Kerala
കണ്ണൂർ: കോൺഗ്രസിൽ എന്തെങ്കിലും തർക്കങ്ങളുണ്ടെങ്കിൽ പരിഹരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
കെഎസ്യു നേതാക്കളോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് സംബന്ധിച്ച് കണ്ണൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം-സിപിഐ തർക്കംവച്ച് നോക്കുന്പോൾ കോൺഗ്രസിലെന്ത് തർക്കമാണുള്ളത്. ഇപ്പോൾ ഏറ്റവുമധികം തർക്കങ്ങൾ ഇടതുമുന്നണിയിലാണ്. ഇടതുമുന്നണിയിലെ പ്രശ്നങ്ങൾ കാരണം മുന്നണി യോഗംപോലും കൂടാൻ കഴിയാത്ത അവസ്ഥയിലാണ്.
ഇത്തരം പ്രശ്നങ്ങളൊന്നും കോൺഗ്രസിലില്ല. കെഎസ്യുവിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ തീർച്ചയായും പരിശോധിച്ച് പരിഹരിക്കും. അതിന് മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കുമെന്നാണ് വിശ്വാസം.
ചില സിപിഎം നേതാക്കൾക്ക് ഗൺമാൻ ഉൾപ്പെടെയുള്ള പോലീസ് പ്രൊട്ടക്ഷൻ തുടരുന്നത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പോലീസ് സെക്യൂരിറ്റി കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിലെ അനർഹരെ ഒഴിവാക്കാനും അർഹരായവർക്കെല്ലാം ലഭിക്കുന്നതിനുമായി മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്കരിക്കണമെന്ന ടി.പി. അഷ്റഫലിയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
2000 ചതുരശ്ര അടിയോ അതിനു മുകളിലോ വീടുള്ളവർ, 1000 സിസിയോ അതിനുമുകളിലോ എൻജിൻ കപ്പാസിറ്റിയോ ഉള്ള കാർ സ്വന്തമായി ഉള്ളവർ, നിശ്ചിത പരിധിക്കു മുകളിൽ ഭൂമി സ്വന്തമായി ഉള്ളവർ തുടങ്ങിയവർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കില്ലെന്ന മാനദണ്ഡങ്ങളാണ് നിലവിലുള്ളത്.
ഇക്കാര്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതു സർക്കാർ പരിശോധിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: നിലന്പൂരിൽ നിന്ന് വയനാട്ടിലേക്ക് പുതിയ പാതയുടെ അലൈൻമെന്റ് പരിഷ്കരിക്കുമെന്ന് മന്ത്രി പി.കെ ബഷീർ നിയമസഭയിൽ പറഞ്ഞു. നാറ്റ്പാക് സർവേയിൽ നിർദിഷ്ട പാത അപ്രായോഗികമാണെന്ന നിർദേശമാണുള്ളത്.
വയനാട്ടിലേക്ക് 42കിലോമീറ്റർ ദൂരം കുറയുന്ന പാത അത്യാവശ്യമായതിനാലാണ് അലൈൻമെന്റ് പരിഷ്കരിക്കുന്നതെന്നും ആര്യാടൻ ഷൗക്കത്തിന്റെ സബ്മിഷന് മറുപടി നൽകി.
District News
തൊടുപുഴ: ഇരവികുളം നാഷണല് പാര്ക്ക്, ചിന്നാര് വന്യജീവി സങ്കേതം, കുറിഞ്ഞി ഉദ്യാനം, പാമ്പാടുംചോല, ആനമുടി ചോല എന്നീ പ്രദേശങ്ങള് പരിസ്ഥിതി ലോല മേഖലയായി ഉള്പ്പെടുത്തിയ കരട് വിജ്ഞാപനം സംബന്ധിച്ച് മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില് ചര്ച്ച നടത്തി. ഡീന് കുര്യാക്കോസ് എംപി, എംഎല്എ എഫ്. രാജ, ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് പ്രമോദ് എ. കൃഷ്ണന് എന്നിവര് യോഗത്തില് പങ്കെടുത്തു. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിര്ത്തി പുനര്നിര്ണയവുമായി ബന്ധപ്പെട്ട യോഗവും ഇതോടൊപ്പം നടത്തി. ഷിബു തെക്കുംപുറം എംഎല്എയും യോഗത്തില് പങ്കെടുത്തു.
കഴിഞ്ഞ എല്ഡിഎഫ് സര്ക്കാര് നല്കിയ ശിപാര്ശകളാണ് കരടുവിജ്ഞാപനത്തിന് കാരണമെന്നും തെറ്റുകള് കടന്നുകൂടിയിട്ടുണ്ടെങ്കില് തിരുത്തുമെന്നും മന്ത്രി യോഗത്തില് അറിയിച്ചു. ഇതു സംബന്ധിച്ച് മുന് സര്ക്കാരിന്റെ കാലത്ത് ആരെയും അറിയിക്കാതെയാണ് ശിപാര്ശകള് കേന്ദ്ര സര്ക്കാരിന് അയച്ചത്.
നിലവിലെ കരട് വിജ്ഞാപനത്തിന്റെ കാലാവധിയായ 60 ദിവസത്തിനുള്ളില് തിരുത്തല് വരുത്തി ജനവാസമേഖലയും തോട്ടംമേഖലയും ഉള്പ്പെടെ ബഫര് സോണില് വന്നിട്ടുണ്ടെങ്കില് ആ മേഖല മാറ്റി വീണ്ടും ശിപാര്ശ നല്കണമെന്നും എംപി അഭിപ്രായപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില് വിശദമായ പരിശോധനയ്ക്കായി മന്ത്രി ഷിബു ബേബി ജോണ് ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില് 25നുമൂന്നാര പഞ്ചായത്തില് യോഗം ചേരുന്നതിനും നിര്ദേശം നല്കി.
District News
ഒറ്റപ്പാലം: കന്നുകാലിവിപണനമേഖല പ്രതിസന്ധിയിൽ. കന്നുകാലി വിപണനമേഖല നേരിടുന്ന പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാവണമെന്നുമാണ് ആവശ്യം.
കന്നുകാലികളുമായി എത്തുന്നവർക്കുനേരെ വ്യാപകമായി അതിക്രമങ്ങൾ നടക്കുകയാണെന്നും ഇതു തടയണമെന്നുമാണ് ആവശ്യം. ലോറികൾ വഴിയിൽ തടഞ്ഞു തട്ടിയെടുക്കുന്നതും അന്യായമായി കേസെടുക്കുന്നതുമടക്കമുള്ള കാര്യങ്ങളാണ് വ്യാപകമായി നടക്കുന്നതെന്നാണ് പരാതി. അയൽസംസ്ഥാനങ്ങളിൽനിന്നുള്ള കന്നുകാലികളുടെ വരവ് തടസപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കന്നുകാലിമേഖലയിൽ പ്രവർത്തിക്കുന്നവർ ആരോപിക്കുന്നു. ഇതുമൂലം വിപണിയിൽ ഇറച്ചിക്കു വില കയറുന്ന സാഹചര്യമാണ്. പല ജില്ലകളിലും ഇറച്ചിവില കിലോക്ക് 500 രൂപയ്ക്കടുത്താണ്.
ആന്ധ്ര, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ സമീപകാലത്ത് ജന്തുദ്രോഹം ആരോപിച്ച് ലോറിയിൽ കൊണ്ടുവരുന്ന കന്നുകാലികളെ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ പ്രധാന കാലിച്ചന്തകളായ വാണിയംകുളം, പെരുമ്പിലാവ്, കുഴൽമന്ദം ഉൾപ്പെടെ നൂറിലധികംവരുന്ന ഗ്രാമീണ കാലിച്ചന്തകളിൽ രണ്ടു ലക്ഷത്തിലധികം പേർ മാംസം, എല്ല്, തോൽ മേഖലയിലെ തൊഴിൽ ചെയ്തു ജീവിക്കുന്നുണ്ട്.
ആന്ധ്ര, ഒഡീഷ, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട് തുടങ്ങി സംസ്ഥാനങ്ങളിൽനിന്നാണു കേരളത്തിലെ ചന്തകളിൽ കന്നുകാലികളെയെത്തിച്ചു വില്പന നടത്തുന്നത്. സുരക്ഷിതമായി കന്നുകാലികളെ കച്ചവടം ചെയ്യുന്നതിനാവശ്യമായ അടിയന്തരനടപടി സംസ്ഥാനസർക്കാർ സ്വീകരിക്കണമെന്നാണു കച്ചവടക്കാരുടെ ആവശ്യം.
പ്രശ്നത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കേരള കന്നുകാലി ആൻഡ് മാംസ വ്യാപാര ക്ഷേമസമിതി സംസ്ഥാനകമ്മിറ്റി വാണിയംകുളം ചന്തയിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചിരുന്നു.
District News
കൊടുങ്ങല്ലൂർ: 2019ൽ നിശ്ചയിച്ച ഭൂമിയുടെ ന്യായവില, ഓരോ വില്ലേജിലും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി പുനർനിർണയം ചെയ്യുമെന്ന്മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു. ആധാരമെഴുത്തുകാരുടെ സംഘടനയായ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കൊടുങ്ങല്ലൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. മോഹൻകുമാർ അധ്യക്ഷതവഹിച്ചു.
കേരളത്തിലെ മുന്നൂറോളം ആധാരം എഴുത്ത് യൂണിറ്റുകളിൽനിന്നു 3000ത്തിൽപരം ആധാരം എഴുത്തുകാർ പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ, വാർഡ് കൗൺസിലർ ചൈതന്യ ബിജു, സംസ്ഥാന ട്രഷറർ സി.പി. അശോകൻ, സംസ്ഥാന ഉപദേശകസമിതി ചെയർമാൻ ഒ.എം. ദിന എന്നിവർ ആശംസാപ്രസംഗം നടത്തി.ജില്ലാ സെക്രട്ടറി തോമസ് വടക്കൻ നന്ദിപറഞ്ഞു.
Kerala
തിരുവനന്തപുരം: ഓർഫനേജ് കണ്ട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങൾ, ബാലഭവനങ്ങൾ, അനാഥാലയങ്ങൾ, അമ്മയും കുഞ്ഞും സംരക്ഷണകേന്ദ്രങ്ങൾ, ഭിന്നശേഷി-മാനസികരോഗ പുനരധിവാസകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള 1798 ക്ഷേമസ്ഥാപനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് സംസ്ഥാന കമ്മിറ്റി സാമൂഹ്യനീതി മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിനു നിവേദനം നൽകി.
സാമൂഹ്യക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കു ഗ്രാന്റ് ഇൻ എയ്ഡ് വർധിപ്പിക്കുക, സാമൂഹ്യക്ഷേമ സ്ഥാപനമായ അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്കു ക്ഷേമപെൻഷൻ അനുവദിക്കുക, സാമൂഹ്യക്ഷേമ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾക്കു നികുതികളും തൊഴിലാളിസെസും ഒഴിവാക്കുക, മെന്റൽ ഹെൽത്ത് ആക്ട് പ്രകാരം നടത്തുന്ന സ്ഥാപനങ്ങൾക്കുള്ള ഫീസ് ഒഴിവാക്കുക,
റേഷൻ സാധനങ്ങൾ വിഹിതം ഇല്ലാതെ ലഭിക്കുന്നതിനു നടപടികൾ സ്വീകരിക്കുക, സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഓർഫനേജ് മോണിറ്ററിംഗ് കമ്മിറ്റികൾ യഥാസമയം വിളിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുക, കണ്ട്രോൾ ബോർഡ് കൗണ്സിലർമാർക്കുള്ള ഓണറേറിയം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.
District News
പത്തനംതിട്ട: ജില്ലാനിയമ സേവന അഥോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല് സര്വീസ് കമ്മിറ്റികളുടെയും നേതൃത്വത്തില് സംഘടിപ്പിച്ച ദേശീയ ലോക് അദാലത്തില് ജില്ലയിലെ വിവിധ കോടതികളിലായി 4087 കേസുകള് തീര്പ്പാക്കി.
മജിസ്ട്രേറ്റ് കോടതിയില് പിഴ ഒടുക്കിത്തീര്ക്കാവുന്നവ, എംഎസിറ്റി, ബാങ്ക്, രജിസ്ട്രാര്, ബിഎസ്എന്എല്, സിവില് വ്യവഹാരങ്ങള്, കുടുംബതര്ക്കങ്ങള് മുതലായ കേസുകളാണ് അദാലത്തില് തീര്പ്പാക്കിയത്. വിവിധ കേസുകളിലായി 5.56 കോടി രൂപയും ക്രിമിനല് കേസുകളില് പിഴയിനത്തില് 31.74 ലക്ഷം രൂപയും ഈടാക്കി.
ജില്ലാ നിയമ സേവന അഥോറിറ്റി ചെയര്മാനും ജില്ല ജഡ്ജിയുമായ എന്. ഹരികുമാര്, താലൂക്ക് നിയമ സേവന കമ്മിറ്റി ചെയര്മാനും അഡീഷണല് ജില്ല ജഡ്ജിയുമായ ഫിലിപ്പ് തോമസ്, ജില്ലാ യമ സേവന അഥോറിറ്റി സെക്രട്ടറി ആനി വര്ഗീസ് എന്നിവര് അദാലത്തിന് നേതൃത്വം നല്കി. അഡീഷണല് ജില്ല സെഷന്സ് കോടതി ജഡ്ജി കെ. വിഷ്ണു, റിട്ട, ചീഫ് ജുഡീഷല് മജിസ്ട്രേറ്റ് ചെറിയാന് വര്ഗീസ്, ജുഡീഷല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരായ കാര്ത്തിക മോഹന്, പി. നിജേഷ് കുമാര് എന്നിവര് പത്തനംതിട്ട കോടതി സമുച്ചയത്തിലെ അദാലത്തില് പങ്കെടുത്ത് കേസുകള് തീര്പ്പാക്കി.
Kerala
കോട്ടയം: ദീപിക ഉന്നയിക്കുന്ന സാമൂഹിക പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കർഷകരുടെ പ്രശ്നങ്ങളിൽ നിരന്തരമായ ഇടപെടുകൾ നടത്തുന്ന മാധ്യമാണ് ദീപികയെന്നും സതീശൻ പറഞ്ഞു.
ദീപിക ശതോത്തര റൂബി ജൂബിലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ പ്രശ്നങ്ങൾ തീർക്കാൻ സർക്കാർ കൂടെ ഉണ്ടാകുമെന്നും സതീശൻ ഉറപ്പ് നൽകി.
ദീപികയുടെ മുഖപ്രസംഗം ജനശ്രദ്ധയാകർഷിക്കുന്നതാണ്. കർഷകരുടെ പ്രശ്നങ്ങൾക്ക് ഉന്നൽ നൽകുന്നതാണ് ദീപികയുടെ മുഖപ്രസംഗം. ഈ സർക്കാർ ജനങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന് ഉറപ്പുനൽകുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിനു മുന്പായി പാഠപുസ്തക വിതരണം പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ചടി വേഗമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഒരു ദിവസം പരമാവധി മൂന്നര ലക്ഷം പുസ്തകങ്ങളാണ് അച്ചടിക്കാൻ കഴിയുക. പല ദിവസങ്ങളിലും ഇത് പകുതിയായി കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഇന്നലെ മുതൽ പരമാവധിതന്നെ അച്ചടിക്കുന്നുണ്ട്. ഇങ്ങനെ തുടർന്നാൽ സ്കൂൾ തുറക്കുന്പോൾ എല്ലാവർക്കും പാഠപുസ്തകങ്ങൾ ലഭിക്കും. ഇത് ഉറപ്പുവരുത്താനായി പ്രത്യേക ടീമിനുതന്നെ ചുമതല നൽകിയിട്ടുണ്ട്. ഇത് അവർ ശ്രദ്ധിക്കും. 80 ശതമാനത്തോളം പാഠപുസ്തകം വിതരണം ചെയ്തിട്ടുണ്ട്.
തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള കന്പനിയാണു മെറ്റീരിയൽ നൽകിയിരുന്നത്. അവർക്കു പണം ലഭിക്കാത്തതു കാരണം പ്രതിസന്ധി ഉണ്ടായിരുന്നു. അതെല്ലാം പരിഹരിച്ചിട്ടുണ്ട്. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയായി.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫിറ്റ്നസ് പരിശോധനകൾക്കും പ്രവേശനോത്സവത്തിനുമുള്ള കൃത്യമായ ഗൈഡ്ലൈൻ നൽകിയിട്ടുണ്ടെന്നും. മന്ത്രി പറഞ്ഞു. ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മഹേഷ്കുമാർ അധ്യക്ഷത വഹിച്ചു.
മലബാർ മേഖലയിൽ പ്ലസ് വണ് സീറ്റ് പ്രതിസന്ധി രൂക്ഷമായിട്ടുണ്ടെന്നത് വ്യക്തമാണ്. പ്രത്യേകിച്ച് മലപ്പുറത്ത്. സർക്കാർ സ്കൂളുകൾക്കു നൽകിയ അഡീഷണൽ ബാച്ചുകൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ഇത്തവണ അലോട്ട്മെന്റ്. 350 അഡീഷണൽ ബാച്ചുകളാണുള്ളത്. ഇതു കൂടി ഉൾപ്പെടുത്തി അലോട്ട്മെന്റ് നടത്തും. എന്നിട്ടും കുറവുകളുണ്ടെങ്കിൽ അത്തരം കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനം ഒരുക്കും.
പ്രശ്നങ്ങൾ ഇല്ലാതെ എല്ലാവർക്കും പ്രവേശനം ഉറപ്പാക്കും. അടുത്ത അധ്യയനം മുതൽ ഇക്കാര്യത്തിൽ ശാശ്വത പരിഹാരം കാണും. അധിക സീറ്റുകളടക്കം അനുവദിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. വരും വർഷങ്ങളിൽ ഇതിനെല്ലാം പരിഹാരം കാണും.-മന്ത്രി പറഞ്ഞു.
Kerala
കോഴിക്കോട്: 1954ലെ സ്പെഷല് മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ മുസ്ലിം ദമ്പതികളുടെ അനന്തരാവകാശ സര്ട്ടിഫിക്കറ്റിനായുള്ള അപേക്ഷാ ഫോറത്തില് മാര്യേജ് ആക്ടിലെ സെക്ഷന് നാല്, 15 പ്രകാരമുള്ള വിവാഹങ്ങളെ സൂചിപ്പിക്കാന് പ്രത്യേക കോളം ഉള്പ്പെടുത്തുന്നു.
ഫോറം ഫോര് മുസ്ലിം വിമന്സ് ജെന്ഡര് ജസ്റ്റീസ് എന്ന സംഘടനയെ പ്രതിനിധീകരിച്ച് ഡോ. ഖദീജ മുംതാസ് അടക്കമുള്ളവര് നല്കിയ നിവേദനത്തെത്തുടര്ന്ന് തുടര്നടപടി സ്വീകരിക്കാന് ലാന്ഡ് റവന്യു കമ്മീഷണറെ സര്ക്കാര് ചുമതലപ്പെടുത്തി.
സ്പെഷല് മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ മുസ്ലിംകളുടെയും സെക്ഷന് 15 പ്രകാരം വിവാഹം രജിസ്റ്റര് ചെയ്ത മുസ്ലിം ദമ്പതികളുടെയും പിന്തുടര്ച്ചാവകാശം 1925ലെ ഇന്ത്യന് പിന്തുടര്ച്ചാവകാശ നിയമപ്രകാരമായിരിക്കുമെന്ന് വ്യക്തമാക്കി സര്ക്കാര് ഉത്തരവ് പുറപ്പെടുവിക്കണമെന്നും അത് റവന്യു ഗൈഡില് ഉള്പ്പെടുത്തണമെന്നും ഡോ. ഖദീജ മുംതാസ് ആവശ്യപ്പെട്ടിരുന്നു.
ഈ വിഷയത്തില് അനുകൂല റിപ്പോര്ട്ട് ലാന്ഡ് റവന്യു കമ്മീഷണര് സര്ക്കാരിനു സമര്പ്പിച്ചിരുന്നു. മുസ്ലിം മതാചാരപ്രകാരം വിവാഹിതരാവുകയും പിന്നീട് സ്പെഷല് മാര്യേജ് ആക്ട് വഴി രജിസ്റ്റര് ചെയ്യുകയും ചെയ്യുന്നവരുടെ പിന്തുടര്ച്ചാവകാശം ഇന്ത്യന് പിന്തുടര്ച്ചാവകാശ നിയമപ്രകാരമായിരിക്കുമെന്ന് സ്പെഷല് മാര്യേജ് ആക്ടിലെ വകുപ്പ് 21ല് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
എങ്കിലും ഇക്കാര്യം കോടതി മുഖേനെ സ്ഥാപിച്ചുകിട്ടുന്നതിനായി അഭിഭാഷകനും സിനിമാനടനുമായ കണ്ണൂര് സ്വദേശി ഷുക്കൂര് നല്കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില് കോടതിയുടെ അന്തിമവിധിക്ക് അനുസൃതമായി മാറ്റങ്ങള് വരുത്തുമെന്ന വ്യവസ്ഥയോടെയാണ് അപേക്ഷാഫോറത്തില് പ്രത്യേക കോളം രേഖപ്പെടുത്തുക.
National
ഭുവനേശ്വർ: ഒഡീഷയില് സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി വിവാദംസൃഷ്ടിച്ച ജീതു മുണ്ട ഒടുവിൽ എല്ലാവരോടും ക്ഷമിച്ചു.
ജീവനക്കാർ മോശമായി പെരുമാറിയെങ്കിലും ഒരാൾക്കെതിരേയും നടപടി വേണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സഹോദരി കൽറ മുണ്ടയുടെ പേരിൽ നിക്ഷേപിച്ച തുക ബാങ്കുകാർ വീട്ടിൽ എത്തിച്ചുതന്നുവെന്ന് പറഞ്ഞ അദ്ദേഹം സംഭവത്തിൽ ഒരുതരത്തിലുള്ള ഖേദമില്ലെന്നും വ്യക്തമാക്കി.
അസ്ഥികൂടവുമായി പോയതുകൊണ്ടുമാത്രമാണ് ബാങ്കിൽ നിന്ന് പണം ലഭിച്ചതെന്നും 50 കാരനായ ജീതു മുണ്ട പറഞ്ഞു.സഹോദരിയുടെ പേരിൽ ഒഡിഷ ഗ്രാമീൺ ബാങ്കിലെ മാലിപോസി ശാഖയിലുള്ള തുക പിൻവലിക്കാൻ എത്തിയപ്പോൾ ജീവനക്കാർ തടസവാദം ഉന്നയിച്ചതാണ് അസ്ഥികൂടവിവാദത്തിൽ കലാശിച്ചത്.
സഹോദരി മരിച്ചുവെന്നതിനു തെളിവുവേണമെന്ന് ജീവനക്കാർ പറയുകയായിരുന്നു. ഇതോടെ ജീതു മുണ്ട അസ്ഥികൂടം തോണ്ടിയെടുത്ത് ബാങ്കിലെത്തുകയായിരുന്നു. അവിവാഹിതനായ ജീതു, വിധവയായ സഹോദരിക്കൊപ്പമാണു കഴിഞ്ഞിരുന്നത്. കഴിഞ്ഞ ജനുവരി അവസാനം സഹോദരി മരിച്ചു.
സഹോദരി മരിച്ചുവെന്ന് നിരവധി തവണ പറഞ്ഞിട്ടും ബാങ്ക് ജീവനക്കാര് അത് കേള്ക്കാന് തയാറായില്ലെന്നും പണം വേണമെങ്കില് അക്കൗണ്ട് ഉടമ നേരിട്ടുവരണമെന്ന് ജീവനക്കാര് ആവശ്യപ്പെട്ടതെന്നുമാണ് ജീതു മുണ്ട പറഞ്ഞത്. അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വന്നതോടെ സംസ്ഥാനസർക്കാർ പ്രശ്നത്തിൽ ഇടപെട്ടിരുന്നു.
Kerala
തിരുവനന്തപുരം: വയനാട്ടിൽനിന്നു ബംഗളൂരുവിലേക്കുള്ള രാത്രിയാത്ര സംബന്ധിച്ച പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
വയനാട് എംപി പ്രിയങ്ക ഗാന്ധി ഇതുസംബന്ധിച്ച നിവേദനം നൽകിയിട്ടുണ്ട്. വനം വകുപ്പുമായി ബന്ധപ്പെട്ട ചില വിഷയങ്ങളുണ്ട്. മനുഷ്യ-മൃഗ സംഘർഷമുണ്ട്. അതെല്ലാം പരിഗണിച്ച് ചർച്ച ചെയ്ത് വേഗത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.