വിശപ്പ് യുദ്ധത്തിലെ ആയുധമാക്കരുത്: ലെയോ മാർപാപ്പ
Tuesday, July 1, 2025 1:11 AM IST
റോം: വിശപ്പ് യുദ്ധത്തിലെ ആയുധമാക്കരുതെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ (എഫ്എഒ) റോമിൽ നടക്കുന്ന 44-ാം സമ്മേളനത്തിൽ സന്ദേശം നല്കുകയായിരുന്നു മാർപാപ്പ.
ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഉത്പാദനം പലമടങ്ങ് വർധിച്ചിട്ടും പട്ടിണിയും പോഷകാഹാരക്കുറവും തുടരുന്നുവെന്ന് മാർപാപ്പ പറഞ്ഞു. “വിശപ്പ് യുദ്ധത്തിലെ ആയുധമാക്കുന്ന മനുഷ്യത്വരഹിതമായ കാഴ്ച അതീവ ദുഃഖത്തോടെ നമുക്ക് കാണാനാകും.
പട്ടിണി കിടക്കുന്ന ജനവിഭാഗങ്ങളെ കുറഞ്ഞ ചെലവിൽ യുദ്ധത്തിൽ പങ്കാളിയാക്കുന്നു. നിയമാനുസൃതമുള്ള സൈനികരല്ല, സായുധ സിവിലിയൻ ഗ്രൂപ്പാണ് മിക്ക സംഘർഷത്തിലുമുള്ളത്. വിളകൾ കത്തിക്കുന്നതും മാനുഷികസഹായം തടയുന്നതും ആലംബമില്ലാത്തവരെയാണ് ബാധിക്കുന്നത്.
സംഘർഷം പൊട്ടിപ്പുറപ്പെടുന്പോൾ കർഷകർക്ക് ഉത്പന്നങ്ങൾ വില്ക്കാൻ കഴിയാതെ വരികയും പണപ്പെരുപ്പം വൻതോതിൽ ഉയരുകയും ചെയ്യും. ഇതു ലക്ഷക്കണക്കിനു പേരെ ക്ഷാമത്തിലേക്കും ഭക്ഷ്യദൗർലഭ്യത്തിലേക്കും നയിക്കും”-മാർപാപ്പ കൂട്ടിച്ചേർത്തു.