ഒറ്റപ്പാലം: കന്നുകാലിവിപണനമേഖല പ്രതിസന്ധിയിൽ. കന്നുകാലി വിപണനമേഖല നേരിടുന്ന പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാവണമെന്നുമാണ് ആവശ്യം.
കന്നുകാലികളുമായി എത്തുന്നവർക്കുനേരെ വ്യാപകമായി അതിക്രമങ്ങൾ നടക്കുകയാണെന്നും ഇതു തടയണമെന്നുമാണ് ആവശ്യം. ലോറികൾ വഴിയിൽ തടഞ്ഞു തട്ടിയെടുക്കുന്നതും അന്യായമായി കേസെടുക്കുന്നതുമടക്കമുള്ള കാര്യങ്ങളാണ് വ്യാപകമായി നടക്കുന്നതെന്നാണ് പരാതി. അയൽസംസ്ഥാനങ്ങളിൽനിന്നുള്ള കന്നുകാലികളുടെ വരവ് തടസപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കന്നുകാലിമേഖലയിൽ പ്രവർത്തിക്കുന്നവർ ആരോപിക്കുന്നു. ഇതുമൂലം വിപണിയിൽ ഇറച്ചിക്കു വില കയറുന്ന സാഹചര്യമാണ്. പല ജില്ലകളിലും ഇറച്ചിവില കിലോക്ക് 500 രൂപയ്ക്കടുത്താണ്.
ആന്ധ്ര, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ സമീപകാലത്ത് ജന്തുദ്രോഹം ആരോപിച്ച് ലോറിയിൽ കൊണ്ടുവരുന്ന കന്നുകാലികളെ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ പ്രധാന കാലിച്ചന്തകളായ വാണിയംകുളം, പെരുമ്പിലാവ്, കുഴൽമന്ദം ഉൾപ്പെടെ നൂറിലധികംവരുന്ന ഗ്രാമീണ കാലിച്ചന്തകളിൽ രണ്ടു ലക്ഷത്തിലധികം പേർ മാംസം, എല്ല്, തോൽ മേഖലയിലെ തൊഴിൽ ചെയ്തു ജീവിക്കുന്നുണ്ട്.
ആന്ധ്ര, ഒഡീഷ, കർണാടക, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട് തുടങ്ങി സംസ്ഥാനങ്ങളിൽനിന്നാണു കേരളത്തിലെ ചന്തകളിൽ കന്നുകാലികളെയെത്തിച്ചു വില്പന നടത്തുന്നത്. സുരക്ഷിതമായി കന്നുകാലികളെ കച്ചവടം ചെയ്യുന്നതിനാവശ്യമായ അടിയന്തരനടപടി സംസ്ഥാനസർക്കാർ സ്വീകരിക്കണമെന്നാണു കച്ചവടക്കാരുടെ ആവശ്യം.
പ്രശ്നത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കേരള കന്നുകാലി ആൻഡ് മാംസ വ്യാപാര ക്ഷേമസമിതി സംസ്ഥാനകമ്മിറ്റി വാണിയംകുളം ചന്തയിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചിരുന്നു.
Tags : resolved Nattuvishesham district news