കണ്ണൂർ: മുഴപ്പിലങ്ങാട് മൊയ്തുപാലത്തിന് സമീപം നാല് വാഹനങ്ങൾ അപകടത്തിൽപ്പെട്ട് ഒന്പത് പേർക്ക് പരിക്കേറ്റു. ഇവരെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 5.15 ഓടെയാണ് അപകടം.
കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ് തെന്നിമാറി ലോറിയിലും മറ്റൊരു വാഹനത്തിലും ഇടിച്ചു. കെഎസ്ആർടിസി ബസിന്റെ മുൻവശം പൂർണമായി തകർന്നു. ബസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് കണ്ണൂർ-തലശേരി റൂട്ടിൽ ഒന്നരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. എടക്കാട് പോലീസ് അപകടസ്ഥലത്തെത്തി വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.