരി മണ്ഡലത്തില് കഴിഞ്ഞ തവണ ബിഡിജെഎസ് സ്ഥാനാര്ഥി നേടിയതിനേക്കാള് 1.48 ശതമാനം വോട്ട് ഇത്തവണ ബിഡിജെഎസ് സ്ഥാനാര്ഥി എം.പി. ബിനുവിന് ലഭിച്ചു. ബിഡിജെഎസ് മത്സരിച്ച മറ്റൊരു മണ്ഡലമായ കോതമംഗലത്തും നില മെച്ചപ്പെടുത്തി. 5.07 ശതമാനം വോട്ട് വിഹിതവുമായി 7046 വോട്ടാണ് അജി നാരായണന് നേടയത്. കഴിഞ്ഞ തവണ ബിഡിജെഎസിന്റെ ഷൈന് കെ. കൃഷ്ണന് നേടാനായത് 4638 വോട്ടും. 1.68 ശതമാനത്തിന്റെ വോട്ട് വര്ധനയാണ് ഇത്തവണ ഉണ്ടായത്. അതേസമയം ട്വന്റി 20യുടെ എന്ഡിഎ പ്രവേശനത്തിലൂടെ കാര്യമായ നേട്ടം മുന്നണിക്ക് ഉണ്ടാക്കാനുമായില്ല.
പകരക്കാരനില്ലാത്ത പറവൂർ
പറവൂർ : പറവൂർ വി.ഡി. സതീശനൊപ്പമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. കയ്പമംഗലം സിറ്റിംഗ് എംഎൽഎ ഇ.ടി.ടൈസണെ ഇറക്കി എൽഡിഎഫ് നടത്തിയ ശക്തമായ പ്രചാരണം ഫലം കണ്ടില്ല. സതീശന്റെ 2021ലെ ഭൂരിപക്ഷത്തിൽ നേരിയ കുറവു വരുത്താനേ കഴിഞ്ഞുള്ളൂ.
20600 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ച വി.ഡി.സതീശൻ 78658 വോട്ട് നേടി. എൽഡിഎഫ് സ്ഥാനാർഥി ഇ.ടി.ടൈസൺ 58058 വോട്ടും എൻഡിഎ സ്ഥാനാർഥി വത്സല പ്രസന്നകുമാർ 20377 വോട്ടും നേടി. കഴിഞ്ഞ തവണ ബിഡിജെഎസ് സ്ഥാനാർഥി നേടിയ 12,964 മറികടക്കാനായെന്നതു മാത്രമാണ് എൻഡിഎയുടെ നേട്ടം.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ വടക്കേക്കര പഞ്ചായത്ത് എണ്ണിയപ്പോൾ മാത്രം 243 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ ടൈസണ് സാധിച്ചതല്ലാതെ മൂന്നാം റൗണ്ട് മുതൽ സതീശൻ ലീഡ് ഉയർത്തിക്കൊണ്ടിരുന്നു. മറ്റെല്ലാ പഞ്ചായത്തുകളിലും നഗരമേഖലയിലും സതീശൻ മുന്നിലെത്തി. വരാപ്പുഴ പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം 5,400 വോട്ട്.
കളമശേരിയിൽ അട്ടിമറി
കളമശേരി: കളമശേരി നിയോജക മണ്ഡലത്തിൽ വ്യവസായ മന്ത്രിയും സിപിഎമ്മിലെ കരുത്തനുമായ പി.രാജീവിനെ അട്ടിമറിച്ച് യുഡിഎഫ് സ്ഥാനാർഥി മുസ്ലീം ലീഗിലെ അഡ്വ.വി.ഇ.അബ്ദുൾ ഗഫൂർ.
കഴിഞ്ഞ തവണ രാജീവിനോടു നേരിട്ട തോല്വിക്ക് പകരംവീട്ടി, 16312 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അബ്ദുൾ ഗഫൂറിന്റെ വിജയം. കളമശേരി കോൺഗ്രസ് ഓഫീസിൽ പ്രവർത്തകർ പച്ച ലഡു വിതരണം ചെയ്ത് ആഹ്ലാദപ്രകടനം നടത്തി. യുഡിഎഫിന്റെ ടീം വർക്കാണ് വിജയത്തിന് പിന്നിലെന്ന് അബ്ദുൽ ഗഫൂർ പറഞ്ഞു.
പിതാവ് വി.കെ ഇബ്രാഹിം കുഞ്ഞിന്റെ പ്രവർത്തനങ്ങളുടെ തുടർച്ച കളമശേരി മണ്ഡലത്തിൽ ഉണ്ടാകുമെന്നും വിജയാഹ്ലാദത്തിനിടയിൽ അബ്ദുൾ ഗഫൂർ പറഞ്ഞു.
എറണാകുളം തൂക്കി വീണ്ടും വിനോദ്
കൊച്ചി: സമീപ കാലത്തൊന്നും ഇത്ര വലിയൊരു വിജയം എറണാകുളം നിയമസഭാ മണ്ഡലം കണ്ടിട്ടില്ല. അതും 36,163 എന്ന വൻ ഭൂരിപക്ഷത്തിൽ. ഹൈബി ഈഡൻ 2011 ൽ സെബാസ്റ്റ്യൻ പോളിനെതിരെ നേടി 32,487 വോട്ടിന്റെ ഭൂരിപക്ഷത്തിനുശേഷം ഇപ്പോഴാണ് മുപ്പതിനായിരം കടന്ന് ഭൂരിപക്ഷം എറണാകുളം മണ്ഡലം നേടുന്നത് ടി.ജെ. വിനോദിലൂടെയാണ്.
2019 ൽ ഉപതെരഞ്ഞെടുപ്പിലൂടെ മണ്ഡലത്തിന്റെ ജനപ്രതിനിധിയായ ടി.ജെ. വിനോദിന്റെ ഹാട്രിക് വിജയം കൂടിയാണിത്. മണ്ഡലത്തിന്റെ യുഡിഎഫ് അനുകൂല സ്വഭാവത്തിനൊപ്പം ഭരണവിരുദ്ധ വികാരത്തിൽ അലയടിച്ച യുഡിഎഫ് തരംഗംകൂടി വന്നതോടെ ഭൂരിപക്ഷം കുത്തനെ ഉയർന്നു. സിപിഎമ്മുമായി വച്ചുമാറിയ സീറ്റിലേക്ക് സ്ഥാനാർഥിയായി വന്ന ഐഎസ്ജെഡിയുടെ സാബു ജോർജിന് കാര്യമായ ഒരു വെല്ലുവിളിയും ഉയർത്താനായില്ല.കഴിഞ്ഞ തവണത്തേക്കാൾ 15.18 ശതമാനം വോട്ടിന്റെ വർധനയാണ് ഇത്തവണ ടി.ജെ. വിനോദിന് ലഭിച്ചത്.
ഉരുക്കുകോട്ടയിൽ ഉമ മയം
കാക്കനാട് : തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന് ഇത്തവണയും മിന്നും വിജയം. പിടിയുടെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ 25000 നു മുകളിൽ ഭൂരിപക്ഷം കിട്ടിയ ഉമാ തോമസിന് ഇത്തവണ 50211 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിലാണ് മണ്ഡലം നിലനിർത്തിയത്. ആകെ പോൾ ചെയ്ത 140656 വോട്ടുകളിൽ ഉമാ തോമസിന് 83375 വോട്ടു ലഭിച്ചപ്പോൾ ഇടതു സ്ഥാനാർഥി പുഷ്പദാസിന് 33164 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഖിൽ രാജിന് 21424 വോട്ടും ലഭിച്ചു.
പോസ്റ്റൽ വോട്ടുകളിലും ഉമാ തോമസ് തന്നെയായിരുന്നു മുന്നിൽ. കൊച്ചി കോർപറേഷനിലെ 169 ബൂത്തുകളിൽ രണ്ടിടത്തു മാത്രമാണ് പുഷ്പാദാസ് ലീഡു നേടിയത്. തൃക്കാക്കര നഗരസഭയിൽ ഒരിടത്തും അവർ മുന്നിലെത്തി. ആകെയുള്ള 262 ബൂത്തുകളിൽ 259 ഇടങ്ങളിലും തുടക്കം മുതൽ ഉമാ തോമസ് തന്നെയായിരുന്നു മുന്നിൽ.
പ്രവചനങ്ങൾപ്പുറം പിറവം
പിറവം: എല്ലാ പ്രവചനങ്ങളെയും കടത്തിവെട്ടിയ ഫലമാണ് പിറവത്ത് യുഡിഎഫിന്റേത്. 44681 വോട്ടാണ് കേരള കോൺഗ്രസ് ജേക്കബിലെ അനൂപ് ജേക്കബിന്റെ ഭൂരിപക്ഷം. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന സാബു കെ. ജേക്കബിന് ലഭിച്ചത് 44870 വോട്ടാണ്. അതായത് അനൂപ് ജേക്കബിന്റെ ഭൂരിപക്ഷത്തേക്കാളും 189 വോട്ടിന്റെ വിത്യാസം. പിറവം നഗരസഭയിൽ എല്ലാ ബൂത്തിലും അനൂപിനാണ് മേൽക്കൈ.
എൽഡിഎഫ് കോട്ടയെന്ന് പറഞ്ഞിരുന്ന തിരുവാങ്കുളം, ആമ്പല്ലൂർ, ചോറ്റാനിക്കര മേഖലകളും യുഡിഎഫിനെയാണ് തുണച്ചത്. എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത് ട്വന്റി-20യുടെ ജിബി എബ്രാഹമാണ്. കഴിഞ്ഞ തവണ എൻഡിഎ നേടിയ 11,000 ത്തോളം വോട്ടിൽ നിന്നും മെച്ചപ്പെടുത്താൻ ജിബി ക്കായി. 14861 വോട്ട് ലഭിച്ചു.
വൈപ്പിൻ വിധി മാറ്റിയെഴുതി ചമ്മണി
വൈപ്പിൻ : വൈപ്പിൻ നിയോജകമണ്ഡലത്തിൽ എൽഡിഎഫിന്റെ എല്ലാ കണക്കുകൂട്ടുകളും തെറ്റിച്ച് യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മണി ചരിത്ര വിജയം നേടി. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർഥി ജയം കാണുന്നത്.
എൽഡിഎഫിലെ എം.ബി. ഷൈനിയെ 15648 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. മൊത്തം പോൾ ചെയ്ത വോട്ടുകളിൽ 66112 വോട്ടുകളാണ് ടോണി ചമ്മണി നേടിയത്. ഷൈനിക്ക് 50464 വോട്ടുകൾ ലഭിച്ചു. അനിത തോമസ് (എൻഡിഎ )13637 ഉം മോഹൻദാസ് (ആം ആദ്മി ) 342 ഉം വോട്ടുകൾ നേടി .
കൊച്ചി പിടിച്ച് ഷിയാസ്
കൊച്ചി: കൊച്ചി മണ്ഡലത്തില് അട്ടിമറി വിജയം സ്വന്തമാക്കി മുഹമ്മദ് ഷിയാസ്. തുടര്ച്ചയായ രണ്ട് തവണ എംഎല്എയായിരുന്ന കെ.ജെ.മാക്സിയെ 8188 വോട്ടിനാണ് മുഹമ്മദ് ഷിയാസ് പരാജയപ്പെടുത്തിയത്. 64318 വോട്ടുകള് മുഹമ്മദ് ഷിയാസ് നേടിയപ്പോള് കെ.ജെ.മാക്സിക്ക് 56130 വോട്ടുകളാണ് ലഭിച്ചത്.
അതേസമയം കെ.ജെ.മാക്സിക്ക് വോട്ട് ഉയര്ത്താന് സാധിച്ചിട്ടുണ്ട്. 2021 ല് 54632 വോട്ടുകളാണ് മാക്സിക്ക് ലഭിച്ചത്. മുഹമ്മദ് ഷിയാസിന് തോപ്പുംപടിയില് കോണ്ഗ്രസ് പ്രവര്ത്തകരുടെ വന് സ്വീകരണം നല്കി. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില് ആഹ്ലാദപ്രകടനങ്ങളും നടത്തി.
കുഴൽനാടൻ മാജിക്
മൂവാറ്റുപുഴ : മണ്ഡലത്തിന്റെ മനസറിഞ്ഞു നേടിയ മാത്യു കുഴല്നാടന്റെ മിന്നും വിജയത്തിനു പത്തരമാറ്റിന്റെ പൊലിമ. മണ്ഡലചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് ഇത്തവണ കുഴല്നാടന്റെ ചരിത്ര വിജയം.
2021ല് 6161 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ആദ്യ വിജയമെങ്കില് ഇക്കുറി 42829 വോട്ടുകള്ക്കാണ് വിജയം . 2006 എല്ഡിഎഫ് സ്ഥാനാര്ഥിയായിരുന്ന ബാബു പോള് യുഡിഎഫ് സ്ഥാനാര്ഥി ജോണി നെല്ലൂരിനെതിരെ നേടിയ 13156 വോട്ടായിരുന്നു ഇതുവരെ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം.
89914 വോട്ടുകളാണ് ഇക്കുറി മാത്യു കുഴല്നാടന് ലഭിച്ചത്. 47085 വോട്ടുകള് എല്ഡിഎഫ് സ്ഥാനാർഥി എൻ.അരുൺ നേടി. എല്ലാ റൗണ്ടിലും യുഡിഎഫാണ് ലീഡ് ചെയ്തത്. പോസ്റ്റല് ബാലറ്റുകള് എണ്ണി ത്തീര്ന്നപ്പോള് 1115 വോട്ടുകളുടെ ലീഡും മാത്യു കുഴല്നാടന് നേടി.
ഷിബുവിന്റെ പിഴയ്ക്കാത്ത രണ്ടാമൂഴം
കോതമംഗലം: ഒന്നാംവട്ടം പരാജയപ്പെട്ടപ്പോഴും ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് മണ്ഡലത്തിൽ സജീവമായത് ഷിബു തെക്കുംപുറത്തിന് തുണയായി. ഒപ്പം ഒത്തൊരുമയോടെയുള്ള യുഡിഎഫ് പ്രവർത്തനവും കൂടിയായതോടെ രണ്ടാമൂഴത്തിൽ വിജയവും തേടിയെത്തി.
2021ൽ ആദ്യമായി മൽസരിച്ച് പരാജയപ്പെട്ടെങ്കിലും യുഡിഎഫ് ജില്ലാ കൺവീനർ, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, എന്റെ നാട് ജനകീയ കൂട്ടായ്മ ചെയർമാൻ എന്നീ നിലകളിൽ മണ്ഡലത്തിൽ സജീവമായി. വിവിധ തലങ്ങളിൽ ഷിബു നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ അവസാനിക്കും വരെ തുടർന്ന ലീഡ് നിലയും ഭൂരിപക്ഷവും.
കോതമംഗലത്ത് നഗരസഭയിലും എട്ടു പഞ്ചായത്തുകളിലും പോസ്റ്റൽ വോട്ടിലും യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം ലീഡ് നേടി. കൂടുതൽ ലീഡ് നഗരസഭയിലാണ്. 4519 വോട്ട്. കുറവ് കുട്ടമ്പുഴ പഞ്ചായത്തിൽ(937). കോട്ടപ്പടി-1352, പിണ്ടിമന -1681, കീരംപാറ-1473, നെല്ലിക്കുഴി-1175, വാരപ്പെട്ടി-1429, പല്ലാരിമംഗലം-2215, കവളങ്ങാട്-1609, പോസ്റ്റൽ വോട്ട്-469 എന്നിങ്ങനെയാണു ലീഡ് നില. ആകെ 16,859 വോട്ട് ഭൂരിപക്ഷം.
റോജി റോക്ക്സ്
അങ്കമാലി: ഹാട്രിക് വിജയം സ്വന്തമാക്കി അങ്കമാലിയുടെ സ്വന്തം റോജി എം.ജോൺ. ഓരോ തവണയും ഭൂരിപക്ഷം വർധിപ്പിക്കുന്നത് ശീലമാക്കിയ അദ്ദേഹം ഇത്തവണ 37008 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്. 78331 വോട്ടാണ് റോജി എം.ജോൺ നേടിയത്. എൽഡിഎഫ് സ്ഥാനാർഥി സാജു പോളിന് 41323 വോട്ടാണ് നേടാനായത്. ട്വന്റി20 സ്ഥാനാർഥി പ്രോമി കുര്യാക്കോസിന് 9893 വോട്ട് ലഭിച്ചു.
റോജി എം.ജോണിന്റെ വിജയത്തിൽ പ്രവർത്തകർ അങ്കമാലി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. ഭാര്യ ലിപ്സിയും കുടുംബാംഗങ്ങളും ബെന്നി ബഹനാൻ എംപി, മുൻ എം എൽ എ പി.ജെ. ജോയി തുടങ്ങിയവരും സ്വീകരണത്തിലും ആഹ്ലാദ പ്രകടനത്തിലും പങ്കെടുത്തു.നിയോജക മണ്ഡലത്തിലുടനീളം അതാത് പ്രാദേശികതല ആഹ്ലാദ പ്രകടനങ്ങളും ഉണ്ടായിരുന്നു.
ആലുവയിൽ അൻവറാവേശം
ആലുവ: യുഡിഎഫ് തരംഗം വീശിയടിച്ചപ്പോൾ ആലുവയിൽ അൻവർ സാദത്തിന്റെ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 11,000 ത്തോളം വോട്ടുകൾ കൂടി. എൽഡിഎഫ് സ്ഥാനാർഥി എം.എം.ആരിഫിനേക്കാൾ 29,143 ആണ് ഭൂരിപക്ഷം.
ആകെ പോൾ ചെയ്ത വോട്ടുകളിൽ 52 ശതമാനം വോട്ട് നേടിയാണ് അൻവർ സാദത്ത് വിജയിച്ചത്. എതിർ സ്ഥാനാർഥിക്ക് 34.45 ശതമാനവും ബിജെപി സ്ഥാനാർഥിയായ എം.എ. ബ്രഹ്മരാജിന് 11.78 ശതമാനവുമാണ്.
19 റൗണ്ടുകളായി നടത്തിയ വോട്ടെണ്ണലിൽ ഒരു ഘട്ടത്തിലും യുഡിഎഫിന് വെല്ലുവിളി ഉയർത്താൻ ഇടതു സ്ഥാനാർഥിക്കായില്ല. തപാൽ വോട്ടുകളിലും ആധിപത്യം അൻവർ സാദത്ത് നിലനിർത്തി. ആകെ 868 തപാൽ വോട്ടുകളിൽ 413 വോട്ടാണ് നേടിയത്.
വി.പി. സജീന്ദ്രന്റെ തിരിച്ചു
വരവ്കിഴക്കമ്പലം: കുന്നത്തുനാട് യുഡിഎഫ് സ്ഥാനാർഥി വി.പി. സജീന്ദ്രന് നിയമസഭയിലേക്ക് മൂന്നാം വിജയം. 21,283 വോട്ടിന്റ ഭൂരിപക്ഷമാണ് നേടിയത്. സജീന്ദ്രൻ 70,292 വോട്ട് നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി പി.വി. ശ്രീനിജൻ 49,009 വോട്ടും ട്വന്റി20 സ്ഥാനാർഥി ബാബു ദിവാകരൻ 40,221 വോട്ടും നേടി. വി.പി. സജീന്ദ്രന് അയ്യായിരത്തിനും എഴായിരത്തിനുമിടയിൽ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു പാർട്ടി വൃത്തങ്ങൾ കണക്കുകൂട്ടിയിരുന്നത്. എന്നാൽ ഇതുവരെ മണ്ഡലത്തിൽ ടി.എച്ച്. മുസ്തഫ നേടിയ ഇരുപതിനായിരത്തിന്റെ ഭൂരിപക്ഷമാണ് സജീന്ദ്രൻ മറികടന്നത്.
മിന്നുംജയവുമായി മൂത്തേടൻ
പെരുമ്പാവൂർ: കന്നിയങ്കത്തിൽ മികച്ച ഭൂരിപക്ഷത്തിൽ പെരുന്പാവൂരിൽ വെന്നിക്കൊടി പാറിച്ച് യുഡിഎഫ് സ്ഥാനാർഥി മനോജ് മൂത്തേടൻ. മുൻമന്ത്രിയും യുഡിഎഫ് കൺവീനറുമായിരുന്ന പി.പി. തങ്കച്ചനെ ഉൾപ്പെടെ വിജയിപ്പിച്ച പെരുന്പാവൂരിൽ കഴിഞ്ഞ 40 വർഷത്തെ തെരഞ്ഞെടുപ്പ് ഭൂരിപക്ഷം ഉയർത്തിയാണ് (28434) മനോജ് മൂത്തേടൻ വിജയക്കൊടി നാട്ടിയത്. 75088 വോട്ടുകളാണ് മനോജ് മൂത്തേടൻ നേടിയത്. 2006ൽ സാജു പോൾ നേടിയ 12461 ആയിരുന്നു ഇതുവരെയുള്ള മികച്ച ഭൂരിപക്ഷം.
വിജയമുറപ്പിച്ചതോടെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന ആഹ്ലാദ പ്രകടനം പെരുമ്പാവൂർ ബോയ്സ് സ്കൂൾ പരിസരത്തു നിന്ന് ആരംഭിച്ചു. പ്രവർത്തകർ ആവേശത്തോടെ മൂത്തേടനെ തോളിലേറ്റി തുറന്ന വാഹനത്തിലേക്ക് ആനയിച്ചു.
Leader Page
ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പും സർക്കാരും കേരളത്തെ അന്തർദേശീയ ശ്രദ്ധയിലേക്കു കൊണ്ടുവന്നു. വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ലോകത്തിലെ രണ്ടാമത്തെ കമ്യൂണിസ്റ്റ് സർക്കാർ എന്ന പ്രത്യേകതയാണ് ഇതിനു കാരണമായത്.
ഇറ്റലിയാൽ ചുറ്റപ്പെട്ട സാൻ മരീനോ എന്ന ചെറുരാജ്യത്തു മാത്രമാണ് ഇതിനു മുന്പു കമ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ അധികാരത്തിലെത്തിയിട്ടുള്ളത്. 1945ൽ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെട്ട സാൻമരീനോയിലെ സർക്കാർ കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തി ആറു മാസത്തിനകം നിലംപൊത്തി.
സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറിലും പിന്നീട് തിരു-കൊച്ചിയിലും അധികാരമേറ്റ സർക്കാരുകൾ ആഭ്യന്തരപ്രശ്നങ്ങൾ മൂലം തുടർച്ചയായി തകർന്നുകൊണ്ടിരുന്നു. കോണ്ഗ്രസിനോട് സാധാരണക്കാർക്കിടയിൽ മടുപ്പുണ്ടാക്കാൻ ഇതു വഴിതെളിച്ചു.
ഇതേസമയം, കമ്യൂണിസ്റ്റ് പാർട്ടി സാധാരണക്കാർക്കും തൊഴിലാളികൾക്കും അധസ്ഥിതർക്കുമിടയിലിറങ്ങി പ്രവർത്തിച്ചു ശക്തിപ്പെട്ടു വരികയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയ്ക്കു ശേഷം 1957ൽ കേരളത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പു നടക്കുന്നത്.
കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലേക്ക്
രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചു പത്തു വർഷം തികയുന്നതിനു മുന്പ് കേരളം കമ്യൂണിസ്റ്റ് പാർട്ടിക്ക് കൈകൊടുത്തു. 1957 ഏപ്രിൽ ഒന്നിനു തെരഞ്ഞെടുപ്പു ഫലം വന്നപ്പോൾ 126 അംഗ നിയമസഭയിൽ സിപിഐക്ക് 60 അംഗങ്ങൾ. അഞ്ചു കമ്യൂണിസ്റ്റ് സ്വതന്ത്രർ കൂടിയായപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒറ്റയ്ക്കു ഭരിക്കാനായി. ഏപ്രിൽ അഞ്ചിന് ഇഎംഎസ് നന്പൂതിരിപ്പാട് മുഖ്യമന്ത്രിയായി 11 അംഗ മന്ത്രിസഭ അധികാരമേറ്റു. തലസ്ഥാനനഗരമായ തിരുവനന്തപുരത്തേക്ക് ആർത്തിരന്പിയെത്തിയ പതിനായിരങ്ങൾ നഗരത്തെ ചെങ്കടലാക്കി മാറ്റി.
കമ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖനായിരുന്ന ആർ. ശങ്കരനാരായണൻ തന്പിയായിരുന്നു സ്പീക്കർ. കോണ്ഗ്രസിലെ പി.ടി. ചാക്കോ പ്രതിപക്ഷ നേതാവും.
ആവേശം, ആശങ്കകൾ
കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറിയ ചരിത്രസംഭവം പുരോഗമന ചിന്താഗതിക്കാരിലും കർഷകത്തൊഴിലാളികളിലും അടിച്ചമർത്തപ്പെട്ടു കിടന്നിരുന്ന പിന്നാക്ക വിഭാഗക്കാർക്കിടയിലും വലിയ ആവേശമാണു സൃഷ്ടിച്ചത്. എന്നാൽ, കമ്യൂണിസത്തോടുള്ള ഭീതി വലിയൊരു വിഭാഗം ജനങ്ങൾക്കിടയിൽ ആശങ്കയും സൃഷ്ടിച്ചു.
കമ്യൂണിസ്റ്റുകാർ ഈശ്വരനിഷേധികളാണെന്നും മതവിശ്വാസത്തിനു തടയിടുമെന്നും മറ്റുമുള്ള ആശങ്കയും ഭയവും വിശ്വാസികൾക്കിടയിലുമുണ്ടായി. അതുകൊണ്ടുതന്നെ സർക്കാരിന്റെ ഓരോ നീക്കങ്ങളെയും സംശയത്തോടെയാണ് ഇക്കൂട്ടർ വീക്ഷിച്ചിരുന്നത്.
കാർഷിക നിയമവും വിദ്യാഭ്യാസ നിയമവും
ഇടതുപക്ഷം വിപ്ലവകരമെന്നും മറുപക്ഷം അപകടകരമെന്നും വിശേഷിപ്പിച്ച രണ്ടു നിയമനിർമാണങ്ങൾ ഇഎംഎസ് സർക്കാരിന്റെ കാലത്തുണ്ടായി. കൃഷിഭൂമിയിൽ കർഷകർക്ക് അവകാശം നൽകുന്ന കാർഷിക ബന്ധ നിയമവും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രണത്തിലാക്കുന്ന വിദ്യാഭ്യാസ നിയമവുമായിരുന്നു അത്. കാലാവധി പൂർത്തിയാക്കാതെ സർക്കാർ പുറത്താകുന്നതിലേക്കു നയിച്ചതും ഈ രണ്ടു നിയമങ്ങൾ തന്നെയായിരുന്നു.സർക്കാർ അധികാരത്തിലേറി ഒരാഴ്ച തികയുന്നതിനു മുന്പായി ഒഴിപ്പിക്കൽ നിരോധന ഓർഡിനൻസ് പുറപ്പെടുവിച്ചു.
സമഗ്രമായ കാർഷിക ബന്ധ നിയമം കൊണ്ടുവരുന്നതു വരെ കൃഷിഭൂമിയിൽ സ്ഥിരാവകാശമില്ലാത്ത കർഷകർക്കു സംരക്ഷണം നൽകുന്നതിനു വേണ്ടിയായിരുന്നു ഈ ഓർഡിനൻസ് കൊണ്ടുവന്നത്. വൈകാതെ കാർഷിക ബന്ധ നിയമം കൊണ്ടുവരുമെന്നു റവന്യുമന്ത്രി ആയിരുന്ന കെ.ആർ. ഗൗരിയമ്മ പ്രഖ്യാപിക്കുകയും ചെയ്തു.
1957 ഡിസംബർ 21നു കെ.ആർ. ഗൗരിയമ്മ നിയമസഭയിൽ കാർഷിക ബന്ധ ബിൽ അവതരിപ്പിച്ചു. വൻകിട ഭൂവുടമകൾ ഉൾപ്പെടെ ബില്ലിനോട് എതിർപ്പ് അറിയിച്ചു. കുട്ടനാട്ടിലെയും മറ്റും ചില ഭൂവുടമകൾ കൃഷിഭൂമി തരിശിടുമെന്നു ഭീഷണി മുഴക്കി. മറുവശത്തു കർഷകത്തൊഴിലാളികളും സംഘടിച്ചു. ബില്ലിന് അനുകൂലമായി കർഷക സംഘത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വന്പൻ പ്രകടനം നടന്നു. അവകാശങ്ങൾക്കായി സംഘടിച്ച കർഷകത്തൊഴിലാളികളും ജന്മിമാരുടെ ആളുകളും തമ്മിൽ പല സ്ഥലങ്ങളിലും ഏറ്റുമുട്ടൽ നടന്നു.
“നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ...”എന്നു കർഷകത്തൊഴിലാളികൾ ആവേശത്തോടെ പാടിനടന്നു.
1959ൽ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിച്ചെങ്കിലും തിരിച്ചയച്ചു. പിന്നീട് 1960ൽ ബിൽ പാസാക്കുകയും 1961ൽ അനുമതി ലഭിക്കുകയും ചെയ്തു. കാർഷിക ബന്ധ ബിൽ ഭൂവുടമകളെയും ജന്മിമാരെയും കമ്യൂണിസ്റ്റ് സർക്കാരിനെതിരാക്കി.
സ്വകാര്യ സ്കൂൾ മാനേജർമാരെ നിയന്ത്രിക്കുന്നതിനുള്ള വിദ്യാഭ്യാസ ബിൽ 1957 ജൂലൈ ഏഴിന് അവതരിപ്പിച്ചപ്പോൾതന്നെ വ്യാപകമായ എതിർപ്പ് ഉയർന്നു. സെലക്ട് കമ്മിറ്റിക്ക് അയച്ച ബിൽ സെപ്റ്റംബർ രണ്ടിനു പാസാക്കിയെങ്കിലും രാഷ്ട്രപതി ഇതു സുപ്രീംകോടതിയുടെ പരിശോധനയ്ക്ക് അയച്ചു.
ന്യൂനപക്ഷാവകാശങ്ങൾ കവരുന്ന വ്യവസ്ഥകൾ നീക്കംചെയ്യണമെന്ന സുപ്രീകോടതിയുടെ ഉപദേശം സഹിതം രാഷ്ട്രപതി മടക്കി അയച്ച ബില്ലിൽ ഭേദഗതികൾ വരുത്തി 1959 ഡിസംബറിൽ പാസാക്കി.ജനുവരിയിൽ ബില്ലിന് അംഗീകാരം ലഭിക്കുകയും ചെയ്തു.
ഒരണ സമരം
കുട്ടനാട്ടിലെ ബോട്ട് സർവീസുകളിലെ നിരക്കുകൾ ഉയർത്തിയതിനെതിരേ കെഎസ്യുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരം വന്പൻ വിദ്യാർഥി പ്രക്ഷോഭമായി മാറി.
1958 ജൂലൈ 14ന് ആരംഭിച്ച സമരം ഓഗസ്റ്റ് മൂന്നിനാണ് അവസാനിച്ചത്. സമരത്തിനിടയിൽ വിദ്യാർഥികൾക്കു നേരേ നിരവധി തവണ ഭീകരമായ ലാത്തിച്ചാർജ് നടന്നു. ഈ സമരത്തിൽനിന്നു ജ്വലിച്ചുയർന്നുവന്ന വിദ്യാർഥി നേതാവായ എം.കെ. രവീന്ദ്രൻ എന്ന പത്തൊന്പതുകാരനാണ് പിന്നീട് കേരള രാഷ്ട്രീയത്തിലെ വൻമരമായി മാറിയ വയലാർ രവി.
ആന്ധ്ര അരി കുംഭകോണം
ഇതിനിടെ ഒരു അഴിമതി ആരോപണവും സർക്കാരിനെതിരേ ഉയർന്നു. അരി ക്ഷാമം രൂക്ഷമായപ്പോൾ ആന്ധ്രയിൽനിന്ന് 5,000 ടണ് അരി ഇറക്കുമതി ചെയ്തു. ഈ ഇടപാടിൽ അഴിമതിയുണ്ടെന്ന് കോണ്ഗ്രസ് അംഗം ടി.ഒ. ബാവ ആരോപിച്ചു. ജസ്റ്റീസ് പി.ടി. രാമൻ നായരെ ജുഡീഷൽ കമ്മീഷനായി നിയമിച്ച് അന്വേഷണം നടത്തി.
സർക്കാരിന് ഒന്നര ലക്ഷം രൂപ നഷ്ടമുണ്ടായി എന്നു മാത്രമായിരുന്നു കമ്മീഷന്റെ കണ്ടെത്തൽ. ഭക്ഷ്യമന്ത്രി ആയിരുന്ന കെ.എസ്. ജോർജിനെതിരേ ആയിരുന്നു ആരോപണം. ഐക്യ കേരളത്തിലെ ആദ്യത്തെ അഴിമതി ആരോപണം എന്ന നിലയിൽ ആന്ധ്ര അരി കുംഭകോണം കേരള രാഷ്ട്രീയത്തിൽ ഇന്നും ഇടയ്ക്കിടെ ചർച്ച ചെയ്യപ്പെടുന്നു.
(തുടരും)
SUNDAY DEEPIKA
കേരളത്തിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ച വനിതകളിലെ മുൻനിരക്കാരി. അധ്യാപനവൃത്തി വേണ്ടെന്നുവച്ച് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ദേശീയപ്രസ്ഥാനത്തിന്റെ സമരമുഖങ്ങളിലേക്ക് ആയിരങ്ങളെ ആകർഷിക്കുകയും ചെയ്ത ധീരവനിത... അവർ ചരിത്രത്തിൽ അടയാളപ്പെടാതെ പോയത് എന്തുകൊണ്ടാവാം...
1937 ജനുവരി. തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം നടത്തിയ ആഘോഷത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി തിരുവനന്തപുരത്തു വന്ന സമയം. പൊതുയോഗം കഴിഞ്ഞ് അതിഥിമന്ദിരത്തിലെത്തിയപ്പോൾ അവിടെ തിരക്കുകളിൽനിന്നൊഴിഞ്ഞ് ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിൽ ക്ഷീണിതയായ ഒരു സ്ത്രീയിരിക്കുന്നു. ആ ഭാഗത്തേക്കു വിരൽചൂണ്ടി ഗാന്ധിജി ചോദിച്ചു: ആരാണ് അവിടെ?
"അത് കാർത്യായനി അമ്മ...' ചങ്ങനാശേരി പരമേശ്വരൻപിള്ള പറഞ്ഞു. ഗാന്ധിജി അവരെ വിളിച്ച് അടുത്തിരുത്തി ചോദിച്ചു: "ഖാദി പ്രവർത്തനമൊക്കെ എങ്ങനെയിരിക്കുന്നു?...'
അവരൊന്നു പരിഭ്രമിച്ച് അല്പനേരം ഒന്നും മിണ്ടാതെനിന്നു...
പിന്നീടു നടന്ന സംഭാഷണങ്ങളിലേക്ക് പോകുംമുന്പ് ആരാണ് കാർത്യായനി അമ്മ എന്നറിയാം.
കേരളത്തിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ച വനിതകളിലെ മുൻനിരക്കാരി. അധ്യാപനവൃത്തി വേണ്ടെന്നുവച്ച് ബ്രിട്ടീഷ്വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ദേശീയപ്രസ്ഥാനത്തിന്റെ സമരമുഖങ്ങളിലേക്ക് ആയിരങ്ങളെ ആകർഷിക്കുകയും ചെയ്ത ധീരവനിത... ഗാന്ധിജിയുടെ ആഹ്വാനമുൾക്കൊണ്ട് കേരളത്തിൽ ഉപ്പുസത്യഗ്രഹത്തിനും നിയമലംഘന സമരങ്ങൾക്കും ഗുരുവായൂർ സത്യഗ്രഹത്തിനും നേതൃത്വംനൽകുകയും,
നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാർക്കുവേണ്ടി നിലകൊള്ളാൻ നിയമപഠനം പൂർത്തിയാക്കി അഭിഭാഷകയാവുകയും ചെയ്ത വനിത... എന്നാൽ മുക്കാപ്പുഴ കാർത്യായനി അമ്മ എന്നറിയപ്പെട്ട എം. കാർത്യായനി അമ്മയുടെ പേര് ചരിത്രത്തിൽനിന്ന് ബഹിഷ്കരിക്കപ്പെട്ടു. സമരമുഖങ്ങളിൽ ജ്വലിച്ച അവർ കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലും സ്ത്രീമുന്നേറ്റ ചരിത്രത്തിലും കൃത്യമായി അടയാളപ്പെടാതെപോയി.
ഗാന്ധിദർശനങ്ങളുടെ തിളക്കം
തൃശൂർ നഗരത്തിനടുത്ത പൂങ്കുന്നത്ത് പുല്ലാട്ട് ഗോവിന്ദമേനോന്റെയും മുക്കാപ്പുഴ കല്യാണിയമ്മയുടെയും മകളായി 1907ലാണ് കാർത്യായനി ജനിച്ചത്. തൃശൂർ വിക്ടോറിയ ജൂബിലി ഗേൾസ് സ്കൂളിലും (ഇപ്പോൾ മോഡൽ ഗേൾസ് സ്കൂൾ) എറണാകുളം മഹാരാജാസ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. 1927ൽ ജീവശാസ്ത്രത്തിൽ ബിരുദം നേടിയ കാർത്യായനി പിന്നീട് കൊച്ചി ഗവണ്മെന്റ് സർവീസിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. പൂർവ വിദ്യാലയമായ തൃശൂർ വിക്ടോറിയ ജൂബിലി സ്കൂളിൽത്തന്നെ കാർത്യായനി നിയമിതയായി.
മഹാത്മാഗാന്ധിയുടെ ആദർശങ്ങളിൽ ആകൃഷ്ടയായ കാർത്യായനി ദേശീയപ്രസ്ഥാനത്തിലേക്കു കടന്നുവരികയായിരുന്നു. 1928ൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസിൽ ചേർന്നു പ്രവർത്തനം തുടങ്ങി. ചർക്കയുടെയും ഖാദിയുടെയും പ്രചാരണത്തിന് നേതൃത്വം നൽകി.
മണികണ്ഠനാൽത്തറയിലെ പ്രസംഗം
സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി 1930 ൽ ഗാന്ധിജി ആരംഭിച്ച ഉപ്പുസത്യഗ്രഹം കാർത്യായനി അമ്മയെ ആവേശഭരിതയാക്കി. മദ്യനിരോധനം, വിദേശവസ്ത്ര ബഹിഷ്കരണം എന്നീ പ്രവർത്തനങ്ങളിൽ വ്യാപൃതയായി. 1930 മേയ് അഞ്ചിന് ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടു. അറസ്റ്റിൽ പ്രതിഷേധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിലെ മണികണ്ഠനാൽത്തറയിൽ നടന്ന യോഗത്തിൽ, പൂർണഹൃദയത്തോടെ രാഷ്ട്രസേവനത്തിനായി മുന്നിട്ടിറങ്ങാൻ ജനങ്ങളെ ആഹ്വാനംചെയ്ത് കാർത്യായനി അമ്മ ഉജ്വലമായ ഒരു പ്രസംഗം നടത്തി.
ശ്രോതാക്കൾ ആവേശഭരിതരായി. ഒരധ്യാപിക നിയമലംഘനത്തെ അനുകൂലിച്ച് പൊതുയോഗത്തിൽ പ്രസംഗിച്ചത് ചർച്ചാവിഷയമായി. വിദ്യാഭ്യാസ ഡയറക്ടർ ഇതു സംബന്ധിച്ച റിപ്പോർട്ട് പരിശോധിക്കുകയും നടപടിയെടുക്കുകയും ചെയ്തു. കാർത്യായനി അമ്മയ്ക്ക് താക്കീതും രണ്ടുവർഷം പ്രമോഷൻ തടഞ്ഞുകൊണ്ടുള്ള ഉത്തരവും ഡയറക്ടറിൽനിന്ന് ലഭിച്ചു. ഇത് തികഞ്ഞ അനീതിയാണെന്നുറപ്പിച്ച് ആ ധീരവനിത ജോലി രാജിവച്ച് ദേശീയ പ്രസ്ഥാനത്തിൽ കൂടുതൽ സജീവമായി തുടർന്നു.
കോഴിക്കോട്ടേക്ക്
രാജ്യമൊട്ടാകെ നിയമലംഘന സമരങ്ങൾ ബഹുജനപ്രക്ഷോഭങ്ങളായി പരിവർത്തനപ്പെട്ട കാലഘട്ടമായിരുന്നു. ആയിരക്കണക്കിനാളുകൾ ബ്രിട്ടീഷ് സേനയുടെ ക്രൂരമർദനങ്ങൾക്കിരയായി. ജയിലുകൾ സ്വാതന്ത്ര്യസമര പോരാളികളെക്കൊണ്ടു നിറഞ്ഞു. ബ്രിട്ടീഷ്വിരുദ്ധ സമരങ്ങൾ നാട്ടുരാജ്യങ്ങളിൽ വേണ്ടെന്നും ബ്രിട്ടീഷ് ഭരണ പ്രദേശങ്ങളിൽ മതിയെന്നും ഗാന്ധിജിയുടെ നിർദേശമുണ്ടായിരുന്നതിനാൽ കേരളത്തിൽ മലബാറിലാണ് സമരം ശക്തമായിരുന്നത്.
കോഴിക്കോടും പയ്യന്നൂരുമായിരുന്നു പ്രധാന സമരമുഖങ്ങൾ. കെ. കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പുസത്യഗ്രഹവും നിയമലംഘന സമരങ്ങളും മലബാറിൽ തുടർന്നുപോന്നു. നിയമലംഘന സമരത്തിൽ പങ്കെടുക്കുവാൻ കാർത്യായനി അമ്മ കോഴിക്കോട്ടെത്തി. അവിടെ മഹിളാ സമാജത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതത്വംനൽകിയ അവർ സമരമുഖത്ത് മുന്നിട്ടിറങ്ങുവാൻ വനിതകൾക്ക് പ്രചോദനമായി.
സമരമുഖം, ജയിലറ
ബോംബെയിലെ വനിതാ സത്യഗ്രഹികളോട് പോലീസ് നടത്തിയ ക്രൂരതകൾക്കെതിരേ പ്രതിഷേധിക്കാൻ കോഴിക്കോടുള്ള വനിതാ നേതാക്കൾ മുന്നിട്ടിറങ്ങി. 1930 നവംബർ 16ന് ഒരു ജാഥ സംഘടിപ്പിക്കുവാൻ അവർ തീരുമാനിച്ചു. എന്നാൽ ജാഥകൾ നടത്തുന്നതും യോഗങ്ങൾ സംഘടിപ്പിക്കുന്നതും വിലക്കിക്കൊണ്ട് തലേദിവസം ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവെത്തി.
എം. കാർത്യായനി അമ്മ, മിസിസ് കെ. മാധവൻ നായർ, എ.വി. കുട്ടിമാളു അമ്മ, കെ.ഇ. ശാരദ, ടി. നാരായണി അമ്മ, ഇ. നാരായണിക്കുട്ടി അമ്മ, മിസിസ് ടി.വി. സുന്ദര അയ്യർ, ഗ്രേസി ആരോൺ തുടങ്ങിയ നേതാക്കൾക്കാണ് നോട്ടീസ് ലഭിച്ചത്. എന്നാൽ നിശ്ചയിച്ച ദിവസംതന്നെ നിരോധനാജ്ഞ ലംഘിച്ച് കോഴിക്കോട് നഗരത്തിൽ പ്രകടനം നടത്താൻ കോൺഗ്രസിന്റെ വനിതാ കമ്മിറ്റി തീരുമാനിച്ചു. അതിരാവിലെ നേതാക്കൾ കോഴിക്കോട് തളി ക്ഷേത്രത്തിനു സമീപമുള്ള വെർക്കോട്ട് ഭവനത്തിൽ ഖാദി ധരിച്ച് ഒത്തുകൂടി.
മുന്നിലുള്ള റോഡിൽ കാലിക്കട്ട് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. വെർക്കോട്ട് ഭവനത്തിലെ നാരായണി അമ്മയും അവരുടെ വൃദ്ധയായ അമ്മയും നിയമലംഘനത്തിന് ഒരുങ്ങുന്ന യുവതികളെ അനുഗ്രഹിച്ചു. ത്രിവർണ പതാകകൾ ഉയർത്തിപ്പിടിച്ച് ജാഥയായി വനിതകൾ പുറത്തിറങ്ങിയപ്പോൾ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അവരെ തടഞ്ഞു. ജാഥാംഗങ്ങളോടൊപ്പം ഒരു ബാലികയുണ്ടായിരുന്നു. ടി.വി. സുന്ദരയ്യരുടെ മകൾ ജയലക്ഷ്മി. ത്രിവർണപതാകയുമേന്തി ആ പന്ത്രണ്ടുകാരി മറ്റുള്ളവർക്കൊപ്പം ധീരതയോടെ മുന്നോട്ടു നീങ്ങി.
ജയലക്ഷ്മിയുടെ കൈകളിൽനിന്ന് ത്രിവർണപതാക പിടിച്ചുവാങ്ങാൻ പോലീസ് ഇൻസ്പെക്ടർ ശ്രമിച്ചു. എന്നാൽ നിർഭയയായ ആ പെൺകുട്ടി പറഞ്ഞു- ""ഞാൻ ഇത് കൈവിടില്ല''. വിദ്യാർഥിനിയായ ജയലക്ഷ്മിയേയും എം. കാർത്യായനി അമ്മ അടക്കമുള്ള വനിതാ നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്ത് കോഴിക്കോട് സ്പെഷൽ സബ് ജയിലിലേക്ക് കൊണ്ടുപോയി.
മുദ്രാവാക്യങ്ങളും ജയ് വിളികളുമായി വലിയൊരു ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രായപൂർത്തിയാകാത്ത ജയലക്ഷ്മിയെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ ഉത്തരവനുസരിച്ച് വിട്ടയച്ചു. കേരളത്തിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് സ്ത്രീകൾ അറസ്റ്റ് വരിച്ച ആദ്യ സംഭവമായിരുന്നു ഇത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയാണ് ജയലക്ഷ്മി.
കാർത്യായനി അമ്മ, നാരായണിക്കുട്ടി അമ്മ, ഗ്രേസി ആരോൺ, കുമ്മിക്കാവ് അമ്മ, അമ്മുക്കുട്ടി അമ്മ എന്നിവർക്കെതിരേ ക്രിമിനൽ ശിക്ഷാ നിയമപ്രകാരം കേസെടുത്തു. കാർത്യായനി അമ്മ ഒഴികെ മറ്റെല്ലാവരെയും താക്കീത് നൽകി മജിസ്ട്രേറ്റ് വിട്ടയച്ചു.
നല്ലനടപ്പിന് ജാമ്യത്തുക നൽകാൻ മജിസ്ട്രേറ്റ് കാർത്യായനി അമ്മയോട് ആവശ്യപ്പെട്ടുവെങ്കിലും അവരതിനു തയാറായില്ല. രണ്ടു മാസത്തെ തടവായിരുന്നു ശിക്ഷ. വിധിപ്രസ്താവനയിൽ മജിസ്ട്രേറ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടു: ""മലബാറിലെ സ്ത്രീകൾ രാഷ്ട്രീയപ്രസ്ഥാനത്തിൽ പങ്കുചേരുന്നത് ഇതാദ്യമാണ്. അവർ വീണ്ടും അങ്ങനെ ചെയ്യില്ലെന്നു പ്രതീക്ഷിക്കുന്നു.''
ആദ്യ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയ കാർത്യായനി അമ്മ കോഴിക്കോട്, നിയമലംഘന സമരപരിപാടികളും മഹിളാ സമാജം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. ഗാന്ധി-ഇർവിൻ ഉടമ്പടിയെ തുടർന്ന് കേരള പ്രവിശ്യ കോൺഗ്രസ് കമ്മിറ്റി 1931 മാർച്ച് 15ന് കോഴിക്കോട്ട് ഒരു നേതൃയോഗം വിളിച്ചുകൂട്ടി. കെ. കേളപ്പൻ പ്രസിഡന്റായി പുതിയ കെപിസിസി നിലവിൽവന്നു. കേളപ്പനു പുറമേ പ്രവർത്തക സമിതി അംഗങ്ങളായി കെ. മാധവനാർ (സെക്രട്ടറി), ടി.വി. സുന്ദരയ്യർ (ട്രഷറർ), പി.കെ. കുഞ്ഞുകൃഷ്ണ മേനോൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, സി.എച്ച്. ഗോവിന്ദൻ നമ്പ്യാർ, മുഹമ്മദ് അബ്ദു റഹ്മാൻ, എം. കാർത്യായനി അമ്മ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കെപിസിസി പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യവനിത കാർത്യായനി അമ്മയാണ്.
1932 ജനുവരിയിൽ കോഴിക്കോട് കടപ്പുറത്ത് നിയമലംഘനം നടത്തി പ്രസംഗിച്ചതിന് കാർത്യായനി അമ്മ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. വെല്ലൂർ സെൻട്രൽ ജയിലിൽ ആറു മാസം അവർ ശിക്ഷയനുഭവിച്ചു.
ഗുരുവായൂർ സത്യഗ്രഹത്തിൽ
രണ്ടാം ജയിൽവാസത്തിനുശേഷം തൃശൂരിൽ മടങ്ങിയെത്തിയ കാർത്യായനി അമ്മ പൊതുരംഗത്ത് സജീവമാകുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രധാന നേതാക്കളിലൊരാളായി ഉയർന്നുവരികയും ചെയ്തു. കെ. കേളപ്പന്റെ നേതൃത്വത്തിൽ ഗുരുവായൂർ സത്യഗ്രഹം നടക്കുന്ന കാലമാണ്. സത്യഗ്രഹ സമരപരിപാടികളിലും കേളപ്പന്റെ ഉപവാസത്തെതുടർന്ന് നടന്ന റഫറണ്ടത്തിലും അവർ സവിശേഷമായ പങ്കുവഹിച്ചു. 1932 സെപ്റ്റംബർ 29ന് ഗുരുവായൂർ ബോർഡ് ഹൈസ്കൂൾ പരിസരത്ത് പതിനായിരത്തോളം ആളുകൾ പങ്കെടുത്ത സമ്മേളനം നടന്നു. ഈ മഹാസമ്മേളനത്തിൽ കാർത്യായനി അമ്മ പങ്കെടുക്കുകയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 1932 നവംബറിൽ നടന്ന പൊന്നാനി അയിത്തോച്ചാടന സമ്മേളനത്തിലും കാർത്യായനി അമ്മ പങ്കെടുത്തിരുന്നു.
നിയമപഠനത്തിലേക്ക്
ഗാന്ധിജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കാർത്യായനി അമ്മ തൃശൂരിൽ ഗ്രാമ സമുദ്ധാരണ പ്രവർത്തനങ്ങളിൽ മുഴുകി. ജയിൽവാസവും അലച്ചിലുകളുമൊക്കെയായി അവരുടെ ആരോഗ്യസ്ഥിതി മോശമാകാൻ തുടങ്ങിയിരുന്നു. മദ്രാസ് ലോ കോളജിൽചേർന്ന് നിയമം പഠിക്കുവാൻ തീരുമാനിച്ചെങ്കിലും നിയമലംഘനത്തിനു ശിക്ഷിക്കപ്പെട്ട കാരണത്താൽ പുറത്താക്കപ്പെട്ടു. തുടർന്ന് തിരുവനന്തപുരം ലോ കോളജിൽ ചേർന്ന് പഠനമാരംഭിച്ചു. ഈ സമയത്തായിരുന്നു ഗാന്ധിജിയുടെ അഞ്ചാം കേരളസന്ദർശനം. അന്നത്തെ കൂടിക്കാഴ്ചയാണ് തുടക്കത്തിൽ കണ്ടത്. അതേക്കുറിച്ച് കാർത്യായനി അമ്മ പിന്നീടെഴുതിയതിങ്ങനെ:
1937 ജനുവരിയിൽ തിരുവിതാംകൂർ ക്ഷേത്രപ്രവേശനവിളംബരം സംബന്ധിച്ച ആഘോഷത്തിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധി തിരുവനന്തപുരത്തെത്തി. അന്ന് ശരീരസുഖമില്ലാതിരുന്നതിനാൽ ഗ്രാമോദ്ധാരണ പ്രവർത്തനവും മറ്റും നിർത്തിവച്ച് ഞാൻ അവിടെ ലാ കോളജിൽ പഠിക്കുകയായിരുന്നു. ഗാന്ധിജിയെ ഈ വിവരം അറിയിച്ചിരുന്നില്ല. ചോദിച്ചാൽ സമ്മതിക്കില്ലെന്ന് എനിക്കറിയാം. അനുസരണക്കേടിനു ഞാൻ ഒരുക്കവുമല്ല...
പൊതുയോഗമെല്ലാം കഴിഞ്ഞ് ഗാന്ധിജി അതിഥിമന്ദിരത്തിലെത്തി. കേരളത്തിലെ പ്രവർത്തകരുമായി ചർച്ചതുടങ്ങി. ഞാൻ ആരും കാണാതെ ഒരു മൂലയിൽ ഇരിപ്പായി. ആ ഭാഗത്തേക്കു വിരൽ ചൂണ്ടിക്കൊണ്ട് "ആരാണ് അവിടെ?’ എന്ന് അദ്ദേഹം ചോദിച്ചു.
ഞാൻ പരുങ്ങലിലായി. ദേഹമാസകലം വിയർത്തു. മറുപടി പറയാൻ നാവു പൊങ്ങിയില്ല. കുറ്റംചെയ്ത കുട്ടിയെപ്പോലെ ഞാൻ മിഴിച്ചുനിന്നു...
"അത് കാർത്യായനിയമ്മ' ചങ്ങനാശേരി പരമേശ്വരൻപിള്ള പറഞ്ഞു. ഗാന്ധിജി എന്നെ വിളിച്ച് അടുത്തിരുത്തി. "ഖാദിപ്രവർത്തനമൊക്കെ എങ്ങനെയിരിക്കുന്നു?’ എന്നും മറ്റും ചോദ്യമായി. ഞാൻ എന്തു പറയും!... ചങ്ങനാശേരി പറഞ്ഞു: "കാർത്യായനിയമ്മ ഇപ്പോൾ ഇവിടെ ലാകോളജിൽ പഠിക്കുകയാണ്.’
ഞാൻ ഗാന്ധിജിയോടു തുറന്നു പറഞ്ഞു: "എന്റെ ശരീരസ്ഥിതി ഖാദിപ്രവർത്തനത്തിന് എന്നെ അനുവദിക്കുന്നില്ല'.
ഇതു കേട്ടതും ഗാന്ധിജി പറഞ്ഞു: "ഓ, ശരി. ഈ ശരീരസ്ഥിതി നിന്നെ നിയമപഠനത്തിന് അനുവദിക്കുന്നുണ്ട് അല്ലേ?’ ആ സ്വരത്തിൽ കോപവും അസ്വാരസ്യവും നിറഞ്ഞുനിന്നു. ഞാൻ ഒന്നു പരുങ്ങി പറഞ്ഞു: "ചിലപ്പോൾ ക്ലാസിൽ പോകും. ബാക്കി സമയം കിടക്കയിൽ കിടന്നുകൊണ്ടു പുസ്തകം വായിക്കും...’
"ഇത്രയും കഷ്ടപ്പെട്ട് നീ എന്തിനു നിയമം പഠിക്കുന്നു? പ്രാക്ടീസ് ചെയ്യണമെന്ന ഉദ്ദേശ്യമുണ്ടോ?’
"നിയമത്തിൽ എന്തുണ്ട് എന്നറിയണം ഇപ്പോൾ അതു മാത്രമാണ് എന്റെ ഉദ്ദേശ്യം.’
ഗാന്ധിജിയുടെ ശാന്തഗംഭീരവും ഫലിതഭാസുരവുമായ സ്വരം: "നീ പരീക്ഷ പാസായതിനുശേഷം പ്രാക്ടീസ് ചെയ്യുമോ ഇല്ലയോ എന്നു ഞാൻ നോക്കിയിരിക്കും. അപ്പോൾ കാണാം...’’
നിയമപഠനം പൂർത്തിയാക്കിയ കാർത്യായനി അമ്മ തൃശൂരിൽ പ്രാക്ടീസ് ആരംഭിച്ചു. ഇ. ഇക്കണ്ടവാര്യർ, സി. അച്യുതമേനോൻ, സി.എ. ഔസേഫ്, സി.
ആർ. ഇയ്യുണ്ണി എന്നിവർക്കൊപ്പം കാർത്യായനി അമ്മ തൃശൂർ കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നു. നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി കോടതിമുറികളിൽ അവർ ജ്വലിച്ചു.
വാക്കുകൾ ജ്വലിച്ച "സർവോദയ'
1945ലായിരുന്നു കാർത്യായനി അമ്മയുടെ വിവാഹം. അഖിലേന്ത്യാ ചർക്ക സംഘത്തിന്റെ തമിഴ്നാട് സെക്രട്ടറിയായിരുന്ന എൻ. രാമസ്വാമി ആയിരുന്നു ഭർത്താവ്. തൃശൂരിലെ പ്രാക്ടീസ് ഉപേക്ഷിച്ച് തമിഴ്നാട്ടിൽ തഞ്ചാവൂരിലെ ശ്രീനിവാസപുരത്ത് കാർത്യായനി അമ്മ ഖാദി പ്രചാരണ പ്രവർത്തനങ്ങളിലും സർവോദയ പ്രവർത്തനങ്ങളിലും വ്യാപൃതയായി.
1974ൽ തൃശൂരിൽ മടങ്ങിയെത്തി ഭർത്താവിനെപ്പം "സർവോദയ' എന്ന ഇംഗ്ലീഷ് മാസിക പ്രസിദ്ധീകരിച്ചു. ഗാന്ധിയൻ ആശയങ്ങൾ, സ്ത്രീ സമുദ്ധാരണം, സാമൂഹിക നീതി, പൗരബോധം എന്നിങ്ങനെ വിവിധ ആശയധാരകൾ മാസികയിലൂടെ വിനിമയം ചെയ്യപ്പെട്ടു. ഭർത്താവിന്റെ മരണശേഷം 1980 വരെ കാർത്യായനി അമ്മ ഒറ്റയ്ക്ക് "സർവോദയ' മാസിക പ്രസിദ്ധീകരിച്ചിരുന്നു.
നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഈ ധീരവനിതയുടെ ജീവിതം തലമുറകൾക്ക് പാഠവും പ്രചോദനവുമാണ്. ഗാന്ധിയൻ ആശയങ്ങൾ മുറുകെപ്പിടിച്ച അവർ അധികാരത്തിന്റെയും അംഗീകാരത്തിന്റെയും പിന്നാലെ പോയില്ല. 1951ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോണ്ഗ്രസ് ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചു.
സാന്പത്തിക പരാധീനതകൾക്കിടയിൽപോലും സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങാൻ കാർത്യായനി അമ്മ തയാറായില്ല. ദേശീയ പ്രസ്ഥാനത്തിൽ സമരാഗ്നിയായി ജ്വലിച്ച എം. കാർത്യായനി അമ്മ, പക്ഷേ ചരിത്രത്താളുകളിൽ അടയാളപ്പെട്ടില്ല. സ്വന്തം നാട്ടിൽ അവർക്കൊരു സ്മാരകം ഉയർന്നുമില്ല.
അവലംബം: ദ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇൻ കേരള (വോള്യം2),
പ്രഫ. പി.കെ.കെ. മേനോൻ
Kerala
കേരള രാഷ്ട്രീയ ചരിത്രത്തിൽ അധികം ആവർത്തിക്കാത്ത അത്യപൂർവമായ ഒരു തെരഞ്ഞെടുപ്പ് ഫലത്തിനായിരുന്നു 1965ലെ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. അതിൽ പ്രധാനകാര്യം തെരഞ്ഞെടുപ്പിനു ശേഷം ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ വന്നതിനാൽ സർക്കാരുണ്ടായില്ല എന്നതാണ്. മറ്റൊന്ന് കേരളത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ, പദവിയിലിരിക്കേ സ്വന്തം മണ്ഡലത്തിൽ പരാജയപ്പെട്ടതാണ്. കേരള രാഷ്ട്രീയത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ഈ പരാജയം.
1962ൽ അധികാരമേറ്റ ആർ. ശങ്കർ സർക്കാരിനെതിരേ കോൺഗ്രസിനുള്ളിൽതന്നെ ശക്തമായ എതിർപ്പുയർന്നു. ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോയുടെ രാജിയും തുടർന്നുണ്ടായ രാഷ്ട്രീയ നീക്കങ്ങളും സർക്കാരിന്റെ നിലനിൽപ്പിനെ ബാധിച്ചു. ഒടുവിൽ 1964 സെപ്റ്റംബറിൽ സ്വന്തം പാർട്ടിയിലെതന്നെ ഒരു വിഭാഗം എംഎൽഎമാർ പിന്തുണ പിൻവലിക്കുകയും തുടർന്ന് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാവുകയും ചെയ്തതോടെ ശങ്കർ മന്ത്രിസഭ അധികാരത്തിൽനിന്ന് പുറത്തായി.
ആറ്റിങ്ങലിലെ അപ്രതീക്ഷിത തിരിച്ചടി
തുടർന്ന് 1965ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നാണ് ആർ. ശങ്കർ ജനവിധി തേടിയത്. എതിരാളി സിപിഎമ്മിലെ കെ. അനിരുദ്ധനായിരുന്നു. എന്നാൽ ഈ തെരഞ്ഞെടുപ്പ് സമയത്ത് അനിരുദ്ധൻ ജയിലിലായിരുന്നു. എന്നിട്ടും 2083 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അനിരുദ്ധൻ ശങ്കറെ പരാജയപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ പരാജയപ്പെട്ടു എന്നത് അന്നത്തെ കേരളത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. പദവിയിലിരിക്കേ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി എന്ന ചരിത്രവും അങ്ങനെ ആർ. ശങ്കറിന് സ്വന്തമായി.
തുടർപരാജയം 1967ൽ
ആറ്റിങ്ങലിലെ ഈ തിരിച്ചടിക്ക് പിന്നാലെ, 1967ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും ആർ. ശങ്കർ പരാജയത്തിന്റെ രുചിയറിഞ്ഞു. ചിറയിൻകീഴ് മണ്ഡലത്തിൽനിന്ന് മത്സരിച്ച അദ്ദേഹം 29,343 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടതോടെ കേരള രാഷ്ട്രീയത്തിൽനിന്ന് അദ്ദേഹം പതിയെ അകലുകയായിരുന്നു. തുടർച്ചയായ ഈ തെരഞ്ഞെടുപ്പ് പരാജയങ്ങൾ കേരള രാഷ്ട്രീയ ചരിത്രത്തിലെ ശ്രദ്ധേയമായ ഏടുകളായി ഇന്നും നിലനിൽക്കുന്നു.
District News
മുക്കം: സെമി ഫൈനലായ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം നൽകിയ വൻ ഭൂരിപക്ഷത്തെ കവച്ച് വെക്കുന്ന ഫലം ഫൈനൽ മത്സരമായ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
സിപിഎം ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലാണന്നും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ മുതൽ സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങൾ വരെ പാർട്ടി വിടുന്ന അവസ്ഥയിലേക്ക് പാർട്ടി എത്തിയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കൊടിയത്തൂർ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ചെയർമാൻ കെ.വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറിമാരായ സി.ജെ. ആന്റണി, ബി.പി. റഷീദ്, അഡ്വ. മോഹൻലാൽ, ജില്ല പഞ്ചായത്തംഗം മിസ്ഹബ് കീഴരിയൂർ, സൂഫിയാൻ ചെറുവാടി, യു.പി. മമ്മദ്, പി. ജി. മുഹമ്മദ്, മജീദ് പുതുക്കുടി, എൻ.കെ. അഷ്റഫ്, മുനീർ ഗോതമ്പ റോഡ് തുടങ്ങിയവർ പ്രസംഗിച്ചു
Kerala
മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ടു വനിതകൾ നിയമസഭയിലേക്കു മത്സരിക്കുന്പോൾ ഇവരിൽ ഒരാൾ ജയിച്ചാൽ പോലും അത് ചരിത്രമാകും. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ മുസ് ലിം ലീഗിൽനിന്ന് ഒരു വനിതയുണ്ടായിട്ടില്ല.
2021ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ ലീഗിന്റെ നൂർബിന റഷീദ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു 1996 ലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽനിന്ന് ഖമറുന്നിസ അൻവറാണ് ആദ്യമായി മുസ്ലിം ലീഗിൽനിന്ന് മത്സരിച്ച വനിത.
എന്നാൽ പരാജയമായിരുന്നു ഫലം. ഇപ്പോൾ പേരാന്പ്ര മണ്ഡലത്തിൽ പാർട്ടിയുടെ യുവമുഖം ഫാത്തിമ തഹ്ലിയയും കൂത്തുപറന്പിൽ ജയന്തി രാജനും മത്സരിക്കുന്പോൾ ഇവർ ചരിത്രം കുറിക്കുമോ എന്നതാണ് ആകാംക്ഷ. രണ്ടും ലീഗിന്റെ സിറ്റിംഗ് മണ്ഡലങ്ങളല്ല. രണ്ടിട ത്തും എൽഡിഎഫിലെ പ്രമുഖരോടാണ് ഇവർക്ക് ഏറ്റുമുട്ടേണ്ടത്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടിയായ ഫാത്തിമയെ പാർട്ടിയുടെ തീപ്പൊരി നേതാവെന്നാണ് വിശേഷിപ്പിക്കുന്നത്. പാർട്ടിയിലെ യഥാസ്ഥിതിക മുഖങ്ങളോട് ഏറ്റമുട്ടിയാണ് ഫാത്തിമ തന്റെ രാഷ്ട്രീയ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. എംഎസ്എഫ് മുന് ദേശീയ പ്രസിഡന്റും ഹരിത മുന് സംസ്ഥാന പ്രസിഡന്റുമാണ് തഹ്ലിയ.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനില്നിന്നാണ് യുഡിഎഫ് സ്ഥാനാര്ഥിയായി ഫാത്തിമ തഹ്ലിയ 2273 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചത്. പേരാന്പ്ര നിയമസഭ മണ്ഡലത്തിൽ മുൻ മന്ത്രിയും എൽ ഡിഎഫ് കൺവീനറുമായ സിപിഎമ്മിന്റെ ടി.പി. രാമകൃഷ്ണനോടാണ് ഫാത്തിമയുടെ ഏറ്റുമുട്ടൽ.
വയനാട് ജില്ലയിലെ ഇരുളം പഞ്ചായത്ത് അംഗമായി 2010ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ജയന്തിരാജൻ എന്ന പേര് ഉയർന്നു വരുന്നത്. ജില്ലയിൽ 2008 മുതൽ മുസ്ലീം ലീഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജയന്തി രാജൻ സുൽത്താൻ ബത്തേരിയിൽ മലങ്കര കത്തോലിക്കാ സഭ നടത്തുന്ന ശ്രേയസ് എന്ന എൻ ജി ഒ യുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് പൊതുരംഗത്തേക്ക് വരുന്നത്. 2004 മുതൽ 2010 വരെ ശ്രേയസുമായി ബന്ധപ്പെട്ടുള്ള മൈക്രോഫിനാൻസ് രംഗത്തെ പ്രവർത്തനങ്ങളിലായിരുന്നു സജീവം.
കുടുംബപരമായി കോൺഗ്രസ് പശ്ചാത്തലത്തില്നിന്നാണ് 46 കാരിയായ ജയന്തിരാജൻ മുസ്ലിം ലീഗിന്റെ ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നത്.
ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ ജയന്തി രാജൻ കൂത്തുപറന്പ് മണ്ഡലത്തിലാണ് മത്സരിക്കുന്നത്. കമ്യൂണിസ്റ്റ് കോട്ടയിൽ വിജയക്കൊടി പാറിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ജയന്തിക്കുള്ളത്.
Sports
നേപ്പിയര്: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ 254 വര്ഷത്തെ ചരിത്രത്തിനിടെ ആദ്യമായി ഒരു താരം തുടര്ച്ചയായ അഞ്ച് പന്തില് വിക്കറ്റ് വീഴ്ത്തി.
ന്യൂസിലന്ഡ് ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂര്ണമെന്റായ പ്ലങ്കറ്റ് ഷീല്ഡില് സെന്ട്രല് ഡിസ്ട്രിക്റ്റിന്റെ ബ്രെറ്റ് റാന്ഡലാണ് അത്യപൂര്വ ചരിത്രം സ്വന്തമാക്കിയത്. നോര്ത്തേണ് ഡിസ്ട്രിക്റ്റിന് എതിരായ മത്സരത്തില് ഫാസ്റ്റ് ബൗളറായ ബ്രെറ്റ് റാന്ഡല് 11 ഓവറില് 25 റണ്സ് വഴങ്ങി ഏഴ് വിക്കറ്റ് സ്വന്തമാക്കി.
സെന്ട്രല് ഡിസ്ട്രിക്റ്റിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 373ന് എതിരേ, ഒന്നാം ഇന്നിംഗ്സിനായി ക്രീസില് എത്തിയപ്പോഴായിരുന്നു നോര്ത്തേണ് ഡിസ്ട്രിക്റ്റിനെ റാന്ഡല് എറിഞ്ഞിട്ടത്. 82 റണ്സില് ഒന്നാം ഇന്നിംഗ്സില് പുറത്തായ നോര്ത്തേണ് ഡിസ്ട്രിക്റ്റ് ഫോളോ ഓണ് വഴങ്ങി. രണ്ടാംദിനം അവസാനിക്കുമ്പോള് രണ്ടാം ഇന്നിംഗ്സില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 162 റണ്സ് നോര്ത്തേണ് ഡിസ്ട്രിക്റ്റ് നേടിയിട്ടുണ്ട്. രണ്ടാം ഇന്നിംഗ്സില് റാന്ഡലിന് വിക്കറ്റ് വീഴ്ത്താന് സാധിച്ചില്ല.
National
ന്യൂഡൽഹി: നിർമിതബുദ്ധിയിൽ (എഐ) ഭാവി കാണുകയും ശക്തീകരണത്തിനുള്ള ഉപകരണമാക്കുകയും ചെയ്യുന്പോഴും മനുഷ്യർ വെറും അസംസ്കൃത വസ്തുവോ ഡാറ്റാ പോയിന്റുകളോ ആയി ചുരുങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നിർമിതബുദ്ധി ചരിത്രത്തിലെ മറ്റൊരു പരിവർത്തന ശക്തിയാണെന്നും അതിന്റെ ലക്ഷ്യങ്ങളിൽനിന്നു വ്യതിചലിച്ചാൽ നാശത്തിലേക്കു നയിക്കുമെന്നും ഡൽഹിയിൽ നടക്കുന്ന ആഗോള എഐ ഇംപാക്ട് ഉച്ചകോടി ഉദ്ഘാടനം ചെയ്തു മോദി പറഞ്ഞു.
നിർമിതബുദ്ധിയെ നന്നായി ഉപയോഗിച്ചാൽ അതു പരിഹാരങ്ങൾ നൽകും. മനുഷ്യർ ഒരു ഡാറ്റാ പോയിന്റോ അസംസ്കൃത വസ്തുവോ ആകുന്നില്ലെന്ന് ഉറപ്പാക്കാൻ എഐയെ ജനാധിപത്യവത്കരിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ്. നിർമിതബുദ്ധി യന്ത്രങ്ങളെ ബുദ്ധിപരമാക്കുകയും മനുഷ്യന്റെ കഴിവുകളെ പലമടങ്ങ് വർധിപ്പിക്കുകയും ചെയ്യുന്നു. നിർമിതബുദ്ധിക്കു തുറന്ന ആകാശം നൽകണം. അതേസമയം നിയന്ത്രണം നമ്മുടെ കൈകളിൽ നിലനിർത്തുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മെഷീൻ ലേണിംഗിൽനിന്നു ലേണിംഗ് മെഷീനിലേക്കുള്ള ഇപ്പോഴത്തെ യാത്ര വേഗത്തിൽ മാത്രമല്ല, ആഴമേറിയതും വിപുലവുമാണ്. നിർമിതബുദ്ധി മനുഷ്യരെ ഡാറ്റാ പോയിന്റുകളാക്കി മാറ്റാൻ ഇന്ത്യ അനുവദിക്കില്ല. നിർമിതബുദ്ധി പങ്കുവയ്ക്കപ്പെടുകയും അതിന്റെ കോഡുകൾ തുറന്നിരിക്കുകയും ചെയ്യുന്പോൾ അതു ലോകത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കും. ഇന്ത്യ എഐയെ ഭയപ്പെടുന്നില്ലെന്നും മറിച്ച് അവസരങ്ങളും ഭാവിയും കാണുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
ഭാരത് മണ്ഡപത്തിൽ നടന്ന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്, ആന്ത്രോപിക് സിഇഒ ഡാരിയോ അമോദി, ടാറ്റ സണ്സ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, കേന്ദ്ര ഐടി, ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പ്രസംഗിച്ചു.
ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര റാംഗൂലം, ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ച്, സെർബിയ പ്രസിഡന്റ് അലക്സാണ്ടർ വുസിക്, സീഷെൽസ് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പിള്ള, എസ്തോണിയൻ പ്രസിഡന്റ് അലാർ കരിസ്, ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അഞ്ചു ദിവസത്തെ നിർമിതബുദ്ധി ആഗോള പ്രദർശനം നാളെ വരെ നീട്ടി. പൊതുജനങ്ങൾക്ക് ഇന്നു പ്രവേശനമില്ല.
Leader Page
ബംഗ്ലാദേശ് ജനതയിൽ ഭൂരിഭാഗവും ജനാധിപത്യ ചേരിയിലാണെന്ന് ഒരിക്കൽക്കൂടി വ്യക്തമായിരിക്കുന്നു. കഴിഞ്ഞ 12ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് രാജ്യത്തെ ജനാധിപത്യകക്ഷിയായ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) അധികാരത്തിലേറിയത്. അധികാരത്തിലേറാൻ തീവ്ര ഇസ്ലാമിസ്റ്റ് പാർട്ടിയായ ജമാ അത്തെ ഇസ്ലാമി നടത്തിയ എല്ലാ നീക്കങ്ങളെയും പരാജയപ്പെടുത്തിയാണ് ബിഎൻപിയുടെ വിജയം. ഇന്ത്യാ അനുകൂലിയായ ഷെയ്ഖ് ഹസീനയെ പുറത്താക്കാൻ നടത്തിയ വിദ്യാർഥിപ്രക്ഷോഭത്തിനു പിന്നിൽ പാക്കിസ്ഥാന്റെ പ്രോക്സിയായി അറിയപ്പെടുന്ന ജമാ അത്തെ ഇസ്ലാമിക്കും പങ്കുണ്ടായിരുന്നു.
മതവികാരം ഇളക്കിവിട്ട് അധികാരത്തിലേറാമെന്ന് അവർ വ്യാമോഹിച്ചു. അഭിപ്രായസർവേകളിൽ ജമാ അത്തെ ഇസ്ലാമിക്കായിരുന്നു മുൻതൂക്കം. എന്നാൽ, സാധാരണ വോട്ടർമാർ ജനാധിപത്യത്തെ പിന്തുണച്ചു. വനിതാ വോട്ടർമാരിൽ ബഹുഭൂരിപക്ഷവും ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് വോട്ട് ചെയ്തിരുന്ന നിഷ്പക്ഷ വോട്ടർമാരുമെല്ലാം ബിഎൻപിയെയാണു പിന്തുണച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജമാ അത്തെ ഇസ്ലാമിയുമായി അധികാരം പങ്കിട്ട ചരിത്രം ബിഎൻപിക്കുണ്ടെങ്കിലും താരിഖ് റഹ്മാനു കീഴിൽ പാർട്ടി മാറുമെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.
നീണ്ട 17 വർഷത്തെ പ്രവാസജീവിതത്തിനുശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തി ആദ്യമായി പാർലമെന്റിലേക്കു മത്സരിച്ച് ആദ്യവട്ടംതന്നെ പ്രധാനമന്ത്രിപദവിയിലെത്തിയെന്ന വലിയ നേട്ടമാണു താരിഖിനുള്ളത്. 300 അംഗ പാർലമെന്റിൽ 209 സീറ്റോടെ പാർട്ടിയെ അതിശക്തമായി തിരിച്ചെത്തിക്കാനും അദ്ദേഹത്തിനായി. 30 വർഷത്തിനുശേഷം താരിഖിലൂടെ രാജ്യത്തിന് ഒരു പുരുഷ പ്രധാനമന്ത്രിയെ ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
വെല്ലുവിളികൾ
അടിമുടി തകർന്ന രാജ്യത്തെ സന്പദ്വ്യവസ്ഥയെ കരകയറ്റുകയെന്നതാണ് താരിഖ് റഹ്മാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് രാജ്യം കൈവരിച്ച നേട്ടങ്ങൾ തിരികെപ്പിടിക്കുകയെന്നത് ഏറെ ദുഷ്കരമാണ്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായിരുന്ന ബംഗ്ലാദേശിനെ 2009ൽ ഷെയ്ഖ് ഹസീന കൊണ്ടുവന്ന സാന്പത്തികപരിഷ്കാരങ്ങൾ പിന്നീട് വികസനപാതയിലേക്ക് നയിച്ചു. ഹസീനയുടെ 20 വർഷത്തെ ഭരണത്തിൽ 2.5 കോടി ജനങ്ങളെ പട്ടിണിയിൽനിന്നു കരകയറ്റാനായതായി ലോകബാങ്ക് തന്നെ സമ്മതിക്കുന്നുണ്ട്. ഹസീനയുടെ ഭരണകാലത്ത് ബംഗ്ലാദേശ് ചൈനയ്ക്കു പിന്നാലെ ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്രകയറ്റുമതി രാജ്യമായി.
രാജ്യത്തെ തകർന്ന ക്രമസമാധാനനില പുനഃസ്ഥാപിക്കുകയെന്നതും താരിഖിനു വെല്ലുവിളിയാണ്. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിന്റെ 18 മാസം നീണ്ട ഭരണകാലയളവിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കു നേരേ വ്യാപക ആക്രമണങ്ങളാണുണ്ടായത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് മുഹമ്മദ് യൂനുസ് ഭരണകൂടം വിലക്കിയെങ്കിലും രാജ്യത്തു ശക്തമായി വേരുകളുള്ള അവാമി ലീഗിനെയും മുഖ്യ പ്രതിപക്ഷമായ ജമാ അത്തെ ഇസ്ലാമി സഖ്യത്തെയുമെല്ലാം വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുകയെന്നതും വെല്ലുവിളിയാണ്.
ജൂലൈ ചാർട്ടറും ജമാ അത്തെ ഇസ്ലാമിയുടെ ഭീഷണിയും
മുഖ്യപ്രതിപക്ഷമായ ജമാ അത്തെ ഇസ്ലാമി നേതൃത്വം നൽകുന്ന സഖ്യം താരിഖ് റഹ്മാൻ സർക്കാരുമായി യോജിച്ചുപോകാൻ സാധ്യതയില്ലെന്ന സൂചനകളാണ് സത്യപ്രതിജ്ഞാദിവസത്തെ കാര്യങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 12നു നടന്ന പൊതുതെരഞ്ഞെടുപ്പിനൊപ്പം ‘ജൂലൈ ചാർട്ടർ’ എന്നറിയപ്പെടുന്ന ഭരണഘടനാ പരിഷ്കരണത്തിൽ ഹിതപരിശോധനയും നടന്നിരുന്നു. ഒരാൾ പ്രധാനമന്ത്രിയാകുന്നത് പരമാവധി രണ്ടു തവണയായി നിജപ്പെടുത്തുക തുടങ്ങിയ 84 പോയിന്റ് പരിഷ്കരണ പാക്കേജിനായി നടന്ന ഹിതപരിശോധനയിൽ 68.1 ശതമാനം വോട്ടർമാരും അനുകൂലമായി വോട്ട് ചെയ്തു.
വിദ്യാർഥി പ്രക്ഷോഭങ്ങളെത്തുടർന്ന് രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ജൂലൈ ചാർട്ടർ എന്ന ആശയം മുന്നോട്ടു വയ്ക്കപ്പെട്ടത്. രാജ്യത്തിന്റെ ഭരണം സുതാര്യമാക്കുന്നതിനും അഴിമതി തുടച്ചുനീക്കുന്നതിനും ഈ ചാർട്ടർ ലക്ഷ്യമിടുന്നു. ജൂലൈ ചാർട്ടർ നടപ്പിലാകുന്നതോടെ സൈന്യത്തിന്റെ ഇടപെടലുകൾ കുറയുമെന്നും സിവിൽ ഭരണകൂടത്തിന് കൂടുതൽ അധികാരം ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ പ്രക്ഷോഭങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണാർഥമാണ് ഈ രേഖയ്ക്ക് ജൂലൈ ചാർട്ടർ എന്നു പേര് നൽകിയത്.
പരിഷ്കരണപ്രകാരം ഭരണഘടന മാറ്റിയെഴുതാനുള്ള ‘ഭരണഘടനാ പരിഷ്കരണ കൗൺസിലിൽ’ അംഗങ്ങളായി എംപിമാർ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യാൻ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ബിഎൻപി എംപിമാർ അതിനു തയാറായില്ല. ഭരണഘടനയിൽ ഇത്തരമൊരു കൗൺസിലിന് നിലവിൽ നിയമസാധുതയില്ലെന്നാണ് ബിഎൻപി നേതാവ് സലാഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കിയത്. ഇതിൽ പ്രതിഷേധിച്ച് താരിഖ് റഹ്മാൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് ജമാ അത്തെ ഇസ്ലാമിയും സഖ്യകക്ഷികളും ബഹിഷ്കരിച്ചു. സർക്കാരിനെതിരേ തെരുവിലിറങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള ബന്ധം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് കേവലമൊരു അയൽരാജ്യം മാത്രമല്ല തന്ത്രപ്രധാന പങ്കാളിയും അടുത്ത സഖ്യകക്ഷിയുമാണ്. പാക്കിസ്ഥാനുമായി നടന്ന ഒന്പതു മാസം നീണ്ട യുദ്ധത്തിൽ ബംഗ്ലാദേശിലെ ബംഗാളി റസിസ്റ്റൻസ് ഫോഴ്സിന് പിന്തുണയുമായി 1971ൽ ഇന്ത്യ സൈന്യത്തെ അയച്ചത് ആ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള നിർണായക ചുവടുവയ്പായെന്നതു ചരിത്രം. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷയിൽ നിർണായക പങ്കാണ് ബംഗ്ലാദേശിനുള്ളത്. അതിനാൽത്തന്നെ ബംഗ്ലാദേശ് ഭരിക്കുന്നത് സുഹൃത്തുക്കളായിരിക്കണമെന്ന് ഇന്ത്യക്ക് നിർബന്ധമുണ്ട്. ഭൂമിശാസ്ത്രപരമായ കാരണംകൊണ്ടും ഇന്ത്യ ബംഗ്ലാദേശിന് ഒഴിച്ചുകൂടാനാകാത്ത അയൽപക്കമാണ്. 4,000 കിലോമീറ്റർ അതിർത്തിയാണ് ഇരുവരും തമ്മിൽ പങ്കിടുന്നത്. വ്യാപാരം, വൈദ്യുതി, ഗതാഗതം എന്നിവയിലൂടെ ദശാബ്ദങ്ങളായി ബന്ധപ്പെട്ടു കിടക്കുന്നവരാണ് ഇരുരാജ്യങ്ങളും.
ബിഎൻപിയുടെ വിജയത്തിൽ താരിഖിനെ അഭിനന്ദിച്ച ആദ്യത്തെ ലോകനേതാക്കളിലൊരാളായിരുന്നു പ്രധാനമന്ത്രി മോദി. നമ്മുടെ വിവിധ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താൻ നിങ്ങളോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നാണ് മോദി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഏറ്റവുമൊടുവിൽ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്ത ലോക്സഭാ സ്പീക്കർ ഓം ബിർള താരിഖിനെയും ഭാര്യയെയും ഇന്ത്യയിലേക്കു ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ കത്ത് കൈമാറുകയും ചെയ്തു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ ആകാംക്ഷയാണ് ഇതു വ്യക്തമാക്കുന്നത്. ബിഎൻപിയുമായുള്ള ഇരുണ്ട ചരിത്രത്തിന്റെ അവശേഷിപ്പുകൾ ഉപേക്ഷിച്ചുകൊണ്ട് ശക്തമായ സൗഹൃദകാലം കെട്ടിപ്പടുക്കാനുള്ള സാധ്യതകളാണ് ഇന്ത്യ തേടുന്നത്. 2024ൽ ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകിയതു മുതൽ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. 17 വർഷത്തെ പ്രവാസത്തിനുശേഷം ലണ്ടനിൽനിന്ന് 2025 ഡിസംബറിൽ തിരിച്ചെത്തി പൊതുതെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുന്നതിനിടയിലെല്ലാം ഇന്ത്യക്ക് അനുകൂല നിലപാടുകളായിരുന്നു താരിഖ് റഹ്മാൻ സ്വീകരിച്ചിരുന്നത്. ഇതു ശുഭസൂചന നൽകുന്നു.
മധുരതരമല്ലാത്ത ഭൂതകാലം
ബിഎൻപിയും താരിഖ് റഹ്മാനും ഇന്ത്യക്കെതിരേ പ്രവർത്തിച്ച ഭൂതകാലവുമുണ്ട്. ഇന്ത്യയിൽ അടൽ ബിഹാരി വാജ്പേയിയുടെ ഭരണകാലത്താണ് ബംഗ്ലാദേശിൽ അവസാനമായി ബിഎൻപി അധികാരത്തിലെത്തിയത്. 2001നും 2006നും ഇടയിലുള്ള ആ ബിഎൻപി ഭരണകാലം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലൊന്നായിരുന്നു. മാത്രമല്ല, പാക്കിസ്ഥാൻ പ്രോക്സിയായി കണക്കാക്കപ്പെടുന്ന ജമാ അത്തെ ഇസ്ലാമി അന്ന് ബിഎൻപിയുടെ സഖ്യകക്ഷിയായിരുന്നു.
2004ലെ ചിറ്റഗോംഗ് ആയുധവേട്ടയ്ക്കു പിന്നിൽ താരിഖാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. അന്ന് 4,930 തോക്കുകളും 27,000ലേറെ ഗ്രനേഡുകളും 840 റോക്കറ്റ് ലോഞ്ചറുകളുമാണ് കണ്ടെടുത്തത്. ആസാമിലെ വിമതസംഘടനയായ ഉൾഫയുമായി ചേർന്ന് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ഗൂഢാലോചനയായിരുന്നു അത്. അതിന്റെ ബുദ്ധികേന്ദ്രം താരിഖും ബിഎൻപിയുമാണെന്ന് ഇന്ത്യ വിശ്വസിച്ചു.
International
ധാക്ക: ബംഗ്ലാദേശിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടി അധികാരം പിടിച്ചു. 209 സീറ്റുകൾ നേടിയാണ് ബിഎൻപി 20 വർഷത്തിനുശേഷം ഭരണത്തിൽ തിരിച്ചെത്തുന്നത്.
ബിഎൻപി ചെയർമാൻ താരിഖ് അൻവർ പ്രധാനമന്ത്രിയാകും. ബിഎൻപിക്കു വെല്ലുവിളിയാകുമെന്ന വിലയിരുത്തിയ ജമാഅത്തെ ഇസ്ലാമി വെറും 68 സീറ്റിലൊതുങ്ങി. മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗിനു മത്സരിക്കാൻ വിലക്കുണ്ടായിരുന്നു.
രണ്ടു സീറ്റിലെ ഫലപ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിവച്ചിരിക്കുകയാണ്. 299 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് ഒരിടത്ത് തെരഞ്ഞെടുപ്പ് നടന്നില്ല.
ഒരു കാലത്ത് ബിഎൻപിയുടെ സഖ്യകക്ഷിയായിരുന്നു ജമാഅത്തെ ഇസ്ലാമി. 2001-2006 കാലത്തെ ബിഎൻപി സർക്കാരിൽ ജമാഅത്തെ ഇസ്ലാമിയുടെ രണ്ടു മന്ത്രിമാരുണ്ടായിരുന്നു. ഒരു പ്രത്യേക പാർട്ടിയോട് ഭരണകൂടത്തിൽ ഒരു വിഭാഗം പക്ഷപാതിത്വം കാണിച്ചുവെന്ന് ജമാഅത്തെ ഇസ്ലാമിയും സഖ്യകക്ഷികളും ആരോപിക്കുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണം തള്ളി.
ഷേഖ് ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയ "വിവേചനത്തിനെതിരേ വിദ്യാർഥികൾ'എന്ന വിദ്യാർഥി സംഘടന പിന്നീട് രൂപവത്കരിച്ച നാഷണൽ സിറ്റിസൻ പാർട്ടി (എൻസിപി) ജമാഅത്തെ ഇസ്ലാമിയുടെ സഖ്യകക്ഷിയായിരുന്നു. ആറു സീറ്റാണ് എൻസിപിക്കു കിട്ടിയത് ഇന്ത്യൻ അതിർത്തിയിലെ സത്ഖിര, കുഷ്തിയ, രംഗ്പുർ മേഖലകളിലാണ് പ്രധാനമായും ജമാഅത്തെ ഇസ്ലാമി വിജയിച്ചത്. ഷേഖ് ഹസീന സർക്കാർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നു. 2024ലെ പ്രക്ഷോഭത്തിനുശേഷമാണു നിരോധനം നീക്കിയത്.
2024ൽ നടന്ന ജനകീയ പ്രക്ഷോഭത്തിൽ ഷേഖ് ഹസീന സ്ഥാനഭൃഷ്ടയാക്കപ്പെട്ടശേഷം നടന്ന ആദ്യ തെരഞ്ഞെെടുപ്പാണിത്. ഹസീന ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. താരിഖ് റഹ്മാനെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനു താരിഖ് റഹ്മാൻ മുൻഗണന നല്കുമെന്നാണു വിലയിരുത്തൽ. ഷേഖ് ഹസീനയെ പുറത്താക്കിയശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ വിള്ളൽ സംഭവിച്ചിരുന്നു.
ചൈനയും പാക്കിസ്ഥാനും തെരഞ്ഞെടുപ്പു വിജയത്തിൽ ബിഎൻപി ചെയർമാനെ അഭിനന്ദിച്ച. ഷേക്ക് ഹസീനയെ വിചാരണാനടപടികൾക്കായി വിട്ടുകിട്ടാൻ ഇന്ത്യയോട് ആവശ്യപ്പെടാൻ ബിഎൻപി തീരുമാനിച്ചു. ബിഎൻപിയുടെ മുതിർന്ന നേതാവ് സലാഹുദീൻ അഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി പരസ്പര സഹകരണത്തിലൂന്നിയുള്ള സൗഹൃദബന്ധം നിലനിർത്തണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും എന്നാൽ, ഷേക്ക് ഹസീന വിചാരണ നേരിടണമെന്നത് പാർട്ടി നിലപാടാണെന്നും സലാഹുദീൻ കൂട്ടിച്ചേർത്തു.
പാർലമെന്റിന് ഉപരിസഭ, പ്രധാനമന്ത്രിക്കു രണ്ടു ടേം മാത്രം തുടങ്ങിയവ ഉൾപ്പെടെയുള്ള 84 പോയിന്റ് പരിഷ്കരണ പാക്കേജിനായി നടന്ന റഫറണ്ടത്തിൽ അനുകൂലമായി വോട്ട് ഭൂരിപക്ഷം പേരും വോട്ട് ചെയ്തു. 4.80 കോടി വോട്ടർമാർ "ജൂലൈ നാഷണൽ ചാർട്ടർ’ എന്നറിയപ്പെടുന്ന പരിഷ്കരണ നടപടിക്ക് അനുകൂലമായി വോട്ട് ചെയ്തു. 2.25 കോടി വോട്ടർ വിയോജിച്ചു.
Business
ന്യൂഡൽഹി: ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെ പ്രകീർത്തിച്ച് രാജ്യാന്തര മാധ്യമങ്ങളും വിദേശ രാഷ്ട്രീയ നേതൃത്വങ്ങളും. ആഗോള ബിസിനസ് മേധാവികൾ, നയതന്ത്ര വിദഗ്ധർ എന്നിവരും കരാറിനെ വാഴ്ത്തുന്നു. സാമ്പത്തികമായും ഭൗമരാഷ്ട്രീയപരമായും ചരിത്രപരവും തന്ത്രപരവും കൃത്യസമയത്തുള്ളതുമായ നീക്കമായി കരാർ വിശേഷിപ്പിക്കപ്പെടുന്നു.
ആഗോള മാധ്യമങ്ങൾ
ഇന്ത്യയാണ് യഥാർഥ തന്ത്രപരമായ വിജയി എന്ന് ടെലിഗ്രാഫ് പത്രം വിലയിരുത്തുന്നു. ഇന്ത്യയിലേക്കുള്ള യൂറോപ്യൻ കയറ്റുമതിയുടെ 96.6 ശതമാനം ഉത്പന്നങ്ങളുടെയും നികുതി ഈ കരാറിലൂടെ ഇല്ലാതാകുകയോ കുറയുകയോ ചെയ്യുമെന്ന് ജയിംസ് ക്രിസ്പിന്റെ ലേഖനത്തിലൂടെ പത്രം പറയുന്നു. ലോകരാജ്യങ്ങൾ മറ്റ് ബദലുകൾ തേടുമ്പോൾ ഇന്ത്യ ഒരു പ്രധാന പങ്കാളിയായി മാറുന്നതിന്റെ തെളിവാണ് ഈ കരാറെന്ന് ഡാൻ സ്ട്രംപ്ഫിന്റെ ലേഖനത്തിലൂടെ ബ്ലൂംബെർഗ് നിരീക്ഷിക്കുന്നു. അമേരിക്കൻ വ്യാപാര നയങ്ങളിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തങ്ങളുടെ സഖ്യം വിപുലീകരിക്കുന്നതിനെ വാൾ സ്ട്രീറ്റ് ജേർണൽ എടുത്തുപറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ബ്ലോക്കും (ഇയു) ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയും (ഇന്ത്യ) രണ്ട് പതിറ്റാണ്ടോളം നീണ്ട ചർച്ചകൾക്കൊടുവിൽ ഒന്നിച്ചെന്നാണ് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടിയത്. ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്ന തലക്കെട്ടോടെയാണ് വാഷിംഗ്ടൺ പോസ്റ്റും ദ ഗാർഡിയനും ബിബിസിയും വാർത്ത അവതരിപ്പിച്ചത്. അസോസിയേറ്റഡ് പ്രസും റോയിട്ടേഴ്സും അൽ ജസീറയുമെല്ലാം കരാറിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
യൂറോപ്യൻ വിപണിയിൽ ഇന്ത്യയോട് മത്സരിക്കാൻ പാക്കിസ്ഥാനും ബംഗ്ലാദേശിനും ഇനി കഴിയില്ലെന്നാണ് ഫോക്സ് ന്യൂസിൽ പാക്കിസ്ഥാനി പത്രപ്രവർത്തകനായ ഖമർ ചീമ അഭിപ്രായപ്പെട്ടത്.
വിദേശ നേതാക്കൾ
ചർച്ചകൾ പൂർത്തിയായത് വളരെ ‘പോസിറ്റീവായ സൂചന’യാണെന്നും സാമ്പത്തിക വളർച്ച വർധിപ്പിക്കാൻ കരാർ വേഗത്തിൽ നടപ്പിലാക്കണമെന്നും ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ആവശ്യപ്പെട്ടു. കരാർ സാമ്പത്തിക-രാഷ്ട്രീയ ബന്ധങ്ങളെ ഗണ്യമായി ശക്തിപ്പെടുത്തുമെന്നാണ് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് പറഞ്ഞത്.
സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, ഓസ്ട്രിയൻ ചാൻസലർ ക്രിസ്റ്റ്യൻ സ്റ്റോക്കർ, ഡെൻമാർക്ക് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസെൻ, ഫ്രഞ്ച് മന്ത്രി സാൻഡ്രോ ഗോസി എന്നിവരും കരാറിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
ബിസിനസ് നേതാക്കളും സംഘടനകളും
20 വർഷത്തെ ചർച്ചകൾക്കു ശേഷമുള്ള ഒരു ‘വലിയ നിമിഷം’ എന്നായിരുന്നു എയർബസിന്റെ ഇന്ത്യ-ദക്ഷിണാഫ്രിക്ക പ്രസിഡന്റ് ജർഗൻ വെസ്റ്റർമെയറിന്റെ പ്രതികരണം. എയർബസ് ഇന്റർനാഷണൽ പ്രസിഡന്റ് വൗട്ടർ വാൻ വെർഷിന് ഇതൊരു ‘അതിശയകരമായ’ ദിനമാണ്.
ഫോക്സ്വാഗൺ, ബിഎംഡബ്ല്യു, മെഴ്സിഡസ് ബെൻസ് തുടങ്ങിയ പ്രമുഖ ജർമൻ കാർ നിർമാതാക്കളുടെ സിഇഒമാർ കരാറിനെ പ്രശംസിച്ചു. ഇത് ഇന്ത്യയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കാൻ സഹായിക്കുമെന്ന് അവർ കരുതുന്നു. ബിസിനസ് യൂറോപ്പ്, അയർലൻഡിലെ ചേംബേഴ്സ് അയർലൻഡ്, സ്വീഡനിലെ ബിസിനസ് സംഘടനകൾ എന്നിവരും കരാറിനെ സ്വാഗതം ചെയ്തു.
ലോകജനസംഖ്യയുടെ നാലിലൊന്നിനെയും ആഗോള വ്യാപാരത്തിന്റെ വലിയൊരു ഭാഗത്തെയും ഈ കരാർ ഒന്നിപ്പിക്കുന്നുവെന്ന് സിഎസ്ഐഎസ് സീനിയർ അഡ്വൈസർ റിച്ചാർഡ് റോസോ പറഞ്ഞു. അറ്റ്ലാന്റിക് കൗൺസിൽ സീനിയർ ഫെല്ലോ മൈക്കൽ കുഗൽമാൻ ‘ശരിയായ സമയത്തെ ശരിയായ കരാർ’ എന്നാണ് വിശേഷിപ്പിച്ചത്.
കരാർ ഉഭയകക്ഷി വ്യാപാരത്തിൽ 41 മുതൽ 65 ശതമാനം വരെ വർധനയുണ്ടാക്കുമെന്നും ഇരുപക്ഷത്തിന്റെയും ജിഡിപിയിൽ യഥാർഥ വരുമാന വർധനയ്ക്ക് കാരണമാകുമെന്നും കീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ വേൾഡ് ഇക്കോണമി വിലയിരുത്തുന്നു.
വിദേശ പങ്കാളികളുമായി വ്യാപാര കരാറുകൾ പിന്തുടരുന്ന ഇന്ത്യയുടെ സമീപകാല രീതി, കൂടുതൽ തുറന്ന സമ്പദ്വ്യവസ്ഥയിലേക്കുള്ള നീക്കത്തെ സൂചിപ്പിക്കുന്നതായി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐഐഎസ്എസ്) വ്യക്തമാക്കി.
Leader Page
സീറോമലബാർ സഭയുടെ പ്രഥമ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിക്ക് അർഹമായ കുറവിലങ്ങാട് മർത്ത് മറിയം പള്ളി സവിശേഷമായ ഒരു ചരിത്രനിയോഗമാണ് ഏറ്റെടുത്തു നടപ്പിലാക്കിയിരിക്കുന്നത്.
ഏതാണ്ട് പതിനാറാം നൂറ്റാണ്ടുവരെ കുറവിലങ്ങാട് അഭംഗുരം കാത്തുപരിപാലിച്ചുപോന്ന മൂന്നുനോന്പിന്റെ ബാവൂസാകൾ ഈ വർഷം മുതൽ സുറിയാനി ഭാഷയിൽനിന്ന് മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത് അനുഷ്ഠിക്കുകയാണ്. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിർദേശപ്രകാരം, മർത്ത്മറിയം പള്ളിയുടെ ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിലാണ് ബാവൂസ രൂപപ്പെടുത്തിയിരിക്കുന്നത്. റവ. ഡോ. ജോണ് കണ്ണന്താനം, ഫാ. മാത്യു പുല്ലുകാലായിൽ, ഫാ. അഗസ്റ്റിൻ കണ്ടത്തിൽകുടിലിൽ, ഫാ. ജോസഫ് പുത്തൂർ, ഡോ. ഫെബിൻ മൂക്കംതടത്തിൽ എന്നിവരാണ് സുറിയാനിയിൽനിന്നുള്ള വിവർത്തനം ചെയ്തിരിക്കുന്നത്. ഇതിലെ കീർത്തനങ്ങൾ രചിച്ചതും പ്രാർഥനകൾ ക്രമീകരിച്ചു ഭാഷ ചിട്ടപ്പെടുത്തിയതും ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ് ആണ്.
ബാവൂസാ എന്ന സുറിയാനി വാക്കിന് യാചന, അപേക്ഷ എന്നൊക്കെയാണർഥം. പഴയനിയമത്തിൽ നിനവേ പട്ടണത്തിൽപ്പോയി പ്രസംഗിക്കാൻ ദൈവം നിയോഗിച്ച യോനാ പ്രവാചകനെയും അദ്ദേഹം മത്സ്യത്തിനുള്ളിൽ കിടന്നതിന്റെയും നിനവേനിവാസികൾ യാചനാപൂർവം ചാക്കുടുത്ത്, ചാരംപൂശി പരിഹാരംചെയ്ത് ദൈവത്തിലേക്കു തിരിഞ്ഞതിന്റെയും (യോനാ 1, 3) മൂന്നു ദിനങ്ങളെ അനുസ്മരിക്കുന്ന ഈ നോന്പ് പല പേരുകളിൽ അറിയപ്പെടുന്നു. നിനവേ നോന്പ്, മൂന്നു നോന്പ്, പതിനെട്ടാമിടം, ചെറിയ നോന്പ്, മകരം തിരുനാൾ എന്നിങ്ങനെ. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ഈ നോന്പ് ആചരിക്കപ്പെടുന്നത്. പഴയനിയമത്തിൽ അധിഷ്ഠിതമായ ഏക നോന്പാചരണമാണ് നിനവേ നോന്പെന്നതും ഇതിന്റെ പ്രത്യേകതയാണ്. മിശിഹായുടെ പെസഹാരരഹസ്യങ്ങളെ ധ്യാനിച്ചുകൊണ്ടാടുന്ന വലിയനോന്പിനു 18 ദിവസം മുൻപ് അതിന്റെ ഒരു പ്രവേശികയായി മൂന്നുനോന്പ് നിലനിൽക്കുന്നുവെന്നതും എടുത്തുപറയേണ്ടതാണ്.
എഡി 570-580 കാലഘട്ടത്തിൽ നിനവേ, ബേസ്ഗർമേ, അസോർ തുടങ്ങിയ പേർഷ്യൻ നഗരങ്ങളിലുണ്ടായ പ്ലേഗ് ബാധയിൽനിന്ന് രക്ഷനേടുന്നതിനായി പൗരസ്ത്യ സുറിയാനി സഭയിലെ വിശ്വാസികൾ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദൈവാലയത്തിൽ ഒന്നിച്ചുകൂടി ഉപവസിച്ചു പ്രാർഥിച്ച് പകർച്ചവ്യാധിയിൽനിന്ന് രക്ഷനേടിയത് മൂന്നുനോന്പാചരണത്തിന്റെ ചരിത്രപശ്ചാത്തലമാണ്. നന്ദിസൂചകമായി ഇനിയൊരിക്കലും പകർച്ചവ്യാധികൾ തങ്ങളുടെ ദേശങ്ങളിൽ ഉണ്ടാകാതിരിക്കാനായി എല്ലാവർഷവും പള്ളിയിൽ ഒത്തുകൂടി അവർ നോന്പ് അനുഷ്ഠിച്ചിരുന്നുവത്രേ. കാലക്രമത്തിൽ പേർഷ്യൻസഭയുമായി ബന്ധമുണ്ടായിരുന്ന കേരളസഭയിലേക്കും ഈ നോന്പാചരണം കടന്നുവന്നു.
യൂറോപ്യരുടെ ആഗമനത്തിനും ഉദയംപേരൂർ സൂനഹദോസിനും മുൻപേ മൂന്നുനോന്പ് ഇവിടെ ആചരിച്ചിരുന്നതിനു തെളിവുകളുണ്ട്. ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകളിൽപൗരസ്ത്യപാരന്പര്യങ്ങളിലെ ഈ നോന്പാചരണത്തിന്റെ പ്രസക്തിയും പൗരാണികതയും കണ്ടറിഞ്ഞ്, അതു തുടരണമെന്നു നിഷ്കർഷിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. (ഉദയംപേരൂർ സൂനഹദോസ് കാനോനകൾ, ഏഴാം മൗത്വാ, ഒന്പതാം കാനോന). പതിനാറാം നൂറ്റാണ്ടുമുതൽ കേരള സഭയ്ക്കുണ്ടായ പാശ്ചാത്യസ്വാധീനത്തിന്റെയും പ്രാദേശികവത്കരണത്തിന്റെയും പേരിൽ നഷ്ടമായ പല പുരാതന തനതുസംസ്കാരങ്ങളുടെയും ചിട്ടകളുടെയുംകൂടെ മൂന്നു നോന്പിന്റെ പ്രഭാവവും തേഞ്ഞുമാഞ്ഞുപോയി.
മൂന്നുനോന്പിന്റെ ആത്മാവ് ബാവൂസാ നമസ്കാരമാണ്. സുറിയാനിഭാഷയിൽ വിരചിതമായ സുദീർഘമായ ഗീതങ്ങളും കീർത്തനങ്ങളുമാണ് ബാവൂസായിൽ ഉപയോഗിച്ചിരുന്നത്. അനുതാപത്തിന്റെ പ്രതീകമായ കറുത്തവസ്ത്രം അണിഞ്ഞുകൊണ്ട് പുരോഹിതരും ശുശ്രൂഷികളും ഗായകസംഘവുമെല്ലാം മൂന്നുനോന്പിൽ ഈ ഭജനക്രമം അനുഷ്ഠിച്ചിരുന്നു.
പൗരസ്ത്യ പാരമ്പര്യത്തിൽ തുടരുന്ന തൃശൂരുള്ള കൽദായസുറിയാനി സഭയും മറ്റും മൂന്നുനോന്പ് സജീവമായി ആചരിക്കുന്നുണ്ട്. കടുത്തുരുത്തി, പുളിങ്കുന്ന്, കുറവിലങ്ങാട് ദേവാലയങ്ങൾ മൂന്നുനോന്പാചരണവുമായി ബന്ധപ്പെട്ടുതന്നെയാണ് പ്രസിദ്ധങ്ങളായിത്തീർന്നിട്ടുള്ളത്. എങ്കിലും ഇവിടെയൊന്നും ബാവൂസായുടെ പൂർണകർമക്രമങ്ങൾ പാലിച്ചുപോന്നിരുന്നില്ല. ബാവൂസാ ദ്നിനവായേയുടെ വീണ്ടെടുപ്പ്, അതിന്റെ ഏതാണ്ട് പൂർണരൂപത്തിലാണ് കുറവിലങ്ങാട് മർത്ത് മറിയം പള്ളി ചിട്ടപ്പെടുത്തിയിരിക്കുന്നത്. സഭയിൽ നിലവിലുണ്ടായിരുന്ന കൈയെഴുത്ത് പ്രതികൾ ക്രോഡീകരിച്ച്, പൗരസ്ത്യ സുറിയാനി സഭയുടെ മാർ തോമാ ധർമോ മെത്രാപ്പോലീത്താ അച്ചടിച്ച് പ്രസിദ്ധീകരിച്ച ഹുദ്റ (1960) അടിസ്ഥാനമാക്കിയാണ് ഈ തക്സ തയാറാക്കിയിരിക്കുന്നത്.
സാർവത്രിക സഭയുടെ വേദപാരംഗതനായ മാർ അപ്രേം, മാർ ഏബ്രഹാം മൽപാൻ, മാർ ഏലിയ, മാർ ആവാ കാസോലിക്ക, മാർ ശല്ലീത്ത, സോവയിലെ ഭക്തനായ മാർ ഏലിയ, അർബേലിലെ മാർ ഗീവർഗീസ് എന്നിവരുടെ കീർത്തനങ്ങളും പ്രാർഥനകളും വിചിന്തനങ്ങളും ബാവൂസായിൽ ഉൾച്ചേർത്തിരിക്കുന്നു. പുരാതനമായ സുറിയാനി പാരന്പര്യത്തിലെ ബാവൂസായുടെ പ്രാർഥനാഘടന നിലനിർത്തിക്കൊണ്ടുതന്നെ വായനകളും സങ്കീർത്തനങ്ങളും വിജ്ഞാപനങ്ങളും മുട്ടുകുത്തി നിലംചുംബിച്ചുകൊണ്ടുള്ള വിലാപ ശുശ്രൂഷകളും ലോകം മുഴുവനും വേണ്ടിയുള്ള മധ്യസ്ഥപ്രാർഥനകളും ഭക്തിസാന്ദ്രമായ കീർത്തനങ്ങളും അതിന്റെ ചൈതന്യത്തിന് ഒട്ടും ശോഷണം സംഭവിക്കാതെ എന്നാൽ, കാലോചിതമായി യാചനകളും വിചിന്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ പ്രാർഥനാശുശ്രൂഷ പുനഃക്രമീകരിച്ചിരിക്കുന്നത്. അതിലെ ഹൃദയംതൊടുന്ന പ്രാർഥനകൾ ഏവരുടെയും മിഴിനിറയ്ക്കും.
"വിശ്വാസത്തിന്റെ ഏറ്റുപറച്ചിൽ വ്യക്തിപരവും അതേസമയം സാമൂഹികവുമാണ്. സഭയാണ് വിശ്വാസത്തിന്റെ പ്രാഥമിക കർത്തൃത്വം വഹിക്കുന്നത്.'' (വിശ്വാസത്തിന്റെ കവാടം ന. 10) നോന്പും ഉപവാസവുമെല്ലാം ആചാരാനുഷ്ഠാനങ്ങളിൽപ്പെടുന്നു. എന്നാൽ, കാലത്തിന്റെ ഗതിയിൽ ആചാരങ്ങൾ ആഘോഷമായും അവയിൽതന്നെ അവയുടെ ആത്മീയത നഷ്ടപ്പെടുത്തിയും പ്രകടനങ്ങളായിപ്പോകുന്നുവെന്നുള്ളതാണ് വസ്തുത. മൂന്നുനോന്പ് ഒരു അനുഷ്ഠാനമാണ്. ആഘോഷങ്ങളേക്കാൾ, ഉപവാസത്തിലൂടെയും പ്രാർഥനയിലൂടെയും ദൈവത്തെ പ്രസാദിപ്പിക്കാൻ മനുഷ്യൻ നടത്തുന്ന ആത്മനവീകരണ യജ്ഞമാണത്.
ആധുനികമനുഷ്യന്റെ അമിതാസ്വസ്ഥകളുടെയും അതിവൈകാരികതയുടെയും ഇടയിൽ ബാവൂസാ ഒരു ശാന്തിനികേതനമായിരിക്കുമെന്നതിനു സംശയമില്ല. സഹിത ഭാവങ്ങൾ അറ്റുപോകുന്ന ഇക്കാലത്ത് ദൈവവിചാരത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും ഒരുമിച്ചു പ്രാർഥിക്കലിന്റെയും പങ്കുവയ്ക്കലിന്റെയും ഒരുമിച്ചു ഭക്ഷിക്കുന്നതിന്റെയും സ്നേഹഭാവങ്ങൾ ബാവൂസായിൽ വീണ്ടെടുക്കപ്പെടുന്നു എന്നുള്ളത് അതിന്റെ സാമൂഹികപ്രസക്തി വർധിപ്പിക്കുന്നു. മതസൗഹാർദത്തിന്റെയും നാട്ടുസവിശേഷതകളുടെയും ധാരാളം ഘടകങ്ങൾ ഇതിലുണ്ട് എന്നുള്ളതും എടുത്തുപറയേണ്ടതാണ്. നഷ്ടപ്പെട്ട നന്മകളെ വീണ്ടെടുക്കുന്ന വ്യക്തിയും സമൂഹവും നാടിനും ലോകത്തിനു മുഴുവനും നൽകുന്ന ശാന്തിയുടെയും നന്മയുടെയും ഭാവങ്ങൾ എന്നും പ്രസക്തവും പ്രസാദകരവുമാണ്. അതിനാൽ, പൂർണമനസോടും സ്നേഹസഹകരണത്തോടുംകൂടെ നമുക്ക് ഈ ജീവന്റെ ഉറവിൽനിന്ന് ആവോളം പാനംചെയ്യാം.
Kerala
തിരുവനന്തപുരം: ഗവർണർ നിയമസഭയിൽ നടത്തുന്ന നയപ്രഖ്യാപനത്തെ അതേദിവസംതന്നെ സഭയിൽ മുഖ്യമന്ത്രി തിരുത്തുന്നത് സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യം.
ഗവർണർ നയപ്രഖ്യാപനത്തിലെ ആദ്യഭാഗവും അവസാന ഭാഗവും വായിച്ചാൽത്തന്നെ പൂർണമായി വായിച്ചതായി കണക്കാക്കുന്നതാണ് കീഴ്വഴക്കം. ഇതുസംബന്ധിച്ച് സ്പീക്കർമാരുടെ നിരവധി റൂളിംഗുകൾ നിലവിലുണ്ട്.
ഇന്നലെ കേന്ദ്രവിരുദ്ധ ഭാഗവും നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്ത നടപടിയും ഗവർണർ വായിക്കാതിരുന്നത് ഗവർണർ സഭ വിട്ടതിനു പിന്നാലെ മുഖ്യമന്ത്രി സഭയിൽ പറഞ്ഞതു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയാണെന്ന അഭിപ്രായമാണ് പ്രതിപക്ഷത്തിനുള്ളത്.
ഗവർണറായിരുന്ന ജ്യോതി വെങ്കിടാചലം നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയപ്പോൾ ബഹളത്തെ തുടർന്ന് ഏഴു മിനിറ്റ് മാത്രം വായിച്ച് അവസാനിപ്പിച്ചിരുന്നു. ഇതു പൂർണ നയപ്രഖ്യാപന പ്രസംഗമായി കരുതണമെന്ന സ്പീക്കറുടെ റൂളിംഗും നിലവിലുണ്ട്. സുഖ്ദേവ് സിംഗ് കാങ് മുതൽ ആരിഫ് മുഹമ്മദ്ഖാൻ വരെ ഗവർണറായിരുന്ന കാലം വായിക്കാതെ വിട്ടുകളഞ്ഞ ഭാഗത്തിൽ സ്പീക്കർമാരുടെ റൂളിംഗുകൾ നിലവിലുണ്ട്.
സാധാരണയായി ചില ഭാഗങ്ങൾ വായിക്കാതെ ഒഴിവാക്കാൻ ഗവർണർക്ക് അവകാശമുണ്ട്. എന്നാൽ, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനത്തിൽ കൂട്ടിച്ചേർക്കലുകൾ നടത്താൻ ഗവർണർക്കു കഴിയില്ല. ഇക്കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Business
കൊച്ചി: ഡിസംബർ 31 ന് അവസാനിച്ച സാമ്പത്തികവർഷത്തെ മൂന്നാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 5,53,364.49 കോടി രൂപയായി ഉയർന്നു. 1729.33 കോടി രൂപയാണു പ്രവർത്തനലാഭം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ പ്രവർത്തനലാഭമാണിത്. 1041.21 കോടി രൂപയാണ് അറ്റാദായം.
ബാങ്കിന്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 11.40 ശതമാനം വര്ധിച്ചാണ് 5,53,364.49 കോടി രൂപയിലെത്തിയത്. മുന്വര്ഷം ഇതേ പാദത്തിൽ 2,66,375.43 കോടി രൂപയായിരുന്ന നിക്ഷേപം 11.80 ശതമാനം വർധനവോടെ 2,97,795.82 കോടി രൂപയായി.
വായ്പാവിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ 255568.67 കോടി രൂപയായി വര്ധിച്ചു. 10.94 ശതമാനമാണു വാർഷികാടിസ്ഥാനത്തിലുള്ള വളർച്ചാനിരക്ക്. അറ്റ പലിശ മാർജിൻ 3.18 ശതമാനമായി വർധിച്ചു.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന അറ്റപലിശവരുമാനമാണു ബാങ്ക് കൈവരിച്ചത്. വാർഷികാടിസ്ഥാനത്തിൽ 9.11 ശതമാനം വര്ധനവോടെ അറ്റപലിശവരുമാനം 2652.73 കോടി രൂപയിലെത്തി. ഫീസ് വരുമാനവും ചരിത്രത്തിലെ ഏറ്റവുമുയർന്നതാണ്.
18.57 ശതമാനം വർധനവോടെ 896.47 കോടി രൂപയായി. 4446.86 കോടി രൂപയാണു ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.72 ശതമാനമാണിത്. അറ്റ നിഷ്ക്രിയ ആസ്തി 1068.04 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.42 ശതമാനമാണിത്. 75.14 ശതമാനമാണു നീക്കിയിരുപ്പ് അനുപാതം.
ഓഹരിയൊന്നിന് 30.45 രൂപപ്രകാരം 3.20 കോടി ഓഹരികൾ വാങ്ങിയതിലൂടെ ഏജീസ് ഫെഡറൽ ഇൻഷ്വറൻസ് കമ്പനിയിലെ ബാങ്കിന്റെ ഓഹരിപങ്കാളിത്തം 26 ശതമാനത്തിൽനിന്ന് 30 ശതമാനമായി വർധിച്ചെന്ന് ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ കെ.വി.എസ്. മണിയൻ പറഞ്ഞു.
Business
കൊച്ചി: വിലക്കയറ്റം രൂക്ഷമാകുന്നതിനിടെ കോഴിമുട്ടയുടെ വിലയിലും കുതിപ്പ്. 7.60 രൂപയാണ് ഇന്നലെ കൊച്ചിയിൽ മുട്ടയുടെ റീട്ടെയിൽ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് പുതുവർഷത്തിൽ മുട്ടവിലയിലുണ്ടായത്.
ഗ്രാമീണമേഖലകളിൽ 7.70 - 7.90 രൂപയാണ് ചില്ലറ വില്പനശാലകളിലെ വില. ഹോൾസെയിൽ വില 7.20 രൂപയിലെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നാണു കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്നത്. ചരക്കുകൂലി ഉൾപ്പെടെ കേരളത്തിലെത്തുന്പോൾ മുട്ട ഒന്നിന് 6.90 രൂപയാകുമെന്ന് വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ മുട്ടയുടെ വിലയിലുണ്ടായ വർധന 1.50 മുതൽ രണ്ടു രൂപ വരെയാണ്. 2025 ജനുവരിയിൽ 4.90 ആയിരുന്നു ചില്ലറ വില. ജൂണിൽ ഇത് 5.60 രൂപയിലെത്തി. ഡിസംബറിൽ 6.50 രൂപയിലേക്കു വില ഉയർന്നിരുന്നു. ഇതിൽനിന്നാണു ഇപ്പോൾ വിപണിയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ചത്.
ക്രിസ്മസ്, പുതുവത്സര സീസണിൽ ഡിമാൻഡ് കൂടിയതും തമിഴ്നാട്ടിൽനിന്നെത്തിക്കുന്നത് കുറഞ്ഞതുമാണ് വിലവർധനയ്ക്കു കാരണമെന്ന് എറണാകുളത്തെ വ്യാപാരിയായ പി.വി. സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി. ക്രിസ്മസ് സീസണിൽ സാധാരണനിലയിൽ നേരിയ വിലക്കയറ്റം ഉണ്ടാകാറുണ്ട്.ഇപ്പോഴത്തെ വില റിക്കാർഡാണെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ സ്റ്റോറുകളിൽ മുട്ടവില എട്ടു രൂപയ്ക്കു മുകളിലാണ്. പ്രമുഖ ഓൺലൈൻ സ്റ്റോറിൽ 30 കോഴിമുട്ടയുടെ ട്രേയ്ക്ക് ഇന്നലെ കുറഞ്ഞ വില 259 രൂപയാണ്. ഒന്നിന് 8.63. ഗ്രേഡ് കൂടിയതെങ്കിൽ 30 എണ്ണത്തിന്റെ വില 450 രൂപയാണ്.
നാഷണൽ എഗ് കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് (എൻഇസിസി) രാജ്യത്തു മുട്ടവില നിശ്ചയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവുംഉയർന്ന വിലയിലാണ് മുട്ടവ്യാപാരം നടക്കുന്നതെന്ന് എൻഇസിസിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
Special News
മനുഷ്യൻ തീ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകൾ. ആദ്യകാല മനുഷ്യരെക്കുറിച്ചുള്ള അന്വേഷണങ്ങളിലെ സുപ്രധാന വഴിത്തിരിവായത് ഇംഗ്ലണ്ടിലെ സഫോക്കിലെ ബണ്ഹാം എന്ന ഗ്രാമത്തില് നടന്ന ഖനനപ്രവര്ത്തനങ്ങളാണ്.
മനുഷ്യ പരിണാമവഴികളിലെ സുപ്രധാനഘട്ടമായിരുന്നു തീ ഉപയോഗിക്കാനും നിയന്ത്രിക്കാനുമുള്ള കണ്ടെത്തല്. ഗവേഷകരുടെ പുതിയ കണ്ടെത്തലുകള് പ്രകാരം, നമ്മള് വിശ്വസിച്ചിരുന്നതിനേക്കാള് വളരെ മുമ്പുതന്നെ, ഏകദേശം 400,000 വര്ഷങ്ങള്ക്ക് മുമ്പ് ആദിമ മനുഷ്യര് തീ ഉണ്ടാക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നു.
മനുഷ്യന് തീ ഉണ്ടാക്കുന്നത് എപ്പോള് ആരംഭിച്ചു എന്നതിനെക്കുറിച്ചുള്ള ദീര്ഘകാല അനുമാനങ്ങളെ വെല്ലുവിളിക്കുന്നതാണ് പുതിയ കണ്ടെത്തല്. ഇതുവരെ കണ്ടെത്തിയതില്നിന്ന്, മനുഷ്യര് തീ ഉണ്ടാക്കിയതിന്റെ വ്യക്തമായ തെളിവ് ഏകദേശം 50,000 വര്ഷങ്ങള്ക്ക് മുമ്പ് വടക്കന് ഫ്രാന്സില്നിന്നാണ് ലഭിച്ചത്.
പത്തു ലക്ഷം വര്ഷങ്ങള്ക്കു മുമ്പുതന്നെ മനുഷ്യര് പ്രകൃതിദത്ത തീ ഉപയോഗിച്ചിരുന്നതായി അറിയപ്പെട്ടിരുന്നെങ്കിലും, അവര്ക്ക് സ്വയം തീ കത്തിക്കാന് കഴിയുമെന്നതിന് തെളിവുകള് കുറവായിരുന്നു. പുതിയ കണ്ടെത്തലുകള് സൂചിപ്പിക്കുന്നത് ഈ വൈദഗ്ധ്യം വളരെ നേരത്തെ തന്നെ വികസിച്ചു എന്നാണ്.
കരിഞ്ഞുപോയ മണ്ണ്, തീപ്പൊള്ളലേറ്റ കല്ലുപകരണങ്ങള്, ഇരുമ്പടങ്ങിയ ലോഹശില (കല്ലുകൊണ്ട് അടിക്കുമ്പോള് തീപ്പൊരി ഉണ്ടാകുന്ന ധാതു) എന്നിവ ഗവേഷകര് കണ്ടെത്തിയിട്ടുണ്ട്. ലോഹശില ഈ പ്രദേശത്ത് സ്വാഭാവികമായി കാണപ്പെടുന്നതല്ല.
ഇതു സൂചിപ്പിക്കുന്നത് നിരവധി കിലോമീറ്റര് അകലെയുള്ള തീരപ്രദേശങ്ങളില്നിന്നു കൊണ്ടുവന്നതാണെന്നും തീ കത്തിക്കാനുള്ള ഉപകരണമായി ഉപയോഗിച്ചിരിക്കാമെന്നുമാണ്.
കളിമണ്ണിന്റെ ചില ഭാഗങ്ങള് 700 ഡിഗ്രി സെല്ഷ്യസില് കൂടുതല് താപനിലയില് ആവര്ത്തിച്ച് ചൂടാക്കിയിട്ടുണ്ടെന്ന് ജിയോകെമിക്കല് പരിശോധനകള് കാണിച്ചു. ഇതു സൂചിപ്പിക്കുന്നത്, ഇവിടെ ക്യാമ്പ് ഫയര് അല്ലെങ്കില് അടുപ്പ് പതിവായി ഉപയോഗിച്ചിരിക്കാമെന്നാണ്.
ആദ്യകാല നിയാണ്ടര്ത്തലുകളാണ് തീ ഉപയോഗിച്ചിരുന്നതെന്നാണ് ശാസ്ത്രജ്ഞര് വിശ്വസിക്കുന്നത്. ഹോമോ സാപ്പിയന്സ് ആഫ്രിക്ക വിട്ടുപോയി വളരെ കഴിഞ്ഞ്, ഏകദേശം 100,000 വര്ഷങ്ങള്ക്ക് മുമ്പ് ആണെന്ന് കരുതപ്പെടുന്നു.
ബ്രിട്ടനില്നിന്നും യൂറോപ്പില്നിന്നുമുള്ള ഫോസില് തെളിവുകള് അക്കാലത്ത് ആദ്യകാല നിയാണ്ടര്ത്തലുകള് ഈ പ്രദേശത്ത് താമസിച്ചിരുന്നു എന്ന അനുമാനത്തെ പിന്തുണയ്ക്കുന്നു.
മനുഷ്യപരിണാമത്തെ മനസിലാക്കുന്നതില് ഈ കണ്ടെത്തലിനു വലിയ സ്വാധീനമുണ്ടെന്ന് വിദഗ്ധര് പറയുന്നു. തീയുടെ നിയന്ത്രണം ചൂട്, വെളിച്ചം, വേട്ടക്കാരില് നിന്നുള്ള സംരക്ഷണം, ഭക്ഷണം പാകം ചെയ്യാനുള്ള കഴിവ് എന്നിവ ഇവര്ക്ക് അറിയമായിരുന്നു.
ഈ ഗുണങ്ങള് തലച്ചോറിന്റെ വികസനം, സാമൂഹികബന്ധം, വടക്കന് യൂറോപ്പ് പോലുള്ള തണുത്ത കാലാവസ്ഥകളില് അതിജീവനം എന്നിവയെ സഹായിച്ചിരിക്കാം.
Viral
ഇറാനിലെ വടക്കുപടിഞ്ഞാറൻ മേഖലയിൽ, സഹാന്ദ് പർവതനിരകളുടെ താഴ്വരയിൽ പ്രകൃതിയും മനുഷ്യനും ചേർന്ന് തീർത്ത ഒരു മഹാവിസ്മയമാണ് കന്ദോവൻ ഗ്രാമം.
കഴിഞ്ഞ ഏഴു നൂറ്റാണ്ടുകളിലധികമായി മാറ്റമില്ലാതെ തുടരുന്ന ഈ ഗ്രാമത്തിലെ ജീവിതശൈലി ലോകത്തിലെ തന്നെ അപൂർവ്വ കാഴ്ചകളിൽ ഒന്നാണ്.
അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്നുണ്ടായ ശിലാശങ്കുക്കൾക്കുള്ളിൽ തുരന്നെടുത്ത വീടുകളാണ് ഈ ഗ്രാമത്തെ ശ്രദ്ധേയമാക്കുന്നത്. സിമന്റോ ഇഷ്ടികയോ ഉപയോഗിക്കാതെ, കഠിനമായ അഗ്നിപർവ്വത ശിലകളിൽ മനുഷ്യപ്രയത്നത്താൽ കൊത്തിയെടുത്ത ഈ നിർമ്മിതികൾ സഹസ്രാബ്ദങ്ങൾക്കപ്പുറമുള്ള മനുഷ്യന്റെ അതിജീവനശേഷിയുടെ സാക്ഷ്യപത്രമാണ്.
തേനീച്ചക്കൂട് എന്ന് അർഥം വരുന്ന പേർഷ്യൻ വാക്കായ "കന്ദോ' എന്നതിൽ നിന്നാണ് കന്ദോവൻ എന്ന പേര് ഗ്രാമത്തിന് ലഭിച്ചത്. ദൂരെ നിന്ന് നോക്കുമ്പോൾ വലിയൊരു തേനീച്ചക്കൂട്ടത്തിന് സമാനമായ ആകൃതിയാണ് ഈ ഗ്രാമത്തിനുള്ളത്.
മംഗോളിയൻ അധിനിവേശത്തിൽ നിന്ന് രക്ഷപ്പെടാൻ ഈ പ്രദേശത്തെ ഗുഹകളിൽ അഭയം പ്രാപിച്ച ജനതയാണ് പിൽക്കാലത്ത് ഈ പാറകളെ സുരക്ഷിതമായ വീടുകളാക്കി മാറ്റിയതെന്ന് കരുതപ്പെടുന്നു.
കഠിനമായ മഞ്ഞുകാലത്ത് പുറത്തെ കൊടും തണുപ്പിൽ നിന്ന് സംരക്ഷണം നൽകാൻ ഈ പാറവീടുകളുടെ ചുവരുകൾക്ക് സാധിക്കുന്നു. ഏകദേശം രണ്ട് മീറ്ററോളം കനമുള്ള ഈ ഭിത്തികൾ സ്വാഭാവികമായ ഒരു താപനിയന്ത്രണ സംവിധാനമായി പ്രവർത്തിക്കുന്നു.
അതായത് വേനൽക്കാലത്ത് വീടിനുള്ളിൽ തണുപ്പും ശൈത്യകാലത്ത് ഊഷ്മളമായ ചൂടും നിലനിൽക്കുന്നു. അതിശയകരമായ മറ്റൊരു വസ്തുത, ഈ ശിലാഭവനങ്ങൾ വെറും ഒറ്റമുറി ഗുഹകളല്ല എന്നതാണ്. പല വീടുകളും രണ്ടോ മൂന്നോ നിലകളിലായി ക്രമീകരിച്ചിരിക്കുന്നു.
താഴത്തെ നില സാധാരണയായി കന്നുകാലികളെ പാർപ്പിക്കാനും മുകളിലത്തെ നിലകൾ താമസത്തിനും അടുക്കളയ്ക്കുമായാണ് ഉപയോഗിക്കുന്നത്. വെളിച്ചത്തിനും കാറ്റിനുമായി പാറകളിൽ തന്നെ ജനലുകളും തുരന്നെടുത്തിട്ടുണ്ട്.
ലോകത്ത് ഇത്തരത്തിലുള്ള മറ്റ് ശിലാ ഗ്രാമങ്ങൾ ഉണ്ടെങ്കിലും, ജനങ്ങൾ ഇന്നും താമസിക്കുന്ന ഏക ഗുഹാ ഗ്രാമം എന്ന പദവി കന്ദോവന് സ്വന്തമാണ്. പുരാതന കാലം മുതൽ തന്നെ മേദ്യർ, സസാനിഡ്സ് തുടങ്ങിയ വിവിധ സാമ്രാജ്യങ്ങളുടെ സ്വാധീനം ഈ പ്രദേശത്ത് ഉണ്ടായിരുന്നു.
ഖനനങ്ങളിലൂടെ ലഭിച്ച മൺപാത്രങ്ങളും മറ്റ് ചരിത്രരേഖകളും കന്ദോവന്റെ പൗരാണികതയിലേക്ക് വിരൽ ചൂണ്ടുന്നു. ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക ഈ ഗ്രാമത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഇത് വീണ്ടും ആഗോള ശ്രദ്ധയാകർഷിച്ചത്.
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും സുസ്ഥിരമായ നിർമ്മാണ രീതികളുടെയും ഉത്തമ ഉദാഹരണമായിട്ടാണ് അദ്ദേഹം ഈ ഗ്രാമത്തെ വിശേഷിപ്പിച്ചത്.
ഇന്നും ഈ വീടുകളിൽ വൈദ്യുതിയും കുടിവെള്ളവും ലഭ്യമാണ് എന്നത് ആധുനികതയും പാരമ്പര്യവും എങ്ങനെ ഒത്തുപോകുന്നു എന്നതിന്റെ തെളിവാണ്.
കേവലം ഒരു വിനോദസഞ്ചാര കേന്ദ്രം എന്നതിലുപരി, മനുഷ്യന്റെ സർഗാത്മകതയും പ്രകൃതി നിയമങ്ങളും കൈകോർത്ത ഈ ഗ്രാമം വരുംതലമുറകൾക്ക് വലിയൊരു പാഠപുസ്തകം കൂടിയാണ്.
Leader Page
അമേരിക്കന് അപ്രമാദിത്വവും യൂറോപ്യന് സ്വാധീനവും ഇല്ലാത്തതും അതേസമയം ലോകജനസംഖ്യയുടെ പകുതിയിലേറെ വരുന്നതുമായ രാജ്യങ്ങളുടെ രാജ്യാന്തര കൂട്ടായ്മയാണ് ബ്രിക്സ്. ബ്രസീല്, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാന്, ഇന്തോനേഷ്യ, യുഎഇ എന്നീ രാജ്യങ്ങള് അംഗങ്ങള്. ഇറാന്റെ സാന്നിധ്യവും നിലപാടും ഉച്ചകോടിയില് ഏറെ നിര്ണായകമാകും. ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ മൂന്നുമാസത്തേക്ക് മരവിപ്പിച്ചതിന്റെ കാലാവധി ഒമ്പതിന് അവസാനിക്കാനിരിക്കേയാണ് ഇന്നും നാളെയുമായി ബ്രിക്സിന്റെ 17-ാം ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയില് നടക്കുന്നത്.
‘കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണത്തിനായി ആഗോള ദക്ഷിണ സഹകരണം ശക്തിപ്പെടുത്തല്’ എന്നതാണ് ഉച്ചകോടിയുടെ മുഖ്യവിഷയം. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളില് അംഗരാജ്യങ്ങളുടെ ഏകോപനം ചര്ച്ചയില് ഉയരും. 17-ാം ഉച്ചകോടിയുടെ രണ്ട് മുന്ഗണനാവിഷയങ്ങളും ഏറെ ശ്രദ്ധേയമാണ്. 1). ആഗോള ദക്ഷിണ സഹകരണം, 2). പരിസ്ഥിതി വികസനത്തിനായുള്ള അംഗരാജ്യങ്ങളുടെ പങ്കാളിത്തം. ഈ ലക്ഷ്യപ്രാപ്തിക്കായി ആറു പ്രധാന മേഖലകളും ഉള്ക്കൊള്ളിച്ചിട്ടുണ്ട്. 1. ആഗോള ആരോഗ്യ സഹകരണം, 2. വ്യാപാരം, നിക്ഷേപം, ധനകാര്യം 3. കാലാവസ്ഥാ വ്യതിയാനം, 4. കൃത്രിമബുദ്ധി (എഐ) ഭരണം, 5. ബഹുമുഖ സമാധാന സുരക്ഷ പദ്ധതികള്, 6. അടിസ്ഥാന വികസനമേഖലകള്. അംഗരാജ്യങ്ങളുടെ ആഗോള സ്വാധീനം വര്ധിപ്പിക്കാനും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കാനും സാംസ്കാരിക ബന്ധങ്ങള് വളര്ത്തിയെടുക്കാനും കൂടുതല് ക്രിയാത്മക നിര്ദേശങ്ങള് ഉച്ചകോടിയില് ഉയരും. ആഗോള ഭീകരതയ്ക്കെതിരേ ഇന്ത്യ ഉച്ചകോടിയില് ഉറച്ച നിലപാടുകളെടുക്കുമെന്ന് ഉറപ്പാണ്.
ആസിയാന് ബ്രിക്സില്
ഈ വർഷത്തെ ബ്രിക്സ് ഉച്ചകോടിയുടെ ഒരു പ്രത്യേകത ആസിയാന് രാജ്യമായ ഇന്തോനേഷ്യയും അംഗരാജ്യമായി ആദ്യമായി പങ്കെടുക്കുന്നുവെന്നതാണ്. 2024 ഒക്ടോബറില് മലേഷ്യയും തായ്ലൻഡും വിയറ്റ്നാമും പങ്കാളി രാജ്യങ്ങളുമായി. ഈ പങ്കാളിത്തം ആസിയാന് ഐക്യത്തില് വിള്ളലുകള് സൃഷ്ടിക്കാനുള്ള സാധ്യതയേറെ. സാമ്പത്തിക വളര്ച്ച, വ്യാപാര വൈവിധ്യവത്കരണം, വികസന ധനസഹായം എന്നിവയ്ക്കുള്ള ബദല് അവസരങ്ങള് ബ്രിക്സിലുണ്ട്. ഇന്തോനേഷ്യക്ക് ഇന്ത്യയും ചൈനയുമായുള്ള ബന്ധങ്ങള് ബ്രിക്സിലൂടെ കൂടുതല് ദൃഢമാകും. വികസനബാങ്കിലേക്കുള്ള പ്രവേശനവും ലഭിക്കും. ബ്രിക്സ് ന്യൂ ഡെവലപ്പ്മെന്റ് ബാങ്കിന്റെ വായ്പാ സൗകര്യങ്ങളും ധനസഹായവും വ്യാപാര ആനുകൂല്യങ്ങളും ബ്രിക്സ് പങ്കാളികളായ ആസിയാന് രാജ്യങ്ങള്ക്കും നേട്ടമാകും.
ഡി ഡോളറൈസേഷന് സാധ്യമോ?
അമേരിക്കന് ഡോളര് ആധിപത്യം പുലര്ത്തുന്ന സാമ്പത്തികക്രമത്തെ വെല്ലുവിളിക്കാന് ബ്രിക്സ് രാജ്യങ്ങള്ക്കാവുമോ? ആവേശത്തോടെ ബ്രിക്സ് കറന്സിക്കുവേണ്ടി വാദിച്ചിരുന്ന ബ്രസീലും പരുങ്ങലിലാണ്. ഡോളറിനെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാന് തീരുമാനിച്ചാലും ബദല് പേയ്മെന്റ് സംവിധാനങ്ങളും രൂപപ്പെടണം. ബ്രിക്സിനുള്ളിലെ ഐക്യത്തിന്റെ അഭാവം ധനനയത്തെയും കരുതല് ശേഖര മാനേജ്മെന്റിനെയും സംബന്ധിച്ചുള്ള വ്യത്യസ്ത സമീപനങ്ങളും അംഗരാജ്യ ഏകോപനങ്ങള് പ്രയാസമാക്കുന്നു. ഒരൊറ്റ കറന്സി നിയന്ത്രിക്കാന് ബ്രിക്സിന് സംയുക്ത സ്ഥാപനങ്ങളില്ലാത്തതും ഡി ഡോളറൈസേഷന് പ്രയാസമുളവാക്കുന്നു. നിലവില് അന്താരാഷ്ട്ര വ്യാപാരത്തിന്റെ വലിയൊരു ഭാഗം ഡോളറിലായതിനാല് അതില്നിന്ന് പുതിയൊരു കറന്സിയിലേക്കുള്ള മാറ്റം ചെലവേറിയതും ദൈര്ഘ്യമേറിയതും സാങ്കേതികമായി സങ്കീര്ണവുമായിരിക്കും. ഡി ഡോളറൈസേഷനില് നേരിട്ടുള്ള ഏറ്റുമുട്ടലിനുപകരം കൂടുതല് ജാഗ്രതയോടെയുള്ള ക്രമീകരണങ്ങള്ക്കായിരിക്കും ബ്രിക്സ് ഉച്ചകോടി മുന്ഗണന നല്കുക. എങ്കിലും ആഗോള വ്യാപാരത്തില് ബദല് പേമെന്റ് പ്ലാറ്റ്ഫോം ഗൗരവമായി ഉച്ചകോടിയില് ചര്ച്ചചെയ്യപ്പെടും.
ബ്രിക്സ് കറന്സിയെക്കുറിച്ച് അംഗരാജ്യങ്ങള്ക്കിടയില് ചര്ച്ചകള് സജീവമായിട്ട് അധികനാളികളായിട്ടില്ല. അതേസമയം 2023ല് ദക്ഷിണാഫ്രിക്കയില് നടന്ന പതിനഞ്ചാം ഉച്ചകോടിയില് ബ്രസീല് പ്രസിഡന്റ് ലുല ഡ സില്വയാണ് ഡോളര് ഇതര ബ്രിക്സ് കറന്സി വേണമെന്ന് ശക്തമായി വാദിച്ചത്. ഇക്കുറി ബ്രിക്സ് ഉച്ചകോടി ബ്രസീലിന്റെ ആതിഥേയത്വത്തില് നടക്കുമ്പോള് ഈ വാദം കൂടുതല് കരുത്താര്ജിക്കേണ്ടതാണ്. 2024 നവംബറില് റഷ്യയിലെ കസാനില് ചേര്ന്ന 16-ാം ബ്രിക്സ് ഉച്ചകോടിയിലും ബ്രിക്സ് കറന്സി ചര്ച്ചയായിരുന്നു. നിലവില് ലോകത്തെ വിദേശനിക്ഷേപത്തിന്റെ 58 ശതമാനവും ഡോളറിലാണ്. എണ്ണവില്പനയിലും ഡോളറാണ് അടിസ്ഥാന കറന്സി.
ബ്രിക്സ് കറന്സിയില് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മൗനം പാലിക്കുന്നു. ബ്രിക്സ് കറന്സി എന്ന ആശയത്തിന്മേല് ഉയരുന്ന ഒട്ടനവധി ചോദ്യങ്ങള്ക്ക് അംഗരാജ്യങ്ങള്ക്ക് വ്യക്തമായ ഉത്തരമില്ല. അമേരിക്കന് ഉപരോധങ്ങള് മറികടക്കാന് പുത്തന് കറന്സിക്കാവുമോ? ബ്രിക്സ് കറന്സി നിലവിലുള്ള ആഭ്യന്തര കറന്സിക്കു പകരമാകുമോ? സ്ഥിരവും ക്രമീകരിക്കാവുന്നതുമായ വിനിമയനിരക്ക് സംവിധാനം എങ്ങനെ പ്രവര്ത്തിക്കും? ബ്രിക്സ് അംഗരാജ്യങ്ങളുടെ എണ്ണം വര്ധിപ്പിക്കുന്നതിന് ബ്രിക്സ് കറന്സി ആകര്ഷകമാകുമോ? സ്വര്ണവുമായി ബന്ധിപ്പിച്ച ഒരു കറന്സി കൂടുതല് ലാഭകരമോ? ബ്രിക്സ് കറന്സിക്കെതിരേ അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് നല്കുന്ന മുന്നറിയിപ്പുകള് എഴുതിത്തള്ളാമോ? ചുരുക്കത്തില് ബ്രിക്സ് കറന്സിയെന്ന സ്വപ്നം ബ്രസീല് ഉച്ചകോടിയിലും ചര്ച്ചകളില് മാത്രം ഒതുങ്ങുമെന്നു വ്യക്തം. മറ്റൊരുവാക്കില് പറഞ്ഞാല് അമേരിക്കന് ഡോളര് മുന്കാലങ്ങളിലേതുപോലെ ഇനിയും ലോകത്തെ നിയന്ത്രിക്കും.
കരുത്തുനേടി ഇന്ത്യ
17-ാം ബ്രിക്സ് ഉച്ചകോടിയില് ഇക്കുറി പങ്കെടുക്കുന്ന ഇന്ത്യ പഴയ ഇന്ത്യയല്ല. ലോക സാമ്പത്തിക ശക്തിയായി അമേരിക്കയ്ക്കും ചൈനയ്ക്കും ജര്മനിക്കും പിന്നിലിന്ന് നാലാം സ്ഥാനത്ത് ഇന്ത്യയാണ്. മൂന്നാം സ്ഥാനത്തേക്ക് വൈകാതെ എത്തുകയും ചെയ്യും. ആളോഹരി വരുമാനത്തില് ഇന്ത്യ വളരെ പിന്നിലെങ്കിലും വന് സാമ്പത്തിക ശക്തിയായുള്ള ഇന്ത്യയുടെ കുതിപ്പ് ഏതൊരു പൗരനും അഭിമാനമേകും. അതിനാല്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്ക്കും നിലപാടുകള്ക്കും ബ്രിക്സ് ഉച്ചകോടിയില് ഏറെ സ്വീകാര്യതയുണ്ട്.
റഷ്യയെയും അമേരിക്കയെയും ചേര്ത്തുനിര്ത്താനും ഇറാനോട് പിണങ്ങാതെ ഇസ്രയേലിനോട് ഇണങ്ങാനും ചൈനയുടെ കരംപിടിക്കാനും യൂറോപ്യന് യൂണിയനുമായും യുകെ, ഇറ്റലി, ജര്മനി ഉള്പ്പെടെയുള്ള രാജ്യങ്ങളുമായും നയതന്ത്രബന്ധങ്ങള് എക്കാലത്തേക്കാളും ശക്തമാക്കാനും ഇന്ന് ഇന്ത്യക്കാവുന്നു.
ആഫ്രിക്കന് രാജ്യങ്ങള്ക്ക് ഇന്ത്യയുടെ വാക്കുകള് അവസാന വാക്കെങ്കില് ആറു ഗള്ഫ് രാജ്യങ്ങള്ക്കും നരേന്ദ്ര മോദി ഉറ്റമിത്രമാണ്. ഈ നേതൃത്വത്തിന്റെ കരുത്തുമായാണ് ബ്രിക്സ് ഉച്ചകോടിയില് ഇന്ത്യന് പ്രതിനിധിസംഘം പങ്കെടുക്കുന്നത്. അതിനാല്തന്നെ ഉച്ചകോടി പ്രമേയങ്ങളും പ്രഖ്യാപനങ്ങളും ഇന്ത്യയുടെ വളര്ച്ചയുടെയും മുന്നേറ്റത്തിന്റെയും ഭീകരതയ്ക്കെതിരേയുള്ള നിലപാടുകളുടെയും തലങ്ങളില് പുതുവഴികള് തുറക്കുമെന്ന് പ്രതീക്ഷിക്കാം.
Todays Story
സുല്ത്താന് ബത്തേരി.. പേരില് തന്നെയുണ്ട് ഒരു തലയെടുപ്പ്. അതുമാത്രമല്ല ഒരുപാട് ഓര്മകള് ഉറങ്ങുന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലം കൂടിയാണിത്. ചുരം കയറി എത്തുന്നവര്ക്ക് എല്ലാക്കാലത്തും ബത്തേരിയും പരിസര പ്രദേശങ്ങളും സമ്മാനിക്കുന്നത് വിസ്മയ കാഴ്ചകള് തന്നെയാണ്
വയനാട്ടിലേക്ക് വിനോദ സഞ്ചാരികളെ ആകര്ഷിക്കുന്നതില് സുല്ത്താന് ബത്തേരിക്കുള്ള പങ്ക് ചെറുതല്ല. സുല്ത്താന് ബത്തേരിയെ അറിയുക എന്നാല് വയനാടിനെയും അതുവഴി കേരള ചരിത്രത്തെയും അറിയുക എന്നതാണ്. അതുകൊണ്ടുതന്നെ ഈ നാട് പത്തരമാറ്റ് തിളക്കത്തില് നിലകൊള്ളുന്നു.
സുല്ത്താന്റെ ആയുധപ്പുര
വയനാട്ടിലെ ബ്രിട്ടീഷ് ഭരണത്തിന് രണ്ട് കാലഘട്ടങ്ങളുണ്ട്. ആദ്യത്തേത് പഴശിരാജയുടെ കൈയില്നിന്ന് ലഭിച്ച വയനാടന് പ്രദേശങ്ങള് ഭരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലം. 1858-ല് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈയില് നിന്ന് രാജ്ഞി നേരിട്ട് ഭരണം ഏറ്റെടുക്കുന്നതുവരെ അത് തുടര്ന്നു.
പിന്നീട് 1947 വരെ മലബാര് കളക്ടറുടെ ബ്രിട്ടീഷ് ഭരണമായിരുന്നു വയനാട്ടില്. മുന്നനാട്, മുത്തൂര്നാട്, ഇളങ്കൂര്നാട്, നല്ലൂര്നാട്, ഇടനാശങ്കൂര്, പോരന്നൂര്, കുറുമ്പാല, വയനാട്, നമ്പിക്കൊല്ലി, ഗണപതിവട്ടം എന്നീ ഡിവിഷനുകളാണ് ഉണ്ടായിരുന്നത്.
ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് പാതയോരത്ത് നിലനിന്നിരുന്ന ഗണപതിവട്ടമെന്ന സ്ഥലമാണ് പില്ക്കാലത്ത് സുല്ത്താന് ബത്തേരി ആയിമാറിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗണപതി ക്ഷേത്രം തന്നെയാണ് ഈ പ്രദേശത്തെ ഗണപതിവട്ടമാക്കി മാറ്റിയത് എന്നു വിശ്വിസിക്കുന്നു.
ചെറിയ ജനപദമെന്ന രീതിയില് ദശാബ്ദങ്ങള് അറിയപ്പെട്ടിരുന്ന ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുല്ത്താന്റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാവണം പില്ക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാര് സുല്ത്താന്റെ ആയുധപ്പുര എന്നര്ഥത്തില് സുല്ത്താന്സ് ബാറ്ററി എന്ന പേരിട്ടത്.
പ്രസ്തുത കാലഘട്ടത്തിലെ ഒരു വാണിജ്യ കേന്ദ്രമായും മൈസൂരിലേക്കുള്ള പാതയിലെ ഒരിടത്താവളമായും വനഭൂമിക്കിടയിലെ ഈ നാട്ടുതുരുത്ത് അറിയപ്പെട്ടുവെന്നു വിശ്വസിക്കാം. മധ്യകാലഘട്ടത്തിലെ നഗരങ്ങള് വളര്ന്നുവന്ന രീതിയില് നാലും കൂടിയ വഴിക്ക് ചുറ്റുമായും പ്രധാന പാതയോരത്തായും ആരാധനാകേന്ദ്രത്തിന് ചുറ്റുമായും ഗണപതി വട്ടം വളരുകയായിരുന്നു.
കിടങ്ങനാട് പഞ്ചായത്ത് വിഭജിച്ചാണ് 1968 ല് നൂല്പ്പുഴ പഞ്ചായത്തും 1974 ല് നെന്മേനി പഞ്ചായത്തും 1968 ല് സുല്ത്താന്ബത്തേരി പഞ്ചായത്തും രൂപീകരിക്കപ്പെട്ടത്. തമിഴ്, കര്ണാടക, കുടക് ഗ്രാമങ്ങളിലൂടെയായി മധ്യകാലഘട്ടം മുതലേ സുല്ത്താന്ബത്തേരിയും വയനാടിന്റെ ഇതരഭാഗങ്ങളും ബന്ധം പുലര്ത്തിയിരുന്നതായി തെളിവുകളുണ്ട്.
മധ്യകാല ജനപ്രയാണങ്ങളുടെ കഥപറയുന്ന വീരക്കല്ലുകള്, കാടിനുള്ളില് ചിതറിക്കിടക്കുന്ന പഴയ തടയണകളുടെ മാതൃകകള്, എല്ലാം സുല്ത്താന്ബത്തേരിയെ പ്രാചീന ചരിത്ര സംസ്കാരങ്ങളുടെ സംഗമസ്ഥാനമെന്ന് വിളിക്കുന്നു.
കാലാവസ്ഥ
മിത-ശീതോഷ്ണ കാലാവസ്ഥയാണ് ഇവിടെയുള്ളത്. വർഷം മുഴുവൻ അമിതമായ ചൂടോ അമിതമായ തണുപ്പോ ഇവിടെ അനുഭവപ്പെടാറില്ല. വർഷത്തിൽ 2,322 മില്ലിമീറ്റർ ശരാശരി മഴ ലഭിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി അന്തരീക്ഷതാപം 290-180 ഡിഗ്രി സെല്ഷ്യസിനിടയ്ക്കാണ്.
ഹുമിഡിറ്റി മൺസൂൺ കാലത്ത് 95ശതമാനം വരെ എത്താറുണ്ട്. കാലാവസ്ഥയെ പ്രധാനമായും നാലു ഋതുക്കളായി തിരിക്കാം.1. തണുപ്പുകാലം (ഡിസംബർ-ഫെബ്രുവരി) 2. ചൂടു കാലം (മാർച്ച്-മേയ്) 3. തെക്കു പടിഞ്ഞാറൻ മൺസൂൺ (ജൂൺ-സെപ്റ്റംബർ) 4. വടക്കു കിഴക്കൻ മൺസൂൺ (ഒക്ടോബര്-നവംബർ).
ടൂറിസം
വയനാട് വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുന്ന വനമേഖലയാണ് സുൽത്താൻ ബത്തേരിയുടെ വടക്കെ അതിർത്തി. നീലഗിരി ബയോസ്ഫിയർ മേഖലയിൽപ്പെട്ട ഇവിടത്തെ കാട് കടുവ, പുലി, ആന, കാട്ടുപോത്ത്, കരടി, മലയണ്ണാൻ, കാട്ടാട്, വിവിധതരം മാനുകൾ, കുരങ്ങുകൾ, രാജവെമ്പാല ഉൾപ്പെടെയുള്ള ഉരഗ ജീവികൾ, വ്യത്യസ്ത തരം പക്ഷികൾ, അപൂർവ ഔഷധസസ്യങ്ങൾ, വിവിധ തരം മരങ്ങൾ, മുള ഉൾപ്പെടെയുള്ള പുല്ല് വർഗങ്ങൾ എന്നിവയുടെ അപൂർവ കലവറയാണ്.
ജൈനക്ഷേത്രം: ഇവിടെ മനോഹരമായ ചില കൊത്തുപണികൾ ഉണ്ട്. ഈ ജൈന ക്ഷേത്രത്തിനോടു ചേർന്നുള്ള കിണറിൽ നിന്ന് മൈസൂരിലേക്ക് ടിപ്പു സുൽത്താൻ ഒരു തുരങ്കം നിർമിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.
അമ്പുകുത്തി മല: സുൽത്താൻ ബത്തേരിക്ക് 12 കിലോമീറ്റർ അകലെയായി ഉള്ള ഈ മലയിൽ ഏകദേശം ഒരു കിലോമീറ്റർ മുകളിലായി നവീന ശിലായുഗ കാലഘട്ടത്തിലെ ചുമർ ചിത്രങ്ങളുള്ള ഇടക്കൽ ഗുഹയുണ്ട്. ഇടക്കൽ ഗ്രാമത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് അമ്പുകുത്തി മല.