Tech
ന്യൂഡൽഹി: ഇന്ത്യൻ ഐടി മേഖല നിയമനങ്ങളിൽ മന്ദഗതി നേരിടുമ്പോഴും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ തൊഴിലവസരങ്ങൾ കുതിച്ചുയരുന്നതായി റിപ്പോർട്ട്. പുതിയ സാങ്കേതികവിദ്യകൾക്ക് അനുസൃതമായി കമ്പനികൾ തങ്ങളുടെ പ്രവർത്തനശൈലി മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് എഐ തസ്തികകളിലേക്ക് ജീവനക്കാരെ വൻതോതിൽ നിയമിക്കുന്നത്.
കഴിഞ്ഞ ജൂൺ മാസത്തിൽ ഐടി മേഖലയിലെ മൊത്തത്തിലുള്ള നിയമനങ്ങൾ 3 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ, എഐ തസ്തികകളിലെ നിയമനങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. ഒന്നര ലക്ഷത്തിലധികം കമ്പനികൾ നൗക്രി വെബ്സൈറ്റിൽ നൽകിയ തൊഴിൽ പരസ്യങ്ങൾ വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ആഗോള സാമ്പത്തിക പ്രതിസന്ധിയും പരമ്പരാഗത ബിസിനസ് രീതികൾക്ക് എഐ ഉയർത്തുന്ന വെല്ലുവിളികളും കാരണം ഉപഭോക്താക്കൾ ചിലവുകൾ ചുരുക്കിയത് 315 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ ഐടി വ്യമ്പനികളെ കടുത്ത സമ്മർദത്തിലാഴ്ത്തിയിരുന്നു. ഈ സാഹചര്യത്തിലും എഐ മേഖലയിലെ നിയമനങ്ങൾ വർധിക്കുന്നത് ശ്രദ്ധേയമാണ്.
ടെക് കമ്പനികൾ നിലവിൽ എവിടെയാണ് കൂടുതൽ നിക്ഷേപം നടത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ മാറ്റമെന്ന് നൗക്രിയുടെ മാതൃകമ്പനിയായ ഇൻഫോ എഡ്ജ് സിഇഒ ഹിതേഷ് ഒബറോയ് പറഞ്ഞു. എഐ എന്നത് കമ്പനികളുടെ പ്രധാന പ്രവർത്തന മേഖലയായി മാറിക്കൊണ്ടിരിക്കുകയാണെന്നും, അനുഭവസമ്പന്നരും പ്രഗത്ഭരുമായ ഉദ്യോഗാർഥികൾക്കാണ് വിപണിയിൽ ഇപ്പോൾ ഡിമാൻഡ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വെയർ കയറ്റുമതിക്കാരായ ടാറ്റാ കൺസൾട്ടൻസി സർവീസസ് തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിന് തുല്യമായി എഐ ഏജന്റുകളെ തങ്ങളുടെ തൊഴിൽ സേനയുടെ ഭാഗമാക്കാൻ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. 2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ടിസിഎസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ 23,000ത്തിലധികം കുറവ് രേഖപ്പെടുത്തിയിരുന്നു.
ഐടി മേഖലയ്ക്ക് പുറമെ രാജ്യത്തെ മറ്റ് 14 പ്രധാന മേഖലകൾ പരിശോധിക്കുമ്പോൾ എഐ, മെഷീൻ ലേണിംഗ് തസ്തികകളിൽ മൊത്തത്തിൽ 25 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇൻഷുറൻസ്, കൺസ്യൂമർ ഗുഡ്സ് മേഖലകളിലാണ് ഈ കാലയളവിൽ ഏറ്റവും കൂടുതൽ തൊഴിൽ നിയമനങ്ങൾ നടന്നത്.
Tech
മെറ്റ ഗെയിമിംഗ് മേഖലയിലേക്ക് ചുവടുവെക്കുന്നു. ലളിതമായ ഭാഷാ നിർദ്ദേശങ്ങൾ നൽകി സ്വന്തമായി ഗെയിമുകളും മറ്റ് ഇന്ററാക്ടീവ് ഫീച്ചറുകളും നിർമിക്കാൻ സഹായിക്കുന്ന 'പോക്കറ്റ്' എന്ന പുതിയ ആപ്പാണ് മെറ്റ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
മെറ്റയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ഈ ആപ്പ് ഇപ്പോൾ ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമായിക്കഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ആപ്പിൽ ഉപയോക്താക്കൾക്ക് സ്വന്തമായി ഗെയിമുകൾ നിർമിക്കാൻ സാധിക്കുമെന്ന് മാത്രമല്ല, മറ്റുള്ളവർ നിർമിച്ച ഗെയിമുകൾ കളിച്ച് നോക്കാനുള്ള ഒരു 'ഡിസ്കവറി ഫീഡ്' സംവിധാനവും ഒരുക്കിയിട്ടുണ്ട്. നിലവിൽ ആപ്പ് പ്രാരംഭ പരീക്ഷണ ഘട്ടത്തിലാണെന്നാണ് ലഭിക്കുന്ന സൂചന.
എഐ അധിഷ്ഠിത ഇന്ററാക്ടീവ് ടൂളുകൾ നിർമിക്കുന്നതിൽ വിദഗ്ധരായ ഗിസ്മോ എന്ന സ്റ്റാർട്ടപ്പ് കമ്പനിയെ മെറ്റ ഈ വർഷം ആദ്യം സ്വന്തമാക്കിയിരുന്നു. ഈ ടീമിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 'പോക്കറ്റ്' വികസിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലെ സ്ക്രീൻഷോട്ടുകൾ പ്രകാരം, പോക്കറ്റ് ആപ്പിന് പഴയ ഗിസ്മോ ആപ്പുമായി ഏറെ സാമ്യമുണ്ട്. കോഡിംഗ് അറിവില്ലാത്ത സാധാരണക്കാർക്കും തങ്ങൾക്ക് ആവശ്യമുള്ള ഗെയിം എന്താണെന്ന് ലളിതമായി വിവരിച്ചു നൽകിക്കൊണ്ട് ഇതിലൂടെ പുതിയ ഗെയിമുകൾ സൃഷ്ടിക്കാനാകും.
പ്രശസ്ത റിവേഴ്സ് എഞ്ചിനീയറായ അലസ്സാൻഡ്രോ പലൂസിയാണ് ഈ ആപ്പ് ആദ്യമായി കണ്ടെത്തിയത്. ആപ്പ് ഇന്റലിജൻസ് സ്ഥാപനമായ ആപ്പ്ഫിഗേഴ്സ് നൽകുന്ന വിവരമനുസരിച്ച്, 2026 ജൂൺ 29നാണ് ഈ ആപ്പ് ആദ്യമായി പ്ലേ സ്റ്റോറുകളിലെത്തിയത്.
ചിത്രങ്ങളും വീഡിയോകളും നിർമിക്കുന്നതിന് പിന്നാലെ ഗെയിമിംഗ് രംഗത്തേക്കും എ ഐ വ്യാപിപ്പിക്കാനുള്ള മെറ്റയുടെ വലിയ പദ്ധതികളുടെ ഭാഗമായാണ് പോക്കറ്റ് ആപ്പിന്റെ വരവ്. മെറ്റ എ ഐ വഴി ചിത്രങ്ങളും, വൈബ്സ് ആപ്പ് വഴി വീഡിയോകളും നിർമിക്കാനുള്ള സൗകര്യം മെറ്റ നേരത്തെ തന്നെ ഒരുക്കിയിരുന്നു. കൂടാതെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലും, വീഡിയോ എഡിറ്റിംഗ് ആപ്പായ എഡിറ്റ്സ് എന്ന പ്ലാറ്റ്ഫോമിലും ജനറേറ്റീവ് എഐ ഫീച്ചറുകൾ മെറ്റ നിലവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Business
ഡിട്രോയിറ്റ്: ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യക്ക് തങ്ങൾ പ്രതീക്ഷിച്ച ഗുണനിലവാരം നൽകാൻ കഴിയാതെ വന്നതിനെ തുടർന്ന് പ്രമുഖ വാഹന നിർമാതാക്കളായ ഫോർഡ് മുന്നൂറ്റമ്പതോളം പരിചയസമ്പന്നരായ എൻജിനിയർമാരെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചു.
പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കാൻ എഐ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്ന മറ്റ് ആഗോള കമ്പനികൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഫോർഡിന്റെ ഈ പുതിയ തീരുമാനം.
വാഹനങ്ങളുടെ ഗുണനിലവാര വികസന പ്രക്രിയയിൽ എഐ ഉപയോഗിച്ചപ്പോൾ, പതിറ്റാണ്ടുകളുടെ പ്രവൃത്തിപരിചയമുള്ള എൻജിനിയർമാരുടെ പ്രാധാന്യം തങ്ങൾ വിലകുറച്ചു കണ്ടതായി ഫോർഡിന്റെ വെഹിക്കിൾ ഹാർഡ്വെയർ എൻജിനിയറിംഗ് വൈസ് പ്രസിഡന്റ് ചാർലസ് പൂൺ മാധ്യമങ്ങളോട് സമ്മതിച്ചു.
എൻജിനീയർമാരെ തിരികെ വിളിച്ചെങ്കിലും എഐ സാങ്കേതികവിദ്യ പൂർണമായി ഉപേക്ഷിക്കാൻ ഫോർഡ് തയ്യാറല്ല. പകരം, എഐ സിസ്റ്റങ്ങളെ കൂടുതൽ ശക്തമാക്കാനാണ് കമ്പനിയുടെ തീരുമാനം.
ഇതിനായി സോഫ്റ്റ്വേർ ക്വാളിറ്റി അഷ്വറൻസിനായി 40 വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കുകയും, സോഫ്റ്റ്വേറിലെ മാറ്റങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുൻപ് പരിശോധിക്കാൻ ഒരു ലക്ഷത്തിലധികം എഐ ഓട്ടോമേറ്റഡ് ടെസ്റ്റുകൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തു പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി എഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
ആധുനിക സാന്പത്തിക വ്യവസ്ഥയിൽ സൂക്ഷ്മ-ചെറുകിട ഇടത്തരം സംരംഭങ്ങൾ സൃഷ്ടിക്കുന്ന സ്ഥാപനങ്ങൾ മാത്രമല്ല നവീകരണത്തിന്റെയും പ്രാദേശിക വികസനത്തിന്റെയും പ്രധാന ചാലക ശക്തികളാണ്.
ഡിജിറ്റൽ സാങ്കേതിക വിദ്യ, ഇ-കൊമേഴ്സ്, നിർമിത ബുദ്ധി, ഓട്ടോമേഷൻ എന്നിവയുടെ സഹായത്തോടെ എംഎസ്എംഇ-കളെ ആഗോള വിപണിയിലേയ്ക്ക് എത്തിക്കുവാനും വലിയ കന്പനികളുമായി മത്സരിക്കാനും കഴിയുന്നവിധത്തിൽ മാറ്റിയെടുക്കുവാനായി കേരള എംഎസ്എംഇ ഗ്രോത്ത് സ്കീം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Tech
ബീജിംഗ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകൾക്കായി പുനരുപയോഗ ഊർജ്ജം വൻതോതിൽ പ്രയോജനപ്പെടുത്താനുള്ള ചൈനയുടെ ശ്രമങ്ങൾ കടുത്ത പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ഡാറ്റാ സെന്ററുകളുടെ ഉയർന്ന വൈദ്യുതി ആവശ്യകത കൃത്യമായി പ്രവചിക്കാനുള്ള ബുദ്ധിമുട്ടും, അധിക ബാധ്യത ഏറ്റെടുക്കാൻ ഗ്രിഡ് ഓപ്പറേറ്റർമാർ മടിക്കുന്നതുമാണ് പദ്ധതിക്ക് തടസ്സമാകുന്നത്.
എഐ അധിഷ്ഠിത ഡാറ്റാ സെന്ററുകൾക്ക് തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കുന്നത് ചൈന തന്ത്രപ്രധാനമായ മുൻഗണനയായിട്ടാണ് കാണുന്നത്. ഈ വർഷമാദ്യം പുറത്തിറക്കിയ ചൈനയുടെ 2026ലെ ഗവൺമെന്റ് വർക്ക് റിപ്പോർട്ടിൽ കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചറും പവർ സപ്ലൈ ശൃംഖലകളും തമ്മിലുള്ള ശക്തമായ സംയോജനം ഉറപ്പാക്കുമെന്ന് രാജ്യം പ്രഖ്യാപിച്ചിരുന്നു.
ഈ പദ്ധതിയുടെ ഭാഗമായി, അതിവേഗം വളരുന്ന ഡാറ്റാ സെന്റർ വ്യവസായത്തിലേക്ക് നേരിട്ട് ഹരിത വൈദ്യുതി എത്തിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 2023ൽ ഈ മേഖലയിലെ ആകെ ഊർജ്ജ ഉപഭോഗത്തിന്റെ 11 ശതമാനം മാത്രമായിരുന്ന പുനരുപയോഗ ഊർജ്ജത്തിന്റെ പങ്ക്, 2030ഓടെ 80 ശതമാനമായി (നാലിൽ അഞ്ച് ഭാഗം) ഉയർത്താനാണ് ചൈന ലക്ഷ്യമിടുന്നത്.
ചൈനീസ് പവർ കമ്പനിയായ സ്റ്റേറ്റ് പവർ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷന്റെ ഡയറക്ടർ പെയ് ഷാൻപെങ് വ്യക്തമാക്കിയതനുസരിച്ച്, 2026നും 2030നും ഇടയിൽ ചൈനയിലെ ഡാറ്റാ സെന്ററുകളിൽ നിന്നുള്ള വൈദ്യുതി ആവശ്യകത 300 ബില്യൺ മുതൽ 500 ബില്യൺ കിലോവാട്ട് അവർ വരെ വർദ്ധിക്കും. ഇത് ഈ കാലയളവിലെ ആകെ വൈദ്യുതി ആവശ്യകതയുടെ 18 ശതമാനത്തോളം വരും. ഈ കണക്കിന്റെ ഏറ്റവും കുറഞ്ഞ പരിധി പോലും യുകെയുടെ മൊത്തം വാർഷിക വൈദ്യുതി ഉപഭോഗത്തിന് തുല്യമാണ് എന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
എന്നാൽ, പരമ്പരാഗത വ്യവസായങ്ങളായ അലുമിനിയം സ്മെൽറ്റിംഗ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ, ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ആവശ്യകതയിലെ വ്യതിയാനങ്ങൾ മുൻകൂട്ടി കാണാൻ പ്രയാസമാണ്. ഇത് ഹരിതോർജ്ജ ദാതാക്കൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
"ഡാറ്റാ സെന്ററുകൾക്ക് അവരുടെ വൈദ്യുതി ഉപഭോഗം എളുപ്പത്തിൽ ക്രമീകരിക്കാൻ കഴിയില്ല. ജിപിയു പോലുള്ള ഉപകരണങ്ങൾ വളരെ ചിലവേറിയതായതിനാൽ, വാങ്ങിക്കഴിഞ്ഞാൽ അവ പരമാവധി വേഗത്തിലും തീവ്രതയിലും ഉപയോഗിക്കാനാണ് ഓപ്പറേറ്റർമാർ താത്പ്പര്യപ്പെടുന്നത്," പെയ് ഷാൻപെങ് വ്യക്തമാക്കി. വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനേക്കാൾ ഉപരിയായി കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, ഡാറ്റാ സെന്ററുകളിലേക്ക് നേരിട്ടുള്ള ഹരിതോർജ്ജ ശൃംഖലകൾ സ്ഥാപിക്കുന്നത് ഗ്രിഡ് ഓപ്പറേറ്റർമാരുടെ ഭാഗത്തുനിന്നും കടുത്ത എതിർപ്പിന് കാരണമാകുന്നുണ്ട്. ഇത്തരം നെറ്റ്വർക്കുകൾ വരുന്നത് തങ്ങളുടെ വൈദ്യുതി വിപണിയെ ബാധിക്കുമെന്നും, അടിസ്ഥാന സൗകര്യ വികസനത്തിനായി നടത്തിയ വൻ നിക്ഷേപങ്ങൾ തിരിച്ചുപിടിക്കാൻ പ്രയാസമാകുമെന്ന ആശങ്കയിലാണ്.
എഐ ആവശ്യങ്ങൾക്കായി ഡാറ്റാ സെന്ററുകൾ അതിവേഗം സ്ഥാപിക്കുന്നത് ചൈനയിലെ പല ഭാഗങ്ങളിലും നിലവിൽ തന്നെ പവർ ഗ്രിഡുകൾക്ക് വലിയ ഭാരമായി മാറിയിട്ടുണ്ട്. ഡാറ്റാ സെന്ററുകളിലെ വൈദ്യുതി ഉപഭോഗത്തിന്റെ 15 ശതമാനമെങ്കിലും സമയബന്ധിതമായി ക്രമീകരിക്കാൻ കഴിഞ്ഞാൽ, അടുത്ത 3 മുതൽ 5 വർഷത്തിനുള്ളിൽ ഗ്രിഡുകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്ന് സ്റ്റേറ്റ് ഗ്രിഡ് ജിബെയ് ഇലക്ട്രിക് പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ വാങ് സെലിൻ അഭിപ്രായപ്പെട്ടു.
Business
കുപെർട്ടിനോ (കാലിഫോർണിയ): ഐഫോൺ ഉപയോക്താക്കൾ ഏറെനാളായി കാത്തിരുന്ന വൻ എഐ പരിഷ്കാരങ്ങളുമായി ആപ്പിൾ. ആപ്പിളിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ “ഡബ്ല്യുഡബ്ല്യുഡിസി’’യിലാണ് തങ്ങളുടെ തങ്ങളുടെ വോയ്സ് അസിസ്റ്റായ “സിരി’’യുടെ അത്യാധുനിക എഐ പതിപ്പും പുതിയ സുരക്ഷാ ഫീച്ചറുകളും കന്പനി പ്രഖ്യാപിച്ചത്.
“സിരി എഐ’’ എന്നു പേരിട്ടിരിക്കുന്ന ഈ പരിഷ്കാരം സിരിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണ്. നിലവിൽ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഓപ്പൺഎഐ (ചാറ്റ് ജിപിടി) തുടങ്ങിയ കന്പനികൾ എഐ രംഗത്ത് കൈവരിച്ച വൻ മുന്നേറ്റത്തിനു മറുപടി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പിളിന്റെ പുതിയ നീക്കം. സ്ക്രീൻ വായനയും മികച്ച സംഭാഷണവും ഫോണിന്റെ സ്ക്രീനിൽ എന്താണുള്ളതെന്നു കൃത്യമായി മനസിലാക്കാൻ പുതിയ സിരിക്കു സാധിക്കും.
ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങളും മുൻകാല സംഭാഷണങ്ങളും ഓർത്തെടുക്കാനുള്ള ശേഷിയും ഇതിനുണ്ടാകും. കൂടുതൽ സ്വഭാവികമായ ശബ്ദത്തിലും ശൈലിയിലുമായിരിക്കും പുതിയ സിരി സംസാരിക്കുക. ‘പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ടിംഗ് ’ സുരക്ഷ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് ആപ്പിൾ ഇന്റലിജൻസ് രൂപകൽപന ചെയ്തിരിക്കുന്നത്. മിക്ക എഐ പ്രക്രിയകളും ഫോണിനുള്ളിൽതന്നെ നടക്കും. കൂടുതൽ കംപ്യൂട്ടിംഗ് ശേഷി ആവശ്യമുള്ള സന്ദർഭങ്ങളിൽ പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ടിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കും. ഈ വിവരങ്ങൾ ആപ്പിളിനുപോലും കാണാൻ സാധിക്കില്ലെന്നും ഡേറ്റ പൂർണമായും സുരക്ഷിതമായിരിക്കുമെന്നും ആപ്പിൾ സോഫ്റ്റ്വേർ വിഭാഗം മേധാവി ക്രെയ്ഗ് ഫെഡറിഗി വ്യക്തമാക്കി.
ഇതിനൊപ്പം ഐഫോണുകൾക്കായി ‘ഐഒഎസ് 27’ (iOS 27) ഒഎസും മാക്കുകൾക്കായി ‘ഗോൾഡൻ ഗേറ്റ് ’ (Golden Gate) എന്ന പുതിയ ഒഎസും കന്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഐഒഎസ് 27 ഐഫോൺ 11 മുതലുള്ള മോഡലുകളിൽ ലഭ്യമാകുമെങ്കിലും എഐ ഫീച്ചറുകൾ പുതിയ മോഡലുകളിൽ മാത്രമായായിരിക്കും പരിമിതപ്പെടുത്തുക. ആദ്യ ഘട്ടങ്ങളിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമായിരിക്കും ഈ ഫീച്ചറുകൾ ലഭ്യമാകുക.
കടുത്ത പ്രാദേശിക നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ യൂറോപ്യൻ യൂണിയനിലും ചൈനയിലും ആദ്യഘട്ടങ്ങളിൽ സിരി എഐ ലഭ്യമാകില്ലെന്നും കന്പനി അറിയിച്ചു. എഐ സാങ്കേതികവിദ്യക്കായി വൻതോതിൽ പണം നിക്ഷേപിക്കുന്നതിന്റെ ഭാഗമായി, കന്പനിയുടെ അധികമുള്ള പണം ഓഹരി ഉടമകൾക്കു ഡിവിഡന്റായി നൽകുന്ന രീതി അവസാനിപ്പിക്കുകയാണെന്ന് ആപ്പിൾ ചീഫ് ഫിനാൻഷൽ ഓഫീസർ കെവൻ പരേഖ് സൂചന നല്കി.
കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്കായി അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സുമായി സഹകരിച്ച് പുതിയ നിയന്ത്രണങ്ങളും ആപ്പിൾ അവതരിപ്പിച്ചു.
Business
മുംബൈ: ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ഒരു ഭീഷണിയല്ല, മറിച്ച് ടാറ്റ കണ്‍സൾട്ടൻസി സർവീസസിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ അവസരമാണെന്ന് കന്പനിയുടെ 31-ാം വാർഷിക പൊതുയോഗത്തിൽ ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു.
പരന്പരാഗത ഐടി സേവനങ്ങളുടെ ആവശ്യം എഐ കുറച്ചേക്കുമെന്ന ആശങ്കകളെ അഭിസംബോധന ചെയ്തുകൊണ്ട്, എഐയും ഐടി സേവനങ്ങളും തമ്മിലുള്ള ബന്ധത്തെ വിപണി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ചന്ദ്രശേഖരൻ പറഞ്ഞു.
“ഒരു മാരകമായ ഭീഷണിയല്ല, മറിച്ച് ടിസിഎസിനും യഥാർഥത്തിൽ ഐടി മേഖലയ്ക്ക് പൊതുവായും ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അവസരമാണ് എഐ.” അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യക്കായുള്ള ചെലവഴിക്കൽ കുറയ്ക്കുന്ന ഒന്നായല്ല, മറിച്ച് എഐയെ വികസിക്കുന്ന ഒരു ’ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ’ ആയിട്ടാണ് കാണേണ്ടതെന്ന് ചന്ദ്രശേഖരൻ വിശദീകരിച്ചു.
കന്പനികൾ അവരുടെ പഴയ സിസ്റ്റങ്ങൾ ആധുനികവത്കരിക്കുകയും ബിസിനസ് പ്രക്രിയകൾ പുനഃക്രമീകരിക്കുകയും സ്വന്തമായി എഐ ശേഷികൾ വികസിപ്പിക്കുകയും ഫാക്ടറികളും സപ്ലൈ ചെയിനുകളും പോലുള്ള ഭൗതിക സാഹചര്യങ്ങളിൽ എഐ വിന്യസിക്കുകയും ചെയ്യുന്നതോടെ, നിലവിൽ ഏകദേശം 1.6 ട്രില്യണ്‍ ഡോളർ മൂല്യമുള്ള ആഗോള എന്റർപ്രൈസ് ഐടി വിപണി അടുത്ത 5-10 വർഷത്തിനുള്ളിൽ ഇരട്ടിയായി 3 ട്രില്യണ്‍ ഡോളറിലേക്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
ടിസിഎസിൽ ജീവനക്കാരുടെ അത്രതന്നെ എഐ ഏജന്റുമാരും എഐ വർക്കർമാരും ഉണ്ടാകുന്ന കാലം വിദൂരമല്ലെന്ന്് അദ്ദേഹം സൂചിപ്പിച്ചു. എഐയുടെ വിപുലീകരണം കന്പനിയിൽ പുതിയ ജീവനക്കാരെ നിയമിക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുമെന്ന് ചന്ദ്രശേഖരൻ പറഞ്ഞു.
കഴിഞ്ഞ നാല് പാദങ്ങളായി കന്പനിയുടെ എഐ വരുമാനം കൃത്യമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും 22 ശതമാനത്തിലധികം ത്രൈമാസ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2026 സാന്പത്തിക വർഷത്തിലെ അവസാന പാദത്തിൽ ടിസിഎസിന്റെ വാർഷിക എഐ വരുമാനം 2.5 ബില്യണ്‍ ഡോളറിൽ എത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tech
ചാറ്റ്ജിപിടിയെ നവീകരിക്കാൻ ഓപ്പൺഎഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. സാധാരണ ചാറ്റ്ബോട്ടിൽ നിന്ന് കൂടുതൽ വിപുലമായ സേവനങ്ങൾ നൽകുന്ന ഒരു എഐ സൂപ്പർആപ്പ് ആയി ചാറ്റ്ജിപിടിയെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. കോഡിംഗ് ടൂളുകൾ, എഐ ഏജന്റുമാർ, വിവിധ ഉത്പാജനക്ഷമത വർധിപ്പിക്കുന്ന ഫീച്ചറുകൾ എല്ലാം ഒരു പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താനാണ് പദ്ധതി.
ചാറ്റ്ജിപിടിയെ കൂടുതൽ ഉപകാരപ്രദമാക്കുന്നതിന് പുറമെ പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് എന്റർപ്രൈസ് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനായി കമ്പനി ആഭ്യന്തര തലത്തിൽ വിഭവങ്ങൾ പുനഃസംഘടിപ്പിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിലൂടെ ഓപ്പൺഎഐ ഒരു എഐ മോഡൽ നിർമാതാവ് മാത്രമല്ല, ദീർഘകാല വരുമാന വളർച്ച ഉറപ്പാക്കുന്ന സാങ്കേതിക കമ്പനിയായും സ്വയം മാറാൻ ശ്രമിക്കുന്നു.
ഓപ്പൺഎഐ അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ രഹസ്യമായി ഐപിഒ രേഖകൾ സമർപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം, ആന്ത്രോപിക് ഇതിനകം തന്നെ രഹസ്യ എസ്-1 കരട് സമർപ്പിച്ചെന്ന് അറിയിച്ചതോടെ ഐപിഒ മത്സരത്തിന് കൂടുതൽ ചൂടേറി. എന്നാൽ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഈ വിഷയത്തെ വ്യത്യസ്തമായാണ് കാണുന്നത്. ഐപിഒയെ ഒരു മത്സരമായി കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മികച്ച സാങ്കേതികവിദ്യയും ശക്തമായ ബിസിനസും നിർമിക്കുന്നതിലാണ് കമ്പനിയുടെ പ്രധാന ശ്രദ്ധയെന്നും, ഓഹരി വിപണിയിലേക്കുള്ള പ്രവേശനം ഒരു ധനസമാഹരണ നടപടിമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ആദ്യമായി പൊതുജന ഓഹരി വിപണിയിലെത്തുന്ന വലിയ എഐ കമ്പനി മുഴുവൻ എഐ മേഖലയുടെയും മൂല്യനിർണയത്തിന് മാനദണ്ഡം നിർണയിക്കാൻ സാധ്യതയുണ്ട്. അതേസമയം ലാഭക്ഷമത, സുരക്ഷ, അടിസ്ഥാനസൗകര്യ ചെലവ് തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ പരിശോധനയും കമ്പനിക്ക് നേരിടേണ്ടിവരും. അതുകൊണ്ട് തന്നെ, ഓപ്പൺഎഐയുടെയും ആന്ത്രോപിക്കിന്റെയും അടുത്ത നീക്കങ്ങൾ സാങ്കേതിക ലോകം ഉറ്റുനോക്കുകയാണ്.
Tech
വാഷിംഗ്ടൺ: അമേരിക്കൻ ടെക് ഭീമനായ ആമസോൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലേക്കുള്ള നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം കഴിഞ്ഞ എട്ട് മാസത്തിനിടെ ഏകദേശം 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. സിഇഓ ആൻഡി ജാസിയുടെ നേതൃത്വത്തിൽ കമ്പനിയെ കൂടുതൽ കാര്യക്ഷമമാക്കാനും ഭരണതലത്തിലെ അഴിച്ചുപണി കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള നടപടികളാണ് ഇതിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കുന്നു. അതേസമയം, എഐ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ കമ്പനി ഭീമമായ തുക അതിവേഗം ചെലവിടുകയാണ്.
വലിയ ഡാറ്റാ സെന്ററുകൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ് ശേഷി, എഐ മോഡലുകൾ പ്രവർത്തിപ്പിക്കുന്ന ഉയർന്ന ശേഷിയുള്ള സെർവർ സംവിധാനങ്ങൾ എന്നിവയ്ക്കായി ആമസോൺ ബില്യൺ ഡോളറുകളുടെ നിക്ഷേപം നടത്തുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഈ വിപുലീകരണം മുഖ്യമായും ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോൺ വെബ് സർവ്വീസ് വഴിയാണ് നടക്കുന്നത്. ഈ രണ്ട് നീക്കങ്ങളും ഒരേസമയം നടക്കുന്നത് ജീവനക്കാരിൽ ആശങ്കയും വിമർശനവും ഉയർത്തുന്നുണ്ട്. സിയാറ്റിലിലെ ഒരു സിറ്റി കൗൺസിൽ ഹിയറിംഗിൽ പങ്കെടുത്ത ആമസോണിലെ ചില എൻജിനീയർമാർ ഡാറ്റാ സെന്ററുകളുടെ നിയന്ത്രണമില്ലാത്ത വളർച്ചയ്ക്ക് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടു.
ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കമ്പനി എഐ ശേഷി വർധിപ്പിക്കാൻ അതിവേഗം ശ്രമിക്കുന്നത് നീതി അല്ലെന്നും അവർ അഭിപ്രായപ്പെട്ടു. ഒരു ആമസോൺ വെബ് സർവ്വീസ് സോഫ്റ്റ്വെയർ എഞ്ചിനീയർ ആയ പാട്രിക് ഷ്ലോസർ, കമ്പനിയിലെ വലിയ തോതിലുള്ള പിരിച്ചുവിടൽ വലിയ ടെക് കമ്പനികൾ എത്ര വേഗത്തിൽ എഐ ശേഷി വികസിപ്പിക്കാൻ ശ്രമിക്കുന്നു എന്നതിന്റെ സൂചനയാണ് എന്ന് വ്യക്തമാക്കി. അതേസമയം ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നും, അവരുടെ ആശങ്കകൾ കേൾക്കുമെന്നും ആമസോൺ അറിയിച്ചു. എഐ നിക്ഷേപത്തിൽ ആമസോൺ ഒറ്റയക്കല്ല എന്നതും ശ്രദ്ധേയമാണ്.
National
ന്യൂഡൽഹി: സാങ്കേതിക ലോകത്തെയാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട്, മനുഷ്യന്റെ സഹായമില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സ്വയം പുനർനിർമ്മിക്കാനും അതിന്റെ അടുത്ത തലമുറയെ വികസിപ്പിക്കാനും സാധിക്കുമെന്ന വെളിപ്പെടുത്തലുമായി പ്രമുഖ എഐ കമ്പനിയായ 'ആന്ത്രോപിക്'. പ്രശസ്ത എഐ മോഡലായ ക്ലോഡിന്റെ നിർമാതാക്കളാണ് ആന്ത്രോപിക്. എഐ സിസ്റ്റങ്ങൾ പൂർണമായും സ്വയം മെച്ചപ്പെടുത്തുന്ന 'റിക്കേർസീവ് സെൽഫ് ഇംപ്രൂവ്മെന്റ് എന്ന ഈ ഘട്ടം, എഐയ്ക്ക് മേലുള്ള മനുഷ്യന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെടാൻ ഇടയാക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു.
ഈ ആശങ്ക വെറുമൊരു അനുമാനമല്ലെന്ന് വ്യക്തമാക്കുന്ന ചില കണക്കുകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. 2026 മേയ് മാസത്തെ കണക്കനുസരിച്ച്, ആന്ത്രോപിക്കിന്റെ മാസ്റ്റർ സോഫ്റ്റ്വെയർ കോഡുകളിൽ 80 ശതമാനത്തിലധികം എഴുതിയിരിക്കുന്നത് മനുഷ്യരല്ല, മറിച്ച് അവരുടെ എഐ മോഡലായ 'ക്ലോഡ്' തന്നെയാണ്. ആവശ്യത്തിന് കമ്പ്യൂട്ടിംഗ് പവർ ലഭിച്ചാൽ, മനുഷ്യന്റെ യാതൊരു ഇടപെടലുമില്ലാതെ സ്വന്തം പിൻഗാമിയെ സ്വയം രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും എഐക്ക് സാധിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ശാസ്ത്രം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വലിയ പുരോഗതി കൊണ്ടുവരാൻ സ്വയം വികസിക്കുന്ന എഐക്ക് സാധിക്കുമെങ്കിലും, ഇതിന്റെ സുരക്ഷയും മേൽനോട്ടവും ഉറപ്പാക്കുക എന്നത് അതീവ സങ്കീർണമായ ദൗത്യമായിരിക്കുമെന്ന് ആന്ത്രോപിക് വ്യക്തമാക്കുന്നു. ഫ്യൂച്ചർ ഷിഫ്റ്റ് ലാബ്സ് കോ-ഫൗണ്ടർ സാഗർ വിഷ്ണോയിയും ഈ ആശങ്ക പങ്കുവച്ചു. എഐ സ്വയം കോഡ് എഴുതുമ്പോൾ വെല്ലുവിളി അതിന്റെ ശേഷി കൂട്ടലല്ല, മറിച്ച് അതിനെ എങ്ങനെ നിയന്ത്രിക്കാം എന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
International
പ്യോഗ്യാംഗ്: നിർമിത ബുദ്ധി (എഐ) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ക്രൂസ് മിസൈൽ പരീക്ഷിച്ചതായി ഉത്തരകൊറിയ അറിയിച്ചു.
ആധുനികകാല യുദ്ധത്തിനു പറ്റിയ ആയുധങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ബാലിസ്റ്റിക് മിസൈലുകളും പീരങ്കി റോക്കറ്റുകളും പരീക്ഷിച്ചതായി അറിയിപ്പിൽ പറയുന്നു.
Tech
ന്യൂയോര്‍ക്ക്: ഇന്നാണത്, മെറ്റയിലെ കൂട്ടപിരിച്ചുവിടൽ. ഏകദേശം 8,000 പേരെ പിരിച്ചുവിടാനാണ് മെറ്റ തയ്യാറെടുക്കുന്നത്. ഏകദേശം 10 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. കമ്പനി ഇതുവരെ നിയമനം നടത്തിവന്ന 6,000 ഒഴിവുകള്‍ നിര്‍ത്തലാക്കുകയും ചെയ്യും.
പിരിച്ചുവിടല്‍ നടപടികളുമായി ബന്ധപ്പെട്ട ഇമെയിലുകള്‍ പ്രാദേശിക സമയം രാവിലെ നാലിന് എത്തുമെന്നും ജോലിയില്‍ തുടരുന്ന ഏകദേശം 7,000 ജീവനക്കാരെ നാല് പുതിയ എഐ കേന്ദ്രീകൃത സംവിധാനങ്ങളിലേക്ക് മാറ്റുമെന്നും അറിയിപ്പുകൾ ലഭിച്ചതായി റിപ്പോട്ടുകളുയരുന്നു.
പിരിച്ചുവിടല്‍ ചെലവ് ചുരുക്കലിനല്ല പകരം ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണെന്നാണ് റിപ്പോർട്ടുകൾ.പല ടീമുകള്‍ക്കും നിലവില്‍ ചെറിയ ഗ്രൂപ്പുകളായും കുറഞ്ഞ മാനേജ്മെന്റ് തലങ്ങളോടും കൂടി പ്രവര്‍ത്തിക്കാന്‍ കഴിയും. പല സ്ഥാപനങ്ങള്‍ക്കും ലളിതമായ ഘടനയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഘട്ടമാണിത്. പുനര്‍വിന്യാസിക്കുന്ന 7000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന നാല് പുതിയ സംവിധാനങ്ങളും എഐയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവ ആയിരിക്കുമെന്നും മെമ്മോയില്‍ പറയുന്നു.
യുഎസില്‍ പിരിച്ചുവിടപ്പെടുന്നവര്‍ക്ക് 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളം ആനുകൂല്യമായി ലഭിക്കും. കൂടാതെ മെറ്റയില്‍ ജോലി ചെയ്ത ഓരോ വര്‍ഷവും കണക്കിലെടുത്ത് അധിക ആനുകൂല്യങ്ങളും ലഭിക്കും. ഹെല്‍ത്ത് കെയറും കരിയര്‍ പിന്തുണയും മെറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. യുഎസിന് പുറത്തുള്ള ജീവനക്കാര്‍ക്ക് വ്യത്യസ്തമായ പാക്കേജുകള്‍ ലഭിക്കും.
Leader Page
ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എന്ന പേര് അത്ര ലളിതമല്ലെങ്കിലും നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. നാം ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകൾ മുതൽ കംപ്യൂട്ടറുകൾ വരെ, ഇൻസ്റ്റ പേജ് മുതൽ സ്പോട്ടിഫൈ വരെ സർവവും എഐ മയം.
റോബോട്ടുകൾ മനുഷ്യനെ നിയന്ത്രിക്കുന്നതും ലോകം കീഴടക്കുന്നതുമൊക്കെ പല ഇംഗ്ലീഷ് സിനിമകളിലും നാം കണ്ടിട്ടുണ്ടാകും. അതേ വഴിയിലാണ് ലോകം ഇന്നു മുന്നോട്ട് പോകുന്നത്. എല്ലാ ദിവസവും നമ്മൾ ഒരുപാട് കാര്യങ്ങൾ ഗൂഗിളിലും മറ്റ് സെർച്ച് എൻജിനുകളിലും തിരയുമ്പോൾ ലോകത്തിന്റെ മുഴുവൻ രഹസ്യം സൂക്ഷിക്കുന്ന ഒരു എഐ വികസിക്കപ്പെടുകയാണെന്ന് എത്രപേർ ഓർക്കാറുണ്ട്.
എഐ വിപ്ലവം സാധാരണക്കാരന് വഴി പറഞ്ഞുകൊടുക്കുന്നതു മുതൽ മൾട്ടിനാഷണൽ കമ്പനികൾക്ക് അവരുടെ ഉത്പന്നങ്ങൾ ശരിയായ ഉപഭോക്താവിലേക്കു എത്തിക്കുന്നതിനുവരെ സഹായിക്കുന്നു. മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയ്ക്കും പ്രതിരോധത്തിനും എഐയുടെ സഹായമുണ്ട്. മനുഷ്യന് പകരം പല ജോലികളും ചെയ്യുന്ന റൊബോട്ടുകൾ ലോകം മുഴുവൻ അണിയറയിൽ ഒരുങ്ങുന്നുണ്ട്. റിസപ്ഷനിസ്റ്റായും മാൻഹോൾ ക്ലീനറായും ഡോക്ടറായും ചാരനായും വഴികാട്ടിയായും റോബോട്ടുകൾ മാറുന്നു. കൊച്ചിയിൽപോലും റോബോട്ടുകൾ കണ്ണ് ഓപ്പറേഷൻ ചെയ്യുന്ന കാഴ്ച കാണാം.
മാറ്റങ്ങൾ പ്രവചനാതീതം
കംപ്യൂട്ടറുകളെ മനുഷ്യനെപ്പോലെ ചിന്തിക്കാൻ പരിശീലിപ്പിക്കുന്നു എന്നതാണ് നിർമിതബുദ്ധിയുടെ (എഐ) ഏറ്റവും വലിയ സവിശേഷത. 20 വർഷങ്ങൾക്കു മുൻപ് ഇന്റർനെറ്റ് എങ്ങനെ ആയിരുന്നുവോ ആ ഘട്ടത്തിലാണ് നിർമിതബുദ്ധി ഇപ്പോഴുള്ളത്. അടുത്ത 10 വർഷത്തിനുള്ളിൽ അത് മനുഷ്യജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ പ്രവചനാതീതമായിരിക്കും.
പൊതുസേവനങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴും ഇന്റർനെറ്റും സാമൂഹികമാധ്യമങ്ങളും ഉപയോഗിക്കുമ്പോഴും പൊതുജനങ്ങളിൽനിന്ന് ശേഖരിച്ചുകൊണ്ടിരിക്കുന്ന അതിവിപുലമായ വ്യക്തിഗത വിവരങ്ങൾ കംപ്യൂട്ടറുകളിൽ ഫീഡ് ചെയ്തശേഷം വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് അവ വിശകലനം ചെയ്ത് അതിൽനിന്ന് അൽഗോരിതത്തിന്റെ സഹായത്തോടെ വ്യത്യസ്ത സാഹചര്യങ്ങൾ സ്വയംതന്നെ കണ്ടെത്താൻ കംപ്യൂട്ടറുകളെ പരിശീലിപ്പിക്കുക എന്നതാണ് നിർമിതബുദ്ധി കംപ്യൂട്ടറുകൾ എന്നതുകൊണ്ട് സാമാന്യമായി ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ഒരു വ്യക്തി നേരത്തേ നടത്തിയ ഷോപ്പിംഗിന്റെ അടിസ്ഥാനത്തിൽ അയാൾക്ക് അനുയോജ്യമായ പുതിയ ഉപകരണങ്ങളോ വസ്തുക്കളോ വാങ്ങാൻ നിർദേശിക്കുന്ന ഒരു പർച്ചേസ് ഷോപ്പ് അല്ലെങ്കിൽ സർവീസ് സെന്റർ നിർമിതബുദ്ധിയെ ഉപയോഗപ്പെടുത്തുന്നു. വൈദ്യശാസ്ത്രരംഗത്ത് എഐ ഉപയോഗപ്പെടുത്തിയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും മറ്റുമായി നൂതന സാങ്കേതിക പദ്ധതികളാണ് രൂപകൽപന ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
മനുഷ്യർ പലപ്പോഴും തിരുമാനമെടുക്കുന്നത് നമ്മുടെ തലച്ചോറിലുള്ള കോടിക്കണക്കിന് ന്യൂറോണുകൾ വ്യത്യസ്തങ്ങളായിട്ടുള്ള സാധ്യതകളെ പഠിച്ചു മനസിലാക്കിയാണ്. സെക്കൻഡിന്റെ ഒരംശത്തിൽ നടക്കുന്ന പ്രക്രിയയാണിത്. മനുഷ്യന്റെ ഈ സ്വഭാവത്തെയാണ് എഐ അതിവിദഗ്ധമായി ഉപയോഗിക്കുന്നത്. സാധാരണ മനുഷ്യർ വരുത്താറുള്ള തെറ്റുകൾപോലും ഒഴിവാക്കി കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ യന്ത്രത്തിന് കഴിയുമെന്നതിനാൽ ജോലിനഷ്ടത്തിന് സാധ്യത ഏറെയാണ്.
എഐയുടെ ബിസിനസ് സാധ്യതകൾ
ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച് ഉപഭോക്താവിന്റെ താത്പര്യങ്ങളും സൗകര്യങ്ങളും മനസിലാക്കി പെരുമാറാൻ കഴിയുന്നു എന്നിടത്താണ് എഐയുടെ ബിസിനസ് സാധ്യതകൾ നിർണയിക്കുന്നത്. സ്വന്തമായി ഒരു കാറ് പോലുമില്ലാത്ത ഊബർ (uber) രാജ്യത്തെ പ്രമുഖ ടാക്സി സർവീസ് ആയി മാറിയതും ഒരു റസ്റ്ററന്റ് പോലും സ്വന്തമായി നടത്താതെ സൊമാറ്റോ (zomato) രാജ്യത്തെയാകെ ഭക്ഷണവിതരണ ഭീമനായതും, സ്വന്തമായി കെട്ടിടങ്ങൾ കെട്ടിപ്പൊക്കാത്ത ഓയോ, തിവാഗോ ഒക്കെ നൂറുകണക്കിന് ഹോട്ടലുകളിലേക്ക് വഴിതുറന്നതുമൊക്കെ ‘പ്ലാറ്റ്ഫോം ബിസിനസ് മോഡൽ’ എന്ന ആശയത്തിലൂടെയാണ്. ഒറ്റ ചെറുകിട വില്പനശാലയും ഇല്ലാതെ ആമസോണിനെയും ഫ്ലിപ്കാർട്ടിനെയുമൊക്കെ നമ്പർവൺ റീടെയ്ലർമാർ ആക്കിയതും ഇതേ രീതിശാസ്ത്രം തന്നെ.
ഇന്നലെവരെ കണ്ടുകൊണ്ടിരുന്ന തൊഴിൽ മേഖലകൾ അപ്രസക്തമാകുന്നതും പുതിയ തൊഴിലുകളും തൊഴിലിടങ്ങളും ക്രമേണ ഉയർന്നുവരുന്നതും ചരിത്രത്തിൽ ആവർത്തിച്ചുവരുന്ന പ്രക്രിയയാണ്. ടെലിഫോൺ കോയിൻ ബോക്സുകളും ഫിലിം അധിഷ്ഠിത കാമറകളും ഇന്റർനെറ്റ് കഫേകളും റിചാർജ് ഷോപ്പുകളുമൊക്കെ നാട്ടിൽ വലിയ തരംഗം സൃഷ്ടിച്ചതും പിന്നീട് മങ്ങി പഴഞ്ചന്മാരാകുന്നതും നേരിട്ട് കണ്ടവരാണ് നമ്മൾ. യന്ത്രവത്കരണവും സാങ്കേതികവിദ്യയുമൊക്കെ മനുഷ്യന്റെ ബുദ്ധിമുട്ടുകളെ പരമാവധി കുറച്ചുകൊണ്ടുവരുന്നതിനുള്ള ശാസ്ത്രീയ അന്വേഷണങ്ങളുടെ ഫലമാണെന്ന് അവതരിപ്പിക്കുമ്പോഴും അതിലേക്കുള്ള പ്രേരണയെയും വഴികളെയും വേഗത്തെയുമൊക്കെ നിർണയിച്ചത് ലാഭത്തിൽ മാത്രം അധിഷ്ഠിതമായ മുതലാളിത്ത താത്പര്യങ്ങളാണെന്നതും ചേർത്തുവായിക്കണം.
പുതിയൊരു തൊഴിൽ സംസ്കാരം
ഓരോ തൊഴിൽ മേഖല സൃഷ്ടിക്കപ്പെടുമ്പോഴും അതിനോടൊപ്പംതന്നെ ചില തൊഴിൽ മേഖലകൾ ഇല്ലാതെയാകുന്നുണ്ട്. ഇന്റർനെറ്റ് ആദ്യകാലങ്ങളിൽ ആശയവിനിമയത്തിനും വിവരങ്ങൾ പങ്കിടുന്നതിനുമുള്ള ഇടമായിരുന്നുവെങ്കിൽ സാവധാനം അത് ഒരു മാർക്കറ്റ് പ്ലേസ് ആയി മാറുകയായിരുന്നു. പുതിയൊരു തൊഴിൽ സംസ്കാരമാണ് ഇത്തരം പ്ലാറ്റ്ഫോം ബിസിനസ് മോഡലുകൾ നാട്ടിൽ സൃഷ്ടിച്ചത്. വ്യത്യസ്ത സാഹചര്യങ്ങളെ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന റോബോട്ടുകൾ നമ്മുടെ തൊഴിലിടങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും വീടുകളിലും സജീവമായി മനുഷ്യന്റെ സന്തതസഹചാരിയാകുന്ന കാലം വിദൂരമല്ല. കൊഞ്ചിച്ചോമനിക്കാൻ വളർത്തുമൃഗമായും അടുക്കളക്കാരിയായും കിടപ്പുരോഗികളെ സഹായിക്കുന്ന നഴ്സായുമൊക്കെ റോബോട്ടുകൾ അണിയറയിൽ ഒരുങ്ങുകയാണ്.
അപകടങ്ങൾക്കും സാധ്യത
ഒരുവശത്തു നിർമിതബുദ്ധിയിലൂടെ ധാരാളം പ്രയോജനം ലഭിക്കുമ്പോൾ മറുവശത്തു വലിയ അപകടങ്ങൾക്കും സാധ്യതയുണ്ട്. അടുത്ത ഒന്നോ രണ്ടോ ദശകങ്ങൾക്കുള്ളിൽ കോടിക്കണക്കിനു മനുഷ്യർ സാമ്പത്തികമായി അപ്രസക്തമാകുമെന്ന് ഇതു സംബന്ധിച്ച് ചില പഠനങ്ങൾ പറയുന്നു. യന്ത്രവത്കരണം മൂലം തൊഴിൽനഷ്ടം സംഭവിക്കുന്നുണ്ട്. വ്യാവസായിക വിപ്ലവം മുതൽ നാം കേട്ടുപോരുന്നതാണ്. അന്നൊക്കെ നഷ്ടപ്പെട്ടിരുന്ന ജോലിക്കു പകരം ധാരാളം ജോലികൾ അതേ യന്ത്രങ്ങൾ മുഖേന ഉണ്ടായിവന്നിരുന്നു. മനുഷ്യർ ശാരീരികമായി ചെയ്തിരുന്ന ജോലികളാണ് മുമ്പ് യന്ത്രങ്ങൾ ഏറ്റെടുത്തത്.
ബുദ്ധിപരമായ കഴിവുകൾ ഉപയോഗിക്കേണ്ടതിന് മനുഷ്യർതന്നെ ജോലിയിൽ തുടരേണ്ടിയിരുന്നു. ഉദാഹരണത്തിന് പുതിയവ പഠിക്കുക, കാര്യങ്ങൾ താരതമ്യം ചെയ്യുക, ആശയവിനിമയം നടത്തുക, മാനുഷിക വികാരങ്ങൾ മനസിലാക്കുക തുടങ്ങിയവ. എന്നാൽ ഇപ്പോൾ എഐ ഉപയോഗപ്പെടുത്തി ബുദ്ധിപരമായ കഴിവുകൾ ആവശ്യമുള്ള ജോലികൾ വരെ യന്ത്രങ്ങൾ ഏറ്റെടുത്തു ചെയ്യും. മനുഷ്യരുടെ സ്വഭാവങ്ങളും പെരുമാറ്റങ്ങളും ഒക്കെ മനസിലാക്കുന്ന കംപ്യൂട്ടറുകൾ ഉപയോഗപ്പെടുത്തി ഡ്രൈവർമാരുടെയും ബാങ്കർമാരുടെയും നിയമജ്ഞരുടെയുമൊക്കെ ജോലി മെഷിനുകൾ ഏറ്റെടുക്കുന്ന കാലമാണ് വരാനിരിക്കുന്നത്. നമ്മെ വിസ്മയിപ്പിക്കുന്ന ചില ‘മാരക’ കോംബിനേഷനുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് അറിയുന്നത്.
ആദ്യത്തേത് ആരോഗ്യരംഗത്താണ്. രോഗം വരുന്നതിനുമുമ്പേ അത് പ്രവചിക്കുന്ന ‘മെഡിക്കൽ എഐ’ ഡോക്ടർമാർക്കും രോഗികൾക്കും വലിയ സഹായമായി മാറും. കാർഷികരംഗത്തേക്ക് എഐ കടന്നെത്തുമ്പോൾ വയനാട്ടിലെയും ഇടുക്കിയിലെയും കുട്ടനാട്ടിലെയും കർഷകർക്ക് എളുപ്പത്തിൽ ‘സ്മാർട്ട് ഫാമിംഗ്’ പ്ലാൻ ചെയ്യാനാകും. മണ്ണ് പരിശോധിക്കാനും വളമിടാനും ഒക്കെ കംപ്യൂട്ടർ സഹായിക്കുന്ന കാലം വിദൂരമല്ല. ബാങ്കിംഗ് മേഖലയിലേക്ക് എഐ കടന്നുവരുമ്പോൾ, പണം തട്ടിക്കുന്നത് തടയാനും ഓട്ടോമേറ്റഡ് ട്രേഡിംഗിനും ഉള്ള ബുദ്ധി എഐ പറഞ്ഞുതുടങ്ങും.
മാറ്റങ്ങൾ വിദ്യാഭ്യാസരംഗത്തും
വിദ്യാഭ്യാസരംഗത്തു എഐ കൊണ്ടുവരുന്ന മാറ്റങ്ങൾ പ്രവചനങ്ങൾക്കപ്പുറമായിരിക്കും. എല്ലാ കുട്ടികൾക്കും ഒരേ പാഠമായിരിക്കില്ല. ഓരോരുത്തരുടെയും ബുദ്ധിശക്തിക്ക് അനുസരിച്ചുള്ള ‘പേഴ്സണലൈസ്ഡ് ലേണിംഗ്’ വരും. പുതിയ എഐ വിദ്യാലയം വിസ്മയം തീർക്കും. വക്കീലിന്റെ പത്ത് മണിക്കൂർ ജോലി പത്തു മിനിറ്റിൽ തീർക്കുന്ന എഐ സിസ്റ്റങ്ങൾ നിയമ സംവിധാനങ്ങളിൽ വലിയമാറ്റം വരുത്തും.
ആർട്ടിഫിഷൽ ഇന്റലിജൻസ് തരംഗമാകുമ്പോൾ മനുഷ്യൻ അവന്റെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് ചെയ്തുകൊണ്ടിരിക്കുന്ന തൊഴിൽ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ സംഭവിക്കും. മനുഷ്യന്റെ സർഗാത്മകതയും ഉത്പാദനക്ഷമതയും പതിന്മടങ്ങു വർധിപ്പിക്കാൻ എഐക്ക് കഴിയും.
വിദ്യാസമ്പന്നരായാൽ പോരാ, സ്കിൽഡ് പ്രഫഷണൽസിനെയാണ് ഞങ്ങൾക്ക് ആവശ്യമെന്ന് തൊഴിൽ മേഖല യുവതലമുറയോട് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഭാവിയിൽ യുവതലമുറയ്ക്ക് ഭാഷയുടെയോ വിവരങ്ങളുടെയോ സൗകര്യങ്ങളുടെയോ കുറവു മൂലമുണ്ടാകുന്ന പിന്നാക്കാവസ്ഥ മറികടന്ന് ലോകത്തിന്റെ പുതിയ സാധ്യതകൾ തേടാൻ ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താമെന്നത് നമുക്കുള്ള അവസരമാണ്.
(തിരുവനന്തപുരം ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടറാണ് ലേഖകൻ)
Kerala
കാഞ്ഞിരപ്പള്ളി: പൂർണമായും കൃത്രിമബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഔദ്യോഗിക വെബ്സൈറ്റ് രൂപകല്പന ചെയ്ത് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ എൻജിനിയറിംഗ് കോളജായി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് (ഓട്ടോണമസ്) മാറി. ലോകപ്രശസ്ത എഐ ഗവേഷണ കമ്പനിയായ ആന്ത്രോപിക്കിന്റെ ക്ലോഡ് എന്ന നിർമിതബുദ്ധി മാതൃകയാണ് വെബ്സൈറ്റിന്റെ കോഡിംഗ്, ഡിസൈൻ, ഉള്ളടക്ക നിർമാണം എന്നീ എല്ലാ ഘട്ടങ്ങളിലും ഉപയോഗപ്പെടുത്തിയത്.
നാക് എ പ്ലസ് അക്രെഡിറ്റേഷൻ ലഭിച്ചിട്ടുള്ളതും എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമായ അമൽ ജ്യോതി, കിർഫ് റാങ്കിംഗിൽ കേരളത്തിൽ നാലാം സ്ഥാനത്തുള്ള പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ്. കോളജിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.ajce.in) വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അക്കാദമിക സമൂഹത്തിനും ആവശ്യമായ വിവരങ്ങൾ വ്യക്തവും ആകർഷകവുമായ രീതിയിൽ അവതരിപ്പിക്കുന്ന നിരവധി പേജുകൾ ഇപ്പോൾ പൂർണമായും എഐ വികസിതമാണ്.
പരമ്പരാഗത വെബ് ഡവലപ്മെന്റ് രീതിയിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിഭാഷാ നിർദേശങ്ങളിലൂടെ എഐ കോഡ് ഉത്പാദിപ്പിക്കുന്ന വൈബ് കോഡിംഗ് രീതിയാണ് ഈ പദ്ധതിയിൽ പ്രയോഗിച്ചത്. വാക്കാലുള്ള വിശദീകരണങ്ങൾ നൽകിയാൽ ആ വിവരണത്തിന് അനുസൃതമായി എച്ച്ടിഎംഎൽ, സിഎസ്എസ്, ജാവാസ്ക്രിപ്റ്റ് കോഡുകൾ എഐ സ്വയം നിർമിക്കുന്ന നൂതന രീതിയാണിത്. പ്രഫഷണൽ ഗുണനിലവാരത്തിലുള്ള വെബ്സൈറ്റുകൾ കുറഞ്ഞ സമയത്തിൽ വികസിപ്പിക്കാൻ ഈ സമ്പ്രദായം സഹായകമാണെന്ന് കോളജ് അധികൃതർ വ്യക്തമാക്കി.
വെബ്സൈറ്റിന്റെ പ്രധാന സവിശേഷതകൾ
പുതിയ വാണിജ്യ വിദ്യാഭ്യാസ വിഭാഗമായി ആരംഭിച്ച അമൽ ജ്യോതി ബിസിനസ് സ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റും ക്ലോഡ് എഐ ഉപയോഗിച്ച് പൂർണമായും വികസിപ്പിച്ചതാണ്. ബിബിഎ പ്രോഗ്രാമും വാണിജ്യ വിദ്യാഭ്യാസത്തിലെ പുതിയ കോഴ്സുകളും വാഗ്ദാനം ചെയ്യുന്ന എബിഎസിന്റെ വെബ്സൈറ്റ് അമൽജ്യോതിയുടെ എഐ - ഫസ്റ്റ് ഡിജിറ്റൽ തന്ത്രത്തിന്റെ ഭാഗമായാണ് നിർമിച്ചത്. വാണിജ്യ വിദ്യാഭ്യാസ മേഖലയിലെ ആധുനിക സമ്പ്രദായങ്ങളും അന്താരാഷ്ട്ര നിലവാരവും പ്രതിഫലിപ്പിക്കുന്ന തരത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് എബിഎസ് വെബ്സൈറ്റ്.
പ്രധാന ഉള്ളടക്കം
അക്കാദമിക് വിവരങ്ങൾ, പാഠ്യപദ്ധതി രൂപരേഖ, ഫാക്കൽറ്റി പ്രൊഫൈലുകൾ, ഗവേഷണ പ്രവർത്തനങ്ങൾ, വ്യവസായ-അക്കാദമിക് സഹകരണ വിശദാംശങ്ങൾ, വിദ്യാർഥി നേട്ടങ്ങൾ, പ്രവേശന വിവരങ്ങൾ, കാമ്പസ് സൗകര്യങ്ങൾ, വാർത്തകൾ, പരിപാടികൾ എന്നിങ്ങനെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ സമഗ്രമായ വിവരങ്ങൾ പുതിയ വെബ്സൈറ്റിൽ ലഭ്യമാണ്. ഉപയോക്തൃ-സൗഹൃദ നാവിഗേഷൻ, വേഗതയേറിയ ലോഡിംഗ്, എല്ലാ ഉപകരണങ്ങളിലും അനുയോജ്യമായ പ്രദർശനം എന്നിവ വെബ്സൈറ്റിന്റെ പ്രത്യേകതകളാണ്. ഭിന്നശേഷിക്കാർക്കടക്കം എല്ലാവർക്കും പ്രവേശനയോഗ്യമായ രീതിയിലാണ് വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
കോളജ് അധികൃതർ പറയുന്നു
നിർമിത ബുദ്ധി ഇന്ന് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കുന്ന വിപ്ലവം മനസിലാക്കിയാണ് അമൽജ്യോതി ഈ ദിശയിൽ മുന്നോട്ടു പോയത്. ക്ലോഡ് എഐ ഉപയോഗിച്ച് വെബ്സൈറ്റ് നിർമിച്ചത് വെറും സാങ്കേതിക നൂതനത്വം മാത്രമല്ല - വിദ്യാർഥികൾക്കും ഫാക്കൽറ്റിക്കും എഐ എങ്ങനെ ഉത്പാദനക്ഷമമായി ഉപയോഗിക്കാം എന്നതിന്റെ പ്രായോഗിക ഉദാഹരണം കൂടിയാണ്.
വിദ്യാഭ്യാസ മേഖലയിലെ പ്രാധാന്യം
എഐയുടെ ദൈനംദിന ഉപയോഗത്തിലൂടെ പ്രഫഷണൽ ഉത്പന്നങ്ങൾ നിർമിക്കാൻ കഴിയുമെന്ന് ഈ പദ്ധതി തെളിയിക്കുന്നു. വെബ് ഡെവലപ്മെന്റ് വൈദഗ്ദ്ധ്യം മാത്രമല്ല, അക്കാദമിക് ഡോക്യുമെന്റേഷൻ, പാഠ്യപദ്ധതി രൂപകൽപ്പന, വിദ്യാർഥി പിന്തുണ സംവിധാനം എന്നീ മേഖലകളിൽ എഐ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗപ്പെടുത്താൻ കോളജ് പദ്ധതിയിടുന്നുണ്ട്. എൻജിനിയറിംഗ് വിദ്യാർഥികൾക്ക് എഐ ഉപയോഗിച്ച് യഥാർഥ ലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗം പ്രദർശിപ്പിക്കുന്ന ഒരു മാതൃകാ പദ്ധതിയായി ഇതു മാറുമെന്നാണ് കോളജ് അധികൃതരുടെ പ്രതീക്ഷ.
ഭാവി പദ്ധതികൾ
എഐ സഹായത്തോടെ വെബ്സൈറ്റിലെ ശേഷിക്കുന്ന പേജുകൾ കൂടി പുതുക്കിപ്പണിയാനും ദേശീയ വിദ്യാഭ്യാസ നയം 2020 (NEP 202), NCrF, Outcome Based Education (OBE), NBA GAPC v4.0 തുടങ്ങിയ ചട്ടക്കൂടുകൾക്ക് അനുസൃതമായി പുതിയതായി തയാറാക്കിയ പാഠ്യപദ്ധതി ചട്ടങ്ങൾ (AJCE Curriculum Regulations v5) ഫലപ്രദമായി നടപ്പിലാക്കാനും കോളജ് ഇപ്പോൾ ശ്രമിക്കുന്നു. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലെ എഐ ഇടപെടലുകൾ ധാർമികമായും ഉത്തരവാദിത്വബോധത്തോടെയും നടത്താനുള്ള മാർഗരേഖകളും കോളജ് ഒരുക്കിയിട്ടുണ്ട്.
Tech
പത്ത് വർഷങ്ങൾക്ക് അല്ലെങ്കിൽ 20 വർഷങ്ങൾക്കു മുന്‍പ് പഠനം എളുപ്പമായിരുന്നു. പരീക്ഷാ അവധിക്കാലത്ത് പാഠഭാഗങ്ങൾ മനഃപാഠമാക്കുകയും അധ്യയന വർഷാവസാനം പരീക്ഷാ പേപ്പറിൽ അത് അതേപടി പകർത്തിവെക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ഇന്ന് പഠനരീതികൾ തികച്ചും വ്യത്യസ്ഥമാണ്. വിദ്യാർഥികൾക്ക് കാര്യങ്ങൾ മനസ്സിലാക്കുവാനും അത് ഓർത്തുവെക്കാനും സഹായിക്കുന്ന ദൃശ്യരൂപത്തിലുള്ള പഠനസഹായികളും ഉപകരണങ്ങളും ആവശ്യമാണ്.
ഈ സാഹചര്യം കണക്കിലെടുത്ത്, അഡോബി തങ്ങളുടെ അക്രോബാറ്റ് ആപ്ലിക്കേഷനിൽ "സ്റ്റുഡൻസ് സ്പേസസ്' എന്ന പേരിൽ സൗജന്യ ആർട്ടിഫിഷൽ ഇന്റലിജൻസ് ബീറ്റ ടൂൾ പുറത്തിറക്കി. വിദ്യാർഥികൾക്ക് ക്ലാസ് നോട്ടുകൾ, ലിങ്കുകൾ എന്നിവ ആപ്പിലേക്ക് ചേർക്കാൻ സാധിക്കും. ഇത് പഠനം എളുപ്പമാക്കുന്നതിനായി സ്റ്റഡി ഗൈഡുകളും മൈൻഡ് മാപ്പുകളും വേഗത്തിൽ തയാറാക്കി നൽകുന്നു. അതോടൊപ്പം, ടെക്സ്റ്റുകളെ ലളിതമായ പോഡ്കാസ്റ്റ് രൂപത്തിലുള്ള ഓഡിയോകളാക്കി മാറ്റാനും, വിഷയങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ചുരുങ്ങിയ ഓഡിയോ സംഗ്രഹങ്ങൾ നൽകാനും ഇതിന് സാധിക്കും.
വിഷയങ്ങൾ കൂടുതൽ സങ്കീർണമാണെങ്കിൽ അക്രോബാറ്റിലെ എഐ അസിസ്റ്റന്റിന് ഒരു ട്യൂട്ടറെപോലെ പ്രവർത്തിക്കാൻ സാധിക്കും. സങ്കീർണ്ണമായ വിഷയങ്ങൾ ലളിതമായി വിശദീകരിക്കാനും, നൽകുന്ന ഉത്തരങ്ങൾ വിശ്വസനീയമാണെന്ന് ഉറപ്പുവരുത്താൻ ഡോക്യുമെന്റുകളുമായി ബന്ധിപ്പിച്ച ഇന്ററാക്ടീവ് സൈറ്റേഷനുകൾ നൽകാനും ഇതിനു സാധിക്കും. കൂടാതെ, വിദ്യാർഥികൾക്ക് സ്വന്തം അറിവ് പരിശോധിക്കുന്നതിനായി ഇന്ററാക്ടീവ് ഫ്ലാഷ് കാർഡുകളും ചോദ്യോത്തരങ്ങളും ഇതിലുണ്ട്. പഠനവിഷയങ്ങളെ മനപാഠമാക്കാനും ഓർത്തുവയ്ക്കാനും വിദ്യാർഥികളെ സഹായിക്കുന്നു.
Tech
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കരുത്തിൽ ഡിക്റ്റേഷൻ സാങ്കേതികവിദ്യ പുതിയൊരു വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഡിക്റ്റേഷൻ രംഗത്ത് മാറ്റങ്ങൾ ലക്ഷ്യമിട്ട് ഗൂഗിൾ തങ്ങളുടെ പുതിയ ആപ്പായ ‘എഡ്ജ് എലോക്വന്റ് 'പുറത്തിറക്കി. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ നേരിട്ട് പ്രവർത്തിക്കുന്ന ഒരു ഡിക്റ്റേഷൻ ടൂളാണിത്. എഴുത്തുജോലികളിലോ സംഭാഷണങ്ങൾ പകർത്തിയെഴുതുന്നതിലോ ഏർപ്പെടുന്നവർക്കായാണ് ഈ ടൂൾ രൂപ കല്പന ചെയ്തിരിക്കുന്നത്.
ഗൂഗിൾ എഐ എഡ്ജ് എലോക്വന്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം എന്നതിനൊപ്പം ഓഫ്ലൈനായും പ്രവർത്തിക്കും. നമ്മൾ സംസാരിക്കുമ്പോൾ അറിയാതെ പറഞ്ഞുപോകുന്ന അനാവശ്യ വാക്കുകളെ സ്വയം ഒഴിവാക്കി എഴുത്തിനെ കൂടുതൽ മിനുസപ്പെടുത്തുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഗൂഗിളിന്റെ ജെമ്മ അടിസ്ഥാനമാക്കിയുള്ള ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്നിഷൻ മോഡലുകളിലാണ് ഇത് പ്രവർത്തിക്കുന്നത്.
സാധാരണ സ്പീച്ച് ടു ടെക്സ്റ്റ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി, നമ്മൾ സംസാരിക്കുമ്പോൾ അറിയാതെ വരുന്ന ഇടർച്ചകളും " ഉം', "ആ' തുടങ്ങിയ ഫില്ലർ പദങ്ങളും ഒഴിവാക്കി കൃത്യമായ വാചകങ്ങൾ രൂപപ്പെടുത്താൻ ഈ ആപ്പിന് സാധിക്കും. ആപ്പിൾ ആപ്പ് സ്റ്റോറിലും ആൻഡ്രോയിഡിലും ലഭ്യമായ ഈ ആപ്പ് വിസ്പർ ഫ്ലോ, വില്ലോ തുടങ്ങിയ പ്രമുഖ എതിരാളികളെ ലക്ഷ്യമിട്ടാണ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നത്.
ഉപയോക്താവിന്റെ സംഭാഷണത്തിലെ സന്ദർഭം മനസ്സിലാക്കി അതിനെ പ്രൊഫഷണൽ നിലവാരമുള്ള ടെക്സ്റ്റാക്കി മാറ്റുന്നു. സംസാരിക്കുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ സ്വയം തിരുത്താനുള്ള കഴിവും ഇതിനുണ്ട്. ക്ലൗഡ് സെർവറുകളുമായി ബന്ധിപ്പിക്കാതെ തന്നെ പ്രവർത്തിക്കുന്നതിനാൽ, അതിവേഗത്തിലുള്ള പ്രതികരണവും മികച്ച സ്വകാര്യതയും എലോക്വന്റ് ഉറപ്പുനൽകുന്നു.
സംസാരം പ്രാദേശികമായി പ്രോസസ്സ് ചെയ്യുന്നതിനാൽ ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ ഇടങ്ങളിലും തടസ്സമില്ലാതെ ഇത് ഉപയോഗിക്കാൻ സാധിക്കും. സൗജന്യമായി ലഭ്യമായ ഈ ആപ്പ് ആൻഡ്രോയിഡ് ഫോണുകളിൽ ഡിഫോൾട്ട് കീബോർഡായി ക്രമീകരിക്കാനും സാധിക്കും. ഇതോടെ ഏത് ആപ്പിലും നേരിട്ട് വോയ്സ് ടൈപ്പിംഗ് നടത്താൻ ഉപയോക്താക്കൾക്ക് കഴിയും. മാനുവൽ എഡിറ്റിംഗിന്റെ ഭാരമില്ലാതെ, സംസാരിച്ചുകൊണ്ട് തന്നെ കൃത്യമായ കുറിപ്പുകളും മെസേജുകളും തയ്യാറാക്കാൻ ഈ ആപ്പ് സഹായിക്കും.
Tech
സാമ്പത്തിക പണമിടപാടുകൾ കൈകാര്യം ചെയ്യുന്നതിൽ മോശമാണോ നിങ്ങളുടെ പെർഫോമൻസ്, എന്നാലിതാ നിങ്ങളെ സഹായിക്കാൻ എഐ ഉണ്ട്. വ്യക്തിഗത സാമ്പത്തിക മാനേജ്മെന്റ് വളരെ ലളിതമാക്കാൻ മണിമൈൻഡ് എഐ നിങ്ങളെ സഹായിക്കും. മണിമൈൻഡ് എഐ എന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റ് സാമ്പത്തിക മാനേജ്മെന്റ് കാര്യങ്ങൾ ചെയ്യാൻ സഹായിക്കും.
സങ്കീർണ്ണമായ കണക്കുകളും ബജറ്റ് ആസൂത്രണവും സാധാരണക്കാർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഈ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ ദൈനംദിന ചെലവുകൾ കൃത്യമായി നിരീക്ഷിക്കാനും അവയെ വിവിധ വിഭാഗങ്ങളായി തരംതിരിക്കാനും ഇതിലൂടെ സാധിക്കും. ലളിതമായ സംഭാഷണങ്ങളിലൂടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കാം എന്നതാണ് മണിമൈൻഡ് എഐയുടെ പ്രധാന പ്രത്യേകത.
ഓരോ വ്യക്തിയുടെയും വരുമാനത്തിനും ചെലവിനും അനുസൃതമായി പ്രത്യേക ബജറ്റുകൾ തയ്യാറാക്കാനും പരിധി ലംഘിക്കാതിരിക്കാൻ തത്സമയ നിർദ്ദേശങ്ങൾ നൽകാനും ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും. അതോടൊപ്പം, സമ്പാദ്യം വർധിപ്പിക്കുന്നതിനായി മികച്ച നിക്ഷേപ മാർഗങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും ചോദ്യങ്ങൾക്കുള്ള മറുപടിയും ഇത് നൽകുന്നു.
ഓൺലൈൻ പാർട്ട് ടൈം ജോലികൾ, ഇകൊമേഴ്സ് ഉത്പന്ന ആശയങ്ങൾ, ചെറുകിട ബിസിനസ് ആശയങ്ങൾ എന്നിവയെക്കുറിച്ചുളള അറിവുകളും സാങ്കേതികവിദ്യയ്ക്ക് നല്കാൻ സാധിക്കും.സംരംഭകർക്ക് സ്ഥിരമായ വരുമാന മാർഗങ്ങൾ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ഒരു ടൂളായും ഈ എഐ ഉപയോഗിക്കപ്പെടാറുണ്ട്. പുതിയ ആശയങ്ങൾ കണ്ടെത്താനും, ഉള്ളടക്കം സൃഷ്ടിക്കാനും, ബിസിനസ് തന്ത്രങ്ങൾ മെനയാനും സഹായിക്കുന്ന ഒരു പ്രത്യേക അസിസ്റ്റന്റായും ഇത് പ്രവർത്തിക്കുന്നു.
ബില്ലുകൾ അടയ്ക്കാനുള്ള തീയതികൾ, സബ്സ്ക്രിപ്ഷൻ പുതുക്കലുകൾ, ഇഎംഐകൾ എന്നിവയെക്കുറിച്ച് കൃത്യസമയത്ത് ഓർമ്മപ്പെടുത്തലുകൾ നൽകുന്നതിലൂടെ ഉപയോക്താക്കൾക്ക് പിഴകൾ ഒഴിവാക്കാൻ സാധിക്കും. വ്യക്തികളുടെ ചെലവാക്കൽ രീതികൾ വിശകലനം ചെയ്ത് കൂടുതൽ പണം ലാഭിക്കാനുള്ള ബുദ്ധിപരമായ വഴികളും ഈ എഐ നിർദ്ദേശിക്കും.
സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകിക്കൊണ്ട് വികസിപ്പിച്ചിരിക്കുന്നതാണ് മണിമൈൻഡ് എഐ. ആധുനിക കാലഘട്ടത്തിൽ സാങ്കേതിക വിദ്യ എല്ലാ മേഖലകളിലും പ്രവർത്തനമാരംഭിക്കുന്നതോടെ കാര്യങ്ങൾ വേഗത്തിൽ കൈകാര്യം ചെയ്യാൻ ഇതു സഹായിക്കുന്നു. നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ ലളിതമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് മണിമൈൻഡ് എഐ എന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റ് പ്രവർത്തിക്കുന്നത്.
Tech
ന്യു ഡൽഹി : മൈക്രോസോഫ്റ്റ് തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനങ്ങൾ വിപുലീകരിച്ചുകൊണ്ട് ഏപ്രിൽ 2ന് എംഎഐ ട്രാൻസ്ക്രൈബ് 1, എംഎഐ വോയ്സ്1, എംഎഐ ഇമേജ് 2 എന്നീ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിച്ചു. സംസാരത്തെ തിരിച്ചറിയാനും , ശബ്ദം ഉത്പാദിപ്പിക്കാനും, ചിത്രങ്ങൾ നിർമിക്കാനും ശേഷിയുള്ള ഈ മോഡലുകൾ കമ്പനിയുടെ ഫൗണ്ടറി പ്ലാറ്റ്ഫോം വഴി ഡെവലപ്പർമാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ലഭ്യമാക്കാൻ സാധിക്കും.
എംഎഐ ട്രാൻസ്ക്രൈബ് 1, 25 ഭാഷകളെ പിന്തുണയ്ക്കുകയും വിവിധ ശൈലികളിലുള്ള സംസാരങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് അക്ഷരരൂപത്തിലാക്കാൻ സഹായിക്കും. മറ്റ് ടൂളുകളെ അപേക്ഷിച്ച് 50 ശതമാനം കുറഞ്ഞ ചെലവിൽ ഇത് പ്രവർത്തിപ്പിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. എംഎഐ വോയ്സ്1, ഒരു സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ 60 സെക്കൻഡ് ദൈർഘ്യമുള്ള ശബ്ദം സൃഷ്ടിക്കാൻ പ്രാപ്തിയുള്ളതാണ് ഈ മോഡൽ.
വിർച്വൽ അസിസ്റ്റന്റുകൾ, കോൾ സെന്റർ ടൂളുകൾ, മീറ്റിംഗുകളിലെ തത്സമയ സബ്ടൈറ്റിലുകൾ, വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ഈ സ്പീച്ച് മോഡലുകൾ വലിയ മാറ്റങ്ങൾ കൊണ്ടുവരും. എംഎഐ ഇമേജ് 2, എഴുതപ്പെട്ട നിർദ്ദേശങ്ങളിൽ നിന്ന് ചിത്രങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന ടെക്സ്റ്റ് ടു ഇമേജ് മോഡലാണ്. ഇത് ക്രിയേറ്റീവ് രംഗത്തും ബിസിനസ് ആശയങ്ങൾ രൂപപ്പെടുത്തുന്നതിലും ഡിസൈനർമാരെ സഹായിക്കും.
കോപൈലറ്റ്, ബിംഗ്, പവർപോയിന്റ് തുടങ്ങിയ മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളിൽ അരീന ഡോട്ട് എഐ ഇമേജ് മോഡലാണ് നിലവിൽ ഉപയോഗിച്ചുവരുന്നത്. ഭാഷാ പ്രോസസ്സിംഗിലും വിഷ്വൽ കണ്ടന്റ് നിർമാണത്തിലും അത്യാധുനികമായ എഐ ടൂളുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൈക്രോസോഫ്റ്റ് ഈ പുതിയ എഐ മോഡലുകൾ വികസിപ്പിച്ചിരിക്കുന്നത്.
Tech
ന്യു ഡൽഹി : ആപ്പിൾ കാർപ്ലേയിൽ ചാറ്റ്ബോട്ട് സേവനം ലഭ്യമാക്കിയതായി ഓപ്പൺ എഐ. ഐഫോൺ ഉപയോക്താക്കൾക്ക് ഇനി മുതൽ വാഹനങ്ങളിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വഴി നേരിട്ട് ചാറ്റ്ജിപിടി ഉപയോഗിക്കാൻ സാധിക്കും. ഐഒഎസ് 26.4 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളോ ഉപയോഗിക്കുന്നവർക്ക് ആഗോളതലത്തിൽ ഈ സേവനം ലഭ്യമാകും. പ്രധാനമായും ശബ്ദത്തിലൂടെയുള്ള ആശയവിനിമയത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ സംവിധാനം, ഡ്രൈവിംഗിനിടയിൽ ചാറ്റ്ജിപിടിയുമായി സംസാരിക്കാൻ സഹായിക്കുന്നു. ഐഫോൺ വാഹനവുമായി ബന്ധിപ്പിച്ച ശേഷം ആപ്പിലെ വോയ്സ് മോഡ് വഴി പുതിയ സംഭാഷണങ്ങൾ തുടങ്ങാനോ മുമ്പുണ്ടായിരുന്നവ തുടരാനോ സാധിക്കും.
യാത്രക്കാർക്കും ഡ്രൈവർമാർക്കും ഫോണിൽ സ്പർശിക്കാതെ തന്നെ വിവരങ്ങൾ ചോദിക്കാനും സംശയനിവാരണം നടത്താനും ഈ ഫീച്ചർ സഹായിക്കും. കാർപ്ലേയിൽ ആപ്പ് തുറക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി വോയ്സ് മോഡ് പ്രവർത്തനക്ഷമമാക്കാനുള്ള ഓപ്ഷനും ഇതിലുണ്ട്. ഇത് ഡ്രൈവർമാരുടെ ശ്രദ്ധ റോഡിൽ നിന്ന് മാറുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു. യാത്രക്കാർക്കും വിനോദത്തിനും അറിവിനുമായി ഈ സേവനം ഒരുപോലെ പ്രയോജനപ്പെടുത്താം. യാത്രയ്ക്കിടയിലും തടസ്സങ്ങളില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനം ലഭ്യമാക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും.
എന്നാൽ ഈ ഫീച്ചറിനു ചില പരിമിതികളുമുണ്ട്. കാർപ്ലേയിലെ ചാറ്റ്ജിപിടിക്ക് നാവിഗേഷൻ വിവരങ്ങൾ, തത്സമയ ലൊക്കേഷൻ, അല്ലെങ്കിൽ വാഹനവുമായി ബന്ധപ്പെട്ട പ്രത്യേക വിവരങ്ങൾ എന്നിവ ലഭ്യമാകില്ല. കൂടാതെ, മാപ്പുകളോ മെസേജിംഗ് സേവനങ്ങളോ പോലുള്ള മറ്റ് ആപ്പുകളെ നിയന്ത്രിക്കാനും കഴിയില്ല. ഉപയോക്താക്കൾ ഹാൻഡ്സ് ഫ്രീ രീതിയിൽ മാത്രം ഇത് ഉപയോഗിക്കണമെന്നും, ഡ്രൈവിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ ആവശ്യമായ സെറ്റപ്പുകൾ പൂർത്തിയാക്കണമെന്നും ഓപ്പൺ എഐ നിർദ്ദേശിക്കുന്നു.
Tech
കോപൈലറ്റിൽ പുതിയ ഫീച്ചറുമായി മൈക്രോസോഫ്റ്റ്. ഒരേ സമയം ഒന്നിലധികം എഐ മോഡലുകൾ ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ക്രിട്ടിക് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചറിലൂടെ, കോപൈലറ്റിലെ റിസർച്ചർ ഏജന്റ് ഓപ്പൺ എഐയുടെ ജിപിടി , ആന്ത്രോപിക്സിന്റെ ക്ലോഡ് എന്നീ മോഡലുകൾ ഒരേസമയം ഉപയോഗിക്കാൻ സാധിക്കും.
ഇനി മുതൽ ഒരൊറ്റ മോഡലിനെ മാത്രം ആശ്രയിക്കുന്നതിന് പകരം ഓപ്പൺ എഐയുടെ ജിപിടി , ആന്ത്രോപിക്സിന്റെ ക്ലോഡ് എന്നീ മോഡലുകളെ ഒരേസമയം ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. എഐ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനി പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്നത്.
ഇതിൽ ജിപിടി മറുപടികൾ തയ്യാറാക്കുമ്പോൾ, അവയുടെ കൃത്യതയും ഗുണമേന്മയും ക്ലോഡ് പരിശോധിച്ച് ഉറപ്പുവരുത്തും. ഭാവിയിൽ ഈ പ്രക്രിയ തിരിച്ചും ലഭ്യമാക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.
വിവിധ കമ്പനികളുടെ എഐ മോഡലുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് വഴി പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും, എഐ തെറ്റായ വിവരങ്ങൾ നൽകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് 365 വൈസ് പ്രസിഡന്റ് നിക്കോൾ ഹെർസ്കോവിറ്റ്സ് പറഞ്ഞു.
ഗൂഗിളിന്റെ ജെമിനി, ആന്ത്രോപിക്സിന്റെ ക്ലോഡ് കോവർക്ക് തുടങ്ങിയ എതിരാളികളിൽ നിന്നുള്ള കടുത്ത മത്സരം നേരിടുന്ന പശ്ചാത്തലത്തിലാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ കോപൈലറ്റ് അസിസ്റ്റന്റിൽ ഇത്രയും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. നിലവിൽ ഫ്രോണ്ടിയർ പ്രോഗ്രാമിലെ അംഗങ്ങൾക്കായി ഈ പുതിയ ഫീച്ചറുകൾ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.
Kerala
കൊച്ചി: എഐ മുതൽ റോബോട്ട് വരെ വോട്ട് പിടിക്കാനുള്ള പ്രചാരണത്തിലാണ്. തെരുവോരങ്ങളും മാധ്യമങ്ങളും പാർട്ടികളുടെ പ്രചാരണ തന്ത്രങ്ങൾ കൊണ്ട് നിറയുകയാണ്.
കുട്ടികളെ കൊഞ്ചിച്ചും അമ്മമാരുടെ കൈകവർന്നും വീട്ടമ്മമാരോട് കുശലം പറഞ്ഞു കൊണ്ടുള്ള പ്രചാരണങ്ങൾക്ക് ഡിമാൻഡ് ഉണ്ടെങ്കിലും അതിലേറെ ഡിമാൻഡ് ഇന്ന് ജെൻ സി വോട്ടർമാർക്കാണ്. കൈപിടിച്ച് കുശലം ചോദിച്ചാലൊന്നും വീഴാത്ത ജെൻ സികളെ വീഴ്ത്താനുള്ള മുൻകരുതലുകളും രാഷ്ട്രീയ പാർട്ടികൾ എടുത്തിട്ടുണ്ട്.
കൊച്ചി മണ്ഡലത്തിൽ ക്രിക്കറ്റ് ബാറ്റുമായി കളിക്കളത്തിൽ ഇറങ്ങിയാണ് മുഹമ്മദ് ഷിയാസ് വോട്ടു പിടിക്കാൻ ഇറങ്ങിയത്. വിദ്യാഭ്യാസ മന്ത്രിയപ്പൂപ്പനായി തന്നെ തുടരാൻ കുട്ടികളുടെ പിന്തുണയോടെ പൂക്കികുട്ടൻ അപ്പുപ്പനായി കൊണ്ടുള്ള വി. ശിവൻകുട്ടിയുടെ പ്രചാരണങ്ങളും നേമത്ത് നടക്കുകയാണ്.
മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ... കേരളം ജയിക്കും യുഡിഎഫ് നയിക്കും... മാറാത്തത് മാറും ഇനി കേരളം വളരും... തുടങ്ങി മുൻനിര പാർട്ടികളുടെ പരസ്യങ്ങളാണ് കേരളം മുഴുവനും. മാധ്യമങ്ങളിലും പോസ്റ്ററുകളിലും തെരുവോരങ്ങളിലും നിറഞ്ഞു നിൽക്കുകയാണ് വോട്ട് പിടിക്കാനുള്ള തന്ത്രങ്ങൾ.
എന്നാൽ ജെൻ സി വോട്ടർമാരെ ആകർഷിക്കാൻ ഇതു മാത്രം പോരാ എന്നത് നേതാക്കന്മാർക്കും അറിയാം. അതുകൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർഥികൾ.
നിലവിൽ വോട്ട് തേടാൻ സ്ഥാനാർഥികൾ ഇറങ്ങുന്നത് ക്യാമറമാനും റീൽസ് എക്സ്പേർട്ടുകളും അടക്കമുള്ള പ്രഫഷണൽ ടീമിനൊപ്പമാണ്. ഒരു കോടിക്ക് അടുത്തു വരെയുള്ള തുകയാണ് ഈ പ്രഫഷണൽ ടീംസിന്റെ പ്രതിഫലം. വോട്ട് അഭ്യർഥിച്ചു പ്രചാരണത്തിന് റെഡിയാകുന്ന സ്ഥാനാർഥിക്കൊപ്പം പ്രഫഷണൽ ടീമിന്റെ സ്ക്രിപ്റ്റും വീഡിയോയും റീൽസും റെഡിയാണ്. സ്ഥാനാർഥികളുടെ ഇൻഗ്രാം, ഫേസ്ബുക്ക്. എക്സ് പേജുകളിൽ സമയാസമയം അപ്ഡേറ്റുകളും എത്തും.
സ്ഥാനാർഥികൾക്കായി നീലക്കുയിൽ തുടങ്ങിയ ഇൻസ്റ്റഗ്രാം പേജുകളും ഇൻഫ്ളുവൻസർമാരും പ്രചാരണ രംഗത്തുണ്ട്. എൽഎഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾക്കായി വോട്ട് തേടിക്കൊണ്ടുള്ള റീലുകൾ ഉണ്ടെങ്കിലും നീലക്കുയിൽ തൂക്കിയത് ബിജെപിയാണ്. രാജീവ് ചന്ദ്രശേഖർ ആണ് നിലവിൽ നീലക്കുയിലിൽ നിറഞ്ഞുനിൽക്കുന്നത്.
റോബിൻ രാധാകൃഷ്ണനും അബിൻ വർക്കിയും ടി.പി. അഷ്റഫ് അലിയു മെല്ലാം റീലുകളിൽ എത്തുന്നുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യരുത്, എൽഡിഎഫ് ഇനി വേണ്ട, യൂഡിഎഫിനെ വിശ്വസിക്കരുത് എന്നു പറഞ്ഞ് പെയ്ഡ് പോസ്റ്റുമായി എത്തുന്ന നിരവധി ഇൻഫ്ലുവൻസർമാരും പ്രചാരണത്തിന് മുന്നിലുണ്ട്. ജെൻ സിക്കും പ്രായമായവർക്കും വേണ്ടി വിവിധ തരത്തിലുള്ള കണ്ടന്റുകളും ഇവർ ഒരുക്കും. കൂടാതെ ആവശ്യത്തിന് ലൈക്സും കമന്റുകളും റീ ഷെയറുകളും വരെ ഉറപ്പാണ്.
ബിജെപി കേരളം ഇൻസ്റ്റഗ്രാം പേജിൽ എഐ വീഡിയോകളും മറ്റ് പാർട്ടികളെ വിമർശിക്കുന്ന ഫൺ ആൻഡ് സീരിയസ് വീഡിയോകളും നിറയുകയാണ്. യുഡിഎഫ് കേരളം ഒഫീഷ്യൽ എന്ന ഇൻസ്റ്റ പേജിലും സമാനമായ വീഡിയോകളാണ് എത്തുന്നത്. വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് എൽഡിഎഫ് കേരളത്തിന്റെ പേജിലെത്തുന്ന വീഡിയോകളും ക്യാപ്സൂളുകളും.
മൂന്നു മുഖ്യധാരാപാർട്ടികൾക്കും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് വാളുകളിൽ അനേകം പേജുകളുമുണ്ട്. പ്രചാരണം തകൃതിയായി നടക്കുന്നുമുണ്ട്. ഫോണിൽ സ്ഥാനാർഥികളുടെ ശബ്ദത്തിൽ തന്നെ വോട്ട് ചോദിച്ചു കൊണ്ടുള്ള കോളുകളും സന്ദേശങ്ങളും എത്തുന്നുമുണ്ട്.
വോട്ട് പിടിക്കാനായി ചുമരെഴുത്ത് റോബോട്ടിന്റെ കൈയിലാണ്. പാലക്കാട് ചുവർബോട്ട് എഴുതിയ ചുമരെഴുത്ത് വാർത്തകളിലും ഇടംനേടിയിരുന്നു. മലയാളത്തിൽ ഉൾപ്പെടെ ഏതു ഭാഷയിലും നിറത്തിലും വരയ്ക്കുകയും എഴുതുകയും ചെയ്യുന്ന ചുവർബോട്ട് കേരള സ്റ്റാർട്ടപ് മിഷനു കീഴിൽ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് കമ്പനിയാണ് വികസിപ്പിച്ചത്.
ഒരു കാലത്തെ പ്രചാരണങ്ങളിൽ ട്രെൻഡിംഗ് ആയിരുന്ന പാരഡി പാട്ടുകൾക്ക് നിലവിൽ വലിയ പ്രിയം പോര. അതുകൊണ്ട് തന്നെ ഓരോ പാർട്ടികളും സ്ഥാനാർഥികളും ഒരു സംഗീത ടീമിനെ തന്നെ ഏർപ്പാടാക്കി തീം മ്യൂസിക്കും ഗാനങ്ങളുമാണ് ഇറക്കുന്നത്. ലക്ഷങ്ങളും കോടികളും ചിലവിട്ടു കൊണ്ടാണ് ഈ പ്രചാരണ തന്ത്രങ്ങൾ. പിആർ പരസ്യങ്ങൾ വിവാദമായെങ്കിലും എൽഡിഎഫ് തുടരുന്നുണ്ട്. വോട്ടെടുപ്പ് ദിനങ്ങൾ അവസാനിക്കുന്നതു വരെ ഈ പ്രചാരണ തന്ത്രങ്ങളും തുടരും.
Business
ന്യൂയോർക്ക്: പ്രമുഖ ഓസ്ട്രേലിയൻ - അമേരിക്കൻ സോഫ്റ്റ്വെയർ കമ്പനിയായ അറ്റ്ലാസിയൻ ഏകദേശം 1,600 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി റിപ്പോർട്ട്. ഇന്ത്യയിലെ ജീവനക്കാർക്കും തൊഴിൽ നഷ്ടമായേക്കുമെന്ന് കമ്പനിയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എഐ, എന്റർപ്രൈസ് സെയിൽസ് എന്നീ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്ന് കമ്പനി അറിയിച്ചു. വടക്കേ അമേരിക്കയിലെ ജീവനക്കാരെയാണ് പിരിച്ചുവിടൽ കൂടുതൽ ബാധിക്കുന്നത്.
അമേരിക്കയിൽ 40 ശതമാനവും ഓസ്ട്രേലിയയിൽ 30 ശതമാനവും ഇന്ത്യയിൽ 16 ശതമാനവും തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് നിഗമനം.
എഐ മനുഷ്യർക്കു പകരമാകും എന്നതല്ല തങ്ങളുടെ സമീപനം, എന്നാൽ എഐ ആവശ്യമായ ഇടങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കുന്ന രീതിയാണ് കമ്പനി സ്വീകരിച്ചിരിക്കുന്നതെന്ന് സിഇഒ മൈക്ക് കാനൻ ബ്രൂക്ക്സ് പറഞ്ഞു.
കഴിഞ്ഞ വർഷം അറ്റ്ലാസിയന്റെ ഓഹരികളിൽ 33 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ജിര, കോൺഫ്ലുവൻസ് തുടങ്ങിയ കൊളാബറേഷൻ ടൂളുകളിൽ നിന്നാണ് കമ്പനിക്ക് പ്രധാനമായും വരുമാനം എത്തുന്നത്.
എഐ ടൂളുകൾ ഉപയോഗിക്കുന്നതിലൂടെ പ്രൊഡക്റ്റ് ഡെവലപ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കാനും കമ്പനിക്ക് ലാഭകരമായി വളരാനും സാധിക്കുമെന്ന് വിലയിരുത്തുന്നു.
അതേസമയം, കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസർ രാജീവ് രാജൻ ഈ മാസം സ്ഥാനമൊഴിയുമെന്നും റിപ്പോർട്ടുകളുണ്ട്.
Editorial
മസ്തിഷ്കമരണം സംഭവിച്ചവരിൽ നിന്നുൾപ്പെടെ എടുത്തുമാറ്റിയ ഓർമച്ചിപ്പുകളെ ആനന്ദത്തിനും ഗെയിമുകൾക്കും ഒളിഞ്ഞുനോട്ടത്തിനും ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സിനിമയാണ് ‘മസ്തിഷ്കമരണം’. അതിനെ ഓർമിപ്പിക്കുന്നവിധം, നിർമിതബുദ്ധിയിൽ നിന്നെടുത്ത വിവരങ്ങൾ കോടതിയുത്തരവിന് ഉപയോഗിച്ച ആപത്കരമായ സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
നിർമിതബുദ്ധി നൽകിയ വ്യാജ റഫറൻസ് കേസുകളുദ്ധരിച്ച് ആന്ധ്രയിലെ ഒരു വിചാരണക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി അതു കണ്ടെത്തിയെങ്കിലും കേസിൽ അപാകമില്ലെന്നു കണ്ട് വിധി അംഗീകരിച്ചു. അപ്പീൽ സുപ്രീംകോടതിയിലെത്തി.
വിധി ശരിയാണെങ്കിൽപോലും വിചാരണക്കോടതിയുടെ നടപടി തെറ്റാണെന്നു കണ്ട സുപ്രീംകോടതി ഇനിയിത് ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളിലേക്കു കടന്നിരിക്കുകയാണ്. സിനിമയിലോ ആശുപത്രിയിലോ അല്ലാത്തൊരു മസ്തിഷ്കമരണത്തെ നാം അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്നു.
ആന്ധ്ര, വിജയവാഡയിലെ ഒരു വിചാരണക്കോടതിയിലാണ് സംഭവം. ഒരു വസ്തുതർക്കവുമായി ബന്ധപ്പെട്ട കേസിൽ, അഡ്വക്കറ്റ് കമ്മീഷണറെ നിയോഗിച്ചിരുന്നു. കമ്മീഷണറുടെ റിപ്പോർട്ടിനെതിരേയുള്ള ഹർജിക്കാരുടെ പരാതികൾ തള്ളിക്കൊണ്ട് വിചാരണക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
പക്ഷേ, ആ ഉത്തരവിന് ആധാരമായി കോടതി ഉദ്ധരിച്ച ചില മുൻകാല വിധികൾ യഥാർഥത്തിൽ ഉള്ളതായിരുന്നില്ല. നിർമിതബുദ്ധിയെ വിശ്വസിച്ച് റഫറൻസ് എടുത്തപ്പോൾ ഉണ്ടായ പിഴവായിരുന്നു. ഇതിനെതിരേ ഹർജിക്കാർ കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതിയെ സമീപിച്ചപ്പോൾ, റഫറൻസായി വിചാരണക്കോടതി ഉപയോഗിച്ച വിധികൾ യഥാർഥത്തിൽ ഉള്ളതല്ലെന്നു കണ്ടെത്തി.
പക്ഷേ, റഫറൻസിൽ പിഴവുണ്ടായെങ്കിലും ഉത്തരവിലെ നിയമപരമായ നിരീക്ഷണം ശരിയാണെന്നു കണ്ടെത്തിയ ഹൈക്കോടതി ഹർജി തള്ളി. അതേസമയം, മനുഷ്യബുദ്ധിയെയോ ജുഡീഷൽ യുക്തിയെയോ മാറ്റി സ്ഥാപിക്കാൻ എഐക്കു കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നിർമിതബുദ്ധിയേക്കാൾ വിശ്വസനീയമായ ആധികാരിക രേഖകളെ ആശ്രയിക്കണമെന്നും അല്ലെങ്കിൽ ജനങ്ങൾക്കു കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു. പക്ഷേ, വിഷയം സുപ്രീംകോടതിയിലെത്തി.
ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഫെബ്രുവരി 27ന് കേസിൽ നിർണായക ഇടപെടൽ നടത്തിയിരിക്കുകയാണ്. നിലവിലില്ലാത്തതോ കെട്ടിച്ചമച്ചതോ ആയ വിധിന്യായങ്ങളെ ആശ്രയിക്കുന്നത് വെറും പിഴവായി കണക്കാക്കില്ലെന്നും, മറിച്ച്, അത് തെറ്റായ പെരുമാറ്റത്തിനു തുല്യമാണെന്നും നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി മുന്നറിയിപ്പു നൽകി.
ഇക്കാര്യത്തിൽ കൂടുതൽ സൂക്ഷ്മമായ പരിശോധന ആവശ്യമാണെന്നു പറഞ്ഞ സുപ്രീംകോടതി, അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവർക്കും ബാർ കൗൺസിൽ ഓഫ് ഇന്ത്യക്കും നോട്ടീസ് അയച്ചു. കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാനെ ബെഞ്ച് നിയമിച്ചിട്ടുമുണ്ട്.
ഫെബ്രുവരി 17ന്, ‘ദയയും മനുഷ്യരാശിയും’ എന്ന തലക്കെട്ടിൽ, നിലവിലില്ലാത്ത ഒരു വിധിന്യായം ഉദ്ധരിക്കപ്പെട്ടതിനെത്തുടർന്ന്, അഭിഭാഷകർ ഹർജി തയാറാക്കുന്നതിൽ ഉൾപ്പെടെ എഐ ഉപയോഗിക്കുന്ന തെറ്റായ പ്രവണതയെക്കുറിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കോടതികളിലെ അഴിമതിയെക്കുറിച്ചുള്ള പാഠം എൻസിഇആർടി സിലബസിൽനിന്നു നീക്കിയ സുപ്രീംകോടതി നീക്കത്തിനു പിന്നാലെയാണ് വക്കീലന്മാരും ന്യായാധിപരും നിർമിതബുദ്ധിയുടെ തെറ്റായ കണ്ടെത്തലുകളെ ആശ്രയിച്ച് ജോലി എളുപ്പമാക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. നിർമിതബുദ്ധി ഭാവിയിൽ ആപത്താകുമോ എന്ന ചർച്ചയിലാണ് ലോകം.
പക്ഷേ, നിർമിതബുദ്ധിയെ അമിതമായി ആശ്രയിക്കുന്നവർ ഇപ്പോൾതന്നെ ആപത്തായി മാറുന്ന കാഴ്ചകളാണു പുറത്തുവരുന്നത്. വിദ്യാർഥികളും അധ്യാപകരും മുതൽ ബാങ്കിംഗ് സ്ഥാപനങ്ങളും സർക്കാരും വരെ നിർമിതബുദ്ധിയെ ആശ്രയിക്കുന്നുണ്ട്.
കെടുതികൾ അറിയാനിരിക്കുന്നതേയുള്ളൂ. അതിൽ ഏറ്റവും ആപത്കരമാണ് ഈ കുറുക്കുവഴിയെ നീതിന്യായ സംവിധാനങ്ങൾ ആശ്രയിക്കുന്നത്. പിന്നെ നീതിയുമില്ല, ന്യായവുമില്ല. എഐയെ അന്ധമായി വിശ്വസിക്കരുത്. നിർമിതബുദ്ധിയെ ഉപയോഗിക്കുന്ന വക്കീലന്മാരും ന്യായാധിപരും അതുതന്നെ വിശ്വസിക്കുന്നവരുടെ ജീവിതത്തെയോ നിയമസംവിധാനത്തിന്റെ വിശ്വാസ്യതയെയോ ബാധിക്കുന്നതാണെന്നു തിരിച്ചറിയണം.
എഐ ഉപയോഗിച്ച് തീരുമാനങ്ങളിലെത്താനാണെങ്കിൽ ലക്ഷക്കണക്കിനു കേസുകൾ കെട്ടിക്കിടക്കുന്ന രാജ്യത്ത് അതിനായി ഒരു എഐ കോടതി സ്ഥാപിച്ചാൽ മതിയല്ലോ. വർഷങ്ങൾ നീണ്ട വിചാരണകളും ആവശ്യമില്ല. പക്ഷേ, മനുഷ്യനു നീതി കൊടുക്കാൻ നിർമിതബുദ്ധിയുടെ യാന്ത്രികത മതിയെന്നു തെളിഞ്ഞിട്ടില്ല.
നാളത്തെ സൂപ്പർ കംപ്യൂട്ടറുകൾ അതു ചെയ്യുമെങ്കിൽ അന്നത്തെ തലമുറ അതേക്കുറിച്ചു തീരുമാനിക്കട്ടെ. എല്ലാറ്റിലുമുപരി, സ്ഥിരമായി എഐയെ ആശ്രയിക്കുകയും നിഗമനങ്ങളിലെത്തുകയും ചെയ്യുന്നവർ സ്വന്തം ബുദ്ധിയുടെ ഉപയോഗവും നിരീക്ഷണപാടവവും ക്ഷയിക്കുന്നതും തിരിച്ചറിയണം.
2046ൽ നടക്കാനിടയുള്ള കഥയാണ് ‘ഒരു മസ്തിഷ്കമരണം’. പക്ഷേ, നിർമിതബുദ്ധിയെ അമിതമായി ആശ്രയിക്കുന്നവർ സ്വന്തം മസ്തിഷ്കത്തെ മരണത്തിനു വിട്ടുകൊടുക്കുകയാണ്. ഇതു ഭാവിയെക്കുറിച്ചല്ല, വർത്തമാനത്തെക്കുറിച്ചാണ്.
Business
കൊച്ചി: ‘എഐയും സോഫ്റ്റ്വേറും എന്‍ജിനിയറിംഗിന്റെ ഭാവിയും’ എന്ന വിഷയത്തില്‍ എസ്ഒടിഐ കൊച്ചിയിൽ ലീഡര്‍ഷിപ്പ് ടെക് ടോക്ക് സംഘടിപ്പിക്കുന്നു.
അഞ്ചിന് ലുലു ഐടി ട്വിന്‍ ടവറില്‍ നടക്കുന്ന പരിപാടിയില്‍ എന്‍ജിനിയറിംഗ്, സോഫ്റ്റ്വേര്‍ വികസനം, ഡിജിറ്റല്‍ സ്ട്രാറ്റജി തുടങ്ങിയ മേഖലകളിലെ വിദഗ്ധർ പങ്കെടുക്കും. ലീഡര്‍ഷിപ്പ് പാനല്‍ ചര്‍ച്ചയും ഉണ്ടാകും.
പരിപാടിയില്‍ പങ്കെടുക്കാൻ leadershiptechtalk. com. എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.
Kerala
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ മലയോരമേഖലയിൽ വന്യമൃഗശല്യം നേരിടാൻ നിർമിത ബുദ്ധി ഉപയോഗപ്പെടുത്തിയുള്ള നടപടികൾ സ്വീകരിക്കാൻ സന്നദ്ധമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
വന്യമൃഗ ആക്രമണങ്ങൾ മൂലം മരിച്ചവർക്കുള്ള നഷ്ടപരിഹാരത്തുക ലഭ്യമാക്കാൻ വേഗത്തിൽ നടപടികൾ സ്വീകരിക്കും.
കോൺഗ്രസിന്റെ പുതുയുഗ യാത്രയുടെ ഭാഗമായി “സംവദിക്കാം, പുതുയുഗത്തിനായി’’ എന്നപേരിൽ കൊച്ചിയിൽ സമൂഹത്തിലെ വിവിധ മേഖലകളിൽനിന്നുള്ളവരുമായി നടത്തിയ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
National
ന്യൂഡൽഹി: എഐയുടെ ആധുനികയുഗത്തിൽ ആഗോളശക്തികളുമായി കൈകോർക്കുന്ന സുപ്രധാന നീക്കവുമായി ഇന്ത്യ. എഐ, സെമികണ്ടക്ടർ ഉത്പാദനങ്ങളിൽ ഉറച്ച വിതരണശൃംഖല ലക്ഷ്യം വയ്ക്കുന്ന ‘പാക്സ് സിലിക്ക’ സഖ്യത്തിൽ ചേരുന്നതിനായുള്ള പ്രഖ്യാപനത്തിൽ ഇന്ത്യ ഔദ്യോഗികമായി ഒപ്പുവച്ചു.
ഡൽഹിയിൽ നടന്നുവന്ന എഐ ഇംപാക്ട് ഉച്ചകോടിയുടെ സമാപനച്ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, വ്യാപാരകാര്യങ്ങൾക്കുവേണ്ടിയുള്ള യുഎസ് അണ്ടർ സ്റ്റേറ്റ് സെക്രട്ടറി ജേക്കബ് ഹെൽബർഗ്, ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ എന്നിവരുടെ സാന്നിധ്യത്തിലാണു പ്രഖ്യാപനത്തിൽ ഇന്ത്യയുടെ ഐടി മന്ത്രാലയത്തിന്റെ സെക്രട്ടറി എസ്. കൃഷ്ണൻ ഒപ്പുവച്ചത്.
മാറുന്ന ലോകത്തിൽ സാങ്കേതികരംഗത്ത് അപ്രമാദിത്തം ഉറപ്പിക്കാനായി രൂപം കൊണ്ട അന്താരാഷ്ട്ര ശക്തികളുടെ ആധുനിക സഖ്യമായാണ് അമേരിക്ക നേതൃത്വം നൽകുന്ന ‘പാക്സ് സിലിക്ക’യെ വിലയിരുത്തുന്നത്. യുഎസിന്റെ വ്യാപാരകാര്യങ്ങളുടെ അണ്ടർ സെക്രട്ടറിയായ ജേക്കബ് ഹെൽബർഗിന്റെ വാക്കുകൾ കടമെടുത്താൽ “ഇരുപതാം നൂറ്റാണ്ട് എണ്ണയിലും സ്റ്റീലിലുമാണ് ഓടിയതെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ട് പ്രവർത്തിക്കുന്നത് കംപ്യൂട്ടറുകളിലും അതിനെ പ്രവർത്തിപ്പിക്കാനാവശ്യമായ ധാതുക്കളിലുമാണ്.” ഈ യാഥാർഥ്യം മനസിലാക്കിത്തന്നെയാണ് പുതിയ എഐ യുഗത്തിൽ അടിത്തറയായിട്ടുള്ള ദൈനംദിന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ആത്മാവായ സെമികണ്ടക്ടറുകളിലേക്കും (മൈക്രോചിപ്പ്) അവ നിർമിക്കാനാവശ്യമായ നിർണായക ധാതുക്കളിലേക്കും അമേരിക്കയുടെ നേതൃത്വത്തിലുള്ള ലോകരാജ്യങ്ങളുടെ ശ്രദ്ധയെത്തുന്നത്.
ആധുനികലോകത്ത് തോക്കിനേക്കാളും ബോംബിനേക്കാളും ഇത്തിരിക്കുഞ്ഞൻ ചിപ്പുകൾ കൈവശം വച്ചിരിക്കുന്നവർ രാജാക്കന്മാരാകുമെന്ന തിരിച്ചറിവിൽനിന്ന് ജപ്പാൻ, ദക്ഷിണകൊറിയ, സിംഗപ്പുർ, നെതർലൻഡ്സ്, യുകെ, ഇസ്രയേൽ, യുഎഇ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടും വ്യാപാര സഹകരണത്തിനും വികസനത്തിനുമായുള്ള സംഘടന (ഒഇസിഡി), കാനഡ, യൂറോപ്യൻ യൂണിയൻ, അത്യാധുനിക ചിപ്പ് ഉത്പാദനത്തിന്റെ കേന്ദ്രമായ തായ്വാൻ എന്നീ രാജ്യങ്ങളെ അതിഥികളാക്കിയും കഴിഞ്ഞ വർഷം ഡിസംബറിൽ അമേരിക്ക പാക്സ് സിലിക്ക ഉച്ചകോടി നടത്തിയിരുന്നു. എഐ, സെമികണ്ടക്ടർ മേഖലയിൽ ചൈന പുലർത്തിവരുന്ന ആധിപത്യവും ‘പാക്സ് സിലിക്ക’ എന്ന പുതിയ അന്താരാഷ്ട്ര സഖ്യത്തിലൂടെ പ്രതിരോധിക്കാമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ.
ഈ സഖ്യത്തിലേക്ക് ഇപ്പോൾ ഇന്ത്യയും കടന്നുവരുന്നതിലൂടെ നിർണായക ധാതുക്കളെയും അപൂർവ ഭൂമി മൂലകങ്ങളെയും ഇന്ത്യ ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കും. പരസ്പരം വിശ്വാസം നൽകുന്ന രാജ്യങ്ങളെ സെമി കണ്ടക്ടർ വിതരണശൃംഖലയിൽ ആശ്രയിക്കുന്നതോടെ ആധുനിക എഐ രംഗത്തും ഇന്ത്യ കുതിച്ചുചാട്ടം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഭ്യന്തരമായ സെമി കണ്ടക്ടർ, എഐ പരിസ്ഥിതി രാജ്യത്തു വികസിപ്പിക്കാൻ ദീർഘകാലമായി ആഗ്രഹിക്കുന്ന ഇന്ത്യയുടെ പദ്ധതിക്കും ’പാക്സ് സിലിക്ക’യിലെ അംഗത്വം ഊർജം നൽകും. എഐ, സാങ്കേതികരംഗത്ത് ഇന്ത്യയിൽ ആഭ്യന്തര നൈപുണ്യം വികസിക്കാനും പുതിയ ജോലികൾ സൃഷ്ടിക്കപ്പെടാനും രാജ്യത്തിന്റെ നീക്കം കാരണമാകുകയും ചെയ്യും.
പാക്സ് സിലിക്ക
പാക്സ് എന്ന ലാറ്റിൻ പദത്തിന്റെ അർഥം സമാധാനം എന്നാണ്. ചിപ്പ് ഉത്പാദനത്തിൽ നിർണായക പങ്ക് വഹിക്കുന്ന സിലിക്കണിനെ സൂചിപ്പിക്കുന്നതാണ് ’സിലിക്ക’ എന്ന പദം. രണ്ടും ചേർന്നാൽ പുതിയ സാങ്കേതികവിദ്യയ്ക്കുള്ള വിതരണശൃംഖല സമാധാനവും അഭിവൃദ്ധിയും പ്രോത്സാഹിപ്പിക്കുമെന്ന് അർഥം.
Kerala
ന്യൂഡൽഹി: ഡൽഹിയിലെ ഗതാഗതക്കുരുക്കിനെക്കുറിച്ചു രസകരമായ പരാമർശവുമായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടീഷ് ഡെപ്യൂട്ടി പിഎം ഡേവിഡ് ലാമിക്കൊപ്പമുള്ള സംയുക്ത സെഷനിൽ പങ്കെടുക്കാൻ ഏതാനും മിനിറ്റുകൾ വൈകിയെത്തിയപ്പോഴാണ് അദ്ദേഹം നർമത്തിൽ ചാലിച്ച മറുപടി നൽകിയത്. "വൈകിയതിൽ ക്ഷമ ചോദിക്കുന്നു, പൂർണമായും എന്റെ തെറ്റാണ്. ഈ ആഴ്ച നമ്മൾ കേട്ടതുപോലെ നിർമിത ബുദ്ധി(എഐ)ക്കു പലതും ചെയ്യാൻ കഴിയും, പക്ഷേ ഡൽഹിയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല...' സുനക് പറഞ്ഞു.
നിർമിത ബുദ്ധിയുടെ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രശംസിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ കരുത്തിനെയും സുനക് അഭിനന്ദിച്ചു. സ്റ്റാൻഫോർഡ് സർവകലാശാലയുടെ ആഗോള റാങ്കിംഗ് പ്രകാരം എഐ സൂപ്പർ പവർ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നേട്ടത്തിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ മുഖ്യപ്രഭാഷകനായി എത്തിയതായിരുന്നു ഋഷി സുനക്. എഐയുടെ ആഗോള യാത്രയിൽ വികസിത രാജ്യങ്ങൾക്കു മാത്രമല്ല, വികസ്വര രാജ്യങ്ങൾക്കും വലിയ പങ്കുണ്ടെന്നും അതിനു നേതൃത്വം നൽകാൻ ഇന്ത്യക്കു കഴിയുമെന്നും സുനക് പറഞ്ഞു. എഐ സാങ്കേതികവിദ്യയെക്കുറിച്ചു ചർച്ച ചെയ്യാൻ ഇത്തരം സ്ഥിരം വേദികൾ അത്യാവശ്യമാണെന്നും ഋഷി സുനക് അഭിപ്രായപ്പെട്ടു.
National
ന്യൂഡൽഹി: നിർമിതബുദ്ധിയിൽ (എഐ) ഭാവി കാണുകയും ശക്തീകരണത്തിനുള്ള ഉപകരണമാക്കുകയും ചെയ്യുന്പോഴും മനുഷ്യർ വെറും അസംസ്കൃത വസ്തുവോ ഡാറ്റാ പോയിന്റുകളോ ആയി ചുരുങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നിർമിതബുദ്ധി ചരിത്രത്തിലെ മറ്റൊരു പരിവർത്തന ശക്തിയാണെന്നും അതിന്റെ ലക്ഷ്യങ്ങളിൽനിന്നു വ്യതിചലിച്ചാൽ നാശത്തിലേക്കു നയിക്കുമെന്നും ഡൽഹിയിൽ നടക്കുന്ന ആഗോള എഐ ഇംപാക്ട് ഉച്ചകോടി ഉദ്ഘാടനം ചെയ്തു മോദി പറഞ്ഞു.
നിർമിതബുദ്ധിയെ നന്നായി ഉപയോഗിച്ചാൽ അതു പരിഹാരങ്ങൾ നൽകും. മനുഷ്യർ ഒരു ഡാറ്റാ പോയിന്റോ അസംസ്കൃത വസ്തുവോ ആകുന്നില്ലെന്ന് ഉറപ്പാക്കാൻ എഐയെ ജനാധിപത്യവത്കരിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ്. നിർമിതബുദ്ധി യന്ത്രങ്ങളെ ബുദ്ധിപരമാക്കുകയും മനുഷ്യന്റെ കഴിവുകളെ പലമടങ്ങ് വർധിപ്പിക്കുകയും ചെയ്യുന്നു. നിർമിതബുദ്ധിക്കു തുറന്ന ആകാശം നൽകണം. അതേസമയം നിയന്ത്രണം നമ്മുടെ കൈകളിൽ നിലനിർത്തുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മെഷീൻ ലേണിംഗിൽനിന്നു ലേണിംഗ് മെഷീനിലേക്കുള്ള ഇപ്പോഴത്തെ യാത്ര വേഗത്തിൽ മാത്രമല്ല, ആഴമേറിയതും വിപുലവുമാണ്. നിർമിതബുദ്ധി മനുഷ്യരെ ഡാറ്റാ പോയിന്റുകളാക്കി മാറ്റാൻ ഇന്ത്യ അനുവദിക്കില്ല. നിർമിതബുദ്ധി പങ്കുവയ്ക്കപ്പെടുകയും അതിന്റെ കോഡുകൾ തുറന്നിരിക്കുകയും ചെയ്യുന്പോൾ അതു ലോകത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കും. ഇന്ത്യ എഐയെ ഭയപ്പെടുന്നില്ലെന്നും മറിച്ച് അവസരങ്ങളും ഭാവിയും കാണുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
ഭാരത് മണ്ഡപത്തിൽ നടന്ന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍, ആന്ത്രോപിക് സിഇഒ ഡാരിയോ അമോദി, ടാറ്റ സണ്‍സ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, കേന്ദ്ര ഐടി, ഇലക്ട്രോണിക്സ് മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പ്രസംഗിച്ചു.
ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര റാംഗൂലം, ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിച്ച്, സെർബിയ പ്രസിഡന്റ് അലക്സാണ്ടർ വുസിക്, സീഷെൽസ് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പിള്ള, എസ്തോണിയൻ പ്രസിഡന്റ് അലാർ കരിസ്, ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അഞ്ചു ദിവസത്തെ നിർമിതബുദ്ധി ആഗോള പ്രദർശനം നാളെ വരെ നീട്ടി. പൊതുജനങ്ങൾക്ക് ഇന്നു പ്രവേശനമില്ല.
National
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ നട്ടെല്ലായി നിർമിത ബുദ്ധി (എഐ) മാറുമെന്ന് ഡിആർഡിഒ ഡയറക്ടർ ജനറൽ ഡോ. ചന്ദ്രിക കൗശിക്. ഡൽഹിയിൽ നടന്ന എഐ ഉച്ചകോടിക്കിടെ മാധ്യമങ്ങളോടു സംസാരിക്കു കയായിരുന്നു അവർ. പ്രതിരോധ മേഖലയിൽ നിർമിത ബുദ്ധി എന്നതു ഭാവിയിൽ വെറും സങ്കല്പമല്ലെന്നും മറിച്ച് അത്യാവശ്യമായ ഘടകമാണെന്നും ചന്ദ്രിക കൗശിക് കൂട്ടിച്ചേർത്തു.
ആധുനിക യുദ്ധസാഹചര്യങ്ങളിൽ സൈന്യത്തിനു മുന്നിലെത്തുന്ന വിവരങ്ങളുടെ അളവ് മനുഷ്യനു വേഗത്തിൽ വിശകലനം ചെയ്യുക അസാധ്യമായ കാര്യമാണ്. ഇവിടെയാണ് നിർമിത ബുദ്ധിയുടെ പ്രസക്തി. അതിവേഗത്തിൽ വിവരങ്ങൾ വിശകലനം ചെയ്യാനും കൃത്യമായ തീരുമാനങ്ങൾ എടുക്കാനും എഐ അധിഷ്ഠിത സംവിധാനങ്ങൾ സൈന്യത്തിനു വലിയ കരുത്താകും. നിരീക്ഷണം, ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ നിലവിൽ രാജ്യം എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.
പ്രതിരോധ മേഖലയിൽ വിദേശ രാജ്യങ്ങളുടെ എഐ മോഡലുകളെ അമിതമായി ആശ്രയിക്കുന്നത് അപകടകരമാണെന്നും ചന്ദ്രിക കൗശിക് മുന്നറിയിപ്പു നൽകി. വിദേശത്തുനിന്നു ലഭിക്കുന്ന ഡാറ്റാ സെറ്റുകളിൽ സുരക്ഷാവീഴ്ചകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇക്കാരണങ്ങളാൽ രാജ്യത്തിന്റെ തനതായ ഡാറ്റ ഉപയോഗിച്ചു വികസിപ്പിച്ചെടുത്ത എഐ മോഡലുകൾ പ്രതിരോധ സംവിധാനങ്ങൾക്കായി ഉപയോഗിക്കണമെന്നും അവർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സമീപകാല സൈനിക നടപടികളിൽനിന്ന് ഇന്ത്യ പഠിച്ച പ്രധാന പാഠം സ്വയംപര്യാപ്തത ആണെന്നു ചന്ദ്രിക കൗശിക് ചൂണ്ടിക്കാട്ടി. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രതിരോധ സാമഗ്രികൾ നിർമിക്കുന്നതുപോലെതന്നെ പ്രധാനമാണ് സ്വന്തമായി എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതെന്നും അവർ ചൂണ്ടിക്കാണിച്ചു.
ആഗോളതലത്തിൽ എഴുപതിലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന എഐ ഉച്ചകോടിയിൽ ഭാഗഭാക്കാകുമ്പോഴും ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരം കാത്തുസൂക്ഷിക്കണമെന്നും ഡോ. ചന്ദ്രിക കൗശിക് എടുത്തുപറഞ്ഞു.
Business
മുംബൈ: ആർട്ടിഫിഷൽ ഇന്റലിജൻസ് അധിഷ്ഠിത ഡാറ്റ സെന്ററുകൾ വികസിപ്പിക്കുന്നതിനായി 2025-ഓടെ ഇന്ത്യയിൽ 100 ബില്യണ്‍ ഡോളർ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഈ ഡാറ്റാ സെന്ററുകൾ പുനരുപയോഗ ഉൗർജത്തിൽ പ്രവർത്തിക്കുന്നവയാകും.
ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഡാറ്റാ സെന്റർ പ്ലാറ്റ്ഫോം സ്ഥാപിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയെ എഐ മേഖലയിലെ മുൻനിരക്കാരാക്കി മാറ്റാൻ ആവശ്യമായ ഉൗർജ-കംപ്യൂട്ടിംഗ് പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുകയാണ് കന്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയെ വെറുമൊരു എഐ ഉപഭോക്താവ് എന്ന നിലയിൽനിന്ന് എഐ നിർമാതാക്കളും കയറ്റുമതിക്കാരുമാക്കുകയാണ് ലക്ഷ്യം.
ഈ പ്രാരംഭ നിക്ഷേപം 2035ഓടെ സെർവർ നിർമാണം, ഇലക്ട്രിക്കൽ സംവിധാനങ്ങൾ, ക്ലൗഡ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയ അനുബന്ധ മേഖലകളിൽ 150 ബില്യണ്‍ ഡോളറിന്റെ അധിക നിക്ഷേപത്തിനു വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ അടുത്ത പത്ത് വർഷത്തിൽ ഇന്ത്യയിൽ 250 ബില്യണ്‍ ഡോളർ മൂല്യമുള്ള എഐ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് കന്പനി അറിയിച്ചു.
അദാനി കോണക്സിന്റെ നിലവിലുള്ള 2 ഗിഗാവാട്ട് ഡാറ്റാ സെന്റർ ശൃംഖലയെ 5 ഗിഗവാട്ടിലേക്ക് ഉയർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിശാഖപട്ടണത്ത് ഒരു കൂറ്റൻ എഐ ഡാറ്റാ സെന്റർ കാംപസ് നിർമിക്കുന്നതിന് അദാനി ഗ്രൂപ്പ് ഗൂഗിളുമായി സഹകരിക്കുന്നുണ്ട്. കൂടാതെ ഹൈദരാബാദിലും പൂനയിലും മൈക്രോസോഫ്റ്റുമായി ഇവർക്കു പങ്കാളിത്തമുണ്ട്. ഐഐ, ഇകൊമേഴ്സ് ആവശ്യങ്ങൾക്കായി ഫ്ളിപ്കാർട്ടുമായുള്ള ഡാറ്റാ സെന്റർ സഹകരണവും ഗ്രൂപ്പ് വിപുലീകരിക്കും.
Business
മുംബൈ: ഫെബ്രുവരിയിൽ ഇതുവരെയായി ഇന്ത്യൻ ഐടി ഓഹരികളിൽ നേരിട്ട കുത്തനെയുള്ള ഇടിവ് മ്യൂച്വൽ ഫണ്ടുകളുടെ പോർട്ട്ഫോളിയോയെയും ബാധിച്ചുതുടങ്ങി. ഈ തകർച്ചയ്ക്കു പിന്നിൽ അതിവേഗത്തിൽ വളരുന്ന ആർട്ടിഫിഷൽ ഇന്റലിജൻസിലുണ്ടായ മുന്നേറ്റമാണ്.
ഇന്ത്യയിലെ സോഫ്റ്റ്വേർ കയറ്റുമതിക്കാരുടെ പ്രധാന വരുമാന സ്രോതസായ പരന്പരാഗത ഐടി സേവനങ്ങളുടെ രീതിതന്നെ മാറ്റാൻ എഐക്കു കഴിയുമെന്ന ആശങ്ക ശക്തമാണ്. സാധാരണയായി ലാഭവിഹിതത്തിലുണ്ടായ കുറവ് മൂലം സംഭവിക്കുന്ന പിൻവാങ്ങലുകളിൽനിന്ന് വ്യത്യസ്തമായി ബിനിനസ് മോഡലുകൾ എങ്ങനെ മാറുമെന്ന ആഴത്തിലുള്ള ചോദ്യങ്ങളാണ് ഈ ഘട്ടം ഉയർത്തുന്നത്.
മൂല്യത്തിൽ 50,000 കോടിയിലേറെ രൂപയുടെ ഇടിവ്
എയ്സ് ഇക്വിറ്റീസ് പുറത്തുവിട്ട റിസർച്ച് റിപ്പോർട്ടിലാണ് ഈ സൂചന. ജനുവരി അവസാനം മുൻനിരയിലുള്ള 10 ഐടി ഓഹരികളിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്ക് ഉണ്ടായിരുന്ന മൊത്തം നിക്ഷേപം 3.56 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ഫെബ്രുവരി 13-ലെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തിൽ ഇതേ ഓഹരികളിലെ മ്യൂച്വൽ ഫണ്ടുകളുടെ മൊത്തം നിക്ഷേപമൂല്യം 3.04 ലക്ഷം കോടി രൂപയായി താഴ്ന്നു. അതായത്, കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മ്യൂച്വൽ ഫണ്ടുകളുടെ കൈവശമുള്ള 10 മുൻനിര ഐടി ഓഹരികളിലെ നിക്ഷേപമൂല്യത്തിൽ 52,000 കോടി രൂപയുടെ കുറവാണ് ഈ ചുരുങ്ങിയ കാലയളവിൽ സംഭവിച്ചത്.
ഒറ്റയാഴ്ചയ്ക്കുള്ളിൽ തന്നെ ടെക് ഫണ്ടുകളുടെ ആദായം ആറു ശതമാനം ഇടിഞ്ഞു. ഒരു മാസത്തെ കണക്കെടുത്താൽ ഇത് 12 ശതമാനം താഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഐടി ഓഹരികളുടെ പ്രകടനം
ഇന്ത്യൻ ഐടി മേഖലയിലെ പ്രമുഖരായ ഇൻഫോസിസ്, ടാറ്റ കണ്‍സൾട്ടൻസി സർവീസസ്, എച്ച്സിഎൽ എന്നിവയുടെ ഓഹരികളിൽ രണ്ടക്കത്തിന്റെ ഇടിവുണ്ടായി. ഇത് നിഫ്റ്റി ഐടി സൂചികയെ ഏകദേശം 14 ശതമാനത്തോളം ഇടിവുയാകാൻ കാരണമായി.
മ്യൂച്വൽ ഫണ്ടുകൾക്ക് ഏറ്റവുമധികം നിക്ഷേപമുള്ള ഇൻഫോസിസ് ഓഹരി ഫെബ്രുവരിയിൽ ഇതുവരെയായി 16.6 ശതമാനം ഇടിവ് കുറിച്ചു. ടിസിഎസ് ഓഹരിയിൽ 13.8 ശതമാനവും എച്ച്സിഎൽ ടെക്നോളജി ഓഹരി വില 14.2 ശതമാനവും ടെക് മഹീന്ദ്ര ഓഹരിയിൽ 12 ശതമാനവുമാണ് ഈമാസം ഇതുവരെയുള്ള കാലയളവിൽ തകർച്ച നേരിട്ടത്.
മ്യൂച്വൽ ഫണ്ടുകൾക്ക് കൂടുതൽ നിക്ഷേപമുള്ള കന്പനിയാണ് ഇൻഫോസിസ്. തൊട്ടുപിന്നാലെ ടിസിഎസ്, എച്ച്സിഎൽ ടെക്നോളജീസുമാണ്.ഇൻഫോസിസിലെ മ്യൂച്ചൽ ഫണ്ട് നിക്ഷേപമൂല്യം ജനുവരിയിൽ 1.37 ലക്ഷം കോടി രൂപയിൽ നിന്നു ഫെബ്രുവരി 13 വരെ 1.14 ലക്ഷം കോടിയായി താഴ്ന്നു. ടിസിഎസ് ഓഹരിയിലുള്ള മൊത്തം നിക്ഷേപമൂല്യം 62,270 കോടിയിൽ നിന്നും 53,663 കോടിയായും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ കുറവ് രേഖപ്പെടുത്തി. എച്ച്സിഎൽ ടെക്നോളജീസ് ഓാഹരിയിൽ 5,803 കോടിയും ടെക് മഹീന്ദ്ര ഓഹരിയിൽ 3,917 കോടിയും കൊഫോർജ് ഓഹരിയിലുള്ള മൊത്തം നിക്ഷേപമൂല്യത്തിൽ 3,673 കോടിയും ഫെബ്രുവരി 13 വരെയായി കുറഞ്ഞു.
ഇടിവ് എന്തുകൊണ്ട് ?
യുഎസ് ആർട്ടിഫിഷൽ ഇന്റലിജൻസ് കന്പനിയായ ആന്ത്രോപിക് പുറത്തിറക്കിയ ഏജന്റിക് എഐ പ്ലാറ്റ്ഫോം ക്ലോഡ് കോവർക്കിനു വേണ്ടി ഈ മാസം ആദ്യം ലഭ്യമാക്കിയ ഓപ്പണ്‍-സോഴ്സ് പ്ലഗ് ഇനുകളുടെ മികവ് വെളിപ്പെട്ടതോടെയാണ് പരന്പരാഗത ഐടി വ്യവസായ മേഖലയുടെ നിലനിൽപ്പിനെ സംബന്ധിച്ച ആശങ്കയുയർന്നത്. പുതിയ പ്ലഗ്ഇനുകൾ വഴി ക്ലോഡിന് കന്പനികളിലെ ഫിനാൻസ്, ലീഗൽ, മാർക്കറ്റിംഗ് തുടങ്ങിയ വകുപ്പുകളിലെ ജോലികൾ നേരിട്ട് ചെയ്യാൻ സാധിക്കും.
സാധാരണയായി ഇന്ത്യൻ ഐടി കന്പനികൾ ആയിരക്കണക്കിനു ജീവനക്കാരെ ഉപയോഗിച്ചു ചെയ്യുന്ന ജോലികൾ ഇനി എഐ കുറഞ്ഞ ചെലവിൽ ചെയ്യും. ഇത് ഐടി കന്പനികളുടെ വരുമാനത്തെ ബാധിക്കുമെന്ന ഭീതിയാണ് ഓഹരിവിപണിയിലെ തകർച്ചയ്ക്കു കാരണം.
Business
ന്യൂഡൽഹി: ആഗോളതലത്തിൽ ഏറ്റവും വലിയ ആർട്ടിഫിഷൽ ഇന്റലിജൻസ് കന്പനികളിലൊന്നായ ആന്ത്രോപിക് ബംഗളൂരുവിൽ ഓഫീസ് തുറന്നു. ഇന്ത്യയിൽ യുഎസ് കന്പനി നിർമിക്കുന്ന ആദ്യത്തെ ഓഫീസാണ്.
ഏഷ്യ-പസഫിക് മേഖലയിൽ ഇതിനു മുന്‍പ് ടോക്കിയോയിലാണ് കന്പനി ഓഫീസ് സ്ഥാപിച്ചത്. ഇന്ത്യയിൽ എയർ ഇന്ത്യ, കോഗ്നിസന്റ്, ക്രെഡ് തുടങ്ങിയ കന്പനികളുമായും വിദ്യാഭ്യാസ സന്നദ്ധ സ്ഥാപനം ‘പ്രാഥം’ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് ആന്ത്രോപിക് ലക്ഷ്യമിടുന്നത്.
കണക്കുകൾ പ്രകാരം ക്ലോഡ് (Claude) എഐ ഉപയോഗിക്കുന്ന രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യമാറിയിരുന്നു. സോഫ്റ്റ്വേർ വികസനം, സിസ്റ്റം നവീകരണം, പ്രൊഡക്ഷൻ സോഫ്റ്റ്വേറുകൾ നിർമിക്കുക തുടങ്ങിയ കംപ്യൂട്ടർ, മാത്തമാറ്റിക്കൽ ജോലികൾക്കായാണ് ഇന്ത്യയിലെ ഉപഭോക്താക്കൾ പകുതിയോളം എഐ മോഡലുകൾ ഉപയോഗിക്കുന്നതെന്ന് കന്പനി വ്യക്തമാക്കി.
കാർഷികം, നിയമം തുടങ്ങിയ പ്രാദേശിക പ്രാധാന്യമുള്ള മേഖലകളിൽ എഐയുടെ സ്വാധീനം വിലയിരുത്തുന്നതിനായി നൈതികമായ എഐ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന കാര്യ, കളക്ടീവ് ഇന്റലിജൻസ് പ്രോജക്ട് എന്നീ കന്പനികളുമായി ആന്ത്രോപിക് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ഈ പങ്കാളിത്തങ്ങൾ പ്രാദേശിക ഭാഷകളിൽ എഐയുടെ സ്വാധീനം കൂടുതൽ ഉറപ്പാക്കാൻ സഹായിക്കും. ആറു മാസം മുന്‍പ് ഇന്ത്യയിൽ വ്യാപകമായി സംസാരിക്കുന്ന മലയാളം ഉൾപ്പെടെ പത്ത് ഇന്ത്യൻ ഭാഷകളിൽ തങ്ങളുടെ മോഡലുകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഈ സ്റ്റാർട്ടപ്പ് ഒരു പദ്ധതിക്ക് തുടക്കംകുറിച്ചു.
ഇതിൽ ഹിന്ദി, ബംഗാളി, ഉറുദു, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയവയുമുണ്ട്. എഐ സാങ്കേതികവിദ്യ ഇംഗ്ലീഷിൽ മാത്രം ഒതുങ്ങാതെ സാധാരണക്കാർക്ക് അവരുടെ മാതൃഭാഷയിൽ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
National
ന്യൂഡൽഹി: ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) മേഖലയിലെ ആഗോള ശക്തിയാകാൻ ലക്ഷ്യമിട്ട് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബൃഹത്തായ എഐ ഉച്ചകോടിക്കു തുടക്കമായി. ലോകത്തെ സാങ്കേതികവിദ്യ പ്രമുഖരും നിക്ഷേപകരും നയരൂപകർത്താക്കളും ഒത്തുചേരുന്ന "ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്' മേഖലയിൽ രാജ്യത്തിന്റെ കരുത്ത് തെളിയിക്കാനുള്ള വേദിയാകും. 19, 20ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധികളെ അഭിസംബോധന ചെയ്യും.
ഐടി പ്രമുഖർ
ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ഓപ്പൺ എഐയുടെ സാം ആൾട്ട്മാൻ, ആന്ത്രാപിക് സിഇഒ ഡാരിയോ അമോഡി, മെറ്റയുടെ അലക്സാണ്ടർ വാംഗ് തുടങ്ങിയ സാങ്കേതിക ലോകത്തെ പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ യാൻ ലെകുൻ, ആർതർ മെൻഷ് തുടങ്ങിയ പ്രശസ്ത ഗവേഷകരും ചർച്ചകളുടെ ഭാഗമാകും. രാജ്യത്തെ ജനങ്ങളുടെ ഡിജിറ്റൽ വിവരശേഖരവും ആധാർ അടക്കമുള്ള ശക്തമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ഉപയോഗപ്പെടുത്തി എഐ രംഗത്ത് കുതിച്ചുചാട്ടം നടത്താനാണ് രാജ്യത്തിന്റെ ലക്ഷ്യം.
ഇന്ത്യയുടെ തനതായ ഭാഷാ വൈവിധ്യത്തെ ഉൾക്കൊള്ളുന്ന എഐ മോഡലുകൾ ഉച്ചകോടിയുടെ പ്രധാന ആകർഷണമാണ്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന "ഭാരത്ജെൻ', 22 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്ന 17 ബില്യൺ പാരാമീറ്ററുകളുള്ള "പരം-2' എന്ന മോഡൽ പുറത്തിറക്കും.
കുറഞ്ഞ ചെലവിൽ
കുറഞ്ഞ ചിലവിൽ സാധാരണക്കാർക്ക് എഐ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനു പുറമെ ലൈറ്റ്സ്പീഡ് വെഞ്ചേഴ്സിന്റെ പിന്തുണയുള്ള "സർവം എഐ'യും തദ്ദേശീയമായ വലിയ മോഡലുകൾ അവതരിപ്പിക്കും.
സ്റ്റാൻഫോർഡ് സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം എഐ മത്സരരംഗത്ത് അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. മൈക്രോസോഫ്റ്റ്, ഗൂഗിൾ, എൻവിഡിയ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ തങ്ങളുടെ ഡാറ്റാ സെന്ററുകൾ വികസിപ്പിക്കാനും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും സജീവമായി രംഗത്തുണ്ട്.
National
ന്യൂഡൽഹി: ആഗോള ആർട്ടിഫിഷൽ ഇന്റലിജൻസ് ചർച്ചകളുടെ കേന്ദ്രമാകാൻ ന്യൂഡൽഹി ഒരുങ്ങുന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ‘ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടി’ക്ക് നാളെ തുടക്കമാകും. ഐടി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉച്ചകോടിയിൽ ആഗോള സാങ്കേതിക ലോകത്തെ സിഇഒമാരും രാജ്യ തലവൻമാരും പങ്കെടുക്കും. 20 രാജ്യങ്ങളിലെ പ്രസിഡന്റോ പ്രധാനമന്ത്രിയോ വൈസ് പ്രസിഡന്റോ ഉച്ചകോടിയിലെത്തും.
നാല്പത്തിയഞ്ചിലധികം രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിതല പ്രതിനിധികളും അഞ്ച് ദിവസത്തെ പരിപാടിയിൽ സംബന്ധിക്കും. യുഎൻ സെക്രട്ടറി ജനറലും വിവിധ അന്താരാഷ്ട്ര സംഘടനകളിലെ മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചകളിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്ലോബൽ സൗത്ത് ആതിഥേയത്വം വഹിക്കുന്ന ആദ്യ ആഗോള എഐ ഉച്ചകോടിയാണിത്. യുകെയിലെ എഐ സേഫ്റ്റി ഉച്ചകോടി, എഐ സിയൂൾ ഉച്ചകോടി, ഫ്രാൻസ് എഐ ആക്ഷൻ ഉച്ചകോടി, ഗ്ലോബൽ എഐ സമ്മിറ്റ് ഓണ്‍ ആഫ്രിക്ക എന്നിവയുടെ ചുവടുപിടിച്ചാണ് ഈ സമ്മേളനം നടത്തുന്നത്.
ജനത, ഭൂമി, പുരോഗതി എന്നീ മൂന്ന് അടിസ്ഥാന സൂത്രങ്ങളെ മുൻനിർത്തിയാണ് ഉച്ചകോടി രൂപകല്പന ചെയ്തിരിക്കുന്നത്. മനുഷ്യക്ഷേമം, പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയ്ക്കു സ്ഥാനം നല്കുന്ന സാങ്കേതിക മുന്നേറ്റത്തിന്റെ കാതലായി പ്രതിഷ്ഠിക്കുന്ന എഐ സഹകരണത്തോടുള്ള ഇന്ത്യയുടെ ദർശനമാണ് ഈ മൂന്നു സ്തൂപങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസിനെ കേവലം ഒരു സാന്പത്തികം അല്ലെങ്കിൽ തന്ത്രപ്രധാനമായ ഉപകരണം എന്നതിലുപരി, മനുഷ്യരാശിയെ ആകമാനം തുല്യമായ രീതിൽ പ്രയോജനപ്പെടുത്തുന്ന ഒരു ശക്തിയായി കാണാനാണ് ഇന്ത്യയുടെ ഈ ചട്ടക്കൂട് ലോകത്തെ ക്ഷണിക്കുന്നത്.
► ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർ
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍, ബ്രസീൽ പ്രസിഡന്റ് ലുയീസ് ഇനാസിയോ ലുല ഡിസിൽവ, സ്പെയിൻ പ്രസിഡന്റ് പെഡ്രോ സാഞ്ചസ് പെരസ്, സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പാർമെലിൻ, നെതർലൻഡ്സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫ്, ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോ, ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോടാക്കിസ്, ക്രൊയേഷ്യൻ പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ച്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്ഗെ, ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ, മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ റാംഗുലാം, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ. ബൊളീവിയ, ഗയാന, എസ്റ്റോണിയ, സ്ലോവാക്യ, സെർബിയ, ലിക്റ്റൻസ്റ്റെൻ, സീഷെൽസ്, കസാഖ്സ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കും.
► ടെക് മേഖലയിലെ പ്രമുഖർ
സുന്ദർ പിച്ചെ (ഗൂഗിൾ, സിഇഒ), സാം ഓൾട്ട്മാൻ (ഓപ്പണ്‍ എഐ, സിഇഒ), ബിൽ ഗേറ്റ്സ് (ചെയർ, ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ), ഡാരിയോ അമോഡെയ് (ആന്ത്രോപിക്, സിഇഒ), ഡെമിസ് ഹസാബിസ് (ഡീപ്മൈൻഡ്, സിഇഒ), ബ്രാഡ് സ്മിത് (മൈക്രോസോഫ്റ്റ് പ്രസിഡന്റ്), ക്രിസ്്റ്റ്യാനോ അമോണ്‍ (ക്വാൽകോം, സിഇഒ), ശന്തനു നാരായണ്‍ (അഡോബി, സിഇഒ). മുൻ മെറ്റ ചീഫ് സയന്റിസ്റ്റും എഎംഐ ലാബ്സ് സ്ഥാപകൻ യാൻ ലീകുൻ, ഗോഡ്ഫാദർ ഓഫ് എഐ എന്നു വിളിക്കുന്ന യോഷ്വ ബെൻജിയോ, കംപ്യൂട്ടർ സയന്റിസ്റ്റ് സ്റ്റുവർട്ട് റസൽ എന്നിവരും പങ്കെടുക്കും.
ഇന്ത്യൻ വ്യവസായലോകത്തെ പ്രമുഖരായ റിലൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ടാറ്റ സണ്‍സ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ, ടിസിഎസ് സിഇഒ കെ. കൃതിവാസൻ, ഇൻഫോസിസ് സിഇഒ സലിൽ പ്രകാശ്, എച്ച്സിഎൽ ടെക് ചെയർപേഴ്സണ്‍ റോഷ്നി നാടാർ മൽഹോത്ര തുടങ്ങിയവർ പങ്കെടുക്കും.
► ജെൻസെൻ ഹുവാംഗ് പങ്കെടുക്കില്ല
എൻവിഡിയ സിഇഒ ജെൻസെൻ ഹുവാംഗ് നാളെ ആരംഭിക്കുന്ന എഐ ഇംപാക്റ്റ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രാലയം അറിയിച്ചു. ഒഴിവാക്കാനാവാത്ത ചില സാഹചര്യങ്ങളെത്തുടർന്നാണ് അദ്ദേഹം സന്ദർശനം റദ്ദാക്കിയതെന്നും പകരം എൻവിഡി ഉന്നതല പ്രതിനിധി സംഘത്തെ സമ്മേളനത്തിലേക്ക് അയയ്ക്കുന്നുണ്ടെന്നും വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പിലാക്കുന്ന ‘കീ റ്റു എൻട്രൻസ്’ പ്രത്യേക പരിശീലനപരിപാടിയുടെ എഐ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ഘട്ടം ആരംഭിച്ചു.
സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലെ എട്ടു ലക്ഷം കുട്ടികൾക്ക് കീം, നീറ്റ്, സിയുഇടി, സിഎ ഫൗണ്ടേഷൻ, പിഎസ്സി തുടങ്ങിയ വിവിധ മത്സരപരീക്ഷകളിൽ മികച്ച വിജയം നേടാൻ ഇതു സഹായിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഇത്തരത്തിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി എല്ലാ സ്ട്രീമുകളിലെയും കുട്ടികൾക്കായി സൗജന്യ എൻട്രൻസ് പരിശീലനം നൽകുന്നത്. പൊതുപ്രവേശന പരീക്ഷകൾക്കായി തയാറെടുക്കുമ്പോൾ പ്രായോഗിക പരിശീലനം അത്യാവശ്യമായതിനാൽ കുട്ടികൾക്കു സ്വയം പരിശീലിക്കുന്നതിനായി വിപുലമായ മോക് ടെസ്റ്റുകൾ പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്.
എഐ സംവിധാനങ്ങളോടൊപ്പം വിദഗ്ധരായ അധ്യാപകർ പരിശോധിച്ച് ഉറപ്പാക്കിയ 20,000ലധികം ചോദ്യങ്ങൾ പോർട്ടലിൽ ലഭ്യമാണ്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, ഇക്കണോമിക്സ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിലെ പരിശീലനം പോർട്ടലിലുണ്ട്. 25 മുതൽ രണ്ടാം ഘട്ടത്തോടൊപ്പം ഇംഗ്ലീഷ്, റീസണിംഗ്, ജനറൽ അവയർനസ് തുടങ്ങിയ വിഷയങ്ങളുടെ പരിശീലനവും ആരംഭിക്കും.
11, 12 ക്ലാസുകളിലെ കുട്ടികൾക്ക് അവരുടെ സ്കൂളുകളിൽനിന്നു ലഭിക്കുന്ന ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് www.entrance.kite.kerala.gov.in പോർട്ടലിലൂടെ ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം. കുട്ടിയുടെ യൂസർ ഐഡി ഹയർ സെക്കൻഡറി-വൊക്കേഷണൽ ഹയർ സെക്കൻഡറി ആപ്ലിക്കേഷൻ നമ്പരാണ്. ഇതു പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. അതത് പ്രിൻസിപ്പൽ/ നോഡൽ ടീച്ചർ ഇതനുസരിച്ച് പാസ്വേഡ് ജനറേറ്റ് ചെയ്തു നൽകും. ഇതിനുള്ള വിശദമായ യൂസർ ഗൈഡുകളും വീഡിയോ ട്യൂട്ടോറിയലുകളും പോർട്ടലിൽ നൽകിയിട്ടുണ്ട്.
കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾക്കുപുറമെ എൻട്രൻസ് പോർട്ടൽ വഴിയും youtube.com/itsvicters കൈറ്റ് വിക്ടേഴ്സ് യൂട്യൂബ് ചാനൽ വഴിയും കുട്ടികൾക്ക് ക്ലാസുകൾ എപ്പോൾ വേണമെങ്കിലും കാണാം. സ്വന്തമായി ഡിജിറ്റൽ സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സ്കൂളുകളിൽത്തന്നെ അതിനുള്ള സൗകര്യം പ്രിൻസിപ്പൽമാർ ഒരുക്കിനൽകും. കൂടുതൽ സാങ്കേതിക സഹായങ്ങൾക്ക് കൈറ്റിന്റെ ജില്ലാ ഓഫീസുകളെ സമീപിക്കണം.
Business
കൊച്ചി: എഐ നിയന്ത്രിത ബിസിനസ് പ്രോസസ് മാനേജ്മെന്റ് സ്ഥാപനമായ വണ്‍ പോയിന്റ് വണ്‍ സൊല്യൂഷന്‍സിന് 2026 സാമ്പത്തികവര്‍ഷം മൂന്നാം പാദ ഫലങ്ങളില്‍ മികച്ച നേട്ടം.
ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ പ്രധാന സാമ്പത്തിക മേഖലകളിലെല്ലാം വണ്‍ പോയിന്റ് വണ്‍ മികച്ച പ്രകടനമാണു കാഴ്ചവച്ചത്.
മുന്‍ പാദത്തെ അപേക്ഷിച്ച് 9.1 ശതമാനം വരുമാന വളര്‍ച്ചയുമായി കമ്പനിയുടെ ആദായം 77.3 കോടി രൂപയായി ഉയര്‍ന്നു. നടപ്പ് സാമ്പത്തികവര്‍ഷം മൂന്നാം പാദത്തിലെ മൊത്തം വരുമാനം 81.3 കോടി രൂപയാണെന്നും അധികൃതർ അറിയിച്ചു.
National
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ച വ്യാജരേഖകൾ, ഡീപ് ഫേക്ക് വീഡിയോകൾ എന്നിവയുൾപ്പെടെയുള്ള ഉള്ളടക്കങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്ര സർക്കാർ. പരാതി ലഭിച്ചാലോ കോടതികൾ നിർദ്ദേശിച്ചാലോ അത്തരം ഉള്ളടക്കങ്ങൾ വെറും മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകി.
നേരത്തെ ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ 36 മണിക്കൂർ സമയമാണ് നൽകിയിരുന്നത്. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഇത് മൂന്ന് മണിക്കൂറായി കുറച്ചു. ഫെബ്രുവരി 20 മുതൽ ഈ നിയമം നിലവിൽ വരും. തെരഞ്ഞെടുപ്പ് അട്ടിമറികൾ, വ്യക്തിഹത്യ, വർഗീയ സംഘർഷങ്ങൾ എന്നിവ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന ഡീപ് ഫേക്ക് വീഡിയോകൾക്കും എഐ ഉപയോഗിച്ചുള്ള വ്യാജ വിവരങ്ങൾക്കും തടയിടുകയാണ് ലക്ഷ്യം.
എഐ ഉപയോഗിച്ച് നിർമ്മിച്ചതോ മാറ്റം വരുത്തിയതോ ആയ ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോകൾ എന്നിവയിൽ 'എഐ ജനറേറ്റഡ്' എന്ന് വ്യക്തമായി രേഖപ്പെടുത്തണം. ഇത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
നിയമവിരുദ്ധമായ എഐ ഉള്ളടക്കങ്ങൾ, ലൈംഗിക വൈകൃതങ്ങൾ ചിത്രീകരിക്കുന്ന വീഡിയോകൾ, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ എന്നിവ തനിയെ കണ്ടെത്തി നീക്കം ചെയ്യാൻ പ്രത്യേക സോഫ്റ്റ്വെയർ സംവിധാനങ്ങൾ ഏർപ്പെടുത്താനും പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
National
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ലായ ഐടി സര്‍വീസ് മേഖലയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വലിയ വെല്ലുവിളിയാകുമെന്ന് 2025-26 ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ഇന്ത്യയുടെ നിലവിലെ ഐടി ബിസിനസ് മാതൃക അപകടത്തിലാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. ഡാറ്റ കൈകാര്യം ചെയ്യുന്നതും ലളിതമായ കോഡിംഗും ചെയ്യുന്ന ജൂനിയര്‍ ലെവലിലുള്ള ടെക്കികളുടെ ജോലികള്‍ എഐ ഏറ്റെടുക്കും.
വരും വര്‍ഷങ്ങളില്‍ ഐടി മേഖലയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ഗണ്യമായി കുറയാന്‍ ഇത് കാരണമാകും. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആളുകളെ ജോലിക്ക് വെച്ച് വിദേശ കമ്പനികള്‍ക്ക് സേവനം നല്കുന്ന രീതിയാണ് ഇന്ത്യ പിന്തുടരുന്നത്. എന്നാല്‍ എഐ വരുന്നതോടെ കുറഞ്ഞ ആളുകളെ ഉപയോഗിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഇത് ഇന്ത്യയുടെ മത്സരശേഷിയെ ബാധിക്കും.
കൊച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ രണ്ടാം നിര നഗരങ്ങളിലെ ഐടി സെന്ററുകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യത. അത്തരം ഇടങ്ങളിലെ ബിപിഒ (ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ്), കെപിഒ (നോളജ് പ്രോസസ് ഔട്ട്സോഴ്സിംഗ്) ജോലികള്‍ എഐയിലേക്ക് മാറാന്‍ സാധ്യത കൂടുതലാണ്. 2022 ഡിസംബറിന് ശേഷം ചാറ്റ് ജിപിടി പോലെയുള്ള ജനറേറ്റീവ് എഐ വന്നതോടെ ഐടി മേഖലയിലെ ജിഡിപി വളര്‍ച്ചയും തൊഴില്‍ നിയമനങ്ങളും തമ്മിലുള്ള ബന്ധം വേര്‍പെട്ടു തുടങ്ങിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതായത് വരുമാനം വര്‍ദ്ധിക്കുമ്പോഴും പുതിയ നിയമനങ്ങള്‍ നടക്കുന്നില്ല. ഐടി ജീവനക്കാര്‍ അടിയന്തരമായി പുതിയ സാങ്കേതികവിദ്യകളില്‍ പരിശീലനം നേടണമെന്നും, കമ്പനികള്‍ വെറും സേവന ദാതാക്കളാകാതെ സ്വന്തം എഐ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
Business
തിരുവനന്തപുരം: മുൻനിര എഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കന്പനിയായ യുഎസ്ടി, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനു (മുത്തൂറ്റ് ബ്ലൂ) കീഴിലുള്ള മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡുമായും മറ്റു ഗ്രൂപ്പ് കന്പനികളുമായി 500 കോടി രൂപയിലധികം മൂല്യമുള്ള ഡിജിറ്റൽ പരിവർത്തന കരാരിൽ ഒപ്പുവച്ചു.
ഈ ദീർഘകാല കരാറിന്റെ ഭാഗമായി അത്യാധുനിക എൻജിനിയറിംഗ് വൈദഗ്ധ്യത്തെയും മുൻനിര പ്ലാറ്റ്ഫോമുകളെയും ഒരുമിച്ചു കൊണ്ടുവരാൻ കഴിവുള്ള മെച്ചപ്പെടുത്തിയ സാങ്കേതിക സംവിധാനങ്ങൾ യുഎസ്ടി അവതരിപ്പിക്കും.
സീറോ ട്രസ്റ്റ് സുരക്ഷാ ആർക്കിടെക്ചറുകൾ, എഐ അധിഷ്ഠിത ത്രെട്ട് ഡിറ്റക്ഷൻ, ഓട്ടോമേറ്റഡ് ഇൻസിഡന്റ് റെസ്പോണ്‍സ്, പുതുതലമുറ എൻഡ്പോയിന്റ്, പെരിമീറ്റർ സംരക്ഷണം എന്നിവ ഉൾപ്പെടുന്ന മികച്ച സൈബർ സുരക്ഷാ ശേഷികളും ഇതിൽ ഉൾപ്പെടും.
ഇന്ത്യയിലെ ഏറ്റവും വലിയ എൻബിഎഫ്സി ടെക്നോളജി ആവാസവ്യവസ്ഥകളിൽ ഒന്നാണ് മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനുള്ളത്.
Kerala
തിരുവനന്തപുരം: ഭരണ നിര്‍വഹണ മേഖലയില്‍ നിര്‍മിതബുദ്ധിക്ക് വിപ്ലവാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിര്‍മിത ബുദ്ധിയുടെ വിവിധ മേഖലകളിലെ പ്രായോഗിക സാധ്യതകളും സാമൂഹികവും സാമ്പത്തികവുമായ സ്വാധീനവും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കേരള റീജണല്‍ എഐ ഇംപാക്റ്റ് കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭരണനിര്‍വഹണത്തില്‍ എഐ ഉപയോഗം സംബന്ധിച്ച സര്‍ക്കാരിന്റെ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ അദ്ദേഹം അഭിപ്രായം വ്യക്തമാക്കി. ജനാധിപത്യവും ധാര്‍മിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചാവണം നിര്‍മിതബുദ്ധി പ്രോത്സാഹിപ്പിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ആഗോള നിര്‍മിത ബുദ്ധി സമ്മിറ്റിന് വൈജ്ഞാനികവും ക്രിയാത്മകവുമായ ആശയങ്ങള്‍ സംഭാവന ചെയ്യാന്‍ ഈ കോണ്‍ഫറന്‍സിന് സാധിച്ചു.
ചരിത്രം അടയാളപ്പെടുത്തുന്ന നേട്ടമാണിത്. ഇന്നവേഷന്‍ ടൂ ഇംപാക്ട് എന്നത് സാങ്കേതിക വിദ്യയെ കേവലം കല്പനകളായി മാത്രം കാണാതെ പ്രായോഗികമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ആഹ്വാനം കൂടിയാണ്. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍കൂടി പരിഗണിച്ച് സര്‍കാര്‍ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ നിര്‍മിതബുദ്ധിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
National
ദാവോസ്: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഇന്ത്യയുടെ സൈനിക സാങ്കേതിക കരുത്ത് വെളിപ്പെടുത്തി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം അടുത്തിടെ നടത്തിയ 'ഓപ്പറേഷന് സിന്ദൂര്‍' എന്ന സുപ്രധാന ദൗത്യത്തില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് നിര്‍ണായക പങ്കുവഹിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
ദാവോസിലെ ആഗോള നേതാക്കള്‍ക്കു മുന്നില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെക്കുറിച്ചും പ്രതിരോധ മേഖലയിലെ കരുത്തിനെക്കുറിച്ചും സംസാരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം.
പാക് അധീന കശ്മീരില്‍ ഭീകരവാദികളുടെ ലോഞ്ച് പാഡുകള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം നടത്തിയ അതിശക്തമായ നീക്കത്തിലാണ് രാജ്യത്തിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സംവിധാനം പ്രയോജനപ്പെടുത്തിയത്. ശത്രുക്കളുടെ സാന്നിധ്യവും നീക്കങ്ങളും കൃത്യമായി മനസിലാക്കാൻ ആര്‍ട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യ സൈന്യത്തെ സഹായിച്ചു. ഉപഗ്രഹ ചിത്രങ്ങള്‍, ഡ്രോണുകള്‍ നല്കുന്ന വിവരങ്ങള്‍, റേഡിയോ സിഗ്നലുകള്‍ എന്നിവ വേഗത്തില്‍ വിശകലനം ചെയ്തു ശത്രുക്കളുടെ കൃത്യമായ സ്ഥാനങ്ങള്‍ കണ്ടെത്താന്‍ ഈ സംവിധാനം സഹായിച്ചു.
മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും ഉള്ളപ്പോഴും ദൃശ്യങ്ങള്‍ വ്യക്തമായി വിശകലനം ചെയ്യാന്‍ ഈ സാങ്കേതികവിദ്യ സഹായിച്ചതായും മന്ത്രി പറഞ്ഞു.
പ്രതിരോധ രംഗത്തു വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് ഈ സംവിധാനം.
Business
മുംബൈ: ഒാൺലൈൻ ഭക്ഷണവിതരണ ശൃംഖലയായ സോമാറ്റോയെ കബളിപ്പിച്ച് പണം തട്ടിയെടുക്കാൻ ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിക്കുന്നുണ്ടെന്നു സോമാറ്റോ സിഇഒ ദീപിന്ദർ ഗോയൽ. ബിരിയാണി അടക്കമുള്ള ഭക്ഷ്യവിഭവങ്ങളിൽ പാറ്റകളും മറ്റു ജീവികളും കിടക്കുന്നതായി എഐ ചിത്രങ്ങൾ നിർമിച്ചാണ് തട്ടിപ്പ്. ഭക്ഷണത്തിൽ ഈച്ചയും പാറ്റയും മറ്റും കിടക്കുന്നതായി ഫോട്ടോ കാണിച്ച് ഡെലിവറി ഏജന്റുമാരെ കബിളിപ്പിച്ചാണ് പണം തട്ടിയെടുക്കുന്നത്.
ഉപഭോക്താക്കൾ തങ്ങളുടെ ഭക്ഷണത്തെക്കുറിച്ചു പരാതിപ്പെടുന്നതിനു മുമ്പു എഐ ടൂളുകൾ ഉപയോഗിച്ച് ഭക്ഷണത്തിന്റെ ഫോട്ടോയിൽ തട്ടിപ്പിന് ആവശ്യമായ കാര്യങ്ങൾ ചേർക്കുന്നുവെന്നാണ് കമ്പനി പറയുന്നത്.
മോശമായ ഭക്ഷണങ്ങളുടെ യഥാർഥ ചിത്രങ്ങൾ അയയ്ക്കുന്നതിനു പകരം ഈച്ചകളെയും പ്രാണികളെയും കൃത്രിമമായി ചേർത്ത് അയയ്ക്കുന്നതാണ് പലരും ചെയ്യുന്ന കബളിപ്പിക്കൽ. നല്ല രീതിയിൽ കൈമാറിയ കേക്കുകൾ തകർന്ന നിലയിലാണ് കിട്ടിയതെന്നു തോന്നിപ്പിക്കും വിധം എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് അയച്ച അനുഭവങ്ങളുമുണ്ട്. ഇത്തരത്തിലുള്ള പരാതികൾ വർധിച്ചതോടെയാണ് സൊമാറ്റോ സൂക്ഷ്മ പരിശോധന തുടങ്ങിയതെന്ന് ഗോയൽ പറഞ്ഞു.
പണം തിരികെ ലഭിക്കാനോ ഭക്ഷണം മാറ്റിക്കിട്ടാനോ വേണ്ടിയാണ് ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുന്നത്. ഇത്തരം പ്രവൃത്തികളിലൂടെ ആളുകൾ സോമാറ്റോയുടെ ഭക്ഷണം മോശമാണെന്നു വരുത്തി തീർക്കുകയും തങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യാൻ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു.
മുടി തട്ടിപ്പും വ്യാപകം
എന്നാൽ, വ്യാജ ചിത്രങ്ങൾ മാത്രമല്ലപഴയ തരത്തിലുള്ള അടവുകളും പയറ്റുന്നവരുമുണ്ട്. ഭക്ഷണത്തിൽ സ്വന്തം മുടിയിഴകൾ ഇട്ട ശേഷം ഇതു റസ്റ്ററന്റിൽനിന്നുമുള്ളതാണെന്ന് അവകാശപ്പെടുന്ന സംഭവങ്ങളും നടക്കുന്നുണ്ട്. ഇനിയിതല്ലാതെ മറ്റൊരു കൂട്ടം ആളുകൾ ഭക്ഷണം വാങ്ങിയ ശേഷം അവ ഉടയ്ക്കുകയും അമർത്തുകയും ചെയ്ത് ചിത്രങ്ങൾ എടുത്ത ശേഷം കിട്ടിയപ്പോൾ അങ്ങനെയായിരുന്നുവെന്ന് വരുത്തിതീർക്കുന്നു.
കുഴപ്പത്തിലാകുന്നവർ
ഓരോ റീഫണ്ടും അത് തയാറാക്കിയ റസ്റ്ററന്റിനെയും ഡെലിവറി ഏജന്റിനെയും ബാധിക്കും. അതിനാൽ ഇത്തരം പരാതികൾ ലഭിച്ചാൽ ഇപ്പോൾ അതിനെ സൂക്ഷ്മമായി സോമാറ്റോ പരിശോധിക്കും.
ഡെലിവറി ഏജന്റുമാരും ചിലപ്പോഴൊക്കെ ഈ സാഹചര്യങ്ങളെ ദുരുപയോഗം ചെയ്യുന്നതായി കണ്ടുവരുന്നുണ്ടെന്നും ദീപിന്ദർ ചൂണ്ടികാണിക്കുന്നു. ഇത്തരം തട്ടിപ്പുകളുടെ ഭാഗമാകുന്ന ഡെലിവറി ഏജന്റുമാരെ പുറത്താക്കുന്നുണ്ട്. പ്രതിമാസം അയ്യായിരത്തിലേറെ ഡെലിവറി ഏജന്റുമാരെ സോമാറ്റോയിൽനിന്നു പുറത്താക്കുന്നുണ്ട്. ഉപഭോക്താക്കൾക്കു ഭക്ഷണം നല്‍കാതെ ഡെലിവറി ചെയ്തു എന്ന് ആപ്പിൽ രേഖപ്പെടുത്തുന്നതാണ് ഡെലിവറി ഏജന്റമാരുടെ മറ്റൊരു കുതന്ത്രം. സമാനമായ മറ്റൊരു തട്ടിപ്പ് നടക്കുന്നത് കാഷ്-ഓൺ-ഡെലിവറി ഓർഡറുകളിലാണ്.
ബാക്കി നൽകാതെ
ചില ഡെലിവറി ഏജന്റുമാർ ബാക്കി നൽകാൻ പണം നല്കാനില്ലാത്ത സാഹചര്യത്തിൽ മുഴുവൻ തുകയും വാങ്ങിയ ശേഷം ബാക്കി പണവുമായി തിരികെ വരാമെന്നു വാഗ്ദാനം ചെയ്യും. എന്നാൽ, തിരികെ വരാറില്ല. ഇതിലൂടെ ഉപഭോക്താവിനു നഷ്ടപ്പെടുന്ന പണം കന്പനിക്ക് ഏറ്റെടുക്കേണ്ടതായിട്ടും
പരിഹരിക്കേണ്ടതായും വരുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സൊമാറ്റോ കർമ സ്കോർ എന്നൊരു രീതി ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താവിന്റെയും ഡെലിവറി ഏജന്റിന്റെയും മുൻകാല പെരുമാറ്റങ്ങൾ പരിശോധിക്കുന്നതിനാണ് ഈ സ്കോർ ഉപയോഗിക്കുന്നത്.
ഒരു ഉപഭോക്താവ് സ്ഥിരമായി പരാതിപ്പെടുന്ന ആളാണെങ്കിൽ, ഡെലിവറി ഏജന്റിന്റെ റിക്കാർഡ് മികച്ചതാണെങ്കിൽ സൊമാറ്റോ ഡെലിവറി പങ്കാളിയെയാണ് വിശ്വസിക്കുക. ഡെലിവറി ഏജന്റിനെതിരെ ധാരാളം പരാതികൾ ഉണ്ടെങ്കിൽ സൊമാറ്റോ ഉപഭോക്താവിന്റെ ഒപ്പം നിൽക്കും. സ്ഥിരമായി ഒരേ ഡെലിവറി ഏജന്റിനെതിരെ പരാതികൾ ആവർത്തിക്കുമ്പോൾ, സൊമാറ്റോ കർശന നടപടിയെടുക്കുകയും അവരെ പ്ലാറ്റ്ഫോമിൽനിന്നു നീക്കം ചെയ്യുകയും ചെയ്യുന്നു. അതുപോലെ, ഫോട്ടോകൾ എഡിറ്റ് ചെയ്തതാണെന്നും വ്യാജമാണെന്നും വ്യക്തമായാൽ സൊമാറ്റോ റീഫണ്ട് നിരസിക്കും.
Tech
കലിഫോർണിയ: എഐ പ്ലാറ്റ്ഫോമുകളായ ഗൂഗിളിന്റെ ജെമിനിയും ഒാപ്പൺ എഐയുടെ ചാറ്റ് ജിപിടി തമ്മിലുള്ള മത്സരത്തിൽ ഒരു പടി മുന്നിലെത്തി ജെമിനി. പുതിയ കണക്കുകൾ പ്രകാരം ജെമിനി 28 ശതമാനം വളർച്ച നേടി. അതേസമയം, ചാറ്റ് ജിപിടി അഞ്ചു ശതമാനം പിന്നോട്ടുപോയതായും റിപ്പോർട്ട് പറയുന്നു. ഈ രംഗത്തു ആധിപത്യം പുലർത്തിവന്ന ചാറ്റ് ജിപിടിക്ക് ജെമിനിയുടെ പുതിയ മോഡലാണ് വെല്ലുവിളി ഉയർത്തുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 2025 നവംബറിൽ ഗൂഗിൾ ജെമിനി-3 മോഡൽ അവതരിപ്പിച്ചതോടെ ജെമിനിയിലേക്കു കൂടുതൽ സന്ദർശകർ എത്തിത്തുടങ്ങിയതായി സിമിലർവെബ് കണക്കുകൾ സൂചിപ്പിക്കുന്നു.
വമ്പൻമാരുടെ മത്സരം
2025 ഡിസംബറിൽ മാത്രം ഗൂഗിൾ ജെമിനിയുടെ ഔദ്യോഗിക സൈറ്റിലെ ട്രാഫിക് മാത്രം ഏകദേശം 28 ശതമാനം വർധിച്ചു. ഇതേസമയം, ചാറ്റ് ജിപിടിയുടെ സൈറ്റിലെ ട്രാഫിക് ആറു ശതമാനം കുറയുകയും ചെയ്തു. അതേസമയം, യഥാർഥ കണക്കുകൾ പരിശോധിച്ചാൽ ചാറ്റ് ജിപിടി സന്ദർശകരുടെ എണ്ണത്തിൽ വളരെ മുന്നിലുമാണ്.
ഡിസംബറിൽ ചാറ്റ് ജിപിടിക്ക് 550 കോടി ന്ദർശനങ്ങൾ ലഭിച്ചപ്പോൾ ജെമിനിക്കു ലഭിച്ചത് 170 കോടി മാത്രമാണ്. ഡീപ്സീക്ക്, ഗ്രോക്ക്, പെർപ്ലെക്സിറ്റി , ക്ലോഡ് തുടങ്ങിയ മറ്റ് എഐ പ്ലാറ്റ്ഫോമുകളൊന്നും തന്നെ 40 കോടി സന്ദർശനങ്ങൾക്കു മുകളിൽ എത്തിയിട്ടില്ല. ചുരുക്കത്തിൽ, എഐ രംഗത്തു മത്സരം ജെമിനിക്കും ചാറ്റ്ജിപിടിക്കും ഇടയിലാണ്.
ഗൂഗിളിന്റെ തന്ത്രം
അതേസമയം, ഗൂഗിളിന്റെ തന്ത്രപരമായ മാർക്കറ്റിംഗ് നീക്കങ്ങളാണ് ജെമിനിയുടെ വളർച്ചയ്ക്കും സന്ദർശകരുടെ വർധനയ്ക്കും കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗൂഗിൾ സേർച്ച്, ആൻഡ്രോയ്ഡ് ഫോണുകൾ, ജി മെയിൽ, ഡോക്സ്, ഷീറ്റ്സ് എന്നിവയിലെല്ലാം ഗൂഗിൾ ജെമിനിയെ സംയോജിപ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കൾ പ്രത്യേകമായി ജെമിനി വെബ്സൈറ്റ് തുറക്കാതെതന്നെ തങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളിലൂടെ ജെമിനി എഐ സേവനം പ്രയോജനപ്പെടുത്തുന്നു. ചാറ്റ് ജിപിടി പ്രധാനമായും ആശ്രയിക്കുന്നത് ഉപഭോക്താക്കൾ നേരിട്ടു വെബ്സൈറ്റിലേക്കു വരുന്നതിനെയാണ്. ഗൂഗിളിന്റെ മാർക്കറ്റിംഗ് തന്ത്രങ്ങൾ ചാറ്റ് ജിപിടി ഉടമകളായ ഓപ്പൺ എഐ ക്യാമ്പിൽ ജാഗ്രതയുണ്ടാക്കിയിട്ടുണ്ട്. കമ്പനിക്കുള്ളിൽ കോഡ് റെഡ് സാഹചര്യത്തിനു സമാനമായ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചാറ്റ് ജിപിടിയെ കൂടുതൽ ബുദ്ധിശക്തിയുള്ളതും വേഗമുള്ളതുമാക്കുന്നതിലേക്കാണ് അവർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
National
ന്യൂഡല്‍ഹി: ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ ഗ്രോക്ക് എഐ ചാറ്റ്ബോട്ട് അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് എക്സ് സമര്‍പ്പിച്ച മറുപടി തൃപ്തികരമല്ലെന്ന് കേന്ദ്ര സര്‍ക്കാർ. കേന്ദ്രത്തിന്റെ നോട്ടീസിനോട് വിശദമായ മറുപടിയാണ് മസ്ക് നല്‍കിയതെങ്കിലും പ്രധാന വിവരങ്ങള്‍ ഒഴിവാക്കിയതായാണ് വിമര്‍ശനം. ഗ്രോക്ക് എഐ വഴി സൃഷ്ടിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ ഉടന്‍ നീക്കം ചെയ്യാനും 72 മണിക്കൂറിനുള്ളില്‍ വിശദമായ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് നല്‍കാനുമാണ് കേന്ദ്ര ഇലക്ട്രോണിക്സ് ഐ.ടി. മന്ത്രാലയം ഗ്രോകിനോട് ആവശ്യപ്പെട്ടത്. ഗ്രോക്ക് എഐ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെ ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി അശ്ലീല ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി.
ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുമെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കകം എക്സ് ദീര്‍ഘമായ മറുപടി സമര്‍പ്പിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പോസ്റ്റുകളും അശ്ലീല ചിത്രങ്ങളും നീക്കം ചെയ്യുന്നതിനുള്ള നയങ്ങളും വിശദീകരിച്ചു. എന്നാൽ, ഗ്രോക്ക് എഐ വഴി ഉണ്ടായ അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെ എടുത്ത പ്രത്യേക നടപടികളും ഭാവിയില്‍ ഇത് തടയാനുള്ള നടപടികളും മറുപടിയില്‍ വിശദമായി പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗ്രോകിന്റെ മറുപടി തീര്‍ത്തും പോരായെന്നുള്ള സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് എക്സിന് വീണ്ടും കേന്ദ്രം നിര്‍ദേശം നല്കി.
ഐ.ടി നിയമപ്രകാരം പ്ലാറ്റ്ഫോമുകള്‍ക്കുള്ള 'സേഫ് ഹാര്‍ബർ' പരിരക്ഷ പാലിക്കുന്നതിന് പ്ലാറ്റ്ഫോമുകള് ഇന്ത്യന്‍ നിയമങ്ങള്‍ കര്‍ശനമായി പിന്തുടരണം (ഡ്യൂ ഡിലിജന്‍സ്) എന്നാണ് വ്യവസ്ഥ. ഇത് പാലിക്കാതിരുന്നാല്‍ ഈ പരിരക്ഷ നഷ്ടപ്പെടുമെന്ന് കേന്ദ്രം ഇതിന് മുന്‍പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്രോക്കിന്റെ ദുരുപയോഗം പ്ലാറ്റ്ഫോമിന്റെ സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതര വീഴ്ചയാണെന്നും വിമര്‍ശനമുണ്ട്. ഗ്രോക്ക് എഐയുടെ ഇതേ പ്രശ്നങ്ങള്‍ ഇന്ത്യക്ക് പുറമേ യുകെയിലും മലേഷ്യയിലും ചര്‍ച്ചയായിട്ടുണ്ട്.
Business
കൊച്ചി: എഐസിആര്എം കമ്പനിയായ സെയില്‍സ്ഫോഴ്സ്, ബഹുരാഷ്ട്ര റിക്രൂട്ട്മെന്റ്, മനുഷ്യവിഭവ സ്ഥാപനമായ ടാസ്ക് ഔട്ട്സോഴ്സിംഗുമായി കൈകോര്‍ക്കുന്നു.
മികച്ച ഉപഭോക്തൃബന്ധങ്ങളിലൂടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി സ്വതന്ത്ര എഐ ഏജന്റ്സിനെ സെയില്‍സ്ഫോഴ്സ് നല്‍കും.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവിട്ട മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന് പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ എഐ നിര്മിതമെന്നു മന്ത്രി വി.ശിവന്‍കുട്ടി. കോണ്‍ഗ്രസിന്റേത് തരംതാഴ്ന്ന നടപടിയാണ്.
ചിത്രത്തില്‍ മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണ്. വ്യാജ ആരോപണങ്ങളെ നേരിട്ടുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം. ഇതൊന്നും മുഖ്യമന്ത്രിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
District News
കൊച്ചി: വയനാട് എഐ ആന്‍ഡ് ഡാറ്റ സെന്റര്‍ പാര്‍ക്കുമായി മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന് എന്‍ജിഒ. സൗത്ത് വയനാട്ടില്‍ കല്പറ്റയ്ക്കും നിലമ്പൂരിനും ഇടയില്‍ ഒരു പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയായിട്ടാണ് പാര്‍ക്ക് നിലവില്‍ വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളുടെയും പിന്തുണയോടെ ഈ സെന്റര്‍ സഥാപിക്കുന്നത്.
പതിനായിരം കോടിയുടെ പ്രോജക്ട് ആണിതെന്ന് മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന് ഡയറക്ടര്‍ അബ്ദുള്ള മഞ്ചേരി പ്രസ് മീറ്റില്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ജനുവരി 1, 2 തീയതികളില്‍ പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ ഫെസ്റ്റിവല്‍ സംഘിപ്പിക്കുന്നത്.
ജനുവരി ഒന്നിന് ആറിന് ഉദ്ഘാടനവും രണ്ടിന് ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള വിദേശ ബിസിനസ് പ്രതിനിധികളുടെ പ്രസന്റേഷനും നടക്കും. പൊതുസമ്മേളനത്തില്‍ 16 ഗ്ലോബല്‍ മലയാളികള്‍ക്ക് 'ഗ്ലോബല്‍ മലയാളി രത്ന' അവാര്‍ഡുകള്‍ നല്കി അംഗീകരിക്കും. കേന്ദ്രമന്ത്രിമാരും കേരള മന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും ഗള്‍ഫ് അടക്കം 52 രാജ്യങ്ങളില്‍നിന്നുള്ള പ്രത്യേക അതിഥികളും പങ്കെുക്കും.
District News
അരുവിത്തുറ: "ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിർത്തികൾ - സിദ്ധാന്തങ്ങൾ, ചട്ടക്കൂടുകൾ, നൂതന പ്രയോഗങ്ങൾ' എന്ന വിഷയത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ആറ് ദിവസത്തെ ഓൺലൈൻ ഫാക്കലിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം ഇന്റർനാഷണൽ സെൻട്രൽ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വെയർ ഡയറക്ടർ ഡോ. ടി.ടി. സുനിൽ നിർവഹിച്ചു. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എഐസിടിഇ) അടൽ പദ്ധതിയുടെ സ്പോൺസർഷിപ്പോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫാക്കലിറ്റി അംഗങ്ങളും ഗവേഷക വിദ്യാർഥികളുമുൾപ്പെടെ 250 ഓളം വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
ആധുനിക എഐ ആശയങ്ങൾ പാഠ്യപദ്ധതിയിൽ സമന്വയിപ്പിക്കുന്നതിനും ഗവേഷണങ്ങളിൽ ഉപയോഗിക്കുന്നതിനും ആവശ്യമായ ഏറ്റവും പുതിയ സൈദ്ധാന്തിക അറിവുകളും പ്രായോഗിക പ്രയോഗങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ഉദ്ഘാടന ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ. സൗമ്യ ജോർജ്, ഡോ. ജസ്റ്റിൻ ജോയ് തുടങ്ങിയവർ സംസാരിച്ചു.
NRI
സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഇന്ത്യക്ക് ഒരു ’വലിയ സമീകരണ ശക്തി’ (Great Equalizer) ആയി മാറുമെന്ന് പ്രമുഖ സാങ്കേതിക നിക്ഷേപകൻ വിനോദ് ഖോസ്ല അഭിപ്രായപ്പെട്ടു.
എഐ ’സങ്കൽപ്പിക്കാൻ കഴിയുന്നതിൽ വച്ച് ഏറ്റവും വലിയ അവസരം’ ആണെന്ന് സാൻ ഫ്രാൻസിസ്കോയിൽ നടന്ന ഇന്ത്യയുടെ എഐ ഇംപാക്ട് സമ്മിറ്റ് പ്രീകോൺഫറൻസിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
അടുത്ത 15 വർഷത്തിനുള്ളിൽ വൈദ്യം, നിയമം, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലകളിലെയും വിദഗ്ധ സേവനങ്ങൾ സൗജന്യമാകും. എഐ ഉപയോഗിക്കാൻ ഭാഷാപരമായ കഴിവുകൾ മാത്രം മതിയാകും എന്നതിനാൽ, വിദ്യാഭ്യാസം ലഭിക്കാത്ത സാധാരണക്കാർക്ക് ഇത് വലിയ സ്വാധീനം ചെലുത്തും.
2030ഓടെ ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും കുറഞ്ഞ ചെലവിൽ വ്യക്തിഗത ട്യൂട്ടർമാരെ ലഭിക്കുമെന്നും, 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം വീടുകളിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
Business
ഇന്ത്യ അതിവേഗം നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. ആമസോണ്‍, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ടെക് സ്ഥാപനങ്ങളടക്കമുള്ള ലോകത്തിലെ വലിയ സ്വാധീനമുള്ള കന്പനികൾ നിക്ഷേപങ്ങൾക്കായി ഇന്ത്യയിൽ എത്തുകയാണ്.
ആമസോണ്‍, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ മൂന്നു വൻകിട ഐടി കന്പനികളും ചേർന്ന് 67.5 ബില്യണ്‍ ഡോളറാണ് ഇന്ത്യയിൽ നിക്ഷേപിക്കുന്നത്. രാജ്യത്തെ യുവജനങ്ങളുടെ കഴിവും ഡിജിറ്റൽ മുന്നേറ്റത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് വൻ നിക്ഷേപങ്ങൾ നടത്തുന്നത്.
യുവതലമുറയും ചെലവ് കുറഞ്ഞ ഡാറ്റയുടെ ലഭ്യതയും രാജ്യത്തെ എഐ അധിഷ്ഠിത വളർച്ചയ്ക്ക് ഒരു ഫലഭൂയിഷ്ഠമായ മണ്ണാക്കി മാറ്റുന്നത്.
നിയന്ത്രണപരമായ തടസങ്ങളും ശക്തമായ പ്രാദേശിക മത്സരങ്ങളും നേരിടുന്നുണ്ടെങ്കിലും ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ആമസോണ്‍, ആൽഫബെറ്റ് ഇൻകോർപറേറ്റഡിന്റെ ഗൂഗിൾ തുടങ്ങിയ വലിയ യുഎസ് ഇന്റർനെറ്റ് കന്പനികൾക്ക് ഉയർന്ന വളർച്ചയുള്ള വിപണിയായി തുടരുന്നു.
ആമസോണ്‍
തങ്ങളുടെ ഏറ്റവും വലിയ ആഗോള വിപണികളിലൊന്നായ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കിക്കൊണ്ട് 2030ഓടെ 35 ബില്യണ്‍ ഡോളർ രാജ്യത്ത് നിക്ഷേപിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ഇ കൊമേഴ്സ് വന്പന്മാരായ യുഎസ് കന്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ പ്രധാന മേഖലകളിൽ നിക്ഷേപം നടത്താനും തങ്ങളുടെ ക്ലൗഡ് കംപ്യൂട്ടിംഗ്, ക്വിക് കൊമേഴ്സ് ബിസിനസുകൾ വിപുലീകരിക്കാനും പദ്ധതിയിടുന്നു. ഈ നിക്ഷേപങ്ങൾക്ക് 2030ഓടെ രാജ്യത്ത് 38 ലക്ഷത്തിലധികം നേരിട്ടും അല്ലാത്തതുമായ ജോലികൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ആമസോണിന്റെ എമേർജിംഗ് മാർക്കറ്റ്സ് സീനിയർ വൈസ് പ്രസിഡന്റ് അമിത് അഗർവാൾ പറഞ്ഞു.
മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദെല്ല കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും 2026 മുതൽ 2029 വരെ നാലുവർഷങ്ങൾക്കുള്ളിൽ 17.5 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഏഷ്യയിൽ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണിത്.
രാജ്യത്തുടനീളമുള്ള മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കംപ്യൂട്ടിംഗ്, എഐ വിപുലീകരണങ്ങൾ നടപ്പി ലാക്കുക, ബംഗളൂരു, പൂന, ഹൈദരാബാദ്, ഗുരുഗ്രാം, നോയി, കൂടാതെ മറ്റ് നഗരങ്ങളിലുമുള്ള 22,000 ത്തിലധികം വരുന്ന ജീവനക്കാർക്ക് ഉയർന്ന പരിശീലനം നല്‍കുക എന്നിവയാണ് ലക്ഷ്യം.
മൈക്രോസോഫ്റ്റിന്റെ ഈ നിക്ഷേപത്തിന്റെ ഭാഗമായി ഹൈദരാബാദിൽ കന്പനിയുടെ ഏറ്റവും വലിയ ഹൈപ്പർ സ്കെയിൽ ഡാറ്റാ സെന്റർ 2026 പകുതിയോടെ പ്രവർത്തനസജ്ജമാകും. വിദ്യാർഥികൾക്ക് സൗജന്യ ലഭ്യത ഉറപ്പാക്കിക്കൊണ്ട് എഐ അസിസ്റ്റന്റായ കോപൈലറ്റിനെ പ്രോത്സാഹിപ്പിക്കാനും മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നുണ്ട്.
ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ, നൈപുണ്യ വികസനം എന്നിവയിലേക്ക് അടുത്ത രണ്ടു വർഷത്തിനുള്ളിൽ മൂന്നു ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഈ വർഷം ആദ്യ നദെല്ല പ്രഖ്യാപിച്ചിരുന്നു.
ഗൂഗിൾ
ഒക്ടോബർ ആദ്യം ഗൂഗിൾ വിശാഖപട്ടണത്ത് വലിയ എഐ ഹബ് സ്ഥാപിക്കുന്നതിനായി 15 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുമെന്ന് അറിയിച്ചു. യുഎസിന് പുറത്ത് കന്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാകുമിത്.
ഇന്ത്യയിലെ ആദ്യത്തെ ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്റർ കാന്പസായിരിക്കും ഇത്. എഐ ഇൻഫ്രാസ്ട്രക്ചറും ഡാറ്റാ സെന്ററുകളും പുനരുപയോഗ ഉൗർജ ശേഷിയുമായി സംയോജിപ്പിക്കുന്നതാണ് ഈ സൗകര്യമെന്ന് ഗൂഗിൾ പറഞ്ഞിരുന്നു.
ഇന്റൽ, കോഗ്നിസന്റ്, ഓപ്പണ്‍എഐ
നിർമിത ബുദ്ധിയുടെ പ്രധാനചാലകശക്തിയായി കണക്കാക്കപ്പെടുന്ന സെമികണ്ടക്ടറുകളുടെ പ്രാദേശിക നിർമാണത്തിന് ടാറ്റാ ഇലക്ട്രോണിക്സിന്റെ വരാനിരിക്കുന്ന ചിപ്പ് നിർമാണ കേന്ദ്രങ്ങൾക്ക് ഇന്റലിനെ ഒരു ശക്തനായ ഉപഭോ ക്താവായി ലഭിച്ചിരിക്കുകയാണ്. ഗുജറാത്തിലെയും ആസാമിലെയും കേന്ദ്രങ്ങളിൽ ടാറ്റ ഇലക്ട്രോണിക്സ് ഇന്റലിനായി ചിപ്പുകൾ നിർമിക്കുകയും അസംബിൾ ചെയ്യുകയും ചെയ്യും.
ധാരണപത്രപ്രകാരം ടാറ്റാ ഇലക്ട്രോണിക്സിന്റെ പൂർത്തിയാകാനിരിക്കുന്ന പ്ലാന്റുകളിൽ പ്രദേശികവിപണികൾക്കായുള്ള ഇന്റൽ ഉത്പന്നങ്ങളുടെ നിർമാണവും പാക്കേജിംഗും നടത്തും. ഇതിനായി ടാറ്റാ ഇലക്ട്രോണിക് 14 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. ഇന്റലുമായി ചേർന്ന് ടാറ്റാ ഇലക്ട്രോണിക്സ് ഇന്ത്യയിലെ ഉപഭോക്തൃ, എന്റർപ്രൈസ് വിപണികൾക്കായി എഐ പിസി സൊല്യൂഷനുകൾ അതിവേഗം വിപുലീകരിക്കാനുള്ള സാധ്യതകളും പരിശോധിക്കും.
മറ്റൊരു ഐടി ഭീമന്മാരായ കോഗ്നിസെന്റ് ഇന്ത്യയുടെ എഐ ഫസ്റ്റ് സംരംഭത്തോടുള്ള പ്രതിബന്ധത അറിയിച്ചിട്ടുണ്ട്.
ചാറ്റ്ജിപിടിയുടെ നിർമാക്കളുടെ എഐ പദ്ധതിയായ സ്റ്റാർഗേറ്റിന്റെ ഇന്ത്യാ ചാപ്റ്റർ ആരംഭിക്കുന്നതിനായി ഓപ്പണ്‍എഐ ടാറ്റ കണ്‍സൾട്ടൻസി സർവീസസുമായി ചർച്ചയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
National
ന്യൂഡൽഹി: നിർമിതബുദ്ധി (എഐ) ഉപയോഗിച്ചു വൈദ്യുത ബില്ലുകൾ കുറയ്ക്കാൻ പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ശശാങ്ക് മിശ്ര.
എഐ ഉപകരണങ്ങളുടെ സഹായത്തോടെ വൈദ്യുതി മേഖലയിലെ സാങ്കേതിക പ്രശ്നങ്ങളും കൊള്ളയും കണ്ടെത്താൻ ഊർജ വിതരണ കന്പനികൾക്ക് എളുപ്പം സാധിക്കും.
ഇതോടെ വൈദ്യുതി പാഴാക്കുന്നത് തടയാനും സാധാരണക്കാരുടെ വൈദ്യുത ബിൽ കുറയ്ക്കാനും കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ശശാങ്ക് വ്യക്തമാക്കി.
മിക്ക വീടുകളിലും തെറ്റായ വയറിംഗ് മൂലമോ ഭൂമിയിലെ ചോർച്ച മൂലമോ (എർത്ത് ലീക്കേജ്) വൈദ്യുതി പാഴായി പോകുന്നതായി ശശാങ്ക് ചൂണ്ടിക്കാണിക്കുന്നു.
പ്രതിദിനം ഇത്തരം വീഴ്ചകൾ കണ്ടെത്തുന്നതിനായി എഐ ഉപകരണങ്ങൾ പ്രോഗ്രാം ചെയ്യുമെന്നും അതുവഴി വിതരണ കന്പനികൾ വീഴചയുള്ള വീടുകൾ കണ്ടെത്തി അത് പരിഹരിക്കുമെന്നും ശശാങ്ക് പറഞ്ഞു.
Business
കൊച്ചി: ഒന്നാംനിര എഐ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് സ്ഥാപനം സെയില്സ്ഫോഴ്സിന്റെ വരുമാനത്തില്‍ 47 ശതമാനം വളര്‍ച്ച.
കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയില്‍ കമ്പനിയുടെ വരുമാനം ഉയര്‍ന്ന് 13,384 കോടിയിലെത്തി.
ഇന്ത്യന്‍ സംരംഭകര്‍ക്കിടയില്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷനില്‍ ഏറ്റവും വിശ്വസ്തരായി എന്നതാണ് സെയില്സ്ഫോഴ്സിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചതെന്ന് അധികൃതർ പറഞ്ഞു.
Business
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ എഐ ലക്ഷ്യങ്ങളെ പിന്തുണച്ചുകൊണ്ട് 2030ഓടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) എത്തിക്കാനുള്ള പദ്ധതികൾ ആമസോണ്‍ പ്രഖ്യാപിച്ചു.
ലോക്കൽ ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾക്കായി 12.7 ബില്യണ്‍ ഡോളർ നിക്ഷേപിക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. കൂടാതെ കന്പനിയുടെ വിവിധ ബിസിനസുകളിലൂടെ ഒന്നര കോടിയിലധികം ചെറുകിട ബിസിനസുകൾക്ക് എഐയുടെ പ്രയോജനങ്ങൾ എത്തിക്കുകയും ചെയ്യും.
2030 ഓടെ 40 ലക്ഷം സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് എഐ സാക്ഷരതയും കരിയർ അവബോധവും നൽകാനും ആമസോണ്‍ ലക്ഷ്യമിടുന്നുണ്ട്. ആമസോണിലെ കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് ഷോപ്പിംഗ് കൂടുതൽ എളുപ്പമുള്ളതും ആകർഷകവുമാക്കാൻ കന്പനിയുടെ എഐ സംവിധാനം തുടരുകയും ചെയ്യും.
Business
തിരുവനന്തപുരം: ഡിജിറ്റൽ പരിവർത്തനം, സാമൂഹിക സ്വാധീനം എന്നിവയ്ക്കുള്ള 2025 ലെ മഹാത്മാ അവാർഡ് തുടർച്ചയായ നാലാം വർഷവും മുൻനിര എഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊലൂഷൻസ് കന്പനിയായ യുഎസ്ടി നേടി. ഇന്ത്യയിലെ ഏറ്റവും പ്രമുഖ സിഎസ്ആർ അവാർഡാണിത്.
സാമൂഹിക ഉന്നമനത്തിനായുള്ള സംഭാവനകൾ നൽകുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനും രാഷ്ട്ര പിതാവായ മഹാത്മാഗാന്ധി മുന്നോട്ടു വച്ച ആശയങ്ങൾ ആവിഷ്കരിക്കുന്നവരെ അനുസ്മരിക്കുന്നതിനുമാണ് മഹാത്മാ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഐക്യരാഷ്ട്രസഭയുടെ 2030 ലേക്കുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളോട് ചേർന്നു നിൽക്കുന്നവയാണ് യുഎസ്ടിയുടെ സിഎസ്ആർ സംരംഭങ്ങൾ.
Kerala
കൊച്ചി: പുതിയകാല ടെക്നോളജികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗപ്പെടുത്താനുള്ള സ്ഥാനാര്‍ഥികളുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് അറിയിച്ചു.
പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതായി വിലയിരുത്തിയ പശ്ചാത്തലത്തിലാണ് എഐ ഉപയോഗത്തില്‍ കര്‍ശനനിയന്ത്രണവുമായി കമ്മീഷന് രംഗത്ത് എത്തിയത്. ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി.
പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഡിജിറ്റലായി മാറ്റം വരുത്തിയ ഉള്ളടക്കങ്ങള്‍ ഏത് സാങ്കേതിക വിദ്യയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത് അത് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പ്രധാനം.
വീഡിയോയില്‍ സ്ക്രീനിന് മുകളിലായും ചിത്രങ്ങളില്‍ കുറഞ്ഞത് പത്തു ശതമാനം ഡിസ്പ്ലേ ഭാഗത്തും ഓഡിയോയില്‍ ആദ്യ പത്തു ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.
ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നതും പൂര്‍ണമായും നിരോധിച്ചു.
പാര്‍ട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്നു മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണം. കൂടാതെ അവയുടെ സൃഷ്ടിക്ക് ഉത്തരവാദികളായവര്‍ക്ക് മുന്നറിയിപ്പ് നല്‍കണം.
വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. എഐ ഉപയോഗിച്ച് നിര്‍മിച്ച എല്ലാ പ്രചാരണ സാമഗ്രികളും സൃഷ്ടിക്കപ്പെട്ട തീയതി, നിര്‍മാതാവിന്റെ വിവരങ്ങള്‍ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിക്കണമെന്നും മാര്‍ഗരേഖയിലുണ്ട്.
ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരേ ശക്തമായ നടപടികളുണ്ടാവും.
പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.
Business
കൊച്ചി/മുംബൈ: ഇന്ത്യയിലുടനീളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിപ്ലവം ത്വരിതപ്പെടുത്തുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഗൂഗിളും ചേർന്ന് വിപുലമായ പങ്കാളിത്തം പ്രഖ്യാപിച്ചു. റിലയൻസിന്റെ ’എഐ എല്ലാവർക്കും’ എന്ന കാഴ്ചപ്പാടാണ് ഈ പങ്കാളിത്തം ലക്ഷ്യമാക്കുന്നത്.
രാജ്യത്ത് റിലയൻസിന്റെ വൻതോതിലുള്ള വ്യാപ്തിയും കണക്റ്റിവിറ്റിയും ഗൂഗിളിന്റെ ലോകോത്തര എഐ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതിയാണ് പ്രാബല്യത്തിലാകുന്നത്. എഐ സാങ്കേതികവിദ്യയെ ജനങ്ങളിലേക്ക് എത്തിക്കുകയും ഇന്ത്യയുടെ എഐ സൂപ്പർ പവറാകുനുള്ള യാത്രയ്ക്ക് ഡിജിറ്റൽ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
ഗൂഗിൾ, റിലയൻസ് ഇന്റലിജൻസുമായി ചേർന്ന്, ഗൂഗിൾ ജെമിനി യുടെ ഏറ്റവും പുതിയ പതിപ്പോടുകൂടിയ ഗൂഗിൾ എഐ പ്രോ പ്ലാൻ തെരഞ്ഞെടുക്കപ്പെട്ട ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് സൗജന്യമായി നൽകും. 18 മാസത്തെ ഈ സൗജന്യ ഓഫറിന് 35,100 രൂപയാണ് ചെലവാകുന്നത്. ഇതാണ് ഉപയോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്നത്.
Leader Page
“നീ നിന്റെ മസ്തിഷ്കത്തിന്റെ സ്വഭാവംപോലെയായിരിക്കും. നിന്റെ മസ്തിഷ്കം എന്നാൽ നീ തന്നെയാണ്.” അഭിജിത്ത് നാസ്കർ.
നിർമിതബുദ്ധിയുടെ പിന്നാലെയാണു ലോകം. വിശാലസാധ്യതകൾ തുറന്നുകിട്ടാൻ ആവേശത്തോടെ എഐ(നിർമിതബുദ്ധി)യുമായി ചേർന്ന് എല്ലാ മേഖലകളിലുമുള്ള സാധ്യതകൾ അന്വേഷിക്കുകയാണ് ശാസ്ത്രലോകം. എഐയുടെ വളർച്ചയിൽ മനുഷ്യന് എന്തു പറ്റുന്നു? മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളിൽ എന്തു മാറ്റവും വളർച്ചയുമാണ് ഉണ്ടാകുക എന്നത് വിലയിരുത്തേണ്ടതുണ്ട്. എഐ ഒരുക്കുന്ന അറിവും വിമർശനാത്മക ചിന്ത കൂടാതെ എഐയുടെ സ്വാധീനത്തിൽപ്പെടുന്നതും കുട്ടികളുടെ പഠനസ്വഭാവം അപകടകരമാകുംവിധം പരിവർത്തനവിധേയമാകുന്നതും ശ്രദ്ധിക്കാതെ പറ്റില്ല. ഇവിടെ നിന്നുകൊണ്ട് നിർമിതബുദ്ധിയുടെ സാധ്യതകൾ തേടുന്നതിനൊപ്പം മനുഷ്യന്റെ മേന്മയും വളർത്തിയെടുക്കണം.
അനുദിന ജീവിതത്തിന്റെ സുഗമമായ നടത്തിപ്പിനു സഹായിമാരായാണ് എഐയും കൂട്ടരും തന്റെ കൂട്ടാളികളുമായി കടന്നുവരുന്നത്. നിത്യോപയോഗ മേഖലകളിലൂടെ എഐ, റോബോട്ടിക്സ്, മെഷിൻ ലേണിംഗ് എന്നിവയൊക്കെ സാധാരണക്കാർക്കും പരിചിതമായിരിക്കുന്നു. ഈ വിഷയങ്ങൾ പഠിച്ച് ജോലിക്ക് ഒരുങ്ങുന്നവരും ഏറെയാണ്. റോഡിൽ കാമറയായും ആശുപത്രിയിൽ ചികിത്സാ ഉപകരണങ്ങളായും സ്കൂളിൽ സ്മാർട്ട് ബോർഡും ആപ്പുകളുമായും മൊബൈലിൽ ചാറ്റ് ജിപിടിയായും പല രൂപങ്ങളിൽ നൂതന സാങ്കേതികവിദ്യ മനുഷ്യരുടെ കൂട്ടുകാരാണ്.
വേഗത്തിലും കൃത്യതയിലും ഒത്തിരി കാര്യങ്ങൾ ചെയ്യാൻ ഇവയ്ക്കാകുന്നു. മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലേക്കും എഐ കടന്നുകയറുകയാണ്. തൊഴിൽമേഖലയിൽ അടിമുടി മാറ്റം വന്നുകഴിഞ്ഞു. കുട്ടികളുടെയും യുവാക്കളുടെയും ചോദ്യങ്ങൾക്ക് ഞൊടിയിടയിൽ ഉത്തരം ലഭിക്കുന്നു. കൂടുതലായറിഞ്ഞ് നല്ല രീതിയിൽ എഐയെ ഉപയോഗപ്പെടുത്തി മനുഷ്യജീവിതത്തെ മെച്ചപ്പെടുത്താനാകും. ഇതിനുവേണ്ടി തലമുറകളെ പരിശീലിപ്പിക്കാം.
മനുഷ്യന്റെ മഹിമ
ദൈവഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട സൃഷ്ടിയുടെ മകുടമാണ് മനുഷ്യൻ. മനുഷ്യന്റെ മഹിമയോടു ചേർന്നുവേണം നിർമിതബുദ്ധി വികസിക്കാനും വിശാലമാകാനും.
മനുഷ്യന്റെയും പ്രകൃതിയുടെയും സംരക്ഷകരാകേണ്ടത് ആരാണ്? ദൈവത്തെയും പ്രകൃതിയിലെ മാറ്റങ്ങളെയും അംഗീകരിച്ചുകൊണ്ടുതന്നെ മനുഷ്യൻ അല്ലെങ്കിൽ സാങ്കേതികവിദ്യ എന്നിവയിൽനിന്ന് ആരെ തെരഞ്ഞെടുക്കണം? പ്രശ്നപരിഹാരത്തിനും ക്രിയാത്മക നേതൃത്വത്തിനും മനുഷ്യഭാവനയും ബോധവും ഒഴിച്ചുകൂടാനാകാത്തതാണ്. ചിന്താബോധം, തീരുമാനം, നേതൃത്വം എന്നിവയിലൂടെ മനുഷ്യനു മാത്രമേ സമൂഹത്തെ മുന്നോട്ടു നയിക്കാനാകൂ. നന്മ-തിന്മ തിരിച്ചറിയാൻ കഴിവുള്ള മനുഷ്യൻ, തന്നെയും ചുറ്റുപാടിനെയും തിരിച്ചറിഞ്ഞ് അന്തരാത്മാവിലെ നന്മകൂടി ഉൾക്കൊണ്ട് ക്രിയാത്മകമായി വഴിതെളിക്കണം.
അറിവിനെ (data) പലതരത്തിൽ ക്രമീകരിക്കാനുള്ള ശേഷി (intelligence)യേക്കാൾ തന്നെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഉള്ള തിരിച്ചറിവിന്റെ ബോധമാണ് ശ്രേഷ്ഠമായത് എന്ന് തത്വചിന്തകനും ചരിത്രകാരനുമായ നോവ ഹരാരി പറയുന്നു. വൈകാരികത, ബന്ധങ്ങൾ, ചിന്ത, അനുഭവങ്ങൾ, ധാർമികത എന്നിവയിലൂന്നി നില്ക്കുന്നതും ആന്തരികതയുടേ (ദൈവസാന്നിധ്യത്തിന്റെ)തുമായ നന്മയാണ് ബോധം. മനുഷ്യന്റെ മേന്മ ഇതിലാണ്.
മനുഷ്യബുദ്ധി വ്യതിരിക്തമാണ്. അനുഭവങ്ങൾക്ക് അർഥം നല്‍കുന്നതും ചിന്തകളെയും വികാരങ്ങളെയും പ്രവർത്തനങ്ങളെയും ധാർമികതയുടെ ഉൾപ്രേരണയിൽ, ശരി-തെറ്റിന്റെ അളവുകോലുപയോഗിച്ച്, സ്വയം നിയന്ത്രിക്കുകയും ചെയ്യുന്നത് മനുഷ്യനിലെ ബുദ്ധിയാണ്.
ചിന്തകളെയും ആശയങ്ങളെയും കഴിവുകളെയും വികാരങ്ങളെയുംകാൾ ഉന്നതമാണ് മനുഷ്യന്റെ മൂല്യം. മനുഷ്യന് അപകടം വിളിച്ചുവരുത്തുന്ന തരത്തിൽ മനുഷ്യനിർമിത സാങ്കേതികവിദ്യയെ വളർത്തരുത്. ഉത്തരവാദിത്വത്തോടെ മനുഷ്യനന്മയെ ലക്ഷ്യംവച്ച് ധാർമിക ക്രമീകരണത്തിന്റെ സഹകരണത്തോടെയേ സാങ്കേതികവിദ്യയുടെ വികാസം നടക്കാവൂ. നിയന്ത്രണമില്ലാതെ മുന്നേറുന്ന നിർമിതബുദ്ധിയുടെ വികാസം മനുഷ്യനും പരിസ്ഥിതിക്കും എതിരേ തിരിയും.
എഐയുടെ പ്രകടനത്തിനു മുന്നിൽ മനുഷ്യബുദ്ധിയെ അടിയറവയ്ക്കാത്ത നിലപാട് സ്വീകരിക്കേണ്ടതുണ്ട്. മനുഷ്യനും നിർമിതബുദ്ധിയും നേർക്കുനേർ വരുന്പോൾ, മനുഷ്യനേ വിജയിക്കാവൂ. മനുഷ്യബുദ്ധിയുടെ കഴിവുകൾ, അനന്യത, ബോധം എന്നിവ തിരിച്ചറിയണം. മനുഷ്യബുദ്ധിയുടെ സവിശേഷതകളെ വളർത്തിയെടുക്കണം.
2025 ജനുവരിയിൽ വത്തിക്കാൻ പുറപ്പെടുവിച്ച Antiqua et Nova എന്ന എഐ മനുഷ്യബുദ്ധിയെ സംബന്ധിച്ച രേഖ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആശയങ്ങളിലൊന്നാണ് റിലേഷണൽ ഇന്റലിജൻസ്. മനുഷ്യബന്ധങ്ങളിലൂടെ സമൂഹവും പ്രകൃതിയും പ്രപഞ്ചവുമായുള്ള ബന്ധങ്ങളിലൂടെ സമൂഹവും പ്രകൃതിയും പ്രപഞ്ചവുമായുള്ള ബന്ധത്തിലൂടെ വളരുന്ന ബോധത്തിന്റെ അനുഭവം ഓരോ വ്യക്തിക്കും ആവശ്യമുള്ളതാണ്. മനുഷ്യബുദ്ധിയുടെ നിലനില്പിലും വളർച്ചയിലും ബോധത്തിന്റെ അടുപ്പവും വികാരവും കരുതലും ആവശ്യമാണ്. എഐയുടെ സ്വഭാവത്തിലും കൂട്ടായ്മയുടെ, ബന്ധത്തിന്റെ, ബഹുമാനത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്ന റിലേഷണൽ ഇന്റലിജൻസ് വേണം.
മനുഷ്യന്റെ മഹത്വം അനിഷേധ്യമായ സത്യമാണ്. ഇതിനെ ബഹുമാനിച്ച്, മനുഷ്യനന്മയ്ക്കുള്ള ഉപാധികളായാണ് പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും ഉണ്ടാകേണ്ടത്. മനുഷ്യനന്മയെ സംരക്ഷിച്ച് - മനുഷ്യന്റെ നേതൃത്വത്തിലാണ് പുരോഗതിയും പ്രകൃതിസംരക്ഷണവും പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ കണ്ടെത്തലും നടത്തേണ്ടത്.
നൂതന സാങ്കേതികവിദ്യയിലൂടെ സമൂഹത്തിൽ രൂപപ്പെടുന്ന സാമൂഹിക-സാന്പത്തിക വിടവ് ഗൗരവമായി കാണണം. എഐ ഉപയോഗിക്കാൻ ശേഷിയും സാഹചര്യവും ഉള്ളവർക്കു മാത്രമായി ചുരുക്കപ്പെടുന്ന വളർച്ചയും വികാസവും അല്ല മനുഷ്യകുലത്തിനും പ്രകൃതിക്കും ആവശ്യം. കൂട്ടായ്മയിൽ, പരസ്പര സഹകരണത്തിൽ വലിയവനും ചെറിയവനും ദരിദ്രനും ധനികനും സ്ത്രീയും പുരുഷനും കുട്ടികളും വൃദ്ധരും എല്ലാം സംരക്ഷിക്കപ്പെടുന്ന, വളർന്നു വികസിക്കുന്ന ചിന്തകളും ബന്ധവും തീരുമാനവും ഉണ്ടാകണം. ഈ കൂട്ടായ്മയെ മനസിൽ സൂക്ഷിക്കാനും അതിനനുസരിച്ച് തീരുമാനമെടുക്കാനും പ്രവർത്തിക്കാനും മനുഷ്യനാണു സാധിക്കുക.
വിദ്യാർഥികളുടെ ലോകം
ആഗോളതലത്തിൽ ഓപ്പൺ എഐയുടെ രണ്ടാമത്തെ വലിയ വിപണി ഇന്ത്യയാണ്. വിദ്യാർഥികളുടെ വൻതോതിലുള്ള ഉപയോഗമാണ് ഈ കുതിച്ചുചാട്ടത്തിനു കാരണമെന്ന് ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കൾ ഓഗസ്റ്റിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചു. നിർമിതബുദ്ധിയുടെ സാധ്യതകളെ ഒരുപാട് ഉപയോഗപ്പെടുത്തുന്നവരാണ് കുട്ടികളും യുവാക്കളും. എഐയുടെ വികാസത്തിൽ ഏറ്റവുമധികം റിസ്ക് അനുഭവിക്കുന്ന വിഭാഗവും കുട്ടികളാണ്. ചിന്തിക്കാനും അന്വേഷകരാകാനും പരിശീലിക്കാനും ബോധതലത്തെ വികസിപ്പിക്കാനും വിദ്യാർഥികൾക്കുള്ള അവസരങ്ങളെ അറിവുകൊണ്ടു നിറച്ച് വേഗത്തിൽ ഉത്തരമരുളി നിർമിതബുദ്ധി സഹായിക്കുകയാണ്.
മനുഷ്യമസ്തിഷ്കത്തെ മനസിലാക്കാൻ ശാസ്ത്രലോകത്ത് തീക്ഷ്ണതയോടെ പഠനങ്ങൾ നടക്കുന്നുണ്ട്. മനുഷ്യമസ്തിഷ്കം എന്ന അദ്ഭുതം നിഗൂഢമായും അതിശയിപ്പിക്കുന്ന സാധ്യതയായും ഇന്നും നിലകൊള്ളുന്നു. വിദ്യാലയങ്ങളിലും കുട്ടികളുടെ ദിനചര്യകളിലും മനുഷ്യബുദ്ധിയുടെ വളർച്ചയ്ക്കും വികാസത്തിനും ഉതകുന്ന പെരുമാറ്റവും ശീലങ്ങളും വർധിപ്പിക്കേണ്ടതുണ്ട്. വിദ്യാലയങ്ങളുടെ ഉദ്ദേശ്യം ഇതുതന്നെയാണ്. സ്കൂൾതലത്തിൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്പോഴും മനുഷ്യബുദ്ധിയുടെ വ്യതിരിക്തത മനസിലാക്കി വേണം പരിശീലനം നല്കാൻ. വളരാനും സാധ്യതകൾ കണ്ടെത്താനും പൊരുത്തപ്പെടാനും ശേഷിയുള്ള അദ്ഭുതമാണ് തലച്ചോറ്. ഇതിനു പറ്റുന്ന അനുഭവങ്ങളും പരിശീലനങ്ങളും വേണ്ടുവോളം നല്‍കണമെന്നു മാത്രം.
നിർമിതബുദ്ധിയുടെ പുരോഗതി മനുഷ്യബുദ്ധിയുടെ വികാസത്തിനു വഴിയൊരുക്കണം. എഐയുടെ സ്വാധീനം പലപ്പോഴും പുകമറ സൃഷ്ടിക്കുന്നുണ്ട്. വിദ്യാർഥികളുടെ ആവശ്യങ്ങളെല്ലാം നടക്കുന്നു - പ്രോജക്ട്സ്, ഉത്തരങ്ങൾ, കണ്ടുപിടിത്തങ്ങൾ, വിഷയാവതരണം എല്ലാം ഭംഗിയായി നടക്കുന്നു. നൂതന സങ്കേതങ്ങൾ മുന്നോട്ടുവയ്ക്കുന്ന സൂത്രപ്പണികളും കുറുക്കുവഴികളും ചിന്ത, ഭാവന, അന്വേഷണം, വിലയിരുത്തൽ, ഭാഷ, ആസൂത്രണം എന്നിവ പരിശീലിക്കുന്നതിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നു. എളുപ്പവഴിയിൽ കുട്ടികൾ ക്രിയ ചെയ്യുന്നു. ഇതിന്റെ ഫലമായി ബുദ്ധിയുടെ വിവിധ കഴിവുകൾ അശ്രദ്ധമായി തഴയപ്പെടുന്നു, മടി പിടിക്കുന്നു.
കുട്ടികളുടെ ശ്രദ്ധയുടെ പരിധിയും വ്യാപ്തിയും പഠനരീതികളും മാറി. അന്വേഷണത്തിന്റെ ഭാഗമായ മാനസിക വികാസവും യാത്രകളും അപ്രത്യക്ഷമായി, എല്ലാം വേഗത്തിൽ ലഭ്യമാകുന്നു. കഠിനാധ്വാനം അന്യമായി. അറിവു നേടുന്ന പ്രക്രിയയുടെ ഭാഗമായി നടക്കേണ്ട സ്വഭാവ രൂപീകരണം, മാതാപിതാക്കളുടെയോ അധ്യാപകരുടെയോ ഗൗരവശ്രദ്ധയിൽപ്പെടുന്നില്ല. പെട്ടെന്ന് കണ്ടു മറയുന്ന വായനാനുഭവം നമ്മുടെ ചിന്തയെയും ഭാവനയെയും എല്ലാം തമസ്കരിക്കുന്നു. ഇതുമൂലം ബുദ്ധിയുടെ പരിശീലനങ്ങൾ പലതും അന്യംനിന്നുപോകുന്ന കാഴ്ചയാണ് ചുറ്റുപാടും.
പക്വതയും ചിന്തയും ബോധവും ബന്ധവും ആകാംക്ഷയും അന്വേഷണവുമെല്ലാം നിമിഷനേരംകൊണ്ട് വറ്റിവരണ്ടു പോകുന്നു. ഗുണത്തേക്കാളേറെ ദോഷമാണ് എഐ കൊണ്ടുവരുന്നത് എന്നു ഭയപ്പെടുന്നു. ഇത് ഗൗരവമായ വിദ്യാഭ്യാസ പ്രതിസന്ധിയും കുട്ടികളുടെ വളർച്ചയിൽ അപകടം കൊണ്ടുവരുന്ന അവകാശനിഷേധവുമാണ്. ബുദ്ധിയുടെ ശരിയായ വികാസം നിഷേധിക്കപ്പെട്ടാൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകും. കുട്ടികളുടെ പരിശീലനത്തിനും വിദ്യാഭ്യാസത്തിനും നിർമിത-മനുഷ്യബുദ്ധികളുടെ സ്വഭാവം, സാധ്യത എന്നിവ വിശദമായി പഠിച്ച് പ്രവർത്തനപദ്ധതി തയാറാക്കണം. മനുഷ്യന്റെ മഹിമയും മനുഷ്യബുദ്ധിയുടെ പ്രത്യേകതകളും തിരിച്ചറിഞ്ഞ് ശ്രദ്ധയോടെ പരിശീലിക്കുകയും പരിശീലിപ്പിക്കുകയും വേണം. അറിവിനെ ക്രമീകരിക്കാനും വ്യത്യസ്ത രീതിയിൽ അവയുപയോഗിച്ച് കണക്കുകൂട്ടാനുള്ള കഴിവുകളിൽ മാത്രം ശ്രദ്ധിച്ച് ബുദ്ധിയെ വളർത്തുന്ന വിദ്യാഭ്യാസ രീതിയല്ല വേണ്ടത്.
കാൽക്കുലേറ്ററിൽ നന്പറുകളെ ഉപയോഗിച്ച് കണക്കുകൂട്ടി എടുക്കുന്നതുപോലെ പല ചേരുവകളിലൂടെ വ്യത്യസ്ത ക്രമീകരണങ്ങളിലൂടെ അറിവിനെ പുനർനിർമിക്കുന്ന രീതി ബുദ്ധിയുടെ പക്വമായ രീതിയോ പൂർണതയോ അല്ല.
ബോധത്തിൽ, ബന്ധത്തിൽ, നന്മയിൽ വളരുന്ന മനസിന്റെ കഴിവുകൾ ശ്രദ്ധിക്കണം. മനുഷ്യബുദ്ധിയുടെ ശീലമാക്കി ബോധത്തെ തിരിച്ചറിയണം, വളർത്തിയെടുക്കണം. മനുഷ്യനോടും പ്രകൃതിയോടുമുള്ള കരുതലും നന്മയും ഇവയുടെ വളർച്ചയും സംരക്ഷണവും സാധ്യമാക്കുന്ന മനസ്, ബോധത്തിന്റെ അടിസ്ഥാനമാണ്. അറിവിന് അർഥവും ബന്ധവും നന്മയും നല്കി, അറിവിനെ വ്യാഖ്യാനിക്കുന്ന വിദ്യാഭ്യാസം ഇവിടെ രൂപപ്പെടും. ശരീരത്തിൽനിന്നും പ്രകൃതിയിൽനിന്നും ആത്മാവിൽനിന്നും അറിവിനെ മുറിച്ചുമാറ്റാനാവില്ല. അറിവിനെ മാത്രം കൈകാര്യം ചെയ്യുന്ന നിർമിതബുദ്ധിയുടെ രീതിയിലുള്ള വിദ്യാഭ്യാസം അപകടം കൊണ്ടുവരും. ജൈവസ്വഭാവമുള്ളതാണ് അടിസ്ഥാനപരമായി അറിവ്, അങ്ങനെ ആയിരിക്കുകയും വേണം. ബന്ധങ്ങളിൽ, പ്രവൃത്തിയിൽ, ആന്തരികമായി അനുഭവത്തിൽ അറിവ് അതിന്റെ ജൈവസ്വഭാവം സ്വീകരിക്കും - നിലനിർത്തും.
NRI
ഫിലഡല്‍ഫിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) എന്ന വിഷയത്തെ ആസ്പദമാക്കി പമ്പ മലയാളി അസോസിയേഷന് സംഘടിപ്പിച്ച സെമിനാര്‍ വിജ്ഞാനപ്രദമായി. പമ്പ കമ്യൂണിറ്റി സെന്ററില്‍ നടന്ന സെമിനാറില്‍ പമ്പ പ്രസിഡന്റ് ജോണ്‍ പണിക്കര്‍ സ്വാഗതം പറഞ്ഞു.
നിർമിത ബുദ്ധി എന്താണ്, എങ്ങനെ പ്രവര്‍ത്തിക്കുന്നു, അനുദിന ജീവിതത്തിലുള്ള പ്രയോജനങ്ങള്‍, എങ്ങനെ ഉപയോഗിക്കാം, ചതിക്കുഴികള്‍ തുടങ്ങിയ കാര്യങ്ങളിൽ സംശയനിവാരണം നടത്താൻ സെമിനാർ സഹായകമായി.
യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വേനിയ ആശുപത്രിയിലെ ഐടി വിദഗ്ധന്‍ ഡോ. ഈപ്പന് ഡാനിയേല്‍ മെഡിക്കല്‍ രംഗത്ത് രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും നിര്‍മിത ബുദ്ധി എങ്ങനെ ഉപയോഗിക്കാമെന്നും അതിന്റെ നേട്ടങ്ങളും വിശദീകരിച്ചു.
District News
കോഴിക്കോട് ഐ.ഐ.എം. എമെറിറ്റസുമായി സഹകരിച്ച് നിർമ്മിത ബുദ്ധി (AI) കേന്ദ്രീകരിച്ചുള്ള പുതിയ അഡ്വാൻസ്ഡ് ലീഡർഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നു. മുതിർന്ന പ്രൊഫഷണലുകളെ അത്യാധുനിക ലീഡർഷിപ്പ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, സ്ട്രാറ്റജിക് മാനേജ്\u200cമെന്റ് കഴിവുകൾ എന്നിവയിൽ ശാക്തീകരിക്കുക എന്നതാണ് 12 മാസം ദൈർഘ്യമുള്ള ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. ജൂൺ 28, 2025-ന് പ്രോഗ്രാം ആരംഭിക്കും.
ഓൺലൈൻ മൊഡ്യൂളുകളും ഐ.ഐ.എം. കോഴിക്കോട്ടെ പ്രഗത്ഭരായ അധ്യാപകരും വ്യവസായ പ്രമുഖരും നയിക്കുന്ന ലൈവ് ഇന്ററാക്ടീവ് സെഷനുകളും ഉൾപ്പെടുന്ന ബ്ലെൻഡഡ് പഠനരീതിയാണ് ഈ പ്രോഗ്രാമിന്റെ പ്രത്യേകത. 6,23,000 രൂപയും ജി.എസ്.ടി.യും അടങ്ങുന്നതാണ് കോഴ്സ് ഫീസ്. സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയെ തുടർന്നുണ്ടാകുന്ന മാറ്റങ്ങളെ നേരിടാൻ ഈ പ്രോഗ്രാം സഹായകമാകും.
ഡിജിറ്റൽ യുഗത്തിൽ നേതൃത്വം നൽകുന്നതിനുള്ള കഴിവുകൾ വികസിപ്പിക്കാനും, വിവിധ വ്യവസായങ്ങളിലെ ഉൾക്കാഴ്ചകൾ നേടാനും, സമകാലിക ബിസിനസ്സ് വെല്ലുവിളികൾക്ക് അനുസൃതമായ തന്ത്രപരമായ ചട്ടക്കൂടുകൾ നടപ്പിലാക്കാനും ഈ പ്രോഗ്രാം അവസരം നൽകും.
Tech
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ (AI) അതിവേഗ വളർച്ച സൈബർ സുരക്ഷാ ലോകത്ത് പുതിയ വെല്ലുവിളികൾ ഉയർത്തുന്നു. സൈബർ കുറ്റവാളികൾ AI സാങ്കേതികവിദ്യ, പ്രത്യേകിച്ച് ജനറേറ്റീവ് AI (Generative AI) ടൂളുകൾ, കൂടുതൽ സങ്കീർണ്ണവും അപകടകരവുമായ ആക്രമണങ്ങൾ നടത്താൻ ഉപയോഗിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 'ഡീപ്ഫേക്കുകൾ' (Deepfakes) ഉപയോഗിച്ചുള്ള തട്ടിപ്പുകൾ, AI-യുടെ സഹായത്തോടെ വ്യക്തികളെയും കമ്പനികളെയും കബളിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവ വർദ്ധിച്ചുവരികയാണ്. ഒരു വ്യക്തിയുടെ ശബ്ദവും രൂപവും അനുകരിച്ച് നടത്തുന്ന തട്ടിപ്പുകൾ തിരിച്ചറിയാൻ സാധാരണക്കാർക്ക് പ്രയാസമാണ്.
മാത്രമല്ല, AI അധിഷ്ഠിത റാൻസംവെയറുകൾ (AI-powered ransomware) സൈബർ ലോകത്തിന് പുതിയ ഭീഷണിയായി മാറുന്നു. ഇത്തരം റാൻസംവെയറുകൾക്ക് കമ്പ്യൂട്ടർ ശൃംഖലകളിലെ ദുർബലതകൾ സ്വയം തിരിച്ചറിയാനും, പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ആക്രമണങ്ങൾ നടത്താനും സാധിക്കും. ഇത് സൈബർ പ്രതിരോധ രംഗത്ത് വലിയ വെല്ലുവിളികൾ ഉയർത്തുന്നു. ഇതിനെ നേരിടാൻ, സൈബർ സുരക്ഷാ കമ്പനികളും ഗവേഷകരും AI ഉപയോഗിച്ചുള്ള പ്രതിരോധ സംവിധാനങ്ങൾ (AI-driven cybersecurity) വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഭീഷണികളെ മുൻകൂട്ടി കണ്ടെത്താനും, അസാധാരണമായ പ്രവർത്തനങ്ങൾ വേഗത്തിൽ തിരിച്ചറിഞ്ഞ് പ്രതികരിക്കാനും AI അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരന്തരമായ ബോധവൽക്കരണവും, സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നതും ഈ സൈബർ യുദ്ധത്തിൽ അതിജീവനത്തിന് നിർണായകമാണ്.