ഹൈന്ദവ യുവതി മാനഭംഗത്തിനിരയായി; ബംഗ്ലാദേശിൽ പ്രതിഷേധം
Tuesday, July 1, 2025 1:11 AM IST
ധാക്ക: ബംഗ്ലാദേശിൽ ഹൈന്ദവ യുവതി ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം. കുറ്റക്കാരെ ഉടൻ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് ധാക്ക യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ നേതൃത്വത്തിൽ ഞായറാഴ്ച റാലി നടന്നു.
സെൻട്രൽ ബംഗ്ലാദേശിലെ കുമില്ലയിൽ ഈ മാസം 26നാണ് യുവതി പീഡനത്തിനിരയായത്. കുട്ടികൾക്കൊപ്പം സ്വഭവനത്തിലെത്തിയ യുവതിയെ ഫസൂർ അലി എന്ന പ്രാദേശിക രാഷ്ട്രീയ നേതാവാണ് മാനഭംഗപ്പെടുത്തിയത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. വിവസ്ത്രയായ യുവതി അക്രമിയോട് കെഞ്ചുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
പ്രതി അലിയെ നാട്ടുകാർ പിടികൂടി മർദിച്ചശേഷം ആശുപത്രിയിലാക്കിയിരുന്നു. ഇവിടെനിന്നു കടന്ന ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ പുറത്തുവന്നശേഷമാണ് പോലീസ് നടപടിയുണ്ടായത്.
വീഡിയോ പ്രചരിപ്പിച്ച കുറ്റത്തിന് നാലു പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.