പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്പോൾ, സമരക്കാർക്ക് പിന്തുണയുമായി അകലെയിരുന്നും സാധാരണക്കാരുടെ കരുതലുകൾ എത്തുന്നു.
കനത്ത മഴ വകവയ്ക്കാതെ തിങ്കളാഴ്ച സമരക്കാർക്ക് ഭക്ഷണം എത്തിച്ചുനൽകിയ സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
മുംബൈയിൽ താമസിക്കുന്ന അനുജ് റാവത്ത് എന്നയാൾ ഓൺലൈൻ വഴി ഓർഡർ ചെയ്ത ഭക്ഷണമാണ് ഡെലിവറി ബോയ് ജന്തർ മന്തറിലെത്തിച്ചത്. മുംബൈയിലുള്ള അനുജ് ഭയ്യയാണ് ഈ ഭക്ഷണം ഓർഡർ ചെയ്തതെന്നും ജന്തർ മന്തറിൽ വിശന്നിരിക്കുന്നവർക്ക് ഇതു നൽകാൻ ആവശ്യപ്പെട്ടെന്നും പണം ഓൺലൈനായി അടച്ചിട്ടുണ്ടെന്നും മഴക്കോട്ടും ഹെൽമറ്റും ധരിച്ചെത്തിയ ഡെലിവറി ഏജന്റ് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
ഭക്ഷണം ഏറ്റുവാങ്ങിയ സന്നദ്ധപ്രവർത്തകർ അനുജിനും, കനത്ത മഴയത്തും ഓർഡർ എത്തിച്ചുനൽകിയ ഡെലിവറി ഏജന്റിനും കൈയടികളോടെ നന്ദി രേഖപ്പെടുത്തി.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ ഓൺലൈൻ ആപ്പുകൾ വഴി സമരക്കാർക്കായി ഭക്ഷണവും ചായയും ലഘുഭക്ഷണങ്ങളും തുടർച്ചയായി എത്തിച്ചു നൽകുന്നുണ്ട്.
നേരിൽ വരാൻ സാധിച്ചില്ലെങ്കിലും നീതിക്കായുള്ള പോരാട്ടത്തിൽ സമരക്കാർക്കൊപ്പം തങ്ങളുമുണ്ടെന്ന് തെളിയിക്കുകയാണ് ഓൺലൈൻ വഴി ഭക്ഷണമെത്തിക്കുന്ന ഈ സാധാരണക്കാരായ മനുഷ്യർ.
Tags : Delhi protesters Mumbai resident concern Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash