മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഒൗട്ട് പരേഡിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സല്യൂട്ട് സ്വീകരിക്കുന്നു.
പാലക്കാട്: പാലക്കാട്: കുറ്റാന്വേഷണത്തിലും ജനങ്ങൾക്ക് സ്വൈര്യജീവിതം ഉറപ്പുവരുത്തുന്നതിലും കേരള പോലീസിന്റെ പങ്ക് നിസ്തുലവും പ്രശംസനീയവുമാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കാൻ പുതിയ പോലീസ് ഉദ്യോഗസ്ഥർക്ക് സാധിക്കണം. വിദ്യാസന്പന്നരായ യുവാക്കൾ സേനയിലേക്ക് എത്തുന്നത് കേരള പോലീസിന്റെ മികവും പ്രവർത്തനക്ഷമതയും ഉയർത്തും. ഓരോ പോലീസ് ഉദ്യോഗസ്ഥനും സമൂഹത്തിനു റോൾ മോഡലായി മാറണമെന്നും മന്ത്രി ഓർമിപ്പിച്ചു. മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ പാസിംഗ് ഒൗട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു. കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയനിൽ നിന്നുള്ള 127 ഉം കേരള ആംഡ് പോലീസ് രണ്ടാം ബറ്റാലിയനിൽ നിന്നുള്ള 110 ഉം ഇന്ത്യാ റിസർവ് ബറ്റാലിയനിൽ നിന്നും പരിശീലനം ലഭിച്ച 110 റിക്രൂട്ട് പോലീസ് ഡ്രൈവർ സേനാംഗങ്ങളും ഉൾപ്പെടെ 347 റിക്രൂട്ട് പോലീസ് സേനാംഗങ്ങളാണ് പാസിംഗ് ഒൗട്ട് പരേഡിൽ പങ്കെടുത്തത്. പി. വിനീത് നയിച്ച പരേഡിൽ ഹാഷിം അലിയാർ സെക്കൻഡ് ഇൻ കമാൻഡർ ആയി. കെഎപി ഒന്നാം ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി കെ.ആർ. അജിത്ത് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഒൗട്ട്ഡോർ കേഡറ്റായ ആർ.ജെ. ഷിനു റോബിൻ മികച്ച ഓൾ റൗണ്ടറുമായി. മികച്ച ഷൂട്ടറായി പി.എസ്. വിഷ്ണു തെരഞ്ഞെടുക്കപ്പെട്ടു. കെഎപി രണ്ടാം ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ശ്രീഹരി എൻ. ആനന്ദ് ആണ്.
മികച്ച ഒൗട്ട്ഡോർ കേഡറ്റായി പി. വിനീത് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഷൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടത് സി.ബി. സജിത്ത് ആണ്. വി. ഹർഷദ് ആണ് മികച്ച ഓൾ റൗണ്ടർ. ഇന്ത്യാ റിസർവ് ബറ്റാലിയനിൽ നിന്ന് മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ആർ.എസ്. രാഹുൽ ആണ്. മികച്ച ഒൗട്ട്ഡോർ കേഡറ്റായി കെ.എ. അർജുൻ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഷൂട്ടറായി തെരഞ്ഞെടുക്കപ്പെട്ടത് വി.എസ്. ബിജിൻ രാജ് ആണ്. എം. ഉബൈദ് ആണ് മികച്ച ഓൾ റൗണ്ടർ.എംഎൽഎമാരായ എ. പ്രഭാകരൻ, രമേഷ് പിഷാരടി, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ജില്ലാ കളക്ടർ കെ. സുധീർ, ആംഡ് പോലീസ് ബറ്റാലിയൻ എഡിജിപി ബൽറാം കുമാർ ഉപാധ്യായ, കേരള പോലീസ് അക്കാദമി ഡയറക്ടറും ഐജിയുമായ കെ. സേതുരാമൻ, തൃശൂർ റേഞ്ച് ഡിഐജി ടി. നാരായണൻ, ആംഡ് പോലീസ് ബറ്റാലിയൻ ഡിഐജി ജെ. ഹിമേന്ദ്രനാഥ്, ആംഡ് പോലീസ് ബറ്റാലിയൻ ആസ്ഥാനത്തെ കമാണ്ടന്റ് കെ.ഇ. ബൈജു, ജില്ലാ പോലീസ് മേധാവി എ. അബ്ദുൾ റാഷി, കമാണ്ടന്റുമാരായ പി. വാഹിദ്, ജാക്സണ് പീറ്റർ, ആർ. രാജേഷ്, യു. പ്രേമൻ, മറ്റ് ഉന്നത പോലീസുദ്യോഗസ്ഥർ, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Tags : Nattuvishesham Local News Kerala Police peaceful life