കുഴൽക്കിണർ വെള്ളം ഉപയോഗിച്ച് കർഷകരുടെ വാഴകൃഷി
കൊഴിഞ്ഞാമ്പാറ: വരൾച്ച കണക്കിലെടുത്ത് കാർഷികാവശ്യത്തിനു കുഴൽക്കിണർ വെള്ളം ഉപയോഗിക്കാൻ പാടില്ലെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനു പുല്ലുവില കല്പിച്ച് കർഷകർ വാഴകൃഷിക്ക് തുടക്കംകുറിച്ചു.

നാട്ടുകല്ലിനു പടിഞ്ഞാറു മാട്ടുമൊന്തപാലത്തിനു സമീപത്ത് രണ്ടേക്കറിലാണ് കുഴൽക്കിണർ വെള്ളം ഉപയോഗിച്ച് വാഴകൃഷി നടത്തുന്നത്. രണ്ടു എച്ച്.പി മോട്ടോർ ഉപയോഗിച്ചു പത്തുദിവസമായി വയലിൽ വാഴകൃഷി ചെയ്യുന്നതിനു പണികൾ പുരോഗമിക്കുകയാണ്.

കുടിവെള്ളത്തിനല്ലാതെ മറ്റാവശ്യങ്ങൾക്ക് കുഴൽക്കിണർ ഉപയോഗിക്കാൻ പാടില്ലെന്ന് കളക്ടർ ഉത്തരവിട്ടിരുന്നു. താലൂക്കിൽ വിവിധസ്‌ഥലങ്ങളിൽ കുഴൽക്കിണർ വെള്ളം ഉപയോഗിച്ച് ഇഷ്‌ടികനിർമാണം നടത്തിയിരുന്നത് കളക്ടർ നേരിട്ടെത്തി നിർത്തിവയ്പിക്കുകയും കുഴൽക്കിണറിനുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തിരുന്നു.കർഷകൻ കുഴൽക്കിണർ വെള്ളം ഉപയോഗിച്ച് വാഴയ്ക്കുപുറമേ ചേന, ചേമ്പ്, കൂർക്കകൃഷിയും നടത്തിവരുന്നുണ്ട്. ഭൂഗർഭജലത്തിന്റെ തോത് ക്രമാതീതമായി കുറഞ്ഞതിനാൽ കുടിവെള്ളപദ്ധതികളിലും വെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ കർഷകൻ വാഴകൃഷി തുടങ്ങുന്നതിനെതിരേ നടപടിയെടുക്കണമെന്ന ആവശ്യം ശക്‌തമാണ്.