മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ലോഹഗഡ് കോട്ട സന്ദർശിക്കാനെത്തിയ ഡൽഹി സ്വദേശികളായ വിനോദസഞ്ചാരികളും പ്രദേശവാസിയും തമ്മിലുണ്ടായ രൂക്ഷമായ തർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള ചരിത്ര സ്മാരകത്തിനുള്ളിലിരുന്ന് വിനോദസഞ്ചാരികൾ പുകവലിച്ചതാണ് തർക്കത്തിന് കാരണമായത്.
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തെക്കുറിച്ചും വിനോദസഞ്ചാരികൾ പുലർത്തേണ്ട പൊതുമര്യാദകളെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്.
കോട്ടയ്ക്കുള്ളിൽ ലഹരിവസ്തുക്കളും പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് നിയമപരമായി നിരോധിച്ചിരിക്കെയാണ് സഞ്ചാരികൾ സിഗരറ്റ് വലിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസി ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.
എന്നാൽ പുകവലി നിരോധിച്ചുകൊണ്ടുള്ള അറിയിപ്പ് ബോർഡുകളൊന്നും ഇവിടെ സ്ഥാപിച്ചിട്ടില്ലെന്നും അതിനാൽ വിലക്കിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നുമാണ് വിനോദസഞ്ചാരികൾ ന്യായീകരിച്ചത്.
തുടർന്ന്, ഏതൊരു ആരാധനാലയത്തിനുള്ളിലും പാലിക്കേണ്ട സാമാന്യബോധവും ബഹുമാനവും ചരിത്ര പ്രാധാന്യമുള്ള കോട്ടകൾക്ക് നൽകണമെന്ന് ചൂണ്ടിക്കാട്ടിയ പ്രദേശവാസി, ഈ മണ്ണിൽ ചോരചിന്തിയ പൂർവികരുടെ ഓർമകളെ അപമാനിക്കരുതെന്നും വ്യക്തമാക്കി.
തങ്ങൾക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് വിനോദസഞ്ചാരികൾ മാപ്പുപറഞ്ഞെങ്കിലും ഇവരുടെ പക്കലുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റ് പ്രദേശവാസി പിടിച്ചെടുക്കുകയും ഇനി ആവർത്തിച്ചാൽ പോലീസിനെ അറിയിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
സംഭവത്തിൽ ചേരിതിരിഞ്ഞുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പൈതൃക സ്വത്ത് സംരക്ഷിക്കാൻ ധൈര്യം കാണിച്ച പ്രദേശവാസിയുടെ നിലപാടിനെ ഭൂരിഭാഗം ആളുകളും പ്രശംസിച്ചപ്പോൾ, പ്രശ്നം കുറച്ചുകൂടി ശാന്തമായ അന്തരീക്ഷത്തിൽ കൈകാര്യം ചെയ്യാമായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
लोहगड वर दिल्लीचे पब्लिक!
— ??Bhakta's Vikas/भक्तांचा विकास (@kisora_pat7606) July 29, 2026
महाराष्ट्रातील गड-किल्ल्यांचे पावित्र्य राखण्यासाठी सिगरेट, तंबाखू व मद्यसेवनावर (दारू) पूर्णपणे कायदेशीर मनाई आहे।
हे यांना माहिती नसावं की सिया पॉईंट बघायला आले असावे?#लोहगड pic.twitter.com/50CWQZYpoW
Tags : LohagadFort ViralVideo MaharashtraNews DelhiTourists HeritageSites