കുപെർട്ടിനോ (കാലിഫോർണിയ): ഐഫോൺ ഉപയോക്താക്കൾ ഏറെനാളായി കാത്തിരുന്ന വൻ എഐ പരിഷ്കാരങ്ങളുമായി ആപ്പിൾ. ആപ്പിളിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ “ഡബ്ല്യുഡബ്ല്യുഡിസി’’യിലാണ് തങ്ങളുടെ തങ്ങളുടെ വോയ്സ് അസിസ്റ്റായ “സിരി’’യുടെ അത്യാധുനിക എഐ പതിപ്പും പുതിയ സുരക്ഷാ ഫീച്ചറുകളും കന്പനി പ്രഖ്യാപിച്ചത്.
“സിരി എഐ’’ എന്നു പേരിട്ടിരിക്കുന്ന ഈ പരിഷ്കാരം സിരിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണ്. നിലവിൽ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഓപ്പൺഎഐ (ചാറ്റ് ജിപിടി) തുടങ്ങിയ കന്പനികൾ എഐ രംഗത്ത് കൈവരിച്ച വൻ മുന്നേറ്റത്തിനു മറുപടി നല്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പിളിന്റെ പുതിയ നീക്കം. സ്ക്രീൻ വായനയും മികച്ച സംഭാഷണവും ഫോണിന്റെ സ്ക്രീനിൽ എന്താണുള്ളതെന്നു കൃത്യമായി മനസിലാക്കാൻ പുതിയ സിരിക്കു സാധിക്കും.
ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങളും മുൻകാല സംഭാഷണങ്ങളും ഓർത്തെടുക്കാനുള്ള ശേഷിയും ഇതിനുണ്ടാകും. കൂടുതൽ സ്വഭാവികമായ ശബ്ദത്തിലും ശൈലിയിലുമായിരിക്കും പുതിയ സിരി സംസാരിക്കുക. ‘പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ടിംഗ് ’ സുരക്ഷ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് ആപ്പിൾ ഇന്റലിജൻസ് രൂപകൽപന ചെയ്തിരിക്കുന്നത്. മിക്ക എഐ പ്രക്രിയകളും ഫോണിനുള്ളിൽതന്നെ നടക്കും. കൂടുതൽ കംപ്യൂട്ടിംഗ് ശേഷി ആവശ്യമുള്ള സന്ദർഭങ്ങളിൽ പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ടിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കും. ഈ വിവരങ്ങൾ ആപ്പിളിനുപോലും കാണാൻ സാധിക്കില്ലെന്നും ഡേറ്റ പൂർണമായും സുരക്ഷിതമായിരിക്കുമെന്നും ആപ്പിൾ സോഫ്റ്റ്വേർ വിഭാഗം മേധാവി ക്രെയ്ഗ് ഫെഡറിഗി വ്യക്തമാക്കി.
ഇതിനൊപ്പം ഐഫോണുകൾക്കായി ‘ഐഒഎസ് 27’ (iOS 27) ഒഎസും മാക്കുകൾക്കായി ‘ഗോൾഡൻ ഗേറ്റ് ’ (Golden Gate) എന്ന പുതിയ ഒഎസും കന്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഐഒഎസ് 27 ഐഫോൺ 11 മുതലുള്ള മോഡലുകളിൽ ലഭ്യമാകുമെങ്കിലും എഐ ഫീച്ചറുകൾ പുതിയ മോഡലുകളിൽ മാത്രമായായിരിക്കും പരിമിതപ്പെടുത്തുക. ആദ്യ ഘട്ടങ്ങളിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമായിരിക്കും ഈ ഫീച്ചറുകൾ ലഭ്യമാകുക.
കടുത്ത പ്രാദേശിക നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ യൂറോപ്യൻ യൂണിയനിലും ചൈനയിലും ആദ്യഘട്ടങ്ങളിൽ സിരി എഐ ലഭ്യമാകില്ലെന്നും കന്പനി അറിയിച്ചു. എഐ സാങ്കേതികവിദ്യക്കായി വൻതോതിൽ പണം നിക്ഷേപിക്കുന്നതിന്റെ ഭാഗമായി, കന്പനിയുടെ അധികമുള്ള പണം ഓഹരി ഉടമകൾക്കു ഡിവിഡന്റായി നൽകുന്ന രീതി അവസാനിപ്പിക്കുകയാണെന്ന് ആപ്പിൾ ചീഫ് ഫിനാൻഷൽ ഓഫീസർ കെവൻ പരേഖ് സൂചന നല്കി.
കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയ്ക്കായി അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സുമായി സഹകരിച്ച് പുതിയ നിയന്ത്രണങ്ങളും ആപ്പിൾ അവതരിപ്പിച്ചു.

ആപ്പിൾ കന്പനിയുടെ ചരിത്രത്തിലെ സുവർണ അധ്യായത്തിന് വിരാമമിട്ടുകൊണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടിം കുക്ക് സ്ഥാനമൊഴിയുന്നു. ഇത്തവണത്തെ ഡബ്ല്യുഡബ്ല്യുഡിസി വേദിയിലായിരുന്നു കന്പനിയുടെ തലവനായുള്ള ടിം കുക്കിന്റെ അവസാനത്തെ സാന്നിധ്യം.
ആപ്പിളിന്റെ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് അന്തരിക്കുന്നതിനു തൊട്ടുമുന്പ്, 2011ലാണ് ടിം കുക്ക് കന്പനിയുടെ അമരക്കാരനായി ചുമതലയേൽക്കുന്നത്. നീണ്ട 15 വർഷത്തെ വിജയകരമായ സേവനത്തിനു ശേഷമാണ് അദ്ദേഹം ഇപ്പോൾ പടിയിറങ്ങുന്നത്.
ആപ്പിൾ പാർക്കിൽ തടിച്ചുകൂടിയ ആയിരക്കണക്കിനു ജീവനക്കാരും ഡെവലപ്പർമാരും എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് തങ്ങളുടെ പ്രിയപ്പെട്ട നായകനെ വരവേറ്റത്. ഈ ലോകോത്തര കന്പനിയുടെ തലവനായി സേവനമനുഷ്ഠിക്കാൻ സാധിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ടിം കുക്കിനു പകരക്കാരനായി ആപ്പിളിന്റെ ഹാർഡ്വേർ എൻജിനിയറിംഗ് മേധാവിയായ ജോൺ ടെർണസ് പുതിയ സിഇഒ ആയി ചുമതലയേൽക്കും. ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതവും ബുദ്ധിപരവുമായ സാങ്കേതികവിദ്യകൾ നൽകിക്കൊണ്ട് ആപ്പിളിനെ മറ്റൊരു എഐ യുഗത്തിലേക്കു നയിക്കുക എന്ന വലിയ ദൗത്യമാണ് ഇനി ജോൺ ടെർണസിലെ കാത്തിരിക്കുന്നത്.
Tags : Siri AI Apple arena Apple Intelligence