പയ്യന്നൂര്: എട്ടിക്കുളത്തിനു സമീപമുണ്ടായ വാഹനാപകടത്തില് മാട്ടൂല് സ്വദേശിയായ വിദ്യാര്ഥി മരിച്ചു. മാട്ടൂല് സെന്ട്രല് തെക്കുമ്പാട് കടവിനു സമീപത്തെ മുഹമ്മദ് ഫൈസല്-സൈനബ ദമ്പതികളുടെ മകന് തായവളപ്പില് മുഹമ്മദ് ഫയാസ് (17) ആണ് മരിച്ചത്. അപകടത്തില് ഗുരുതരമായി പരിക്കേറ്റ മാട്ടൂല് ആര്സി ചര്ച്ച് കോളനിക്കു സമീപത്തെ സലിം ഹാജിയുടെ മകന് മുഹമ്മദ് റാസിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടോടെ രാമന്തളി എട്ടിക്കുളത്തിനു സമീപം മൊട്ടക്കുന്നിലായിരുന്നു അപകടം. പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിലെ ഒന്നാം വര്ഷ കംപ്യൂട്ടര് ആപ്ലിക്കേഷന് വിദ്യാര്ഥിയായ ഫയാസും ഇതേ കോളജിലെ ബിസിഎ വിദ്യാര്ഥി റാസിയും അതിരാവിലെതന്നെ മാട്ടൂലില്നിന്നും സ്കൂട്ടറിലെത്തിയതായിരുന്നു. ഇവര് മൊട്ടക്കുന്ന്-പരത്തിക്കാട് റോഡരികിലെ എടുത്തുവച്ച കല്ല് എന്ന വലിയ പാറ കാണാനെത്തി തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. മൊട്ടക്കുന്ന് പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കുത്തനെയുള്ള ഇറക്കത്തിലെ വളവില് നിയന്ത്രണമില്ലാതെ അതിവേഗതയിലെത്തിയ സ്കൂട്ടര് മരത്തിലിടിച്ചു മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തില് തെറിച്ചുപോയ സ്കൂട്ടറിലെ പിന്സീറ്റ് യാത്രക്കാരനായ ഫയാസ് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇരുവരെയും ഉടന്തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫയാസ് മരണപ്പെട്ടിരുന്നു. അപകടകരമായ വിധത്തില് സ്കൂട്ടറോടിച്ച് ഒരു മരണത്തിനിടയാക്കിയ സംഭവത്തില് മരണപ്പെട്ട ഫയാസിന്റെ ബന്ധുവിന്റെ പരാതിയില് സ്കൂട്ടറോടിച്ച റാസിക്കെതിരെ പയ്യന്നൂര് പോലീസ് കേസെടുത്തിട്ടുണ്ട്. സെയാന്, ഫൈസ എന്നിവരാണ് ഫയാസിന്റെ സഹോദരങ്ങള്.
Tags : Vehicle accident Ettikulam Ettikulam student death