പതിവ് ഗർഭകാല പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ കാനഡക്കാരായ ദമ്പതികൾക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു അപൂർവ്വ അനുഭവം സമ്മാനിച്ചിരിക്കുകയാണ് അവരുടെ കുഞ്ഞുമാലാഖ.
പരിശോധന പുരോഗമിക്കവെ, അച്ഛന്റെ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് മറുപടിയെന്നോണം അമ്മയുടെ വയറ്റിൽ കിടന്ന് കുഞ്ഞ് പുഞ്ചിരിക്കുന്ന ദൃശ്യമാണ് ഇപ്പോൾ ദശലക്ഷക്കണക്കിന് ആളുകളുടെ മനം കവരുന്നത്.
ലീ ഒലിവേര എന്ന യുവതിയുടെ ആൽട്രാസൗണ്ട് സ്കാനിംഗ് നടക്കുമ്പോഴാണ് ഈ കൗതുകകരമായ സംഭവം അരങ്ങേറുന്നത്. പരിശോധനയ്ക്കിടെ ഭർത്താവ് ലീയുടെ വയറിലേക്ക് അല്പം ചാഞ്ഞ്, സ്നേഹത്തോടെ കുഞ്ഞിന് പ്രഭാത ആശംസകൾ നേരുകയും വിശക്കുന്നുണ്ടോ എന്ന് ചോദിച്ച് വയറിൽ ഉമ്മ വയ്ക്കുകയും ചെയ്തു.
അദ്ദേഹം സംസാരിച്ച് മാറിനിന്നതും സ്കാനിംഗ് മോണിറ്ററിൽ തെളിഞ്ഞ കാഴ്ച കണ്ട് മുറിയിലുണ്ടായിരുന്നവരെല്ലാം ഒരുപോലെ അത്ഭുതപ്പെട്ടു. അച്ഛന്റെ ശബ്ദം കേട്ടതിന് തൊട്ടുപിന്നാലെ ആ കുഞ്ഞ് മനോഹരമായി പുഞ്ചിരിക്കുകയായിരുന്നു.
ഈ അപൂർവ്വ നിമിഷം കണ്ട് സ്കാനിംഗ് റൂമിലുണ്ടായിരുന്ന കുടുംബാംഗങ്ങളും മെഡിക്കൽ സ്റ്റാഫും സന്തോഷം കൊണ്ട് ആർത്തുവിളിച്ചു. കുഞ്ഞിനോട് വീണ്ടും സംസാരിക്കാൻ അവർ അച്ഛനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഒലിവേരയുടെ സഹോദരി ക്യാമറയിൽ പകർത്തിയ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വൈറലായത്. ഇത്രയും വികാരഭരിതവും മനോഹരവുമായ ഒരു ഗർഭകാല കാഴ്ച അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് വീഡിയോ കണ്ടവർ കുറിക്കുന്നത്.
ആ കാഴ്ച കണ്ട നിമിഷം സന്തോഷം കൊണ്ട് തന്റെ കണ്ണുകൾ നിറഞ്ഞുപോയെന്നും വാക്കുകൾ കിട്ടാത്തത്ര വികാരഭരിതയായിരുന്നു താനെന്നും ഒലിവേര ഓർത്തെടുക്കുന്നു.
ഗർഭപാത്രത്തിലിരിക്കുമ്പോൾ കുഞ്ഞുങ്ങൾ വിവിധ മുഖഭാവങ്ങൾ പ്രകടിപ്പിക്കാറുണ്ടെങ്കിലും, സ്കാനിംഗിനിടെ ഇത്തരമൊരു ഭാവം കൃത്യമായി ക്യാമറയിൽ പതിയുന്നത് വളരെ അപൂർവ്വമാണ്.
ഇത് വെറുമൊരു യാദൃശ്ചികതയാണോ അതോ അച്ഛന്റെ ശബ്ദം തിരിച്ചറിഞ്ഞുള്ള പ്രതികരണമാണോ എന്ന് ഉറപ്പില്ലെങ്കിലും, ഈ നിമിഷം ആ കുടുംബത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മയായി മാറിക്കഴിഞ്ഞു.
Tags : UltrasoundSmile BabySmile BabySmilesInWomb HeartwarmingMoments ViralUltrasound