ജർമൻകാർ പ്രതിവർഷം പാഴാക്കുന്നത് ശരാശരി 55 കിലോ ഭക്ഷണം
Friday, February 22, 2019 11:25 PM IST
ബർലിൻ: ഓരോ ജർമൻകാരനും പ്രതിവർഷം ശരാശരി 55 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പാഴാക്കിക്കളയുന്നു എന്ന് കണ്ടെത്തൽ. 2030 ആകുന്നതോടെ ഇതു പാതിയായി കുറയ്ക്കാനുള്ള പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു.

മറ്റു പല സന്പന്ന രാജ്യങ്ങളെയും പോലെ ഭക്ഷണം പാഴാക്കുന്നത് ജർമനിയിലും വളർന്നു വരുന്ന പ്രശ്നമാണ്. കാറ്ററിംഗ് ഇൻഡസ്ട്രി പാഴാക്കുന്നതും വീടുകളിൽ പാഴാക്കപ്പെടുന്നതും ഇതിൽപ്പെടുന്നു.

ആകെക്കൂടി നോക്കിയാൽ പ്രതിവർഷം പതിനൊന്നു മില്യൺ ഭക്ഷ്യ വസ്തുക്കളാണ് ജർമനിയിൽ പാഴായിപ്പോകുന്നത്. ന്യൂട്രീഷ്യൻ മന്ത്രി ജൂലിയ ക്ലോക്നറാണ് ഇതു നിയന്ത്രിക്കാനുള്ള പദ്ധതിക്കു മേൽനോട്ടം വഹിക്കുന്നത്.

ആദ്യ ഘട്ടത്തിൽ ജനങ്ങളെ ബോധവത്കരിക്കാനുള്ള കാന്പയിനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിനു ശേഷം റസ്റ്ററന്‍റുകളിൽ നൽകുന്ന പോർഷനുകൾ സംബന്ധിച്ച മാർഗനിർദേശങ്ങളും പുറപ്പെടുവിക്കും. യൂറോപ്പിലാകമാനം വിവിധ രാജ്യങ്ങൾ ഭക്ഷണം പാഴാകുന്നതു തടയാനുള്ള മാർഗങ്ങൾ ഗൗരവമായി ആലോചിച്ചു വരുകയാണ്.

എന്നാൽ അനവധി റസ്റ്ററന്‍റുകൾ അവരുടെ സ്വന്തം നിലയിൽ ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നതിനെതിരെ ഇപ്പോൾതന്നെ ജാഗരൂഗരാണ്. ഇതിന്‍റെയടിസ്ഥാനത്തിൽ 100 ഗ്രാമിൽ കൂടുതൽ നല്ല ഭക്ഷണം പ്ലേറ്റിൽ അവശിഷ്ടമായി വെച്ചാൽ അത്തരക്കാർക്ക് മിനിമം രണ്ടു യൂറോ പിഴയായി ഈടാക്കുന്ന സന്പ്രദായവും പലയിടങ്ങളിലുമുണ്ട്. പ്രത്യേകിച്ച് ബുഫേയടിസ്ഥാനത്തിലുള്ള റസ്റ്റോറന്‍റുകളാണ് അമിതമായി ഭക്ഷണം പാഴാക്കുന്നവർക്ക് തടയിടാൻ ശ്രമം നടത്തുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ