വാഴാനി ഡാമിൽ സ്ഥാപിച്ച സോളാർ ലൈറ്റിന്റെ കവർ തകർത്ത് ബാറ്ററി മോഷ്ടിച്ച നിലയിൽ.
വടക്കാഞ്ചേരി: ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ വാഴാനി ഡാമിൽനിന്ന് സോളാർ ബാറ്ററികൾ മോഷണംപോയതായി പരാതി. 39 ഓളം സോളാർലൈറ്റിന്റെ ബാറ്ററികളാണ് മോഷണംപോയത്.
സംഭവുമായി ബന്ധപ്പെട്ട് നിരവധിതവണ വാഴാനി അസിസ്റ്റന്റ് എൻജിനിയർ പി.എസ്. സാൽവിൻ വടക്കാഞ്ചേരി പോലീസിലും വകുപ്പ് മേധാവികൾക്കും പരാതികൾ നൽകിയെങ്കിലും നാളിതുവരെ യാതൊരു നടപടികളും ഉണ്ടായില്ലെന്ന് എൻജിനിയർ പറഞ്ഞു. ഡാമിനകത്ത് ആകെ 48 സോളാർ ലൈറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 39 എണ്ണത്തിന്റെ ബാറ്ററികളാണ് ലൈറ്റുകൾ തകർത്ത് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്.
ഇന്നത്തെ സാഹചര്യത്തിൽ ഒരു ബാറ്ററിക്ക് 15,000 രൂപയോളം വിലവരുമെന്നാണ് ഇലക്ട്രിക് വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. ആറടിയേക്കാൾ ഉയരത്തിൽ സുരക്ഷിതമായി സൂക്ഷിച്ച ബാറ്ററികളാണ് കൊണ്ടുപോയത്. 2019ൽ ഡാമിന്റെ വികസനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ലൈറ്റുകളാണ് മോഷ്ടാക്കൾ കടത്തിയത്. ഡാമിൽ ആകെ നാല് ഉദ്യോഗസ്ഥരാണുള്ളത്. പകൽസമയങ്ങളിൽ ഡെസ്റ്റിനേഷൻ കമ്മിറ്റി താത്കാലികമായി നിയമിച്ച കുറച്ചു ജീവനക്കാരുണ്ടെങ്കിലും രാത്രി മുതൽ പുലരുംവരെ ഡാമിന്റെ സുരക്ഷക്കുവേണ്ടി ആരുമില്ലന്നു പറയുന്നു.
ഇത്രയും സ്ഥലം ശ്രദ്ധിക്കണമെങ്കിൽ കുറഞ്ഞത് നാലുപേർ വേണമെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി ഡാമിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം വർധിച്ചുവരികയാണ്. പട്ടികജാതി - വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഡാമിൽ മത്സ്യം വളർത്തുന്നുണ്ട്.
അത് പിടിക്കാൻ ഉപയോഗിക്കുന്ന വഞ്ചികളും വലകളും മറ്റു ഉപകരണങ്ങളും കഴിഞ്ഞ ദിവസം രാത്രിയുടെ മറവിൽ സാമൂഹികവിരുദ്ധർ തകർത്തു. പകലും രാത്രിയിലും മദ്യപാനികളുടെയും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുടെയും എണ്ണം ദിനംപ്രതി വർധിച്ചുവരുന്നതായും അധികൃതർ പറഞ്ഞു. ഇത്തരക്കാരോട് ജീവനക്കാർക്ക് സംസാരിക്കാൻപോലും പേടിയാണ്.
എന്നാൽ സർക്കാരിന്റെ അനുമതിയോടെ ഡാമിന്റെ സംരക്ഷണത്തിന് പ്രഫഷണൽ സുരക്ഷാ ഏജൻസിയിലൂടെ സെക്യുരിറ്റിക്കാരെ നിയമിക്കുമെന്ന് അസി. എൻജിനിയർ പി.എസ്. സാൽവിൻ പറഞ്ഞു.