Kerala
പത്തനംതിട്ട: ബലാത്സംഗ കേസില്‍ അറസ്റ്റിലായ മരണ സുബിന് എന്നറിയപ്പെടുന്ന സുബിന് അലക്സാണ്ടര്‍ക്കെതിരേ വീണ്ടും കാപ്പ ചുമത്താന്‍ പോലീസ് നീക്കം.
കാപ്പാ നിയമ പ്രകാരം ആറുമാസത്തെ കരുതല്‍ തടങ്കലിനുശേഷം 2025 മാര്‍ച്ചിലാണ് ഇയാള്‍ പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങള്‍ തുടരുന്നതിനാലാണ് വീണ്ടും കടുത്ത നടപടിക്ക് ആലോചിക്കുന്നത്.
ബലാത്സംഗം അന്വേഷിക്കാന്‍ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. കുറ്റപ്പുഴ, പാപ്പാനവേലില്‍ മരണം സുബിന്എന്നറിയപ്പെടുന്ന സുബിന് അലക്സാണ്ടര്‍ ചാക്കോ (27), തിരുവല്ല മുപ്പിരിയില്‍ ബെര്ലന്ദാസ് (38) എന്നിവരാണ് സ്പാ അതിക്രമക്കേസില്‍ അറസ്റ്റിലായത്. മറ്റു നാലുപേര്‍ കൂടി പിടിയിലാകാനുണ്ട്.
District News
കണ്ണൂർ: രക്തസാക്ഷി ധനരാജിന്റെ പേരിൽ പിരിച്ചെടുത്ത ഫണ്ട് തട്ടിപ്പ് നടത്തിയതിന്റെ പേരിൽ ആരോപണ വിധേയനായ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനെതിരായ പ്രതിഷേധങ്ങളെ ഗുണ്ടകളെ ഇറക്കി അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്.
നാട്ടുകാരിൽ നിന്നു പിരിച്ചെടുത്ത ലക്ഷങ്ങൾ എംഎൽഎയുടെ നേതൃത്വത്തിൽ തട്ടിയെടുത്തതായുള്ള സിപിഎം നേതാവിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പയ്യന്നൂരിൽ സമാധാനപരമായി പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിക്കുകയായിരുന്നു. ടി.ഐ. മധുസൂദനൻ എംഎൽഎയുടെ ഗുണ്ടകളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.
പയ്യന്നൂരിലെ എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ച് ഗുണ്ടാസംഘം പ്രവർത്തിക്കുന്നുണ്ട്. പോലീസ് നോക്കി നിൽക്കുമ്പോഴാണ് പയ്യന്നൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനത്തെ ആക്രമിച്ചത്. ഗുരുതരമായ അഴിമതി ആരോപണം ഉന്നയിച്ച സിപിഎം നേതാവ് കുഞ്ഞികൃഷ്ണനു കൂടിയുള്ള മുന്നറിയിപ്പാണ് ഈ ക്രിമിനൽ സംഘം നൽകിയിരിക്കുന്നത്.
മാരകായുധങ്ങളുമായി കോൺഗ്രസ് നേതാക്കളെ ആക്രമിച്ച ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറാകണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു. ഗുണ്ടകളെ ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാം എന്ന പയ്യന്നൂർ എംഎൽഎയുടെയും കൂട്ടരുടെയും ചിന്ത മാറ്റിവയ്ക്കുന്നതാണ് നല്ലത്. നാളെ ജനകീയ കോടതിയിൽ ഇതിന് സമാധാനം പറയേണ്ടി വരുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ് പയ്യന്നൂർ ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലുള്ള കോൺഗ്രസ് നേതാക്കളായ എ.പി. നാരായണൻ, എ. രൂപേഷ്, കെ. ടി. ഹരീഷ്, പി. രാജൻ എന്നിവരെ മാർട്ടിൻ ജോർജ് സന്ദർശിച്ചു.
International
ദുബായ്: ഇറാനിലെ ജനകീയ പ്രക്ഷോഭത്തിൽ മരിച്ചത് 3090 പേരാണെന്ന് ഇറാനിലെ മനുഷ്യാവകാശ കാര്യങ്ങൾ നിരീക്ഷിക്കുന്ന അമേരിക്കൻ സംഘടന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ഇൻ ഇറാൻ അറിയിച്ചു. ഇതിൽ 2885 പേർ പ്രതിഷേധക്കാരാണ്.
ഇറേനിയൻ ഭരണകൂടം ഉരുക്കുമുഷ്ടി ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമർത്തിയെന്നും സംഘടന ചൂണ്ടിക്കാട്ടി. കുറച്ചു ദിവസങ്ങളായി രാജ്യത്ത് പ്രകടനങ്ങൾ ഇല്ല. തലസ്ഥാനമായ ടെഹ്റാൻ നാലു ദിവസമായി ശാന്തമാണെന്ന് ഇന്നലെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, പ്രതിഷേധത്തിൽ നുഴഞ്ഞുകയറിയ സായുധ കലാപകാരികളാണ് അക്രമം അഴിച്ചുവിട്ടതെന്ന് ഇറേനിയൻ ഭരണകൂടം അവകാശപ്പെട്ടു. അമേരിക്കയും ഇസ്രയേലുമാണ് ഈ തീവ്രവാദികൾക്കു പിന്തുണ നല്‍കിയതെന്നും കൂട്ടിച്ചേർത്തു.
എട്ടു ദിവസത്തിനുശേഷം ഇറാന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് ലഭ്യമായിത്തുടങ്ങി. പ്രക്ഷോഭത്തെ നേരിടാനായി ഭരണകൂടം ഇന്റർനെറ്റ് നിരോധിച്ചിരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ടെഹ്റാനിലടക്കം പരിമിതമായ തോതിൽ ഇന്റർനെറ്റ് ലഭ്യമായി. വിദേശത്തുള്ള ഇറേനിയൻ വംശജർക്ക് സോഷ്യൽ മീഡിയയിലൂടെ നാട്ടിലുള്ളവരെ ബന്ധപ്പെടാൻ കഴിഞ്ഞു.
സാന്പത്തിക തകർച്ചയ്ക്കെതിരേ ഡിസംബർ 28ന് ടെഹ്റാനിൽ ആരംഭിച്ച പ്രകടനം രാജ്യമൊട്ടാകെ ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.
National
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ കുറ്റവാളിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിനു ജാമ്യം നൽകിയതിൽ പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി.
സാമൂഹ്യപ്രവർത്തകരായ മുംതാസ് പട്ടേൽ, യോഗിത ഭയാന, ഋതിക ഇഷ, കെസിയ ഖാലിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയിൽഭവനോട് ചേർന്നുള്ള പാർലമെന്റ് കവാടത്തിനു മുന്നിലെ പ്രതിഷേധം.
ഇന്നലെ വൈകിട്ട് നാലോടെ പാർലമെന്റിനു മുന്നിലെ അടച്ചിട്ട കവാടത്തിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കാൻ തുടങ്ങിയ ഇവരോട് പാർലമെന്റിനു മുന്നിൽ പ്രതിഷേധിക്കാൻ അവകാശമില്ലെന്നും പിരിഞ്ഞുപോകണമെന്നും പോലീസ് പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല. ഇതോടെയാണ് പോലീസ് ബലം പ്രയോഗിച്ചു പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു നീക്കിയത്.