നെടുമ്പന ആശുപത്രിയുടെ പുതിയ മന്ദിര നിർമാണോദ്ഘാടനം നടത്തി
Friday, October 6, 2017 12:54 PM IST
കൊല്ലം: നെടുമ്പന സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍പുതിയകെട്ടിടത്തിന്‍റെ നിര്‍മാണോദ്ഘാടനം മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിര്‍വഹിച്ചു. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനൊപ്പം ജില്ലയിലെ പ്രധാന ആശുപത്രികളിലൊന്നാക്കി മാറ്റാനുള്ളപ്രവര്‍ത്തനംകൂടിയാണ് നടപ്പിലാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. നെടുമ്പനയുടെ ഗ്രാമഭംഗി നിലനിറുത്തി നഗര സമാന വികസനം യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ 4.10 കോടി രൂപ ചെലവഴിച്ച് മൂന്ന് നില ബ്ലോക്കാണ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായ സിവില്‍ പ്രവൃത്തികളുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ തുടങ്ങുന്നത്. ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടനിര്‍മ്മാണം. 30കട്ടിലുകള്‍ വീതം സ്ത്രീകള്‍ക്കും പുരുഷന്മാർക്കുമായി പ്രത്യേകം ഐപി. വാര്‍ഡുകള്‍, ലിഫ്റ്റ് സംവിധാനം തുടങ്ങിയവ പുതിയ കെട്ടിടത്തിലുണ്ടാകും.

24 മണിക്കൂറും ചികിത്സ ലഭ്യമാക്കും വിധം അത്യാധുനിക സംവിധാനങ്ങളും വിടെയുണ്ടാകും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. രാജീവ് അധ്യക്ഷനായി.
തീരദേശ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ എസ്. അജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്‍റ് എസ്. നാസറുദീന്‍, തദ്ദേശ ഭരണ സ്ഥാപന ഭാരവാഹികളായ സി. പി. പ്രദീപ്, ജയകുമാരി, ഗീതാദേവി, ജോര്‍ജ്ജ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.