വിവിധകർമ പദ്ധതികളുമായി നഗരസഭ ബജറ്റ്
തൊടുപുഴ: സാമ്പത്തിക വികസനത്തിനും സാമൂഹ്യ നീതിക്കും നാടിന്റെ പുരോഗതിക്കും ഊന്നൽ നൽകിയുള്ള കർമപദ്ധതികൾ ആവിഷ്കരിച്ച് നഗരസഭയുടെ 2017–2018 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.

വർഷാരംഭത്തിലെ മുന്നിരിപ്പായ 5,63,08,550 രൂപ അടക്കം 67,38,43,850 രൂപ ആകെ വരവും 63,91,46,500 രൂപ ആകെചെലവും 3,46,97,350 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് ചെയർമാൻ ടി.കെ സുധാകരൻ നായർ അവതരിപ്പിച്ചത്. നഗരസഭയുടെ സമഗ്ര വികസനവും സാമൂഹ്യ നീതിയും ലക്ഷ്യമിട്ട് എല്ലാവർക്കും ഭവനമെന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎംഎവൈയ്ക്ക് എട്ടു കോടി വകയിരുത്തിയതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. നഗരസഭയുടെ കിഴക്കൻ മേഖലയുടെ വികസനത്തിന് ഊന്നൽ നൽകി മങ്ങാട്ടുകവല ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിന് 12 കോടി രൂപ ഇത്തവണയും നീക്കി വച്ചിട്ടുണ്ട്.

കൂടാതെ ഗാന്ധി സ്ക്വയറിൽ ആധുനിക ഷോപ്പിംഗ് മാളിനായി മൂന്നുകോടി രൂപ വകയിരുത്തിയതും പ്രധാന പദ്ധതികളിലൊന്നാണ്. ഹരിത കേരളം, ആർദ്രം, നവ കേരള മിഷൻ പ്രോജക്ടുകൾ, നഗരത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ, എൽഇഡി ലൈറ്റുകൾ, ഓട ശുചീകരണം, കലുങ്കുകളുടെയും മറ്റും അറ്റകുറ്റപ്പണി, തൊടുപുഴയാർ ശുചീകരണം, വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കൽ എന്നിവയ്ക്കായും തുക നീക്കിവച്ചിട്ടുണ്ട്. സേവാഗ്രാം വാർഡു കേന്ദ്രം പരിപാലനത്തിനായി 17.5 ലക്ഷം രൂപ, ആധുനിക സ്ലോട്ടർ ഹൗസ്, മുനിസിപ്പൽ പാർക്ക് അറ്റകുറ്റപ്പണി, ആധുനിക സൗകര്യങ്ങളോടു കൂടിയ കംഫർട്ടു സ്റ്റേഷനുകൾ, വിവിധ കുടിവെള്ള പദ്ധതികൾ, സമ്പൂർണ സിസിടിവി നിരീക്ഷണം തുടങ്ങിയ വിവിധ പദ്ധതികൾക്കും ബജറ്റിൽ തുക വിഭാവനം ചെയ്തിട്ടുണ്ട്. മുനിസിപ്പൽ ചെയർപേഴ്സൺ സഫിയ ജബ്ബാർ അധ്യക്ഷത വഹിച്ചു. ബജറ്റിന്റെ ചർച്ച് 23 നു രാവിലെ 10.30 നു കൗൺസിൽ ഹാളിൽ നടക്കും. നഗരസഭ ബജറ്റ് അയൽക്കാരന്റെ പുല്ലുകണ്ട് പശുവിനെ വളർത്താൻ തീരുമാനിച്ച പോലെയാണെന്നു കൗൺസിലർ ആർ. ഹരി അഭിപ്രായപ്പെട്ടു.