കനാൽവെള്ളമില്ലാതെ നെൽകൃഷി ഉണങ്ങി;വിള നാൽക്കാലികളെ വിട്ടു തീറ്റിച്ചു
Tuesday, January 10, 2017 1:11 PM IST
വണ്ടിത്താവളം: കനാൽവെള്ളം ലഭിക്കാതെ നെൽകൃഷി ഉണക്കം നേരിട്ടതോടെ വിഷമത്തിലായ കർഷകൻ പുട്ടിൽ പരുവത്തിലുള്ള വിള നാൽക്കാലികളെ വിട്ടു തീറ്റിച്ചു. വണ്ടിത്താവളം ആഴിച്ചിറ ജോസ് പ്രകാശിന്റെ അഞ്ചേക്കർ നെൽകൃഷിയാണ് വെള്ളം ലഭിക്കാതെ നശിച്ചത്.

നടീലിനും വളമിടുന്നതിനുമായി മുപ്പതിനായിരം രൂപയോളം ചെലവഴിച്ചു. കമ്പാലത്തറ ഏരിയുടെ താഴെ ഭാഗമായതിനാൽ കൃഷിക്കു വെള്ളമെത്തുന്ന പ്രതിക്ഷയിലാണ് പ്രതികൂല കാലാവസ്‌ഥയിലും കൃഷിയിറക്കാൻ കർഷകർ തയാറായത്.

ഈ സാഹചര്യത്തിൽ ചെറുകിട കർഷകർക്ക് നിബന്ധനകളില്ലാതെ കൊക്കർണി നിർമിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന ആവശ്യ ശക്‌തമാണ്. ഒന്നാംവിളയ്ക്കുപോലും ഈ സ്‌ഥലത്ത് ഉണക്കം തട്ടിയിരുന്നതായി കർഷകർ കുറ്റപ്പെടുത്തി. ജോസ് പ്രകാശിന്റെ സമിപത്തെ കർഷകരായ മുരുകന്റെ രണ്ടേക്കറും കാശിയുടെ മൂന്നേക്കറും മുനിയപ്പന്റെ ഒന്നരയേക്കർ നെൽകൃഷിയും ഉണങ്ങിയവയിൽപെടുന്നു.

കഴിഞ്ഞതവണ നെല്ലുസംഭരിച്ചതിൽ സംസ്‌ഥാന വിഹിതമായ 7.80 രൂപ മാത്രമാണ് മിക്ക കർഷകർക്കും ലഭിച്ചിട്ടുള്ളത്. കേന്ദ്രവിഹിതമായ 14.70 രൂപ ഇതുവരെ ലഭിച്ചിട്ടില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. കേന്ദ്ര വിഹിതമായെത്തിയ തുക വകമാറ്റി ചെലവഴിച്ചതാണ് തുക ലഭിക്കാത്തതിനു കാരണമെന്നും കർഷകർക്കു പരാതിയുണ്ട്.