മുംബൈ: ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ഒരു ഭീഷണിയല്ല, മറിച്ച് ടാറ്റ കണ്‍സൾട്ടൻസി സർവീസസിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ അവസരമാണെന്ന് കന്പനിയുടെ 31-ാം വാർഷിക പൊതുയോഗത്തിൽ ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു.
പരന്പരാഗത ഐടി സേവനങ്ങളുടെ ആവശ്യം എഐ കുറച്ചേക്കുമെന്ന ആശങ്കകളെ അഭിസംബോധന ചെയ്തുകൊണ്ട്, എഐയും ഐടി സേവനങ്ങളും തമ്മിലുള്ള ബന്ധത്തെ വിപണി തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ചന്ദ്രശേഖരൻ പറഞ്ഞു.
“ഒരു മാരകമായ ഭീഷണിയല്ല, മറിച്ച് ടിസിഎസിനും യഥാർഥത്തിൽ ഐടി മേഖലയ്ക്ക് പൊതുവായും ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അവസരമാണ് എഐ.” അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യക്കായുള്ള ചെലവഴിക്കൽ കുറയ്ക്കുന്ന ഒന്നായല്ല, മറിച്ച് എഐയെ വികസിക്കുന്ന ഒരു ’ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ’ ആയിട്ടാണ് കാണേണ്ടതെന്ന് ചന്ദ്രശേഖരൻ വിശദീകരിച്ചു.
കന്പനികൾ അവരുടെ പഴയ സിസ്റ്റങ്ങൾ ആധുനികവത്കരിക്കുകയും ബിസിനസ് പ്രക്രിയകൾ പുനഃക്രമീകരിക്കുകയും സ്വന്തമായി എഐ ശേഷികൾ വികസിപ്പിക്കുകയും ഫാക്ടറികളും സപ്ലൈ ചെയിനുകളും പോലുള്ള ഭൗതിക സാഹചര്യങ്ങളിൽ എഐ വിന്യസിക്കുകയും ചെയ്യുന്നതോടെ, നിലവിൽ ഏകദേശം 1.6 ട്രില്യണ്‍ ഡോളർ മൂല്യമുള്ള ആഗോള എന്റർപ്രൈസ് ഐടി വിപണി അടുത്ത 5-10 വർഷത്തിനുള്ളിൽ ഇരട്ടിയായി 3 ട്രില്യണ്‍ ഡോളറിലേക്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
ടിസിഎസിൽ ജീവനക്കാരുടെ അത്രതന്നെ എഐ ഏജന്റുമാരും എഐ വർക്കർമാരും ഉണ്ടാകുന്ന കാലം വിദൂരമല്ലെന്ന്് അദ്ദേഹം സൂചിപ്പിച്ചു. എഐയുടെ വിപുലീകരണം കന്പനിയിൽ പുതിയ ജീവനക്കാരെ നിയമിക്കുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുമെന്ന് ചന്ദ്രശേഖരൻ പറഞ്ഞു.
കഴിഞ്ഞ നാല് പാദങ്ങളായി കന്പനിയുടെ എഐ വരുമാനം കൃത്യമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും 22 ശതമാനത്തിലധികം ത്രൈമാസ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2026 സാന്പത്തിക വർഷത്തിലെ അവസാന പാദത്തിൽ ടിസിഎസിന്റെ വാർഷിക എഐ വരുമാനം 2.5 ബില്യണ്‍ ഡോളറിൽ എത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags : AI Not Threat opportunity IT services TCS Chairman N Chandrasekaran