വടകര: ഹൈസ്കൂള്‍ വിഭാഗം പരിചമുട്ട് കളിയില്‍ ഒന്നാം സ്ഥാനം നേടി സെന്റ് മേരീസ് മരുതോങ്കര മിന്നിത്തിളങ്ങി. വിരേതിഹാസം രചിച്ച കടത്തനാടിന്റെ മണ്ണില്‍ നടന്ന മത്സരത്തില്‍ ഉണ്ണിയാര്‍ച്ചയുടെയും തച്ചോളി ഒതേനന്റെയും നാട്ടുകാര്‍ തന്നെ സമ്മാനം നേടിയത് എറെ ശ്രദ്ധേയമായി. ലൂയി സേവ്യര്‍, അഭിനവ് സതീഷ്, മാര്ട്ടിന് ജോസഫ്, അഗസ്റ്റിന് തോമസ്, എഫ്സണ് വര്‍ഗീസ്, അമല്‍ നാഥ് പി.കെ, ഡോണ്‍ മാത്യു എന്നിവരാണ് അലന് ജോണിന്റെ നേതൃത്വത്തില്‍ പരിചയും വാളുമേന്തി ചുവട് വെച്ചത്. പ്രിയേഷ് മുള്ളന്‍കുന്ന് ആണ് പരീശീലകന്. സംഗീത അധ്യാപകന് ജോണ്സണ്, സജി വര്‍ഗീസ്, ലിപിന്‍, പ്രണവ്, സുബിന്, ശരത്, ലിഗേഷ് എന്നിവരുടെ കൂട്ടായ നേതൃത്വം കുട്ടികളെ വിജയത്തിലേക്ക് നയിച്ചു.
കലോത്സവ നഗരിയില്‍
എയ്ഡ്സ് ദിനാചരണവും
വടകര: എന്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കലോത്സവ നഗരിയില്‍ ലോക എയ്ഡ്സ് ദിനം ആചരിച്ചു. ബിഇഎം ഹയര്‍ സെക്കൻഡറി സ്കൂളില്‍ എന്‍എസ്എസ് ഒരുക്കിയ പ്രദര്‍ശന നഗരി സന്ദര്‍ശിക്കുന്നവര്‍ക്ക് ബോധവത്കരണം നല്‍കിയാണ് ദിനാചരണം നടത്തിയത്.
ഇതോടൊപ്പം കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി സെല്‍ഫി കോര്‍ണറും ഒരുക്കി. എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍ എം.കെ. ഫൈസല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് വടകര ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ കെ. ഷാജി അധ്യക്ഷനായി.
പ്രോഗ്രാം ഓഫീസര്‍മാരായ ജുബില, സുജ, ഷിജിത് കുമാര്‍, ഹംസ, ഫൈസല്‍, രമേശന്, ഷെമീന, റഹ്മാന്, വളണ്ടിയര്‍ ലീഡര്‍ ഹരിഗോവിന്ദ് എന്നിവര്‍ സംബന്ധിച്ചു.