സംക്രമാഭിഷേകത്തിനുളള നെയ്ത്തേങ്ങയെത്തി
ശബരിമല: മകരസംക്രമ ദിനത്തിൽ ശബരീശന് അഭിഷേകത്തിനായുളള നെയ്യ്ത്തേങ്ങ സന്നിധാനത്തെത്തി. ഗുരുസ്വാമി രാമനാഥന്റെ നേതൃത്വത്തിൽ കന്നിഅയ്യപ്പൻ വൈദ്യനാഥ അയ്യരാണ്(17) ഇത്തവണ അഭിഷേകത്തിനുളള നെയ്യ്ത്തേങ്ങ കവടിയാർ കൊട്ടാരത്തിൽ നിന്ന് ഏറ്റുവാങ്ങി സന്നിധാനത്തെത്തിച്ചത്.

തിരുവനന്തപുരത്ത് നവരാത്രി മണ്ഡപത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തിരുവിതാംകൂർ രാജകുടുംബത്തിലെ ഇപ്പോഴത്തെ രാജസ്‌ഥാനി മൂലം തിരുനാൾ രാമവർമയാണ് നെയ്യ്തേങ്ങ നിറച്ച് വൈദ്യനാഥ അയ്യർക്ക് കൈമാറിയത്. 14ന് ധനു മകരത്തിലേക്ക് സംക്രമിക്കുന്ന ശുഭമുഹൂർത്തമായ രാവിലെ 7.40ന് നടക്കുന്ന മകരസംക്രമപൂജാമധ്യേ നെയ്യ്ത്തേങ്ങ ഭഗവാന് അഭിഷേകം ചെയ്യും. തുടർന്ന് പൂജാ പ്രസാദം വാങ്ങി തിരികെ കൊട്ടാരത്തിൽ എത്തിക്കുന്നതോടെ കന്നിഅയ്യപ്പന്റെ ദൗത്യം പൂർത്തിയാകും. കഴിഞ്ഞ 26 വർഷമായി മകരസംക്രമദിനത്തിൽ ഭഗവാന് അർപ്പിക്കാനുളള നെയ്യ്ത്തേങ്ങ കൊണ്ടുവരുന്ന കന്നിഅയ്യപ്പൻമാർക്ക് ഗുരുസ്വാമിയാണ് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്ര ജീവനക്കാരനായ രാമനാഥൻ.