National
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേൾക്കും. ഭരണഘടന ബഞ്ച് ആണ് കേസിൽ വാദം കേൾക്കുക. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ ഭാഗമാണ് ഇന്ന് നടക്കുന്നത്.
ശബരിമല യുവതീപ്രവേശന വിധിയെ തുടർന്ന് ശബരിമലയിൽ കയറിയ സ്ത്രീകൾ യഥാർഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യവും സുപ്രീംകോടതി കഴിഞ്ഞ തവണ കേസ് പരിഗണിക്കുന്നതിനിടെ ആരാഞ്ഞിരുന്നു.
യുവതീപ്രവേശനത്തെ അനൂകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ് സിംഗ് വാദം ഉന്നയിക്കുന്നതിനിടെയാണ് ജസ്റ്റിസ് നാഗരത്ന ചോദ്യം ഉന്നയിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളിൽ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് വാദത്തിനിടെ കോടതി നീരീക്ഷിച്ചിരുന്നു.
NRI
ന്യൂഡൽഹി: അയൽ രാജ്യങ്ങൾ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പതറുമ്പോഴും ഇന്ത്യ പുരോഗതിയിലൂടെ മുന്നേറുന്നത് 140 കോടി ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നതുകൊണ്ടാണെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ.
ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെല്ലാം ആശയപരമായ വൈരുധ്യങ്ങൾ മറന്ന് ഒരുമയോടെ വിദേശ രാജ്യങ്ങളിൽ പോകുകയും നമ്മുടെ ജവാന്മാരുടെ പിന്നിൽ അണിനിരന്നതുമൊക്കെ എല്ലാവരും ഒറ്റക്കെട്ടാണന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ മാവാലങ്കാർ ആഡിറ്റോറിയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ 77-ാമത് സ്ഥാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയാളികൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ ആദ്യമോടിയെത്തുന്നത് മലയാളി സംഘടനകളാണെന്നും പ്രവാസികൾക്ക് വേണ്ടി നിലയുറപ്പിച്ച ഡൽഹി മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ഡിഎംഎയെ പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ മലയാളത്തനിമ കാത്തുസൂക്ഷിക്കുന്ന സംഘടനയാണ് ഡിഎംഎ എന്നും മലയാളികളായ ചെറുപ്പക്കാരുടെ കലാവാസനകളേയും പഠിക്കുവാനുള്ള കഴിവുകളേയും അവരുടെ നന്മകളേയും പ്രോത്സാഹിപ്പിക്കാനുള്ള വേദിയായി ഡിഎംഎ സ്ഥാപക ദിനാഘോഷങ്ങൾ മാറട്ടെയെന്നും മുമ്പ് ഡിഎംഎയുടെ ഭാഗമായി പ്രവർത്തിച്ച ഒരാളെന്ന നിലയിൽ ഡിഎംഎയ്ക്ക് എല്ലാ ഭാവുകങ്ങൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡൽഹി: ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതായി എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് നടപടി. മേയ് 31 വരെയാണ് സർവീസുകൾ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചത്.
ന്യൂഡൽഹി-ടെൽ അവീവ് റൂട്ടിലെ വിമാന സർവീസുകളാണ് നിർത്തലാക്കിയത്. ടെൽ അവീവ് റൂട്ടിലെ മിക്ക മുൻനിര വിമാനക്കമ്പനികളും സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. നിലവിൽ എൽഅൽ, ഇസ്രാഎയർ, അർകിയ, എയർ ഹൈഫ തുടങ്ങിയ ഇസ്രയേലി വിമാനക്കമ്പനികൾമാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ സർവീസ് നടത്തുന്നത്.
National
ന്യൂഡൽഹി: തെറ്റായ സാമ്പത്തിക വിവരങ്ങൾ നൽകി തട്ടിപ്പ് നടത്തിയെന്നാരോപിച്ച് അനിൽ അംബാനിക്കെതിരെ കേസെടുത്ത് സിബിഐ. എൽഐസി നൽകിയ പരാതിയിലാണ് അനിൽ അംബാനിക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്.
റിലയൻസ് കമ്യൂണിക്കേഷൻസ് കമ്പനിയുടെ സാമ്പത്തിക നില സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകി 4500 കോടി രൂപയുടെ നോൺ-കൺവേർട്ടിബിൾ ഡിബെഞ്ചറുകളിൽ എൽഐസിയെ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചതായാണ് പരാതി.
2020 ഒക്ടോബർ 15ന് ബിഡിഒ ഇന്ത്യ നടത്തിയ ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൽഐസി പരാതി നൽകിയത്. ഗൂഢാലോചന, വഞ്ചന, പണം ദുരുപയോഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
NRI
രോഹിണി: പരിശുദ്ധ വലിയ നോമ്പിലെ 40-ാം വെള്ളിയാഴ്ച രോഹിണി സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവകയിൽ നടന്നു. നോമ്പുകാല ധ്യാനയോഗത്തിന് രോഹിണി സെന്റ് ബേസൽ ഇടവകയുടെ വികാരി റവ. ഫാ. തോമസ് ജോൺ മാവേലിൽ ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തി.
മർത്ത മറിയം വനിതാ സമാജം ഡൽഹി ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. യാക്കൂബ് ബേബി, ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ബീന വിജു, ആശ റോയി ഇടവകയുടെ മർത്ത മറിയം വനിതാ സമാജം അംഗങ്ങളും ചേർന്ന് ധ്യാനയോഗത്തിനു വേണ്ട ഏകോപനം നിർത്തി.
ഡൽഹി ഭദ്രാസനത്തിലെ എല്ലാ ഇടവകകളിൽ നിന്നും മർത്ത മറിയം വനിതാ സമാജം അംഗങ്ങൾ പങ്കെടുത്തു. ഏകദേശം 200 അംഗങ്ങൾ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ഒത്തുചേർന്നു. ആഞ്ചൽ സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ കലാപരിപാടിയും നടത്തപ്പെട്ടു.
Special News
ന്യൂഡൽഹി: അഞ്ച് പതിറ്റാണ്ടുകാലം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച 24 അക്ബർ റോഡിലെ ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കാൻ കേന്ദ്ര സർക്കാർ അന്തിമ നോട്ടീസ് നൽകിയതോടെ കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. കോട്ല റോഡിൽ അത്യാധുനിക സൗകര്യങ്ങളോടെ 'ഇന്ദിര ഭവൻ' എന്ന പുതിയ ആസ്ഥാനം പണിതീർത്തിട്ടും പഴയ തട്ടകം വിടാൻ കോൺഗ്രസ് മടിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു.
കേവലം ഒരു കെട്ടിടം എന്നതിലുപരി കോൺഗ്രസിന്റെ അതിജീവനത്തിന്റെ അടയാളമാണ് 24 അക്ബർ റോഡ്. ഇതിന് പിന്നിൽ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്. 1978-ൽ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കനത്ത തിരിച്ചടിയിൽ നിന്ന് ഇന്ദിരാഗാന്ധി പാർട്ടിയെ ഉയിർത്തെഴുന്നേൽപ്പിച്ചത് ഈ ഓഫീസിൽ ഇരുന്നാണ്. യുപിഎ സർക്കാരുകളുടെ രൂപീകരണവും സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവുമെല്ലാം നടന്നത് ഇവിടെയാണ്. അതിനാൽ തന്നെ ഈ വിലാസം ഉപേക്ഷിക്കുന്നത് വൈകാരികമായി പ്രവർത്തകർക്ക് പ്രയാസകരമാണ്.
ബിജെപി തങ്ങളുടെ പുതിയ ആസ്ഥാനമായ ദീൻ ദയാൽ ഉപാധ്യായ മാർഗിലേക്ക് മാറിയിട്ടും പഴയ ഓഫീസായ '11 അശോക റോഡ്' ഇപ്പോഴും കൈവശം വെച്ചിട്ടുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഭരണകക്ഷിക്ക് നൽകാത്ത കർശന നിയമങ്ങൾ പ്രതിപക്ഷത്തിന് മാത്രം ബാധകമാക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നാണ് കോൺഗ്രസിന്റെ വാദം.
ലൂട്യൻസ് ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ഈ ബംഗ്ലാവ് പാർലമെന്റിനും മറ്റ് ഭരണസിരാകേന്ദ്രങ്ങൾക്കും തൊട്ടടുത്താണ്. രാഷ്ട്രീയ ചർച്ചകൾക്കും നേതാക്കളുടെ കൂടിക്കാഴ്ചകൾക്കും ഏറ്റവും അനുയോജ്യമായ ഇടമാണിത്. അഭിഷേക് മനു സിംഗ്വിയുടെ നേതൃത്വത്തിലുള്ള നിയമസംഘം നോട്ടീസിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
കോൺഗ്രസിന്റെ പുതിയ ആസ്ഥാനമായ 'ഇന്ദിര ഭവൻ' സ്ഥിതി ചെയ്യുന്നത് ബിജെപിയുടെ കേന്ദ്ര ആസ്ഥാനത്തിന് തൊട്ടടുത്താണ്. ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ഈ 'അയൽപക്കം' ചില പ്രായോഗിക ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നു. രാഷ്ട്രീയമായി എതിർചേരികളിൽ നിൽക്കുന്ന പാർട്ടികളുടെ ഓഫീസുകൾ തൊട്ടടുത്താകുമ്പോൾ നേതാക്കളുടെയും സന്ദർശകരുടെയും വരവും പോക്കും നിരീക്ഷിക്കപ്പെടാൻ സാധ്യതയുണ്ട്. തന്ത്രപരമായ നീക്കങ്ങൾ ചോരുമോ എന്ന ആശങ്ക ഇരു പാർട്ടികൾക്കുമുണ്ടാകാം.
പ്രതിഷേധങ്ങളും മാർച്ചുകളും നടക്കുമ്പോൾ ഇരു വിഭാഗം പ്രവർത്തകരും ഒരേ തെരുവിൽ മുഖാമുഖം വരുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാം. നിലവിൽ അതീവ സുരക്ഷാ മേഖലയായ ഇവിടെ പോലീസിന്റെ വലിയ സന്നാഹം ആവശ്യമായി വരും. കോൺഗ്രസ് പുതിയ ആസ്ഥാനത്തേക്ക് മാറുന്നത് ഒരു കാലഘട്ടത്തിന്റെ അവസാനമായാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും, നിയമപോരാട്ടത്തിലൂടെ പഴയ തട്ടകത്തിൽ കുറച്ചുകാലം കൂടി തുടരാനാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. രാഷ്ട്രീയ വൈരങ്ങൾക്കിടയിലും ഒരേ അയൽപക്കത്ത് പ്രവർത്തിക്കേണ്ടി വരുന്നത് ഇന്ത്യൻ ജനാധിപത്യത്തിലെ രസകരമായ ഒരു പുതിയ അധ്യായമായി മാറും.
NRI
ന്യൂഡൽഹി: ഡൽഹി ഭദ്രാസനത്തിന്റെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് മലങ്കര സഭയുടെ കതോലിക്ക ദിനത്തിൽ മീററ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് ഞായറാഴ്ച രാവിലെ 10.30 മുതൽ മൂന്ന് വരെ മെഡിക്കൽ ക്യാമ്പ് നടന്നു.
മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിത സമാജത്തിന്റെ നോമ്പുകാല ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് നടന്നത്.
ഗ്രാമ നിവാസികളായവർക്ക് വിവിധ ആരോഗ്യമേഖലയിലെ സുരക്ഷ സംവിധാനങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും പ്രയോജനപ്പെടുത്തുവാൻ ഈ സന്ദർഭത്തിൽ നടത്തപ്പെട്ടു.
ഡൽഹി രാജീവ് ഗാന്ധി മെമ്മോറിയൽ കാൻസർ സെന്ററിലെ വിദഗ്ധരായ ഡോക്ടർമാർ സമ്മേളനത്തിൽ സംബന്ധിച്ച് വിദഗ്ധ ചികിത്സയ്ക്കായി നേതൃത്വം നൽകി
ക്യാമ്പിന്റെ ഏകോപനത്തിന് ഇടവക വികാരി റവ.ഫാ. ജോൺസൻ ഐപ്പ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഡൽഹി ഭദ്രാസനത്തിലെ മർത്ത മറിയം വനിത സമാജത്തിന്റെ ജനറൽ സെക്രട്ടറി ജെസി ഫിലിപ്പ്, ആശ മറിയം റോയ്, ഇടവകയിലെ മർത്ത മറിയം വനിത സമാജത്തിന്റെ അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി.
National
ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡൽഹിയിലെ 24 അക്ബർ റോഡിലെ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ. മാർച്ച് 28നകം കെട്ടിടം ഒഴിഞ്ഞുതരണമെന്നാണ് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ കർശന നിർദേശം.
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്ന പ്രധാന കേന്ദ്രമാണിത്. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഉൾപ്പെടെയുള്ള നിർണായക യോഗങ്ങൾ പലതും ചേരുന്നത് ഇപ്പോഴും 24 അക്ബർ റോഡിലുള്ള കോൺഗ്രസിന്റെ ഈ പഴയ ദേശീയ ആസ്ഥാനത്താണ്.
1978 മുതൽ കോൺഗ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ബംഗ്ലാവ് ഇന്ദിരാഗാന്ധിയുടെ കാലം മുതലുള്ള പാർട്ടിയുടെ അധികാര കേന്ദ്രമാണ്. രാഷ്ട്രീയ പാർട്ടികൾക്ക് സ്വന്തമായി ഭൂമി അനുവദിച്ചു കഴിഞ്ഞാൽ, നിലവിൽ കൈവശം വെച്ചിരിക്കുന്ന സർക്കാർ ബംഗ്ലാവുകൾ നിശ്ചിത സമയത്തിനകം തിരികെ നൽകണമെന്ന ചട്ടപ്രകാരമാണ് നടപടി.
കോൺഗ്രസിന് കോട്ല റോഡിൽ ആസ്ഥാന മന്ദിരം പണിയാൻ ഭൂമി അനുവദിച്ചിട്ടുണ്ടെന്നും കാലാവധി കഴിഞ്ഞിട്ടും പഴയ ബംഗ്ലാവ് കൈമാറിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രധാന തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കെ പാർട്ടിയെ പ്രതിസന്ധിയിലാക്കാനുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.
പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. മാർച്ച് 28-നകം ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ചുള്ള കുടിയൊഴിപ്പിക്കൽ നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
National
ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണം വർധിക്കുന്നതിൽ വിവരങ്ങൾ ആവശ്യപ്പെട്ട് സുപ്രീംകോടതി. ഇതുസംബന്ധിച്ച പുതുക്കിയ വിവരങ്ങൾ നൽകാൻ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ച് നിർദേശം നൽകിയിട്ടുണ്ട്.
രാജ്യത്തെ ജയിലുകളിലെ തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ ഉൾപ്പെടെയുള്ള പുതുക്കിയ വിവരങ്ങൾ മെയ് 18ന് മുൻപ് നൽകാനാണ് സുപ്രീംകോടതി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയത്.
വനിത ജയിലുകളിലെ സൗകര്യങ്ങൾ, തടവുകാർക്കൊപ്പം കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവരങ്ങൾ എന്നിവയും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. നിലവിലെ തടവുകാരുടെ എണ്ണം, ജയിൽജീവനക്കാരുടെ അംഗീകൃത തസ്തികകൾ, ഒഴിവുകൾ എന്നിവയും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
National
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകും. പല സീറ്റുകളിലേക്കും ഒറ്റപ്പേരിലേക്ക് എത്താൻ സാധിക്കാതെ വന്നതോടെയാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകുന്നത്.
രാത്രി വൈകി വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുകയാണ്. മുതിർന്ന കേന്ദ്ര-സംസ്ഥാന നേതാക്കളെല്ലാം തന്നെ ഡൽഹിയിലുണ്ട്. ബുധനാഴ്ച വൈകിട്ടോടെ രണ്ടാംഘട്ട പട്ടിക പുറത്തുവരുമെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ഇതുവരെ കോൺഗ്രസ് നേതൃത്വത്തിന് അന്തിമ പട്ടികയിലേക്കെത്താൻ സാധിച്ചിട്ടില്ല. നേരത്തെ 55 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരുന്നു. കണ്ണൂരും കോന്നിയും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയവും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.
കണ്ണൂരിൽ സ്ഥാനാർഥിത്വത്തിനായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ.സുധാകരൻ. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് തീരുമാനത്തിന് പിന്നാലെ സുധാകരനെ അനുനയിപ്പിക്കാൻ ശ്രമങ്ങളുണ്ടായെങ്കിലും വിജയിച്ചില്ല.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഈ മാസം 29ന് ഉച്ചകഴിഞ്ഞ് 3.30ന് ഡിഎംഎയുടെ ഏരിയ ഓഫീസായ ഉത്തം നഗർ ഇന്ദ്രാ പാർക്ക് ഗലി നമ്പർ 19ലെ ആർഇസഡ് 149ൽ നടക്കും.
റിട്ടേണിംഗ് ഓഫീസറായി നോവൽ ആർ. തങ്കപ്പനെ നിയമിച്ചു. 2026-2029 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക.
ചെയർമാൻ-1, വൈസ് ചെയർമാൻ-1, സെക്രട്ടറി-1, ജോയിന്റ് സെക്രട്ടറി-2, ട്രെഷറർ-1, ജോയിന്റ് ട്രെഷറർ-1, ഇന്റേണൽ ഓഡിറ്റർ-1, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ-23, വനിതാ വിഭാഗം കൺവീനർ-1, വനിതാ വിഭാഗം ജോയിന്റ് കൺവീനർ-2, യുവജന വിഭാഗം കൺവീനർ (വയസ് 18-35)-1, യുവജന വിഭാഗം ജോയിന്റ് കൺവീനർ (വയസ് 18-35)-2 (ആൺ, പെൺ, 1 വീതം) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് ആവശ്യമെങ്കിൽ നടക്കുക.
21, 22 വൈകുന്നേരം ആറ് മുതൽ എട്ട് വരെ റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയമായ ജനക്പുരി ഏരിയ ഓഫിസിൽ നാമനിർദ്ദേശ പത്രികയുടെ വിതരണവും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കുകയും ചെയ്യാവുന്നതാണ്.
പത്രിക സമർപ്പിക്കേണ്ട അവസാന തീയതി 22ന് രാത്രി എട്ട് വരെയാണ്. 23ന് രാത്രി ഏഴിന് ലഭിച്ച നാമ നിർദ്ദേശ പത്രികകളുടെ ലിസ്റ്റ് ജനക്പുരി ഏരിയ ഓഫീസിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും.
24ന് വൈകുന്നേരം ആറ് മുതൽ എട്ട് വരെ പത്രിക പിൻവലിക്കാവുന്നതാണ്. 24ന് രാത്രി 10ന് സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ 29ന് ഉച്ചകഴിഞ്ഞ് നാല് മുതൽ 6.30 വരെയാണ് സമയം.
വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ജനക്പുരി ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറുമായി 9818204660 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
National
ന്യൂഡൽഹി: സംസ്ഥാനത്ത് വോട്ടെടുപ്പ് ദിവസം സുപ്രീംകോടതിയിൽ യുവതീപ്രവേശന വിഷയത്തിൽ വാദം കേൾക്കും. നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് സുപ്രീംകോടതിയിൽ ഒൻപതംഗ ബഞ്ച് യുവതീപ്രവേശനത്തിൽ വാദം കേൾക്കും.
ഏപ്രിൽ ഏഴ് മുതൽ ഒൻപത് വരെയാണ് യുവതീപ്രവേശനം അനുവദിച്ച 2018ലെ വിധിയെ എതിർക്കുന്നവരുടെ വാദം നടക്കുക. യുവതീപ്രവേശവിധിയെ എതിർത്തിട്ടില്ലാത്തതിനാൽ വോട്ടെടുപ്പിന് മുൻപുള്ള ദിവസങ്ങളിൽ വാദം നടത്തേണ്ടിവരില്ലെന്നതാണ് സംസ്ഥാന സർക്കാരിന്റെ ആശ്വാസം.
സംസ്ഥാനം പോളിംഗ് ബൂത്തിലേക്കെത്തുന്ന ഏപ്രിൽ ഒൻപതിനും കേസ് പരിഗണിക്കുന്നുണ്ട്. സർക്കാർ യുവതീപ്രവേശന വിഷയത്തിലെടുക്കുന്ന നിലപാട് വോട്ടെടുപ്പിനെ ബാധിക്കാമെന്നതാണ് കേസ് തെരഞ്ഞെടുപ്പ് കാലത്ത് ശ്രദ്ധേയമാകുന്നത്.
ആചാരങ്ങളിൽ കോടതി തീരുമാനമെടുക്കും മുൻപ് മതപണ്ഡിതരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടണമെന്ന വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തെ നിലപാടാണ് സംസ്ഥാന സർക്കാർ ആവർത്തിച്ചത്.
National
ന്യൂഡൽഹി: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് 31 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയ്ക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയോഗത്തിന്റെ അംഗീകാരം. സിറ്റിംഗ് എംഎൽഎമാരിൽ മൂന്ന് പേർ ഒഴികെയുള്ളവർക്ക് സീറ്റ് ധാരണയായി.
ലൈംഗികാതിക്രമ കേസിൽപെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ, തൃപ്പുണ്ണിത്തുറ എംഎൽഎ കെ. ബാബു, പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി എന്നിവരാണ് പട്ടികയിൽ ഉൾപ്പെടാത്തത്.
തൃപ്പുണ്ണിത്തുറ എംഎൽഎ കെ. ബാബു നേരത്തെ മത്സരിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനം അടുത്ത യോഗത്തിലാകും. എൽദോസ് കുന്നപ്പിള്ളിയുടെ കേസിന്റെ വിശദാംശങ്ങൾ പരിശോധിച്ചായിരിക്കും തീരുമാനം.
തിരുവനന്തപുരം
വട്ടിയൂർക്കാവ്-കെ. മുരളീധരൻ
കോവളം-എം. വിൻസെന്റ്
കൊല്ലം
കരുനാഗപ്പള്ളി-സി.ആർ. മഹേഷ്
കുണ്ടറ-പി.സി. വിഷ്ണുനാഥ്
കൊട്ടാരക്കര-ഐഷ പോറ്റി
പത്തനാപുരം-ജ്യോതികുമാർ ചാമക്കാല
ആലപ്പുഴ
ഹരിപ്പാട്-രമേശ് ചെന്നിത്തല
കോട്ടയം
കോട്ടയം-തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി-ചാണ്ടി ഉമ്മൻ
എറണാകുളം
അങ്കമാലി-റോജി എം. ജോൺ
ആലുവ-അൻവർ സാദത്ത്
പറവൂർ-വി.ഡി. സതീശൻ
എറണാകുളം-ടി.ജെ. വിനോദ്
തൃക്കാക്കര-ഉമ തോമസ്
മൂവാറ്റുപുഴ-മാത്യു കുഴൽനാടൻ
കുന്നത്തുനാട്-വി.പി. സജീന്ദ്രൻ
തൃശൂർ
ചാലക്കുടി-സനീഷ് കുമാർ ജോസഫ്
കൊടുങ്ങല്ലൂർ-ഒ.ജെ. ജനീഷ്
മണലൂർ-ടി.എൻ. പ്രതാപൻ
പാലക്കാട്
തൃത്താല-വി.ടി. ബൽറാം
മലപ്പുറം
പൊന്നാനി-കെ.നൗഷാദലി
വണ്ടൂർ-എ.പി. അനിൽകുമാർ
നിലമ്പൂർ-ആര്യാടൻ ഷൗക്കത്ത്
കോഴിക്കോട്
കൊയിലാണ്ടി-കെ. പ്രവീൺകുമാർ
നാദാപുരം-കെ.എം. അഭിജിത്ത്
കോഴിക്കോട് നോർത്ത്-കെ. ജയന്ത്
എലത്തൂർ-വിദ്യ ബാലകൃഷ്ണൻ
വയനാട്
സുൽത്താൻ ബത്തേരി-ഐ.സി. ബാലകൃഷ്ണൻ
കൽപറ്റ-ടി. സിദ്ദിഖ്
കണ്ണൂർ
പേരാവൂർ- സണ്ണി ജോസഫ്
ഇരിക്കൂർ-സജീവ് ജോസഫ്
NRI
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം നടത്തി. വി. കുർബാനയ്ക്ക് ഫാ. സണ്ണി ജോസഫ് വെട്ടികുഴിച്ചാലിൽ സിഎംഐ മുഖ്യ കാർമികത്വം വഹിച്ചു.
വികാരി ഫാ. സെബാസ്റ്റ്യൻ അള്ളടയിൽ സഹകാർമികനായിരുന്നു. വിശുദ്ധ കുർബാനയിൽ ഇടവകയിലെ വനിതകളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ രണ്ടാംഘട്ട ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. സ്പീക്കര്‍ ഓം ബിര്‍ലയെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ലോക്സഭ ആദ്യ ദിവസം തന്നെ ചര്‍ച്ചയ്ക്കെടുക്കും. പ്രമേയം ചർച്ചയ്ക്ക് ശേഷം വോട്ടിനിടും.
118 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ടതാണ് പ്രമേയം. സ്പീക്കര്‍ ചെയറിലിരിക്കാതെ ഓം ബിര്‍ല നടപടികളില്‍ പങ്കെടുക്കും. 10 മണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കാത്തതിലും പ്രതിപക്ഷം പ്രതിഷേധിക്കും.
പ്രമേയം വിജയിക്കാൻ സാധ്യതയില്ലെങ്കിലും ലോക്സഭയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ എല്ലാ എംപിമാർക്കും കോൺഗ്രസ് വിപ്പ് നൽകിയിട്ടുണ്ട്. പ്രമേയം പാസായില്ലെങ്കിലും വിഷയം ചർച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
സ്പീക്കർ ഓം ബിർല ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രതിപക്ഷ നേതാവിനെ പോലും സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
National
ന്യൂഡൽഹി: കേരളത്തിലെ ബാർ കൗണ്‍സിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന അപേക്ഷ പരിഗണിക്കാൻ റിട്ട. ജസ്റ്റീസ് സുധാൻഷു ധൂലിയ അധ്യക്ഷനായ ഉന്നതാധികാര സമിതിയോടു സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഏപ്രിൽ പത്തുമുതൽ ഹൈക്കോടതി വേനൽ അവധിക്കു പിരിയുന്നതിനാലും നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ വിജ്ഞാപനം ചെയ്യാൻ സാധ്യതയുള്ളതിനാലുമാണ് തീയതി മാറ്റണമെന്ന അപേക്ഷ സുപ്രീംകോടതിയിലെത്തിയത്. കേരള ബാർ കൗണ്‍സിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 30ന് മുന്‍പ് പൂർത്തിയാക്കാനായിരുന്നു മുൻ നിർദേശം.
National
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ നട്ടെല്ലായി നിർമിത ബുദ്ധി (എഐ) മാറുമെന്ന് ഡിആർഡിഒ ഡയറക്ടർ ജനറൽ ഡോ. ചന്ദ്രിക കൗശിക്. ഡൽഹിയിൽ നടന്ന എഐ ഉച്ചകോടിക്കിടെ മാധ്യമങ്ങളോടു സംസാരിക്കു കയായിരുന്നു അവർ. പ്രതിരോധ മേഖലയിൽ നിർമിത ബുദ്ധി എന്നതു ഭാവിയിൽ വെറും സങ്കല്പമല്ലെന്നും മറിച്ച് അത്യാവശ്യമായ ഘടകമാണെന്നും ചന്ദ്രിക കൗശിക് കൂട്ടിച്ചേർത്തു.
ആധുനിക യുദ്ധസാഹചര്യങ്ങളിൽ സൈന്യത്തിനു മുന്നിലെത്തുന്ന വിവരങ്ങളുടെ അളവ് മനുഷ്യനു വേഗത്തിൽ വിശകലനം ചെയ്യുക അസാധ്യമായ കാര്യമാണ്. ഇവിടെയാണ് നിർമിത ബുദ്ധിയുടെ പ്രസക്തി. അതിവേഗത്തിൽ വിവരങ്ങൾ വിശകലനം ചെയ്യാനും കൃത്യമായ തീരുമാനങ്ങൾ എടുക്കാനും എഐ അധിഷ്ഠിത സംവിധാനങ്ങൾ സൈന്യത്തിനു വലിയ കരുത്താകും. നിരീക്ഷണം, ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ നിലവിൽ രാജ്യം എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.
പ്രതിരോധ മേഖലയിൽ വിദേശ രാജ്യങ്ങളുടെ എഐ മോഡലുകളെ അമിതമായി ആശ്രയിക്കുന്നത് അപകടകരമാണെന്നും ചന്ദ്രിക കൗശിക് മുന്നറിയിപ്പു നൽകി. വിദേശത്തുനിന്നു ലഭിക്കുന്ന ഡാറ്റാ സെറ്റുകളിൽ സുരക്ഷാവീഴ്ചകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇക്കാരണങ്ങളാൽ രാജ്യത്തിന്റെ തനതായ ഡാറ്റ ഉപയോഗിച്ചു വികസിപ്പിച്ചെടുത്ത എഐ മോഡലുകൾ പ്രതിരോധ സംവിധാനങ്ങൾക്കായി ഉപയോഗിക്കണമെന്നും അവർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സമീപകാല സൈനിക നടപടികളിൽനിന്ന് ഇന്ത്യ പഠിച്ച പ്രധാന പാഠം സ്വയംപര്യാപ്തത ആണെന്നു ചന്ദ്രിക കൗശിക് ചൂണ്ടിക്കാട്ടി. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രതിരോധ സാമഗ്രികൾ നിർമിക്കുന്നതുപോലെതന്നെ പ്രധാനമാണ് സ്വന്തമായി എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതെന്നും അവർ ചൂണ്ടിക്കാണിച്ചു.
ആഗോളതലത്തിൽ എഴുപതിലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന എഐ ഉച്ചകോടിയിൽ ഭാഗഭാക്കാകുമ്പോഴും ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരം കാത്തുസൂക്ഷിക്കണമെന്നും ഡോ. ചന്ദ്രിക കൗശിക് എടുത്തുപറഞ്ഞു.
NRI
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക അംഗങ്ങൾ വികാരി റവ.ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ ധ്യാനകേന്ദ്രമായ ആരാവലി കുന്നിൽ സ്ഥിതി ചെയ്യുന്ന പൗലോസ് മാർ ഗ്രിഗോറിയോസ് ധ്യാനകേന്ദ്രം സന്ദർശിച്ചു.
തീർഥാടക സംഘം തുടർന്ന് വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ്, ഡൽഹി ഭദ്രാസന സെക്രട്ടറി റവ.ഫാ. സജി എബ്രഹാം, റവ.ഫാ. സുമോദ് ജോൺ എന്നിവരും പങ്കെടുത്തു.
തുടർന്ന് ഹരിയാനയിലെ മണ്ഡവാർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ശാന്തിഗ്രാം ആശ്രമവും സംഘം സന്ദർശിച്ചു.
National
ന്യൂഡൽഹി: ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) മേഖലയിലെ ആഗോള ശക്തിയാകാൻ ലക്ഷ്യമിട്ട് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബൃഹത്തായ എഐ ഉച്ചകോടിക്കു തുടക്കമായി. ലോകത്തെ സാങ്കേതികവിദ്യ പ്രമുഖരും നിക്ഷേപകരും നയരൂപകർത്താക്കളും ഒത്തുചേരുന്ന "ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്' മേഖലയിൽ രാജ്യത്തിന്റെ കരുത്ത് തെളിയിക്കാനുള്ള വേദിയാകും. 19, 20ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധികളെ അഭിസംബോധന ചെയ്യും.
ഐടി പ്രമുഖർ
ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ഓപ്പൺ എഐയുടെ സാം ആൾട്ട്മാൻ, ആന്ത്രാപിക് സിഇഒ ഡാരിയോ അമോഡി, മെറ്റയുടെ അലക്സാണ്ടർ വാംഗ് തുടങ്ങിയ സാങ്കേതിക ലോകത്തെ പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ യാൻ ലെകുൻ, ആർതർ മെൻഷ് തുടങ്ങിയ പ്രശസ്ത ഗവേഷകരും ചർച്ചകളുടെ ഭാഗമാകും. രാജ്യത്തെ ജനങ്ങളുടെ ഡിജിറ്റൽ വിവരശേഖരവും ആധാർ അടക്കമുള്ള ശക്തമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ഉപയോഗപ്പെടുത്തി എഐ രംഗത്ത് കുതിച്ചുചാട്ടം നടത്താനാണ് രാജ്യത്തിന്റെ ലക്ഷ്യം.
ഇന്ത്യയുടെ തനതായ ഭാഷാ വൈവിധ്യത്തെ ഉൾക്കൊള്ളുന്ന എഐ മോഡലുകൾ ഉച്ചകോടിയുടെ പ്രധാന ആകർഷണമാണ്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന "ഭാരത്ജെൻ', 22 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്ന 17 ബില്യൺ പാരാമീറ്ററുകളുള്ള "പരം-2' എന്ന മോഡൽ പുറത്തിറക്കും.
കുറഞ്ഞ ചെലവിൽ
കുറഞ്ഞ ചിലവിൽ സാധാരണക്കാർക്ക് എഐ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനു പുറമെ ലൈറ്റ്സ്പീഡ് വെഞ്ചേഴ്സിന്റെ പിന്തുണയുള്ള "സർവം എഐ'യും തദ്ദേശീയമായ വലിയ മോഡലുകൾ അവതരിപ്പിക്കും.
സ്റ്റാൻഫോർഡ് സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം എഐ മത്സരരംഗത്ത് അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. മൈക്രോസോഫ്റ്റ്, ഗൂഗിൾ, എൻവിഡിയ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ തങ്ങളുടെ ഡാറ്റാ സെന്ററുകൾ വികസിപ്പിക്കാനും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും സജീവമായി രംഗത്തുണ്ട്.
National
ന്യൂഡൽഹി: അന്താരാഷ്ട്ര വിഷയങ്ങളിൽ താൻ എടുക്കുന്ന നിലപാടുകൾ രാഷ്ട്രീയവത്കരിക്കരുതെന്ന് ശശി തരൂർ എംപി. ചില വിഷയങ്ങളിലെ തന്റെ വീക്ഷണങ്ങളെ ബിജെപി അനുകൂലമായി ചിലർ തെറ്റിദ്ധരിക്കുകയാണ്.
പഹൽഗാം ആക്രമണത്തിനു പിന്നാലെ നയതന്ത്ര ബന്ധത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി തരൂർ രംഗത്തെത്തിയത്. ചില കാര്യങ്ങളിൽ രാജ്യത്തിനുവേണ്ടി സംസാരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്.
താൻ ഇപ്പോഴും കോൺഗ്രസിലാണ്. എവിടേക്കും പോകില്ല. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയും യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്യുമെന്നും തരൂർ വ്യക്തമാക്കി.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ മൗജ്പുറിൽ യുവാവിനെ കൊലപ്പെടുത്തിയതിന് ശേഷം കുറ്റസമ്മതം നടത്തി പ്രതി. ഫൈസാൻ (24) എന്ന യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയ യുവാവാണ് സമൂഹമാധ്യമങ്ങളിലൂടെ കുറ്റസമ്മതം നടത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
മുൻ വൈരാഗ്യത്തെ തുടർന്നാണ് ഫൈസാനെ കൊന്നതെന്നാണ് യുവാവ് പറഞ്ഞത്. തന്നെ നാല് മാസം മുമ്പ് ഫൈസാൻ മർദിച്ചിരുന്നുവെന്നാണ് ഇതിന് പ്രതികാരമായിട്ടാണ് ഫൈസാനെ കൊലപ്പെടുത്തിതെന്നുമാണ് പ്രതി വ്യക്തമാക്കിയത്. കൊലപാതകവുമായി തന്റെ കുടുംബത്തിനോ സുഹൃത്തുകൾക്കോ യാതൊരും ബന്ധവുമില്ലെന്നും പ്രതി പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ. എന്നാൽ പ്രതി പറയുന്നത് കള്ളമാണെന്നും സാമ്പത്തിക കാരണങ്ങളെ തുടർന്നാണ് പ്രതി കൊല നടത്തിയതെന്നുമാണ് മരിച്ച ഫൈസാന്റെ സഹോദരൻ സൽമാൻ പറഞ്ഞത്.
വ്യാഴാഴ്ചയായിരുന്നു ഫൈസാൻ വെടിയേറ്റ് മരിച്ചത്. മൗജ്പുറിലെ ഒരു കഫേയിൽ വച്ച് പ്രതി ഫൈസാനെ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസാനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ മരിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
National
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വവുമായി ശശി തരൂര്‍ എംപി വീണ്ടും അകലുന്നതായി സൂചന. രാഹുല്‍ ഗാന്ധിയുടെ സമീപകാലത്തെ ചില നിലപാടുകളിലും പാര്‍ട്ടി തീരുമാനങ്ങളിലും അതൃപ്തിയുള്ള തരൂര്‍, ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
രാഹുല്‍ ഗാന്ധി അടുത്തിടെ നടത്തിയ ചില പ്രസ്താവനകളും പാര്‍ട്ടി പുനഃസംഘടനയിലെ അവഗണനയുമാണ് തരൂരിനെ ചൊടിപ്പിച്ചത്. പ്രത്യേകിച്ചും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും വയനാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തനിക്ക് അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെന്നും തരൂര്‍ കരുതുന്നതായാണ് സൂചന.
വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ചും പാര്‍ലമെന്റിലെ തന്ത്രങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനാണ് എഐസിസി ആസ്ഥാനത്ത് യോഗം വിളിച്ചിരിക്കുന്നത്. ഇതില്‍ നിന്ന് തരൂരിനെപ്പോലൊരു മുതിര്‍ന്ന നേതാവ് വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹം വീണ്ടും ചര്‍ച്ചയാകാന്‍ കാരണമാകും.
കോണ്‍ഗ്രസില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് രംഗത്തെത്തിയ ജി-23 ഗ്രൂപ്പിലെ പ്രമുഖനായിരുന്നു തരൂര്‍.
ഹൈക്കമാന്‍ഡുമായി പലപ്പോഴും വിയോജിപ്പുകള്‍ പ്രകടിപ്പിക്കാറുള്ള അദ്ദേഹം, സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതാണ് ഇപ്പോഴത്തെ വിട്ടുനില്‍ക്കലിനും പിന്നിലെന്ന് കരുതപ്പെടുന്നു. അടുത്തിടെ കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെ വിയോജിച്ച് ദേശീയ മാധ്യമങ്ങളില്‍ തരൂര്‍ എഴുതിയ ലേഖനവും ചര്‍ച്ചയായിരുന്നു.
National
ന്യൂഡല്‍ഹി: 2022-ല്‍ ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തില്‍ കായികതാരങ്ങളെ പുറത്താക്കി നായയെ നടത്താന്‍ സൗകര്യമൊരുക്കിയെന്ന വിവാദത്തില്‍ പെട്ട മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഖിര്‍വാര്‍ വീണ്ടും ഡല്‍ഹി ഭരണകൂടത്തിന്റെ നിര്‍ണായക സ്ഥാനത്തേക്ക് തിരിച്ചെത്തി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പുതിയ കമ്മീഷണറായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തെ നിയമിച്ചു.
1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഖിര്‍വാര്‍ വിവാദത്തെത്തുടര്‍ന്ന് ലഡാക്കിലേക്ക് സ്ഥലം മാറ്റപ്പെട്ടതിന് ശേഷം ഏകദേശം മൂന്ന് വര്‍ഷം കഴിഞ്ഞാണ് ഡല്‍ഹിയില്‍ തിരിച്ചെത്തുന്നത്. നിലവിലെ കമ്മീഷണര്‍ അശ്വനി കുമാറിന് പകരക്കാരനായാണ് ഖിര്‍വാര്‍ ചുമതലയേല്‍ക്കുന്നത്. അശ്വനി കുമാറിനെ ജമ്മു കശ്മീരിലേക്ക് സ്ഥലം മാറ്റി.
ഡല്‍ഹി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ, ഖിര്‍വാറും ഭാര്യയും സ്റ്റേഡിയത്തില്‍ നായയെ നടത്തുന്നതിനായി കായികതാരങ്ങളെ നേരത്തെ പുറത്തിറങ്ങാന്‍ നിര്‍ബന്ധിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇദ്ദേഹത്തെ ലഡാക്കിലേക്കും ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കും സ്ഥലം മാറ്റിയത്.
എംസിഡി ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുന്ന നിര്‍ണായക ഘട്ടത്തിലാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. നഗരത്തിലെ റോഡുകളുടെ നവീകരണം, ശുചീകരണം, തെരുവ് നായകളുടെ നിയന്ത്രണം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം നിര്‍ണായകമാകും. ജനുവരി 21-നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
Business
കോട്ടയം: കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (CERC) ഉപദേശക സമിതിയംഗമായി മലയാളിയായ നന്ദകുമാർ നായരെ നിയമിച്ചു. കേരള എച്ച്ടി ആൻഡ് ഇഎച്ച്ടി ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
വൈദ്യുതി നിയമം - 2003 പ്രകാരം രൂപീകരിക്കപ്പെട്ട ഈ സമിതിയാണ് വൈദ്യുതി നിരക്കുകൾ, വൈദ്യുതിയെ സംബന്ധിച്ച മാർക്കറ്റ് പരിഷ്കാരങ്ങൾ, ഗ്രിഡ് പ്രവർത്തനം, ഊർജ സംയോജനം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതിനു റഗുലേറ്ററി കമ്മീഷനെ സഹായിക്കുന്നത്. വ്യവസായ ഉപയോക്താക്കളുടെ താത്പര്യങ്ങൾ ദേശീയ തലത്തിൽ അവതരിപ്പിക്കാൻ ഇതുവഴി എച്ച്ടി ആൻഡ് ഇഎച്ച്ടി അസോസിയേഷനും അവസരം ലഭിക്കുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
NRI
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുൻപനും പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ സ്തേഫാനോസ് സഹദായുടെ ഓർമപ്പെരുന്നാൾ ആചരിച്ചു.
ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത ശ്ലൈഹീക വാഴ്വ് നൽകി.
National
ന്യൂഡൽഹി: കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ മരിക്കാനിടയായ ദുരന്തത്തിൽ സത്യവാങ്മൂലം സമർപ്പിക്കാത്തതിനു കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു ഡൽഹി ഹൈക്കോടതി.
പൊതുതാത്പര്യഹർജിയിൽ പ്രതികരണമറിയിച്ചുകൊണ്ടുള്ള സത്യവാങ്മൂലം കഴിഞ്ഞ വർഷം മാർച്ച് 26നകം സമർപ്പിക്കണമെന്നായിരുന്നു നിർദേശമെങ്കിലും കേന്ദ്ര റെയിൽവേ മന്ത്രാലയം ഈ സമയപരിധി പാലിക്കാത്തതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
ദുരന്തത്തിനുശേഷം എന്തൊക്കെ തീരുമാനങ്ങളും നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമായിരുന്നു. അധികാരികൾ എന്തുകൊണ്ടാണ് ഇത്ര അലസത കാണിക്കുന്നതെന്നും, മറ്റൊരു സംഭവുമുണ്ടാകാൻ കാത്തിരിക്കുകയാണോയെന്നും കോടതി ചോദിച്ചു.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനിടെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ബിഹാറിലെ പാർട്ടിയുടെ ഉപാധ്യക്ഷന്മാരടക്കമുള്ള നേതാക്കൾക്കെതിരേ നടപടിയുമായി കോണ്‍ഗ്രസ്.
തെരഞ്ഞെടുപ്പിനിടെ മുതിർന്ന പാർട്ടി നേതാക്കൾക്കെതിരേ നടത്തിയ പ്രസ്താവനകളുടെയും അച്ചടക്കലംഘനത്തിന്റെയും പേരിലാണ് 43 പ്രമുഖ നേതാക്കൾക്കെതിരേയുള്ള നടപടി.
പുറത്താക്കപ്പെട്ടവരിൽ ഉപാധ്യക്ഷന്മാരായിരുന്ന രാജ്കുമാർ രാജൻ, ഷക്കീലുർ റഹ്മാൻ എന്നിവരുൾപ്പെടുന്നു. ആറുപേർക്കെതിരേ തുടർനടപടികൾക്കായി എഐസിസിയുടെ അച്ചടക്കസമിതിക്ക് കൈമാറിയിട്ടുമുണ്ട്.
പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജേഷ് റാമിനെതിരേയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നിരീക്ഷകൻ കൃഷ്ണ അല്ലവരുവിനെതിരേയും വിമതസ്വരം ഉയർത്തിയെന്നും നേതൃത്വത്തിനെതിരേ പ്രസ്താവനകൾ നടത്തിയെന്നും കണ്ടാണ് നേതാക്കൾക്കെതിരായ നടപടി. പാർട്ടിനേതൃത്വം പണത്തിനുവേണ്ടി സീറ്റുകൾ നൽകിയെന്ന് വിമതനേതാക്കൾ ആരോപണമുന്നയിച്ചിരുന്നു.
വോട്ടെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്കു മുന്‍പ് ഒക്ടോബർ 18ന് ചില വിമതർ പാറ്റ്നയിൽ വാർത്താസമ്മേളനം വിളിച്ചു നേതൃത്വത്തിനെതിരേ ഗുരുതരമായ ആരോപണങ്ങളുയർത്തി കോണ്‍ഗ്രസിനെ സമ്മർദത്തിലാക്കുകയും ചെയ്തിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം രൂപീകരിച്ച സംസ്ഥാനതല അച്ചടക്കസമിതി ഏഴു നേതാക്കളെ പുറത്താക്കുകയും 36 നേതാക്കൾക്കു കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ 61 സീറ്റുകളിൽ മത്സരിച്ചെങ്കിലും ആറെണ്ണത്തിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.
National
ന്യൂഡൽഹി: നോർത്ത് ഡൽഹിയിൽ കടയ്ക്ക് തീപിടിച്ചു. ചാന്ദ്നി ചൗക്കിൽ ഒരു കടയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. അപകട സ്ഥലത്ത് തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു.
വെള്ളിയാഴ്ച രാത്രി 10.58ന് തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതേ തുടർന്ന് അഞ്ച് ഫയർ ആന്റ് റെസ്ക്യു യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ കെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
National
ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലെ ക്രിസ്മസ് ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. തുടർന്ന് രാജ്യത്തിനും പ്രധാനമന്ത്രിക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി.
സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിച്ചാണ് ഈ ശുശ്രൂഷ നടത്തിയതെന്നും ക്രിസ്മസിന്റെ ആത്മാവ് നമ്മുടെ സമൂഹത്തിൽ ഐക്യവും സത്സ്വഭാവവും പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
രാജ്യത്ത് പലയിടങ്ങളിലും ക്രിസ്മസ് കാരൾ സംഘങ്ങൾക്കും വിശ്വാസികൾക്കും നേരെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ദേവാലയസന്ദർശനമെന്നതും ശ്രദ്ധേയമാണ്.
Kerala
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തെ മാത്രം ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നതെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ഈ വർഷം മാത്രം സംസ്ഥാനത്തിന് ലഭിക്കാനുള്ള 17,000 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി ആരോപിച്ചു. ഇങ്ങനെ ശ്വാസം മുട്ടിക്കാൻ കേരളത്തിലെ ജനങ്ങൾ ചെയ്ത പാതകമെന്തെന്നും ബാലഗോപാൽ ചോദിച്ചു.
ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കെ.എൻ. ബാലഗോപാൽ. കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയിൽ പുനഃപരിശോധന വേണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടതായും ബാലഗോപാൽ വ്യക്തമാക്കി.
കേന്ദ്രം ആണ് ഇനി വിഷയത്തിൽ തീരുമാനം എടുക്കേണ്ടത്. ഐജിഎസ്ടി പൂളിൽ നിന്നും തുകയുടെ കാര്യത്തിൽ കുറവ് വന്നു. ഇതിൽ മാത്രം 965 കോടിയാണ് കുറഞ്ഞത്. ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതായും ധനമന്ത്രി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: സിപിഎമ്മിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷവും സംസ്ഥാനത്ത് സിപിഎമ്മും കോൺഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുകയാണെന്ന് അനിൽ ആന്റണി പറഞ്ഞു.
തിരുവനന്തപുരത്ത് വിജയിച്ച ഇടത് കൗൺസിലർ അഖിലയ്ക്ക് സത്യപ്രതിജ്ഞ ചടങ്ങിൽ ജയ് ഹിന്ദ് എന്ന് പറഞ്ഞതുകൊണ്ട് സൈബർ ആക്രമണം നേരിട്ടു. ഇതേ തുടർന്ന് അവർക്ക് മാപ്പ് പറയേണ്ടി വന്നുവെന്നും ബിജെപി ദേശീയ സെക്രട്ടറി ആരോപിച്ചു.
ഇത്തരം മാനസികാവസ്ഥയെ കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുമെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം നേടുമെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു.
National
ധാക്ക: ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.
ഇന്ത്യയിലെ ബംഗ്ലാദേശ് നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക വർധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ സെക്രട്ടറി അസദ് ആലം സിയാം ഹൈക്കമ്മീഷണറെയും ഡെപ്യൂട്ടി ഹൈക്കമ്മീഷണറെയും വിളിച്ചുവരുത്തിയതെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ നയതന്ത്രകാര്യാലയങ്ങൾക്കുള്ള സുരക്ഷ വർധിപ്പിക്കണമെന്ന് അഭ്യർഥനയും കൂടിക്കാഴ്ചയിൽ മുന്നോട്ടു വച്ചിട്ടുണ്ട്.
പത്ത് ദിവസങ്ങൾക്കുള്ളിൽ രണ്ടാം തവണയാണ് പ്രണയ് വർമയെ ഇത്തരത്തിൽ വിളിച്ചുവരുത്തുന്നത്.
വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിൽ അഭയം തേടുന്ന പക്ഷം ഉടനടി അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിന് കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
National
ന്യൂഡൽഹി: ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) യുടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം സിബിസിഐ ആസ്ഥാനത്ത് ഇന്നു നടക്കും.
വൈകുന്നേരം ആറിനു നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ലെയോപോൾദോ ജിറേല്ലി തുടങ്ങിയവർ പങ്കെടുക്കും.
സിബിസിഐ അധ്യക്ഷൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച്ബിഷപ്പുമായ ഡോ. അനിൽ കൂട്ടോ സ്വാഗതവും ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ നന്ദിയും പറയും.
കർദിനാൾമാർ, ആർച്ച്ബിഷപ്പമാർ, ബിഷപ്പുമാർ, നയതന്ത്ര പ്രതിനിധികൾ, മതനേതാക്കൾ, വിവിധ മേഖലകളിൽനിന്നുള്ള മറ്റ് പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. കഴിഞ്ഞവർഷം സിബിസിഐ ആസ്ഥാനത്തു നടന്ന ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മുഖ്യാതിഥി.
National
ന്യൂഡൽഹി: ആധാർ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പൂർണമായും സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഡാറ്റാബേസിൽ നിന്ന് ഇതുവരെ യാതൊരുവിധത്തിലുള്ള വിവരചോർച്ചയും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ പാര്‍ലമെന്റിൽ അറിയിച്ചു.
യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇന്ന് പാര്‍ലമെന്റിൽ അറിയിക്കുകയായിരുന്നു.
ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര ഐടി സഹമന്ത്രി ജിതിൻ പ്രസാദയാണ് സുരക്ഷാ നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ സമർപ്പിച്ചത്. ആധാർ വിവരങ്ങൾ കൈമാറ്റം ചെയ്യുമ്പോഴും സംഭരിക്കുമ്പോഴും അത്യാധുനികമായ എൻക്രിപ്ഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: നിതിൻ നബീന് ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. നിലവിൽ ബിഹാർ സർക്കാരിൽ പൊതുമരാമത്ത്, നഗരവികസനം വകുപ്പുകളുടെ മന്ത്രിയാണ് നിതിൻ നബീന്.
നിതിന്‍ ഊജ്വലസ്വീകരണമാണ് നേതാക്കളും പ്രവർത്തകരും പാര്‍ട്ടി ആസ്ഥാനത്ത് ഒരുക്കിയിരുന്നത്. നബീന്റെ നിയമനം അപ്രതീക്ഷിതമെന്ന് പാർട്ടി നേതാക്കൾ വിലയിരുത്തുന്നു. ജനുവരിയിൽ പുതിയ ബിജെപി അദ്ധ്യക്ഷനായി നിതിൻ നബീൻ ചുമതലയേറ്റേക്കും എന്നാണ് റിപ്പോര്‍ട്ട്.
മുതിർന്ന ബിജെപി നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനാണ് നിതിൻ നബീൻ. 2006ല്‍ നിതിൻ നബീൻ പാറ്റ്ന വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. തുടർന്ന് 2010 മുതൽ ബംഗിപുർ സീറ്റിൽ നിന്ന് മൂന്ന് തവണ വിജയിച്ചു.
നിലവിലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയും ഇത്തരത്തിൽ 2019ൽ ആദ്യം ദേശീയ വർക്കിംഗ് പ്രസിഡന്റായാണ് എത്തിയത്.
National
ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മികച്ച വിജയത്തിൽ പ്രതികരിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി.
ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരും. വിജയം സാധ്യമാക്കിയ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദിയുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. സർക്കാരിനെ ജനം വെറുക്കുന്നു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ തടസപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി. സർവീസുകളുടെ പ്രതിസന്ധി രൂക്ഷമാകും വരെ കേന്ദ്രസർക്കാർ ഇടപെടാൻ വൈകിയതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.
വിമാന സർവീസുകളുടെ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കില്ലേ എന്നും കോടതി ആരാഞ്ഞു. മറ്റ് വിമാന സർവീസുകൾക്ക് 40,000 രൂപ വരെ ടിക്കറ്റ് നിരക്ക് ഈടാക്കിയതെങ്ങനെയെന്നും കോടതി ചോദിച്ചു.
യാത്രക്കാർക്ക് പണം തിരിച്ചു നൽകുന്ന നടപടി കാര്യക്ഷമമാക്കണമെന്നും നഷ്ടപരിഹാരത്തിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇടപെടണമെന്നും കോടതി അറിയിച്ചു. സർവീസുകളുടെ പ്രതിസന്ധിയിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണങ്ങൾ.
Kerala
ന്യൂഡൽഹി: കേരളത്തിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി തീയതി നീട്ടുന്നതിന് സംസ്ഥാന സർക്കാറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാൻ ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തിന്റെ ആവശ്യം ന്യായമാണെന്നും ഇത് അനുഭാവപൂർവം പരിഗണിക്കണമെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
നിലവിലെ സാഹചര്യത്തിൽ കമ്മീഷൻ തീയതികൾ നീട്ടിയിട്ടുണ്ട്. തീയതി ഇനിയും നീട്ടുമോയെന്ന് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയേക്കും.
National
ന്യൂഡൽഹി: ഹിന്ദിയിൽ പ്രാവീണ്യമില്ലെന്ന് കരുതി ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തരുതെന്ന് സുപ്രീം കോടതി ജഡ്ജി ബി.വി. നാഗരത്ന. നിയമ സംവിധാനത്തിൽ എല്ലാതരം ഭാഷാ വൈവിധ്യങ്ങളും ഉൾക്കൊള്ളേണ്ടതുണ്ടെന്നും ബി.വി. നാഗരത്ന പറഞ്ഞു.
കോടതികളിലെ ഭാഷ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സുപ്രീം കോടതി ജഡ്ജി. ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ നിരവധി ഭാഷകളെ അംഗീകരിക്കുന്നുണ്ടെന്നും ബി.വി. നാഗരത്ന വ്യക്തമാക്കി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കുറഞ്ഞത് ആറ് ഭാഷകളെങ്കിലും സംസാരിക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സംബന്ധിച്ച് ഉന്നത കോടതികളിൽ ഇംഗ്ലീഷായിരിക്കും അവരെ ആശയവിനിമയത്തിന് പര്യാപ്തരാക്കുകയെന്നും സുപ്രീം കോടതി ജഡ്ജി പറഞ്ഞു.
ജുഡീഷ്യറിയിലെ ഭാഷയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ മിതത്വം അനിവാര്യമാണെന്ന് വിശദീകരിച്ച ബി.വി. നാഗരത്ന തന്റെ പരാമർശങ്ങൾ രാഷ്ട്രീയപരമല്ലെന്നും വ്യക്തമാക്കി.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് പുടിൻ പറഞ്ഞു. സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല നരേന്ദ്ര മോദിയെന്നും റഷ്യൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
നരേന്ദ്ര മോദി ഇന്ത്യയ്ക്കായാണ് ജീവിക്കുന്നത്. വിശ്വസിക്കാനാവുന്ന ഒരു സുഹൃത്താണ് മോദി. ഇത് താൻ ഏറെ ആത്മാർത്ഥതയോടെയാണ് പറയുന്നതെന്നും പുടിൻ പറഞ്ഞു. നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും അദേഹം വ്യക്തമാക്കി.
അമേരിക്ക ഇപ്പോഴും റഷ്യയിൽ നിന്ന് ആണവ ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്കും ഇതേ അവകാശമുണ്ടെന്നും പുടിൻ ആവർത്തിച്ചു. ഇരട്ട തീരുവ ഉൾപ്പെടെയുള്ള ട്രംപിന്റെ തീരുമാനങ്ങൾക്ക് പിന്നിൽ ഉപദേശകർ ആണെന്നും പുടിൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഷാംനാഥ് മാർഗിന് സമീപത്തായിരുന്നു അപകടം. യാത്രക്കാരുമായി പോയ ബസിലാണ് തീപിടുത്തമുണ്ടായത്.
ബസ് ജീവനക്കാർ തീ പടരുന്നത് കണ്ട് ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആളപായം ഒഴിവായി. ഐഎഎസ്ബിടിയിലേക്ക് പോകുന്ന സമയത്താണ് ബസിന് തീപിടിച്ചതെന്നും ഉടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയെന്നും ഡ്രൈവർ പോലീസിനോട് പറഞ്ഞു.
മൂന്ന് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. സംഭവത്തിൽ അട്ടിമറിയില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
National
ന്യൂഡൽഹി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ കൊച്ചിയിലേക്ക് ഉൾപ്പെടെയുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കി. സ്ഫോടനത്തിന് പിന്നാലെ രൂപപ്പെട്ട കരിമേഘ പടലം ഉത്തരേന്ത്യയിലേക്ക് നീങ്ങുന്നതിനാലാണ് നടപടി.
കരിമേഘ പടലം വിമാന സർവീസുകൾക്ക് തടസം സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹെയ്ലി ഗുബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്.
അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ അന്തരീക്ഷത്തിലേക്കുയർന്ന കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ നിന്ന് കരിമേഘ പടലം ഹരിയാന, ഡൽഹി, യുപി എന്നിവിടങ്ങളിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
Editorial
ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തള്ളിയിരിക്കുന്നു. അതേസമയം, അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചുവയ്ക്കാനുള്ള വിവേചനാധികാരം ഇല്ലെന്നും അത്തരം ഘട്ടങ്ങളിൽ കോടതിക്ക് ഇടപെടാമെന്നും ബെഞ്ച് വ്യക്തമാക്കി.
സമയപരിധി നിശ്ചയിക്കാനാകില്ലെങ്കിൽ കോടതി ഇടപെട്ടിട്ടു കാര്യമുണ്ടോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഭരണഘടനയുടെ 200-ാം അനുഛേദ പ്രകാരം ബില്ലുകള്‍ പരിഗണനയ്ക്കെത്തുന്പോൾ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയാണ് എന്ന രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠേനയുള്ള മറുപടി. പ്രശ്നപരിഹാരമല്ല, ഭരണഘടനാ പ്രകാരമുള്ള വിശദീകരണമാണ് കോടതി നടത്തിയിരിക്കുന്നത്.
ബില്ലുകൾ ഒപ്പിടാതെ അനന്തമായി നീട്ടിവച്ച് കേരളത്തിലുൾപ്പെടെ സംസ്ഥാന സർക്കാരുകളെ മുൾമുനയിൽ നിർത്തുന്ന ഗവർണർമാരുടെ രാഷ്ട്രീയം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ, തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവി തടഞ്ഞുവച്ചിരുന്ന ബില്ലുകളെല്ലാം പാസായതായി കണക്കാക്കുകയും ഗവർണർക്കു വീറ്റോ അധികാരമില്ലെന്നു മുന്നറിയിപ്പു കൊടുക്കുകയും ചെയ്ത സുപ്രീംകോടതി വിധി ഉണ്ടായിരുന്നു. നിയമസഭ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് മൂന്ന് സാധ്യതകളേ ഉള്ളൂ. ഒന്ന് അനുമതി നൽകുക, രണ്ട് നിയമസഭയ്ക്കു തരിച്ചയയ്ക്കുക, മൂന്ന് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക.
എന്നാൽ, ബില്ലിൽ തീരുമാനമെടുക്കാതെ വൈകിക്കുകയും അതിനുശേഷം രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്തത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ജസ്റ്റീസ് ജെ.ബി. പർദിവാല, ജസ്റ്റീസ് ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് വിധിച്ചത്. സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം പരിമിതപ്പെടുത്തുന്നതും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണമാരെ മാറ്റുന്നതുമായ ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ഈ ബില്ലുകൾ ഗവര്‍ണര്‍ ആര്.എന്‍. രവി മൂന്നു വർഷത്തോളം പിടിച്ചുവച്ചതോടെ വിഷയം സങ്കീർണമായി. തുടർന്ന് രാഷ്ട്രപതി നൽകിയ റഫറൻസിലാണ് ഇപ്പോൾ വിധി. ഗവർണർ ഒപ്പിടാത്ത ബില്ലുകൾക്ക് അംഗീകാരം നൽകാൻ കോടതിക്ക് കഴിയില്ലെന്നും രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ചുമതല കോടതിക്കു ഏറ്റെടുക്കാനാവില്ലെന്നും വിധിയില്‍ പറയുന്നു.
എന്നാൽ, അനന്തമായി ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവയ്ക്കാനാവില്ലെന്നാണ് കോടതി പറഞ്ഞതെന്നും സമയപരിധി നിശ്ചയിക്കാൻ അപ്പീൽ നൽകുമെന്നും ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു. വിധിക്കുശേഷവും രാഷ്ട്രീയപോരാട്ടം തുടരുമെന്നതിന്റെ സൂചനയാണിത്. അനിശ്ചിതകാലത്തേക്ക് ബില്ലുകൾ തടഞ്ഞുവയ്ക്കാനാകില്ലെന്നും അങ്ങനെവന്നാൽ സംസ്ഥാനങ്ങൾക്കു കോടതിയെ സമീപിക്കാമെന്നും പറഞ്ഞെങ്കിലും കഴിഞ്ഞ ഏപ്രിലിൽ രണ്ടംഗ ബെഞ്ച് ഗവർണർക്കെതിരായി നടത്തിയ വിധിയും മൂന്നുമാസ കാലാവധിയും തള്ളിക്കളഞ്ഞിരിക്കുകയാണ്.
കോടതിക്കു മുന്നിലുണ്ടായിരുന്നത് പ്രശ്നപരിഹാരമല്ല, ഭരണഘടനാ വിശദീകരണമാണ്. അതായത്, രാഷ്ട്രപതിക്കും ഗവർണർക്കും ഉപദേശം നൽകിയ കോടതി, അവർ ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടുപോയാൽ എന്തു ചെയ്യും എന്ന ചോദ്യത്തിനല്ല ഉത്തരം പറഞ്ഞത്. രാജ്യത്തിന്റെ പ്രതിസന്ധി അതായിരുന്നെങ്കിലും രാഷ്ട്രപതി ചോദിച്ചത് ഗവർണറുടെ അധികാരത്തെക്കുറിച്ചു മാത്രമായിരുന്നു. കോടതി അതിനുത്തരം പറഞ്ഞു. മറ്റു കാര്യങ്ങൾ വീണ്ടും കോടതിയിലെത്തും.
രാഷ്ട്രീയത്തിനു മുകളിൽ ഒരു ബില്ലും പറക്കില്ലെന്നു വേണമെങ്കിൽ പറയാം. നോമിനിയായ ഗവർണർക്കു മുകളിലാണ് ജനം തെരഞ്ഞെടുത്ത സംസ്ഥാന സർക്കാർ എന്നും, രാഷ്ട്രീയത്തിനു മുകളിലാണ് ജനാധിപത്യം എന്നും ഗവർണർമാരും അവരെ പറഞ്ഞയച്ചവരും മനസിലാക്കിയിരുന്നെങ്കിൽ, ഈ വിഷയം ഭരണഘടനാ ബെഞ്ചിനു തലനാരിഴ കീറി പരിശോധിക്കേണ്ടി വരില്ലായിരുന്നു.
ഭരണഘടനയുടെ ആത്മാവിനെ ത്യജിക്കാൻ അതിന്റെ എഴുതപ്പെട്ടതോ എഴുതപ്പെടാത്തതോ ആയ വാക്യങ്ങളെ പഴുതുകളാക്കുന്ന പ്രവണത അധികാര രാഷ്ട്രിയത്തിനു ഗുണകരമായിരിക്കാം. പക്ഷേ, ഫെഡറൽ തത്വങ്ങൾക്കു ഗുണകരമല്ല. ഭരണഘടനാ സ്ഥാപനങ്ങളും സ്ഥാനങ്ങളും പാർട്ടിക്കുവേണ്ടിയല്ല, രാജ്യത്തിനുവേണ്ടിയാണെന്ന് മറക്കാതിരിക്കുന്നതാണ് യഥാർഥ ദേശസ്നേഹം.
National
ന്യൂഡൽഹി: ഡൽഹി കലാപാഹ്വാന കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ കടുത്ത എതിർപ്പ് ഉന്നയിച്ച് ഡൽഹി പോലീസ്. കലാപാഹ്വാന കേസിൽ ഒരു മത വിഭാഗത്തെ പ്രകോപിപ്പിക്കാൻ നീക്കം നടത്തിയെന്നും ഡൽഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു.
ഡൽഹി കലാപം കേന്ദ്ര ഭരണ മാറ്റം ലക്ഷ്യമിട്ട് ആയിരുന്നുവെന്ന് വാദിച്ച അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ്.വി. രാജു ചെങ്കോട്ട സ്ഫോടനവും പരാമർശിച്ചു. ബുദ്ധിജീവികൾ ഭീകരവാദികളായി എത്തുന്നതാണ് ചെങ്കോട്ടയിലും കാണാൻ സാധിച്ചതെന്ന് എഎസ്ജി കോടതിയിൽ വാദിച്ചു.
ഡോണൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശന വേളയിൽ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് കലാപം റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന തരത്തിലായിരുന്നു ആസൂത്രണം. ഭരണത്തെ അസ്ഥിരപെടുത്തുക, സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുക എന്നിവയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യമെന്നും ഡൽഹി പോലീസ് സുപ്രിം കോടതിയിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം ഉമർ ഖാലിദിന്റെ ജാമ്യത്തെ ഡൽഹി പോലീസ് എതിർത്തിരുന്നു. ജാമ്യാപേക്ഷയിൽ പോലീസിന്റെ വാദം കേൾക്കുകയാണ് കോടതി. നാളെയും വാദം തുടരും.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയ ഭീകരർ ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിൽ നടത്തിയതിന് സമാനമായ ആക്രമണം രാജ്യ തലസ്ഥാനത്ത് പദ്ധതിയിട്ടിരുന്നതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള ആക്രമണത്തിനായിരുന്നു പദ്ധതി. ചാവേർ ആക്രമണം നടത്തിയ ഉമർ ഉൻ നബിക്കൊപ്പം പ്രവർത്തിച്ച രണ്ടാമത്തെ ഭീകരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്.
ജാസിർ ബിലാൽ വാനി എന്ന ഡാനിഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡ്രോൺ ആക്രമണങ്ങളെ കുറിച്ച് വിവരം ലഭിച്ചത്. ആയുധങ്ങളും ബോംബുകളും വഹിക്കാൻ ശേഷിയുള്ള തരത്തിലേക്ക് ഭീകരർക്ക് വേണ്ടി ഡ്രോണുകൾ ഇയാൾ പരിഷ്കരിക്കാൻ ശ്രമിച്ചിരുന്നു.
ഇതുകൂടാതെ റോക്കറ്റുകൾ നിർമ്മിക്കാൻ ശ്രമിച്ചതിനും എൻഐഎ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഡാനിഷ് ആണ് ഭീകരർക്ക് ഇതിനായി സാങ്കേതിക സഹായം നൽകിയിരുന്നത്. ജമ്മുകശ്മീർ സ്വദേശിയായ ഡാനിഷിനെ ശ്രീനഗറിൽ നിന്നാണ് പിടികൂടിയത്.
National
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ സ്ഫോടനത്തിന് പിന്നാലെ അടച്ച ചെങ്കോട്ട സന്ദർശകർക്കായി ഇന്ന് തുറക്കും. ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് ശനിയാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ചെങ്കോട്ടയിൽ ഒരുക്കിയിരിക്കുന്നതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷൻ ഭാഗികമായി തുറന്നിട്ടുണ്ട്.
സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ എല്ലാം നീക്കം ചെയ്ത ശേഷമാണ് നേതാജി സുഭാഷ് മാർഗ് വീണ്ടും ജനങ്ങൾക്കായി തുറന്നു കൊടുത്തത്. സ്ഫോടനത്തെ തുടർന്ന് തലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും വ്യാപക പരിശോധന തുടരുന്നുണ്ട്.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിലെ ഭീകരർ പാക്കിസ്ഥാൻ സന്ദർശിച്ചതായി റിപ്പോർട്ടുകൾ. ഇവർക്ക് ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സ്ഫോടനത്തിൽ എൻഐഎ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഭീകരർക്ക് യാത്രയ്ക്ക് സൗകര്യം ഒരുക്കിയത് കേസിൽ അറസ്റ്റിലായ ആദിൽ റാത്തറുടെ സഹോദരൻ മുസാഫറാണ്. ആദിൽ റാത്തറിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. മുസാഫർ റാത്തറാണ് ഭീകരർക്ക് ദുബായ്, തുർക്കി, പാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കിയത്.
മുസാഫർ റാത്തറിന് ജെയ്ഷെയുമായി അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും.