വടക്കഞ്ചേരി: മിക്സി പ്രവർത്തിപ്പിക്കാൻ കറന്റ് ഇല്ലല്ലോ, ബിൽ കൂടുമോ എന്നൊക്കെയുള്ള ചിന്തകളൊന്നും ഇനി വേണ്ട. കൈകൊണ്ട് ലിവർ കറക്കിയാൽ ഏതു കടുപ്പംകൂടിയ സാധനങ്ങളും പൊടിയായി മാറും.
വള്ളിയോട് സെന്റ് മേരീസ് ഐടിഐയിലെ ഒന്നാംവർഷ എംഎംവി വിദ്യാർഥികളാണ് കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന മിക്സി വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഈ മിക്സി പ്രവർത്തിപ്പിക്കാൻ വൈദ്യുതി വേണ്ട. ശക്തമായ സ്വന്തം കൈകൾ മതി.
ഇതിനു മറ്റൊരു ഗുണംകൂടിയുണ്ട്. കൈ കൊണ്ട് ഓപ്പറേറ്റ് ചെയ്യുന്നതിനാൽ ശരീരവ്യായാമവും ഒപ്പം നടക്കും. ഉപയോഗശൂന്യമായ നട്ട്, ബോൾട്ട്, ബെയറിംഗ്, ഫ്ളൈ വീൽ, ഗിയർ, ഷാഫ്റ്റ് തുടങ്ങിയവ കൊണ്ടാണ് മിക്സി നിർമാണം. അധ്യാപകരായ ദാമോദരൻ, കെ.എം. സാജു, ജോബിൻ ജോസ്, കൃഷ്ണദാസ് എന്നിവരുടെ മേൽനോട്ടത്തിൽ വിദ്യാർഥികളായ സാന്റീഷ്, ഉണ്ണീസ്, ഷമീർ, സുജിത്, അഭിഷേക്, സി.എ. അബിൻ, ടിനു രാജു, അഭിജിത്, ബേസിൽ, ആദർശ് എന്നിവർ ചേർന്നാണ് ഈ മാന്വൽ മിക്സി രൂപകല്പന ചെയ്തിട്ടുള്ളത്.
ഐടിഐയിലെതന്നെ കണ്ടുപിടിത്തങ്ങളുടെ ഗണത്തിലേക്ക് പുതിയ സംഭാവന നൽകിയ വിദ്യാർഥികളെ കോളജ് ഡയറക്ടർ റവ.ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, ഐടിഐ പ്രിൻസിപ്പൽ ഫാ. അനു കളപ്പുരക്കൽ എന്നിവർ അഭിനന്ദിച്ചു.