ഗാന്ധിയെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുന്നു.
ന്യൂഡൽഹി: സമരപ്പന്തൽ തകർത്ത് ജന്തർ മന്തറിലെ പ്രതിഷേധക്കാരെ ഒറ്റദിവസം കൊണ്ട് ഒഴിപ്പിച്ചിട്ടും സമരവേദിയിലേക്ക് വീണ്ടും ഒഴുകിയെത്തി പാറ്റക്കൂട്ടം.
ജന്തർ മന്തറിൽ സമരം നടത്തുകയായിരുന്ന വിവിധ സംഘടനകളുടെ സമരവേദികളും ബാനറുകളുമടക്കം ഇന്നലെ രാത്രിയോടെ പോലീസ് പൂർണമായും തല്ലിത്തകർത്തെങ്കിലും പ്രതിഷേധക്കാർ ഇന്നു രാവിലെ മുതൽ ജന്തർ മന്തറിൽ സജീവമാണ്. അടിച്ചമർത്താനുള്ള ഓരോ ശ്രമത്തെയും വിഫലമാക്കി സമരക്കാർ വിവിധ മേഖലകളിൽനിന്ന് വീണ്ടും വീണ്ടും ജന്തർ മന്തറിലേക്ക് ഒഴുകിയെത്തി.
കനത്ത ലാത്തിച്ചാർജ് നടത്തിയും പ്രവർത്തകരിൽ പലരെയും കസ്റ്റഡിയിലെടുത്തും കോക്രോച്ച് ജനതാ പാർട്ടിയുടെ നേതാക്കളെ സംഭവസ്ഥലത്തുനിന്ന് മാറ്റിയും ജന്തർ മന്തറിന്റെ സമരഭൂമിയെ പോലീസ് ഇന്നലെ പൂർണമായും ഒഴിപ്പിച്ചെങ്കിലും എവിടെനിന്നൊക്കെയോ പ്രതിഷേധക്കാർ വീണ്ടും ബാരിക്കേഡുകൾക്കടുത്തേക്ക് വന്നുകൊണ്ടിരുന്നു.
ഒരു നേതൃത്വവും ആവശ്യപ്പെടാതെ, എതെങ്കിലും സംഘടനയുടെയോ പാർട്ടിയുടെയോ ബാനർ കൈയിലേന്താത്ത സാധാരണക്കാരായിരുന്നു ഇന്നലെ രാത്രിയോടെ ജന്തർ മന്തറിൽ ഒത്തുകൂടിയത്.
ആദ്യം അൻപതും പിന്നീടു നൂറായും വളർന്ന ഈ കൂട്ടമാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം അണയാതെ കാത്തത്. ബാരിക്കേഡുകൾ ഇവർക്ക് പ്രതിരോധം തീർത്തെങ്കിലും സമരഭൂമിക്കടുത്തു കുത്തിയിരുന്ന് രാത്രിയിലും അവർ പ്രതിഷേധിച്ചു.
മുപ്പത്തിരണ്ടാം ദിവസവും സമരത്തിന് തുടർച്ച ഉറപ്പുവരുത്തുകയായിരുന്നു യുവാക്കൾ. സമരസ്ഥലത്തെ തകർന്ന വേദിയിൽ കുത്തിയിരുന്നു പ്രതിഷേധം തുടരുമെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ആവർത്തിച്ചിട്ടുണ്ട്.
അതിനിടെ, ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന ബിഎൻഎസ്എസ് വകുപ്പ് 163 ഇപ്പോഴും നിലവിലുണ്ടെന്നും ആളുകൾ കൂട്ടംകൂടരുതെന്നും ഡൽഹി പോലീസ് പ്രഖ്യാപിച്ചു. മറ്റൊരു പ്രതിഷേധ റാലി പാർലമെന്റിലേക്കുണ്ടാകാതിരിക്കാനുള്ള സകല നടപടികളും പോലീസ് കൈക്കൊണ്ടി ട്ടുണ്ട്.
ജന്തർ മന്തറിനു ചുറ്റും ബോംബ് സ്ക്വാഡുകളെയും കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. ന്യൂഡൽഹി, സെൻട്രൽ, നോർത്ത്, സൗത്ത്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് ജില്ലകളിലും സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി. പ്രധാന സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും, വാഹന പരിശോധന കർശനമാക്കുകയും നഗരം മുഴുവൻ പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇടതുപക്ഷ എംപിമാരും മുസ്ലിം ലീഗ്, ആർഎസ്പി, കേരള കോൺഗ്രസ് കക്ഷികളുടെ എംപിമാരും എൻസിപി (എസ്പി) സ്ഥാപകൻ ശരദ് പവാറും ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജരിവാളും ജന്തർ മന്തറിലെ പ്രതിഷേധസ്ഥലം സന്ദർശിച്ചു സിജെപി പ്രസ്ഥാനത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
അതേസമയം പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളിൽ പലരെയും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നു നിരവധി കുടുംബങ്ങൾ പരാതിപ്പെട്ടിട്ടുണ്ട്. സിജെപിയുടെ പാർലമെന്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എഫ്ഐആറുകളാണ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നതെന്നു സൂചനയുണ്ട്.
Tags : Protesters enthusiasm BreaksOut Police Lathicharge Beatings Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash